മനു ദേഷ്യത്തോടെ സാക്ഷയുടെ കൈകളിൽ പിടി മുറുക്കി..
“പറയെടി… ഇവമ്മാരെന്താ ചെയ്തെ നിന്നെ??”
അമ്പരന്നു നിൽക്കുന്ന സാക്ഷയെ നോക്കി അയാൾ വീണ്ടും അലറി…
“ഒറ്റയെണ്ണത്തിനെ ജീവനോടെ വിടില്ല ഞാൻ!!”
അൽപനേരം അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയ ശേഷം ദേഷ്യത്തോടെ അവൻ അവൾക്കരികിലായി ഇരുന്നിരുന്ന ഹരിയെയും അജുവിനെയും കോളറിന് കുത്തിപ്പിടിച്ചു ചുമരിനോട് ചേർത്തു…
“വീട്ടിൽ ആളില്ലാത്ത നേരത്തു നിനക്കൊക്കെ എന്താടാ ഇവിടെ കാര്യം??”
അയാളുടെ അലർച്ച മുറിയ്ക്കുള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു..
മനുവിന്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ തരിച്ചു നിൽക്കുകയാണ് അഞ്ചു പേരും…
“പല തവണ പറഞ്ഞിട്ടുണ്ട് ഞാൻ… അവളെന്റെ പെണ്ണാണെന്ന്… “
“മനു… അവരെ വിട്… നീ കരുതുന്ന പോലൊന്നും അല്ല…”
പിടിച്ചു മാറ്റാൻ നോക്കിയ സാക്ഷയെ അവൻ ദേഷ്യത്തോടെ തട്ടി മാറ്റി…
“മനു… ദൈവത്തെ ഓർത്തു നീയൊന്ന് പോ… വെറുതെ പ്രശ്നമുണ്ടാക്കരുത്…”
“നീ ഇതിൽ ഇട പെടണ്ട…”
അയാളുടെ ക്രോധത്തിൽ സാക്ഷയുടെ യാചനാ സ്വരം നേർത്തുപോയി…
ആദ്യത്തെ അടി ഹരിയുടെ ഇടം കവിളിൽ പതിച്ചപ്പോഴേയ്ക്കും ബാക്കിയുള്ളവരെല്ലാം മനുവിനെ വളഞ്ഞിരുന്നു…
ആറുപേരും ചേർന്ന് മുറിയിൽ തലങ്ങും വിലങ്ങും അടിയും ബഹളവുമായി…
എന്ത് ചെയ്യണമെന്നറിയാതെ സാക്ഷ നിന്ന് വിയർത്തു…
വഴക്കും ബഹളവും കൊടുമ്പിരി കൊള്ളവേ അയൽ വീട്ടിൽ നിന്നും പെണ്ണുങ്ങൾ ഓടിയെത്തി…
കാഴ്ചക്കാരെല്ലാം കുശുകുശുത്തുകൊണ്ടു വാതിൽക്കൽ സഭ കൂടി…
സമയം കടന്നു പോയിട്ടും ഇരുകൂട്ടരും വിട്ടു കൊടുക്കാനുള്ള ഭാവത്തിലല്ലായിരുന്നു…
മനുവിനെ നേരിടാൻ അവർ അഞ്ചുപേരും മതിയാവില്ലെന്നു തോന്നി അവൾക്ക്…
“നിർത്തെഡാ…”
പൊടുന്നനെ മുഴങ്ങിക്കേട്ട ശബ്ദത്തിൽ എല്ലാവരും വാതിൽക്കലേയ്ക്ക് നോക്കി…
വാതിൽക്കൽ കിതപ്പോടെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ ആറുപേരും ആറു ദിശയിലേക്ക് മാറി…
“ഇപ്പൊ ഇറങ്ങിക്കോണം എല്ലാരും കൂടെ ഇവിടുന്ന്…”
ആജ്ഞാ സ്വരം..
എന്തോ പറയാൻ തുനിഞ്ഞ സാക്ഷയെ തടുത്തുകൊണ്ടു അയാൾ ദേഷ്യത്തോടെ അവശരായി നിൽക്കുന്നവരുടെ നേരെ വിറയ്ക്കുന്ന വിരലുയർത്തി…
“ഒരൊറ്റ എണ്ണത്തിനെ ഇനിയീ വീട്ടിൽ കണ്ടു പോവരുത്…!!”
ആറു പേരും കൂട്ടത്തോടെ മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ സാക്ഷയ്ക്ക് കഴിഞ്ഞുള്ളു…
അടുത്ത വീട്ടിൽ നിന്നും ഓടി വന്നവരെല്ലാം പരിഹാസത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു വീട് വിട്ടു…
അവർ തനിയ്ക്ക് നേരെയെറിഞ്ഞ പുച്ഛം നിറഞ്ഞ ദൃഷ്ടി മുനമ്പുകൾ !!
അതിലാരോ പറഞ്ഞൊരു കാര്യം മാത്രം അവളുടെ ഹൃദയത്തെ പകുത്തു കീറി…
“വളർത്തു ദോഷം…!!”
താൻ ജനിച്ചത് മുതൽ അച്ഛനും അമ്മയ്ക്കും ഒളിഞ്ഞും തെളിഞ്ഞും പലയിടത്തു നിന്നും കേൾക്കേണ്ടി വന്നിട്ടുള്ളതാണ് ഈ പഴി…
സോഫയിൽ ചാരി കണ്ണടച്ചിരിയ്ക്കുന്ന അച്ഛനെ നോക്കി സാക്ഷ വെറും നിലത്തു തളർന്നിരുന്നു…
എന്തൊക്കെ ന്യായീകരണങ്ങൾ കൊടുത്താലും സംഭവിച്ചതെല്ലാം മാറ്റിയെഴുതാൻ ഇനിയാർക്കും കഴിയില്ലല്ലോ…
പരിഹസിയ്ക്കാൻ അവസരം കാത്തു കിടന്നവർക്ക് കഴിഞ്ഞു പോയ പഴംപാട്ടുകളുടെ കൂട്ടത്തിൽ ഒന്നുകൂടെ…
എല്ലാത്തിനും കാരണക്കാരനായ മനുവിനെ അവൾ വെറുപ്പിനു മീതെ വെറുത്തു!!
കിടക്കയിൽ കൈകൾ വച്ച് അതിനു മീതെ മുഖം ചേർത്ത് വച്ച് അവൾ കണ്ണുകടച്ചു…
സംഭവിച്ചതൊന്നും തന്റെ കുറ്റം കൊണ്ടല്ലെങ്കിലും അച്ഛനൊന്നു വന്നു കുറച്ചു നേരം ചീത്തയെങ്കിലും പറഞ്ഞിരുന്നെങ്കിൽ നേരിയ ആശ്വാസമെങ്കിലും തോന്നിയേനെ..
കരഞ്ഞു കരഞ്ഞു എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല…
കോണിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്..
നേരം ഇരുട്ടി തുടങ്ങിയിരുന്നു…
അച്ഛനെ അകത്തെങ്ങും കണ്ടില്ല..
ചെന്ന് നോക്കിയപ്പോൾ അമ്മായിയാണ്…
തന്റെ കരഞ്ഞു വീർത്ത മുഖം കണ്ടു അമ്മായി ആകെ ഭയന്നെന്നു തോന്നി…
മനുവിനോടുള്ള ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞെങ്കിലും അവസാനിച്ചത് കരച്ചിലിന്റെ അകമ്പടിയോടെയായിരുന്നു…
കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ വന്നില്ലെങ്കിലും സംഭവിച്ചതിനെല്ലാം മനുവാണ് കാരണമെന്നു അമ്മായിയ്ക്ക് മനസ്സിലായെന്നു തോന്നി…
ഉമ്മറത്തു നിശ്ശബ്ദമായിരിയ്ക്കുന്ന അച്ഛന്റെ അരികിൽ ചെന്നിരുന്നു എന്തൊക്കെയോ സംസാരിയ്ക്കുന്നത് കണ്ടു…
ഒന്നും മിണ്ടാതെ ചേച്ചിയുടെ മുറിയിൽ കയറി ഇരുട്ടത്തിരുന്നു…
ചേച്ചി പോയത്തിൽപ്പിന്നെ പലപ്പോഴും തന്നെ തേടിയെത്താറുണ്ട് ഈ ഒറ്റപ്പെടൽ..
പണ്ടായിരുന്നെങ്കിൽ തന്റെ മുഖമൊന്നു വാടിയാൽ ചേർത്തിരുത്തി കാര്യങ്ങൾ ചോദിച്ചു സമാധാനിപ്പിയ്ക്കാൻ ചേച്ചിയുണ്ടായിരുന്നേനെ…
മനസ്സ് വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്തൊക്കെയോ കാര്യങ്ങളിൽ പിടി വിട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു…
“മോളെ…”
അച്ഛൻ…
സാക്ഷ വേഗത്തിൽ മുറി വിട്ട് പുറത്തിറങ്ങി…
ചേച്ചി പോയതിൽപ്പിന്നീടൊരിയ്ക്കലും അച്ഛനീ മുറിയിൽ കയറിട്ടേയില്ല..
“മനുവിന്റെ ദേഷ്യം കാരണമാണ് ഇന്നിവിടെ ഇത്രയും പ്രശ്നങ്ങളുണ്ടായതെന്നു അമ്മായി പറഞ്ഞു…
എന്നാലും.. ഇനി ഇങ്ങനെ ചെക്കമ്മാരുമായി കൂടുതൽ കൂട്ടുകെട്ടൊന്നും വേണ്ട മോളെ…
കോളേജിൽ കൊണ്ടുപോവാനും കൂട്ടിക്കൊണ്ടു വരാനും ഇനി മുതൽ അച്ഛൻ വന്നോളാം..”
ഒന്നു നിർത്തി അയാൾ തുടർന്നു..
“മോളെ സംശയമുണ്ടായിട്ടല്ല.. നാട്ടുകാരെ ബോധിപ്പിയ്ക്കാണെങ്കിലും ഇനി മുതൽ ഇങ്ങനെ മതി നമുക്ക്..
ചില ശീലങ്ങളും ബന്ധങ്ങളും സാഹചര്യങ്ങളുടെ ക്രൂരതയ്ക്ക് വിട്ടു കൊടുക്കേണ്ടി വരും നമുക്ക്… അല്ലെങ്കിൽ മറ്റുള്ളവരുടെ കണ്ണിൽ നമ്മള് തെറ്റുകാരാവും…”
നിറ കണ്ണുകളോടെയാണെങ്കിലും അച്ഛൻ പറഞ്ഞതിനെല്ലാം തലയാട്ടി..
“അച്ഛന് പ്രതീക്ഷിയ്ക്കാനും സ്നേഹിയ്ക്കാനും എന്റെ സച്ചു മാത്രേ ഉള്ളു… “
തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് അമ്മായി വന്നു..
“രാവിലെ മുതൽ മോളൊന്നും കഴിച്ചില്ലല്ലോ… അമ്മായി എല്ലാം ഉണ്ടാക്കിക്കൊണ്ടു വച്ചിട്ടുണ്ട്… പിണക്കമൊക്കെ തീർന്ന സ്ഥിതിയ്ക്ക് രണ്ടാളും വന്നു കഴിയ്ക്ക്…
മനുവിനോട് ഞാൻ പറഞ്ഞോളാം ഇനി മോൾടെ കാര്യത്തിൽ അനാവശ്യമായി ഇടപെടരുതെന്നു…”
അവർ എന്തോ ഓർത്തു നെടുവീർപ്പിട്ടു…
രണ്ടാളുടെയും കൂടെയിരുന്നു ഭക്ഷണം കഴിയ്ക്കുമ്പോൾ എന്നത്തേയും പോലെ ഈ സങ്കടത്തേയും രാത്രിയോടൊപ്പം ഒഴുക്കി വിടുമെന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തു…
രാവിലെ നേരത്തെ എഴുന്നേറ്റു..
ചൂലെടുത്തു മുൻവശത്തെ മുറ്റത്തേക്കിറങ്ങി..
ഗേറ്റിനു സൈഡിൽ വച്ച പാലിന്റെ കുപ്പിയ്ക്ക് സമീപത്തു മടക്കി വച്ച വെളുത്ത കടലാസ്!!!
പേരറിയാത്തൊരാനന്ദം മനസ്സിനെ പൊതിഞ്ഞു…
വേഗത്തിൽ എടുത്തു തുറന്നു..
ഇളം നീല മഷി!!
ഗന്ധർവ്വൻ!!
രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും!!
സ്വയമറിയാതെ മുഖത്തൊരു പുഞ്ചിരി വിടർന്നു…
നഷ്ടപ്പെട്ടു പോയ ഉത്സാഹം മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് തിരിച്ചു വന്നത് പോലെ!!
എഴുത്തിനു മീതെ മഞ്ഞിൻ തുള്ളികൾ വന്നു വീണ് മഷി പടർന്നിരുന്നു…
പുലർക്കാലം വായനാസുഖം നശിപ്പിച്ചു!!
അവൾ പ്രകൃതിയോട് പരിഭവിച്ചു…
എങ്കിലും വായിയ്ക്കാൻ കഴിയുന്നുണ്ട്..
“വീണ്ടുമിരു പുഴയായി നാമൊഴുകും…
നീയെന്നും ഞാനെന്നുമില്ലാതെ..
നമ്മളൊന്നിച്ചൊരു സമുദ്രമാവും..
ഋതു ഭേദങ്ങൾക്കിപ്പുറം ശാന്തമായി അനന്തതയിലലിയും…”
-ഗന്ധർവ്വൻ-
വേഗത്തിൽ അടിച്ചുവാരി മുറിയിലെത്തി..
അയാളുടെ എഴുത്തുകളെല്ലാം വെറുതെ വായിച്ചു…
ഇടയ്ക്കെപ്പോഴോ ഉള്ളിലൊരു ചെറിയ കുസൃതി തോന്നി…
ഉള്ളിൽ തോന്നിയ നാലു വരികൾ ചെറിയ കടലാസ്സിൽ കുറിച്ചെടുത്തു..
ഒത്ത താഴെയായി യക്ഷി എന്ന് മാത്രം വലുതാക്കി എഴുതി…
അന്ന് കോളേജിലേക്ക് തനിച്ചിറങ്ങി..
പോകുന്ന വഴിയ്ക്ക് പതിയെ ഗന്ധർവ്വന്റെ വീട്ടിലേയ്ക്ക് കയറി..
അകത്താരെയും കണ്ടില്ല..
എഴുതി വച്ച സന്ദേശം മൊബൈൽ ഫോണിന് കീഴെ വച്ചു വേഗത്തിൽ കോണിപ്പടിയിറങ്ങി…
അയാളത് വായിയ്ക്കുമ്പോൾ ചെറുതായി ഒന്ന് ഞെട്ടും…
ഞാനാണെന്നു മനസ്സിലായിക്കാണുമോ??
സാക്ഷയ്ക്ക് ചിരി വന്നു…
അഞ്ചംഗ സംഘത്തിന് ഇന്നലെ ഉണ്ടായ സംഭവത്തിൽ അല്പം പരിഭവമുണ്ടായിരുന്നു…
കുറച്ചു നേരത്തെ സോപ്പിടലിൽ അതും തീർത്തു..
ക്ലാസ് കഴിഞ്ഞു വരുമ്പോൾ ഗന്ധർവ്വൻ കത്ത് വായിച്ചോ എന്നറിയാനുള്ള ആകാംഷയായിരുന്നു മനസ്സ് നിറയെ..
അത് ദിവസേന ഓരോ കത്തുകളെഴുതി അയാളുടെ മുറിയിൽ കൊണ്ട് വയ്ക്കാനുള്ള പ്രേരണ നൽകി..
ഗന്ധർവ്വൻ എന്നുമെഴുതുന്ന സന്ദേശങ്ങളോട് സാമ്യമുള്ള എന്തെങ്കിലും വരികൾ എഴുതി പിറ്റേന്ന് കോളേജിലേയ്ക്കുള്ള വഴിയിൽ അയാളുടെ മേശപ്പുറത്തു കൊണ്ട് വയ്ക്കും!!
രാവിലെ എട്ടരയ്ക്കും ഒൻപതിനുമിടയ്ക്ക് ഗന്ധർവ്വൻ കുളിയ്ക്കാൻ കയറും…
ആ സമയത്തു മുറിയിൽ കയറി കത്ത് വച്ചിറങ്ങും…
സ്വയം വിലക്കിയിട്ടും മനസ്സ് എപ്പോഴും പിടിവിട്ടു അയാളിലേയ്ക്കെത്തും…
യക്ഷി എന്ന പേരിൽ തിരിച്ചൊരു പ്രയോഗം…
പിടിയ്ക്കപ്പെടുന്നത് വരെ!!
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു പതിവുപോലെ ഓടി മുറിയ്ക്കകത്തു കയറി..
വീടിനുള്ളിലെങ്ങും ഗന്ധർവ്വനെ കണ്ടില്ല…
വാതിൽ ചാരിയിട്ടു ഗന്ധർവ്വനെങ്ങോട്ടാവും പോയതെന്ന് തല പുകഞ്ഞു ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല..
കത്ത് വച്ച് പടിയിറങ്ങാൻ നേരം കോണിപ്പടിയ്ക്ക് കീഴെ ബൈക് നിർത്തുന്ന ഗന്ധർവ്വനെയാണ് കണ്ടത്…
ഓടി അടുക്കളയ്ക്കുള്ളിലൊളിച്ചു…
സാക്ഷയ്ക്ക് ഭയം തോന്നി… ഒരിയ്ക്കൽ കൂടി പിടിയ്ക്കപ്പെട്ടാൽ!!
ആലോചിയ്ക്കാൻ കൂടി വയ്യ!!
മനസ്സിൽ ഏതൊക്കെയോ ദൈവങ്ങളെ ആത്മാർത്ഥമായി വിളിച്ചു പ്രാർത്ഥിച്ചു…
അൽപ സമയം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാതായപ്പോൾ സാക്ഷ പതിയെ പുറത്തേയ്ക്ക് ചെന്നു!!
ഒട്ടും നിനയ്ക്കാത്ത കാഴ്ച്ചയിൽ, ശബ്ദം പോലും പുറത്തെടുക്കാനാവാതെ അവൾ തളർന്നു നിന്നു…
വാതിൽ പുറത്തു നിന്നും ബന്ധിച്ചിരിയ്ക്കുന്നു..
ഗന്ധർവ്വന്റെ ബൈക്കിന്റെ ശബ്ദം അകന്നു പോവുന്നത് അവൾ തളർച്ചയോടെ കേട്ട് നിന്നു…
മേശപ്പുറത്തു വച്ച സന്ദേശം അപ്രത്യക്ഷമായിരുന്നു…
എന്ത് ചെയ്യണമെന്നറിയാതെ അവൾ അരികിലുള്ള കസേരയിലിരുന്നു…
ഫോണെടുത്തു ഫേസ് ബുക്ക് തുറന്നു ഗാന്ധർവ്വം എന്ന അക്കൗണ്ട് സേർച്ച് ചെയ്തെടുത്തു…
അതിൽ വെണ്ടക്കാ അക്ഷരത്തിൽ കണ്ട പോസ്റ്റ് വായിയ്ക്കവേ കയ്യിലെ ഫോൺ പിടി വിട്ട് താഴോട്ട് ഊർന്നു വീഴുന്നത് അവളറിയുന്നുണ്ടായിരുന്നു…
“ഇനി രണ്ടു ദിവസത്തേയ്ക്ക് പോസ്റ്റുകൾക്ക് താത്കാലിക വിട…
ഗോയിങ് ടു ഹോം… മിസ്സ് യൂ ഓൾ !!”
അടഞ്ഞു കിടക്കുന്ന വാതിൽ നോക്കി സാക്ഷ തലയ്ക്ക് മീതെ കൈകളമർത്തി…
(തുടരും…)
രചന: സ്വാതി കെ എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Adipoli baki pettenn post cheyyane