ഗന്ധർവ്വൻ – ഭാഗം 5

4997 Views

gandharvan novel aksharathalukal

ഇനിയെന്ത് ചെയ്യുമെന്നറിയാതെ ധർമ്മ സങ്കടത്തിലായി സാക്ഷ!!

വൈകുന്നേരം വീടെത്തുന്ന സമയം വരെ ഞാൻ കോളേജിലായിരിയ്ക്കുമെന്നു അച്ഛൻ വിചാരിച്ചോളും..

പക്ഷെ അത് കഴിഞ്ഞാൽ!!

എന്തെങ്കിലും കള്ളം പറഞ്ഞു ഇന്ന് രാത്രി വരെ പിടിച്ചു നിന്നാലും അത് കഴിഞ്ഞുള്ള കാര്യം???

ഉറക്കെ ശബ്ദമുണ്ടാക്കി താഴെയുള്ളവരെ കൂട്ടിയാലും അതിന്റെ ഭവിഷത്തു തനിയ്ക്കു മാത്രമായിരിയ്ക്കും!!

കാന്താരിയുടെ കുസൃതി എന്നൊന്നും വിശേഷണം നൽകി ഇതിനെ നിസ്സാരമാക്കില്ല ആരും..

ആരുമില്ലാത്ത നേരത്തു തനിച്ചു താമസിയ്ക്കുന്ന അന്യനായ ചെറുപ്പക്കാരന്റെ മുറിയിൽ ഒളിച്ചു കയറിയ പെണ്ണ്…

ചോദിയ്ക്കുന്നവർക്ക് എന്ത് വിശദീകരണം നല്കാനാവും തനിയ്ക്ക്??

ചേച്ചി പോയ വഴിയേ അനിയത്തിയും എന്ന് വീണ്ടും വീണ്ടും കുത്തിപ്പറയാനൊരിട കാത്തു നിൽക്കുകയാണ് ചുറ്റിനുമുള്ളവർ!!

പഴികളും കുത്തു വാക്കുകളും മുൾമുന കണക്കെ തേടിയെത്തും…

എല്ലാവരുടെയും മുന്നിൽ പരിഹസിയ്ക്കപ്പെട്ടു തല കുനിച്ചു നിൽക്കുന്ന അച്ഛന്റെ മുഖം വീണ്ടുമൊരു ശാപം കണക്കെ കണ്മുന്നിൽ കാണാൻ വയ്യ !!

ഓർത്തിട്ട് ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നി…

ഇങ്ങനെയൊക്കെ വന്നു ഭവിയ്ക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല!!

ചെറിയൊരു തമാശ എന്ന് മാത്രമേ ഓർത്തുള്ളു!!

തല പുകഞ്ഞുള്ള ആലോചനയ്‌ക്കിടയിൽ പെട്ടെന്നാണാ  ആശയം വെള്ളിടി പോലെ  ബുദ്ധിയിലുദിച്ചത്!!

പരീക്ഷണമാണ്… എങ്കിലും വിജയ സാധ്യത കൂടുതലാണ്!!

സാക്ഷ വേഗത്തിൽ ഫോണെടുത്തു യക്ഷി എന്ന പേരിൽ പുതിയൊരു ഫേസ് ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തു..

ഗാന്ധർവ്വം എന്ന പേരിൽ അയാൾ തുടങ്ങിയത് പോലൊരു ഫേക് അക്കൗണ്ട്!!

അൽപ നേരത്തെ ശ്രമഫലമായി സുന്ദരിയായൊരു യക്ഷിയുടെ  പ്രൊഫൈൽ പിക്ച്ചറും മറ്റു ഡീറ്റയിൽസും നൽകി നന്നായി മോഡി കൂട്ടിയ ശേഷം ഗന്ധർവ്വനൊരു ഫ്രണ്ട് റിക്വസ്റ്റും അയച്ചു കാത്തിരുന്നു..

കുറച്ചു സമയത്തിനുള്ളിൽത്തന്നെ അനേകം ഫ്രണ്ട് റിക്വസ്റ്റുകൾ മഴ പോലെ വന്നു പതിച്ചു…

ഒരുപാട് പേരെ സ്വീകരിയ്ക്കുകയും ചിലരെ ഫോള്ളോവേഴ്‌സ് ലിസ്റ്റിലേക്ക് തട്ടുകയും ചെയ്തു..

ഇന്ന് രാവിലെ ഗന്ധർവ്വനു നൽകിയ എഴുത്തു ഭംഗിയായി എഴുതി പോസ്റ്റ് ചെയ്ത് അക്ഷമയോടെ ഗന്ധർവ്വന്റെ വരവും നോക്കി നിന്നു..

നല്ല അടുക്കും ചിട്ടയുമുള്ള മുറിയായിരുന്നു ഗന്ധർവ്വന്റേത്…

വൃത്തിയായി വിരിച്ചു വച്ചിരിയ്ക്കുന്ന കിടക്ക… പുസ്തകങ്ങളും സിനിമ കാസറ്റുകളും അടുക്കി വച്ചിരിയ്ക്കുന്ന മേശപ്പുറം… അങ്ങനെ ആകെമൊത്തം വൃത്തിയുടെയും അടുക്കു ചിട്ടകളുടെയും കോലാഹലം…

സാക്ഷ ഒരു നിമിഷം സ്വന്തം മുറിയെക്കുറിച്ചു ഓർത്തു പോയി..

ഗന്ധർവ്വൻ ആ മുറിയൊന്നു വന്നു കണ്ടാൽ മാത്രം മതി.. പിന്നെ ജീവിതത്തിൽ ആർക്കും കത്തെഴുതില്ല!!

നല്ല മനപ്പൊരുത്തം!!

സാക്ഷ ടീവി ഓൺ ചെയ്തു..

ഏതോ ഒരു ഹിന്ദി മ്യൂസിക് ചാനൽ ശബ്ദം കുറച്ചു വച്ചുകൊണ്ട് വെറുതെ മുറിയിലാകമാനം നിരീക്ഷണത്തിലേർപ്പെട്ടു..

ഷെൽഫിനുള്ളിൽ ഒരുപാട് നോവലുകൾ ഒന്നിന് മീതെ ഒന്നായി അടുക്കി വച്ചിട്ടുണ്ട്…

മാധവിക്കുട്ടി.. എം.ടി.. തകഴി.. ബഷീർ.. ഷേക്സ്പിയർ.. ചേതൻ ഭഗത്… അങ്ങനെ പോകുന്ന എഴുത്തു നിരകളെ അവൾ കൗതുകത്തോടെ നോക്കി നിന്നു..

ആരണ്യകം.. തനിയാവർത്തനം… തൂവാനത്തുമ്പികൾ.. തുടങ്ങിയ ആഴമുള്ള  സിനിമകളും… ആള് വിചാരിച്ച പോലെ അല്ല… അയാളുടെ സ്വഭാവത്തിനനുസരിച്ചു മനസ്സിലൊരു വ്യത്യസ്തമായ രൂപരേഖ തയ്യാറാക്കി…

കയ്യിൽ കിട്ടിയ ഏതോ ഒരു പുസ്തകമെടുത്തു അടുക്കളയുടെ വാതിൽ തുറന്നു വെറുതെ പുറത്തേക്കിറങ്ങി…

തെങ്ങിൻ തോട്ടത്തെ തൊട്ടു തലോടിയെത്തിയ തണുത്ത കാറ്റ് മുടിയിഴകളെ കോതിയൊതുക്കി..

താഴെ തുണി അലക്കുന്ന വീട്ടുകാരിയെ ശ്രദ്ധയിൽ പെട്ടപ്പോൾ വേഗത്തിൽ തന്നെ അകത്തേയ്ക്ക് കയറേണ്ടി വന്നു…

സമയം ഉച്ചയോടടുത്തു..

ഫോണെടുത്തു നോക്കിയപ്പോൾ ഏതോ ഒരു നോട്ടിഫിക്കേഷൻ തെളിഞ്ഞു കിടക്കുന്നു..

തിടുക്കത്തിൽ ഫോൺ തുറന്നു..

ഗാന്ധർവ്വം ആക്സെപ്റ്റഡ് യുവർ ഫ്രണ്ട് റിക്വസ്റ്റ്‌!!

ഹൃദയ മിടിപ്പുയർന്നു!!

സകല ദൈവങ്ങളെയും ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടു രാവിലെ എഴുതി വച്ച സന്ദേശം അയാൾക്ക് ടൈപ് ചെയ്തയച്ചു..

“ഹലോ…”

തിരിച്ചു മറുപടിയെത്തി…

“നാട്ടിലാണോ??”

സാക്ഷ മറുചോദ്യമെറിഞ്ഞു..

“അതെ… എത്തിയതെയുള്ളൂ…”

“ഇനിയെന്നാ തിരിച്ച് ??”

“ചെയ്തു തീർക്കാൻ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളുണ്ട്… ഇനി രണ്ടു ദിവസം കഴിഞ്ഞ്..”

“അതെന്താണാവോ അത്ര പ്രധാനപ്പെട്ട കാര്യങ്ങൾ??”

ചോദ്യമെത്തുന്നതിനു മുൻപേ പച്ച വെളിച്ചമണഞ്ഞിരുന്നു…

അൽപ നേരം അയാളെ കാത്തെങ്കിലും നിരാശയായിരുന്നു ഫലം..

കയ്യിൽ കരുതിയ ഉച്ചഭക്ഷണത്തിന്റെ പാത്രം തുറന്നു കഴിച്ചെന്നു വരുത്തി തിരിച്ചു ബാഗിൽ വച്ചു…

അൽപ നേരം കഴിഞ്ഞതും ഗന്ധർവ്വന്റെ മെസ്സേജ് തേടിയെത്തി…

“സോറി.. ഫുഡ് കഴിയ്ക്കാൻ പോയതായിരുന്നു.. താൻ കഴിച്ചോ??”

“കഴിച്ചു..”

മറുപടിയായി ഗന്ധർവ്വൻ പുഞ്ചിരിയ്ക്കുന്ന സ്മൈലി അയച്ചു..

“എത്ര വൃത്തിയായാണ് നിങ്ങളീ മുറി സൂക്ഷിയ്ക്കുന്നത്!!” ഇത്രയും വൃത്തിയുള്ള മുറി ഞാനിതിനു മുൻപ് കണ്ടിട്ടേയില്ല…”

രണ്ടും കല്പിച്ചു ടൈപ് ചെയ്തയച്ചു…

ഗന്ധർവ്വൻ മെസ്സേജ് വായിച്ചിട്ടും മറുപടിയൊന്നും വരാതിരുന്നതിനാൽ സാക്ഷ അടുത്തത് ടൈപ് ചെയ്തു..

“ഈ പുസ്തകങ്ങളെല്ലാം എന്നും തുടച്ചു വയ്ക്കാറുണ്ടോ?? ഒന്നിലും ഒരു പൊടി പോലും കാണുന്നില്ലല്ലോ..”

പറഞ്ഞു തീർത്തതും റൂമിന്റെ ഒരു ചിത്രവും കാപ്ചർ ചെയ്തയച്ചു…

ഗന്ധർവ്വനെ വല്ലാത്തൊരു ആശയക്കുഴപ്പം തേടിയെത്തിയെന്നു വ്യക്തം!!

മുറിയിലെ എല്ലാ വസ്തുക്കളെക്കുറിച്ചുമുള്ള ദീർഘ വിശദീകരണം ഉപന്യാസം പോലെ അയച്ചുകൊണ്ടേയിരുന്നു…

ഗന്ധർവ്വന്റെ കിളി പോയ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അല്പം സങ്കോചം തോന്നി…

സന്ദർഭത്തിന് ഒന്നുകൂടി കൊഴുപ്പു കൂട്ടാൻ അടുക്കളയിൽ ചെന്ന് ദോശക്കല്ലു ചൂടാക്കി ഫ്രിഡ്ജിൽ നിന്നും ഒരു കോഴിമുട്ടയെടുത്തു പൊട്ടിച്ചൊഴിച്ചു ബുൾസൈ ഉണ്ടാക്കുന്നൊരു വീഡിയോയും എടുത്തയച്ചു…

ഗന്ധർവ്വൻ എന്തൊക്കെയോ തിരിച്ചു ചോദിയ്ക്കുന്നുണ്ടെങ്കിലും സാക്ഷ മനപ്പൂർവ്വം ചുറ്റുപാട് വിശദീകരണത്തിൽ മുഴുകി..

അൽപ സമയത്തിനുള്ളിൽ തന്നെ ഗന്ധർവ്വൻ ഓൺലൈനിൽ നിന്നിറങ്ങിപ്പോയിക്കഴിഞ്ഞിരുന്നു…

പ്ലാൻ വിജയിച്ചിട്ടുണ്ടെങ്കിൽ കൃത്യം രണ്ടു മണിക്കൂറിനുള്ളിൽ ഗന്ധർവ്വൻ ഇവിടെയെത്തുമെന്നു സാക്ഷ മനസ്സിലുറച്ചു..

ഒരുപക്ഷെ ഇപ്പൊ താൻ പിടിയ്ക്കപ്പെട്ടാൽ അയാളുടെ കോപത്തിനു ഇരയാവേണ്ടി വന്നേക്കാം…

ഉള്ളിൽ നേരിയ ഭയം തല പൊക്കി…

ചിലപ്പോൾ ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം അയാൾ തന്റെ സ്വഭാവത്തെ വിലയിരുത്താനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല…

പക്ഷെ തോറ്റു കൊടുക്കുന്നതിനു മുൻപ് ഒരു ചെറിയ പരീക്ഷണം കൂടിയാവാം!!

അടുക്കളയിൽ നിന്നും സാമാന്യം വലിപ്പമുള്ള രണ്ടു മൂന്നു സ്റ്റീൽ പാത്രങ്ങളെടുത്തു ഒരു സ്റ്റൂളിൽ വച്ച് അടുക്കള വാതിൽ തുറന്നു തിണ്ണയ്ക്കരികിൽ വെച്ചു…

അവിടെക്കണ്ട ചാക്കിന്റെ നൂലുകൾ ചേർത്ത് കെട്ടി അതിന്റെ ഒരറ്റം സ്റ്റൂളിന്റെ കാലിലും മറ്റേ അറ്റം കട്ടിലിന്റെ കാലിലും ചേർത്ത് കെട്ടി..

പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത രീതിയിൽ ചുമരിനോട് ചേർത്ത് കഷ്ടിച്ചാണ് കയർ കട്ടിലിനരികിൽ വരെ കൊണ്ടെത്തിച്ചത്…

സമയം കടന്നു പോയി…

നേരം നാലു മണിയോടടുത്തപ്പോഴാണ് താഴെ ബൈക്കിന്റെ ശബ്ദം കേട്ടത്…

ഓടിച്ചെന്നു ജനൽ കർട്ടൻ മാറ്റി നോക്കിയപ്പോൾ ബൈക് സ്റ്റാൻഡ് തട്ടുന്ന ഗന്ധർവ്വനെയാണ് കണ്ടത്!!

ഹൃദയമിടിപ്പ് വീണ്ടും ശക്തിയോടെ ഉയർന്നു… നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തുടങ്ങി…

സാക്ഷ ഓടിച്ചെന്നു കട്ടിലിനടിയിൽ ഒളിച്ചിരുന്നു…

പേടികൊണ്ടു ദേഹം മുഴുവൻ തളർച്ച തോന്നിയെങ്കിലും സാക്ഷ പ്രതീക്ഷ കൈ വിട്ടില്ല…

അന്നപൂർണേശ്വരി ക്ഷേത്രത്തിലേക്ക് ഒരു കുപ്പി എണ്ണ നേർന്നു കണ്ണടച്ചു…

വാതിൽ തുറക്കുന്ന ശബ്ദം!!

സാക്ഷ ശബ്ദമടക്കി…

ഗന്ധർവ്വൻ മുറിയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ചു…

സകല ദൈവങ്ങളെയും ഉള്ളുരുകി ധ്യാനിച്ചുകൊണ്ടു കട്ടിലിന്റെ കാലിൽ കെട്ടിയ ചരട് ശക്തിയോടെ വലിച്ചു..

സ്റ്റൂൾ താഴെ വീണു… കൂടെ പാത്രങ്ങളും…

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഗന്ധർവ്വൻ ഓടിയതും സാക്ഷ അതിലും വേഗത്തിൽ മുൻവശത്തെ വാതിൽ വഴി പുറത്തേയ്ക്ക് ഓടി..

ദൈവദൂതനെപ്പോലെ അതുവഴി വരുന്ന മനുവിനെയാണ് മുന്നിൽ കണ്ടത്…

അവൻ വണ്ടി നിർത്തിയതും ഓടിച്ചെന്നു കേറി…

“വേഗം പോ.. വേഗം വേഗം…”

തന്റെ പ്രവൃത്തി കണ്ടു മനുവാകെ ഞെട്ടിത്തരിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ..

വീടിന്റെ മുറ്റത്തു വന്നിറങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത്…

അവന്റെ അമ്പരപ്പ് വക വയ്ക്കാതെ ഒരു ചിരിയും പാസ്സാക്കി വീടിനുള്ളിലേയ്ക്ക് ഓടി…

“അമ്മാവാ… മോളെ ഒന്ന് സൂക്ഷിച്ചോ… അവളെന്തോ ഒപ്പിച്ചു വച്ചിട്ടുള്ള വരവാ…”

അൽപനേരം അന്തം വിട്ടു നിന്ന ശേഷം വാഴയ്ക്ക് തടമെടുത്തുകൊണ്ടിരുന്ന അച്ഛനെ നോക്കി അവൻ വിളിച്ചു പറയുന്നത് കണ്ടു…

കേറിയത് മനുവിന്റെ ബൈക്കിലായതുകൊണ്ടു മാത്രം അച്ഛനും ചെറിയ അമ്പരപ്പുണ്ടെന്നു തോന്നിയിരുന്നു…

ഇനിയൊരിയ്ക്കലും ഗന്ധർവ്വന്റെ വീട്ടിൽ പോവില്ലെന്നു മനസ്സാ പ്രതിജ്ഞ ചെയ്തു കിടക്കയിലേയ്ക്കമർന്നു…

വല്ലാത്തൊരു സമാധാനം മനസ്സിനെ പൊതിഞ്ഞു…

ഭാഗ്യം കൊണ്ട് മാത്രമാണ് അയാളുടെ കണ്മുന്നിൽ നിന്നും രക്ഷപ്പെട്ടത്…

പിടിയ്ക്കപ്പെട്ടിരുന്നെങ്കിൽ അയാളുടെ മുന്നിലൊരു കള്ളിയായി നിൽക്കേണ്ടി വന്നേനെ!!

അത്തരമൊരു സന്ദർഭത്തെ സാക്ഷയ്ക്ക് സങ്കല്പിയ്ക്കാൻ പോലും കഴിഞ്ഞില്ല…

ഗന്ധർവ്വൻ എന്നൊരാളെ ഇതോടെ മനസ്സിൽ നിന്നും പടിയിറക്കും…

ആ സന്തോഷം ഇനി വേണ്ട…

എന്ത് ചെയ്താലും ഒടുക്കം അതൊരു അബദ്ധത്തിലെ കലാശിയ്ക്കൂ…

അയാളുടെ മുൻപിൽ മാത്രം തനിയ്ക്കിങ്ങനെയാണ്…

ഇനിയത് വേണ്ട… വീണ്ടുമൊരു പരീക്ഷണത്തിന് ത്രാണിയില്ല…

സാക്ഷ അൽപ നേരം കണ്ണുകളടച്ചു കിടന്നു…

ആ ഫേക് അക്കൗണ്ട് ഇനി വേണ്ട…

ഉടനെ ഡീആക്ടിവേറ്റ് ചെയ്യണം!!

അതിന്റെ ആവശ്യം കഴിഞ്ഞു.. അയാളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാനും ഇനി തനിയ്ക്ക് പറ്റില്ല…

സാക്ഷ ബാഗ് തുറന്നു…

ഒത്തിരി തിരഞ്ഞിട്ടും ഫോൺ മാത്രം കിട്ടിയില്ല!!

വല്ലാത്തൊരു നടുക്കം ഉള്ളിലൂടെ കടന്നു പോയി!!

ഫോണെടുക്കാൻ മറന്നിരിയ്ക്കുന്നു!!

ഗന്ധർവ്വന്റെ ബൈക് വന്ന വെപ്രാളത്തിൽ വേഗത്തിൽ കട്ടിലിനടിയിലേയ്ക്ക് കയറിയതാണ്…

ശരിയാണ്!! അപ്പോഴൊന്നും ഫോൺ തന്റെ കയ്യിലില്ലായിരുന്നു!!

സാക്ഷയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി!!

വേറെ എന്തെങ്കിലുമാണ് വച്ച് മറന്നതെങ്കിൽ പോട്ടെ എന്ന് കരുതാമായിരുന്നു!!

അവൾ തന്റെ ആശ്രദ്ധയെ പഴിച്ചു!!

ഒരിയ്ക്കൽ ഒരു ഫോൺ കാരണം ചതിവ് പറ്റിയതാണ്!!

വീണ്ടുമത് സംഭവിയ്ക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കണമായിരുന്നു…

അയാൾ നാട്ടിലേയ്ക്ക് തിരിച്ചു പോയിക്കാണുമോ??

എന്ത് തന്നെയായാലും ഫോൺ കിട്ടിയിട്ടുണ്ടാവുമെന്നുറപ്പാണ്!!

വന്നു ചേർന്ന സർവ സമാധാനവും വീണ്ടും കെട്ടു വിട്ടു പടിയകന്നു…

നേരിട്ട് കയറിച്ചെന്നു മാപ്പു പറഞ്ഞാലോ??

എന്നിട്ട് ഫോൺ തരാൻ പറയാം… അതാവില്ലേ കൂടുതൽ ഉചിതം?? അങ്ങനെയാണെങ്കിൽ ഒരുപക്ഷെ അയാൾക്ക് തോന്നിയ ദേഷ്യത്തെ ശമിപ്പിയ്ക്കാനും കഴിയും…

ഫോൺ ഇല്ലാതെ പറ്റില്ല.. പ്രത്യേകിച്ച് തനിയ്ക്ക്…

ആ രാത്രിയിലെ ഉറക്കം പൂർണമായും വിട്ടകന്നിരുന്നു…

നാളത്തെ കാര്യമോർത്തുള്ള അങ്കലാപ്പായിരുന്നു മനസ് നിറയെ…

സമയത്തെ ഒരു വിധത്തിൽ തള്ളിവിട്ടു വെളുപ്പിച്ചെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ…

ഗന്ധർവ്വൻ അവിടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു സ്ഥിരം ചെല്ലുന്ന സമയത്തു തന്നെ കോണിപ്പടിയ്ക്ക് കീഴെ എത്തി..

താഴെ ബൈക്കും ചെരിപ്പും കണ്ടില്ല..

സംശയത്തോടെയാണ് അകത്തേയ്ക്ക് ചെന്നത്…

വാതിൽ വെറുതെ ചാരിയിട്ടിരുന്നു… ഇന്നലത്തെപ്പോലെ…

സാക്ഷ പതിയെ വാതിൽ തുറന്നു…

മേശപ്പുറത്തുള്ള പുസ്തകത്തിന് മീതെ ഫോൺ ഭദ്രമായി ഇരിപ്പുണ്ട്…

ഭാഗ്യം!!

വേഗത്തിൽ ഫോണെടുത്തതും പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു…

ഉള്ളിൽ നിന്നും വാതിലിന്റെ ബോൾട്ട് ഇടുന്ന ഗന്ധർവ്വനെ കണ്ടപ്പോൾ ശരീരത്തിലെ ജലാംശം മുഴുവൻ ഒറ്റയടിയ്ക്ക് വറ്റി വരണ്ടത് പോലെ!!

രണ്ടു കൈകളും കെട്ടി വാതിൽ ചാരി നിൽക്കുന്ന ഗന്ധർവ്വനെ നോക്കും തോറും സാക്ഷ കൂടുതൽ വിയർത്തൊഴുകി…

“അപ്പൊ എന്റെ ഊഹം തെറ്റിയില്ല!!

നമ്മളാണല്ലേ ആ യക്ഷി…”

പൊടുന്നനെ അയാളിൽ നിന്നെത്തിയ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ അവൾ മേശയ്ക്കരികിൽ തറഞ്ഞു നിന്നു…

(തുടരും…)

രചന: സ്വാതി കെ എസ്

(സാക്ഷയ്ക്ക് അടുക്കള വാതിൽ തുറന്നു രക്ഷപ്പെടാമായിരുന്നില്ലേ എന്ന തരത്തിലുള്ള ചില കമന്റുകൾ കഴിഞ്ഞ പാർട്ടിൽ കണ്ടിരുന്നു… ഗന്ധർവ്വൻ താമസിയ്ക്കുന്നത് ഒരു വീടിനു മുകളിൽ പേ ഇൻ ഗസ്റ്റ്  ആയിട്ടാണെന്നു ഞാൻ മുൻ ഭാഗങ്ങളിൽ പരാമർശിചിട്ടുള്ളതാണ്… എന്നിട്ടും സംശയം വന്നതെങ്ങിനെയാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. വീടിനുള്ളിലേയ്ക്ക് കയറാൻ മുൻവശത്തുള്ള ഗോവണി മാത്രമേയുള്ളൂ ….

അടുക്കള വശം വഴി താഴോട്ടിറങ്ങാൻ കഴിയില്ലല്ലോ… കഥയിൽ എല്ലാ കാര്യങ്ങളും പ്രത്യേകം പ്രത്യേകം വിശദീകരിച്ചാൽ അത് എഴുത്തിന്റെ ഭംഗിയെ ബാധിയ്ക്കും..

അതുകൊണ്ടാണ് വാൽക്കഷ്ണമായി എഴുതാമെന്നു കരുതിയത്… സംശയമുള്ളവർക്ക് വ്യക്തത വന്നെന്നു വിശ്വസിയ്ക്കുന്നു.. എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും നന്ദി ട്ടൊ സ്വന്തം സ്വാതി)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply