“എന്താടോ നിന്ന് വിയർക്കണേ?? പേടിയുണ്ടോ??”
എന്റെ നിൽപ്പും ഭാവവും കണ്ടു ഗന്ധർവ്വൻ അടക്കി ചിരിച്ചു…
“ഇങ്ങോട്ട് ഒളിച്ചു കയറുന്നതല്ലേ സ്ഥിരമായുള്ള ഹോബി?? ഇതെന്താ അപ്പോഴൊന്നും ഇല്ലാത്തൊരു പേടി??”
അയാൾ വീണ്ടും ചിരിച്ചു…
“താൻ കാക്കക്കൂട്ടിൽ മുട്ടയിട്ട കള്ളിക്കുയിലിന്റെ കഥ കേട്ടിട്ടുണ്ടോ?? “
വീണ്ടും ചിരി…
“അല്ലെങ്കിൽ കിണ്ണം കട്ട കള്ളന്റെ കഥ കേട്ടിട്ടുണ്ടാകും… ഇല്ലേ??”
ഒന്ന് നിർത്തിയ ശേഷം അയാൾ വീണ്ടും തുടർന്നു..
“ഇനി മുതൽ എന്തായാലും യക്ഷി ഒളിച്ചു കയറി കഷ്ടപ്പെടണ്ട.. ഞാൻ ഇവിടുന്നു പുറത്തേയ്ക്ക് വിട്ടാലല്ലേ ഉള്ളിലേയ്ക്ക് കയറേണ്ട കാര്യമുള്ളൂ??
നമുക്കിവിടെയങ്ങു കൂടാന്നെ… എന്തേ?? “
പറയാൻ ശ്രമിച്ച വാക്കുകളെല്ലാം നില തെറ്റി തൊണ്ടക്കയത്തിലേയ്ക്കമരുന്നത് പോലെ തോന്നി അവൾക്ക്….
അയാൾ വാതിൽക്കൽ നിന്നും നടന്നു അരികിലുള്ള കസേരയിലിരുന്നു…
“ഇരിയ്ക്ക്…”
നേരെ മുൻപിലുള്ള കസേരയിലേക്ക് വിരൽ ചൂണ്ടിയുള്ള ആജ്ഞാസ്വരം!!
എതിർത്തു പറയാൻ മിനക്കെടാതെ സാക്ഷ അയാളുടെ വിരൽത്തുമ്പു ലക്ഷ്യം വച്ചിടത്തേയ്ക്ക് നീങ്ങി..
ഫോണും ചുരുട്ടിപ്പിടിച്ച തല കുനിച്ചിരിയ്ക്കുന്ന സാക്ഷയെ കണ്ണിമ വെട്ടാതെ അൽപ നേരം നോക്കിയ ശേഷം അയാൾ വീണ്ടും വാക്കുകൾക്ക് തിരി തെളിച്ചു..
“ഇന്നെന്താ എഴുത്തൊന്നും ഇല്ലേ?? കയ്യിലൊന്നും കണ്ടില്ല??”
“അത്… പിന്നെ…”
“എന്താടോ ഇന്നലെ മെസ്സേജ് അയച്ചപ്പോഴുള്ള ഉത്സാഹമൊന്നും കാണാനില്ലല്ലോ??”
ചുണ്ടിലെ പുഞ്ചിരിയെ അടർത്തി മാറ്റാതെ തന്നെ തൊട്ടരികിലുള്ള ടേബിൾ ഫാൻ അയാൾ എനിയ്ക്ക് നേരെ തിരിച്ചു വച്ചു…
കൂട്ടുകാരുടെ കൂടെ കൂടി നാട്ടിലുള്ള സകല ചവറു പരുപാടിയ്ക്കും കീ കൊടുത്തു കൊഴുപ്പിയ്ക്കുന്ന താൻ തന്നെയാണോ ഇതെന്ന് അവൾക്കത്ഭുതം തോന്നി…
മിഥ്യാഭിമാനം!!
യഥാർത്ഥ കാരണം അതാണ്..
ഗന്ധർവ്വനു മുൻപിലെത്തുമ്പോൾ മാത്രം സ്വയം രൂപാന്തരപ്പെടുന്നൊരു പരിണാമ ഭാവമുണ്ട് തനിയ്ക്ക്!!
സ്വയമറിയാതെ വന്നു ചേരുന്നൊരു പൊയ്‌മുഖത്തിന്റെ വിലങ്ങ്!!
ആരെങ്കിലും മുഖം കനപ്പിച്ചു നോക്കിയാൽ കലി കെട്ടടങ്ങുന്നത് വരെ ചീത്ത വിളിയ്ക്കുന്ന വഴക്കാളി സച്ചുവിൽ നിന്ന് അടക്കവും ഒതുക്കവുമുള്ള നാട്ടിൻ പുറത്തുകാരി പെൺകുട്ടിയിലേയ്ക്കൊരു ഭാവമാറ്റം!!
“ഹലോ… താനിതെങ്ങോട്ടാ ഇടയ്ക്കിടെ പോവുന്നെ?? “
ഗന്ധർവ്വന്റെ ശബ്ദം ചിന്തകളുടെ വേലിയേറ്റത്തെ തടുത്തു മാറ്റി..
“ഇരിയ്ക്ക്… ഞാനിപ്പോ വരാം…”
അയാൾ അടുക്കളയിലേക്ക് നടന്നു…
ചില്ലുഗ്ലാസും സ്പൂണും തമ്മിലുള്ള സംഗമ സ്വരം ശ്രവിച്ചു കൊണ്ട് സാക്ഷ പതിവില്ലാത്തൊരു തരം നിർവികാരതയെ കൂട്ട് പിടിച്ചു…
അൽപ സമയത്തിനുള്ളിൽ കയ്യിലൊരു ഗ്ലാസുമായി ഗന്ധർവ്വനെത്തി…
“കുടിയ്ക്ക്… നല്ല ദാഹമുണ്ടാവും…”
സത്യത്തിൽ ഒരു ഗ്ലാസ്സ് വെള്ളം കിട്ടിയെങ്കിലെന്നു കുറച്ചു മുൻപ് വിചാരിച്ചതാണ്…
ആർത്തിയോടെ ഒരു കവിൾ അകത്താക്കിയ ശേഷമാണ് കരിഞ്ഞു പുകഞ്ഞ ചില ചിന്തകൾ മനസ്സിലേയ്ക്കെത്തിയത്…
ചില സിനിമകളിലും മറ്റും കണ്ടിട്ടുണ്ട് അങ്ങനെയുള്ള രംഗങ്ങൾ.. മോഹം തോന്നിയ പെൺകുട്ടിയെ ജൂസിൽ മയക്കുമരുന്ന് നൽകി അർദ്ധ ബോധാവസ്ഥയിലാക്കുന്ന വില്ലൻ… അതിനുശേഷം… ഈശ്വരാ…!!
ഇയാൾ വില്ലനോ അതോ നായകനോ??
യാതൊരു മുൻപരിചയവുമില്ലാത്തൊരാൾ!!
ആരാണെന്നു കരുതിയാണ് താൻ അകത്തു കയറിയത്??
ദൈവമേ.. അറിയുന്നവരെല്ലാം തന്നെ മാത്രമേ കുറ്റപ്പെടുത്തൂ..
എന്ത് ധൈര്യത്തിലാണ് താനിത് കുടിച്ചത്??
ഇയാൾ ചിലപ്പോൾ വല്ല സെക്സ് മാഫിയ സംഘത്തിന്റെ തലവനോ മറ്റോ ആണെങ്കിൽ??
കൂട്ടത്തിലുള്ള ആർക്കെങ്കിലും മെസ്സേജ് അയയ്ക്കാമെന്നോർത്തു ദൃതിയിൽ ഫോണെടുത്തു…
ചാർജ് തീർന്നെപ്പോഴോ ഉറക്കമായ ഫോൺ സർവ്വ പ്രതീക്ഷകളെയും മണ്ണിട്ട് മൂടി..
അയാളുടെ ചിരിയിലോ നോട്ടത്തിലോ എന്തെങ്കിലും പിശക് കാണുന്നുണ്ടോ എന്ന സംശയം നിരർഥകമാണെന്നു തോന്നി…
എങ്കിലും!!
ഇനി ഒരുപക്ഷെ ശരിയ്ക്കുമുള്ള ഗന്ധർവ്വനാണെങ്കിലോ?? മുത്തശ്ശിക്കഥകളിൽ മാത്രം കേട്ടിട്ടുള്ള സുന്ദരിമാരായ കന്യകമാരെ പാട്ടിലാക്കുന്ന ഗന്ധർവ്വൻ!!
അതാവില്ല!!
സാധ്യത കൂടുതൽ ആദ്യത്തേതിനാവണം…
തല കറങ്ങുന്നുണ്ടോ??
ഉണ്ട്!! മയക്കുമരുന്ന് ചേർത്ത ജൂസ് തന്നെയാണ്… ബോധം പോവുന്നതിനു മുൻപ് വീട്ടിലെത്തണം!!
രണ്ടും കൽപ്പിച്ചു കാലു പിടിയ്ക്കാൻ തന്നെ മനസ്സിലുറച്ചു…
“എന്റെ പൊന്നു ചേട്ടായി… എനിയ്ക്കൊരു അബദ്ധം പറ്റിയതാ… സത്യായിട്ടും ഇന്നലെ ഞാൻ കത്ത് വയ്ക്കാൻ കയറിയതാ.. അപ്പോഴാ ചേട്ടൻ ഇങ്ങോട്ട് കയറി വരുന്നത് കണ്ടത്… എന്താ ചെയ്യണ്ടേ ന്ന് അറിയാത്തോണ്ടു അടുക്കളയിലോട്ടു ഓടിക്കയറിയതാ… പൂട്ടി പോവുംന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
പിന്നെ പുറത്തിറങ്ങാൻ ഞാൻ നോക്കീട്ട് വേറെ ഒരു വഴിയും കണ്ടില്ല… അതോണ്ടാ അങ്ങനൊക്കെ ചെയ്യേണ്ടി വന്നത്..
അതിനു ഞാൻ എത്ര സോറി വേണമെങ്കിലും പറയാം…
ഇപ്പോ എന്നെ പോകാൻ വിട്ടാൽ പിന്നെ പട്ടി ഓടിച്ചാൽ പോയാലും ഞാനിങ്ങോട്ട് കേറില്ല… സത്യായിട്ടും… കാവിലെ ദേവി ആണേ… ചേട്ടന്റെ തല ആണേ സത്യം…”
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു തീർത്തു… എങ്ങനെയെങ്കിലും ഒന്ന് പുറത്തു കടന്നാൽ മതി എന്നായിരുന്നു…
പറഞ്ഞവസാനിപ്പിച്ചു നാവെടുത്തതും ഗന്ധർവന്റെ പൊട്ടിച്ചിരി മുറിയിൽ മുഴങ്ങി…
അതും കൂടെ ആയപ്പോൾ സകല ധൈര്യവും ചോർന്നു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ…
കുരുത്തക്കേട് കൂടുമ്പോൾ അച്ഛൻ ഇറയത്തു വച്ച ചൂരലെടുക്കാറുണ്ട് ചിലപ്പോഴൊക്കെ…
ഒരിയ്ക്കൽ അതിന്റെ വേദന അറിഞ്ഞതുകൊണ്ടു തന്നെ വീണ്ടുമത് ചിന്തിയ്ക്കാൻ പോലുമുള്ള മനക്കരുത്തു കിട്ടാറില്ല…
ചൂരലെടുക്കാൻ കൈ ഉയരുമ്പോൾ തന്നെ പ്രയോഗിയ്ക്കാറുള്ള അവസാന മുറ രണ്ടും കല്പിച്ചങ്ങു പ്രയോഗിച്ചു…
അലറിക്കരച്ചിൽ….
ഗന്ധർവന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു..
കരച്ചിലിന്റെ കൂട്ടത്തിൽ പണ്ടെങ്ങോ കേട്ട് മരന്നൊരു സിനിമാ ഡയലോഗും…
“എന്നെ ഒന്നും ചെയ്യല്ലേ ചേട്ടായി… എന്റച്ഛനു ഞാൻ മാത്രേ ഉള്ളൂ….”
സമാധാനിപ്പിയ്ക്കാനെന്നോണം ഗന്ധർവ്വൻ പറഞ്ഞതെല്ലാം കരച്ചിൽ ശബ്ദത്തിൽ നേർത്തു പോയി…
രംഗം വഷളാവുന്നുണ്ടെന്നു കണ്ടതുകൊണ്ടാവണം അയാൾ വേഗത്തിൽ ചെന്ന് കതക് തുറന്നത്…
ഒട്ടും സമയം കളയാതെ ഫോണും മുറുകെ പിടിച്ചു ഓട്ടമായിരുന്നു…
വീടെത്തുന്നത് വരെ ഒരു മനസ്സമാധാനവുമില്ലായിരുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…
ഓടിച്ചെന്നു കിടക്കയിലമർന്നു…
ഇനിയിപ്പോ ബോധം കെട്ടാലെന്ത്!! കെട്ടില്ലെങ്കിലെന്ത്!!
സമയം കടന്നു പോയി…
മയക്കം പോയിട്ട് നേരിയ ക്ഷീണം പോലും തോന്നിയതേയില്ലെന്നതാണ് സത്യം…
കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ചോർത്തപ്പോൾ തെല്ലു ജാള്യത തോന്നി…
ഗന്ധർവ്വൻ എന്ത് കരുതിക്കാണും??
എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്???
ഒരു കാര്യം മാത്രം വ്യക്തമായി മനസ്സിലായി…
തനിയ്ക്കുണ്ടെന്നു സ്വയം അവകാശപ്പെട്ട് അഹങ്കരിച്ചിരുന്ന അപാര ധൈര്യം!! അത് തന്റെ കൂട്ടുകാരുടെ പിൻബലത്തിൽ മാത്രം കൂട്ടുണ്ടാവുന്ന ഒന്നാണ്…
അവസരങ്ങളാണ് ഓരോ തിരിച്ചറിവുകളെയും പ്രധാനം ചെയ്യുന്നത്!!
എന്നിരുന്നാലും ഇത്തവണയും ഗന്ധർവ്വൻ തോൽവി സമ്മതിച്ചു…
അയാളെക്കുറിച്ചു എത്രയൊക്കെ മോശമായി ചിന്തിച്ചു കൂട്ടിയാലും ഓർക്കുമ്പോൾ ആ പേര് പോലും ഏതോ വ്യത്യസ്തമായൊരു അനുഭൂതി സമ്മാനിയ്ക്കുന്നുണ്ട്…
അയാളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓർമ്മകൾ ഒരു ചിരിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല എന്നതാണ് സത്യം!!
പക്ഷെ… ഇനിയെന്ത് വന്നാലും അങ്ങോട്ട് പോവില്ല… അയാൾ എത്തരക്കാരനായാലും ശരി… ആ കൂട്ടിനി വേണ്ട!!
അബദ്ധത്തിന്റെ ഭാണ്ഡക്കെട്ടുകൾ ഒന്നിന് മീതെ ഒന്നായി ചുമക്കാൻ വയ്യ!!
@@@@@@@@@@@@@@@@
വൈകുന്നേരം വയനശാലയിലേയ്ക്ക് ചെന്നു.. വായിച്ചു തീർന്ന പുസ്തകം മാറ്റിയെടുക്കണം…
വിശാലമായ അകത്തളത്തിലെ സാഹിത്യ ബുക്കുകളുടെ ഷെൽഫുകൾ പരിശോധിയ്ക്കുന്നതിനിടയിലാണ് പരിചയമുള്ള ശബ്ദം തേടിയെത്തിയത്…
“സച്ചൂ…”
ഹരിയാണ്…
“നീയെന്താടാ ഇവിടെ?? “
“അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ??”
“വരാറില്ലല്ലോ…”
തിരഞ്ഞെടുത്ത പുസ്തകം റെജിസ്റ്ററിൽ പകർത്തി പുറത്തേക്കിറങ്ങി…
“നീയെന്താ ഇവിടെ?? അത് പറഞ്ഞില്ലല്ലോ… എന്തായാലും ബുക്ക് എടുക്കാൻ നീ വരില്ല അതെനിയ്ക്കുറപ്പാ…”
“ഞാൻ നിന്നെക്കാണാൻ തന്നെ വന്നതാ.. വീട്ടിലേയ്ക്കുള്ള വരവിന് വിലക്കല്ലേ…”
“അതിപ്പോ എന്താ എന്നെ കാണാനൊരു പൂതി??”
“ഒന്നൂല്ലടി.. നീ ഇന്നലെ വന്നില്ലല്ലോ.. അതോണ്ട് വെറുതെ..”
ഇതുവരെ കാണാത്തൊരു ഭാവം അവന്റെ മുഖത്തു നിഴലിട്ടിരുന്നോ??
“സച്ചു… ഞാൻ കുറെ നാളായി നിന്നോട് പറയണമെന്നു വിചാരിയ്ക്കുന്നു…”
“എന്താടാ??”
“പറഞ്ഞാൽ നീയതെങ്ങനെ എടുക്കുമെന്നറിയില്ല… പക്ഷെ ഇനിയും പറയാതിരിയ്ക്കുന്നത് ശരിയല്ലെന്നൊരു തോന്നൽ…
അജുവും പറഞ്ഞു നിന്നോട് പറയാൻ…നിനക്ക് ഇഷ്ടക്കേടുണ്ടാവില്ലെന്നറിയാം.. എങ്കിലും ഉള്ളിലിങ്ങനെ കൊണ്ട് നടക്കുന്നതിന്റെ ഒരു ടെൻഷൻ !!”
“എന്താ ഹരി??”
“സച്ചു… എനിയ്ക്ക് … എനിയ്ക്ക് ഇഷ്ടാ നിന്നെ.. ഞാൻ ഒരുപാട് ആലോചിച്ചു… നമ്മുടെ ക്ലാസ് കഴിയാൻ ഇനി കുറച്ചു മാസങ്ങൾ കൂടിയല്ലേ ഉള്ളു?? ഇപ്പൊ പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ ഒരിയ്ക്കലും പറയാൻ കഴിഞ്ഞില്ലെങ്കിലോ…
ഇപ്പൊ നീയൊന്നും പറയണ്ട… തിങ്കളാഴ്ച രാവിലെ ഞാൻ നമ്മുടെ വാകച്ചുവട്ടിലുണ്ടാവും നിന്റെ മറുപടിയും കാത്ത്… അതൊരു നോ ആവില്ലെന്ന് എനിയ്ക്കുറപ്പുണ്ട്… എങ്കിലും നിന്റെ നാവിന്ന് കേൾക്കാൻ ഞാൻ കാത്തിരിയ്ക്കും..”
ഹരി നടന്നു മറഞ്ഞിട്ടും സച്ചുവിന് വാക്കുകളേല്പിച്ച ഞെട്ടലിൽ നിന്നും മുക്തി നേടാനായിരുന്നില്ല…
ഹരിയെക്കുറിച്ചു സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല ഇങ്ങനൊരു കാര്യം!!
എത്ര എളുപ്പത്തിലാണ് അവനീ കാര്യം അവതരിപ്പിച്ചത്??
അജുവും ഇതിനു കൂട്ട് നിന്നെന്നോ?? വിശ്വസിയ്ക്കാൻ കഴിയുന്നില്ല!!
അഗാധമായ ആശയക്കുഴപ്പത്തിലകപ്പെട്ടു പോയിരുന്നു!!
ഹരിയെ വേദനിപ്പിയ്ക്കാത്ത രീതിയിൽ എങ്ങനെ ഇത് പറയുമെന്നോർത്ത് ഭ്രാന്ത് പിടിച്ചു…
പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം വരുന്നത് നീല മഷിയിലുള്ള സാഹിത്യ വരികളാണ്!!
അതിനെ മറി കടന്നു മറ്റൊരു ലോകം ചിന്തിയ്ക്കാൻ പോലും ആശക്തമാവുന്നൊരു ഗതികേട്!!
സാഹചര്യങ്ങളർപ്പിച്ച വേദനയിലും ആശയക്കുഴപ്പത്തിലും ജഡജീർണമായൊരു ഞായറാഴ്ചയും കടന്നു പോയി…
ഹരിയോട് എങ്ങനെ പറയുമെന്ന ചിന്തയായിരുന്നു മനസ്സ് നിറയെ…
പ്രതീക്ഷിച്ച പോലെ വാകച്ചുവട്ടിൽ അവൻ കാത്തിരിയ്ക്കുന്നുണ്ട്…
“ഹരി…”
ശബ്ദമിടറാതിരിയ്ക്കാൻ പാടുപെട്ടു..
“സോറി ഹരി… എനിയ്ക്ക് പറ്റില്ല നിന്നെ അങ്ങനെ കാണാൻ.. എന്നോട് ക്ഷമിയ്ക്ക്…”
“സച്ചു.. അപ്പൊ നിനെക്കെന്നെ ഇഷ്ടമല്ലേ??”
അവന്റെ മുഖത്തു നിന്നും നേരത്തെ കണ്ട സന്തോഷം പൂർണമായും പടിയകന്നു…
“ഇഷ്ടമാണ് ഹരി.. പക്ഷെ അത് അങ്ങനൊരു ഇഷ്ടമല്ല… അതൊന്നും ശരിയാവില്ലടാ.. വേണ്ട..”
“സച്ചൂ…”
“ഈ സംസാരം നമുക്കിവിടെ അവസാനിപ്പിയ്ക്കാം.. നീയെന്നോട് ഒന്നും പറഞ്ഞിട്ടില്ല.. നമ്മൾ പഴയ പോലെ ഇവിടെ അടിച്ചു പൊളിച്ചു നടക്കാം… അതല്ലേ നല്ലത്.”
മറുപടി പറയാതെ അവൻ അരികിലുള്ള സിമന്റ് ബഞ്ചിലിരുന്നു..
“പ്ലീസ് ഹരി… എന്നെ ഒന്ന് മനസ്സിലാക്ക്… പ്ലീസ്..”
പറഞ്ഞു നാവെടുക്കുന്നതിനു മുൻപേ ഹരി സിമന്റ് ബെഞ്ചിൽ നിന്നും പിടഞ്ഞു താഴെ വീണു കഴിഞ്ഞിരുന്നു…
നോക്കി നിക്കവേ അവന്റെ വായിൽ നിന്നും നുരയും പതയും വന്നു തുടങ്ങി..
എന്ത് ചെയ്യണമെന്നറിയാതെ സച്ചു അമ്പരന്നു…
ഓടിച്ചെന്നു അവനെ വിളിച്ചുവെങ്കിലും പ്രതികരണമില്ലാതെ പിടഞ്ഞുകൊണ്ടിരുന്നു..
ഫോണെടുത്തു അജുവിന്റെ നമ്പർ ഡയൽ ചെയ്തു പെട്ടെന്ന് വരാൻ ആവശ്യപ്പെട്ടു…
അതിർത്തി ഭേദിച്ച് കണ്ണുനീർ ധാരയായൊഴുകി…
ഹരിയ്ക്ക് ഇത്തരമൊരു അസുഖം ഉള്ളതായി അവനൊരിയ്ക്കൽ പോലും പറഞ്ഞതായി ഓർമയിലില്ല..
ഇന്നിപ്പോൾ താൻ കാരണം!!!
കരച്ചിലിന്റെ ശബ്ദവും നിയന്ത്രണ പരിധി വിട്ടുയർന്നു…
ബാക്കി നാല് പേരും ഓടിയെത്തി…
കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായെന്നു തോന്നി…
കുറ്റപ്പെടുത്തും വിധത്തിലുള്ള നോട്ടം എനിയ്ക്ക് നേരെ അയച്ചുകൊണ്ടു അവരെല്ലാം ഹരിയെ പിടിച്ചുയർത്തി ബെഞ്ചിൽ കിടത്തി…
അടുത്തേയ്ക്ക് നടക്കാനൊരുങ്ങിയ എന്നെ അജു തടഞ്ഞു..
“നീയിനി ഇവിടെ നിക്കണ്ട… ഇത്രയൊക്കെ ചെയ്തത് പോരെ?? പൊയ്ക്കോ…”
കാതുകളെ വിശ്വസിയ്ക്കനായില്ല!!
അത് ശരി വച്ച് മറ്റുള്ളവരും എന്നെ മനപ്പൂർവ്വം ഒഴിവാക്കി ഹരിയ്ക്ക് നേരെ തിരിഞ്ഞു…
നെഞ്ചിനു മീതെ വലിയൊരു ഭാരം എടുത്തു വച്ചത് പോലെ തോന്നി…
വല്ലാത്തൊരു തളർച്ച കാലുകളെ ബാധിച്ചു..
പതിയെ തൊട്ടപ്പുറത്തുള്ള മരത്തിന്റെ വേരിൽ ചാഞ്ഞിരുന്നു മുഖം പൊത്തി…
അൽപ നേരം കഴിഞ്ഞപ്പോൾ തോളിലൊരു കൈ പതിഞ്ഞു…
“സച്ചു…”
ഹരി!!
മുഖമുയർത്തിയതും കാതടപ്പിയ്ക്കുന്ന ശബ്ദം കേട്ടു.. പല തരത്തിലുള്ള ഗിൽറ്റ് പൊടികൾ ദേഹത്ത് വന്നു വീണു…
സന്തോഷ ജന്മ ദിനം കുട്ടിയ്ക്ക്….
വലിയൊരു കേക്കുമായി ക്ലാസ് മുഴുവൻ മുൻപിൽ നിരന്നു നിൽക്കുന്നതാണ് കണ്ടത്!!
തരിച്ചു നിൽക്കുന്ന എന്നെ നോക്കി അവിടെയൊരു കൂട്ട ചിരി മുഴങ്ങി…
(തുടരും…)
രചന:സ്വാതി കെ എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
ഇത് എല്ലാവർക്കും ഒരു surprise ആയി പോയി💕💕💕💕💕💕💕💕