ഗന്ധർവ്വൻ – ഭാഗം 7

7049 Views

gandharvan novel aksharathalukal

കണ്ണീർ ചാലിട്ടൊഴുകുന്ന കവിൾത്തടങ്ങൾ തുടച്ചുകൊണ്ടു സാക്ഷ അമ്പരപ്പോടെ എഴുന്നേറ്റു…

“പേടിച്ചോ?? പിറന്നാളായോണ്ട് ഞങ്ങള് നിന്നെ ചെറുതായിട്ടൊന്നു പറ്റിച്ചതല്ലെ… അല്ലാതെ നിന്നെയൊക്കെ വിവരമുള്ള ആരെങ്കിലും പ്രേമിയ്ക്കോ??”

അജു പൊട്ടിച്ചിരിച്ചു..

“നിന്നെ ദേഹോപദ്രവം ചെയ്യാൻ ക്ലാസിലാർക്കും താത്പര്യമില്ലാത്തതുകൊണ്ടു ചെറിയൊരു പണി തരാന്നു വച്ചതല്ലേ??

നീ പൊട്ടത്തി ആയതോണ്ടു ഇതൊക്കെ വിശ്വസിച്ചു… വേറെ വല്ലവരും ആയിരുന്നെങ്കിൽ ഹരിയെയും അവന്റെ സ്നോ സ്‌പ്രേയും കയ്യോടെ പൊക്കിയേനെ…”

ജോയലും അജുവിന്റെ ചിരിയിൽ പങ്കു ചേർന്നു…

“എടീ.. ഇത് നിനക്ക് മാത്രമുള്ള സ്‌പെഷൽ ഓഫറാട്ടോ… ഈ കൂട്ടത്തിൽ വേറെ ആരുടെ പിറന്നാളാണെങ്കിലും ഇപ്പൊ പല്ലും മുടിയും മാത്രേ ബാക്കി കിട്ടുള്ളൂ…”

എന്തോ വലിയ ഔദാര്യം ചെയ്തു തന്നത് പോലെ ജിത്തു ഞെളിഞ്ഞു നിന്നു..

ഒന്നും മിണ്ടാതെ അത്രയും നേരം രംഗം വീക്ഷിച്ചു നിന്ന ഹരി മാത്രം പതിയെ ചേർത്ത് പിടിച്ചു..

“സങ്കടായോ??”

പാടുപെട്ടു അടക്കിവച്ച സങ്കടത്തെ അവന്റെ ചോദ്യം പിടിച്ചു വലിച്ചു പുറത്തേയ്ക്ക് കൊണ്ട് വന്നു…

“സാരല്ല പോട്ടെ…”

ഹരിയുടെ തോളിൽ മുഖം പൂഴ്ത്തി സച്ചു എങ്ങലടിച്ചു…

“അയ്യേ… എന്താടി ഇത്?? ഞങ്ങളൊരു തമാശയ്ക്ക് ചെയ്തതല്ലേ?? അല്ലാതെ ഞങ്ങടെ സച്ചൂനെ മറ്റൊരു രീതിയിൽ കാണാൻ ഞങ്ങൾക്ക് ആർക്കെങ്കിലും കഴിയോ??”

ഹരിയുടെ വാക്കുകളോരോന്നും അവളെ കൂടുതൽ നൊമ്പരപ്പെടുത്തിയതെയുള്ളു…

“പിന്നല്ലാതെ.. നീ നമ്മടെ ക്ലാസിന്റെ ഞരമ്പല്ലേ?? ഞങ്ങടെ ഞരമ്പ് സച്ചു…”

വിപിന്റെ കമന്ററി കേട്ട് സച്ചു ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി അവന്റെ മുതുകിനിട്ടൊരു ഇടി വച്ച് കൊടുത്തു…

“പോടാ…”

“ഞരമ്പല്ലടാ… കിഡ്‌നി… അവള് നമ്മടെ കിഡ്നി ആണ്”

“എങ്കിൽ കിഡ്നി വന്നിട്ട് ഈ കേക്കൊന്നു മുറിച്ചാട്ടെ…”

ഡാനി ചിരിച്ചുകൊണ്ട് ചെറിയൊരു പ്ലാസ്റ്റിക് കത്തി കയ്യിൽ തന്നു…

പിറന്നാൾ ഗാനം വാകമരത്തെയും കടന്നു അന്തരീക്ഷത്തിൽ പടർന്നു…

“ഞങ്ങടെ പെങ്ങളൂട്ടിയ്ക്ക്” എന്ന് വലുതാക്കി എഴുതിയ കേക്ക് മുറിയ്ക്കുമ്പോൾ കാഴ്ചയെത്തുന്ന പലയിടത്തു നിന്നും അസൂയ പൂണ്ട പെൺദൃഷ്ടികൾ തേടിയെത്തിയിരുന്നു..

സന്തോഷംകൊണ്ടു വീണ്ടും കണ്ണ് നിറഞ്ഞു… എല്ലാർക്കും കേക്ക് പകുത്തു നൽകി കിട്ടിയ സമ്മാനങ്ങളെല്ലാം അടക്കിപ്പിടിച്ച ആദ്യത്തെ ഹവർ തുടങ്ങുന്നതിനു മുൻപേ ക്ലാസിലെത്തി…

സ്റ്റാഫ് റൂമിലെ അധ്യാപകർക്കെല്ലാം എന്നെയും കൂട്ടിക്കൊണ്ട് ചെന്ന് കേക്ക് കഷ്ണങ്ങൾ നൽകാനും അവമ്മാര് മറന്നില്ല…

മുൻപൊരിയ്ക്കൽ പോലും ഇത്രയും സന്തോഷം തോന്നിയൊരു നിമിഷം തന്റെ ജീവിതത്തിലുണ്ടായിട്ടേയില്ല!!

വിശപ്പോ ദാഹമോ തരിമ്പു പോലുമില്ലാത്ത… സന്തോഷം മാത്രമുള്ള മറ്റേതോ ലോകത്തിൽ സ്വയം അകപ്പെട്ടു പോയത് പോലെ തോന്നി…

സ്നേഹിയ്ക്കാൻ മാത്രമറിയാവുന്ന കൂട്ടുകാരെ.. അല്ല!!കൂടപ്പിറപ്പുകളെ തന്ന ദൈവത്തോട് മനസ്സുകൊണ്ട് ഒരായിരം നന്ദി പറഞ്ഞു കഴിഞ്ഞിരുന്നു…

എല്ലാർക്കുമുള്ള ട്രീറ്റ് നാളെത്തരാമെന്നു വാഗ്ദാനം നൽകി വീട്ടിലേക്കോടി..

പണ്ടെന്നോ പഠിച്ചു മറന്ന നൃത്തച്ചുവടുകൾ ചുണ്ടിലെ മൂളിപ്പാട്ടിനു കൂട്ട് ചേർന്നിരുന്നു…

“ആഹാ വന്നോ?? കഴിഞ്ഞോ സെലിബ്രേഷൻ??”

അച്ഛനാണ്…

അച്ഛനിതെങ്ങിനെ അറിഞ്ഞെന്നു അത്ഭുതപ്പെട്ടു…

“മെനിഞ്ഞാന്ന് രാവിലെ തുടങ്ങീട്ടുണ്ട് നിന്റെ കൂട്ടുകാര് വിളിയ്ക്കാൻ… പിറന്നാളിന്റെ കാര്യം ഓർമിപ്പിയ്ക്കല്ലേ അച്ഛാ സർപ്രൈസ് സെലിബ്രേഷൻ ആണെന്ന് പറഞ്ഞിട്ട്… എങ്കിൽപ്പിന്നെ അത് ആദ്യം നടക്കട്ടെന്നു ഞാനും വിചാരിച്ചു…”

സത്യം പറഞ്ഞാൽ അച്ഛൻ മറന്നു പോയെന്ന് കരുതിയതാണ്…

അമ്മായിയും അച്ഛനും കൂടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി ആ രാത്രിയെ മനോഹരമാക്കി…

ഏറ്റവും ഇഷ്ടപ്പെട്ട നിറത്തിലുള്ള ചുരിദാർ അമ്മായി സമ്മാനമായി തന്നപ്പോൾ മനു കൊടുത്തു വിട്ടതാണെന്നുറപ്പുണ്ടായിട്ടും ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു…

ഒരിയ്ക്കലും മറക്കാനാവാത്ത മനോഹരമായൊരു പിറന്നാൾ ദിനം!!

ഇളം നീല മഷിയുള്ള പ്രണയ ലേഖനങ്ങളെ അന്നത്തെ ദിവസം താൽക്കാലിക വിസ്‌മൃതിയിലർപ്പിച്ചു….

കഴിഞ്ഞ കാര്യങ്ങളെല്ലാമയവിറക്കി കിടന്നെപ്പോഴോ ഉറക്കം പിടിച്ചു…

പുലരിയുടെ നേർത്ത സ്പർശം ഇമയിണകളെ തഴുകിയപ്പോഴാണ് ഉറക്കം വിട്ടുണർന്നത്..

വീടിനപ്പുറത്തുള്ള ചെറിയ കാവമ്പലത്തിലേയ്ക്ക് കുളിച്ചൊരുങ്ങിയിറങ്ങി…

ചേച്ചിയുള്ളപ്പോൾ ഇടയ്ക്കിടെ പോവാറുള്ളതാണ്… ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും!! പഴകിയതെന്നു തോന്നി ഉപേക്ഷിച്ചു കളഞ്ഞ ശീലങ്ങളൊക്കെ വീണ്ടും പൊടി തട്ടിയെടുക്കണം…

മനസ്സുകൊണ്ടല്ലെങ്കിലും സ്വയ ചെയ്തികളിലൂടെ പഴയ സച്ചുവാകാനുള്ള പാഴ്ശ്രമം!!

പ്രത്യേക ദിവസങ്ങളിൽ മാത്രം പൂജയുണ്ടാവാറുള്ള പഴക്കം ചെന്ന ചെറിയൊരമ്പലം…

പുലർച്ചയ്‌ക്കെപ്പോഴോ വിളക്ക് വെച്ച് ശാന്തി പോയിക്കഴിഞ്ഞാൽ പിന്നീട് ആരെങ്കിലുമൊക്കെ വന്നു തൊഴുതു പോവും… പൊതുവെ ആള് കുറവായിരിയ്ക്കാറാണ് പതിവ്..

പോകുന്ന വഴിയിൽ പൂത്തു നിൽക്കുന്ന ചെമ്പകമരമാണ്… മുമ്പിവിടെ വന്നു മടങ്ങുമ്പോഴെല്ലാം പാതിയിടിഞ്ഞ കുളപ്പടവുകളിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന കൊമ്പുകളിലെ ചെമ്പകപ്പൂക്കൾ ശേഖരിയ്ക്കാറുണ്ടായിരുന്നു…

ഓരോന്നോർത്തു അമ്പലമുറ്റത്തെത്തിയതറിഞ്ഞതേ യില്ല…

മൂന്നു ഭാഗവും ചെറിയ കാടാണ്.. ഒത്ത നടുവിലാണ് ക്ഷേത്രം… ദേവീ പ്രതിഷ്ഠയെ അടച്ചിട്ട ക്ഷേത്ര നടയുടെ മുൻപിൽ നിന്നും തൊഴുതു പ്രാർത്ഥിച്ചു പുറത്തിറങ്ങാം…

ജാതിമത ഭേദമന്യേ എല്ലാവർക്കും പ്രവേശിയ്ക്കാം എന്നതാണ് മറ്റൊരു പ്രത്യേകത…

പക്ഷെ നടയുടെ മുൻപിൽ തൊഴുതു നിൽക്കുന്നയാളെ ദൂരെ നിന്ന് കണ്ടപ്പോൾ അത് ഗന്ധർവ്വനാവുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല..

നെഞ്ചിടിപ്പ് ക്രമാതീതമായുയർന്നു!!

ദേവിയോട് പറയാൻ സ്വരുക്കൂട്ടി വച്ചതെല്ലാം നിമിഷങ്ങൾക്കുള്ളിൽ മറവിയ്ക്ക് കീഴടങ്ങി….

ദൃഷ്ടി മുനകൾ അനുസരണക്കേടോടെ അയാളിൽത്തന്നെ പറ്റിച്ചേർന്നു കിടന്നു…

നേർമ കസവുള്ള മുണ്ടും നില ഷർട്ടുമാണ് വേഷം… മുൻവശത്തേയ്ക്ക് വീണു കിടന്നിരുന്ന ചെറിയ മുടിച്ചുരുകൾ കാറ്റിനെതിർവശത്തേയ്ക്ക് പതിയെ ചലിയ്ക്കുന്നുണ്ടായിരുന്നു…

പാടുപെട്ടു നോട്ടം പറിച്ചെടുത്തു.. സമനില വീണ്ടെടുത്ത് പ്രദക്ഷിണം ചെയ്തു തിരിച്ചു വന്നപ്പോൾ ഗന്ധർവ്വൻ നിന്നിടം ശൂന്യം…

തെല്ലു നിരാശയോടെ അരികിലെ ചെറിയ പാത്രത്തിൽ കണ്ട ചന്ദനം നെറ്റിയിൽ ചാർത്തി പുറത്തേക്കിറങ്ങി…

തൊട്ടപ്പുറത്തുള്ള അമ്പലക്കുളത്തിനരികിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഗന്ധർവ്വനെ കണ്ടപ്പോൾ വന്നു മൂടിയ നിരാശ അതിവേഗം പേരറിയാത്തൊരാനന്ദത്തിനു വഴി മാറി!!

അരികിലെത്തിയപ്പോൾ കൈക്കുമ്പിളിലെ ചെമ്പകപ്പൂക്കൾ അയാളെനിയ്ക്ക് കൈമാറി…

നഷ്ടപ്പെട്ടുപോയ ദിവസങ്ങളിലേതോ ഒന്ന് വീണ്ടും പുനർജ്ജനിച്ചതുപോലെ തോന്നി…

“യക്ഷിയ്‌ക്കെന്താടോ അമ്പലത്തിൽ കാര്യം??”

അന്ന് കണ്ടതിനേക്കാൾ മനോഹരമായ പുഞ്ചിരി അയാളുടെ മുഖത്തു ദൃശ്യമായിരുന്നു…

“ദേവി നമ്മടെ പഴയ കമ്പനിക്കാരിയാ.. ചുമ്മാ പരിചയം പുതുക്കാമെന്നു കരുതി…”

ചിരിച്ചുകൊണ്ട് തന്നെ മറുപടി നൽകി…

“അപ്പൊ സ്വഭാവം മാത്രമല്ല… നാവിന്റെ ബ്രേക്കും നമ്മടെ കയ്യിലല്ല അല്ലെ??”

ഗന്ധർവ്വൻ നടത്തത്തിനൊപ്പം ചേർന്നു…

“പിന്നെ അങ്ങോട്ട് കണ്ടില്ലല്ലോ..??”

കയ്യിൽ കരുതിയ ഒറ്റ ചെമ്പകത്തിന്റെ ഇതളുകൾ വെറുതെ വേർപ്പെടുത്തിക്കൊണ്ടു അയാൾ ആരാഞ്ഞു..

ചൂടോടെ ഒരു മറുപടി പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല…

“രാവിലെ കുളി കഴിഞ്ഞിറങ്ങുമ്പോൾ  മേശപ്പുറത്തൊരു കത്ത് പ്രതീക്ഷിയ്ക്കാറുണ്ട്…”                       

“തിരിച്ചും” എന്ന് പറയണമെന്നുണ്ടായിരുന്നു സച്ചുവിന്.. എന്തുകൊണ്ടോ മനസ്സനുവദിച്ചില്ല….

“എന്നോട് ദേഷ്യമാണോ??”

വന്നു ചേർന്ന നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്താനെന്നോണം അയാൾ വീണ്ടും ചോദിച്ചു…

“ഏയ്… ഞാനതൊക്കെ തമാശയായിട്ടെ കൂട്ടിയിട്ടുള്ളൂ…”

നിനയ്ക്കാത്ത വാക്കുകളാണ് പുറപ്പെട്ടു വരുന്നത്…

“ഇപ്പൊ എഴുതാറില്ലേ??”

ഇത്തവണ ചോദിച്ചത് സച്ചുവാണ്…

“ഇല്ല…”

“എന്തേ??”

“അറിയില്ലെടോ… മനസ്സ് ഒരിടത്തും നിൽക്കുന്നില്ല… “

ഗന്ധർവ്വൻ കണ്ണുകളെ വിദൂരതയിലെവിടെയോ തറച്ചു…

“എന്തിനാ ഇങ്ങനെയൊരു പേരിൽ എഴുതുന്നത്?? സ്വന്തം പേരിൽ എഴുതിക്കൂടെ?? ഒരുപാട് ആരാധികമാരെ കിട്ടും…”

മറുപടിയായി അയാളിൽ നിന്നും ദീർഘമായ ചിരിയുയർന്നു…

പ്രതീക്ഷിച്ചതും അത് തന്നെയായിരുന്നല്ലോ…

“ഈ പേരിനൊരു കൗതുകമില്ലേ?? മറഞ്ഞിരിയ്ക്കുന്നൊരാളെ കണ്ടെത്താനുള്ള കൗതുകം… കേട്ട് മറന്ന കഥകളിലെങ്ങോ ഒരിയ്ക്കലെങ്കിലും കണ്ടുമുട്ടിയിരുന്നെങ്കിലെന്നു തോന്നിപ്പോയൊരു കഥാപാത്രമല്ലേ ഗന്ധർവ്വന്റേത്???”

അയാളുടെ വാക്കുകളോടെല്ലാം വല്ലാത്തൊരിഷ്ടം തോന്നിപ്പോയി അവൾക്ക്…

“സച്ചുവും നന്നായിട്ട് എഴുതുന്നുണ്ടല്ലോ… തുടർന്നൂടെ??”

ചോദിയ്ക്കാൻ ആഗ്രഹിച്ചു മറന്നൊരു ചോദ്യം വീണ്ടും അവളുടെ നാവിൻ തുമ്പിലെത്തി…

“എന്റെ പേരെങ്ങനെ അറിയാം??”

“തന്നെ ആർക്കാടോ അറിയാത്തത്?? പിന്നെ, ഇഷ്ടം തോന്നുന്നതെല്ലാം തിരഞ്ഞറിയുന്ന സ്വഭാവമാണെനിയ്ക്കെന്നു കൂട്ടിക്കോളൂ..”

അയാളുടെ നോട്ടം വീണ്ടും സച്ചുവിന്റെ കണ്ണുകളിൽ പതിഞ്ഞു..

“പക്ഷെ അറിഞ്ഞതും കേട്ടതുമായ എല്ലാ കാര്യങ്ങളെയും താൻ അന്ന് പാടെ തൂത്തെറിഞ്ഞു കളഞ്ഞില്ലേ??

വാശിയും വീറും മാത്രം കൈമുതലുള്ള സച്ചുവിനെ പ്രതീക്ഷിച്ച എനിയ്ക്ക് മുൻപിൽ താൻ മറ്റൊരു വേഷം കാഴ്ച വച്ചു..

എന്റെ മുൻധാരണകളെ പൂർണമായും തിരുത്തിയെറിഞ്ഞുകൊണ്ടു തന്നെ..

ചിലപ്പോൾ അതാവും യാഥാർഥ്യം.. അല്ലെ??”

ഗന്ധർവ്വന്റെ ശബ്ദത്തിൽ അപരിചിതമായ മാർദ്ദവം കലർന്നു…

“ജീവിതം പകർന്നു തന്ന അനുഭവങ്ങളിൽ ചിലത് നമ്മളെ വല്ലാതങ്ങു സ്വാധീനിയ്ക്കും…

ചില ഓർമ്മകൾ എനിയ്‌ക്കെന്നെത്തന്നെ സ്വയം നഷ്ടപ്പെടുത്തും വിധത്തിലായിരുന്നു…

ഞാനാകാൻ കഴിയാത്ത വിധം അതിപ്പോഴും വേട്ടയാടവേ നിങ്ങൾ എന്നെക്കുറിച്ചു കേട്ടറിഞ്ഞ പലതും എനിയ്ക്ക് തന്നെ അന്യമാണ്…”

ആയിരം ചോദ്യങ്ങൾ തിങ്ങി നിറഞ്ഞൊരു നോട്ടം അയാളിൽ നിന്നും സച്ചുവിലെത്തി നിന്നു..

“എന്റെ അറിവിലെ ഞാൻ എന്നോ മരിച്ചു മണ്ണടിഞ്ഞതാണ്… ആർക്കൊക്കെയോ വേണ്ടി ജീവിച്ചിരിയ്ക്കുന്ന സ്മാരകം… അത്രയേ ഉള്ളു ഞാനിന്ന്…

പിന്നെ ഇടയ്ക്കിടെ തിരിച്ചു പോവാനൊരു ശ്രമം നടത്തുന്നു… ജീവിച്ചിരിയ്ക്കുന്നു എന്ന് എന്നെത്തന്നെ സ്വയം ബോധിപ്പിയ്ക്കാനായി മാത്രം…”

ഓർമകളിലെ നോവ് അറിയാതെ വാക്കുകളിൽ പുരണ്ടിരുന്നു… സച്ചുവിന് വല്ലായ്മ തോന്നി…

ഗന്ധർവ്വനോട് യാത്ര പോലും പറയാതെ വീട്ടിലേയ്ക്കുള്ള വഴിയേ വേഗത്തിൽ നടന്നു…

നനഞ്ഞൊട്ടിയ കൺപീലികളെ അമർത്തിത്തുടച്ചുകൊണ്ടു വീട്ടിലേയ്ക്ക് കയറുമ്പോൾ എന്തിനാണിതൊക്കെ അയാളോട് പറഞ്ഞതെന്ന് അതിശയിച്ചു…

ഒരുപക്ഷെ ആരോടും പറയാതെ ഉള്ളിലിട്ടു നീറ്റുന്ന നശിച്ച ഭൂതകാലത്തിന്റെ ഓർമ്മകൾ അയാളോടെങ്കിലും തുറന്നു പറയാൻ കഴിഞ്ഞേക്കും…

എവിടെയെങ്കിലും ഒന്നിറക്കി വെച്ചാൽ നേരിയ ആശ്വാസമെങ്കിലും കിട്ടിയെങ്കിലോ??

വേഗത്തിൽ ഒരുങ്ങി ക്ലാസ്സിലേക്ക് ചെന്നു…

അവിടെച്ചെന്നാൽ പുതിയൊരാളാണ്… തന്റെ സങ്കടങ്ങളെക്കുറിച്ചോർക്കാൻ ആരും ഇട തരാറില്ലെന്നതാണ് സത്യം…

ക്ലാസ് കഴിഞ്ഞു പോകുന്ന വഴിയ്ക്ക് കണ്ണുകളെന്തിനോ ഗന്ധർവ്വന്റെ മുറിയ്ക്കരികിലേയ്ക്ക് ചെന്നിരുന്നു..

വാതിൽ തുറന്നു കിടക്കുന്നത് താഴെ നിന്നെ കണ്ടിരുന്നു… എങ്കിലും മുകളിലേയ്ക്ക് കയറാൻ മനസ്സനുവദിച്ചില്ല…

അൽപ നേരം ശങ്കിച്ചു നിന്ന ശേഷം പതിയെ നടത്തം തുടർന്നു..

വീടെത്തും വരെ ഒരു പിൻവിളി പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല..

വൈകുന്നേരം ഒരുപാട് പ്രതീക്ഷയോടെ ലൈബ്രറിയിൽ ചെന്നിരുന്നു… അവിടെയും കണ്ടില്ല..

ഇനി കാണുമ്പോൾ പേര് ചോദിയ്ക്കണം..

തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോഴാണ് ആരോ ഓടി ഒപ്പമെത്തിയത്…

മനു!!

ഉള്ളിൽ പതഞ്ഞു പൊന്തിയ അനിഷ്ടം മുഖത്തു വരുത്താതിരിയ്ക്കാൻ പാടു പെട്ടു…

“ചുരിദാർ ഇഷ്ടായോ??”

ഒത്തിരി പ്രതീക്ഷയോടെയുള്ള ചോദ്യം…

ഒരു നീട്ടി മൂളലിൽ മറുപടിയൊതുക്കി…

“ഒരുപാട് ഷോപ്പുകളിൽ കയറി നോക്കിയിട്ടാ സച്ചുവിന് ഇഷ്ടപ്പെട്ട കളർ കിട്ടിയത്…”

“ഇഷ്ടായെന്നു പറഞ്ഞെന്നു അമ്മ പറയുന്നത് വരെ വല്ലാത്തൊരു  ടെൻഷനായിരുന്നു…”

മറുപടി പറഞ്ഞില്ല…

“ഇതുവരെ ദേഷ്യം മാറിയിട്ടില്ല അല്ലെ??”

ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും അയാൾ വീണ്ടും ചോദിച്ചു..

“ഇന്നാരായിരുന്നു അമ്പലത്തിന്ന് വരുമ്പോ കൂടെ ഒരാള്??”

ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം!!

“അറിയില്ല… ഇവിടെ അടുത്തെവിടെയോ ഉള്ളയാളാ..”

ഉള്ളിലെ പതർച്ച പുറത്തു കാണിയ്ക്കാതെ മറുപടി പറഞ്ഞു..

“അതാ ദാസേട്ടന്റെ വീടിനു മുകളിലെ വാടകക്കാരനല്ലേ?? അധികം നിന്റെ കൂടെ നടന്നാൽ അന്നാ ചെക്കമ്മാർക്കു കൊടുത്തത് പോലെ അവനും കിട്ടുമെന്ന് പറഞ്ഞേക്ക്…”

“മനു ഇതെന്തു ഭാവിച്ചാ??”

ഉള്ളിലെ ദേഷ്യത്തെ ആളിക്കത്തിയ്ക്കുമെന്നു അവനെവിടെയെങ്കിലും പ്രതിജ്ഞയെടുത്തിട്ടുണ്ടോ??

“ഞാനറിയുന്നുണ്ട് നിന്റെ ചുറ്റിക്കളിയൊക്കെ… പക്ഷെ പരിധി വിടരുത്… അതെനിക്കിഷ്ടല്ല.. മനസ്സിലായില്ലേ??”

“നിന്റെ ഇഷ്ടങ്ങൾ അടിച്ചേല്പിയ്ക്കാനുള്ളതല്ല എന്റെ ജീവിതം… എന്റെ കാര്യത്തിൽ ആരും ഇടപെടുന്നത് എനിക്കിഷ്ടല്ല.. പ്രത്യേകിച്ച് നീ… നിന്നോട് സംസാരിയ്ക്കുന്നത് പോലും എനിക്കിഷ്ടല്ല…”

തീർത്തു പറഞ്ഞു…

ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ലെന്ന് വച്ചാൽ!!

“ഇത്രയൊക്കെ കലി തുള്ളാൻ മാത്രം എന്താടി നീയും അവനും തമ്മിലുള്ള ബന്ധം??”

“അതെന്തിനാ നിങ്ങളറിയുന്നത്??”

“എനിയ്ക്കറിയണം?? അവനാരാ നിന്റെ??”

“എങ്കിൽ കേട്ടോ… ഞാനും അയാളും തമ്മിൽ സ്നേഹത്തിലാണ്… അധികം വൈകാതെ വിവാഹവും ചെയ്യും… തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ..”

പറഞ്ഞു തീർത്തു ദേഷ്യത്തിൽ മുന്നോട്ടു നടക്കുമ്പോഴാണ് എതിരെ വരുന്ന ഗന്ധർവ്വനെ കണ്ടത്…

എന്നെ കണ്ടതും ഗന്ധർവ്വൻ ചിരിയോടെ അരികിലേക്കടുത്തു…

പിറകിൽ നിന്നിരുന്ന മനുവിന്റെ മുഖത്തെ ദേഷ്യം ക്രൂരമായ ചിരിയ്ക്ക് കീഴടങ്ങുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി നിന്നു..

(തുടരും…)

രചന:സ്വാതി കെ എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply