ഗന്ധർവ്വൻ – ഭാഗം 8

7144 Views

gandharvan novel aksharathalukal

എന്ത് ചെയ്യണമെന്നറിയാതെ സാക്ഷ നിന്ന് വിയർത്തു..

ഇത്തരമൊരു സാഹചര്യം വന്നു ഭവിയ്ക്കുമെന്നു മനസ്സാ നിരീച്ചതല്ല!!,

“എന്താടോ ലൈബ്രറി ദർശനമൊക്കെ കഴിഞ്ഞോ??”

ഗന്ധർവൻ അരികിലേക്ക് വന്നു കയ്യിലെ നോവൽ അനുവാദം കൂടാതെ വാങ്ങിച്ചു തുറന്നു..

സാക്ഷ അല്പം പിറകിൽ രംഗം വീക്ഷിച്ചു നിൽപ്പുറപ്പിച്ച മനുവിനെ യാചനാഭവത്തിലൊന്നു നോക്കി..

ഗന്ധർവ്വനാവട്ടെ കയ്യിലെ നോവലിനെക്കുറിച്ചുള്ള വർണ്ണനയിൽ മുഴുകി ലയിച്ചു മറ്റേതോ ലോകത്തിലും…

സാക്ഷ നിമിഷങ്ങൾക്കുള്ളിൽത്തന്നെ പരിചയമുള്ള സകല ദൈവങ്ങളുടെയും പാദനമസ്കാരം ചെയ്തു കഴിഞ്ഞിരുന്നു…

“തനിയ്ക്ക് ഇരുട്ടത്ത് പോവാൻ പേടിയില്ലേ??”

ഗന്ധർവ്വന്റെ ചോദ്യം അവളെ ആലോചനയിൽ നിന്നുണർത്തി..

“ഇല്ല…”

“ഓഹ്.. യക്ഷിയാണല്ലോ അല്ലെ..”

ഗന്ധർവ്വൻ നിലാവുതിരും പോലെ പുഞ്ചിരിച്ചു..

“പുറത്തെ ഇരുട്ടിനെക്കാൾ ഇരുട്ട് പിടിച്ച ചില മനുഷ്യരുണ്ട്… അവരുടെ ചെയ്തികളെ മാത്രം പേടിച്ചാൽ മതിയല്ലോ..”

സാക്ഷ മനുവിന് നേരെ വീണ്ടും നോട്ടമെറിഞ്ഞു..

പറഞ്ഞു നാവെടുക്കും മുൻപേ മനു അവർക്കരികിലേയ്ക്ക് നടന്നടുത്തു..

“എന്താഡാ ത്രിസന്ധ്യ നേരത്തു പെമ്പിള്ളേരെ വഴിയിൽ തടഞ്ഞൊരു വച്ചൊരു ശൃങ്കാരം??”

മനു ദേഷ്യത്തോടെ ഗന്ധർവ്വന്റെ കയ്യിൽ നിന്നും നോവൽ പിടിച്ചെടുത്തു സാക്ഷയുടെ കയ്യിലേക്ക് വച്ചു..

“അത് ചോദിയ്ക്കാൻ നമ്മളാരാണാവോ??”

ഗന്ധർവ്വന്റെ ചോദ്യം മനുവിന്റെ ദേഷ്യത്തെ ആളിപ്പടർത്തി..

“ഞാനാരാണെന്നു അറിയിച്ചു തരാൻ തന്നെയാണ് വന്നതെന്നു കൂട്ടിക്കോ..”

” വേണ്ട മനു നമുക്ക് പോവാം..”

സാക്ഷ ദൈന്യതയോടെ മനുവിന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടു..

“നീ നടന്നോ.. ഞാൻ ഇവനെയൊന്നു ശരിയ്ക്ക് കണ്ടിട്ട് വരാം..”

മനുവിന്റെ മുഖത്തു സ്വല്പം പോലും ഭാവഭേദമില്ല!!

“മനു..”

“പോ..”

ഇത്തവണ അതൊരു അലർച്ചയായിരുന്നു…

കാര്യം ഗ്രഹിച്ചിട്ടെന്നോണം ഗന്ധർവ്വൻ എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവത്തിൽ മനുവിനെ നോക്കി നിൽക്കുന്നു..

സാക്ഷ കരച്ചിലിന്റെ വക്കിലെത്തി..

തൊട്ടടുത്ത നിമിഷം എന്ത് വേണമെങ്കിലും സംഭവിയ്ക്കാം!!

ഗന്ധർവ്വൻ ശാന്തമായ ചിരിയോടെ പൊയ്ക്കോളൂ എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൾ നിസ്സഹായതയോടെ മുൻപോട്ടു ചുവടു വച്ചു..

കണ്ണുകൾ വീണ്ടും വീണ്ടും പിറകിലേക്ക് സഞ്ചരിച്ചു…

മനു തന്നെത്തന്നെ നോക്കി നിൽക്കുകയാണ്…

“എങ്ങോട്ടെങ്കിലും പോകുമ്പോൾ ഫോണെടുത്തൂടെ നിനക്ക്??”

ഒട്ടും പ്രതീക്ഷിയ്ക്കാതെ പിറകിൽ ശാസനാ സ്വരം!!

അച്ഛൻ!!

കൈവിട്ടുപോയ ആത്മവിശ്വാസം മുഴുവൻ ഒറ്റയടിയ്ക്ക് തിരിച്ചു വന്നത് പോലെ…

“അല്ലെങ്കിൽ എങ്ങോട്ടാണെന്നു പറഞ്ഞിട്ട് പോക.. ആ സ്വഭാവം പണ്ടും ഇല്ലല്ലോ… “

അച്ഛനെ കണ്ടപ്പോൾ മനുവിന്റെ മുഖഭാവം പൂർണമായ ചിരിയിലേയ്ക്ക് ഗതി മാറി…

എത്ര പക്വമായ ഭാവ പ്രകടനം!!

“ആഹാ.. മനു ഉണ്ടായിരുന്നോ?? ഞാൻ അമ്പലത്തിലൊന്നു പോയതാ..”

“ആഹ്.. ലൈബ്രറിയിൽ നിന്നിറങ്ങിയപ്പോൾ ഒന്നിച്ചു പോരാമെന്നു കരുതി…”

മനു ചിരിച്ചു..

“ഇതാരാ കൂടെ??”

“അതെന്റെ ഫ്രണ്ടാ അമ്മാവാ..”

മനു തന്നെയാണ് മറുപടി നൽകിയത്…

പരിചയ ഭാവത്തിൽ അയാൾക്ക് നേരെ പുഞ്ചിരിച്ചുകൊണ്ട് അച്ഛൻ വീണ്ടും മനുവിന് നേരെ തിരിഞ്ഞു..

“പടിഞ്ഞാറേ തൊടിയിലെ മത്തനും ചേമ്പുമൊക്കെ വിളവെടുത്തിട്ടുണ്ട്.. നിന്റെ അമ്മയ്ക്ക് വല്യ ഇഷ്ടാ.. അധികം രാത്രിയാവുന്നതിനു മുൻപ് വീട്ടിൽ കൊണ്ടോയി കൊടുക്കണം.. ഇപ്പോത്തന്നെ കൂടെ വന്നോളൂ..”

എന്റെ ഓർമയിലിതു വരെ അച്ഛൻ പറഞ്ഞ കാര്യം മനു അനുസരിയ്ക്കാതിരുന്നിട്ടില്ല!! അല്പം മുൻപ് കേണു വിളിച്ച ദൈവങ്ങൾക്കെല്ലാം മനസ്സാ നന്ദി പറഞ്ഞു..

മുഖത്തെ നിരാശയെ പ്രകടമാക്കാതെ അച്ഛനൊപ്പം നടക്കുന്ന മനുവിനെ സാക്ഷ അടക്കിയ ചിരിയോടെ ഒളി കണ്ണിട്ടു നോക്കി…

അയാൾ അടക്കിപ്പിടിച്ച ദേഷ്യത്തോടെ അവളെ തിരിച്ചൊന്നു നോക്കിയ ശേഷം മനപ്പൂർവ്വം അച്ഛന്റെ സംസാരത്തിൽ ശ്രദ്ധ ചെലുത്തി…

പിറകിൽ അതേ ചിരിയോടെ നോക്കി നിൽക്കുന്ന ഗന്ധർവ്വനു നേരെ കൈ വീശിക്കാണിച്ചുകൊണ്ടു സാക്ഷ അവരുടെ സംസാരത്തിൽ പങ്കു ചേർന്നു..

വന്നു ഭവിയ്ക്കാനിരുന്ന വലിയൊരു ദുരന്തത്തെ തടുത്തു മാറ്റിയൊരാശ്വാസം അവളുടെ മുഖത്തു നിഴലിട്ടിരുന്നു..

°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ഏഴു മണിയാവുമ്പോഴേയ്ക്കും ഫോൺ കരച്ചിൽ ശബ്ദമുതിർത്തു..

ഉറക്കച്ചടവിൽ അറ്റൻഡ് ചെയ്തപ്പോൾ ഹരിയാണ്…

“എന്താടാ പുലർച്ചയ്ക്ക്.. നിനക്ക് ഉറക്കൊന്നുല്ലേ??”

കണ്ടുകൊണ്ടിരുന്ന ഏതോ സ്വപ്നത്തെ പാതിയിൽ നശിപ്പിച്ചതിലുള്ള അമർഷം വാക്കുകളിൽ പ്രകടമാക്കി…

“അത് പറയാൻ തന്നെയാ വിളിച്ചത്.. ഇന്ന് ക്ലാസില്ല.. ഉച്ച വരെ കിടന്നു ഉറങ്ങിക്കോ..”

“ക്ലാസില്ലേ?? എന്തേ??”

“ആവോ.. ആരാണ്ട് തട്ടിപ്പോയെന്നോ മറ്റോ പറയുന്നത് കേട്ടു… എന്തായാലും സംഭവം കൺഫോമാ.. “

അത്രയും കേട്ടതും ബാക്കി നിന്ന ഉറക്കമെല്ലാം യാത്ര പോലും പറയാതെ പറന്നകന്നു…

അതെത്രയായാലും ക്ലാസ്സുള്ളപ്പോൾ കിടന്നുറങ്ങുന്നതിന്റെ സുഖം അതില്ലാത്തപ്പോൾ  കിട്ടുന്നതെങ്ങിയാണ്..

കണ്ണ് തുറന്നു വെറുതെ കിടന്നു..

പെട്ടെന്നാണ് ആ ആശയം ബുദ്ധിയിലുദിച്ചത്!!

ഇന്നലെ പോയ സമയത്തു അമ്പലത്തിൽ ചെന്നാൽ ഗന്ധർവ്വനെ കാണാൻ കഴിഞ്ഞെങ്കിലോ??

ഉള്ളിലിരുന്നാരോ തന്നെ പ്രോത്സാഹിപ്പിയ്ക്കുന്നുണ്ട്…

വേഗത്തിലെഴുന്നേറ്റു കുളിച്ചു റെഡിയായി അമ്പലത്തിലേക്ക് നടന്നു…

ഇടവഴിയിലങ്ങിങ്ങായി പുൽച്ചെടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്..

തൊട്ടപ്പുറത്തു മുറിച്ചിട്ട തെങ്ങിന് മീതെ ഓറഞ്ചും വെളുപ്പും കലർന്ന ഭംഗിയുള്ള കൂണുകൾ മുളച്ചു നിൽക്കുന്നു…

ഇന്നലത്തെ മഴയിൽ മുളച്ചതാവണം..

പോകുംവഴി കൈക്കുമ്പിളിൽ ചെമ്പകപ്പൂവുകൾ ശേഖരിച്ചു…

അമ്പല നടയുടെ മുൻപിലെ ചവിട്ടു പടിയ്ക്ക് മീതെ പൂക്കൾ വച്ചുകൊണ്ട് കൈ കൂപ്പി കണ്ണുകളടച്ചു…

കൈകളിൽ ചേർന്ന് കിടന്ന നേരിയ സുഗന്ധം നാസികക്കോണിൽ പടർന്നു കയറി…

ഇന്നലെ വന്ന സമയം കടന്നു പോയിട്ടും ഗന്ധർവ്വനെ കണ്ടില്ല…

നേരിയ വിഷാദം മുഖത്തു പ്രത്യക്ഷമായി..

ഏറെ നേരം വെറുതെ കണ്ണുകളടച്ചു നിന്ന ശേഷം സാക്ഷ നിരാശയോടെ തിരിച്ചു നടന്നു…

കുളപ്പടവിന് മീതെ നിറയെ മഞ്ചാടി മണികൾ വീണു കിടക്കുന്നുണ്ട്…

അൽപ നേരം കൂടി അയാളെ കാത്തിരുന്നാലോ??

ചിലപ്പോൾ വന്നെങ്കിലോ??

അവൾ പതിയെ കുളപ്പടവിറങ്ങി ഏറ്റവും താഴെയുള്ള പടിയിൽ ചെന്നിരുന്നു…

അരികിലുള്ള മഞ്ചാടി മണികൾ പെറുക്കിക്കൂട്ടി ഒരു കയ്യിൽ നിന്നും മറു കയ്യിലേയ്ക്ക് മാറി മാറി നിക്ഷേപിച്ചു…

ചുണ്ടിൽ പഴയൊരു സിനിമാ ഗാനത്തിന്റെ വരികൾ ഇഴുകിച്ചേർന്നു കിടന്നു…

അപ്പോഴൊന്നും തന്നെ കാത്തിരിയ്ക്കുന്ന അപകടത്തെ അവളറിഞ്ഞതേയില്ല..

പൊടുന്നനെ പിറകിൽ നിന്നാരോ ശക്തമായി തള്ളി!!!

സാക്ഷ അടി തെറ്റി കുളത്തിന്റെ ആഴങ്ങളിലേക്ക് തെറിച്ചു വീണു!!

ദീനമായൊരാർത്ത നാദം അവളുടെ തൊണ്ടയിൽ കുരുങ്ങി പിടഞ്ഞമർന്നു!!

കയ്യിലെ മഞ്ചാടി മണികൾ കുളപ്പടവിൽ ചിതറി വീണു…

ഒന്ന് കരഞ്ഞാൽ പോലും വന്നു നോക്കാൻ അടുത്തെങ്ങും ഒരു മനുഷ്യൻ പോലുമില്ലാത്ത ഇടമാണ്!!

പിറകിലാരോ പടവുകൾ കയറി ഓടി മറഞ്ഞുവോ??

കണ്ണിലും മൂക്കിലും വായിലും ചെവിയിലുമെല്ലാം വെള്ളം ശക്തിയോടെ ഇരച്ചു കയറി…

നില കിട്ടാതെ കുളത്തിനടിയിലെ വെള്ളത്തിൽ മുങ്ങിത്താഴുമ്പോഴും ഒരിറ്റു ജീവ ശ്വാസത്തിനായി അവൾ പിടഞ്ഞുകൊണ്ടിരുന്നു…

കുളത്തിന്റെ ആഴങ്ങളിലേക്ക് ചവിട്ടു കിട്ടാതെ ആഴ്ന്നു പോകുമ്പോൾ എന്തുകൊണ്ടോ കണ്മുന്നിൽ തെളിഞ്ഞത് അമ്മയുടെ ഭീതി പുരണ്ട മുഖമായിരുന്നു…

നേരിയ പുക പടലം പോലെ ഋഷഭപ്പുറത്തേറിയ വെളുത്ത രൂപം നീട്ടിയ കയറുമായി അരികിലേയ്ക്കടുക്കുന്നതായി തോന്നി…

അവസാന തുള്ളി കണ്ണുനീരും ഒഴുക്കിൽ കലർന്ന് അപ്രത്യക്ഷമായി…

ഓർമ്മയുടെ നേർത്ത കണികയും അറ്റു പോകവേ ആ രൂപം ഉടലോടെ ചേർത്ത് പിടിച്ചു കരയ്ക്കടുക്കുന്നതായി തോന്നി…

°°°°°°°°°°°°°°°°°°°°°°°°

നേരം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു…

ശക്തിയായി ആരോ വായ്ക്കുള്ളിലേയ്ക്ക് ഊതുന്നുണ്ടോ??

കണ്ണ് തുറക്കാൻ കഴിയുന്നതേയില്ല!!

വീശിയടിയ്ക്കുന്ന തണുത്ത കാറ്റിൽ ശരീരം ആലില പോലെ വിറയ്ക്കുന്നുണ്ട്…

വല്ലാത്തൊരു കനം കൺപോളകളെ മുറുകെപ്പുണർന്നു കിടപ്പാണ്…

ഏതോ കൈകൾ വയറിനു മീതെ അമരുന്നതറിഞ്ഞു…

വായിൽ നിന്നും വെള്ളം പുറത്തേയ്ക്ക് വീണു ചെവിയിലേയ്ക്ക് പടരുന്നു…

വയ്യ!!

കണ്ണ് തുറക്കാൻ വയ്യ!!

പരിഭ്രാന്തി കലർന്ന പുരുഷ ശബ്ദം കാതുകളിൽ അവ്യക്തമായി കേൾക്കുന്നുണ്ട്…

ഏറെ പ്രിയമുള്ള ഗന്ധം !!

അയാൾ തന്റെ പേരാണോ വിളിയ്ക്കുന്നത്??

ഇരു ചെവികളും ആരോ കൊട്ടിയടച്ചത് പോലെ തോന്നി..

ബോധം വീണ്ടും മറഞ്ഞു പോകുമ്പോഴും വേദന നിറഞ്ഞ ശബ്ദം കാതിൽ അലയടിച്ചുകൊണ്ടിരുന്നു…

കണ്ണ് തുറക്കുമ്പോൾ പരിചിതമായ ഏതോ സ്ഥലത്താണ്!!

വല്ലാത്ത ക്ഷീണം ശരീരത്തെ തളർത്തിയെങ്കിലും പാട് പെട്ട് എഴുന്നേറ്റിരുന്നു…

തൊട്ടു മുൻപിലെ കസേരയിൽ ചാഞ്ഞിരുന്നു ഉറങ്ങുന്ന ഗന്ധർവ്വനിൽ കണ്ണുകൾ പതിഞ്ഞപ്പോൾ അമ്പരപ്പോടെ കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു!!

കുളത്തിന്റെ ആഴവും പായലിന്റെയും അഴുകിയ ഇലകളുടേയും സമ്മിശ്ര ഗന്ധവും ഓർമയിലേയ്ക്ക് വന്നു!!

വസ്ത്രങ്ങളിലെ നനവ് വറ്റിത്തുടങ്ങിയിട്ടില്ല…

ചുമരിലെ ഹാങ്ങറിൽ നനഞ്ഞു കുതിർന്ന വെളുത്ത മുണ്ടും ഷർട്ടും തൂക്കിയിട്ടിരുന്നു…

ചുമരിലെ ഘടികാരത്തിൽ സമയം ഒൻപതോടടുത്തു നിൽക്കുന്നു…

കട്ടിലിൽ നിന്നെഴുന്നേൽക്കാൻ  ശ്രമിയ്ക്കുമ്പോഴേയ്ക്കും ഗന്ധർവ്വൻ കണ്ണ് തുറന്നു…

“കുളത്തിന്റെ ആഴം നോക്കാനിറങ്ങിയതാണോ??”

അരികിലിരുന്ന ഫ്ലാസ്കിൽ നിന്നും ചൂടുള്ള ചായ ചില്ലുഗ്ലാസിലേയ്ക്ക് പകർന്നു കയ്യിലേയ്ക്ക് തന്നുകൊണ്ടു അയാളെന്നെ ചേർത്ത് പിടിച്ചു അരികിലിരുന്നു ….

അയാളുടെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് അത് വാങ്ങിക്കുടിയ്ക്കുമ്പോഴും എന്നെ പിറകിൽ നിന്നും തള്ളിയ ആളെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് നിറയെ…

“ഞാൻ വരാൻ താമസിച്ചിരുന്നെങ്കിൽ കാണാമായിരുന്നു…”

ഗന്ധർവ്വന്റെ ശബ്ദത്തിൽ ഇതുവരെ കാണാത്ത ദേഷ്യത്തിന്റെ അദൃശ്യരേഖ രൂപപ്പെട്ടിരുന്നുവെന്നു തോന്നി…

മരണത്തെ മുഖാ മുഖം കണ്ട ഭയാനകമായ നിമിഷത്തിന്റെ ഞെട്ടലിൽ നിന്നും അപ്പോഴും വിമുക്തി നേടാൻ കഴിഞ്ഞിരുന്നില്ല…

“ഒരു ഗ്ളാസ് കൂടി കുടിയ്ക്ക്…”

ഒഴിഞ്ഞ ഗ്ലാസ് പിടിച്ചു വാങ്ങി വീണ്ടും നിറച്ചൊഴിച്ചു ഗന്ധർവ്വൻ ഗൗരവം വിടാതെ തിരിച്ചേല്പിച്ചു…

സാക്ഷ ഒന്നും മിണ്ടാതെ അത് വാങ്ങി…

“ശ്രദ്ധിച്ചു നടക്കാൻ അറിയില്ലേ നിനക്ക്?? ആര് പറഞ്ഞു അങ്ങോട്ടൊക്കെ ഇറങ്ങിച്ചെല്ലാൻ??”

“അത്… ഞാൻ വെറുതെ….”

“വെറുതെയോ?? എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ??

എല്ലാം തമാശയാണോ?? ജീവിതം വച്ച് കുട്ടിക്കളി കളിയ്ക്കാമെന്നാണോ തീരുമാനം??”

ഓരോ വാക്കുകൾ പറയും തോറും അയാളുടെ ശബ്ദത്തിൽ രോക്ഷം അലയടിച്ചു…

“അതിനു നിങ്ങക്കെന്താ നഷ്ടം??”

ചോദിയ്ക്കണമെന്നു കരുതിയതല്ല!!

“നിനക്കെന്തെങ്കിലും സംഭവിച്ചു പോയാൽ എനിയ്ക്ക് നഷ്ടമില്ലേ?? ഒന്നുമറിയാത്ത പച്ചപ്പാവത്തിന്റെ ഭാവം നടിയ്ക്കരുത് സച്ചു.. കണ്ണടച്ച് പാല് കുടിയ്ക്കുന്ന കള്ളിപ്പൂച്ചയുടെ സ്വഭാവമാണത്…”

സാക്ഷ മനപ്പൂർവ്വം മൗനമെടുത്തണിഞ്ഞു..

“ഇനിയൊരിയ്ക്കൽ പോലും നിന്നെയാ സ്ഥലത്തു കണ്ടു പോവരുത്!!..”

ഗന്ധർവൻ എഴുന്നേറ്റു ചുമരിൽ തൂക്കിയിട്ടിരുന്ന ചാവിയെടുത്തു വാതിൽ തുറന്നു..

“ഈ അവസ്ഥയിൽ തനിച്ചു പോണ്ട.. വാ വീട്ടിൽ കൊണ്ട് വിടാം…”

അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവൾ അയാളെ അനുഗമിച്ചു…

വളരെ പതുക്കെയായിരുന്നു വണ്ടി നീങ്ങിയത്…

“നടന്നതൊന്നും അച്ഛനോട് പോയി വിളമ്പാൻ നിൽക്കണ്ടേ… ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് ബാക്കി ഉള്ളവരെക്കൂടി എന്തിനാ ടെൻഷനാക്കുന്നത്…”

മറുപടി പറയാൻ തോന്നിയില്ല..

“പോയി വല്ലതും കഴിച്ചു റെസ്റ്റെടുക്ക്… ഇന്നിനി എങ്ങോട്ടും പോണ്ട…”

എല്ലാത്തിനും തലയിളക്കി അകത്തേയ്ക്ക് നടന്നു…

എനിയ്ക്കും ഇഷ്ടമാണെന്ന് അയാൾക്ക് മനസ്സിലായിക്കഴിഞ്ഞിരിയ്ക്കുന്നു..

അയാൾ വന്നില്ലായിരുന്നെങ്കിൽ എന്തായേനെ!!

ഓർക്കാൻ പോലും വയ്യ!!

എങ്കിലും ആർക്കാവും തന്നോട് ഇത്രയധികം വൈരാഗ്യം??

ഓർത്തിട്ടൊരു പിടിയും കിട്ടിയില്ല!!

വേഗത്തിൽ ചെന്ന് ഡ്രസ് മാറി മേശമേൽ മൂടി വച്ചിരുന്ന ആഹാരമെടുത്തു കഴിച്ചു…

അച്ഛൻ പുറത്തു പോയിക്കണണം…

കിടന്നുറങ്ങി ഉച്ച കഴിഞ്ഞപ്പോഴാണ് ക്ഷീണം വിട്ടു മാറിയത്…

ഗന്ധർവ്വനോട് ഒരു നന്ദി പോലും പറഞ്ഞില്ലെന്നു പെട്ടെന്നാണ് ഓർമ വന്നത്…

അയാളുടെ നമ്പറെങ്കിലും വാങ്ങാമായിരുന്നു…

അൽപ നേരം കഴിഞ്ഞപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ വന്നു…

“ഹലോ…”

“എങ്ങനെയുണ്ടിപ്പോ?? ക്ഷീണം മാറിയില്ലേ??”

ഗന്ധർവ്വൻ!!

“നമ്പർ എവിടുന്നു കിട്ടി??”

സാക്ഷയ്ക്ക് നേരിയ അത്ഭുതം തോന്നി…

“അതല്ലല്ലോ ഇപ്പോഴത്തെ വിഷയം..”

“എനിയ്ക്കിപ്പൊ കുഴപ്പമൊന്നുമില്ല… ആം ഫൈൻ…”

“ശരി… ഇനിയെങ്കിലും ശ്രദ്ധിച്ചും കണ്ടും നടക്ക്… എപ്പോഴും ദൈവം ഒരു സെക്കൻഡ് ചാൻസ് തന്നുകൊള്ളണമെന്നില്ല…”

ആരോ പിറകിൽ നിന്നും തള്ളിയതാണെന്നു അയാളോട് പറഞ്ഞാലോ??

വേണ്ട!! ഭ്രാന്ത് പറയുന്നതാണെന്നെ കരുതു!!

“അപ്പൊ ശരി… ടേക് കെയർ”

മറുതലയ്ക്കൽ ശബ്ദം നിലച്ചു…

നന്ദി പറയണോ?? വേണ്ട!! അന്യനെപ്പോലെ കണ്ടുവെന്ന് കരുതില്ലേ?? അത് വേണ്ട!!

നടന്നതെല്ലാം ഒരു സ്വപ്നം പോലെ തോന്നി…

“മോളെ.. “

അച്ഛന്റെ പരിഭ്രാന്തി നിറഞ്ഞ സ്വരം കേട്ടപ്പോൾ ഉമ്മറത്തേയ്ക്ക് ചെന്നു..

“എന്താച്ഛാ??”

“മനുവിന്റെ ബൈക് എവിടെയോ ചെറുതായി ഒന്ന് തട്ടി… കാലിന്റെ എല്ലിന് ചെറിയ ചതവുണ്ടെന്ന്…”

“അയ്യോ… എപ്പോ??”

“ഇന്ന് രാവിലെ… ഞാനവിടെ വരെ ഒന്ന് പോയതായിരുന്നു.. ഒരു മൂന്നു മാസമെങ്കിലും റെസ്റ്റ് വേണ്ടി വരുമെന്ന്!!”

അച്ഛന്റെ സ്വരത്തിലെ പരിഭ്രാന്തി വല്ലാത്തൊരാശ്വാസമായി എന്നെ പുൽകി…

മനുവിന്റെ ശല്യമൊഴിഞ്ഞ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്..

ഇടക്കിടെ ഗന്ധർവ്വന്റെ നമ്പറിൽ നിന്നും തേടിയെത്തുന്ന ഫോൺ കോളുകൾ മാത്രം മറ്റെന്തിനേക്കാളും സന്തോഷം തരുന്നതായി തോന്നി…

വീണ്ടും വീണ്ടുമുള്ള കണ്ടുമുട്ടലുകൾ അടുപ്പത്തെ വർധിപ്പിച്ചു..

“എന്താ ഗന്ധർവ്വന്റെ ശരിയ്ക്കുള്ള പേര്??”

“സച്ചുവിന് ഇഷ്ടമുള്ളതെന്തും വിളിച്ചോളൂ..”

“അത് വേണ്ട… യഥാർത്ഥ പേര് പറയൂ…”

“പേര് പറഞ്ഞാൽ ഒരുപക്ഷെ തനിയ്ക്ക് അകൽച്ച തോന്നിയാലോ??”

“അതെന്താ അങ്ങനെ??”

അയാളുടെ ചോദ്യത്തിൽ ദ്വയാർത്ഥത്തിന്റെ കലർപ്പുണ്ടെന്നു തോന്നി…

“കാരണമുണ്ട് സച്ചു… ഒരുപാട് കാരണങ്ങളുണ്ട്…”

“തെളിച്ചു പറയൂ…”

സാക്ഷ അക്ഷമ പ്രകടിപ്പിച്ചു..

“ഞാനൊരു ഇസ്‌ലാം മതസ്ഥനാണെന്നു പറഞ്ഞാൽ സച്ചു വിശ്വസിയ്ക്കോ??”

അയാളുടെ ചോദ്യം അവളിൽ നേരിയ ഞെട്ടലുണ്ടാക്കി!!

“അതാണ് സത്യം..എന്റെ പേര് ഗസൽ… ഗസൽ മുഹമ്മദ്….”

വല്ലാത്തൊരു ഞെട്ടൽ നെഞ്ചകത്തെ പിടിച്ചുലച്ചു!!

“അപ്പൊ അമ്പലത്തിൽ വന്നത്??”

“അത് എല്ലാ മതസ്ഥർക്കും പ്രവേശിയ്ക്കാവുന്ന അമ്പലമാണെന്നു സച്ചു മറന്നോ??”

നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു…

“തുറന്നു പറഞ്ഞാൽ സച്ചുവിനു ഉൾക്കൊള്ളാൻ കഴിയുമോ എന്നുള്ള ഭയമുണ്ടായിരുന്നു…”

അയാളുടെ മുഖത്തു നേരിയ ആശങ്ക സ്ഥാനം പിടിച്ചു…

സാക്ഷ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു…

മനസ്സാ എല്ലാ മതങ്ങളെയും അംഗീകരിച്ചിട്ടേയുള്ളു ഇന്നേവരെ…

ഈ നാൾ വരെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ ആരേയും വേർതിരിച്ചു കണ്ടിട്ടില്ല..

പക്ഷെ!!

മനസ്സിൽ കഴിഞ്ഞു പോയ പല കാര്യങ്ങളും ചിത്രങ്ങളായി രൂപാന്തരം കൊണ്ടു…

പിറകിൽ വേദനയോടെ നിൽക്കുന്ന ഗന്ധർവ്വന്റെ പിൻവിളി വക വയ്ക്കാതെ അവൾ നടത്തത്തിന്റെ വേഗത വർധിപ്പിച്ചു…

“ഞാൻ സ്നേഹിയ്ക്കുന്നയാൾ ഒരു മുസ്ലിമാണ്…”

ചേച്ചിയുടെ ഉറച്ച ശബ്ദവും അമ്മയുടെ കരച്ചിലും അച്ഛന്റെ ശകാരവും കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു…

ഇന്നലെ കഴിഞ്ഞത് പോലെ എല്ലാം ഓരോന്നായി കണ്മുന്നിൽ തെളിഞ്ഞകൊണ്ടിരുന്നു…

അപ്പോഴും ഉള്ളിന്റെയുള്ളിൽ അയൽക്കാരിപ്പെണ്ണുങ്ങളുടെ ശബ്ദത്തിലാരോ പരിഹസിച്ചു…

ചേച്ചി പോയ വഴിയേ അനിയത്തിയും!!

ചിന്തകൾ പതിയെ പിറകിലേക്ക് സഞ്ചരിച്ചു… വേദനിപ്പിയ്ക്കുന്ന ഓർമകളുടെ ആവനാഴി തേടി അവ കഴിഞ്ഞ കാലത്തിന്റെ തേരേറിപ്പറന്നു…

(തുടരും….)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഗന്ധർവ്വൻ – ഭാഗം 8”

Leave a Reply