ക്ലാസ് കഴിഞ്ഞു വീടെത്തുമ്പോൾ ഉമ്മറത്ത് ഗൗരവത്തോടെ അച്ഛൻ നിൽപ്പുണ്ട്!!
സമീപത്തു തന്നെ ഗേറ്റിങ്കലേയ്ക്ക് ദൃഷ്ടി പതിപ്പിച്ചു ചേച്ചിയും… മുഖം കണ്ടാലറിയാം വിഷയത്തിന്റെ കാഠിന്യം…
ഒന്നും മിണ്ടാതെ പതിയെ അകത്തേയ്ക്ക് നടക്കുന്ന എനിയ്ക്ക് നേരെ അശരീരി മുഴങ്ങി..
“അവിടെ നിക്കെടി…”
പിറകിലൊളിപ്പിച്ചു വച്ച ചൂരൽ വടി ദൃഷ്ടിയിൽ പെട്ടതും ഞാൻ ചേച്ചിയുടെ മുഖത്തേയ്ക്കൊന്നു പാളി നോക്കി…
ദൈന്യതയോടെയുള്ള നോട്ടം എനിയ്ക്ക് നേരെ തൊടുത്തുവിട്ടുകൊണ്ടു ചേച്ചി അച്ഛന്റെ കയ്യിലെ ഫോണിലേക്ക് വിരൽ ചൂണ്ടി..
സംഭവം കൈവിട്ടു പോയെന്നുള്ള നഗ്ന സത്യം ഞാൻ പാടുപെട്ടു ഉൾകൊണ്ടു…
“നേരം എത്രയായിന്ന് വല്ല നിശ്ചയണ്ടോ നിനക്ക്?? എവിടെയായിരുന്നു ഇത്രയും നേരം??”
“അത്… അത് പിന്നെ..”
“ഇളയതല്ലേന്നു കരുതി കുറച്ചു സ്വാതന്ത്ര്യം തരുമ്പോ എന്ത് തോന്ന്യാസവും ആവാന്നായോ??”
ഉറക്കെയുള്ള ശബ്ദം കേട്ട് കയ്യിലൊരു ചട്ടുകവുമായി അമ്മ അടുക്കളയിൽ നിന്നു ഓടിയെത്തിയിരുന്നു..
“എന്താ ഇവിടെ?? എന്താ മോളെ??”
“അതമ്മേ… സച്ചു…”
എന്തോ പറയാനൊരുങ്ങിയ ചേച്ചിയുടെ കയ്യിൽ ഞാൻ അമർത്തിപ്പിടിച്ചു…
“ഇതാ നോക്കിക്കോ പുന്നാര മോളുടെ പുതിയ ലീലാവിലാസം…”
അച്ഛൻ നീട്ടിയ ഫോണിലെ ഫോട്ടോ നോക്കി അമ്മ വായ പൊത്തി നിന്നു പോയി…
ന്യൂ ഇയർ സെലിബ്രേഷൻ പ്രമാണിച്ചു കൂടെയുള്ളവമ്മാർ വാങ്ങിയ ബിയർ ബോട്ടിലുകളിലൊന്നു കയ്യിലെടുത്തു പിടിച്ചു ചേച്ചിയ്ക്കയച്ച ഫോട്ടോയായിരുന്നു അത്…
“അമ്മേ സത്യായിട്ടും ഞാനിത് കുടിച്ചിട്ടില്ല… അമ്മയാണെ സത്യം.. കണ്ടപ്പോ ഒന്ന് സെൽഫി എടുത്തുന്നെ ഉള്ളൂ.. അല്ലാതൊന്നും അല്ലമ്മേ…”
ഞാൻ പറഞ്ഞത് വക വയ്ക്കാതെ അമ്മ ദേഷ്യത്തിൽ അകത്തേയ്ക്ക് കയറിപ്പോയി…
“കുടിച്ചിട്ടുണ്ടെങ്കിൽ സ്മെൽ ഉണ്ടാവൂലോ…അച്ഛൻ ഒന്ന് മണത്തു നോക്ക് അപ്പൊ അറിയാലോ കുടിച്ചോ ഇല്ല്യോ ന്ന്…”
അച്ഛന്റെ അരികിലേക്ക് പോയി അമ്മ അടുപ്പിലൂതുന്നതിനേക്കാൾ ശക്തിയിൽ ഒരു പ്രകടനം നടത്തി…
“അധികം വേഷം കെട്ടലൊന്നും വേണ്ട.. ഇന്നത്തോടെ നിർത്തിക്കോണം നിന്റെ പഠിപ്പും സർക്കീട്ടും… നാളെത്തൊട്ടു ഇവിടുന്നു പുറത്തിറങ്ങിപ്പോവരുത്…
അവൾടെയൊരു ജീൻസും ഷർട്ടും …
മാർക്കും ഇല്ല.. എല്ലാ ടീച്ചർമ്മാർക്കും നിന്നെപ്പറ്റി കുറ്റം മാത്രേ പറയാനുള്ളു..
നിന്റെ മൂത്തതല്ലേ ഇവള് ഇവളെക്കൊണ്ട് ഇന്നേവരെ എന്തെങ്കിലും ചീത്തപ്പേരുണ്ടായിട്ടുണ്ടോ ഈ വീടിന്??”
കേട്ട് മടുത്ത പല്ലവികൾ!!
“ഓരോ തോന്ന്യാസം കാട്ടിക്കൂട്ടിയതും പോരാഞ്ഞു അതിന്റെ ഫോട്ടോ എടുത്തു എനിയ്ക്ക് അയച്ചു തന്നിരിയ്ക്കുന്നു… അഹമ്മതീന്നല്ലാതെ എന്താ പറയാ ഇതിനൊക്കെ??”
അവസാന ഡയലോഗിൽ ഞാനാകെ ഞെട്ടി തലയിൽ കൈ വച്ച് പോയി…
ചേച്ചിയ്ക്ക് അയയ്ക്കുന്നതിന് പകരം അച്ഛനാണോ അയച്ചത്???
ഈശ്വരാ!!
രണ്ടാളുടെയും ഡിസ്‌പ്ലെ പിക്ചർ ഒന്നാണെന്നു ഓർക്കേണ്ടതായിരുന്നു!!
“എന്നിട്ടു വല്ല കുലുക്കം ഉണ്ടോന്ന് നോക്ക് അവൾക്ക്..”
അച്ഛൻ വടി ഓങ്ങിയതും ഞാൻ രണ്ടും കൽപ്പിച്ചു ഉറക്കെ കരഞ്ഞു..
“അയ്യോ.. സച്ചൂനെ തല്ലല്ലേ അച്ഛാ.. ഇത്തവണത്തേക്ക് ഒന്ന് ക്ഷമിയ്ക്ക്.. ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കൊളാം..”
തക്ക സമയത്തിന് ചേച്ചി ഇടയിൽ കയറി എന്നെ പിടിച്ചു മാറ്റി..
എന്റെ കരച്ചിലും ആണയിടലും ചേച്ചിയുടെ വക്കാലത്തും എല്ലാം കൂടെ ആയപ്പോൾ അച്ഛന്റെ മനസ്സലിഞ്ഞുവെന്നു തോന്നി…
വടി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു അച്ഛൻ ഗേറ്റ് കടന്നു പോയി..
“നിന്നോടാരെങ്കിലും പറഞ്ഞോ അതെടുത്തു അച്ഛനയയ്ക്കാൻ??”
അലർച്ച നിർത്തി നെടുവീർപ്പിടുന്ന എന്റെ ചെവിയ്ക്ക് പിടിച്ചുകൊണ്ടാണ് ചേച്ചിയത് ചോദിച്ചത്..
“ദയവ് ചെയ്ത് അച്ഛനും മോളും ഇനി ഒരേ പിക് വയ്ക്കല്ലേ… എന്നെക്കൊണ്ടിനി വയ്യ ചക്രശ്വാസം വലിയ്ക്കാൻ…”
കൈ വിടുവിച്ചു തോളിലേയ്ക്കിട്ടുകൊണ്ടു അകത്തേയ്ക്ക് കയറുമ്പോൾ മേശപ്പുറത്തു ചായയുമായി അമ്മ നോക്കിയിരിപ്പുണ്ടായിരുന്നു…
“കുരുത്തക്കേട് വല്ലാണ്ട് കൂടുന്നുണ്ട് നിനക്ക്.. ഇവളില്ലെങ്കി കാണാരുന്നു… അച്ഛൻ ചന്തി അടിച്ചു പൊളിച്ചേനെ…”
“ഇവൾക്ക് സുഖായില്ലേ അച്ഛൻ പഠനം വിലക്കിയല്ലോ… നാളെത്തൊട്ടു ഇവിടെ കിടന്നുറങ്ങാം… സ്ഥിരം പറയുന്നതുപോലെ ഇന്നും അച്ഛനെക്കൊണ്ടു പറയിപ്പിച്ചില്ലേ നീയ്”
ചേച്ചി കളിയാക്കി ചിരിച്ചു..
“അല്ലെങ്കിലും എല്ലാർക്കും ചേച്ചിയെ ആണല്ലോ ഇഷ്ടം.. എന്നെ തവിടു കൊടുത്തു വാങ്ങിയതാണ് എനിയ്ക്കറിയാം..”
“തവിടൊന്നും കൊടുത്തിട്ടില്യ.. നിന്നെ ഫ്രീ ആയിട്ട് കിട്ടീതാണ്..”
അമ്മ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു…
“എന്നും ഒരേ ഡയലോഗടിയ്ക്കാതെ ഇടയ്ക്കൊന്നു മാറ്റിപ്പിടിച്ചൂടെ രണ്ടാൾക്കും??”
ചേച്ചി മേശപ്പുറത്തുള്ള ശർക്കരയടയിൽ നിന്നും ചൂടേറ്റ് വാടിയ വാഴയില വേർപ്പെടുത്തി എനിയ്ക്ക് നേരെ നീട്ടി..
“കയ്യിലിരിപ്പുകൂടി നന്നാവണം.. ഇവളെക്കണ്ട് പഠിയ്ക്ക് നീയ്.. “
അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു..
ചേച്ചി ചിരിയടക്കി ഗ്ലാസ്സിലേയ്ക്ക് ചായ പകർന്നു എനിയ്ക്ക് നേരെ നീക്കി വച്ചു…
വഴിയോരത്തു നിന്ന് പെറുക്കിയ ഞാവൽപ്പഴം ഞാൻ പതിയെ ചേച്ചിയുടെ കയ്യിൽ വച്ചുകൊടുത്തു…
“ചേച്ചിയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാ??? അമ്മയെയോ അച്ഛനെയോ??”
“എനിയ്‌ക്കെന്റെ സച്ചൂട്ടനെ… അത് കഴിഞ്ഞിട്ടേയുള്ളൂ ആരും…”
അലസമായി അഴിഞ്ഞു കിടന്ന തലമുടി കോതിയെടുത്തു നെറുകയിൽ കെട്ടിത്തന്നുകൊണ്ടു ചേച്ചിയെന്റെ കവിളിലൊരുമ്മ തന്നു..
ഒഴിഞ്ഞ പാത്രമെടുക്കാൻ വന്ന അമ്മയുടെ നിറ ചിരിയിൽ ഒളിച്ചു വച്ച സംതൃപ്തിയുടെ അലകൾ എന്നിലും പടർന്നൊഴുകി…
മേലുകഴുകി വന്നു ഓരോ സംസാരവുമായി ചേച്ചിയ്ക്കൊപ്പം കൂടി..
സന്ധ്യയ്ക്ക് വന്ന അച്ഛന്റെ കയ്യിലെ പാലഹാരപ്പൊതി തട്ടിപ്പറിച്ചു ഓടുമ്പോൾ അച്ഛൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു..
“ഈ കുറുമ്പത്തിപ്പെണ്ണിനു ഇത്തിരി വിവരവും വെള്ളിയാഴ്ച്ചയും വരുന്നത് കണ്ടാൽ മതിയായിരുന്നു…”
രാത്രി ഭക്ഷണം കഴിഞ്ഞു പതിവ് പോലെ ഫോൺ നോക്കി കിടന്നു…
അമ്മയെ പാത്രം കഴുകാനും മറ്റും സഹായിച്ചു കുറച്ചു കഴിഞ്ഞു ചേച്ചിയും എത്തി…
ലൈറ്റണച്ചു ചേച്ചി അരികിൽ വന്നു കിടന്നു ചേർത്ത് പിടിച്ചു പതിഞ്ഞ ശബ്ദത്തിൽ പഴയ സിനിമാ ഗാനങ്ങൾ പാടി…
പതിവുപോലെ ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു…
ഭീകരമായ സ്വപ്നം ഉറക്കത്തിനു അകമ്പടി സേവിച്ചു…
മനുഷ്യനും മൃഗവുമല്ലാത്ത ഭീകരമായൊരു രൂപം തന്റെ പിറകെ ഓടുന്നു…
ഓടിയോടി വിജനമായ ഏതോ പ്രദേശത്തു തടഞ്ഞു വീണ തന്നെ നോക്കി അതെന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചു…
ഞെട്ടി ഉണർന്നപ്പോൾ വിയർത്തു കുളിച്ചിരുന്നു…
ഭയം കിതപ്പുകളായി രൂപാന്തരം കൊണ്ടു..
ശ്വാസമെടുക്കാൻ പ്രയാസം തോന്നി..
സമയം ഒരു മണി കഴിഞ്ഞിട്ടുണ്ട്…
താൻ ഉറങ്ങിയതിനു ശേഷം ചേച്ചി മുറി വിട്ടു പോയിരിയ്ക്കുന്നു..
ചേച്ചിയ്ക്കെന്തെങ്കിലും വായിയ്ക്കാനുണ്ടാവും… അതെല്ലാം കഴിഞ്ഞു സാവധാനം മാത്രമേ ഉറങ്ങു..
ഇന്നിനി തനിയെ ഇവിടെ കിടക്കാൻ വയ്യ!!
പുതപ്പും ചുരുട്ടിപ്പിടിച്ചു ചേച്ചിയുടെ മുറി ലക്ഷ്യമാക്കി വേഗത്തിലോടി…
ഭാഗ്യം!! ലൈറ്റ് അണച്ചിട്ടില്ല..
ചാരിയിട്ട വാതിലിനടുത്തെത്തിയതും മുറിയിൽ അടക്കിപ്പിടിച്ച സംസാരം കേട്ടു…
സംശയത്തോടെ വാതിൽക്കൽ തന്നെ തറഞ്ഞു നിന്നു…
മുറിയിൽ നിന്നും അടക്കിയ ചിരിയും സംസാരവും എന്നെ വല്ലാതെ അലോസരപ്പെടുത്തി…
ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു അകത്തു കയറി…
എതിർ വശം ചെരിഞ്ഞു കിടക്കുന്ന ചേച്ചിയുടെ അരികിൽ ചെന്ന് ശബ്ദമടക്കി നിന്നു…
ഫോണിന് മറുവശത്തുള്ളയാൾക്ക് സമ്മാനമെന്നോണം നറുമുത്തം പകർന്നു നൽകി ഫോൺ കട്ട് ആക്കി തിരിഞ്ഞപ്പോൾ തരിച്ചു നിൽക്കുന്ന എന്നെ കണ്ടു ചേച്ചി നടുങ്ങി…
“സച്ചു.. മോള്… ഉറങ്ങിയില്ലേ???”
വിറയാർന്ന ശബ്ദത്തോടെ ചേച്ചി എഴുന്നേറ്റു അരികിലേക്ക് വന്നു…
“ആരായിരുന്നു അത്??”
“അത്… ഫ്രണ്ട്…”
“അധികം അഭിനയിച്ചു ബുദ്ധിമുട്ടണമെന്നില്ല.. ഞാൻ വന്നിട്ട് കുറച്ചു സമയായി…”
ജീവിതത്തിലാദ്യമായി ചേച്ചിയോട് നീരസം തോന്നിയ നിമിഷം…!!
“മോളെ… ഞാൻ…”
എന്തോ പറയാനൊരുങ്ങിയ ചേച്ചിയ്ക്ക് നേരെ ഞാൻ കൈകളുയർത്തി..
“എനിയ്ക്കിനി ഒന്നും കേൾക്കണ്ട…
പരസ്പരം ഒന്നും മറച്ചു വയ്ക്കാറില്ലെന്നു വീമ്പു പറഞ്ഞു നടന്ന എന്റെ ചേച്ചിയല്ല ഇതെന്ന് എനിയ്ക്ക് തോന്നാ ഇപ്പൊ….”
“സച്ചു…”
“സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും പങ്കു വയ്ക്കലും മൂന്നാമതൊരാൾ കടന്നു വരുമ്പോൾ കുറഞ്ഞു പോവുമെന്നു കേട്ടിട്ടുണ്ട്… നീയായിട്ടത് തെളിയിച്ചു….
പക്ഷെ ഒന്നുണ്ട്.. നമ്മുടെ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷയ്ക്കും വിശ്വാസത്തിനും നിന്റെ രൂപമാണ്.. അതൊരിയ്ക്കലും നിന്നെ വിട്ട് എന്നിലെത്തില്ലെന്നോർത്തോ.. നമ്മൾ രണ്ടാളും തമ്മിൽ രാപ്പകൽ പോലെ ദൈർഗ്യമുണ്ട് !! അത് മറക്കണ്ട…
അവരെ നീ ചതിച്ചാൽ ദൈവം പോലും പൊറുക്കില്ല നിന്നോട്… ചേച്ചിയോട് കല്പിയ്ക്കാനുള്ള അധികാരമില്ലെന്നറിയാം.. അപേക്ഷയായിട്ടു കണ്ടാൽ മതി..”
ചേച്ചിയുടെ മുറിയിലേയ്ക്ക് പോവുമ്പോൾ തന്നെ പിടി കൂടിയിരുന്ന ഭയത്തിന്റെ കണിക പോലും ഉള്ളിലവശേഷിച്ചിരുന്നില്ല… ഓടിച്ചെന്നു മുറിയിലേയ്ക്ക് കയറി കട്ടിലിൽ വീണു..
പച്ച വെള്ളം ചവച്ചു കുടിയ്ക്കുമെന്നു വീട്ടുകാരും ബന്ധുക്കളുമെല്ലാം ഒരേപോലെ വിശേഷിപ്പിയ്ക്കുന്ന തന്റെ ചേച്ചി തന്നെയാണോ ഇതെന്ന് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി..
എന്നും സച്ചു മാത്രമാണ് പ്രശ്നക്കാരി… സംശയത്തിന്റെ നേർ കണിക പോലും ഇന്നുവരെ ആരും ചേച്ചിയ്ക്ക് നേരെ ഉന്നയിച്ചിട്ടില്ല…
എന്നിട്ടും!!
ആരോരുമറിയാതെ ഇങ്ങനൊരു ബന്ധം കൊണ്ടുനടക്കാൻ അവൾക്കെങ്ങിനെ കഴിഞ്ഞു??
നിഴൽ പോലെ കൂടെ നടന്നിട്ടും ഒരു വാക്കെങ്കിലും പറയാമായിരുന്നില്ലേ?? താൻ എതിര് നിൽക്കുമായിരുന്നോ??
തനിയ്ക്ക് സ്നേഹിയ്ക്കാൻ ചേച്ചിയെ ഉള്ളു… ചേച്ചിയുടെ ചെറിയൊരു അവഗണന പോലും സച്ചുവിന് സഹിയ്ക്കാൻ പറ്റില്ല!!
പിന്നെങ്ങനെ ഇത്രയും വലിയൊരു ചതി പൊറുക്കാൻ കഴിയും??
ഇതുപോലൊരു ചേച്ചിയുള്ളതിൽ എത്ര അഹങ്കരിച്ചിട്ടുണ്ട്!! തനിയ്ക്കിത് വേണം… ആർക്കും തന്നോട് സ്നേഹമില്ല… ചേച്ചി വെറുതെ പറയുന്നതാ എല്ലാം…!!
കണ്ണീർ പടർന്നു തലയിണ നനഞ്ഞു കുതിർന്നു…
“മോളെ…”
തോളിൽ വിറയ്ക്കുന്ന കൈകളമർന്നു…
“ചേച്ചിയോട് ക്ഷമിയ്ക്ക് നീയ്… ഇതല്ലാതെ വേറെ എന്തെങ്കിലും കാര്യം ചേച്ചി പറയാതിരുന്നിട്ടുണ്ടോ നിന്നോട്…”
“എനിയ്ക്കറിയില്ലല്ലോ ഉണ്ടോന്ന്… വേറെ ഉള്ളോരുടെ മനസ്സറിയാനുള്ള യന്ത്രമൊന്നും ഇല്യ എന്റെ കയ്യില്..”
മുഖമുയർത്താതെയാണ് അത്രയും പറഞ്ഞത്…
“ഇങ്ങനൊന്നും പറയല്ലേ സച്ചു.. പല വട്ടം ഓർത്തതാണ് നിന്നോടെങ്കിലും ഒന്ന് പറഞ്ഞാലോന്ന്… പക്ഷെ…”
ഇളം ചൂടുള്ള കണ്ണീർത്തുള്ളികൾ അടർന്നു കഴുത്തിന് മീതെ വീണപ്പോൾ ഞാൻ കണ്ണ് തുടച്ചു എഴുന്നേറ്റിരുന്നു…
“ആളൊരു ഇസ്ലാമാണ്. “
തല കുനിച്ചിരിയ്ക്കുന്ന ചേച്ചിയോട് എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…
“എന്ത് വന്നാലും അച്ഛൻ ഇതിന് സമ്മതിക്കില്ല മോളെ… ഇതെങ്ങാനും അവരറിഞ്ഞാലുള്ള അവസ്ഥ മോളൊന്നു ഓർത്തു നോക്ക്…”
ചേച്ചിയുടെ തേങ്ങൽ സ്വരം കാതിൽ പതിച്ചപ്പോൾ എനിയ്ക്ക് വല്ലായ്മ തോന്നി…
“പ്രണയം അവിചാരിതമായി സംഭവിച്ചു പോവുന്നതല്ലേ?? അതൊരിയ്ക്കലും ആരും തീരുമാനിച്ചുറപ്പിച്ച പോലെ സംഭവിയ്ക്കുന്നതല്ലല്ലോ… എനിയ്ക്കിനി വേറെ ഒരാളെ ചിന്തിയ്ക്കാൻ പോലും കഴിയില്ല…”
“ചേച്ചി വിഷമിയ്ക്കണ്ട… നമുക്കെങ്ങിനെയെങ്കിലും അച്ഛനെ പറഞ്ഞു സമ്മതിപ്പിയ്ക്കാം…”
“നടക്കില്ല മോളെ… ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളുള്ള ലോകത്താ നമ്മള് ജനിച്ചു പോയത്… ഇവിടെയാർക്കും മിശ്ര മതമെന്നു ചിന്തിയ്ക്കാൻ പോലും കഴിയില്ല… പറയാനൊക്കെ എല്ലാവരും പറയും.. മത സൗഹാർദത്തെ വാഴ്ത്തിപ്പാടി നടക്കും… പക്ഷെ സ്വന്തം കാര്യം വന്നാൽ എല്ലാരും സ്വാർത്ഥരാവും…
അമ്മയും അച്ഛനുമൊക്കെ പഴയ ആൾക്കാരല്ലേ… അവർക്കിതൊന്നും അംഗീകരിയ്ക്കാൻ കഴിയില്ല… ഒടുക്കം എല്ലാം എവിടെച്ചെന്നെത്തുമെന്നോർത്തിട്ടു എനിയ്ക്കൊരു രൂപവും കിട്ടുന്നില്ല…”
“ആൾടെ വീട്ടിൽ സമ്മതിയ്ക്കോ ഇത്??”
ചേച്ചി നിസ്സഹായതയോടെ ഇല്ലെന്നു തലയാട്ടി…
“ഫോട്ടോ കാണിയ്ക്ക്… നോക്കട്ടെ..”
ചേച്ചി കണ്ണ് തുടച്ചു ഫോണെടുത്തു..
സാമാന്യം കാണാൻ കൊള്ളാവുന്നൊരു ചെറുക്കന്റെ ഫോട്ടോയെടുത്തു എനിയ്ക്ക് തന്നു..
“എങ്ങനുണ്ട്??”
“മമ്.. കൊള്ളാം.. പേരെന്താ?? എവിടുന്നാ കണ്ടത്?? എന്ത് ചെയ്യുന്നു?? ഫുൾ ഡീറ്റയിൽസ് പറ…”
“അധ്യാപകനാണ്… എന്റെ സ്‌കൂളിൽ തന്നെ.. പേര് ഇഷാൻ…”
“ഓഹ്.. അപ്പോഴേയ്ക്കും കവിളൊക്കെ ചുവന്നു തുടുത്തല്ലോ..”
“പോടീ അവിടുന്ന്…”
ചേച്ചി ഫോൺ പിടിച്ചു വാങ്ങി…
“മതി നോക്കിയത്…”
“അപ്പൊ രണ്ടാളും അധ്യാപകർ… പിള്ളേരെ നേർവഴിയ്ക്ക് നടത്തേണ്ട ആൾക്കാരാ ഇങ്ങനെ…”
“പറ്റിപ്പോയെടി.. ഇനി നീ ഇതും പറഞ്ഞു കുത്തല്ലേ എന്നെ…”
സംസാരിച്ചിരുന്നു നേരം ഒരുപാട് കഴിഞ്ഞിട്ടാണ് ഉറങ്ങിയത്…
പിറ്റേന്നു ക്ലാസിൽ പോയില്ല… ചേച്ചിയ്ക്ക് ലീവായതുകൊണ്ടു ചേച്ചിയോടൊപ്പം ആളിനെ കാണാൻ പോയി…
“ഇതാണല്ലേ നമ്മുടെ കഥാനായിക…
സച്ചു… “
“എന്നെ അറിയോ മാഷിന്??”
“പിന്നെ അറിയാതെ.. ശ്രദ്ധയ്ക്ക് മോൾടെ കാര്യം പറയാനേ നേരമുള്ളു… കേട്ട് കേട്ട് ഇപ്പൊ കണ്ടത് പോലെ ആയി..”
ചേച്ചി എന്നെ നോക്കി കണ്ണിറുക്കി..
“എന്നെ മാഷ് എന്നൊന്നും വിളിയ്ക്കണ്ടാട്ടോ.. ഷാനുക്ക എന്ന് വിളിച്ചോള്ളൂ.. എനിയ്ക്കാതാണ് ഇഷ്ടം..”
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി…
“ഇനി ആദ്യായിട്ടു കണ്ടിട്ട് ഒന്നും തന്നില്ലെന്നു വേണ്ട…”
ഇക്ക പോക്കറ്റിൽ നിന്നും കിന്റർ ജോയ് പുറത്തെടുത്തു എനിയ്ക്ക് നേരെ നീട്ടി…
ഇനിയെന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ എന്നുള്ള അർത്ഥത്തിൽ ഞാൻ ചേച്ചിയെ ഇരുത്തിയൊന്നു നോക്കി..
ചേച്ചി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ മറ്റെവിടേക്കോ നോട്ടമയച്ചു നിൽക്കുന്നു…
വോൾട്ടേജ് മങ്ങിയ ഇളിഞ്ഞ ചിരിയോടെ അത് വാങ്ങുമ്പോൾ ഷനുക്ക അടക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു…
നന്നായൊന്നു ക്രോസ് വിസ്താരം ചെയ്ത് ആത്മാർത്ഥത ഉറപ്പു വരുത്തിയ ശേഷമാണ് തിരിച്ചു പോന്നത്…
കുറച്ചു നേരത്തെ സംസാരംകൊണ്ടു തന്നെ ആരെയും വശപ്പെടുത്താനുള്ള കഴിവുണ്ടെന്ന് തോന്നി..
ജാതിയെയും മതത്തെയും ഒരു ശാപമായി സൃഷ്ടിച്ചു മനുഷ്യനെ വേർത്തിരിച്ച പൂർവ്വികരോട് അടങ്ങാത്ത ദേഷ്യം തോന്നി…
എല്ലാരും ഒന്നായി ഒരു ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ടു ഒരേ വിശ്വാസത്തിനു കീഴിൽ ജീവിയ്ക്കുന്നൊരു ലോകം വന്നിരുന്നെങ്കിൽ!!
അങ്ങനെയെങ്കിൽ ഒരാൾക്കും സ്നേഹിച്ചയാളെ ഒരിയ്ക്കലും നഷ്ടപ്പെട്ടു പോവില്ലായിരുന്നു.. തമ്മിൽ തമ്മിൽ യാതൊരു തരത്തിലുള്ള വേർതിരിവുകളും ഉണ്ടാവില്ലായിരുന്നു..
അതെത്ര മനോഹരമായേനെ!!
ദിവസങ്ങൾ പതിയെ കൊഴിഞ്ഞു…
ചേച്ചിയുടെ പ്രണയവും എന്റെ കുരുത്തക്കേടുകളും ഞങ്ങളുടെ അമ്പലത്തിൽപ്പോക്കും ടൂഷനെടുപ്പുമെല്ലാം പഴയതിലും ബലത്തിൽ നടന്നുകൊണ്ടിരുന്നു…
ചേച്ചിയുടെ ഫോണിൽ നിന്നും ഇടക്കെല്ലാം ഞാനും ഷാനുക്കയോട് സംസാരിയ്ക്കാറുണ്ടായിരുന്നു…
അധികം ആർഭാടവും ബഹളവുമില്ലാത്ത പക്വമായ പ്രണയം!! ത്രിസന്ധ്യയും രാത്രിയും പോലെ.. ഇടക്കെല്ലാം എനിയ്ക്കവരോട് അസൂയ തോന്നാറുണ്ടായിരുന്നു…
ഒരിയ്ക്കൽ ക്ലാസ് വിട്ടു വന്നപ്പോൾ വീട്ടിൽ പരിചയമില്ലാത്ത ചില ആളുകളെ കണ്ടു…
സംശയത്തോടെ കയറി ചെന്നപ്പോൾ സോഫയിൽ പ്രായം ചെന്ന രണ്ടു പേരെ കണ്ടു… കൂടെ ഒരു ചെറുപ്പക്കാരനും…
“ഇത് ഇളയവളാ.. സാക്ഷ..”
അച്ഛൻ ചിരിച്ചുകൊണ്ട് എന്നെ അവർക്ക് പരിചയപ്പെടുത്തി.. ആരെയും മനസ്സിലായില്ലെങ്കിലും ഹൃദ്യമായൊരു ചിരി പകരം നൽകി ഞാൻ അടുക്കളയിലേക്ക് നടന്നു…
നിരത്തി വച്ച പാലഹാര പത്രങ്ങൾക്കരികിൽ വാടിയ മുഖത്തോടെ ഉടുത്തൊരുങ്ങി ചേച്ചി നിൽപ്പുണ്ട്…
“അതിലൊന്നും തൊടല്ലേ… ചേച്ചിയെ പെണ്ണ് കാണാൻ വന്നവർക്കുള്ളതാണ്.. അവര് പോയിട്ട് തരാം നിനക്ക്…”
ചായക്കപ്പുകൾ നിരത്തി വച്ച ട്രേ ചേച്ചിയ്ക്ക് നല്കുന്നതിനിടെ അമ്മ എന്നോടായി പറഞ്ഞു…
അന്തം വിട്ടു നോക്കി നിൽക്കുന്ന എന്നെ ദയനീയമായി നോക്കി ചേച്ചി മനസ്സില്ലാ മനസ്സോടെ അമ്മയെ അനുഗമിച്ചു…
പിറകെ ചെന്ന് അവിടെ നടക്കുന്നതെല്ലാം വീക്ഷിച്ചു നിൽക്കുന്ന എനിയ്ക്കരികിൽ വന്നു അമ്മ പതിയെ പറഞ്ഞു…
“നോക്കി പഠിച്ചോ.. ചേച്ചിയെ പറഞ്ഞു വിട്ടാൽ അടുത്തത് നിയാണ്…”
“ചേച്ചിയെ പറഞ്ഞു വിടാൻ പോവാണോ??”
ഞെട്ടൽ പുറത്തു കാണിയ്ക്കാതെ ഞാൻ ചോദിച്ചു…
“എന്തുകൊണ്ടും നല്ല ബന്ധമാ ഇത്.. ചെക്കൻ ബാങ്ക്മാനേജർ.. നല്ല കുടുംബം… ജാതകവും ചേരും… അവർക്ക് തമ്മിൽ ഇഷ്ടപ്പെട്ടാൽ നടത്താമെന്നാ അച്ഛൻ പറഞ്ഞത്…”
അമ്മയുടെ വാക്കുകളിൽ ചാരിദാർഥ്യം നിറഞ്ഞു…
പിന്നീടൊന്നും ചോദിയ്ക്കാൻ നിൽക്കാതെ ഞാൻ മുറിയിലേയ്ക്ക് ചെന്നു…
സമയം കടന്നു പോയി…
“സച്ചു… ചായ കുടിയ്ക്കാൻ വരൂ കുട്ടി…”
അമ്മയുടെ നീട്ടിയ വിളി കേട്ടപ്പോഴാണ് പുറത്തേയ്ക്ക് ചെന്നത്…
“അവര് പോയോ അമ്മെ?? “
“ആഹ് പോയി…”
“എന്തായി?? ചേച്ചിയെ ഇഷ്ടപ്പെട്ടോ??”
“പിന്നെ… ചേച്ചിയെ ആർക്കാ ഇഷ്ടപ്പെടതിരിയ്ക്കാ?? എന്റെ കുട്ടി സുന്ദരിയല്ലേ??”
ചേച്ചി നിറഞ്ഞ കണ്ണുകൾ ഉതിർന്നു വീഴാതിരിയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു…
“എന്റെ കുട്ടീടെ ഭാഗ്യാ ഈ ബന്ധം… വിവാഹം വേഗം വേണമെന്നാ അവർക്ക്… ആറു മാസത്തിനുള്ളിൽ നടത്തണമെന്ന്… അച്ഛനും എതിർപ്പൊന്നുമില്ല…”
മുറിയിലേയ്ക്ക് നടക്കുന്ന ചേച്ചിയുടെ പിറകെ ചായ ഗ്ലാസുമായി ഞാനും ചെന്നു…
“ചേച്ചിയ്ക്ക് പറയാരുന്നില്ലേ അയാളോട് വേറെ റിലേഷനുണ്ടെന്നു??”
“ഞാൻ പറഞ്ഞതാ മോളെ… റിലേഷനൊക്കെ എല്ലാർക്കുമുണ്ടാവും അയാൾക്കതൊന്നും കുഴപ്പമില്ലെന്നു..”
“അയ്യേ… അയാളെന്തു കിഴങ്ങനാ?? ഇമ്മാതിരി ചെക്കനെയൊന്നും നീ കെട്ടണ്ട ചേച്ചി… ഇഷ്ടപ്പെട്ടില്ലെന്നു പറ അച്ഛനോട്…”
“എല്ലാം തുറന്നു പറഞ്ഞാലോ എന്നാലോജിയ്ക്കാ ഞാൻ….”
ചേച്ചിയുടെ മുഖം വിഷാദപൂർണമായി..
“എന്ത് തുറന്ന് പറയുന്ന കാര്യാ രണ്ടാളും കൂടെ പറയണേ…”
അച്ഛൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് വന്നു..
“മോൾക്ക് ഇഷ്ടപ്പെട്ടില്ലേ ആ ചെക്കനെ?? നല്ല ജോലിയില്ലേ?? കാണാനും കൊള്ളാം.. പോരാത്തതിന് തറവാട്ടുകാരും…”
“അച്ഛാ… അത്… എനിയ്ക്ക്…”
“എന്താ മോളെ?? എന്താണെങ്കിലും പറഞ്ഞോ..”
“എനിയ്ക്ക്… വേറെ …ഒരാളെ ഇഷ്ടാ…”
ചേച്ചി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..
“ആരെ??”
അച്ഛന്റെ ശബ്ദത്തിൽ നേരിയ ഗൗരവം കലർന്നു…
“എന്റെ സ്‌കൂളിലെ തന്നെ മാഷാണ്.. “
“പേര്??”
“ഇ.. ഇഷാൻ…”
ചേച്ചി ആലില പോലെ നിന്ന് വിറച്ചു..
“ഇതെന്താ നേരത്തെ പറയാതിരുന്നത്??”
“അച്ഛാ… അത്… ഇഷാൻ.. ഇഷാൻ മുസ്ലിമാണ്….”
പറഞ്ഞവസാനിപ്പിച്ചതും മുഴങ്ങുന്ന ശബ്ദത്തിൽ അച്ഛന്റെ കൈത്തലം ചേച്ചിയുടെ കവിളിൽ പതിഞ്ഞു…
(തുടരും….)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission