ഫോൺ വച്ചു വണ്ടിയിലേക്ക് കയറാൻ നേരം എബി വന്നു മുതുകിൽ തട്ടി വിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ അവൻ പറഞ്ഞു “ഞാൻ ഡ്രൈവ് ചെയ്യാം നീ കുറച്ചു റെസ്റ്റ് എടുത്തോ..”
“വേണ്ടടാ ഞാൻ ഓടിച്ചോളാം “അതും പറഞ്ഞു ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് ചാരി ഇരുന്നു.. ”
എല്ലാവരും കയറി കഴിഞ്ഞു വണ്ടി എടുത്തു…
“ടാ പതുക്കെ പോയാൽ മതി “പ്രണവ് പറഞ്ഞു
“തിരക്ക് കുറവല്ലേ….നല്ലറോഡും “ഞാൻ പറഞ്ഞു
“എം ”
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ പാട്ടും കേട്ട് രണ്ടു പേരും കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു…
പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ എബിയുടെ ഫോൺ ബെല്ലടിച്ചു… അവൻ എവിടെ എത്തി എന്നുള്ള വിവരം ഒക്കെ പറയുന്നത് കേട്ടു…
കാൾ കട്ട് ആയി.
രാഹുൽ ആയിരിക്കും എന്ന് കരുതി..
“ടാ നീ ഹോസ്റ്റലിൽ കയറുന്നുണ്ടോ? “എന്നെ നോക്കി എബി ചോദിച്ചു.
“എം ഒൻപതു മണിക്ക് മുൻപ് എത്തിയാൽ ”
“നിനക്ക് അവിടെ ആരെ കാണാൻ ആണ്? ”
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല
“രണ്ടു വള്ളത്തിൽ കാലുറപ്പിച്ചു പോകാൻ ആകില്ലല്ലോ? “”ആരോടെന്നു ഇല്ലാതെ എബി പറഞ്ഞു.
അന്ന ആയിരിക്കും വിളിച്ചത് എന്നു എനിക്ക് മനസിലായി…
ഇത്രയ്ക്ക് ചീറി പാഞ്ഞു പോയി കാണാൻ ഉള്ളവരൊന്നും നിനക്ക് അവിടെ ഇല്ലല്ലോ…
എബി പിന്നെയും ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു……
പിന്നീട് രണ്ടു പേരും ഒന്നും മിണ്ടിയില്ല….
അപ്പോൾ എബി എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് എനിക്ക് മനസിലാകുമായിരുന്നു.. അതുകൊണ്ട് ഒന്നും മിണ്ടിയില്ല…. അതിലെല്ലാം ഉപരി ആയി എത്രയും പെട്ടന്ന് അവിടെ എത്തണം എന്നു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…. അത്രയും ആഗ്രഹം അവളെ ഒന്ന് കാണാൻ…. അതിനിടക്ക് അവൻ പറയുന്നത് ഒന്നും എനിക്ക് പ്രശനമായി തോന്നിയില്ല…. ഏകദേശം എട്ടു മണി കഴിഞ്ഞപ്പോൾ കോളേജ് ഹോസ്റ്റലിന്റെ മുന്നിൽ എത്തി….
ഫോൺ എടുത്തു മിത്രയുടെ നമ്പർ ഡയൽ ചെയ്തു….. ഒന്ന് രണ്ടു ബെല്ലുകൾക്ക് ശേഷം ഫോൺ അറ്റൻഡ് ചെയ്തു
എടുത്ത പാടെ അവൾ ചോദിച്ചു
“എത്യോ? ”
“എത്തി ഗേറ്റിനു മുന്നിൽ ഉണ്ട്. ”
“ദ വരുന്നേ… “അതും പറഞ്ഞു അവൾ ഫോൺ വച്ചു.
ഗേറ്റിന്റെ അഴികളിലൂടെ അകത്തേക്ക് നോക്കി നിന്നു…
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഹോസ്റ്റൽ വാതിലിന്റെ ഗ്രിൽ വലിച്ചു തുറന്നു വാർഡൻ വന്നു അവർ പുറത്തു വന്നു ആരെയോ വിളിച്ചു..അപ്പോൾ ഒരു സെക്യൂരിറ്റി വന്നു അവരോടു സംസാരിച്ചു..അയാൾ വന്നു ഗേറ്റ് തുറന്നു തന്നു.
രണ്ടുപേർ മാത്രം അകത്തു വന്നാൽ മതി… സെക്യൂരിറ്റി പറഞ്ഞു. പ്രണവിനെ കാറിൽ ഇരുത്തി ഞങ്ങൾ അകത്തേക്ക് പോയി…. ഞങ്ങളെ കണ്ടു മിത്രയും അന്നയും ഇറങ്ങി വന്നു മൂന്നുനാലു പടിക്കെട്ടുകൾ ഇറങ്ങി വേണം മുറ്റത്തു എത്താൻ.
മിത്ര സാവധാനം പടിക്കെട്ടുകൾ ഇറങ്ങി… പിങ്ക് കളറിൽ ചെറിയ വെള്ളപ്പൂക്കലും, വെള്ള പാന്റിൽ പിങ്ക് പൂക്കൾ ഉള്ള ഒരു നൈറ്റ് ഡ്രെസ്സ് ആയിരുന്നു വേഷം നീളമുള്ള മുടി പിന്നി കെട്ടിയതു മുൻവശത്തു കിടക്കുന്നു. കയ്യിൽ ഒരു പാക്കറ്റുമായി അവൾ എന്റെ അടുത്തേക്ക് വന്നു. അന്ന എബിയുടെ അടുത്തേക്ക് പോയി.. അവൾ അവനെ ഗേറ്റിന്റെ അവിടെ വരെ പിടിച്ചു കൊണ്ടു പോയി…
“ആകെ പത്തുമിനിറ്റ് ആണ് സമയം ഇതു തന്നെ സമ്മതിക്കുന്നത് അല്ല.. പിന്നെ അന്ന എന്തൊക്കെയോ പറഞ്ഞു സങ്കടിപ്പിച്ചതാണ് “മിത്ര പറഞ്ഞു
“പത്തു മിനിറ്റ് മതി… ”
അവൾ കൈയിൽ ഇരുന്ന പാക്കറ്റ് എനിക്ക് നേരെ നീട്ടി..
“ഇതു എന്താ… ”
“അന്ന് കടയിൽ കയറിയപ്പോൾ ഏട്ടന് വാങ്ങിയതാ… വന്നപ്പോൾ അതുകൂടി കൊണ്ടു വന്നു… അളവ് അറിയില്ല ഇട്ടുനോക്ക് പാകം ആണോന്നു ”
വിവാഹത്തിന് ശേഷം മുഖത്തോട് മുഖം നോക്കി ഞങ്ങൾ സംസാരിച്ചത് അപൂർവം ആയിരുന്നു. ഇന്ന് എന്തോ അവൾ അടുത്ത് നിന്നപ്പോൾ ഒരു പ്രത്യേക അനുഭൂതി എന്നെ വലയം ചെയ്യുന്നത് പോലെ തോന്നി… അവൾ മുഖം ഉയർത്തി എന്നെ തന്നെ നോക്കി നിൽക്കുന്നു
“ഇപ്പോൾ തന്നെ നോക്കണോ, പാകം ആണോന്ന്? ”
“ആയ്യോ!!വേണ്ട വീട്ടിൽ പോയിട്ട് മതി ”
വെളുത്തു മെലിഞ്ഞു നീളമുള്ള കൈകൾ…. എന്റെ തോളൊപ്പം പൊക്കം ടി ഷർട്ട് കഴുത്തു മൂടി കിടക്കുന്നു. ഞാൻ മിത്രയെ ആകമാനം ഒന്ന് നോക്കി ഇന്നലെ വരെ ഞാൻ കണ്ടതുപോലെ അല്ല അവൾ എന്നൊരു തോന്നൽ മനസ്സിൽ….
“ഈ ആഴ്ച വരുന്നുണ്ടോ താൻ? ”
“ഇല്ല, ഇന്നലെ വന്നത് അല്ലേ ഉള്ളൂ… അടുത്ത ആഴ്ച വരാം ”
“വരുന്നെങ്കിൽ വാ… ഇപ്പോൾ തന്നെ പോകാം ”
അവൾ എന്നെ സൂക്ഷിച്ചു നോക്കി… ചെറുതായി പുഞ്ചിരിച്ചു.
“ഫുഡ് കഴിച്ചോ “അവൾ ചോദിച്ചു
“ഇല്ല വിട്ടു പോരുക ആയിരുന്നു ഇനി എവിടെ നിന്നെകിലും കഴിക്കണം ”
“താൻ കഴിച്ചില്ലേ? ”
“കഴിച്ചു ”
“ഇതു താൻ എനിക്ക് വേണ്ടി തന്നെ വാങ്ങിയത് ആണോ? ”
“അതേ ”
അപ്പോഴേക്കും വാർഡൻ വാതുക്കൽ എത്തി നോക്കി….
അതുകണ്ടു മിത്ര പറഞ്ഞു സമയം ആയി എന്ന് തോന്നുന്നു.
അവൾ തിരിഞ്ഞു അന്നയെ നോക്കി അവർ രണ്ടും കൂടി സീരിയസ് ആയി സംസാരിച്ചു കൊണ്ടു നിൽക്കുന്ന കണ്ടു…
“അന്ന….. “അന്ന തിരിഞ്ഞു നോക്കി അവളെ നോക്കി സമയമായി എന്ന് കാണിച്ചു…
തിരിഞ്ഞു എന്നെ നോക്കി പറഞ്ഞു “പോട്ടെ…. ”
“അന്ന് ആദ്യമായി സമയയത്തിന് വേഗത കൂടുതൽ ആണെന്ന് തോന്നി…. ഞാൻ വാച്ചിലേക്ക് നോക്കി പത്തു മിനിറ്റ് ആയിരിക്കുന്നു അതിനിടക്ക് പത്തുമിനിറ് ആയോ ? വിശ്വാസം വരാതെ ഞാൻ വീണ്ടും വാച്ചിലേക്ക് നോക്കി
മിത്ര പതുക്കെ ചിരിച്ചു കൊണ്ടു അന്നയുടെ അടുത്തേക്ക് നടന്നു ഞാനും അവളുടെ കൂടെ നടന്നു
അന്നയുടെ അടുത്ത് ചെന്നപ്പോഴേക്കും അവർ സംസാരം നിർത്തി ഞങ്ങളെ നോക്കി
“വാ അന്ന സമയം കഴിഞ്ഞു.. വാർഡൻ നോക്കുന്നു “മിത്ര പറഞ്ഞു..
അവൾ എബിയെ നോക്കി യാത്ര പറഞ്ഞു, മിത്രയുടെ അടുത്തേക്ക് വന്നു ചേർന്നു നിന്നു.. ഞാൻ മുന്നോട്ട് നടന്നു ഗേറ്റിന്റെ അടുത്തേക്ക് പോയി. പുറകെ എബിയും വന്നു. ഗേറ്റ് കടന്നതും സെക്യൂരിറ്റി വന്നു ഗേറ്റ് അടച്ചു.
ഞാൻ തിരിഞ്ഞു നോക്കി മിത്ര അവിടെ തന്നെ നിൽപ്പുണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു… അവളും തിരിച്ചു പുഞ്ചിരിച്ചു. ഞാൻ പോട്ടെ എന്ന് തല ചലിപ്പിച്ചു ചോദിച്ചു.. അവളും തലയാട്ടി സമ്മതം തന്നു വലതു കൈ ചെറുതായി വീശി കാണിച്ചു..
ഞങ്ങൾ കാറിൽ കയറിയപ്പോഴേക്കും അവർ തിരിഞ്ഞു നടന്നു തുടങ്ങി…
വണ്ടി മുന്നോട്ട് പോകും തോറും ഇഷ്ടമുള്ളതു എന്തോ ഉള്ളിൽ നിന്നു നഷ്ട്ടപെട്ടു പോകുന്നു എന്ന് ഒരു തോന്നൽ. ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ… “”എന്റെ ഉള്ളിൽ ഉള്ള എന്തോ ഒന്ന് തേടി നടന്നത് നിന്നെ ആയിരുന്നു….. അത് എന്താണെന്ന് നീ എനിക്ക് പറഞ്ഞു തരണം “”
മ്യൂസിക് പ്ലയെറിൽ നിന്നു അപ്പോൾ ഒരു ഗാനം ഒഴുകി വന്നു “”ഹൃദയ സരസിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ…… ”
കുറെ നേരം കൂടി ഓടി കഴിഞ്ഞു അടുത്ത് കണ്ട ഒരു തട്ടുകടയ്ക്ക് സമീപം വണ്ടി നിർത്തി ഇറങ്ങി….
അവിടെ നിന്നു ഭക്ഷണം ഒക്കെ കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു ആണ് പിന്നീട് യാത്ര തുടങ്ങിയത്…
പിന്നേടു ഉള്ള യാത്രയിൽ എബിയും പ്രണവും മാറി മാറി ഡ്രൈവ് ചെയ്തു… ഞാൻ പുറകിൽ കിടന്നു കണ്ണുകൾ അടച്ചു. കണ്ണിൽ കാണാൻ കൊതിക്കുന്ന കാഴ്ചകൾ കാണിച്ചു തരാൻ പ്രാർത്ഥിച്ചു കൊണ്ടു കണ്ണുകൾ അടച്ചു.
വെളുപ്പിന് അഞ്ചു മണിയോട് കൂടി ഫ്ലാറ്റിൽ എത്തി. അപ്പോൾ അവന്മാർ വിളിച്ചപ്പോൾ ആണ് ഉണർന്നത്. അതുവരെ ഉറങ്ങി.
അവിടെ എത്തി എല്ലാവരും കിടന്നു ഉറങ്ങി… അന്ന് പതിനൊന്നു മണിക്ക് ഉള്ള ഷിഫ്റ്റിനു ആണ് കയറിയത്….
രണ്ടു ദിവസം വളരെ തിരക്ക് ഉള്ള ദിവസങ്ങൾ ആയിരുന്നു….
ദിവസം ഒരു പ്രാവിശ്യം എപ്പോഴായാലും മിത്രയോടു സംസാരിക്കും… അന്നത്തെ വിശേഷങ്ങൾ ചോദിക്കുകയോ പറയുകയോ ചെയ്തു വയ്ക്കും. അവൾ അധികം സംസാരിക്കാൻ ശ്രമിച്ചില്ല. തല്ക്കാലം അങ്ങനെ പോട്ടെ എന്നു കരുതി.
അഭിലാഷ് വിളിച്ചു ഞായറാഴ്ച കാണാം എന്നു പറഞ്ഞിട്ടുണ്ട്…. അത് അറിയാൻ ഉള്ള ഒരു ആകാംഷയും വാശിയും ഒക്കെ തോന്നി….
സൺഡേ ഓഫ് ആയത് കൊണ്ടു ശനിയാഴ്ച എട്ടു മണി വരെ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു… എല്ലാം കഴിഞ്ഞു ഇറങ്ങാൻ ഉള്ള തയ്യാർഎടുപ്പിൽ നിൽക്കുമ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്
പരിചയം ഉള്ള നമ്പർ ആയിരുന്നില്ല.. ഒരു ലാൻഡ് ലൈൻ നമ്പർ…. ആദ്യം ഫോൺ ഫുൾ ബെല്ലടിച്ചു നിന്നു. അപ്പോഴേക്കും ബാഗും എടുത്തു പഞ്ചു ചെയ്തു ഇറങ്ങി…. ലിഫ്റ്റിൽ കയറിയപ്പോൾ ഫോൺ പിന്നെയും വന്നു…. ലിഫ്റ്റ് ഇറങ്ങി പാർക്കിംഗ് ഗ്രൗണ്ടിൽ ചെന്നു ബൈക്കിൽ കയറി ഇരുന്നിട്ട് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
ഒന്ന് രണ്ടു ബെൽ അടിച് കഴിഞ്ഞു ഫോൺ എടുത്തു…. ഒരു പുരുഷ സ്വരം കാതിൽ വന്നു വീണു…. എവിടെയോ കേട്ട് പരിചയം ഉള്ള ആ ശബ്ദം ഓർത്തു എടുക്കാൻ ഒരു ശ്രമം നടത്തി……… (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക