Skip to content

വേഴാമ്പൽ – പാർട്ട്‌ 33

vezhamabal free malayalam novel online from aksharathalukal

വാതിലിൽ അച്ഛൻ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….

“പോകാം “അതും പറഞ്ഞു അച്ഛൻ മുന്നേ നടന്നു അച്ഛന്റെ പുറകെ ഇടവഴികളിലൂടെ നടന്നു വെളിയിൽ വന്നു പുറത്തുള്ള റോഡിൽ അച്ഛനും അമ്മയും വിവേകും കാത്തു നിൽക്കുന്നു…..

അമ്മ എന്നെ കണ്ടതും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു

“ഒന്നുമില്ല മോളെ…..ഒക്കെ ഭേദം ആകും.. ”

“ബാലൻ വീട്ടിലേക്ക് പോകുന്നോ ഇല്ലെങ്കിൽ നമ്മുക്ക് വീട്ടിലേക്ക് പോകാം “അച്ഛൻ പറഞ്ഞു

“വേണ്ട സാറെ ഞങ്ങൾ വീട്ടിലേക്ക് പോകുവാ… രാവിലെ വരണം ”

“ബാലാ എന്ത് ആവിശ്യം ഉണ്ടെങ്കിലും നീ വിളിക്കണം എപ്പോൾ ആയാലും ”

“വിളിക്കാം ”

“എന്നാൽ ഞങ്ങൾ പോട്ടെ ബാലാ ”

“എം ”

“മോൾ വരുന്നോ? ”

“ഇല്ലച്ഛാ വീട്ടിലേക്ക് പോകാം ”

“എം ”

പോട്ടെ ഏട്ടത്തി നാളെ രാവിലെ വരാം…. ഏട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഏട്ടൻ വിളിച്ചിട്ട് ഏട്ടത്തിയെ കിട്ടുന്നില്ല എന്ന് പറഞ്ഞു “വിവേക് പറഞ്ഞു

“എം ഫോൺ ബാഗിൽ എവിടെയോ ആണ്… ”

“അത് സാരമില്ല ഏട്ടത്തി ഞാൻ പറഞ്ഞോളാം. പറ്റുമെങ്കിൽ ഏട്ടത്തി വീട്ടിൽ ചെന്നിട്ട് ഒരു മെസ്സേജ് എങ്കിലും അയക്ക് ”

“എം ”

അച്ഛനും അമ്മയും കയറിയ വണ്ടി ഞങ്ങൾക്ക് മുന്നിലൂടെ പോയി

“വാ ”

ഞാൻ അച്ഛന്റെ പുറകെ നടന്നു…. പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വണ്ടി എടുത്തു കൊണ്ടു വന്നു…..

വീട്ടിലേക്ക് ഉള്ള യാത്രയിൽ അച്ഛൻ മൗനം പാലിച്ചു….

വീട്ടിൽ വന്നു ആദ്യം അവിടെ എല്ലാം ആകമാനം ഒന്ന് നോക്കി…. എവിടെയൊക്കെയോ ചെറിയമ്മ ഒരു മായ പോലെ മാഞ്ഞു പോകുന്നു……

അടുക്കളയിൽ ചെന്നു നോക്കി….. ആശുപത്രിയിൽ പോകുമ്പോൾ ഉണ്ടാക്കിയ ഇഡ്ഡലി സാമ്പാറും പാത്രത്തിൽ മൂടി വച്ചിരിക്കുന്നു…

ഇന്നലെ വരെ ഇവിടുത്തെ ഓരോ അണുവിക്കും ചെറിയമ്മയുടെ നിശ്വാസം ഉണ്ടായിരുന്നു…. ഒരു പക്ഷേ ഇപ്പോൾ ആദ്യമായി ആയിരിക്കും ചെറിയമ്മ ഇല്ലാതെ ഈ വീട് ഉറങ്ങുന്നത്… തീ കൂട്ടാതെ ഈ അടുക്കള ഒരു ദിവസം തള്ളി നീക്കിയത്…..

അടുക്കളയിൽ നിന്നു ഇറങ്ങി മുറിയിൽ പോയി…. വേഷം മാറി പല്ല് തേച്ചു കുളിച്ചു…. അടുക്കളയിൽ വന്നു പഴയ സാധനങ്ങൾ എല്ലാം എടുത്തു പുറത്തു കളഞ്ഞു പാത്രം കഴുകി വച്ചു… കുറച്ചു അരി എടുത്തു കുക്കറിൽ വച്ചു കഞ്ഞി വയ്ക്കാൻ…..

ചെറിയമ്മ ഒരിക്കൽ പോലും ഒരു നേരം വിശക്കുന്നു എന്ന് പറഞ്ഞു ഇരുന്നു ആഹാരം കഴിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല.. എപ്പോഴും ലെച്ചുവോ ഞാനോ അച്ഛനോ ഒക്കെ കഴിച്ച പ്ലേറ്റിൽ മിച്ചം ഉള്ളതിന്റെ കൂടെ ഒരു പിടി കൂടി ഇട്ടു കഴിക്കും…. അതുകൊണ്ട് തന്നെ ഞാൻ പ്ലേറ്റിൽ മിച്ചം വയ്ക്കാറില്ല. ലെച്ചു കൊത്തി പെറുക്കി എല്ലാം മിച്ചം വയ്ക്കും…..

വീട് എല്ലാം ചെറുതായി ഒന്ന് വിര്ത്തി ആക്കി…. അലക്കാൻ ഉണ്ടായിരുന്ന തുണി എല്ലാം അലക്കി ഇട്ടു…. അപ്പോഴേക്കും കഞ്ഞി പാകം ആയി….

റൂമിൽ വന്നു ബാഗ് അടുത്തു അതിൽ നിന്നും ഫോൺ എടുത്തു അതിൽ ചാർജ് ഉണ്ടായിരുന്നില്ല…. അത് ചാർജിൽ ഇട്ടു….

അച്ഛനെ കഞ്ഞി കുടിക്കാൻ പോയി വിളിച്ചു…..

നീല അടപ്പുള്ള ബക്കറ്റിൽ നിന്നും പപ്പടം എടുത്തു പൊള്ളിച്ചു…. അലമാരയിൽ നിന്നു അച്ചാർ ഭരണി എടുത്തു കുറച്ചു ഒരു പ്ലേറ്റിലേക്ക് മാറ്റി… ഒക്കെ കരുതി വച്ചിരിക്കുന്നു….. മക്കൾക്കും ഭർത്താവിനും ഇഷ്ട്ട പെട്ടത് വേറെ വേറെ. ഒരിക്കൽ എങ്കിലും സ്വന്തം ഇഷ്ടം എന്തു എന്ന് നോക്കിയിട്ടുണ്ടോ ആ പാവം…. ”

നമ്മൾ വേദനിക്കാൻ, അല്ലെങ്കിൽ വേദനിപ്പിക്കാൻ ഉള്ള ഏറ്റവും നല്ല വഴി പ്രിയപ്പെട്ടവരുടെ വേദന കൺമുന്നിൽ കാണുന്നത് ആണ് ….. ആശ്വാസം കൊടുക്കാൻ പോലും കഴിയാതെ നിസ്സഹയായി അത് നോക്കി നിൽക്കേണ്ടി വരുമ്പോഴാണ്..

അച്ഛന് പ്ലേറ്റിലേക്ക് കഞ്ഞി വിളമ്പി കൊടുത്തു…

“മോളും ഇരിക്ക്.. ഇന്ന് ഒന്നും കഴിച്ചില്ലല്ലോ? ”

“ഞാൻ കഴിച്ചോളാം അച്ഛൻ കഴിക്ക്”

“മോൾ കൂടെ ഇരിക്ക്… വിശപ്പിനു വേണ്ടി കഴിക്കുന്നത്‌ ആണ്.. അതിനു തന്നെ വയ്യ. ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലേ വാ നമുക്ക് ഒരുമിച്ചു കഴിക്കാം ”

ഞാനും ഒരു പ്ലേറ്റിൽ കഞ്ഞിയുമായി അച്ഛന്റെ അടുത്ത് ഇരുന്നു

“നാളെ അവിടുത്തെ ആവിശ്യങ്ങൾ ഒക്കെ കഴിഞ്ഞു ഞാൻ ഓഫീസിൽ പോയി വരാം.. ലീവ് കൊടുക്കണ്ടേ? ”

“എം ”

“മോൾ രാവിലെ വരുന്നുണ്ടോ? ”

“ഉണ്ട് ”

കോരുന്ന കഞ്ഞി മുഴുവൻ അച്ഛൻ കുടിക്കുന്നില്ല… വെറുതെ കോരി വാ വരെ കൊണ്ടുപോയി തിരികെ വരും

“അവൾക്ക് ഭക്ഷണം വല്ലതും കൊടുത്തോ? ”

“കൊടുത്തു എന്നാണ് പറഞ്ഞത് ”

“കഴിച്ചിട്ടുണ്ടാകും അല്ലേ….? ”

“എം ”

“ഇന്നലെ വരെ അവൾ കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല…. കഴിക്കും
എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു…. ഇന്ന് അവൾ കഴിച്ചോ ഇല്ലയോ എന്ന് അറിയാഞ്ഞിട്ടു ഒരു വെപ്രാളം…..തൊണ്ടയ്ക്ക് താഴോട്ട് ഇറങ്ങുന്നില്ല…. ”

അച്ഛനെ അത്രയും സങ്കടപ്പെട്ട് ഞാൻ കണ്ടിട്ടില്ല……

അച്ഛൻ സ്‌പൂൺ തിരികെ പ്ലേറ്റിൽ ഇട്ടു…. മതി മോളെഇറങ്ങുന്നില്ല….. ”

“അച്ഛൻ പതുക്കെ എഴുനേറ്റു പോയി….”

ഞാനും എഴുനേറ്റു….. കഴുകി വച്ചു മുറിയിലേക്ക് പോയി…

ഫോൺ എടുത്തു നോക്കി.. ഏട്ടൻ വിളിച്ചിട്ടുണ്ട്….. തിരികെ വിളിച്ചു… ഏകദേശം ബെൽ തീരാറായപ്പോഴേക്കും ഫോൺ എടുത്തു

“മിത്രാ…….. ”

“എം ”

“ഹോസ്പിറ്റലിൽ ആണോ ? ”

“അല്ല വീട്ടിൽ വന്നു. അവിടെ ആരെയും നിർത്തില്ല ”

“അമ്മയ്ക്ക് എങ്ങനെ ഉണ്ട് ”

“അതുപോലെ ഡോക്ടർ ഒന്നും പറഞ്ഞില്ല ”

“എം എന്തു ആവിശ്യം ഉണ്ടെങ്കിലും വിവേകിനെയോ എബിയോ വിളിക്കണം….. ”

“എം ”

“താൻ എന്താടോ ഒന്നും മിണ്ടാത്തത്….. കഴിയുന്നതും വേഗം ഞാനും വരാം ”

“എം ”

“മിത്രാ……. എന്താടോ താൻ എന്തെന്കികും ഒന്ന് പറഞ്ഞുകൂടെ…രാവിലെ മുതൽ തന്നെ വിളിച്ചിട്ട് കിട്ടാതെ ഞാനും ഇവിടെ കിടന്നു ഉരുകുവാ…. ഇപ്പോഴെങ്കിലും നിനക്ക് ഒന്ന് മിണ്ടിക്കൂടെ….. മനസ്സിൽ ഉള്ള വിഷമം ആരോടെങ്കിലും പങ്കു വച്ചു കൂടെ നിനക്ക്….. ”

“ഒന്നുമില്ല ഏട്ടാ…. മനസ്സിൽ സങ്കടം ആണോ മരവിപ്പ് ആണോ ഒന്നും തിരിച്ചറിയാൻ വയ്യ….പിന്നെ എനിക്കുള്ളത് എന്തോ എനിക്ക് എവിടെയോ മറഞ്ഞിരിക്കുന്നതു പോലെ.. അതൊക്കെ എങ്ങനെ പറയും….. എനിക്ക് അറിയില്ല… പങ്കു വച്ചാൽ തീരുന്നതു അല്ല അതൊന്നും… ”

“മിത്രാ….. താൻ കൂടി തളർന്നു പോകരുത്.. ഞാനും വരാം എത്രയും പെട്ടന്ന്…. “നീ കേൾക്കുന്നുണ്ടോ? ”

“എം ”

“ലെച്ചുവിനോട് പറഞ്ഞോ? ”

“ഇല്ല….. വയറു വേദന ആയിട്ട് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു… ഇന്നലെ അവൾ അമ്മയോട് സംസാരിച്ചിരുന്നു.. ”

“സമാധാനത്തോടെ കുറച്ചു നേരം കിടക്ക്….. ഞാനും ഉടനെ വരാം ”

“എം ”

ഫോൺ കട്ട് ചെയ്തു… കട്ടിലിൽ ഇരുന്നു പതുക്കെ കിടന്നു കണ്ണുകൾ അടച്ചു. എങ്ങനെ ഒക്കെ കിടന്നിട്ടും ഉറക്കം വരുന്നില്ല….

കുറെ നേരം എഴുനേറ്റ് ഇരുന്നു….. കതക് തുറന്നു പുറത്തു വന്നു അച്ഛന്റെ മുറിയിൽ പോയി നോക്കി അച്ഛനെ കണ്ടില്ല…. വാതിൽ തുറന്നു കിടക്കുന്നതു കണ്ടു…. അങ്ങോട്ട്‌ ചെന്നു നോക്കി…. അച്ഛൻ പുറത്തു കസേരയിൽ ഇരുപ്പുണ്ട്, കണ്ണീർ ഒഴുകി ഒലിച്ച പാടുകൾ കാണാം… ”

ഞാനും അകത്തേക്ക് പോന്നു….. കുറെ നേരം കൂടി അങ്ങനെ ഇരുന്നു….. എപ്പോഴോ അങ്ങനെ ഇരുന്നു തന്നെ ഉറങ്ങി…..

അച്ഛൻ വന്നു വിളിച്ചപ്പോൾ ആണ് എഴുനേറ്റത്….

പെട്ടന്ന് കുളിച്ചു ഗോതമ്പു മാവിൽ കുറച്ചു ദോശയും ചമ്മന്തി യും ഉണ്ടാക്കി…

അച്ഛൻ കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു…… “അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കാൻ ഉള്ളത് ആണ് എന്തെങ്കിലും കഴിച്ചില്ലെങ്കിൽ അച്ഛനും പാതി വഴിയിൽ വീണു പോകും…. ഞാൻ മാത്രമേ ഉള്ളൂ..അച്ഛന് രണ്ടു പെണ്ണ് കുട്ടികൾ ആണ്….

അച്ഛൻ മിണ്ടാതെ അത് മുഴുവൻ കഴിച്ചു….

പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലിലേക്ക് പോയി അവിടെ ചെന്നപ്പോൾ വിവേകും എബിച്ചനും പ്രണവും എല്ലാവരും ഞങ്ങളെ കാത്തു ആശുപത്രി മുറ്റത്തു ഉണ്ടായിരുന്നു രണ്ടു പേർക്ക് മാത്രം ആണ് പ്രവേശനം

നിങ്ങൾ അകത്തു പൊയ്ക്കോ…. അങ്കിൾ വിളിച്ചാൽ മതി ഞങ്ങൾ പുറത്തു ഉണ്ടാകും…..

അച്ഛനും ഞാനും അകത്തേക്ക് പോയി…..

വരാന്തയിൽ കാത്തിരുന്നു….

ശ്രീലേഖ യുടെ കൂടെ ഉള്ളത് ആരാ?

ഞാനും അച്ഛനും സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു….

ഡോക്ടർ റൂമിൽ വരുമ്പോൾ സംസാരിക്കും…. എങ്ങും പോകരുത് ഇവിടെ ഉണ്ടാകണം ”

“എം ”

ഞങ്ങൾ അവിടെ കാത്തിരുന്നു…. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ആണ് ഡോക്ടർ വിളിപ്പിച്ചത്…

ഡോക്ടറുടെ മുന്നിൽ ഉള്ള കസേരയിൽ ഞങ്ങൾ ഇരുന്നു….

“റിപ്പോർട്ട്‌ ഞാൻ കണ്ടു കുറച്ചു അഡ്വാൻസ് സ്റ്റേജ് ആണ്…. കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ട്….. “സർജ്ജറി ചെയ്യുന്നത് പോസ്സിബിൾ അല്ല…. പിന്നെ കീമോ സ്റ്റാർട്ട്‌ ചെയ്യാം
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കീമോ ചെയ്യുമ്പോൾ ബോഡി അതിനോട് ഏത്‌ വിധത്തിൽ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല…. അപ്പോൾ ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്…. അതുകൊണ്ട് എല്ലാം സമ്മതിച്ചു കൊണ്ടു പേപ്പർ സൈൻ ചെയ്തു കൊടുക്കണം ”

“ഡോക്ടർ കീമോ കഴിഞ്ഞാൽ അസുഖം മാറുമോ.. ”

“മുഴുവൻ കീമോയും കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തു നോക്കുമ്പോൾ പോസിറ്റീവ് ആയാൽ തല്ക്കാലം രോഗം മാറി എന്ന് പറയാം….പക്ഷേ രോഗി ഈ കീമോ മുഴുവൻ തരണം ചെയ്യണം. അത് ചെയ്യുന്ന സമയത്ത് പ്രതിരോധശേഷി ഒരുപാടു കുറഞ്ഞു പോകും അപ്പോൾ ഒരു പനി വന്നാൽ കൂടി പ്രതിരോധിക്കാൻ കഴിയില്ല.. അതുകൊണ്ട് പ്രാർത്ഥിക്കുക… അവർക്ക് ഉള്ളിൽ ആത്മവിശ്വാസം കൊടുക്കുക അതാണ് വേണ്ടത്….. ”

“അവളെ തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ലേ ഡോക്ടർ ”

“തീർച്ചയായും മിസ്റ്റർ ബാലചന്ദ്രൻ ”
എന്നാൽ ഇതു ഒരു ഉറപ്പായി കാണണ്ട….. എന്തും സംഭവിക്കാം നമ്മൾ നല്ലത് മാത്രം ചിന്തിക്കുക ”

“എം ശരി ഡോക്ടർ ഒന്ന് കണ്ടോട്ടെ… ”

“എം സിസ്റ്ററിനോട് പറയാം പുറത്തു വെയിറ്റ് ചെയ്യൂ ”

അച്ഛൻ പതുക്കെ എഴുനേറ്റു.. എന്നെ നോക്കി ഞാൻ അച്ഛനെ നോക്കിയപ്പോഴേക്കും
കണ്ണുകൾ നിറഞ്ഞു ഒഴുകി അച്ഛന്റെ കാഴ്ച്ച മറച്ചു…കാലുകൾ അനങ്ങുന്നില്ല.. വല്ലാത്ത ഭാരം.. ഞാൻ അച്ഛനെ വിളിച്ചു…

അച്ഛാ……. ”

“എന്താ മോളെ……. ”

“ഒന്ന് പിടിക്ക് അച്ഛാ എഴുനേൽക്കാൻ പറ്റുന്നില്ല ”

അച്ഛൻ ഓടി വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു പതുക്കെ നടത്തിച്ചു…. പുറത്തുള്ള കസേരയിൽ കൊണ്ടിരുത്തി….

കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു അകത്തേക്ക് വിളിച്ചു
ഞാനും അച്ഛനും അകത്തേക്ക് ചെന്നു

ഇന്നലെ വന്ന ഓർമയിൽ ഞാൻ അമ്മയുടെ കട്ടിലിനു നേർക്ക് നടന്നു…..

കട്ടിലിൽ കണ്ണുകൾ അടച്ചു അമ്മ കിടക്കുന്നു….. രണ്ടു കയ്യിലും ട്രിപ്പ്‌ ഇന്നലത്തേക്കാൾ ഒരുപാടു ഷീണിച്ചതു പോലെ തോന്നി

ഞാൻ ചെന്നു അടുത്ത് നിന്നു വിളിച്ചു

“അമ്മേ.. ”

പതുക്കെ കണ്ണുകൾ തുറന്നു

മോൾ വന്നോ? പോകാറായോ എന്ന് ഡോക്ടറോട് ഒന്ന് ചോദിക്ക് മോളെ ഇവിടെ കിടന്നിട്ട് എനിക്ക് അസുഖം കൂടുന്നതെ ഉള്ളൂ… നമുക്ക് വീട്ടിൽ പോകാം ”
അപ്പോഴാണ് അച്ഛനെ കണ്ടത്

“ആ അച്ഛനും ഉണ്ടോ നിങ്ങളോട് ഞാൻ അപ്പോഴേ പറഞ്ഞില്ലേ എനിക്ക് കുഴപ്പം ഒന്നുമില്ലന്നു… ഇപ്പോൾ കൂടുന്നതെ ഉള്ളൂ കുറവില്ല. ശരീരം മുഴുവൻ കുത്തി പറിക്കുന്ന വേദന ”

അച്ചൻ ഒന്നും മിണ്ടാതെ അമ്മയുടെ കാൽക്കലേക്ക് നോക്കി നിന്നു….

“സാരമില്ല അമ്മേ രണ്ടു ദിവസം കൊണ്ടു ശരിയാകും എന്ന് ഡോക്ടർ പറഞ്ഞു… ”

“ലെച്ചു വിളിച്ചോ അവൾക്ക് അവിടെ സുഖമാണോ ”

“അവൾക്ക് ഒരു കുഴപ്പവും ഇല്ല സുഖമായി ഇരിക്കുന്നു… ”

“ഞാൻ അപ്പോഴേ പറഞ്ഞതാ അവളെ ദൂരേക്ക് വിടണ്ട അടുത്ത് എവിടെ എങ്കിലും മതി എന്ന്…. ഒന്ന് അവളെ കാണണം എങ്കിൽ എത്ര ദൂരം പോകണം.. കാണണം എന്ന് തോന്നുംപോൾ ഒന്ന് ഓടി പോയി കാണാൻ പറ്റുമോ… “അമ്മ പറഞ്ഞു

“അമ്മയ്ക്ക് ലെച്ചുവിനെ കാണണോ? ”

“കാണണം എനിക്ക് എപ്പോഴും നിങ്ങളെ രണ്ടുപേരെയും കാണണം ”

“”അവളോട്‌ പറയാം അമ്മേ…. ”

“അമ്മ എന്തേലും കഴിച്ചോ?

“എം ”

ഇവിടുത്തെ ആഹാരം ഒന്നും രുചി ഇല്ല വീട്ടിൽ പോയിട്ടു വേണം നല്ല ആഹാരം കഴിക്കാൻ…

സിസ്റ്റർ വന്നു ബ്ലഡ്‌ ബാങ്കിൽ കൊടുക്കാൻ ഉള്ള പേപ്പർ അച്ഛനെ ഏല്പിച്ചു….

ഒന്ന് രണ്ടു നിമിഷം കൂടി അവിടെ നിന്നിട്ട് ഞാനും അച്ഛനും പുറത്തിറങ്ങി….

പിന്നെട് ഉള്ള ദിവസങ്ങളിൽ കീമോ തുടങ്ങി…. അതുമൂലം ഉള്ള അസ്വസ്ഥത ഉണ്ടായിരുന്നു…. ഒരാഴ്ച്ച കഴിഞ്ഞു അമ്മയെ കണ്ടപ്പോൾ ഞെട്ടി പോയി ആകെ ക്ഷീണിച്ചു എല്ലും തോലുമായി… കണ്ണുകൾ ഒരു കുഴിക്ക് ഉള്ളിൽ വീണു പോയി… എന്നെ കണ്ടപ്പോഴേക്കും കണ്ണിൽ നിന്നു നീർ ഒലിച്ചു… താഴേക്ക് വരുന്നു…. സംസാരിക്കാൻ കഴിയുന്നില്ല… വായ മുഴുവൻ പൊട്ടി ഇരിക്കുന്നു….
തലയിൽ ഒരു തൊപ്പി വച്ചിരിക്കുന്നു മുടി പൊഴിയുന്നത് കൊണ്ടു വച്ചിരിക്കുന്നത് ആണെന്ന് സിസ്റ്റർ പറഞ്ഞു… ചുരുണ്ടു കിടക്കുന്ന ആ രൂപം എന്റെ അമ്മ തന്നെ ആണോ എന്ന് എനിക്ക് അത്ഭുതം തോന്നി…

ജീവനില്ലാത്ത ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി… ആ ചുണ്ടുകൾ ചലിച്ചു….. മണി…….
എത്ര പിടിച്ചു നിർത്തിയിട്ടും എനിക്ക് കരച്ചിൽ പൊട്ടി

“എന്തിനാ മണി കരയുന്നത്….? ”

“ഒന്നുമില്ല അമ്മേ “ഭക്ഷണം കഴിക്കുന്നില്ലേ..?

“ഒന്നും കഴിക്കാൻ വയ്യ… വായെല്ലാം പൊട്ടി… ഒന്നിനും രുചി ഇല്ല.. എനിക്ക് ഇത്തിരി ഉള്ളി തീയൽ കൂട്ടി ചോറ് തിന്നണം മണി…. “”

“”കൊണ്ടു വരാം അമ്മേ ”

“ലെച്ചു വന്നില്ലേ…? ”

“ഇല്ലമ്മേ നാളെയോ മറ്റന്നാളോ എത്തും ”

“അവൾ ഒറ്റയ്ക്ക് വരുമോ? ആരേലും കൂട്ടാൻ പോയോ അവളെ? ”

“ഏട്ടന്റെ ഒപ്പം വരും അമ്മേ… ഏട്ടൻ അവളെ അവിടുന്ന് കൂട്ടി വരുന്നുണ്ട് ”
“ആ സമാധാനം, അവളുടെ ഏട്ടൻ അല്ലേ അവൻ. മോൻ കൂട്ടികൊണ്ടു വരും ”

“നാളെ എത്തും ”

“ഇന്ന് രാത്രി ആണ് ഫ്ലൈറ്റ് ”

“എം ”

“മണി എനിക്ക് ഒന്ന് കുളിക്കണം ”

“ഞാൻ സിസ്റ്ററിനോട് ചോദിക്കാം അമ്മേ ”

“എന്നാൽ ചോദിച്ചിട്ട് വാ അമ്മയ്ക്ക് ദേഹം മുഴുവൻ ചുട്ടു പൊള്ളുന്നു ”

ഞാൻ സിസ്റ്ററിനോട് കാര്യം പറഞ്ഞു മരുന്നിന്റെ ചൂട് ആണ് പിന്നെ നിർബന്ധം ആണെങ്കിൽ കൈയിലെ ട്രിപ്പ്‌ ഊരി തരാം ”

അങ്ങനെ അമ്മയുടെ കൈയിലെ ട്രിപ്പ്‌ ഊരി തന്നു ഞാൻ അമ്മയെ പിടിച്ചു ബാത്‌റൂമിൽ കൊണ്ടുപോയി… ഇരുത്തി ബക്കറ്റിൽ വെള്ളം പിടിച്ചു കുറച്ചേ ഒഴിച്ചു കൊടുത്തു…. കുളിച്ചു കഴിഞ്ഞപ്പോഴേക്കും ഇരുന്ന സ്റ്റൂളിനു ചുറ്റും തലമുടി കുറെ കൊഴിഞ്ഞു വീണു.

തല തുവർത്തിയ ടൗവലിലും ഒരു ഭാഗം കൊഴിഞ്ഞു വന്നു….. ഏകദേശം ചെമ്പൻ കളറിൽ ഉള്ള കുറച്ചു മാത്രം ആ തലയിൽ അവശേഷിച്ചു….

ഡ്രസ്സ്‌ മാറ്റി വീണ്ടും കിടക്കയിൽ കൊണ്ടു കിടത്തി…. സിസ്റ്റർ അടുത്തിരുന്ന കഞ്ഞി പാത്രം ചൂണ്ടി കാണിച്ചു പറഞ്ഞു ”
“ഇന്നത്തെ കഞ്ഞി കുടിച്ചിട്ടില്ല… ”

ഞാൻ കഞ്ഞി കുറച്ചേ കോരി കൊടുത്തു… വെറുതെ വീട്ടിലെ കാര്യം ഒക്കെ പറഞ്ഞു ഇരുന്നു അത് മുഴുവൻ കുടിച്ചു.

നാളത്തേക്ക് എല്ലാം ശരിയാകും… ഞാൻ വീട്ടിൽ നിന്നു ഉള്ളി തീയൽ വച്ചു ചോറ്
കൊണ്ടുവരാം….

എന്നെ നോക്കി ചിരിച്ചു…. വായ കഴുകി ഞാൻ ബെഡിൽ ചായ്ച്ചു കിടത്തി….. ”

സിസ്റ്റർ വന്നു പിന്നേയും മരുന്ന് കുത്തി ഇട്ടു ഞാൻ പുറത്തിറങ്ങി… കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു….

“ഞാൻ പോയിരുന്നു അച്ഛാ കുളിച്ചു കഞ്ഞി കുടിച്ചു.അത് കഴിഞ്ഞപ്പോൾ കുറച്ചു ഉന്മേഷം വന്നു…. നാളെ വീട്ടിൽ നിന്നു ചോറ് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട് ”

“വരുണും ലെച്ചുവും നാളെ രാവിലെ ആറു മണിക്ക് എത്തും. ”

“ഞാൻ എന്നാൽ വീട്ടിൽ നിന്നു അമ്മയ്ക്ക് ചോറും കൊണ്ടു ഉച്ചക്ക് വരാം ”

“അങ്ങനെ ചെയ്യാം “……

വൈകിട്ട് അച്ഛനും ഞാനും കൂടി വീട്ടിലേക്ക് പോയി….

അമ്മയ്ക്ക് ഭക്ഷണം കൊണ്ടു പോകാൻ ഉള്ളതുകൊണ്ട് കുറച്ചു ഉന്മേഷത്തോടെ ആണ് അന്ന് വൈകിട്ട് അടുക്കളയിൽ കയറിയത് ലെച്ചുവിനും എന്തെങ്കിലും ഉണ്ടാക്കി വയ്ക്കണം എന്ന് മനസ്സിൽ ഓർത്തു……
വൈകിട്ട് തന്നെ കുറെ ജോലി ഒക്കെ ഒതുക്കി വച്ചു….

അതിരാവിലെ തന്നെ അച്ഛൻ വീട്ടിൽ നിന്നു ഇറങ്ങി…. വിവേക്ക് ലെച്ചുവിനെയും ഏട്ടനേയും കൂട്ടാൻ എയർപോർട്ടിൽ പോയി.. അച്ഛൻ അവരെ കാത്തു ഹോസ്പിറ്റലിലേക്കും….. ഞാൻ പെട്ടന്ന് തന്നെ എന്റെ ജോലികൾ തീർക്കാൻ ഓടി നടന്നു…. സമയം പെട്ടന്നു പോകുന്നു എന്ന് എനിക്ക് തോന്നി….

ഏട്ടനും ലെച്ചുവും ഹോസ്പിറ്റലിൽ എത്തിയ വിവരം അച്ഛൻ വിളിച്ചു പറഞ്ഞു… ഏട്ടനെ വിളിക്കാൻ നിന്നില്ല പെട്ടന്ന് ചെന്നാൽ കാണാമല്ലോ….

ഫുഡ്‌ എല്ലാം എടുത്ത് വച്ചു ഞാൻ അച്ഛനെ വിളിച്ചു….. വണ്ടി പറഞ്ഞു വിടാം മോളെ…..

വിവേക്ക് ആണ് ബൈക്കും കൊണ്ടു വന്നത്…..

“ലെച്ചുവും ഏട്ടനും എവിടെ? ”

“അവർ ഹോസ്പിറ്റലിൽ ഉണ്ട്… ”

“അവർക്ക് ഇതു വരെയും അമ്മയെ കാണാൻ പറ്റിയില്ല… ”

“അതെന്താ…”

“അറിയില്ല… അമ്മയ്ക്ക് ഇന്ന് തീരെ വയ്യായിക ആണെന്ന് പറയുന്നു…. ”

“എയ് ഇന്നലെ നല്ലപോലെ വർത്തമാനം പറഞ്ഞു….. കഞ്ഞി ഒക്കെ കുടിച്ചത് ആണെല്ലോ? ”

“അറിയില്ല ഏട്ടത്തി വാ കയറു…. ”

പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി…. അച്ഛൻ വന്നു ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി

“എന്താ അച്ഛാ അമ്മയെ കാണിക്കാത്തത്? ”

“അറിയില്ല ബിപി കൂടുതൽ ആണെന്ന് പറയുന്നു…. ”

“ഉച്ചക്ക് കാണാം എന്ന് പറഞ്ഞിട്ടുണ്ട് ”

അച്ഛന്റെ വേഗത്തിനു ഒപ്പം നടക്കാൻ ഞാൻ ഓടുക ആയിരുന്നു

വെളിയിലെ കസേരയിൽ ലെച്ചു ഇരിക്കുന്നു….. അവൾ ഓടി വന്നു എന്നെ ഞെരുക്കി കെട്ടിപിടിച്ചു…

“ചേച്ചി…. അമ്മ…..
എനിക്ക് ഒന്ന് കാണാൻ കൂടി കഴിയില്ലേ..? ”

“ഒന്നുമില്ലടാ…. ഇന്നലെയും നിന്നെ തിരക്കി…. കുറച്ചു കഴിയുമ്പോൾ കയറി കാണാം സംസാരിക്കാം ”

അവളെ ചേർത്തു നിർത്തി കണ്ണീർ തുടച്ചു കൊടുത്തു…. അമ്മയെ കാണുമ്പോൾ കരയരുത്…. കെട്ടോ ”

“എം ”

കുറച്ചു നേരം കൂടി കഴിഞ്ഞു ഡോക്ടർ വിളിപ്പിച്ചു….

കീമോസമയത്തു അധികം ആയി ബിപി കൂടി… കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായി ഇപ്പോൾ സോൾവ് ആയി വരുന്നു…. ”

“ഡോക്ടർ ഞങ്ങൾക്ക് ഒന്ന് കാണാമോ ”

“കാണാം പക്ഷെഅധികം സ്ട്രെസ് കൊടുക്കരുത്.. ”

“ഇല്ല ഡോക്ടർ ”

“ശരി ”

കുറച്ചു കഴിഞ്ഞു സിസ്റ്റർ അകത്തു കടക്കാൻ അനുവാദം തന്നു….
ഞാനും ലെച്ചുവും പോയി ഏട്ടൻ വെളിയിലേക്ക് എവിടൊ പോയിരുന്നു…. ഏട്ടനെ വിളിച്ചിട്ട് അച്ഛൻ വരാം എന്നും പറഞ്ഞു.

ഞാൻ അമ്മയ്ക്ക് ഉള്ള ഫുഡ്‌ കയ്യിൽ എടുത്തു അകത്തേക്ക് പോയി….

അമ്മ കിടക്കുന്ന സ്ഥലം അറിയാവുന്നതു കൊണ്ടു. ഞാൻ ലെച്ചുവിനെ അവിടേക്ക്‌ തന്നെ കൂട്ടി കൊണ്ടു പോയി….

അമ്മയെ കണ്ട ലെച്ചു വാ പൊത്തി കൊണ്ടു തിരിഞ്ഞു എന്റെ ചുമലിൽ മുഖം അമർത്തി വിങ്ങി കരഞ്ഞു….

“ഞാൻ പറഞ്ഞില്ലേ മോളെ അമ്മ കാണെ കരയരുത് കണ്ണു തുടയ്ക്ക്… ”

ഞങ്ങൾ അമ്മയുടെ അടുത്തേക്ക് ചെന്നു. അഡിഷണൽ ആയി ഒരു കമ്പ്യൂട്ടർ മോണിറ്റർ കൂടി അവിടെ പ്രവർത്തിക്കുന്നുണ്ട്

“അമ്മേ….. ”

“മെല്ലെ കണ്ണുകൾ തുറന്നു …. എപ്പോഴോ കണ്ണീർ ഒലിച്ചു ഇറങ്ങി ഉണങ്ങിയ പാടുകൾ…

“ലെച്ചു….. ലെച്ചു…….. “അവ്യക്തമായി വിളിച്ചു

അമ്മേ……. ലെച്ചു അമ്മയുടെ മുഖത്തിന്‌ സമീപം മുഖം ചേർത്തു വച്ചു…..

“അമ്മയ്ക്ക് വയ്യ മോളെ …. എപ്പോഴും നിങ്ങളെ നോക്കും ആരെയും കാണുന്നില്ല നിങ്ങൾ ഇവിടെ നിന്നാ മതി എങ്ങും പോകണ്ട…. ”

“പോകില്ല അമ്മേ…. ”

“മണി പാത്രത്തിൽ എന്താ? ”

അമ്മയ്ക്ക് ചോറ്, ഉള്ളി തീയലും ഉണ്ട്… ”

“ആണോ, വാ നമുക്ക് മൂന്നു പേർക്കും കൂടി കഴിക്കാം ”

ഞാൻ സിസ്റ്ററിനോട് ചോദിച്ചു അമ്മയ്ക്ക് ചോറ് എടുത്തു കൊടുത്തു. ചെറിയ ഉരുളകൾ ആക്കി വായിൽ വച്ചു കൊടുത്തു…

“മോൾ ആണോ തീയൽ ഉണ്ടാക്കിയത്? ”

“അതേ അമ്മേ… ”

“നന്നായിട്ടുണ്ട്…. മോളും കഴിക്ക് ”

“ഇതു മുഴുവൻ അമ്മയ്ക്ക് ഉള്ളത് ആണ്… ”

അമ്മ ഇടക്ക് ഞാൻ കൊണ്ടു ചെല്ലുന്ന ഉരുള ലെച്ചുവിന്റെ നേർക്ക് നീട്ടി അവൾ വാ തുറന്നു അത് വാങ്ങി കഴിച്ചു… ”

മൂന്നു നാലു ഉരുള തിന്നപ്പോൾ അമ്മ മതിയാക്കി വെള്ളം കൊടുത്തു വായ കഴുകി അമ്മ വീണ്ടും കിടന്നു….
വരുൺ എവിടെ? ”

“ഇപ്പോൾ വരും..,, ”

കുറച്ചു കഴിഞ്ഞു അമ്മയുടെ മുഖത്ത് ചുളിവുകൾ വീഴുന്നു ഒന്ന് ചുരുണ്ടു അമ്മ ”
“എന്താ അമ്മേ…. ”

“ലെച്ചു…. മണി….. അമ്മയ്ക്ക് വേദനിക്കുന്നു എഴുനേറ്റ് ഇരിക്കണം

ഞാനും ലെച്ചുവും കൂടി അമ്മയെ എഴുനെല്പിച്ചു ഇരുത്തി… അപ്പോഴേക്കും അച്ഛനും ഏട്ടനും വന്നു

“എന്താ എന്താ……. ”

“അമ്മയ്ക്ക് വേദനിക്കുന്നു എന്ന് അപ്പോഴേക്കും ലെച്ചു കരഞ്ഞു പോയി….
അമ്മ വല്ലാതെ വിയർക്കാൻ തുടങ്ങി….

വെപ്രാളത്തിന്റെ ഇടയിലും അമ്മ കൈ നീട്ടി ഏട്ടനെ പിടിച്ചു

അച്ഛൻ വന്നു അമ്മയുടെ മുഖം പിടിച്ചു കൊണ്ടു ചോദിച്ചു…..
“എന്താടി…… എന്താന്നു പറ …. ”

“അറിയില്ല എനിക്ക്…. വല്ലാത്ത ഒരു വേദന ചൂട് വന്നു മൂടുന്ന പോലെ… എനിക്ക് കിടക്കണം… ”

അച്ഛൻ അമ്മയുടെ തല ചായ്ച്ചു കിടത്തി…… മുഖത്തെ വിയർപ്പ് മണികൾ എല്ലാം കൈകൊണ്ടു തുടച്ചു കൊടുത്തു…. ”

“നിങ്ങൾ ഭക്ഷണം കഴിച്ചോ? “”അമ്മ ചോദിച്ചു

അതൊക്കെ ഞാൻ കഴിച്ചോളാം

അമ്മ കൈയിൽ പിടിച്ചിരുന്ന പിടി മുറുകാൻ തുടങ്ങി….

ഏട്ടൻ ഓടി പോയി സിസ്റ്ററിനെ വിളിച്ചു കൊണ്ടു വന്നു….

എല്ലാവരും ഒന്ന് പുറത്തിറങ്ങു പ്ലീസ്….

എല്ലാവരെയും അവർ പുറത്തേക്ക് ഇറക്കി….

അച്ഛന്റെ കൈപിടിച്ചു വച്ചിരുന്നു അമ്മ….. നമ്മുടെ മക്കൾ…… അച്ഛൻ അമ്മയുടെ കൈ കൂട്ടിപ്പിടിച്ചു കരഞ്ഞു.. … പതുക്കെ അതിൽ മുഖം അമർത്തി… അപ്പോഴേക്കും അമ്മയുടെ കണ്ണിലെ കൃഷ്ണമണി മേലോട്ട് പോകുന്നുണ്ടായിയുന്നു…..

പുറത്തു വന്നു അച്ഛൻ ശബ്ദത്തോടെ പൊട്ടി കരഞ്ഞു…..

“ഇത്രയും വേദനിക്കാൻ ആയിരുന്നെങ്കിൽ ഞാൻ അവളെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ടു വരില്ലായിരുന്നു…….. അവൾ പറഞ്ഞതാ വരുന്നില്ല ഞാൻ ഇവിടെ കിടന്നോളാം എന്ന് ”

ലെച്ചുവും കരഞ്ഞു തുടങ്ങി…..
ഭിത്തിയിൽ ചാരി നിന്നു ഞാൻ മേല്പോട്ടു നോക്കി…. വെളുത്ത പ്രതലത്തിൽ എവിടെയോ അമ്മയുടെ മുഖ ഛായ…. എ ശബ്ദം എന്റെ അടുക്കൽ തന്നെ ഇരുന്നു കേൾക്കുന്നത് പോലെ തോന്നി….. മണി…… മോളെ…….

ചില്ലു വാതിൽ തുറന്നു സിസ്റ്റർ വന്നു…. ഏട്ടൻ അടുത്തേക്ക് ചെന്നു
ഏട്ടനോട് പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി

ഏട്ടൻ അച്ഛന്റെ അടുത്തേക്ക് ചെന്നു അച്ഛൻ ഏട്ടനെ നോക്കി

“പോയി അല്ലേ….. പോട്ടെ വേദനിക്കാതെ പോട്ടെ……… “(തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!