വേഴാമ്പൽ – പാർട്ട്‌ 34

5453 Views

vezhamabal free malayalam novel online from aksharathalukal

ഭിത്തിയിൽ ചാരി നിലത്തേക്ക് ഇരുന്നു. ഇവിടെ എങ്കിലും ഭാരം താങ്ങാൻ ആയി ചുറ്റും നോക്കി…. ഒന്നും കാണാൻ കഴിയുന്നില്ല മൂടൽ മഞ്ഞു പോലെ…. ശൂന്യതയിൽ എവിടെയോ തപ്പുന്നത് പോലെ കൈകൾ എവിടേക്കോ നീട്ടി ഒരു പിടിവള്ളിക്ക് കിട്ടിയില്ല പതുക്കെ താഴേക്ക് ഊർന്നു പോകുന്നത് പോലെ തോന്നി……

ഏതോ കൈകളിൽ ആ ഭാരം തങ്ങിയതായി തോന്നി കണ്ണുകൾ വലിച്ചു തുറന്നു…. ഇല്ല തുറക്കാൻപറ്റുന്നില്ല വീണ്ടും ശ്രമിച്ചു ഇല്ല പറ്റുന്നില്ല…. ആരോടെങ്കിലും വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു….. പക്ഷേ നാവു പൊങ്ങുന്നില്ല…… എവിടെയോ ഒറ്റപെട്ടത് പോലെ തോന്നി ആരൊക്കെയോ ചേർന്നു എന്റെ ശരീരം ഒരു പഞ്ഞി കെട്ടു പോലെ കോരി എടുക്കുന്നു…. കുറച്ചു കഴിഞ്ഞു കൈത്തണ്ടയിൽ ഒരു നോവ് വന്നു….. ആ നോവ് കൈ വഴി ശരീരം മുഴുവൻ വ്യാപിക്കുന്നു…..

കുറച്ചു നേരം കൂടി കഴിഞ്ഞു കണ്ണുകൾ തുറന്നു നോക്കി…. എവിടെ ആണെന്ന് അറിയാൻ വയ്യ….. ചുറ്റും നോക്കി ഏബിച്ചനെ ആണ് ആദ്യം കണ്ടത്…..

“പേടിക്കണ്ട ഒന്ന് തല ചുറ്റി വീണതാ… ”

“അമ്മ…….. ”

ഏബിച്ചൻ തല കുനിച്ചു നിന്നു

“ലെച്ചു……. ”

“ഉണ്ട്‌ എല്ലാവരും ഉണ്ട്‌….. ”

“ഷീണം മാറിയോ? എഴുനേൽക്കാൻ പറ്റുമോ ”

ഞാൻ പതുക്കെ എഴുനേറ്റു… ഏബിച്ചൻ വന്നു താങ്ങി താഴെ ഇറക്കി….

മെല്ലെ നടന്നു… ഒരു കൈ പിടിച്ചു എബിച്ചനും കൂടെ നടന്നു……. പുറത്തു ഒരു കസേരയിൽ അച്ഛനും അപ്പുറത്ത് മാറി ലെച്ചുവും ഇരിക്കുന്നു…. ”

ലെച്ചു ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു…. അമ്മ പോയി ചേച്ചി…..ഒന്നേ കണ്ടുള്ളു ചേച്ചി…. ഒന്നും പറയാതെ പോയി….. ”

ഞാൻ അവളെ കെട്ടിപിടിച്ചു അച്ഛന്റെ കാൽക്കൽ ഇരുന്നു….. അച്ഛൻ വേറെ ഏതോ ലോകത്തു ആണെന്ന് തോന്നി…..

“അവൾ ചോറ് തിന്നരുന്നോ മണി ”

ഞാൻ തല ആട്ടി…..

വച്ചു വിളമ്പി തരുന്നത് അല്ലാതെ അവൾ കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല… ഇന്നും ചോദിച്ചില്ല.. പക്ഷേ അവൾ ചോദിച്ചു….. ”
“പോട്ടെ ഉണ്ട്‌ നിറഞ്ഞു പോട്ടെ…. ”

“അച്ഛാ…… വീട്ടിലേക്ക് പോകാം “ഏട്ടൻ അച്ഛനോട് പറഞ്ഞു

“വേണ്ട മോനെ അവളെ കൊണ്ടു പോകാം….. വരുന്നില്ല എന്ന് പറഞ്ഞിട്ടും ഞാൻ പിടിച്ചപിടിയാൽ കൂട്ടി കൊണ്ടു വന്നതാ. അവളുടെ കൂടെ പോകാം ഇനി അതല്ലേ ബാക്കി ഉള്ളൂ അത് കൂടി നടക്കട്ടെ….. !”

“എബി നീ ഇവരെ വീട്ടിൽ കൊണ്ടു വിട്… ”

“വേണ്ട ഏട്ടാ ഞങ്ങളും അച്ഛന്റെ ഒപ്പം പോകാം ”

” വേണ്ട….. പറയുന്നത് കെൾക്ക്…. ഞങ്ങൾ ഉടനെ വരാം…. പൊയ്ക്കോ ”

ആരൊക്കെയോ ചേർന്നു പിടിച്ചു വാതുക്കൽ വരെ കൊണ്ടു വന്നു അപ്പോഴേക്കും അമ്മാവൻ വണ്ടി കൊണ്ടു വന്നു…..

ലെച്ചു എന്റെ മടിയിൽ തല വച്ചു കിടന്നു…..

വണ്ടി ഓടി തുടങ്ങി……

വീട്ടിൽ നിന്നു വരുമ്പോൾ ഒന്നു കാണിച്ചു തിരികെ വരാം എന്ന് കരുതി ആയിരിക്കും അമ്മ അച്ഛന്റെ കൂടെ പോന്നത്….. പക്ഷേ ഇപ്പോൾ തിരികെ പോകുന്നത്…… ആലോചിച്ചപ്പോൾ സങ്കടം ഉള്ളിൽ എവിടെയോ നോവുകൾ ഉണ്ടാക്കുന്നു……. ഒഴുകി തീരാൻ ഇനി ഉറവകൾ ഇല്ല….. പാതി ചത്ത ശരീരം മാത്രം….

വീട്ടിന്റെ മുറ്റത്തു ചെറിയ ആൾകൂട്ടം….. വണ്ടി മുറ്റത്തു എത്തിയപ്പോൾ എല്ലാ കണ്ണുകളും അനുകമ്പയോടെ നിക്കുന്നത് കണ്ടു…… അമ്മായി വന്നു രണ്ടു പേരെയും അകത്തേക്ക് കൊണ്ടുപോയി….

ആരൊക്കെയോ വന്നു കാണുകയും മിണ്ടുകയും ഓരോന്ന് ചോദിക്കുകയും ചെയ്തു…. ഉത്തരം പറഞ്ഞോ ഇല്ലയോ ഒന്നും ഓർമയില്ല.. ആരെ ഒക്കെയോ കണ്ടു മറന്നത് പോലെ…. ജീവിതത്തിലെ ഏറ്റവും വലിയവേദനയുള്ള ഒരു സമസ്യ…. ഭൂമിയിലെ ബന്ധുത്വം ഉപേക്ഷിച്ചു ആത്മാവിൽ ലയിച്ചു ചേരുന്നു….. ഇന്നലെ വരെ ഉണ്ടായിരുന്ന മനസുകളിൽ ഒരു ശൂന്യത സമ്മാനിച്ചു പോകുക…..

നേരം കടന്നു പോയി എത്ര ആയി എന്ന് അറിയില്ല….. ഒരു പെട്ടിക്കുള്ളിൽ അമ്മയെ ഹാളിൽ കൊണ്ടു വന്നു കിടത്തി…. ഇന്നലെ വരെ ഈ വീടിന്റെ ഓരോ അരികും മൂലയും വരെ സ്വന്തം ആയിരുന്നവൾ…. ഇന്ന് യാത്ര പറയാൻ വന്നു കിടക്കുന്നു….

വീട് കരയുന്നുണ്ടോ അതിനു വിഷമം ഉണ്ടോ…. വീട്ടുകാരി പടി ഇറങ്ങി, മടങ്ങി വരാത്ത ലോകത്തേക്ക് പോകുമ്പോൾ…..

കണ്ടു പരിചയം ഉള്ള ഒരു മുഖം ആയിരുന്നില്ല അമ്മയ്ക്ക്.. ഞാൻ അത് കണ്ടു പരിചയം ഉള്ളതു കൊണ്ടു എനിക്കതിൽ വിഷമം തോന്നിയില്ല….. കാണുമ്പോൾ എല്ലാം വേദന കൊണ്ടു കലങ്ങിയ കണ്ണുകൾ ആയിരുന്നു…. ഇപ്പോൾ വേദന തീർന്നപ്പോൾ എ കണ്ണുകൾ തുറന്ന് എന്നെ നോക്കുന്നില്ല….. മോളെ എന്ന് വിളിക്കുന്നില്ല…..

ആരൊക്കെയോ വരുകയും പോകുകയും ചെയ്ത് കൊണ്ടിരുന്നു…..

കുറെ കഴിഞ്ഞു അമ്മയെ കുളിപ്പിച്ച് സാരി ഒക്കെ ഉടുപ്പിച്ചു…. യാത്ര യാക്കാൻ ഒരുക്കി….. ഒരുപിടി പൂക്കളും ഒരു ചുംബനവും കൊടുത്തു ഞാൻ എന്റെ അമ്മയെ യാത്ര ആക്കി…. ഈറൻ ഉടുത്തു കൊണ്ടു യാത്രയ്ക്ക് വേണ്ട കർമ്മങ്ങൾ ഏട്ടൻ ഒരു മകന്റെ സ്‌ഥാനത്തു നിന്നു പൂർത്തിയാക്കി….. ഞാൻ നോക്കി നിൽക്കെ ചുമന്ന പട്ടു പുതച്ചു അമ്മ ആ അഗ്‌നി കവാടത്തിലേക്ക് കയറി പോയി….. വാതിലുകൾ അടഞ്ഞു…..

ഒരു ആയുസിന്റെ സ്നേഹവും വാത്സല്യവും പകുത്തു നൽകി തന്റെ കർമം പൂർത്തിയാക്കി വേദന ഇല്ലാതെ ലോകത്തേക്ക് അമ്മ ഇതാ യാത്ര പറഞ്ഞു പോയിരിക്കുന്നു…..

പിന്നീട് ഉള്ള ദിവസങ്ങൾ വേര്പാടിനെക്കാൾ വലിയ വേദന തന്നു കടന്നുപ്പോയി, അമ്മയുടെ അസാന്നിധ്യം ഉള്ള ഇടങ്ങളിൽ എല്ലാം ആ ഓർമ തള്ളി കയറി വന്നു…. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഒരു ഓർമയും കടന്നു പോയില്ല…. അഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏകദേശം എല്ലാവരും പിരിഞ്ഞു പോയി….

ലെച്ചുവിന് തിരികെ പോകേണ്ട സമയമായി….. അവൾ പോകുന്നില്ല എന്ന് പറഞ്ഞു നിന്നു…. അച്ഛൻ ഒന്നും മിണ്ടിയില്ല…..

അന്ന് വൈകിട്ട് വീട്ടിൽ നിന്നു അച്ഛനും അമ്മയും വിവേകും ഏട്ടനും കൂടി വന്നു….

“അവൾ പോട്ടെ ബാല നല്ലൊരു അവസരം കൈവിട്ടു കളഞ്ഞു എന്ന് പിന്നെട് അവൾക്ക് തോന്നരുത് “അച്ഛൻ പറഞ്ഞു

“ഞാൻ ഒന്നും പറഞ്ഞില്ല അവളുടെ ഇഷ്ട്ടം പോലെ ചെയ്യട്ടെ…. അവൾ പോകുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ….. അവളുടെ കാര്യം സേഫ് ആയല്ലോ ”

“എം ”

അവധി വേണമെങ്കിൽ കുറച്ചു കൂടി നീട്ടി എടുക്കാം ”

“അവളോട്‌ പറയാം സർ…. ”

പിന്നെ ലെച്ചുവിനെ പറഞ്ഞു ഒരു വിധം സമ്മതിപ്പിച്ചു…. വിവേക്ക് ആണ് അവളെ പറഞ്ഞു പറഞ്ഞു സമ്മതിപ്പിച്ചത്…

ലെച്ചു പോകണ്ട എന്ന് പറയാൻ ആഗ്രഹം ഉണ്ടായിരുന്നു….. പക്ഷേ എന്റെ സ്വാർഥത കൊണ്ടു അവളുടെ ഭാവി കളയരുത് എന്ന് മനസു പറഞ്ഞു….

വരുണിനു നാളെയോ മറ്റന്നാളോ തിരിച്ചു പോകണം അപ്പോഴേക്കും ലെച്ചുവിന് പോകാൻ പറ്റില്ലല്ലോ, അച്ഛൻ ചോദിച്ചു

“ഇല്ല സർ, എന്തായാലും അവളുടെ അമ്മയ്ക്ക് ഉള്ള ഒരു കർമം കൂടി അവൾക്ക് ചെയ്യാൻ ഉണ്ട്‌… അവസാനത്തേത് അത് കൂടി കഴിഞ്ഞിട്ട് പോയാൽ മതി…. ”

“ശരി അതുകൂടി കഴിഞ്ഞു പോകട്ടെ… ”

ഏട്ടൻ എന്നെ നോക്കി നിൽക്കുക ആണെന്ന് എനിക്ക് അറിയാമായിരുന്നു എന്തു കൊണ്ടോ അങ്ങോട്ട്‌ ഉള്ള നോട്ടം ഒഴിവാക്കി…. ”

സങ്കടങ്ങൾ ഒക്കെ ആ തോളിൽ ചാഞ്ഞു പറഞ്ഞു തീർക്കണം എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു… തളർന്നു പോയപ്പോൾ ആ കൈയിൽ പിടിച്ചു എഴുനേൽക്കാൻ ആഗ്രഹം ഉണ്ടായിരുന്നു…. അതൊന്നും ഇല്ലാത്തതു കൊണ്ടു എന്റെ വേദനകൾ എന്നെ ഊതി കാച്ചി ബലപ്പെടുത്തി…… ”

അടുക്കളയിലേക്ക് പോയപ്പോൾ അമ്മ അവിടേക്ക്‌ വന്നു ചോദിച്ചു… ലെച്ചു പോയാൽ പിന്നെ അച്ഛനും മോളും മാത്രം ആവില്ലേ…..?

“എം ”

“മോൾ വീട്ടിലേക്ക് വന്നാൽ പിന്നെഅച്ഛൻ തനിച്ചാകും ”

“എം “അപ്പോഴാണ് അച്ഛനെ കാത്തിരിക്കുന്ന ഏകാന്തത എന്ന സത്യം എനിക്ക് ബോധ്യമായത്…..
വീട്ടിലെ നാഥൻ പുരുഷൻ ആണ് എന്നാൽ ആ വീടിന്റെ അടിത്തറ സ്ത്രീ തന്നെയാണ്….. അത് നഷ്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപെട്ടു….

എത്ര വേഗത്തിൽ ആണ് ആ നഷ്ട്ടം ഒരു കുടുംബത്തെ വിഭജിച്ചത്. വലിയ നഷ്ടമുള്ള ഭാഗം അച്ഛന് ….. ഒറ്റപ്പെടൽ….. ”

“”നോക്കട്ടെ അമ്മേ അച്ഛൻ എന്തു പറയുന്നു എന്ന്… എന്തായാലും ഞാൻ അച്ഛനെ തനിച്ചു വിടില്ല…. ”

“എം ”

അപ്പോഴേക്കും ഏട്ടൻ അങ്ങോട്ടു വന്നു….. അച്ഛൻ ഇറങ്ങാൻ നിൽക്കുന്നു….

അമ്മ എന്നെ നോക്കി യാത്ര പറഞ്ഞു….

അമ്മ പോയി കഴിഞ്ഞു ഏട്ടൻ അടുത്തേക്ക് വന്നു…

“മിത്രാ നിന്റെ വിഷമം അവസ്ഥ ഒക്കെ മനസിലാക്കുന്നു…. എന്നാലും ഒന്ന് ചിരിച്ചൂടെ നിനക്ക്… അത് കാണുമ്പോൾ എങ്കിലും ബാക്കി ഉള്ളവരുടെ മനസ്സിൽ ഒരു ആശ്വാസം കിട്ടികോട്ടെ….. ”

ഞാൻ തിരിഞ്ഞു ഏട്ടന്റെ മുഖത്തേക്ക് നോക്കി…..
ഒറ്റയ്ക്ക് ഇരിക്കാൻ പോയതല്ലേ ഏട്ടൻ… പറഞ്ഞില്ലേ ഞാൻ ആണ് ഒറ്റപെട്ടത് ഇപ്പോൾ അത് പൂർണമായി……. ”

“അങ്ങനെ പറയല്ലടോ…. തന്നെ ഉപേക്ഷിച്ചോ തന്നിൽ നിന്നു ഒറ്റപ്പെടനോ പോയതല്ല…. നിന്നെ എന്റെ നെഞ്ചോടു ചേർത്തു പിടിക്കാൻ വേണ്ടി തന്നെയായിരുന്നു….. അവിടെ നീ മാത്രം മതി….. വേറെ ഒരു ഓർമ പോലും വേണ്ടാന്ന് കരുതി പോയതാ ഭൂതകാലത്തിന്റെ ഓർമകളെ ഒരു കുഴി കുത്തി മൂടാൻ…. ”

ഏട്ടൻ അത്രയും പറഞ്ഞു ഇരു കൈകളും എന്റെ നേരെ നീട്ടി…..

തട്ടി കളയാൻ മനസ് വന്നില്ല……ഒരു ആശ്രയം….. അ നെഞ്ചിൽ ചേർന്നു നിന്നു ഒരു നിമിഷം……

“പോട്ടെ….. മടങ്ങി വരാം എത്രയും പെട്ടന്ന്….. ”

ഏട്ടൻ തന്നെ പിടിച്ചു മാറ്റി.. പെട്ടന്ന് ഇറങ്ങി പോയി….. സങ്കടം കൊണ്ടു നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതെ ഇരിക്കാൻ ഓടി പോയത് ആണെന്ന് മനസിലായി…..

ഏട്ടൻ പോയി കഴിഞ്ഞു ഞാൻ ഹാളിലേക്ക് ചെന്നു അവർ പോകാൻ ആയി മുറ്റത്തെക്ക് ഇറങ്ങി..

യാത്ര പറഞ്ഞു കാറിൽ കയറാൻ നേരം എന്നെ നോക്കി ചിരിച്ചു തലയാട്ടി….. ഞാനും ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു……

വീട്ടിലേക്ക് കയറി വന്നപ്പോൾ അച്ഛൻ പറഞ്ഞു അമ്മയുടെ “കാര്യങ്ങൾ കഴിഞ്ഞു ലെച്ചു പോയ മതി കെട്ടോ ”

“എം… ഞാൻ പോകണോ അച്ഛാ…?

“അത് മോളുടെ ഇഷ്ട്ടം…. പിന്നെ ചിലപ്പോൾ ചില കാര്യങ്ങൾ നമുക്ക് ഉൾകൊള്ളാൻ പ്രയാസം ആയിരിക്കും… പക്ഷേ സത്യം ഉൾകൊള്ളാൻ ശ്രമിക്കണം….. ഇപ്പോൾ നീ എടുക്കുന്ന തീരുമാനം
എന്നത്തേക്കും ഉള്ളത് ആണ് അത് ഓർമ വച്ചു തീരുമാനിക്ക് ”

“മണി നിനക്കും പോകണ്ടേ മോളെ…. ”

“ഏട്ടൻ നാളെയോ മറ്റന്നാളോ പോകും… അച്ഛൻ തനിച്ചു അല്ലേ ഞാൻ പോകുന്നത് പിന്നെ തീരുമാനിക്കാം ”

“എം ”

ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി….

ഏറെ നേരം കഴിഞ്ഞു ആണ് ലൈറ്റ് കെടുത്തി ഉറങ്ങാൻ കിടന്നതു… ഉറക്കം വരുന്നില്ല…..

ഇടക്ക് എപ്പോഴോ ദാഹിക്കുന്നു എന്ന് തോന്നി വെള്ളം കുടിക്കാൻ ആയി പുറത്തു വന്നപ്പോൾ കതക് തുറന്നു കിടക്കുന്നു…..

വാതുക്കലേക്ക് ചെന്ന് നോക്കി….. അച്ഛൻ പുറത്തു കസേരയിൽ ഇരിക്കുന്നു…..

അച്ഛൻ തിരിഞ്ഞു നോക്കി……
ആര് മണിയോ….. “?

“അച്ഛൻ എന്തിനാ പുറത്തിരിക്കുന്നതു? ”

“അകത്തു കിടന്നിട്ടു ഉറക്കം വരുന്നില്ല….. ”

“മോൾ പോയി കിടന്നോ? ”

“ഉറക്കം വരുന്നില്ല അച്ഛാ…… ”

“വാ നമുക്ക് കുറച്ചു നേരം ഇവിടെ ഇരിക്കാം ”

ഞാൻ ചെന്ന് അച്ഛന്റെ കസേരയുടെ താഴെ ഇരുന്നു അച്ഛന്റെ കാലുകളിലേക്ക് തല ചായ്ച്ചു വച്ചു…..

“നിന്റെ ചെറിയമ്മ ഇവിടെ വന്നത്‌ മുതൽ ഉള്ള കാര്യങ്ങൾ നിനക്ക് ഓർമ ഉണ്ടോ മോളെ…… ”

“കുറെ ഒക്കെ ”

“എന്താ അച്ഛാ….. ”

ഞാൻ അവളെ കുറിച്ച് ഓർക്കുക ആയിരുന്നു…… ഭൂതകാലത്തിലേക്ക് എഴുതി തള്ളപ്പെട്ട ഓർമ്മകൾ അച്ഛൻ പൊടി തട്ടി എടുക്കാൻ തുടങ്ങി…… (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply