കാശ്മീര – Part 9

9576 Views

aksharathalukal kashmira novel

കാറ്റിൽ പറക്കുന്ന  നീണ്ട മുടിയിഴകളെ അലസമായി  ഇടംകൈകൊണ്ട് മാടിയൊതുക്കി കഴുത്തിൽ തൂക്കിയ ക്യാമറയിലാ കാവിലെ ദൃശ്യങ്ങളോരോന്നായ് പകർത്തിയെടുക്കുന്ന കാശ്മീരയെ ഇമയനക്കാതെ നോക്കി നിൽക്കവേ വാമദേവന്റ്റെ നെറ്റിയിൽ വിയർപ്പ് തുളളികൾ ഉരുണ്ട്കൂടി  താഴേക്ക് ഇറ്റുവീണുകൊണ്ടിരുന്നു…..

ഏയ് …….നീയേതാണ് കുട്ടീ….?

നീയെങ്ങനീ മന്ദാരക്കാവിനുളളിൽ കയറി…..?

ആരോടും ചോദിച്ചിട്ടാണ് നീയീ കാവിന്റ്റെ ദൃശ്യങ്ങൾ ക്യാമറയിൽ  പകർത്തുന്നത്…..?

ഒന്നിനുപുറകെ ഒന്നായി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് സൈരന്ധ്രീ  കാശ്മീരയെ തടയാൻ ശ്രമിക്കുന്നത്  നോക്കി നിന്നപ്പോഴും വാമദേവന്റ്റെ നോട്ടം കാശ്മീരയുടെ  മുഖത്ത് തന്നെയായിരുന്നു….എവിടെയോ  കണ്ടു മറന്നതുപോലൊരു മുഖം. …!!

നേർത്ത പെൻസിൽ കൊണ്ട്  വരച്ചുചേർത്തതുപോലുളള അവളുടെ ചുണ്ടുകളിലെ പുഞ്ചിരിയും സൈരന്ധ്രിയുടെ ചോദ്യങ്ങളെ അവഗണിച്ച് കൊണ്ടുളള അവളുടെ  നിൽപ്പും  വാമദേവനിൽ സംശയത്തിന്റ്റെ വിത്തുകൾ പാകവേ അയാൾ പെട്ടെന്ന്  ഞെട്ടിതിരിഞ്ഞ് ആദിശേഷനെ നോക്കി. ..

പക്ഷേ വാമദേവൻ  തിരഞ്ഞ ഒരു സ്ഥലത്തും  ആദിശേഷനില്ലായിരുന്നു….. !!

ശിവാനിയിലേക്കെത്താതവൻ  വീണ്ടും തന്റെ രക്ഷാകവചം ചാർത്തി മറഞ്ഞിരിക്കുന്നു….!

” നിന്നോടാണ് ഞാനീ ചോദ്യങ്ങൾ ചോദിക്കുന്നത്,

നീയാരാണെടീ… ??

കാശ്മീരയെ ശക്തമായി പിടിച്ചു കുലുക്കി കൊണ്ട്  സൈരന്ധ്രി അതുചോദിച്ച നിമിഷം തന്നെ  കാശ്മീരയുടെ വലം കൈ സൈരന്ധ്രിയുടെ ഇടംകവിളത്താഞ്ഞു പതിച്ചു. .

പ്ഠേ. …!!

കവിൾ പൊത്തി പകച്ചു സൈരന്ധ്രീ കാശ്മീരയെ നോക്കവേ കണ്ണിൽ  കനലിന്റ്റെ തിളക്കവും ദേഷ്യയത്താൽ ചുവന്ന  മുഖവുമായ് കാശ്മീര സൈരന്ധ്രിയുടെ തൊട്ടുമുമ്പിലെത്തി നിന്നു..

അവളുടെ  കണ്ണുകൾ അപ്പോൾ വൈരപ്പൊടി വീണതുപോലെ ജ്വലിക്കുന്നതുകണ്ട സൈരന്ധ്രീ  ഭയന്ന്  വാമദേവനെ നോക്കുമ്പോഴും വാമദേവന്റ്റെ ദൃഷ്ടി കാശ്മീരയിൽ തന്നെയായിരുന്നു. .

സൈരന്ധ്രീ……!!

കാശ്മീരയുടെ വിളിയിലാ മന്ദാരക്കാവൊന്നുലഞ്ഞപ്പോൾ   മന്ദാരക്കാവിനുളളിലെ ഒറ്റമന്ദാരചോട്ടിലെ പെൺകുട്ടികളുടെ ദേഹത്തെ ചുറ്റിവരിഞ്ഞു നിന്നിരുന്ന നാഗങ്ങൾ  വിദൂരതയിലെന്തോ ദർശിച്ചെന്നപോലെ    നിശ്ചലരായ് ..

സൈരന്ധ്രീ ….നിന്നെപോലൊരു ദുഷ്ടജന്മത്തിനെന്നെ ഒന്ന് സ്പർശിക്കാൻ പോലും യോഗ്യതയില്ല. ….

അപ്പോൾ നീയെന്നിൽ അധികാരം കാണിക്കുന്നത്  ഞാൻ എങ്ങനെ സഹിക്കും..?

പിന്നെ ഞാൻ ആരാണ്, എന്താണ് ,എന്നൊന്നും നീ തിരക്കിയറിയേണ്ട കാര്യമില്ല. അങ്ങനെ എന്തെങ്കിലും എന്നിൽ നിന്നറിയണമെങ്കിൽ അതവൻ ,വാമദേവൻ ചോദിച്ചു കൊളളും എന്നോട്.. അല്ലേ വാമദേവാ…..?

വാമദേവനോടത് ചോദിച്ചു കൊണ്ട്  കാശ്മീര  അയാൾക്കരിക്കിലേക്ക് ചുവടുകൾ വെക്കവേ ശക്തമായൊരു കാറ്റാ കാവിനെയൊന്നാകെ പിടിച്ചു കുലുക്കി. …ഭ്രാന്തുപിടിച്ചതുപോലെയാ കാറ്റ് മന്ദാരക്കാവിനെ വട്ടംചുറ്റവേ അമ്പലമണികൾ  നിർത്താതെ  കൂട്ടിയടിക്കാൻ തുടങ്ങി. …

കാശ്മീരയുടെ ചോദ്യവും  കാവിലെ മാറ്റങ്ങളുംകണ്ട് സൈരന്ധ്രീ  പേടിച്ചെന്ന പോലെ വാമദേവനെ  വീണ്ടും വീണ്ടും  നോക്കി. ….

“”എന്താണ്  വാമദേവാ  എന്നെകണ്ടപ്പോൾ മുതൽ  താൻ ചിന്തിക്കാൻ തുടങ്ങിയതാണല്ലോ ഞാനാരാണെന്ന്….,

എന്നെ എവിടെ വച്ചാണ് കണ്ടതെന്ന്. ..,

ഉത്തരം കിട്ടിയോ തനിക്ക്..? ഇല്ല ല്ലേ…,,,എനിക്കറിയാം കാരണം എനിക്കും നിനക്കുമിടയിലൊരു മതിലുണ്ട്…..ഞാൻ ആരാണെന്ന് ഞാൻ പറഞ്ഞല്ലാതെ നീയറിയരുതെന്ന് ഞാൻ തീരുമാനിച്ചെടുത്ത എന്റ്റെ തീരുമാനത്തിന്റ്റെ  മതിൽ..!!

അതുകൊണ്ട് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം നിണ്റ്റെ മനസ്സിൽ ഇപ്പോൾ തോന്നുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം…, ഞാൻ  കാശ്മീര. ..!!

കർമ്മം കൊണ്ടല്ലെങ്കിലും ജന്മം കൊണ്ട്  നിന്റ്റെ മകളായവൾ….!!

നിന്റ്റെ രക്തത്തിൽ പിറന്നവൾ. ..!!

നാളെ നിന്റ്റെ രക്തത്തെ ഗർഭത്തിൽ ചുമന്ന്  നിനക്ക്  പുനർജന്മമൊരുക്കേണ്ട നിന്റ്റെ മകൾ കാശ്മീര….!!

ഒരു ഗുഹയിൽ നിന്നെന്നപോലെ കാശ്മീരയുടെ ശബ്ദം  ചെവിയിൽ പതിച്ചപ്പോൾ കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ  കഴിയാത്തതുപോലെ വാമദേവൻ  കാശ്മീരയെ പകച്ചു നോക്കി. …

ഇവൾ….,ഇവൾ തന്റെ  ചോരയോ….??

താനിത്രയും കാലം തേടിയ തന്റെ  മകളിവളാണോ….?

വാമദേവാ നീ  സംശയിക്കേണ്ട ഞാൻ തന്നെയാണ് നിണ്റ്റെ മകൾ….പിന്നെ  ഞാൻ  നിന്റ്റെ  മകളാണെന്ന അറിവ് നിനക്ക് നൽക്കുന്നയാ സന്തോഷം എത്രയാണെന്ന് എനിക്ക് ഇപ്പോൾ നിന്റ്റെ മുഖത്ത് നോക്കിയാൽ അറിയാം  വാമദേവാ….

നീ പറഞ്ഞത് സത്യം തന്നെയാണ്  കാശ്മീരാ… ..നീയാണെന്റ്റെ മകളെന്നറിവ് എനിക്ക് നൽകുന്ന സന്തോഷം എത്രയാണെന്നെനിക്ക് പറഞ്ഞറിയിക്കാൻ വയ്യ… കാരണം നിന്നെ ഞാൻ തിരയാൻ തുടങ്ങീട്ട് നാളുകളേറെയായ് .പക്ഷേ ഒരിക്കൽ പോലും നിന്നെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. ..എന്റെ  ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനിനി രണ്ട് നാൾ കൂടിയവശേഷിക്കുന്ന ഈ സമയത്ത് നീയെനിക്ക് മുന്നിലെത്തിയപ്പോൾ  ഞാൻ എങ്ങനെ സന്തോഷിക്കാതിരിക്കും… കാശ്മീരേ നിന്നെ എനിക്കേറെയിഷ്ടപ്പെട്ടു….

നിന്റ്റെയീ അപൂർവമായേ പേര് എന്റെ ഈ കാതിന് നൽക്കുന്ന  സന്തോഷം നിനക്കറിയില്ല…

നീ പറഞ്ഞതെല്ലാം  ഞാൻ സമ്മതിക്കുന്നു വാമദേവാ…പക്ഷേ ഇപ്പോഴും നീ ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്  നിനക്ക് ചുറ്റും. …

ശിവാനിയെ പോലെയോ ഇവിടുത്തെ മറ്റുപെൺകുട്ടികളെ പോലയോ അറിയാതെ നിനക്കരിക്കിലെത്തിയവളല്ല ഞാനെന്ന് നീ മറന്നു പോയി വാമദേവാ….!!

നീയാരാണെന്ന് , നിന്റ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞു കൊണ്ട് നിനക്ക് മുമ്പിലേക്ക് വന്നവളാണ് ഞാനെന്ന് നീ മറന്നോ വാമദേവാ….?

കാശ്മീരയുടെ വാക്കുകൾക്കുളളിലെ ഓർമ്മപെടുത്തൽ തിരിച്ചറിഞ്ഞ വാമദേവൻ ഞെട്ടിയവളെ  തുറിച്ച് നോക്കി.

നിന്റ്റെ ലക്ഷ്യം പൂർത്തിയാക്കാൻ നിന്നെ ഞാനൊരിക്കലും സമ്മതിക്കില്ല വാമദേവാ…..എന്നെ തടയണമെങ്കിൽ നീയാദ്യം ഞാനാരെന്ന് കണ്ടു പിടിച്ച് വാ…അതായത് എനിക്ക് ജന്മം തന്നവൾ ആരാണെന്ന്  കണ്ടു പിടിക്കൂ….

നിനക്ക് മുന്നിൽ മാനവും ജീവനും കൊഴിഞ്ഞു പോയ ഒരുപാട് സ്ത്രീകൾ ഇല്ലേ…. അവരിലാരാണെന്റ്റെ അമ്മ എന്ന് കണ്ടുപിടിക്കാതെ നിനക്ക് നിന്റ്റെ ലക്ഷ്യം നേടാൻ ആവില്ല വാമദേവാ…..

ഒരു വെല്ലുവിളിയെന്നപോലെ വാമദേവനോടതു പറഞ്ഞു കൊണ്ട്  കാശ്മീര ഹോമകുണ്ഠത്തിനരികെ  ചുറ്റും നടക്കുന്നത് ഒന്നും തിരിച്ചറിയാൻ  സാധിക്കാതെ  വിദൂരതയിങ്ങോ നോക്കി  വിതുമ്പി കരയുന്ന  ശിവാനിയുടെ അരികിലേക്ക് പോയപ്പോൾ  വാമദേവൻ മനസ്സിൽ അവനിലൂടെ കടന്നു പോയ  അനേകംസ്ത്രീകളുടെ മുഖങ്ങൾ തിരിയുകയായിരുന്നു…കാരണം കാശ്മീരയെ ജയിക്കണമെങ്കിൽ തന്റെ ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ  അതുകണ്ടെത്തിയേ  മതിയാവുകയുളളൂ…..

ശിവാനീ…ശിവാനീ….. നഗ്നമായ ശിവാനിയുടെ ഉടലിനെ  അവിടെ കിടന്ന ചുവന്ന പട്ടുടുത്ത്

മറച്ചു കൊണ്ട്  കാശ്മീര അവളെ കുലുക്കി വിളിച്ചു.

യാതൊരു ഭാവഭേദവുമില്ലാതെയിരിക്കുന്ന ശിവാനിയെ താങ്ങിയെണീപ്പിച്ച്  തോൾചേർത്ത് പിടിച്ച്  കാശ്മീര  മന്ദാരക്കാവിനു പുറത്തേക്ക് കൊണ്ട് പോവാൻ ശ്രമിക്കവേ വാമദേവൻ  ഓടിച്ചെന്ന് കാശ്മീരയുടെ കൈകളിൽ പിടിച്ചതും വൈദ്യുത ലൈനിൽ തട്ടി ഷോക്കടിച്ചെന്നപോലെ അയാൾ പുറക്കോട്ടു മറിഞ്ഞു വീണതും ഒരുമ്മിച്ചായിരുന്നു…

ഞെട്ടി  പകച്ച് വാമദേവൻ  കാശ്മീരയെ നോക്കവേ  ചുണ്ടിലൊരു ചിരിയോടെ വാമദേവനെ നോക്കി കൊണ്ട്  ശിവാനിയെ ചേർത്ത് പിടിച്ചവളാ മന്ദാരക്കാവിനു പുറത്തേക്ക് നടന്നു. …

 

തുടരും……

രജിത ജയൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

രജിത ജയന്റെ മറ്റു നോവലുകൾ

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “കാശ്മീര – Part 9”

  1. വളരെ വ്യത്യസ്ഥമായ ഒരു കഥ…. ഒത്തിരി യിഷ്ടായി ….. ഓരോ ഭാഗങ്ങളും സൂപ്പറാണ് …. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു ….

Leave a Reply