നീ൪മാതള൦ – ഭാഗം 1

1539 Views

nirmathalam aksharathalukal novel

കോഫീ ഹൗസിലെ ചില്ലു പാളിക്കപ്പുറം മഴ ഇരച്ചു പെയ്യുന്നത് നോക്കി ഗായത്രി ഇരുന്നു …

തൊട്ടു മുന്നിൽ അവളുടെ വിടർന്ന കണ്ണുകളിലേക്കും ചുവന്ന അധരങ്ങളിലേക്കും നോക്കി നിർ നിമേഷനായി ആദർശും …

ടേബിളിലിരുന്ന കോഫി തണുത്തു തുടങ്ങിയിരുന്നു ..

ടേബിളിനു മേലിരുന്ന സ്വർണ്ണ രോമങ്ങൾ മയങ്ങുന്ന അവളുടെ വെളുത്ത  കയ്യിൽ അവൻ മെല്ലെ തൊട്ടു ….

ഒരു ചിത്ര ശലഭത്തിന്റെ സ്പർശമറിഞ്ഞെന്ന വണ്ണം അവൾ മെല്ലെ മുഖം തിരിച്ചു . നാണം തുടുത്ത കവിളിലെ നുണക്കുഴികൾക്ക് അപ്പോൾ പൂർണ ചന്ദ്രന്റെ ശോഭയായിരുന്നു …

” എന്താ ഇത്ര വലിയ ആലോചന ..”

ആദർശ് ചോദിച്ചു …

“എന്താണെന്നറിയില്ല … ഈ ഇടെയായി വല്ലാത്ത പേടിയാ …”

“എന്തിന് …..” ആദർശ് നെറ്റി ചുളിച്ചു …

” കാരണങ്ങളാണോ ഇല്ലാത്തെ …. ചേച്ചിയുടെ കാര്യം … പിന്നെ നമ്മുടെ കാര്യം … “

” ചേച്ചിയുടെ കാര്യം ഓകെ .. പക്ഷെ നമ്മുടെ കാര്യത്തിൽ എന്തിനാ ഭയം … “

“ആദർശിന്റെ വീട്ടുകാർ നമ്മുടെ ബന്ധത്തെ അനുകൂലിക്കുമെന്ന് എനിക്ക് വിശ്വാസമില്ല ….. “

”അതിനു മാത്രം പ്രശ്നങ്ങളൊന്നുമില്ലല്ലോ … ഞാൻ വിവാഹം ചെയ്യുന്നത് തന്നെയല്ലെ ….

എനിക്കത്തരം ഭയാശങ്കകളൊന്നുമില്ല … താൻ വെറുതേ ഓരോന്നാലോചിച്ച് മനസു പുണ്ണാക്കണ്ട … അടുത്ത മാസം എക്സാമല്ലേ …. നന്നായി പഠിച്ച് എക്സാമെഴുതൂ … ബാക്കിയൊക്കെ പിന്നാലെ …. എന്തു വേണമെന്നൊക്കെ ഞാൻ തീരുമാനിച്ചിട്ടുണ്ട് ….”

അവൾ അവന്റെ സുന്ദരമായ മുഖത്തേക്ക് നോക്കി കൊണ്ട് കോഫി മെല്ലെ കുടിച്ചു …

അൽപ നേരം കൂടി സംസാരിച്ചിരുന്ന ശേഷം ആദർശ് ചുണ്ടു തുടച്ചു കൊണ്ട് വാച്ചിലേക്ക് നോക്കി ….

”ഓ …. ടൈം നാലരയാകുന്നു  …. എനിക്ക് ഡ്യൂട്ടിക്കു കയറണം അഞ്ചിന് .”

” ഉം … ” അവൾ ബാഗെടുത്ത് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൻ പെട്ടെന്ന് അവളുടെ കരം കവർന്നു ..

”പേടിക്കണ്ടടോ .. ഞാനില്ലേ നിനക്ക് …”

അവൻ പ്രണയവായ്പോടെ പറഞ്ഞു …

“മതി … മതി … സൊള്ളിയത് … ഡോക്ടർ ചെല്ല് ……”

അവൾ കുസൃതിയോടെ അവന്റെ കൈപിടിച്ച് മാറ്റി …

“വാ … ഞാൻ ബസ് സ്റ്റോപിൽ വിട്ടിട്ട് പോകാം … “

” വേണ്ട …. കുറച്ചു നടന്നാൽ മതിയല്ലോ …. സ്റ്റോപിലേക്ക് …. ലേറ്റാകാതെ പോകാൻ നോക്ക് …”

”ശരി … ഞാൻ രാത്രി വിളിക്കാം … “

അവൾ പുഞ്ചിരിയോടെ തലയാട്ടി …

മഴ അപ്പോഴും ശമിച്ചിരുന്നില്ല .. പാർക്കിംഗിൽ കിടന്ന തന്റെ കാർ എടുത്തു , ഗേറ്റിലേക്കിറങ്ങാൻ നേരം അവൻ അവളെ കൈ വീശി കാട്ടി …

മഴയിലൂടെ ഊളിയിട്ട് അവന്റെ കാർ മറ്റു വാഹനങ്ങൾക്കിടയിൽ ലയിച്ചു മറയുന്നതു നോക്കി ഒരു പുഞ്ചിരിയോടെ ഗായത്രി നിന്നു ….

* * * * * * * *    * * * * * * * * * *  * * *

ഗായത്രി വീട്ടിലെത്തുമ്പോൾ അഞ്ചര മണി കഴിഞ്ഞിരുന്നു …

ഒതുക്കു കയറി മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ  ഭാനുമതിയുടെ ഉച്ചത്തിലുള്ള ശബ്ദം പിന്നാമ്പുറത്ത് കേട്ടു ….

കോഴികളെ  കൂട്ടിൽ കയറ്റാൻ വിളിക്കുകയാണ് അമ്മ ….

ബാഗ് മുറിയിൽ വച്ച് അവൾ നേരെ പിന്നാമ്പുറത്തേക്ക് നടന്നു …

“അമ്മേ ….”

അവൾ വിളിച്ചു ….

കോഴിക്കൂടടച്ച്  തിരിഞ്ഞ് കോലായിലേക്ക് കയറിക്കൊണ്ട് ഭാനുമതി പറഞ്ഞു ..

” ആഹ് … നീ വന്നോ ….. മണിക്കുട്ടൻ വരുമ്പോ  ഒന്ന് ഇവിടെ കയറീട്ടു പോകാൻ വിളിച്ചു പറയ് …. കുറച്ച് കപ്പ പുഴുതു വച്ചിട്ടുണ്ട് …. കൊടുത്തു വിട്ടാ നാളെ അവൻ  പോകുമ്പോൾ കണാരന്റെ കടയിൽ കൊടുക്കും … “

” ഉം …  ചേച്ചി … ” അവളുടെ ശബ്ദത്തിൽ  ആശങ്ക നിഴലിച്ചു നിന്നു …

” ഇന്നു കുഴപ്പമില്ല …. ഉച്ചക്ക് കഴിച്ചിട്ട് കിടന്നതാ … ഇതു വരെ ഉണർന്നിട്ടില്ല … “

ഭാനുമതി പറഞ്ഞു …

ഉമ്മറത്തെ ചാരുപടിയിൽ ചിന്താമഗ്നയായി ഗായത്രി ഇരിക്കുമ്പോൾ ഭാനുമതി അടുത്തു വന്നിരുന്നു …

” നീയിന്ന് ആദർശനെ കണ്ടിരുന്നോ?” ഭാനുമതി മുഖവുരയില്ലാതെ ചോദിച്ചു …

” ഉം…. ” അവൾ തലയാട്ടി..

ഭാനുമതിയിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു ….

” നമുക്ക് കൂട്ട്യാൽ കൂടാത്തതാ മോളെ അവൻ … നീ സൂക്ഷിക്കണം … “

” ആദർശേട്ടൻ അങ്ങനൊരാളല്ലമ്മേ … എനിക്ക് വിശ്വാസമുണ്ട് … “

” ആയിരിക്കാം … പക്ഷെ മോളെ … അവന്റെ കുടുംബം … അതൊക്കെ നമ്മളോർക്കണ്ടെ … ഒടുവിൽ നഷ്ടങ്ങളെപ്പോഴും പെണ്ണിനായിരിക്കും … എനിക്കിനി ആകെ പ്രതീക്ഷ നീയാണ് മോളെ … ” ഭാനുമതിയുടെ കണ്ഠമിടറി …

“അമ്മ വിഷമിക്കണ്ട… അമ്മയുടെ മോൾക്ക് ഒരബദ്ധവും പറ്റില്ല … കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഡിഗ്രി ഫൈനൽ ഇയർ കഴിയും …. ബാങ്ക് കോച്ചിംഗിന് പോകാനാ ആദർശേട്ടൻ പറയണേ …അതു തന്നെയാ എന്റെയും ലക്ഷ്യം …. എനിക്ക്  ജോലിയായിട്ടേ വിവാഹത്തെ കുറിച്ച് ചിന്തിക്കൂ … അപ്പോൾ പിന്നെ വലിയ എതിർപ്പൊന്നുമുണ്ടാകില്ലന്നാ ആദർശേട്ടൻ വിശ്വസിക്കുന്നേ … “

ഭാനുമതി നിലത്തേക്ക് നോക്കിയിരുന്നു .. എന്തുകൊണ്ടോ അവരുടെ മനസിൽ ഒരു ഭയം മൊട്ടിട്ടു …

* * * * * * * * * * *    * * * * * * * * * * * *

രാത്രി ഒൻപതു മണി കഴിഞ്ഞു ആദർശ് വീട്ടിലെത്തുമ്പോൾ …

മെഡികെയർ ഹോസ്പിറ്റലിലെ കാർഡിയാക് സർജനാണ് ഡോ .ആദർശ് …

കോളിംഗ് ബെൽ അടിക്കും മുൻപ് തന്നെ വാതിൽ തുറക്കപ്പെട്ടു  …..

നിറപുഞ്ചിരിയോടെ രാജലക്ഷി മകന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ….

അവൻ ഹാളിലേക്ക് വരുമ്പോൾ സോഫയിൽ ഇംഗ്ലീഷ് ന്യൂസ് ചാനൽ കണ്ടു കൊണ്ട് ജഗനാഥൻ ഇരിപ്പുണ്ട് …

“വൈകിയോടാ മോനേ … ” കുശലമെന്നോണം ജഗനാഥൻ ചോദിച്ചു ..

“ആ അച്ഛാ … കുറച്ച് തിരക്കുണ്ടായിരുന്നു … “

ആർമിയിൽ കേർണൽ ആയിരുന്നു ജഗനാഥൻ .. ഭാര്യ രാജലക്ഷി കോളേജ് ലക്ചററും …. രണ്ടു മക്കൾ ആദർശും ഐശ്വര്യയും …. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായ  ഐശ്വര്യ വിവാഹിതയായി അമേരിക്കയിൽ സെറ്റിൽഡാണ് …

“ഫ്രഷ് ആയി വാ ആദി … അമ്മ ഫുഡ് എടുത്തു വക്കാം … “

അവൻ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി ….

കുളിച്ചു വരുമ്പോൾ ചപ്പാത്തിയും ആവി പൊന്തുന്ന സ്റ്റൂവും ഡൈനിംഗ് ടേബിളിൽ റെഡിയായിരുന്നു ..

ഭക്ഷണം കഴിച്ച ശേഷം അവൻ അച്ഛന്റെയരികിൽ വന്നിരുന്നു ….

ജഗനാഥന്റെ കണ്ണുകൾ രാജലക്ഷ്മിയുടെ നേർക്ക് നീണ്ടു…

അൽപം കഴിഞ്ഞപ്പോൾ ആദർശിന്റെയരികിലായി രാജലക്ഷ്മിയും വന്നിരുന്നു ….

അവർ ഒരു ഫോട്ടോ അവനു നേർക്ക് നീട്ടി ….

അവൻ അത് കയ്യിൽ വാങ്ങി… ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ് … ഇരുനിറം …. അയർൺ ചെയ്ത മുടി മുന്നിലേക്ക് വീണു കിടപ്പുണ്ട് …. കാണാൻ തരക്കേടില്ല ….

അവൻ അമ്മയെ നോക്കി ….

“ആരാ അമ്മേ ഇത് ……”

” അനാമിക IAS ……”

അവൻ മനസിലാകാതെ നോക്കി ….

” എന്നു പറഞ്ഞാൽ നിന്റെ പ്രതിശ്രുത വധു …..” രാജലക്ഷി ആഹ്ലാദത്തോടെ പറഞ്ഞു …..

ആദർശിന്റെ കയ്യിൽ നിന്ന് ആ ഫോട്ടോ നിലത്തേക്ക് വീണു ….

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply