Skip to content

നീ൪മാതള൦ – ഭാഗം 8

nirmathalam aksharathalukal novel

അനാമിക പോയത് തന്റെ വീട്ടിലേക്കാണ് …

കാറിലിരിക്കുമ്പോൾ അവളുടെ മനസ് പിടക്കുകയായിരുന്നു ..

ആർക്കു വേണ്ടിയാണ് താൻ ത്യാഗം ചെയ്യുന്നത് …

പക്ഷെ പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് ഒരു വിലയുമില്ല … അത് ശാശ്വതവുമല്ല …

സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ..  .. ഗായത്രിക്കു മുന്നിൽ തന്റെ സ്നേഹത്തിന്റെ മാറ്റ് ഒരിക്കലും ആദർശേട്ടൻ തിരിച്ചറിയില്ല ..

ഒരിക്കലും തനിക്ക് സമാധാനവും ലഭിക്കില്ല ..

കണ്ണുനീർ അടർന്ന് കവിളിലൂടെ ഒഴുകിയപ്പോൾ ഡ്രൈവർ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു …

കാർ ചന്ദ്രത്തു വീടിനു മുന്നിൽ നിന്നു …

അവൾ ഇറങ്ങുമ്പോൾ ഗോപൻ എവിടെയോ പോകാൻ റെഡിയായി വരികയായിരുന്നു …

അനാമികയെ കണ്ടപ്പോൾ അയാൾ ആഹ്ലാദത്തോടെ അകത്തേക്കു നോക്കി വിളിച്ചു …

”ദേവി … ദാ മോളു വരുന്നു …. “

അനാമിക ഓടി അച്ഛനടുത്ത് ചെന്നു ….

“അച്ഛനെങ്ങോട്ടാ ….”

“മാധവൻ മാഷിനെ ഒന്നു കാണണം മോളെ …. ആദർശ് ..?”

”ആദർശേട്ടൻ ഹോസ്പിറ്റലിൽ പോയച്ഛാ…. “

” അവനിങ്ങു വരുമോ …? “

“ഇല്ലച്ഛാ … ഞാനിപ്പോ പോകും … ഇവിടെ ഒരു ഒഫിഷ്യൽ കാര്യത്തിനു കൂടി വന്നതാ …. വഴിക്ക് ഇവിടെ കയറി … അച്ഛൻ മാഷേ കണ്ടിട്ടു വാ …”

അപ്പോഴേക്കും വിൽ ചെയറുരുട്ടി ദേവിയും അങ്ങോട്ടു വന്നു ….

“അമ്മേ …..” അവൾ ഓടി അമ്മയുടെ അടുത്തേക്ക് ചെന്നു … കുനിഞ്ഞ് ആ കവിളത്ത് ഒരു ഉമ്മ

നൽകി..

”അച്ഛനിറങ്ങട്ടെ മോളെ … പറ്റിയാൽ അച്ഛൻ പെട്ടെന്ന് വരാം … “

” ശരിയച്ഛാ ….”

ഗോപനെ യാത്രയാക്കി അമ്മയും മകളും അകത്തേക്ക് ചെന്നു …

”കഴിക്കാനെടുക്കട്ടെ അനൂ … “

“വേണ്ടമ്മേ …. കുറച്ചു കഴിയട്ടെ … ഞാനൊന്നു കിടക്കട്ടെ .. ചെറിയൊരു തലവേദന…. “

” എന്തു പറ്റി മോളെ ….”

“ഒന്നുമില്ലമ്മേ …. വെയിലു കൊണ്ടിട്ടാകും …. “

”മോളൊന്നു കിടക്ക് …”

അനാമിക തന്റെ മുറിയിൽ കയറി വാതിലടച്ചു … പൊട്ടിക്കരഞ്ഞു കൊണ്ടവൾ  ബെഡിലേക്ക് വീണു …

ഏറെ നേരം കരഞ്ഞപ്പോൾ അവളുടെ മനസിന് ഒരാശ്വാസം കിട്ടി ….

മെല്ലെ എഴുന്നേറ്റ് മുഖം കഴുകി ഫ്രഷ് ആയി പുറത്തു വന്നു …

ഏതോ പുസ്തകം മറിച്ചു നോക്കി മുറിയിലിരിക്കുകയായിരുന്നു ദേവി …

അവൾ അകത്തേക്ക് ചെന്നു ..

അമ്മയുടെ വീൽ ചെയറിനരികിലായി നിലത്ത് അവൾ ഇരുന്നു …

അവളെ എന്തോ വല്ലാതെ അലട്ടുന്നുണ്ടെന്ന് ദേവിക്ക് മനസിലായി …

പുസ്തകം മാറ്റി വച്ച് ദേവി അവളുടെ ശിരസിൽ തൊട്ടു ..

“എന്താ അനൂട്ടാ ….”

അവൾ അമ്മയുടെ മടിയിലേക്ക് തല വച്ചു …

“എന്താടാ കണ്ണാ … എന്താ പറ്റിയത് … അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ …”

“ഏയ് …..” അവൾ പിടച്ചിലോടെ മുഖം ഉയർത്തി….

“അമ്മയോടു പറ … ആദർശോ അമ്മയോ നിന്നെ?  “

” ഇല്ലമ്മേ … എല്ലാർക്കും എന്നെ ഇഷ്ടമാ …. അമ്മയെ പോലെ തന്നെയാ അവിടത്തെ അമ്മയും ….അച്ഛനും അതേ … ഞാൻ വന്നത് അതിനല്ല.. എനിക്ക് അമ്മയുടെ ഉപദേശം വേണം .. അനുവാദവും .. “

“എന്താടാ…. നീ പേടിപ്പിക്കാതെ കാര്യം പറ…”

” നമുക്ക് അർഹതപ്പെടാത്തത് പിടിച്ചു വക്കുന്നത് തെറ്റല്ലേമ്മേ .. അമ്മ തന്നെയല്ലേ പറഞ്ഞിട്ടുള്ളത് .. “

” എന്തു പറ്റി നിനക്ക് … ഒഫീഷ്യൽ ആയ എന്തെങ്കിലുമാണോ …? “

” അതേ … ” അവൾ കള്ളം പറഞ്ഞു …

” അർഹതപ്പെടാത്തതൊന്നും നമുക്ക് വേണ്ട മോളെ … അതൊരിക്കലും സന്തോഷം തരില്ല …. മറിച്ച് സമാധാനം കെടുത്തിക്കൊണ്ടേയിരിക്കും … “

അനാമിക അതു ശരിവക്കുന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു …

“എന്താ  .. ആരെങ്കിലും നിനക്ക് വല്ല കൈക്കൂലിയും തന്നോ …? ” അവർ പകുതി കാര്യമായും പകുതി തമാശയായും ചോദിച്ചു ..

“ഏയ് … കിട്ടിയത് നേരായ വഴിയിൽ കൂടെയാ … കിട്ടി കഴിഞ്ഞാ ഞാനറിഞ്ഞത് .. അതെന്റെയല്ലെന്ന് … അതവരെ തിരിച്ചേൽപിക്കാം അല്ലേമ്മേ … നമുക്ക് അത് വേണ്ട”

അമ്മയുടെ മുന്നിൽ കരഞ്ഞു പോകാതിരിക്കാൻ ..ശബ്ദമൊന്നിടറാതിരിക്കാൻ അവൾ പാടുപെട്ടു …

ദേവി അതേ എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു ….

”ഞാനിറങ്ങട്ടെ അമ്മേ… അച്ഛൻ വരുമ്പോൾ പറഞ്ഞാൽ മതി … “

“നീയൊന്നും കഴിച്ചില്ലല്ലോ അനു … “

“വേണ്ടമ്മേ … വിശപ്പില്ല … അവിടെ ചെന്നിട്ട് കഴിക്കാം … “

അവൾ വേഗം പുറത്തേക്കിറങ്ങി നടന്നു ….

അനാമികയുടെ വാക്കുകളിൽ ദേവിക്ക് പക്ഷെ വിശ്വാസം തോന്നിയില്ല …

ജോലിയിൽ ഒരു അഴിമതിയും അവൾ ചെയ്യില്ല …

അകാരണമായ ഒരു ഭയം ദേവിയെ ഗ്രസിച്ചു ….

കൃഷ്ണാ എന്റെ കുഞ്ഞിനെ കാത്തോണേ …..

അവർ കണ്ണടച്ചു പ്രാർത്ഥിച്ചു …

* * * * * * * * * * * * *     * * * * * * * * *

വീട്ടിലേക്ക് വരുന്ന വഴിയിൽ ഗായത്രിയുടെ കോൾ വരുന്നതു കണ്ടപ്പോൾ ആദർശ് കാർ സൈഡൊതുക്കി നിർത്തി …

” പറ ഗായത്രി…”

”ആദർശ് … ആദർശിന്റെ ഭാര്യ എന്ത് പറഞ്ഞു…?”

” ഞാൻ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാ …”

“അയ്യോ  ഡ്രൈവിംഗിലാണോ .. ഞാൻ പിന്നെ വിളിക്കാം … “

“അല്ല … കാർ ഒതുക്കിയിട്ടിരിക്കുകയാ …”

” ഉം … അമ്മയെന്നെ വഴക്കു പറഞ്ഞു .. “

“എന്തിന് ..?”

” ആദർശിനെ വിളിച്ചതിന് … ആദർശിന്റെ ഭാര്യയാ അതിവിടെ പറഞ്ഞത് … അവളുടെ കയ്യിൽ തെളിവുണ്ടെന്ന് പറഞ്ഞു … “

” എന്ത് തെളിവ് ..?”

” അതറിയില്ല .. ഏതായാലും ആദർശ് ഒന്നു സൂക്ഷിക്കണം …. അവളെ നിസാരമായി കാണരുത് .. “

” ഉം…. “

”എനിക്ക് പേടിയാകുന്നു ആദർശ് … ഇനിയും ആരെങ്കിലും ഇവിടെ വന്ന് പ്രശ്നമുണ്ടാക്കുമോ എന്ന് … എല്ലാവരും കുറ്റപ്പെടുത്തുന്നത് എന്നെയായിരിക്കും … “

” നിന്നെയാരും ഒന്നും ചെയ്യില്ല .. .. എന്തുണ്ടെങ്കിലും എന്നെ വിളിച്ചു പറഞ്ഞാൽ മതി … “

”ശരി …. വീട്ടിലെത്തിയിട്ട് പറ്റുമെങ്കിൽ വിളിച്ച് വിവരം പറയണേ ആദർശ് … “

” ഉം … “

കോൾ കട്ട് ചെയ്ത് അവൻ ഡ്രൈവിംഗ് തുടർന്നു …

ഗായത്രിയെ കുറിച്ച് അനാമികയെങ്ങനെ അറിഞ്ഞു ..

വീടു വരെ കൃത്യമായി കണ്ടു പിടിക്കണമെങ്കിൽ …

മുൻപ് നടന്ന പ്രശ്നങ്ങളൊന്നും തന്നെ അവൾ അറിഞ്ഞിട്ടില്ല …

പിന്നെയെങ്ങനെ …

ആദർശിന് എത്ര ആലോചിച്ചിട്ടും അത് മനസിലായില്ല …

ഗായത്രി പറഞ്ഞതു പോലെ ഒരു കരുതലെടുക്കണം …

* * * * * * * * *   * * * * * * * * * * * *

ഫുഡ് കഴിച്ച ശേഷം മുറിയിൽ വന്ന് ബുക്കെടുത്തു …

പിറ്റേ ദിവസത്തെ സർജറിക്കു വേണ്ടി ചിലത് നോക്കാനുണ്ടായിരുന്നു …

അപ്പോഴേക്കും അനാമികയും അകത്തേക്ക് വന്നു …

” ആദർശേട്ടാ…” അവൾ വിളിച്ചു ..

അവൻ മുഖമുയർത്തി നോക്കി …

“എനിക്ക് സംസാരിക്കാനുണ്ട് … “

“എന്താണ് … “

“ആദർശേട്ടൻ വരൂ … നമുക്ക് ആ ലോബിയിലിരിക്കാം … “

ഒന്നാലോചിച്ചിട്ട് അവൻ എഴുന്നേറ്റു ചെന്നു …

ലോബിയിൽ രണ്ടു ചെയർ അവൾ നേരത്തേ എടുത്തിട്ടിട്ടുണ്ടായിരുന്നു …

അവൾ അവനഭിമുഖം ഇരുന്നു …

” ആദർശേട്ടനിനിയും എന്നോട് മൗനം പാലിക്കുന്നതിൽ അർത്ഥമില്ല … എന്റെ കാത്തിരിപ്പ് വെറുതെയാണെന്ന് എനിക്കറിയാം .. “

അവൻ താത്പര്യമില്ലാത്ത മട്ടിൽ പുറത്തെ ഇരുട്ടിലേക്ക് കണ്ണോടിച്ചു …

” എനിക്ക് ഡിവോർസ് വേണം ….”

അവൻ അവളുടെ മുഖത്തേക്ക് നോക്കി …

” എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ ..?” അവൻ ചോദിച്ചു ..

” ഒരു ഭാര്യയെന്ന നിലയിൽ എനിക്ക് എന്ത് സ്ഥാനമാ ആദർശേട്ടൻ തന്നിരിക്കുന്നത് …”

അവൾ തന്റെ മുഖത്തു നോക്കി എല്ലാം വിളിച്ചു പറഞ്ഞ് വിജയിയാകുന്നതിലും നല്ലത് താൻ അങ്ങോട്ടു പറയുന്നതാണെന്ന് അവനു തോന്നി …

” ഞാൻ മറ്റൊരു കുട്ടിയെ സ്നേഹിച്ചിരുന്നു … അച്ഛനും അമ്മയും ആ വിവാഹത്തിന് അനുവദിച്ചില്ല … എനിക്ക് തന്റേടം കാട്ടാനും കഴിയാതെ പേയി … അച്ഛനും അമ്മക്കും വേണ്ടി …”

അവൾ അവന്റെ മുഖത്തേക്ക് നോക്കി …

” ഇന്നത്തെക്കാലത്ത് ആരെയും പ്രണയിച്ചിട്ടില്ലാത്ത ഒരു ഭർത്താവിനെ കിട്ടണമെന്നൊന്നും ഞാൻ സ്വപ്നം കണ്ടിട്ടില്ല … അതു നടക്കാനും പോകുന്നില്ല … കഴിഞ്ഞതെന്തെങ്കിലും മറക്കാനാണെങ്കിൽ കാത്തിരിക്കാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞത് മനസിൽ തട്ടി തന്നെയായിരുന്നു … ” അവളുടെ ശബ്ദമിടറി ..

അവൻ ഒന്നും മിണ്ടിയില്ല …

” കഴിയില്ല അല്ലേ …. എനിക്കറിയാം …കാരണം നിങ്ങളിപ്പോഴും പഴയ ഇഷ്ടം തുടരുന്നു .. ഞാൻ വെറുമൊരു വിഡ്ഢി … “

അവൾ നിരാശയുടെ പടുകുഴിയിൽ എത്തിയിരുന്നു …

”എനിക്കറിയാം ആ കുട്ടിയെ … ഗായത്രി … ഞാൻ പോയി കണ്ടിരുന്നു “

” നിന്നോടാരു പറഞ്ഞു … അവളെക്കുറിച്ച് “

” ആ ചോദ്യത്തിന് പ്രസക്തിയില്ല …. ഞാൻ തീരെ ചെറിയ കുട്ടിയൊന്നുമല്ലല്ലോ …? “

“എനിക്കവളെ ഒരുപാടിഷ്ടമായിരുന്നു … എന്റെ ഭാര്യയായി സങ്കൽപിച്ച പെണ്ണായിരുന്നു അവൾ..  “

” ഇപ്പോഴും ആണ് … അതല്ലേ ശരി … ?”

അവൻ ഒന്നും മിണ്ടിയില്ല …

” ഇനിയും ഈ ഡ്രാമ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലല്ലോ …. ” അവൾ ഗദ്ഗദത്തോടെ ചോദിച്ചു …

അതിനും അവന് ഉത്തരമില്ലായിരുന്നു …

”നമുക്ക് പിരിയാം …. അഡ്വ. ലാവണ്യ എന്റെ ഫ്രണ്ടാണ് … ഞാൻ സൂചിപ്പിച്ചിട്ടുണ്ട് …. നാളെ അവളുടെ ഓഫീസിൽ പോയി കാണണം നമുക്ക് …”

അവൻ മിണ്ടാതെ ഇരുന്നതേയുള്ളു..

”എന്താ ഒന്നും പറയാത്തത് .. “

”നീയെല്ലാം തീരുമാനിച്ച് ഉറപ്പിച്ചല്ലോ … ഇനി ഞാനെന്താ പറയേണ്ടത് …”

അവൾ അവന്റെ മുഖത്തേക്ക് നോക്കി …

പിന്നെ ചെയറിലേക്ക് ചാരി കണ്ണടച്ചു കിടന്നു …

അവൾക്കെങ്ങനെ ഇത്ര സമാധാനമായി സംസാരിക്കാൻ കഴിഞ്ഞു എന്നത് അവനെ അത്ഭുതപ്പെടുത്തിയിരുന്നു ..

അവൻ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും അവൾ പിന്നെയും വിളിച്ചു …

“ആദർശേട്ടാ … ഒരു കാര്യം കൂടി ചോദിച്ചോട്ടെ …? “

” എന്താ …? “

” എന്നെ എന്തിനായിരുന്നു ഇതിലേക്ക് വലിച്ചിട്ടത് … വിവാഹത്തിനു മുൻപെങ്കിലും ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ.. ഞാനായി തന്നെ ഒഴിഞ്ഞു പോകുമായിരുന്നല്ലോ ..?” അവൾ വിതുമ്പലോടെ അവന്റെ കണ്ണിലേക്ക് നോക്കി ..

” അനൂ…….. ” അവൻ പതർച്ചയോടെ വിളിച്ചു ..

“എനിക്കുമൊരു മനസുണ്ടെന്ന് അറിഞ്ഞിരുന്നില്ല ല്ലേ .. ” എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുനീർ അടർന്നൊഴുകി …

കൈകളിൽ മുഖം താങ്ങി കുനിഞ്ഞിരുന്ന് അവൾ പൊട്ടിക്കരഞ്ഞു..

അവൻ കണ്ണുകൾ ചേർത്തടച്ചു…

ഇതുവരെ തന്റെ മനസിലുണ്ടായിരുന്ന അനാമികയല്ല ഇതെന്ന് അവന് തോന്നി …

അൽപം മുൻപ് ഗായത്രി പറഞ്ഞ അനാമികയും ഇതല്ല …

ഈശ്വരാ ഈ പാപം താൻ എവിടെ കൊണ്ടു പോയി തീർക്കും ..

അവളെയൊന്നു ആശ്വസിപ്പിക്കാൻ പോലും തനിക്കു കഴിയുന്നില്ലല്ലോ എന്നവനോർത്തു ..

നെഞ്ചിലൊരു ഭാരം എടുത്തു വച്ചതു പോലെ അവനു തോന്നി ..

അവൻ എഴുന്നേറ്റ് റൂമിലേക്ക് നടന്നു … വല്ലാത്തൊരു നീറ്റൽ നെഞ്ചിൽ പടർന്നിരുന്നു ..

അവൾ മുഖമുയർത്തി അവൻ പോയിടത്തേക്ക് നോക്കി …

ഒന്നും വേണ്ട .. കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതു ജീവിതം തുടങ്ങാമെന്ന് ഒരിക്കലെങ്കിലും അവൻ പറയുമെന്ന് വെറുതെ അവൾ പ്രതീക്ഷിച്ചിരുന്നു ..

അതുണ്ടായില്ല …

നിരാശയോ വേദനയോ .. തന്നെ മുറുക്കി പിടിച്ചിരിക്കുന്ന വികാരങ്ങളെന്തെന്ന് അവൾക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല ..

* * * * * * * * * * * *   * * * * * * * * * *

രാവിലെ അവൾ ആദർശനൊപ്പമാണ് ഓഫീസിൽ പോകാനിറങ്ങിയത് ..

” വീട്ടിൽ ഒന്നും ഇപ്പോൾ പറയണ്ട … ” അവൾ അവനോട് പറഞ്ഞു ..

അവൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു..

ലാവണ്യയുടെ ഓഫീസിൽ ചെല്ലുമ്പോൾ അവൾ മ്യൂച്വൽ പെറ്റീഷൻ തയാറാക്കിയിരുന്നു ..

“ഒന്നുകൂടി ആലോചിച്ചിട്ട് പേരെ .. “

ലാവണ്യ ചോദിച്ചു ..

അനാമികയോ ആദർശോ ഒന്നും മിണ്ടിയില്ല ..

ഒടുവിൽ ഇരുവരും സൈഗ്ന് ചെയ്തു ..

അനാമികയുടെ നെഞ്ച് പിടഞ്ഞു ..കരഞ്ഞു പോകരുതേ എന്നവൾ പ്രാർത്ഥിച്ചു …

” ഞാൻ നാളെ തന്നെ കോർട്ടിൽ സബ്മിറ്റ് ചെയ്യാം ..

പുറത്തേക്കിറങ്ങുമ്പോൾ അവൻ പറഞ്ഞു ..

” ഞാൻ ഓഫീസിൽ കൊണ്ടു വിടാം … “

അവൾ മിണ്ടിയില്ല ..

പുറത്ത് അവളെ കാത്ത് സ്റ്റേറ്റ് കാർ കിടപ്പുണ്ടായിരുന്നു ..

കാറിൽ കയറാൻ നേരം അവളൊന്നു തിരിഞ്ഞു നോക്കി …

അവിടെ അവളെ നോക്കി അവൻ നിൽപുണ്ടായിരുന്നു …

എവിടെയോ ഒരു നഷ്ടബോധം അവനെയും ആവരണം ചെയ്തു ..

* * * * * * * * * *   * * * * * * * * * * *

ഉച്ചക്ക് ആഹാരം കഴിച്ചെന്നു വരുത്തി .. അവൾ വെറുതെ ഫയലുകളിൽ കണ്ണോടിച്ചു ..

ഒന്നിലും മനസുറക്കുന്നുണ്ടായിരുന്നില്ല ..

ഫോൺ ശബ്ദിച്ചപ്പോൾ … അവൾ അതെടുത്തു …

ജഗനാഥനാണ് …

അവൾ വേഗം കോളെടുത്തു …

” മോളെ ഒരു പ്രശ്നമുണ്ട് … ” ജനനാഥന്റെ ശബ്ദത്തിലെ പതർച്ചയും പരിഭ്രാന്തിയും അവൾ തിരിച്ചറിഞ്ഞു …

“എന്താ അച്ഛാ …”

”മോളെ ആദർശ് പോലീസ് കസ്റ്റടിയിലാണ് … സർജറിയിലെന്തോ പിഴവ് സംഭവിച്ചെന്നോ മറ്റോ ഒക്കെ പറയുന്നുണ്ട്… ഞാനങ്ങോട്ടു പോവുകയാ … ടിവിയിലൊക്കെ ന്യൂസ് വരുന്നുണ്ട് .. “

കാതുകൾ കൊട്ടിയടച്ചതു പോലെ അനാമികക്കു തോന്നി …

സ്തംബ്ധയായി അവളിരുന്നു ..

 

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!