അടി കൊണ്ടതിനേക്കാൾ ഗായത്രിയെ വേദനിപ്പിച്ചത് ഐശ്വര്യയുടെ വാക്കുകളായിരുന്നു …
അവൾ കവിൾ തുടച്ചു …
പാവം ആദർശ് … അവൻ ഇതിന്റെ പ്രത്യാഘ്യാതം അനുഭവിക്കേണ്ടി വരും ..
അവൾ ഫോൺ കയ്യിലെടുത്തു ..
വിളിച്ചു നോക്കണോ ..
ഇപ്പോൾ വേണ്ട .. ഒരു പക്ഷെ ആരെങ്കിലും അടുത്തുണ്ടെങ്കിൽ ..
പിന്നീട് വിളിക്കാം എന്നവൾ സമാധാനിച്ചു ..
* * * * * * * * * * * * * * * * * * * * *
ഐശ്വര്യ വിളിച്ച് നടന്ന സംഭവങ്ങൾ പറഞ്ഞതു മുതൽ ആദർശിനെ തനിച്ചൊന്നു കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു രാജലക്ഷ്മി …
പക്ഷെ അനാമികയുള്ളതിനാൽ സൂക്ഷിച്ചേ പാടുള്ളു ..
ഒന്നും സംഭവിക്കാതെ തന്നെ മൂന്നു നാലു ദിവസങ്ങൾ കടന്നു പോയി ..
അതിനിടയിൽ ആദർശും അനാമികയും ഇരുവരുടെയും ബന്ധു വീടുകളിൽ സന്ദർശനം നടത്തി ..
ശനിയാഴ്ച വൈകുന്നേരത്തോടെ ഐശ്വര്യയും കുടുംബവും സ്റ്റേറ്റ്സിലേക്ക് മടങ്ങി ..
അനാമിക കിടപ്പ് നിലത്തേക്ക് മാറ്റിയിരുന്നു ..
എന്നെങ്കിലും ആദർശ് വിളിക്കാതെ ആ കിടക്കയുടെ പാതി താൻ അപഹരിക്കില്ലെന്ന് അവൾ മനസിൽ പ്രതിജ്ഞ ചെയ്തു ..
പക്ഷെ അവന്റെ മനസ്സിൽ കിടക്കുന്ന തന്റെ ജീവിതത്തിലെ ആ മുള്ള് എടുത്തു കളയാൻ എന്തു വേണമെന്ന് അവൾ പല രീതിയിലും ആലോചിച്ചു ..
അവൾ ആരാണെന്ന് കണ്ടെത്തണം ..
വിൻഡോ ഗ്ലാസിലൂടെ ചിങ്ങനിലാവിന്റെ നറു വെളിച്ചം ആ മുറിയിലേക്ക് കടന്നു വന്നു ..
നെഞ്ചിലെരിയുന്ന തീച്ചൂളയുമായി ആ പാൽ വെളിച്ചത്തിലേക്ക് നോക്കി അനാമിക കിടന്നു ..
ഒരിറ്റു കണ്ണുനീർ ആ കവിൾ തടങ്ങളെ തലോടി തലയിണയിലേക്ക് പതിച്ചു ..
ഒരു തേങ്ങലിന്റെ ചീളു പോലും പുറത്തു വരാതിരിക്കാൻ അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി …
* * * * * * * * * * * * * * * * * * * * * * *
തിങ്കളാഴ്ച മുതൽ അനാമികയും ആദർശും രാജലക്ഷ്മിയും ജോലിയിലേക്ക് പ്രവേശിച്ചു ..
ഓഫീസിൽ വച്ച് തനിക്ക് പരിചയമുളള വിശ്വസ്ഥൻ കൂടിയായ അലി അക്ബറിനെ അനാമിക വിളിച്ചു …
അവൾ പാലക്കാട് സബ് കളക്ടർ ആയിരിക്കുമ്പോൾ ഒരു കോളനി ഒഴിപ്പിക്കൽ പ്രശ്നം ഉണ്ടായിരുന്നു ..
അനതികൃതമായി കെട്ടിയതാണ് ആ കോളനിയിലെ വീടുകൾ എന്നതായിരുന്നു അരോപണം ..
പക്ഷെ അതിൽ സത്യമില്ലെന്നും ഒരു വൻകിട കമ്പനിക്ക് ഡിസ്റ്റിലറി തുടങ്ങാൻ വേണ്ടിയാണെന്നും മനസിലാക്കി കോളനി നിവാസികൾക്കൊപ്പം സമരത്തിനു പോലും അവൾ മുന്നിട്ടിറങ്ങി ..
ആ കോളനിയിൽ അലിക്ക് മേധാവിത്തമുണ്ട് ..
ആ സംഭവത്തിനു ശേഷം അലിക്കും സംഘത്തിനും അനാമിക കാണപ്പെട്ട ദൈവമാണ് ..
അനാമികയുടെ കോൾ കണ്ടപ്പോൾ അലി ഉത്സാഹത്തോടെ കാൾ എടുത്തു ..
“ഹലോ .. മാഡം .. “
“സുഖമാണോ അലി .. “
” അതേ മാഡം … ഇന്നലേം കൂടി സുഹൈല പറഞ്ഞേള്ളു മാഡത്തിന്റെ കാര്യം … “
” ഇത്താനും കുട്ട്യോൾക്കും സുഖം തന്നെയല്ലേ … “
” ഉവ്വ് മാഡം … “
” അലി ….എനിക്കൊരു ഹെൽപ് വേണം .. അതിനാ വിളിച്ചത് .. “
” ങ്ങള് കാര്യന്താന്ന് മാത്രം പറഞ്ഞാ മതി മാഡം .. അലീം പിള്ളേരും അത് എപ്പം നടത്തീലാന്ന് മാത്രം ചോദിച്ചാൽ മതി.. അതിപ്പം ഒരുത്തനെ തട്ടാനാണെങ്കിലും ശരി ജയിലിൽ പോവാനാണെങ്കിലും ശരി .. “
” ആരെയും കൊല്ലുകയൊന്നും വേണ്ട അലി .. ” അനാമിക ചിരിച്ചു ..
”ഞാനൊരു നമ്പർ വാട്സപ് ചെയ്യാം .. ആ നമ്പറിൽ കഴിഞ്ഞ കുറച്ചു നാളായി ഉള്ള ഇൻകമിംഗ് ഔട്ട് ഗോയിംഗ് നമ്പറുകളും ആ നമ്പറുകളുടെ ഡീറ്റെയിൽസും ഒന്നെടുത്തിട്ട് വാട്സപ് ചെയ്യണം .. അലിക്ക് പോലീസിലും മൊബൈൽ കമ്പനിയിലുമൊക്കെ സുഹൃത്തുക്കളുണ്ടാകുമല്ലോ ..” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു..
“സുഹൃത്ത്ക്കട കാര്യം വീടീൻ … ഇനിയിപ്പം അവന്മാരെ കത്തി മുനയിൽ നിർത്തീറ്റയാലും ഇന്ന് രാത്രിക്കു മുമ്പ് ഇത് മാഡത്തിന് കിട്ടിയിരിക്കും .. “
“പിന്നെ അലീ ….” അവൾ പൂർത്തിയാക്കും മുൻപ് അലി ഇടക്കു കയറി പറഞ്ഞു ..
“ഇതാരും അറിയണ്ടന്നല്ലേ മാഡം … അതൊക്കെ വെടിപ്പായിട്ട് അലി ചെയ്യും … “
” താങ്ക്സ് .. അലി … “
”ആ അതു മാത്രം വേണ്ട മാഡം … മാഡം ഇനി പാലക്കാടിനു വന്നാ മ്മള വീട്ടിൽ വന്ന് മ്മള ബീവിന്റെ പത്തിരീം കോഴിക്കറീം കഴിച്ച് മ്മക്കൊപ്പം ഒന്നു ഉഴാറാക്കിയാ മതി … “
.
“oK … .. ” അവൾ ചിരിച്ചു …
കോൾ കട്ട് ചെയ്ത് അവൾ ചിന്തയിലാണ്ടു…
അലി വഴി അന്വേഷിക്കുന്നതാണ് ശരി .. അതാകുമ്പോൾ ഒറ്റ കുഞ്ഞുപോലും ഒന്നുമറിയില്ല …
* * * * * * * * * * *****************
രാത്രി ..
നോക്കി തീർക്കുവാനുള്ള ഫയലുകളുമായി അവൾ ലോബിയിൽ വന്നിരുന്നു ..
മറ്റാരും അവിടെയെങ്ങും ഇല്ലെന്നുറപ്പു വരുത്തി ,അവൾ വാട്സപ് തുറന്നു ..
അലി അയച്ചു കൊടുത്ത ഫോട്ടോസ് ഒരോന്നായി അവൾ സൂം ചെയ്ത് പരിശോധിച്ചു …
ഭാനുമതി , പൊഴിക്കൽ വീട് ,നെല്ലനാട് എന്ന അഡ്രസിൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്കാണ് ആദർശിന്റെ ദൈർഘൃമേറിയതും കൂടുതൽ തവണ വിളിച്ചിട്ടുള്ളതുമായ കാളുകൾ …
കഴിഞ്ഞ ദിവസങ്ങളിലും ആ നമ്പറിൽ നിന്ന് ആദർശിന് കാൾ വന്നിട്ടുണ്ട് ..
പക്ഷെ ദൈർഘ്യം കുറവാണ് ..
അനാമികക്ക് ഉറപ്പായി .. ഇതു തന്നെയാണ് ആദർശിന്റെ കാമുകിയുടെ നമ്പർ ..
മറ്റാരുടെയോ പേരിലെടുത്തതാവണം .. ഈ അഡ്രസ് വച്ച് ഒരന്വേഷണം നടത്തിയാൽ കിട്ടും ആളിനെ ..
ഈ നമ്പറിലേക്ക് വിളിച്ചാലും മറുവശത്ത് ആരാണ് എടുക്കുന്നതെന്ന് അറിയാൻ പറ്റും .. പക്ഷെ അതു വേണ്ട ..
വിവാഹ ശേഷവും ആ നമ്പറിൽ നിന്ന് ആദർശിന് കാൾ വന്നിട്ടുണ്ട് എന്നത് അവളെ പൊള്ളിച്ചു …
പക്ഷെ ആദർശ് അങ്ങോട്ടു വിളിച്ചിട്ടില്ല ..
അതിനർത്ഥം അവൾ ആദർശിനെ വിടാതെ പിന്തുടരുന്നു എന്നാണോ …?
ഇതിനൊരവസാനം കണ്ടേ മതിയാവൂ …
* * * * * * * * * * * * * * * * * * * * *
ഓഫീസിലെ സഹപ്രവർത്തകരുടെ ഡീറ്റെയിൽസിലൂടെ അനാമിക കണ്ണോടിച്ചു ..
ക്ലർക്ക് തസ്തികയിലുള്ള സുനിതയുടെ നാട് നെല്ലനാട് ആണെന്ന് അവൾ കണ്ടു ..
ആളെ വിട്ട് അന്വേഷിക്കുന്നതൊക്കെ കുറച്ച് റിസ്കുള്ള കാര്യമാണ് ..
അല്ലാതെ ഒരു ശ്രമം നടത്തി നോക്കാം ..
അവൾ സുനിതയെ റൂമിലേക്ക് വിളിപ്പിച്ചു …
”സുനിത ഇരിക്ക് … ഞാൻ സുനിതയുടെ ഒരു നാട്ടുകാരിയെപ്പറ്റി അന്വേഷിക്കാൻ വിളിച്ചതാ ..”
“എന്റെയോ .. ആരാ മാഡം … “
“ഒരു ഭാനുമതിയെ അറിയുമോ .. പൊഴിക്കൽ വീട് .. “
” ഹ .. അറിയുമോന്നോ ..ഭാനു ചേച്ചി … അറിയാം … “
അനാമികയുടെ മുഖം വിടർന്നു ..
” എന്താ മാഡം കാര്യം …. “
”ഏയ് എന്റെ ഒരു റിലേറ്റീവിന്റെ പരിചയക്കാരാ … ഒരു സഹായം ചെയ്തു കൊടുക്കാൻ പറഞ്ഞിരുന്നു ..പക്ഷെ നമ്മൾ വേണ്ട വിധത്തിൽ അന്വേഷിച്ചില്ലെങ്കിൽ അതു പിന്നെ നമ്മുടെ തലക്കു തന്നെ വാളാകുമെന്ന് അറിയാമല്ലോ ..”
” എന്ത് .. സഹായമാ മാഡം .. “
”അത് വഴിയേ പറയാം …എങ്ങനെയാ അവരുടെ കുടുംബ പശ്ചാത്തലം … “
“കഷ്ടമാ … മാഡം …. ഭാനു ചേച്ചീടെ ഭർത്താവിനെ കുത്തി കൊന്നതാ … രണ്ടു മക്കളെ വളർത്താൻ ആ ചേച്ചി അനുഭവിച്ച കഷ്ടപ്പാട് … എന്നിട്ടൊഴിഞ്ഞോ … ദുരിതം … ആ മൂത്ത കൊച്ചിന് മാനസിക രോഗമാ… സ്വന്തം അച്ഛനെ കുത്തി കൊല്ലുന്നത് നേരിട്ടു കണ്ടതാ ആ കൊച്ച് ..”
അനാമികയുടെ നെറ്റി ചുളിഞ്ഞു …
”എത്ര കുട്ടികളുണ്ട്…. ?”
“രണ്ട് …. രണ്ട് പെൺകുട്ടികൾ ….”
“രണ്ടാമത്തെ കുട്ടി ….?”
” ആ കൊച്ചിന് കുഴപ്പമൊന്നുമില്ല മാഡം …. ഡിഗ്രിക്ക് പഠിക്കുകയാ …നല്ല സ്വർണ്ണം പോലൊരു കൊച്ചാ അത് …”
അനാമികയുടെ മുഖം ഇരുണ്ടു …
“എന്താ അവളുടെ പേര് ….?”
”ഗായത്രി ….”
ഗായത്രി ……………..
അവൾ ആ പേര് മനസിൽ ഉരുവിട്ടു ….
* * * * * * * * * * * * * * * * * * * * * * *
ശനിയാഴ്ച ..
ഉമ്മറത്തെ ചാരുപടിയിലിരുന്ന് ബീൻസ് അരിയുകയായിരുന്നു ഗായത്രി …
ഒതുക്കു കയറി വരുന്ന സുന്ദരിയായ പെൺകുട്ടിയെ ഗായത്രി കണ്ടു ..
അവൾ മെല്ലെ എഴുന്നേറ്റു …
ഇതാരാണ് ….
അവളുടെ അയൺ ചെയ്ത സിൽക്ക് പോലുള്ള മുടിയിലേക്ക് ഗായത്രി കൗതുകത്തോടെ നോക്കി …
ആ പെൺകുട്ടി മുറ്റത്തേക്ക് വന്നു ..
“ഭാനുമതിയുടെ വീടല്ലേ ….”
” അതേ …. ആരാ …”
” അകത്തേക്ക് കയറിക്കോട്ടെ ….” അവൾ ചോദിച്ചു …
“വരൂ…. ” ഗായത്രി ക്ഷണിച്ചു …
പെൺകുട്ടി അകത്തേക്ക് കയറി …
അടുക്കളയിൽ പണിയിലായിരുന്ന ഭാനുമതി പൂമുഖത്തെ സംഭാഷണം കേട്ട് അങ്ങോട്ടു വന്നു ….
” ആരാ മോളെ … ” ഭാനുമതി ചോദിച്ചു …
”നിങ്ങൾക്കെന്നെ കണ്ട് പരിചയം ഉണ്ടാകില്ല …. പറഞ്ഞാൽ അറിയുമായിരിക്കും … അമ്മക്കറിയില്ലെങ്കിലും ഗായത്രിക്ക് എന്നെ മനസിലാകും … “
ഗായത്രി അത്ഭുതം കൂറി … തന്റെ പേരെങ്ങനെ ഇവൾക്കറിയാം …
“എന്റെ പേര് അനാമിക … ആദർശിന്റെ ഭാര്യ …”
ഗായത്രിയും ഭാനുമതിയും ഒരു പോലെ ഞെട്ടി …
ഈശ്വരാ … ഇവൾ ഇതെന്തിനുള്ള പുറപ്പാടാ … തന്റെ കുഞ്ഞിനെ നോവിക്കാനാണോ ….
” എന്തു വേണം ….” ഭാനുമതി ചോദിച്ചു …
അവൾ ആ ചോദ്യം ഗൗനിച്ചില്ല …
അനാമിക ഗായത്രിയുടെ നേർക്ക് ചെന്നു …
” നീയെന്തിനാ ആദർശേട്ടനെ ഇപ്പോഴും ഫോണിൽ വിളിക്കുന്നത് …”
ഗായത്രി മുഖം തിരിച്ചു …
” ചോദിച്ചത് കേട്ടില്ലേ … ” അനാമികയുടെ ഒച്ചയുയർന്നു …
”അവളരെയും വിളിക്കില്ല … ” ഭാനുമതി പറഞ്ഞു ..
” എന്നവൾ പറയട്ടെ …..” അനാമിക അവജ്ഞയോടെ പറഞ്ഞു …
ഗായത്രി ഒന്നും മിണ്ടിയില്ല …
“എന്റെ ജീവിതം നശിപ്പിച്ചിട്ട് നിനക്ക് എന്ത് സന്തോഷമാടി കിട്ടുന്നേ ….?”
“വിവാഹത്തിനു മുൻപ് ആണിനും പെണ്ണിനും ചില ഇഷ്ടങ്ങളൊക്കെ ഉണ്ടായെന്നിരിക്കും… ചിലത് വിജയിക്കും .. ചിലത് ഒന്നുമാകാതെ പോകും … പക്ഷെ ഭർത്താവിന്റെ പഴയ കാമുകിയെ തിരക്കിയിറങ്ങി പകരം വീട്ടുന്നത് അന്തസിനു ചേർന്നതല്ല … ” ഭാനുമതി അറുത്തു മുറിച്ച് പറഞ്ഞു …
” പകരം വീട്ടാനോ … ഇവളോടോ … അത്രക്ക് അധപതിച്ചിട്ടില്ല ഞാൻ … ഭാര്യയുള്ള പുരുഷനെ പഴയ ബന്ധത്തിന്റെ പേരും പറഞ്ഞ് കടിച്ചു തൂങ്ങുന്ന ഈ നികൃഷ്ട ജന്മത്തോട് എന്ത് പകരം വീട്ടാൻ … ഇവൾ വിളിച്ചതിന് എന്റെ കയ്യിൽ തെളിവുകളുണ്ട് …. ഇല്ലെങ്കിൽ അവൾ പറയട്ടെ … “
ഗായത്രി നിലത്തേക്ക് നോക്കി നിന്നു …
“മോളേ … സത്യമാണോ … നീ .. നീയവനെ പിന്നെയും വിളിച്ചോ …? ” ഭാനുമതി ഗായത്രിയെ പിടിച്ച് നേരെ നിർത്തി ..
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു …
അവളുടെ മുഖഭാവം കണ്ടപ്പോൾ ഭാനുമതിക്ക് മനസിലായി അനാമിക പറയുന്നതിൽ സത്യമുണ്ടെന്ന് …
“വേണ്ടായിരുന്നു മോളെ … ” ഭാനുമതി കണ്ണീരോടെ പറഞ്ഞു …
“നിനക്കിപ്പോഴും ആദർശേട്ടനോട് ഇഷ്ടമാണോ ..?” അനാമിക ചോദിച്ചു ..
ആ ശബ്ദത്തിലെ സൗമ്യത തിരിച്ചറിഞ്ഞ് അവൾ അനാമികയുടെ കണ്ണിലേക്ക് നോക്കി …
അവളുടെ തോളത്ത് കൈവച്ച് അനാമിക പറഞ്ഞു …
” ഇഷ്ടമുണ്ടാകുമല്ലോ … അതു കൊണ്ടല്ലേ നീയിപ്പോഴും ആദർശേട്ടനെ വിളിക്കുന്നത് …തിരിച്ചോ … മനസിലായില്ലേ .. ആദർശേട്ടന് നിന്നോടും പഴയ ഇഷ്ടമുണ്ടോ ? “
” ഉം …..” അവൾ തലയാട്ടി ..
അനാമിക അൽപ നേരം വിദൂരതയിൽ നോക്കി നിന്നു …
പിന്നെ അവൾക്കടുത്തേക്ക് വന്നു …
”ആദർശേട്ടനെ ഞാൻ നിനക്ക് തിരിച്ച് തരാം … “
ഗായത്രി ഞെട്ടലോടെ അനാമികയെ നോക്കി …
“നീയെന്ന പെണ്ണിനെ മറന്നിട്ട് ആദർശേട്ടന് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല.. കുറച്ച് ദിവസത്തെ പരിചയമേ എനിക്ക് ആദർശേട്ടനോടുള്ളു … എന്നെ ഒരിക്കൽ പോലും ആദർശേട്ടൻ സ്നേഹിച്ചിട്ടില്ല … പക്ഷെ എന്റെ സ്വന്തമെന്ന് കരുതി ഞാൻ സ്നേഹിച്ചു … ഒരു നിമിഷം മറ്റാരോ അതപകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാനൊഴുക്കിയ കണ്ണുനീരും അനുഭവിക്കുന്ന വേദനയും മുൻപൊരിക്കലും ഉണ്ടായിട്ടില്ല …
ഒരു പക്ഷെ ഒരു പെണ്ണിന്റെ ഏറ്റവും വലിയ ദുഃഖം പ്രിയപ്പെട്ടവൻ തന്റെ സ്നേഹം തിരിച്ചറിയാത്തതും പ്രിയപ്പെട്ടവനെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതുമാവും …
ഇതിൽ രണ്ടാമത്തേത് മാത്രം നിയനുഭവിക്കുമ്പോൾ ഞാനിതു രണ്ടും അനുഭവിക്കുന്നുണ്ട് …
സാരമില്ല … നിങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും , അതിലേറെ സ്നേഹിച്ച് കൊതി തീർന്നിട്ടില്ലാത്തവർ … അതിലും വലുതല്ലല്ലോ എന്റെ ആഗ്രഹങ്ങൾ ..
കുറച്ച് ദിവസത്തെ എന്റെ സ്നേഹത്തെക്കാൾ എത്രയോ പഴക്കമുണ്ട് നിങ്ങളുടെ സ്നേഹത്തിന് …
നിങ്ങളായിരുന്നു ചേരേണ്ടിയിരുന്നത് …
നിന്റെ മുന്നിൽ വന്ന് എന്റെ താലിക്കു വേണ്ടി യാചിക്കുന്നതിലും എത്രയോ ഭേദമാ ഞാനത് നിനക്ക് ദാനം തരുന്നത് …
തോറ്റു കൊടുത്ത് ശീലമില്ലടോ … ഇവിടെയും ….ഇവിടെയും അനാമിക തന്നെയാ ജയിക്കുന്നേ …
വിട്ടു തരാം ഞാൻ …. എന്റെ മനസല്ല ..നിങ്ങളുടെ സ്നേഹമാ ഒന്നിക്കേണ്ടത് … എത്രയും പെട്ടെന്ന് ഡിവോർസിനുള്ള കാര്യങ്ങൾ ഞാൻ ശരിയാക്കാം … ആൾ ദ ബെസ്റ്റ് “
ഇനിയും നിന്നാൽ താൻ പൊട്ടിക്കരയുമെന്ന് തോന്നിയപ്പോൾ അവൾ പുറത്തേക്കിറങ്ങി നടന്നു ..
താഴെ നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറി … അവൾ പൊട്ടിക്കരഞ്ഞു …
ഇല്ല … ഇല്ല …. തോറ്റു പോയത് അനാമിക തന്നെയാ …. താലികെട്ടിയ പുരുഷനെ നഷ്ടപ്പെടുന്നതിൽ കവിഞ്ഞ് തനിക്കിനി എന്താ നഷ്ടപ്പെടാനുള്ളത്… അവളുടെ നെഞ്ചുരുകി …
************* ************* * * * * *
ഗായത്രി ഫോണെടുത്ത് ആദർശിനെ വിളിച്ചു ..
മറു വശത്ത് ഫോണെടുത്തപ്പോൾ ഗായത്രി പറഞ്ഞു ..
”ആദർശ് ഡ്യൂട്ടിയിലാണോ …? “
” അതേ … എന്താ ഗായത്രി …? “
“ഒരു സംഭവമുണ്ടായി … ആദർശിന്റെ ഭാര്യയിവിടെ വന്നിരുന്നു .. “
“ആര് … അനുവോ …” ആദർശ് പകപ്പോടെ ചോദിച്ചു …
” ഉം ….”
“എന്തിനാ … അവൾ എങ്ങനെ അറിഞ്ഞു നിന്നെ … “
” അതറിയില്ല …. “
” അവൾ എന്തിനാ വന്നത് …? നിന്നെ ഉപദ്രവിച്ചോ അവൾ ?”
” ഇല്ല …. ആദർശിൽ നിന്ന് ഡിവോർസ് വാങ്ങുമെന്നു പറഞ്ഞു … മറ്റെന്തെങ്കിലും ഉദ്ദേശം വച്ചാണോ പറഞ്ഞതെന്ന് എനിക്കറിയില്ല ആദർശ് … എനിക്കെന്തോ പേടി തോന്നുന്നുണ്ട് … ആദർശ് സൂക്ഷിക്കണം” അവൾ പറഞ്ഞു..
” ഉം …. ശരി നീ വച്ചോ … എനിക്കൽപം തിരക്കുണ്ട്… “
” ഉം … “
അവൾ ഫോൺ കട്ട് ചെയ്തു …
(തുടരും)
അമ്മൂട്ടി
അമൃത അജയൻ
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Nirmathalam written by Amrutha Ajayan