നീ൪മാതള൦ – ഭാഗം 6

988 Views

nirmathalam aksharathalukal novel

അവൾ റൂമിലെത്തുമ്പോൾ ആദർശ് ബാത്ത് റൂമിലായിരുന്നു ..

പാൽ ടേബിളിൽ വച്ച് അവിടെ കിടന്ന ഒരു പുസ്തകം കയ്യിലെടുത്ത് മറിച്ചു നോക്കി കൊണ്ട് അവൾ ബെഡിൽ ഇരുന്നു …

രണ്ട് ദിവസത്തെ തിരക്കുകളുടെ ക്ഷീണം അവളെ വല്ലാതെ പിടിമുറുക്കിയിരുന്നു …

ബാത്ത് റൂമിന്റെ ഡോർ തുറന്ന് ആദർശ് പുറത്ത് വന്നു …

നാണം കലർന്ന പുഞ്ചിരിയോടെ അനാമിക എഴുന്നേറ്റു ..

പക്ഷെ അവളോട് ഒരക്ഷരം സംസാരിക്കാതെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ ബെഡിലേക്ക് കയറി കിടന്നു ..

അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു …

എന്തു വേണം , എങ്ങനെ പ്രതികരിക്കണം എന്ന് ഒരു രൂപവുമില്ല …

വിവാഹമുറപ്പിച്ചിട്ട് ഒരിക്കൽ പോലും തന്നെ ഒന്നു വിളിച്ചിട്ടില്ല …

അതു പക്ഷെ താനത്ര കാര്യമാക്കിയില്ല …

ആകെ കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളു … താനും വല്ലാതെ തിരക്കിലായിരുന്നു …

ആദർശേട്ടന് ഈ വിവാഹം ഇഷ്ടമല്ലായിരുന്നോ ….?

എന്താണീ സംഭവിക്കുന്നത് ….

ഇങ്ങനെയൊരാൾ ഈ റൂമിൽ ഉണ്ടെന്ന് പോലും ഗൗനിക്കാതെയുള്ള പ്രവൃത്തി തന്നോടുള്ള അവഗണന തന്നെയല്ലേ ….

ഇത്രയും നാളിനിടയിൽ ഒരിടത്തും അടിപതറിയിട്ടില്ല .. തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല … ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ….

വലിയ കുത്തൊഴുക്കുകളിൽ പെട്ടു പോകുമെന്നായിട്ടും നേർക്കുനേർ നിന്ന് പൊരുതിയിട്ടുണ്ട് ….

പക്ഷെ ഇപ്പോൾ …….

ഒരു പാട് നാളുകൾക്ക് ശേഷം അന്ന് ആദ്യമായി അവളുടെ കണ്ണുകൾ നിറഞ്ഞു ….

വേണമെങ്കിൽ ഈ നിമിഷം വിളിച്ചെഴുന്നേൽപ്പിച്ച് മുഖത്ത് നോക്കി ചോദിക്കാം .. എന്താണ് ഉദ്ദേശമെന്ന് …

മറ്റുള്ളവരെയും അറിയിക്കാം ….

അതിനുള്ള തന്റേടം തനിക്കുണ്ട്….

പക്ഷെ ഒരു പാട് പ്രതീക്ഷയോടെ തന്നെ സുമംഗലിയാക്കി വിട്ട അച്ഛൻ , അമ്മ …..

അവരുടെ ഇതുവരെയുള്ള സന്തോഷങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ടവസാനിക്കും ….

അച്ഛന് താങ്ങാൻ കഴിഞ്ഞെന്നു വരില്ല ….

ജീവിതം തന്റേതാണ് .. കൈവിട്ടു കളയാൻ എളുപ്പമായിരിക്കും … പിന്നീട് തിരിച്ചു കിട്ടാനാവും പ്രയാസം …

ഒരിക്കലും കുറ്റബോധത്തിന് ഇടവരുത്തിക്കൂട ….

അവൾ മുറിയിലെ ലൈറ്റ് ഓഫാക്കി … ഒരു ഫാൻസി ലൈറ്റ് തെളിച്ചു …

പിന്നെ ടേബിളിനടുത്ത് കിടന്ന ചെയർ വലിച്ചിട്ട് ഇരുന്നു …..

മനസ് വല്ലാതെ പ്രക്ഷുബ്ധമായിരുന്നു …

ആകുലതകൾക്കിടയിലെപ്പോഴോ ടേബിളിലേക്ക് തല ചായ്ച് അവളുറങ്ങി ….

* * * * * * * * * * * * *    * * * * * * * * * *

പിറ്റേന്ന് ആദർശ് ഉണർന്നു നോക്കുമ്പോൾ റൂമിൽ അനാമികയില്ലായിരുന്നു …

അവൻ മെല്ലെ ബെഡിൽ എഴുന്നേറ്റിരുന്നു ….

അവളിന്നലെയൊന്ന് പ്രതികരിക്കുക പോലും ചെയ്തില്ല …

ആദർശിന് അത്ഭുതമായിരുന്നു …

അവളെ പോലൊരു പെണ്ണ് , കണ്ണീർ സീരിയലിലെ നായികമാരെ പോലെ കരഞ്ഞു പിഴിഞ്ഞ് എല്ലാം സഹിച്ച് കഴിയില്ല …

ഒരു പൊട്ടിത്തെറി ഇന്നലെ തന്നെയുണ്ടാകുമെന്നാണ് അവൻ പ്രതീക്ഷിച്ചത് ….

ഫ്രഷ് ആയി പുറത്ത് വന്നതും അവനെ പിന്നെയും ഞെട്ടിച്ചു കൊണ്ട് റൂമിൽ അനാമികയുണ്ടായിരുന്നു ….

കുളി കഴിഞ്ഞ് മുടി ചീകിയിട്ടിട്ടുണ്ട്..

ഒരു കപ് ചായ അവൾ അവനു നേരേ നീട്ടി ….

“അവിടെ വച്ചേക്കു …. ” പറഞ്ഞിട്ട് അവൻ ഹാങ്കറിൽ നിന്ന് ഷർട്ട് എടുത്തു ….

ചായ ടേബിളിൽ വച്ചിട്ട് അവൾ അവനരികിലായി വന്നു …

“ഈ വിവാഹത്തിന് ആദർശേട്ടന് തീരെ താത്പര്യമില്ലായിരുന്നല്ലേ …. ?”

അവൻ അവളുടെ മുഖത്തേക്ക് നോക്കി …

പിന്നെ ഒന്നും പറയാതെ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടു …

” ഈ അവഗണന എത്ര നാൾ തുടരാനാ ഉദ്ദേശം … “

അവൾക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു…

അവൻ ചായ കപ്പ് കയ്യിലെടുത്ത് ബെഡിലേക്ക് ഇരുന്നു ….

ചായ കുടിക്കുന്നതിനിടയിൽ അവൾ മറ്റൊരു അമ്പു തൊടുത്തു ….

“കഴിഞ്ഞു പോയതെന്തെങ്കിലും മറക്കാനാണെങ്കിൽ കാത്തിരിക്കാൻ ഞാൻ തയ്യാറാ … എത്ര നാൾ വേണെങ്കിലും … ” അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത് …

അവൻ ഒരു പിടച്ചിലോടെ അവളെ നോക്കി …..

അവന്റെ മുഖത്തെ മുഴുവൻ ഭാവമാറ്റങ്ങളും സ്കാനിംഗ് മെഷീൻ പോലെ അവൾ ഒപ്പിയെടുത്തു …

പക്ഷെ അപ്പോഴും അവൻ മറുപടിയൊന്നും പറഞ്ഞില്ല … ചായ കുടിച്ച് തീർത്ത് കപ്പ് തിരികെ നൽകിയിട്ട് അവൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു …

ഹ്മ് … അപ്പോ അതു തന്നെയാണ് കാര്യം …

തന്റെ ഭർത്താവിന് ഏതോ തലക്കു പിടിച്ച പ്രേമം ഉണ്ടായിരുന്നു …

അവൾക്ക് പുശ്ചം തോന്നി ….

പക്ഷെ ഈ നിരാശ കാമുകന്റെ വേഷം തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അവൾക്ക് മനസിലായി…

അടുത്ത നിമിഷം മറ്റൊരു ഭയവും അവളെ വരിഞ്ഞു മുറുക്കി …

ആ കാമുകി ആദർശേട്ടന്റെ കൊളീഗ് ആണെങ്കിൽ ….

അതപകടമാണ്…

ആദ്യം തന്റെ സംശയം ശരിയാണോ എന്നുറപ്പിക്കണം ….

ഒന്നും എടുത്തു ചാടി ചെയ്തു കൂട …

അവൾ മെല്ലെ താഴെ വന്നു ….

ആദർശും ജഗനാഥനും സിറ്റൗട്ടിലുണ്ട്….

അവൾ കപ്പ് കിച്ചണിൽ കൊണ്ട് വച്ചു …

രാജലക്ഷ്മി കുക്കിംഗിലാണ് …

ഒരു ബേസിനിൽ കുറച്ച് നീളൻ പയർ എടുത്തു വച്ചിട്ടുണ്ടായിരുന്നു ..

അനാമിക ഒരു കത്തി എടുത്ത് അത് കട്ട് ചെയ്യാൻ തുടങ്ങി …

“മോൾ അതൊന്നും ചെയ്യണ്ട … ക്ഷീണമുണ്ടെങ്കിൽ പോയി റെസ്റ്റ് എടുത്തോളു … ഇപ്പോ ഇതൊക്കെ ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ട് … “

അവൾ ചിരിച്ചു …

“അച്ചു ചേച്ചി എവിടെ അമ്മേ … “

” അവളും വിവേകും കുഞ്ഞും കൂടി വിവേകിന്റെ ഒരു ബന്ധുവീട്ടിൽ പോകുന്നുണ്ടെന്ന് പറഞ്ഞു …. നാളെയെ തിരിച്ചു വരൂ …. അതിനുള്ള ഒരുക്കത്തിലാ …”

പയർ കട്ട് ചെയ്ത് തീർത്തിട്ട് അവൾ ഹാളിലേക്ക് വന്നു … ഐശ്വര്യയുടെ റൂം ലക്ഷ്യമാക്കി നടന്നു ….

“ചേച്ചീ….. “

അവൾ വാതിൽക്കൽ ചെന്നിട്ട് വിളിച്ചു …

” കയറി വാ .. അനു ….. ഇവിടെ ഞാനേയുള്ളു … “

അവൾ അകത്ത് ചെന്നു …

ഐശ്വര്യ ഒരു ചെറിയ ബാഗിൽ വസ്ത്രങ്ങൾ എടുത്തു വക്കുകയായിരുന്നു …

“വിവേകിന്റെ അമ്മാവന്റെ വീട് വരെ പോകണം … അമ്മാവന്റെ മകൾ ഡെലിവറി കഴിഞ്ഞ് കിടക്കുകയാ … കുഞ്ഞിനെ കണ്ടിട്ട് അതുവഴി ഞങ്ങൾ വിവേകിന്റെ വീട്ടിലേക്ക് പോകും … “

അവൾ തലയാട്ടി …

” അനുവിന് ഇനി എത്ര ദിവസം ലീവുണ്ട് …? “

” ആറു ദിവസം കൂടി ….”

“ഞങ്ങളും ശനിയാഴ്ച സ്‌റ്റേറ്റ്സിനു തിരിച്ചു പോകും … “

അവർ തമ്മിൽ നല്ല സൗഹൃദമായിക്കഴിഞ്ഞിരുന്നു ..

കുശലം പറയുന്നതിനിടയിൽ അനാമിക ചോദിച്ചു …

” ചേച്ചിക്കറിയാരുന്നോ ആദർശേട്ടന്റെ ആ ഇഷ്ടം … ” നേർത്തൊരു ചിരിയോടെയാണ് അവൾ അത് ചോദിച്ചത്

ആ ചോദ്യം ഒരു സർപ്പമാണെന്ന് അവൾക്ക് അറിയാമായിരുന്നു … ഒരു പക്ഷെ തന്റെ സംശയം തെറ്റാണെങ്കിൽ തന്നെ തിരിഞ്ഞു കൊത്തി വിഷമിറക്കാവുന്ന ചോദ്യം …

അങ്ങനെയുണ്ടായാൽ പ്രതിരോധിക്കാൻ തന്റെ കയ്യിൽ ഒരു ആയുധമുണ്ടല്ലോ … ആ ധൈര്യത്തിലാണ് അവൾ അത് ചോദിച്ചത് …

ഐശ്വര്യയുടെ മുഖത്തെ ഞെട്ടലും പതർച്ചയും കണ്ടപ്പോൾ അവൾക്കുറപ്പായി താൻ കലക്കവെള്ളത്തിലല്ല മീൻ പിടിക്കുന്നതെന്ന് …

”അയ്യോ  ചേച്ചി വിഷമിക്കണ്ട ..ആദർശേട്ടൻ എന്നോടെല്ലാം പറഞ്ഞു … ഇന്നത്തെക്കാലത്ത് ആർക്കാ ഇതൊന്നുമില്ലാത്തെ …ഞാൻ ജസ്റ്റ് ചോദിച്ചെന്നേയുള്ളു … ” അവൾ നിസാരമായി പറഞ്ഞു …

അവളുടെ മുഖത്ത് അതിന്റെ വ്യാകുലതകളൊന്നുമില്ലെന്ന് ഐശ്വര്യക്കും തോന്നി …

” ഹ്മ് … അവന്റെയോരോ മണ്ടത്തരം …. … അത്ര വലിയ തലക്കു പിടിച്ച പ്രേമം ഒന്നുമല്ലായിരുന്നു … കല്യാണക്കാര്യം വന്നപ്പോൾ അവനത് സൂചിപ്പിച്ചു … ബട്ട് നമുക്ക് ചേരാത്തതു കൊണ്ട് വിട്ടു … ” ഐശ്വര്യ പറഞ്ഞൊഴിഞ്ഞു ..

അപ്പോ തന്റെ സംശയം ശരി തന്നെയാണ് …

എന്നു മാത്രമല്ല ഇവിടെ എല്ലാവർക്കും അറിയുകയും ചെയ്യാം ….

അറിഞ്ഞു കൊണ്ട് തന്നെ എല്ലാവരും ചേർന്ന് കരുവാക്കുകയായിരുന്നു …

ആരാണ് അവൾ ..?  എന്തുകൊണ്ടാണ് ആ വിവാഹം നടക്കാതെ പോയത് … ?

കൂടുതൽ ചോദിച്ചാൽ ഐശ്വര്യക്ക് സംശയമാകും … തത്ക്കാലം ഇത്രയും മതി …

“ഞാനൊന്നു കുളിക്കട്ടെ അനു … പോകാൻ ടൈം ആയി … “

”ശരി ചേച്ചി … “

അവൾ ഹാളിൽ വന്നിരുന്നു …

പത്തു മണി കഴിഞ്ഞപ്പോൾ ഐശ്വര്യയും ഭർത്താവും കുഞ്ഞും പോയി …

അനാമിക രാജലക്ഷ്മിക്കൊപ്പം കിച്ചണിൽ കയറി …

“മോൾക്ക് കുക്കിംഗ് ഒക്കെ വശമുണ്ടല്ലേ ….”

” അത്യാവശ്യം എല്ലാം അറിയാമമ്മേ … ഇവിടെ ഞാൻ തന്നെയാ ഫുഡ് ഉണ്ടാക്കിയിരുന്നേ … ഹോട്ടൽ ഫുഡ് എന്നും പറ്റില്ല … “

” അതു തന്നെയാ മോളെ നല്ലത് … ഇനിയിപ്പോൾ അത് പേടിക്കണ്ട. അമ്മ എല്ലാം  കുക്ക് ചെയ്ത് വച്ചിട്ടേ കോളേജിൽ പോകൂ … മോൾക്ക് ഉച്ചക്ക് വന്ന് കഴിക്കാൻ പറ്റുമെങ്കിൽ അങ്ങനെ … അല്ല കൊണ്ടു പോകണമെങ്കിൽ അങ്ങനെ …. അവൻ വന്നാ കഴിക്കുന്നേ … “

” വരാവുന്നതേയുള്ളമ്മേ ….”

അൽപം കഴിഞ്ഞപ്പോൾ ആദർശ് ഡ്രസ് ചെയ്ത് താഴെ വന്നു ..

“നീയെവിടെ പോകുന്നു ..? ” രാജലക്ഷ്മി ചോദിച്ചു ..

“എനിക്കൊന്നു പുറത്തു പോകണം ….”

പറഞ്ഞിട്ട് അവൻ നടന്നു …

അനാമിക സിറ്റൗട്ട് വരെ അവനൊപ്പം ചെന്നു …

അവളോട് അവനൊന്നും പറഞ്ഞില്ല …

* * * * * * * * * * *   * * * * * * * * * *

വിവേകിന്റെ അമ്മാവന്റെ വീട്ടിൽ കയറിയ ശേഷം വിവേകിന്റെ പേഴുമേട്ടിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു വിവേകും ഐശ്വര്യയും കുഞ്ഞും …

നെല്ലനാട്ടിലെത്തിയതും ഐശ്വര്യ പെട്ടെന്ന് വിവേകിന്റെ കയ്യിൽ തൊട്ടു ..

“വിവേക്  വണ്ടിയൊതുക്ക് … ഫാസ്റ്റ് “

വിവേക് കാർ സൈഡ് ചേർത്ത് നിർത്തി …

“എന്താടോ ….”

ഐശ്വര്യയുടെ കണ്ണുകൾ എതിർ വശത്തുള്ള ഫ്രൂട്ട് സ്റ്റാളിലായിരുന്നു …

വിവേകും അപ്പോളാണ് അത് കണ്ടത് ….

“അത് ആദർശിന്റെ കാറല്ലേ … “

“അതെ … “

” അവനെന്താ ഇവിടെ … “

അവർ നോക്കിയിരിക്കുമ്പോൾ രണ്ടു കിറ്റുമായി അവൻ വന്നു കാറിൽ കയറി ..

നെല്ലനാട്ടിൽ നിന്നും വലത്തേക്കുള്ള മൺ വഴിയിലേക്ക് അവൻ കാർ വിട്ട് …

“വിവേക് കാർ പിന്നാലെ വിടൂ …. അവൻ നമ്മളെ കാണരുത് …”

അൽപ നേരം കാത്തിട്ട് വിവേക് ആ വഴിയേ വണ്ടി വിട്ടു

* * * * * * * * * * * *   **************

ആദർശ് വരുമ്പോൾ ഗായത്രി പൂമുഖത്തെ ചാരുപടിയിൽ ഇരിക്കുകയായിരുന്നു …

ആദർശിനെ കണ്ട് അവൾ പിടഞ്ഞെഴുന്നേറ്റു ….

” ആദർശ് … എന്താ ഇത് .. ?”

” നീ പേടിക്കണ്ട … നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട് ….?”

”എനിക്ക് കുഴപ്പമൊന്നുമില്ല … ആദർശ് അകത്തേക്ക് വാ … ഇവിടെ നിൽക്കണ്ട … “

അവൻ അകത്തേക്ക് ചെന്നു …

“അമ്മയിവിടെയില്ല … പറമ്പിൽ കുറച്ച് കൃഷിയുണ്ട് . അവിടെയാ … “

അവൻ അവളുടെ മുഖത്തേക്ക് നോക്കി …

” ആദർശിന്റെ ഭാര്യ …. ഫോട്ടോയുണ്ടോ…? ” അവൾ ചോദിച്ചു …

അവൻ ഒന്നും മിണ്ടിയില്ല …

പകരം അവളുടെ മുഖം കൈകളിലെടുത്ത് ചോദിച്ചു …

” നിനക്കെന്നെ വെറുപ്പാണോ മോളെ ….”

അവളുടെ നെഞ്ച് പൊട്ടി…

” അല്ല …ഒരിക്കലുമല്ല … എനിക്കതിന് കഴിയില്ല …. “

അടുത്ത നിമിഷം അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

അവന്റെ കരങ്ങൾ അവളെ വരിഞ്ഞുമുറുക്കി ….

ഒരു പ്രാവിനെ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് കുറുകാൻ തുടങ്ങിയതും

പിന്നിൽ ഒരലർച്ച …

രണ്ടു പേരും പിടഞ്ഞ് പിന്നോക്കം മാറി …

” ആദർശ് …..”

കലിപൂണ്ട് സംഹാരരുദ്രയെപ്പോലെ ഐശ്വര്യ …

ആദർശ് ഞെട്ടിത്തരിച്ചു … മുഖം കടലാസ് പോലെ വിവർണമായി …

” നാണം കെട്ടവനെ , ഭാര്യയെ പൂർവകാല പ്രേമ കഥ പറഞ്ഞു പറ്റിച്ചിട്ട്  ഈ നശിച്ചവളെ തേടി ഇറങ്ങിയിരിക്കുകയാണല്ലേ ….”

” ചേച്ചി കരുതും പോലെയല്ല .. ഞാൻ…”

”ഇതൊക്കെ കണ്ടാൽ എനിക്ക് മനസിലാകും … നീ പോ വീട്ടിലേക്ക് .. “

” ചേച്ചി …. പ്രശ്നമുണ്ടാക്കരുത് … ചേച്ചി വാ ….”

“ഇറങ്ങി പോടാ ….”

അവൻ തല കുനിച്ച് പുറത്തേക്കിറങ്ങി നടന്നു …

ഐശ്വര്യ നടന്ന് ഗായത്രിയുടെ മുന്നിൽ വന്നു …

” പിഴച്ചവളെ …… നിനക്ക് വ്യഭിചരിക്കാൻ എന്റെ അനുജനെ മാത്രമേ കിട്ടിയുള്ളു അല്ലേ … “

ഗായത്രി പുളഞ്ഞു പോയി …

“സൂക്ഷിച്ചു സംസാരിക്കണം .. ” അവൾ ചീറി …

അടുത്ത നിമിഷം പടക്കം പൊട്ടുന്ന ശബ്ദത്തിൽ ഐശ്വര്യയുടെ വലതുകൈ ഗായത്രിയുടെ കവിളിൽ പതിച്ചു …

ഗായത്രിയുടെ മുഖം പുകഞ്ഞു പോയി …

അൽപസമയത്തേക്ക് അവൾക്ക് കാഴ്ച പോലും കിട്ടിയില്ല …

“മേലിൽ നീയെന്റെ ആദർശിനെ കണ്ടു പോകരുത് …. ഭാര്യയുള്ളവനാ അവൻ .. ആ താലി പൊട്ടിക്കാൻ ഈ പുഴുത്ത മുഖവുമായി അവന്റെ മുന്നിൽ ചെന്നാൽ കൊന്നുകളയും ഞങ്ങൾ …. ഐശ്വര്യ വെറും വാക്ക് പറയില്ല … “

പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി നടന്നു …

 

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply