അനാമിക ഓഫീസിൽ പോകാൻ റെഡിയായി നിൽക്കുമ്പോൾ ആദർശ് അടുത്ത് വന്നു ..
” ലാവണ്യയെ വിളിച്ചു പറയ് ആ പെറ്റീഷൻ കീറി കളയാൻ … “
അവളവന്റെ മുഖത്തേക്ക് നോക്കി ..
” ഞാൻ …. എനിക്കെന്ത് തീരുമാനിക്കണമെന്ന് അറിയില്ല .. ഞാനായിട്ട് …”
” എന്തു തീരുമാനിക്കാൻ .. ഞാനതിനു സമ്മതിക്കില്ല … “
” പക്ഷെ നമ്മൾ ഒന്നിച്ചു ജീവിച്ചാൽ ഗായത്രി നമുക്കിടയിലേക്ക് വരാൻ പാടില്ല .. അതെനിക്ക് സഹിക്കാൻ പറ്റില്ല … ” അവളുടെ ശബ്ദമിടറി ..
” എന്നെ അങ്ങനെയാണോ കരുതിയിരിക്കുന്നേ…. “
അവൾ അവന്റെ മുഖത്തേക്ക് നോക്കി ..
” നീയിപ്പോൾ സമാധാനമായിട്ട് ഓഫീസിൽ പോകു .. ഞാനിവിടെയുണ്ടാകും .. ഇനി ഏതായാലും മെഡികെയറിൽ തുടരാൻ പറ്റില്ല … നീ ചെല്ല് .. “
അവൻ അവളുടെ തോളത്ത് തട്ടി …
അനാമിക പൊയ്ക്കഴിഞ്ഞപ്പോൾ ആദർശ് അന്നത്തെ പത്രവുമെടുത്ത് ബാൽക്കണിയിൽ വന്നിരുന്നു ..
അൽപം കഴിഞ്ഞപ്പോൾ ഗായത്രിയുടെ കാൾ വന്നു …
അവൻ ഫോണിലേക്ക് നോക്കിയിരുന്നു .. എടുക്കണോ വേണ്ടയോ ..
ഒരു വട്ടം ഫുൾ റിംഗ് ചെയ്തു നിന്നു …
അവൻ വീണ്ടും പത്രത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ ഫോൺ പിന്നെയും ശബ്ദിച്ചു …
അവൻ ഫോൺ എടുത്തു …
“എന്താ ഗായത്രി … “
“ആദർശ്.. ഇന്ന് ഡിവോസ് പെറ്റീഷൻ കോടതിയിൽ സമർപ്പിക്കില്ലേ .. “
അവൾ ചോദിച്ചു ..
അവൻ ഒന്നും മിണ്ടിയില്ല …
”ആദർശ് ….” അവന്റെ മറുപടിയൊന്നും കേൾക്കാതെയായപ്പോൾ അവൾ വിളിച്ചു ..
” ഗായത്രീ .. ഞാനിവിടെ ചില പ്രശ്‌നങ്ങളിലാ ..”
“ഞാനറിഞ്ഞു ആദർശ് .. ടി വി യിൽ കണ്ടു .. ഇന്നലെ തന്നെ ആദർശിനെ വിട്ടയച്ച വാർത്തയും കണ്ടിരുന്നു … എന്റെ പ്രാർത്ഥനക്ക് ശക്തിയുണ്ട് ആദർശ് .. “
അവൾ അവസാനം പറഞ്ഞത് അവന് തീരെ ഇഷ്ടമായില്ല …
“ആദർശ് .. അനാമിക …? അവൾക്ക് ഡിവോർസ് വാങ്ങാൻ ഒരു കാരണം കൂടി കിട്ടിയില്ലേ … “
” ഗായത്രി … പ്ലീസ് സ്‌റ്റോപ് ഇറ്റ് … നീയെന്തറിഞ്ഞിട്ടാണ് അവളെ കുറ്റപ്പെടുത്തുന്നത് .. നമ്മൾ ഒരിക്കൽ സ്നേഹിച്ചു പോയതിന്റെ പേരിൽ നമുക്ക് വേണ്ടി ഒഴിഞ്ഞു പോകാൻ തയ്യാറായവളാണവൾ … താലികെട്ടി കൊണ്ടു വന്നിട്ടും അവളോട് ഒരു നീതിയും ഞാൻ പുലർത്തിയിട്ടില്ല .. എന്നിട്ടും ഇന്നലെ എനിക്കു വേണ്ടി അവൾ… അവളില്ലായിരുന്നുവെങ്കിൽ ഇനിയുള്ള കാലം ഒരു പക്ഷെ ഞാൻ ജയിലിൽ കഴിയേണ്ടി വന്നനേ … “
” എന്നു വച്ചാ ഞാനൊഴിഞ്ഞു പോകണമെന്ന് … അതല്ലേ ആദർശ് ഇപ്പോൾ പറഞ്ഞത് …”
” ഗായത്രീ …. പ്ലീസ് … നമുക്ക് ഒന്നിച്ചു ജീവിക്കാൻ അവസരമുണ്ടായിരുന്നു … അന്ന് നീയതിന് തയ്യാറായില്ല … അതു കൊണ്ടാ എനിക്ക് അച്ഛനെയും അമ്മയെയും അനുസരിക്കേണ്ടി വന്നത് … ഒന്നുമറിയാതെ എന്റെ ജീവിതത്തിൽ വന്നവളാ അനു … ഇപ്പോൾ എന്റെ ജീവിതം പോലും അവളുടെ ദാനമാണ് .. അവളുടെ ജീവിതം നശിപ്പിക്കാൻ എനിക്ക് അവകാശമില്ല … എനിക്ക് കഴിയില്ല അതിന് “
” പക്ഷെ ആദർശ് …. “
” നിന്റെ അമ്മയെ ധിക്കരിച്ച് നീയിനി വിളിക്കണ്ട . നിന്നോടെനിക്ക് ദേഷ്യമോ ഇഷ്ടക്കുറവോ ഒന്നുമില്ല … പക്ഷെ ജീവിതമിതാണ് .. വേണ്ട സമയത്ത് തീരുമാനമെടുത്തില്ലെങ്കിൽ …. അനുവിന്റെ ജീവിതം തകർക്കാൻ നമുക്ക് അവകാശമില്ല … “
”വേണ്ട .. ആദർശ് … കൂടുതൽ ന്യായീകരിക്കണമെന്നില്ല … തെറ്റെന്റെതാ… ഞാൻ ആദർശിനെ വിളിക്കാൻ പാടില്ലായിരുന്നു … “
അവൻ ഒന്നും മിണ്ടിയില്ല …
മറുവശത്ത് ലൈൻ കട്ടാകുന്നത് അവനറിഞ്ഞു ..
അവൻ ആ നമ്പറിലേക്ക് നോക്കിയിരുന്നു .. പിന്നെ അത് ബ്ലോക്ക് ലിസ്റ്റിലേക്കിട്ടു …
* * * * * * * * * * * * * * * * * * * * * *
ഗായത്രിക്കു നിരാശ തോന്നി … പക്ഷെ തോറ്റു കൊടുക്കാൻ താനും തയ്യാറല്ല …
അവൾ മണിക്കുട്ടന്റെ നമ്പറിലേക്ക് വിളിച്ചു …
മറ്റു വശത്ത് കോളെടുത്തപ്പോൾ അവൾ പറഞ്ഞു
“ഒന്നു വീട്ടിലേക്ക് വരുമോ ” .
“എന്തു പറ്റി ഗായത്രി … ഗോപിക ചേച്ചിക്ക് എന്തെങ്കിലും … “
അവൻ ആശങ്കയോടെ ചോദിച്ചു …
” ഇല്ല …. എനിക്കൊരിടം വരെ പോകാനാ …”
”ശരി … ഞാനിപ്പോൾ എത്താം … “
അവൾ റെഡിയായി വരുമ്പോൾ മണിക്കുട്ടൻ താഴെയുണ്ടായിരുന്നു ..
* * * * * * * * * * * * * * * * * * * * * *
മാഡം ഒരു വിസിറ്ററുണ്ട് ..
പി എ അനിരുദ്ധൻ വന്നു പറഞ്ഞു ..
” വരാൻ പറയൂ ….” അനാമിക പറഞ്ഞു ….
ഡോർ തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ട് അനാമിക ഒന്നു പകച്ചു ..
“ഗായത്രി വാ … ഇരിക്ക് …”
അവൾ അനാമികയുടെ എതിരെയുള്ള ചെയറിലിരുന്നു …
“എന്തിനായിരുന്നു അന്നെന്റെ വീട്ടിൽ വന്ന് ആദർശിനെ വിട്ടു തരാമെന്ന് പറഞ്ഞത് ..?” അവൾ ക്രൂദ്ധയായി ചോദിച്ചു ..
” ഗായത്രി .. നമുക്ക് പുറത്തെവിടെയെങ്കിലും വച്ച് സംസാരിക്കാം … “
“എനിക്ക് ഇപ്പോഴെ പറ്റൂ … ഇവിടെ വച്ച് …”
അനാമിക നിസഹായയായി ഇരുന്നു …
” നിങ്ങളൊരു സ്ത്രീയാണോ …. ആദർശിന്റെ മനസു പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല … ആദർശ് എല്ലാം എന്നോട് പറഞ്ഞു കഴിഞ്ഞു .. ഇപ്പോൾ കുറേ കടപ്പാടുകൾ ഉണ്ടാക്കി വച്ച് … നിങ്ങൾ ആദർശിനെ തളച്ചതല്ലെ … ഇന്നലെ ആദർശിന് സംഭവിച്ചതു പോലും നിങ്ങൾ ക്രിയേറ്റ് ചെയ്തതല്ലെന്ന് ആരറിഞ്ഞു … “
അനാമിക കണ്ണുകളടച്ച് ഇരുന്നു …
പിന്നെ പറഞ്ഞു ..
” നീയൊരാൾ പറഞ്ഞാൽ ഞാൻ ആദർശേട്ടനെ സംശയിക്കുകയില്ല … ആദർശേട്ടനിൽ നിന്ന് നിനക്ക് അനുകൂലമല്ലാത്ത മറുപടി വന്നതുകൊണ്ടല്ലേ നീ എന്നെ തേടി വന്നത് …. നീ വിളിച്ച കോൾ റെക്കോർഡ് ആദർശേട്ടൻ എനിക്ക് അയച്ചു തന്നു … എന്താ കേൾക്കണോ “
ഗായത്രിയുടെ മുഖം കുനിഞ്ഞു … പിന്നെ അവിടെ ഇരിക്കാൻ അവൾക്ക് തോന്നിയില്ല …അവൾ വേഗം എഴുന്നേറ്റു …
“ഇരിക്ക് …. എന്തിനാ ഇവിടെ വന്ന് കള്ളം പറഞ്ഞത് … ആദർശേട്ടൻ എനിക്ക് നിന്റെ കോൾ റെക്കോർഡൊന്നും അയച്ചു തന്നിട്ടില്ല … കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് എനിക്ക് ആദർശേട്ടനെ മനസിലാക്കാൻ കഴിഞ്ഞു … ഒരു വർഷം സ്നേഹിച്ചിട്ടും നിനക്കതിന് കഴിഞ്ഞില്ലല്ലോ …”
അനാമികയുടെ സ്വരത്തിൽ സഹതാപം നിറഞ്ഞു നിന്നു ..
“എന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ മഹത്വം എന്താണെന്ന് നിനക്ക് മനസിലാകില്ലായിരിക്കും … പക്ഷെ കഴിഞ്ഞ 20 വർഷമായി ഭർത്താവില്ലാതെ ജീവിക്കുന്ന നിന്റെ അമ്മക്ക് മനസ്സിലാകും … നീ പോലും ഒരിക്കലും അത് മനസിലാക്കിയിട്ടില്ല .. അറിയാൻ ശ്രമിച്ചിട്ടില്ല .. ഉണ്ടായിരുന്നെങ്കിൽ നീയൊരിക്കലും ആദർശേട്ടനെ പിൻതുടരില്ലായിരുന്നു .. “
ഗായത്രിയുടെ കണ്ണു നിറഞ്ഞു …
എന്തുകൊണ്ടോ അവളുടെ മനസിൽ അച്ഛനില്ലാതെ തങ്ങളെ വളർത്തിയ അമ്മയുടെ മുഖമായിരുന്നു ….
അവൾ മെല്ലെ എഴുന്നേറ്റു …
“മോളെ … ” അനാമിക വിളിച്ചു …
ഗായത്രി നിന്നു ..
അനാമിക എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നു ..
” പക വീട്ടാനായിരുന്നെങ്കിൽ എനിക്ക് എന്തെല്ലാം മാർഗങ്ങളുണ്ടായിരുന്നു … ഞാനതു ചെയ്യില്ല … ഒരു അനുജത്തിയുടെ സ്ഥാനത്തെ നിന്നെ ഞാൻ കണ്ടിട്ടുള്ളു … ജീവിതം തോറ്റു കൊടുക്കാനുള്ളതല്ല … ജയിക്കാനുള്ളതാ ….. ഒരിക്കൽ നീ ആഗ്രഹിച്ചത് നഷ്ടപ്പെട്ടു … പക്ഷെ ഇനി ഒരിക്കലും നിനക്ക് ഒന്നും നഷ്ടപ്പെടാൻ പാടില്ല … പരിഹസിച്ചവരുടെ മുന്നിൽ നീ തലയുയർത്തി പിടിച്ച് നിൽക്കണം … “
ഗായത്രി അനാമികയെ തന്നെ നോക്കി നിന്നു …
അനാമികയുടെ കണ്ണിലും ഒരു നീർത്തിളക്കം ഉണ്ടായിരുന്നു ….
* * * * * * * * * * * * * * * * * * * * *
ഏഴു മാസങ്ങൾക്ക് ശേഷം …
കിഴക്കേടത്ത് പോയിട്ട് .. ചെറിയ മൺ വഴിയിലൂടെ ഗായത്രി നടന്നു വരികയായിരുന്നു …
നീർമാതളങ്ങൾക്കിടയിലൂടെ ഒരാൾ ഓടി അവൾക്കടുത്തേക്ക് വന്നു …
”ഗായത്രീ …..”
അവൾ തിരിഞ്ഞു നോക്കി … മണിക്കുട്ടനായിരുന്നു …
“കുട്ടേട്ടനോ … ഞാനിപ്പോ വീട്ടിൽ വന്നിരുന്നു …. കുട്ടേട്ടൻ പുറത്തേക് പോയെന്ന് അമ്മായി പറഞ്ഞു .. ഞാൻ നാളെ പോകും .. യാത്ര ചോദിക്കാൻ വന്നതാ .. “
അവൻ ചിരിച്ചു …..
” ബാങ്ക് ടെസ്റ്റ് എഴുതണമെന്നല്ലേ ഗായത്രി മുൻപ് പറഞ്ഞിരുന്നത് “
” അനു ചേച്ചീടെ ആഗ്രഹാ … അനുചേച്ചി തന്നെയാ സിവിൽ സർവീസ് കോച്ചിംഗിന് ഡൽഹിയിൽ ചേർത്തത് .. “
“ഇതൊക്കെ വലിയ പഠിപ്പ് അല്ലേ … ഫീസൊക്കെ”
” അതും അനുചേച്ചിയാ അടച്ചത് … എന്തൊക്കെയായാലും ഭാഗ്യം എന്നൊന്നുണ്ട്… പക്ഷെ അനുചേച്ചി വലിയ പ്രതീക്ഷയിലാ … “
അവൻ അവളെ നോക്കി …
” ഗായത്രി പിന്നെ ആദർശ് ഡോക്ടറെ കണ്ടിട്ടുണ്ടോ …?”
” ഇല്ല…. കണ്ടാലും ഒന്നുമില്ല … പഴയ മണ്ടത്തരങ്ങളൊക്കെ പോയി … ഇപ്പോ ആദർശെന്നല്ല ഒരു കോന്തനും എന്റെ മനസിലില്ല … സിവിൽ സർവീസ് പാസാകണം …എനിക്ക് എന്നിലുള്ളതിനേക്കാൾ വിശ്വാസം അനുചേച്ചിക്കാ … അത് ഇല്ലാണ്ടാകരുത് …. എന്നെങ്കിലുമൊരിക്കൽ അനാമിക IAS നൊപ്പം സെക്രട്ടറിയേറ്റിലോ നിയമസഭയിലോ ഈ ഗായത്രി IAS ഉം ഉണ്ടാകും … “
ചുരിതാറിന്റെ കോളർ പിടിച്ച് ഉയർത്തി മുഖത്ത് കപട ഗൗരവം നിറച്ച് ശബ്ദത്തിൽ ഗാംഭീര്യം വരുത്തി അവൾ പറഞ്ഞു …
അതു കണ്ടപ്പോൾ മണിക്കുട്ടനും ചിരി വന്നു ….
“എന്നാ ഗായത്രി തിരിച്ചു വരുന്നേ … “
അവൾ ഒന്നു നിന്നു … പിന്നെ ചുറ്റിനും പടർന്നു കിടക്കുന്ന പൂവിടാറായ നീർമാതളങ്ങളിലേക്ക് നോക്കി പറഞ്ഞു …
”ദേ…. ഈ നീർമാതളങ്ങൾ പൂക്കുമ്പോൾ …..”
പറഞ്ഞിട്ട് അവൾ മെല്ലെ വീട്ടിലേക്കുള്ള ഒതുക്കുകൾ കയറി …
മുകളിലെത്തിയിട്ട് അവൾ തിരിഞ്ഞു നോക്കി …
താഴെ അവളെ നോക്കി മണിക്കുട്ടൻ അപ്പോഴുമുണ്ടായിരുന്നു …
” അതേ നാളെ വൈകുന്നേരം അഞ്ചിനാ ട്രെയിൻ …. വരണം കേട്ടോ യാത്രയാക്കാൻ … “
അവൻ തലയാട്ടി
* * * * * * * * * * * * * * * * * * * * * * *
പിറ്റേന്ന് റെയിൽവേ സ്റ്റേഷനിൽ …
തിരുവനന്തപുരം ഹസ്റത് നിസാമുദീൻ രാജധാനി എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ 10 ലേക്ക് എത്തി ചേരുന്നതിന്റെ അറിയിപ്പ് കിട്ടി …
ഗായത്രി തിരിഞ്ഞ് അനാമികയെ നോക്കി ….
” ചേച്ചി ….” അവളുടെ കണ്ണുനിറഞ്ഞു ..
“അയ്യേ കരയുന്നോ … കണ്ണു തുടച്ചേ … എഴെട്ട് മാസം കഴിഞ്ഞാൽ ഒരു IAS കാരിയോ IPS കാരിയോ ഒക്കെ ആകേണ്ടതാ … മോശാണുട്ടോ …”
ഭാനുമതി ആനന്ദകണ്ണീരോടെ അത് കണ്ടു നിന്നു ..
അവൾ ഭാനുമതിയുടെ കയ്യിൽ പിടിച്ചു ..
” അമ്മേ … ചേച്ചിയെ …”
” അതൊന്നുമോർത്തു മോള് വിഷമിക്കണ്ട .. ഞങ്ങളൊക്കെയില്ലേ … “
ഭാനുമതി പറഞ്ഞു …
ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് മെല്ലെ വന്നു …
ഗായത്രി അനാമികയുടെ അടുത്തേക്ക് വന്നു … പിന്നെ കുനിഞ്ഞ് അവളുടെ ഉന്തിയ വയറിൽ ഉമ്മ
വച്ചു ..
” അതേ … ഞാൻ തിരിച്ചു വരുമ്പോൾ ദേ ഇവൾ പുറത്ത് വരില്ലേ … ഇവൾക്കിടാനുള്ള പേര് ഞാൻ കണ്ടു പിടിച്ചിട്ടുണ്ട് … പക്ഷെ ഇപ്പോ പറയില്ല … അത് സർപ്രൈസാ ….”
” അവൾ ആണെന്ന് നീയെങ്ങനെയറിഞ്ഞു … ” അതുവരെ മിണ്ടാതെ നിന്ന മണിക്കുട്ടൻ ചോദിച്ചു ..
അവൾ അവനെ കൂർപ്പിച്ചു നോക്കി ..
പിന്നെ മുഖം വീർപ്പിച്ചു പറഞ്ഞു
” അതെനിക്കറിയാം … അല്ലേ … ” അവൾ അനാമികയുടെ മുഖത്തേക്ക് നോക്കി ..
” ആകട്ടെ ….” അനാമിക ചിരിയോടെ പറഞ്ഞു ….
മണിക്കുട്ടൻ തന്നെ ലഗേജുകൾ അകത്തെത്തിച്ചു കൊടുത്തു ..
വാതിൽക്കൽ നിന്ന് ഗായത്രി എല്ലാവരെയും നോക്കി ..
” എന്തുണ്ടെങ്കിലും എന്നെ വിളിച്ചു പറയണം … ഭക്ഷണം ഒക്കെ ശ്രദ്ധിക്കണം … ” അനാമിക ഉപദേശിച്ചു …
അവൾ തലയാട്ടി …
ട്രെയിൻ മെല്ലെ ഇളകി ….
ഗായത്രി കൈവീശിക്കാട്ടി….
ഒരു വേള അവൾ മണിക്കുട്ടന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു … പിന്നെ മെല്ലെ അകത്തേക്ക് മറഞ്ഞു …
ആ ചിരി ഒരിക്കൽക്കൂടി കാണാൻ മണിക്കുട്ടൻ കൊതിയോടെ വീണ്ടും നോക്കി …
പോക്കുവെയിലിനെ ഭേദിച്ചു ദൂരെ ചക്രവാളം തേടിയെന്നോണം തീവണ്ടി അകലങ്ങളിൽ മറഞ്ഞു …
തിരികെ കാറിനടുത്തേക്ക് നടക്കുമ്പോൾ അനാമികയുടെ ഫോൺ ശബ്ദിച്ചു …
” വീട്ടിലെത്താറായോ …. ഞാൻ ഡ്യൂട്ടി കഴിഞ്ഞെത്തി …. ” ഫോണിലൂടെ ആദർശിന്റെ സ്വരം വന്നു ..
” ഇപ്പോ വരാം ….”
“അതേ … ഞാൻ കോംപ്രമൈസായി … തന്റെ ആഗ്രഹം മോനാണെങ്കിൽ അങ്ങനെയാകട്ടെ … മോനിടാനുള്ള പേരും ഞാൻ സെലക്ട് ചെയ്തു … “
” അതേ ആദർശേട്ടാ… നമുക്കേ മോള് മതി … “
” അതെന്താടോ ഇപ്പോ അങ്ങനെ … ഇന്നലെ വരെ മോനായിരുന്നല്ലോ …”
” എന്നാൽ ഇന്നു മുതൽ ഇങ്ങനാ …” അവൾ പറഞ്ഞു … ” പേര് .. സർപ്രൈസാ … പിന്നെ പറയാം … “
“ഇവിടെ വാടി …. നിനക്ക് ഞാൻ വച്ചിട്ടുണ്ട് …. “
അവന്റെ ചിരി അവൾ കേട്ടു ..
“ഞാനങ്ങു വരട്ടെ … ഞാനും വച്ചിട്ടുണ്ട് … ” പറഞ്ഞിട്ട് അവൾ ചിരിയോടെ ഫോൺ കട്ട് ചെയ്തു ..
ഭാനുമതിയേയും കൂട്ടി മണിക്കുട്ടന്റെ ഓട്ടോ തിരക്കിലേക്കിറങ്ങി …
അങ്ങ് ദൂരെ നീർമാതളങ്ങൾ പൂക്കുന്ന നാട്ടിലേക്ക് ….
അവസാനിച്ചു
അമ്മൂട്ടി
അമൃത അജയൻ
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Nirmathalam written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Beautiful!!