നീ൪മാതള൦ – ഭാഗം 2

1501 Views

nirmathalam aksharathalukal novel

” സാമ്പത്തികമായി അൽപം പിന്നിലാ .. എങ്കിലും കുട്ടി IAS അല്ലേ … തറവാടികളും …. നിന്റെ രാജമാമ കൊണ്ടുവന്ന പ്രപ്പോസലാ ….”

നിലത്തു നിന്നു ഫോട്ടോ കുനിഞ്ഞെടുത്തു കൊണ്ട് രാജലക്ഷ്മി പറഞ്ഞു ….

ആദർശ് നിലത്തേക്ക് നോക്കി ഇരുന്നതേയുള്ളു …

അവൻ ഗായത്രിയെക്കുറിച്ചാണ് ഓർത്തത് .. പാവം അവളിന്ന് സംശയം പ്രകടിപ്പിച്ചതേയുള്ളു ..

”നീയെന്താ മോനേ ഒന്നും പറയാത്തെ  ….” ജഗനാഥൻ ചോദിച്ചു …

“ഇപ്പോ വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലച്ഛാ  …. സമയമുണ്ടല്ലോ ….” ആദർശ് പറഞ്ഞു ..

” ഇപ്പോ നിനക്ക് 29 കഴിഞ്ഞില്ലേ മോനേ … ഇനിയും താമസിക്കാൻ പറ്റില്ല …. നിന്റെ കാര്യം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് സമാധാനമായി …. അച്ചുവിനോടും ഞാൻ ഈ കുട്ടിയെ കുറിച്ചു പറഞ്ഞു … അവൾക്ക് നല്ല താത്പര്യമുണ്ട് …… നിന്നെക്കൊണ്ട് സമ്മതിപ്പിക്കണമെന്നാ അവളുടെ ഓർഡർ … ” 

ആദർശിന്റെ ശിരസിൽ തലോടിക്കൊണ്ട് രാജലക്ഷ്മി  പറഞ്ഞു ….

” ഇതു നടക്കില്ലമ്മേ ……” പറഞ്ഞു കൊണ്ട് അവനെഴുന്നേറ്റ് മുകളിലേക്കുള്ള പടവുകൾ കയറി …

” ആദി …..” രാജലക്ഷ്മി പിന്നിൽ നിന്ന് വിളിച്ചെങ്കിലും അവൻ കേട്ട ഭാവം നടിച്ചില്ല ……

ജഗനാഥനും എഴുന്നേറ്റു ….

* * * * * * * * *    * * * * * * * * *  * * * *

ബാൽക്കണിയിൽ ഇറങ്ങി ഫോണും നോക്കി അവനിരുന്നു ….

ഗായത്രിയെ വിളിച്ചറിയിക്കണോ ….

വേണ്ട വെറുതെ അവളുടെ സമാധാനം കൂടി കളയണ്ട…

ഇതിങ്ങനെയങ്ങ് ഒഴിഞ്ഞു പോകുകയാണെങ്കിൽ പോകട്ടെ …

തൊട്ടുപിന്നിൽ കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ജഗനാഥനാണ് …..

”മോൻ ഫ്രീയാണോ …” അയാൾ ചോദിച്ചു …

”യാ … എന്താ അച്ഛാ ….”

ജഗനാഥൻ ചെയർ വലിച്ചിട്ട് അവനരികിൽ ഇരുന്നു ….

”മോനേ ….. അച്ഛനോട് പറയാത്ത എന്തോ ഒന്ന് നിന്റെ മനസിലുണ്ടെന്ന് തോന്നുന്നു …. “

ആദർശ് ഒന്ന് ഞെട്ടി …

“ഏയ് … ഇല്ലച്ഛാ …..”

ജഗനാഥൻ ചിരിച്ചു …..

“എനിക്കറിയാം ….. ആദീ…. ഒരു കാരണവുമില്ലാതെ നീയാ പ്രപ്പോസൽ വേണ്ടെന്നു പറയില്ല …..”

”അത് … അച്ഛാ ….”

” പറയടാ …. മോനേ ….. നീ ആരെയെങ്കിലും ….” അയാൾ അർഥോക്തിയിൽ നിർത്തി …

അച്ഛനോട് തുറന്നു പറയുന്നതാണ് നല്ലതെന്ന് അവന് തോന്നി ….

അച്ഛന്റെ മുഖത്തേക്ക് നോക്കി അവൻ മെല്ലെ പറഞ്ഞു …

”ഗായത്രി ……”

* * * * * *  * * * * * * * *    * * * * * * * * *

പിറ്റേന്ന് വൈകുന്നേരം …

രാജലക്ഷ്മി കോളേജിൽ നിന്ന് എത്തുമ്പോൾ ജഗനാഥൻ സിറ്റൗട്ടിലെ ചെയറിൽ ഇരുപ്പുണ്ട് ….

മുഖം ഒട്ടും പ്രസന്നമല്ല …

രാജലക്ഷ്മി ജഗനരികിൽ വന്നിരുന്നു …

” എന്തു പറ്റി ജഗാ …. ആദർശ് ഇന്നലെ പറഞ്ഞ കുട്ടിയെ കുറിച്ച് അന്വേഷിച്ചോ …? “

” ഉം …..” ജഗനാഥൻ മൂളി …

രാജലക്ഷ്മി ജഗനാഥനെ സൂക്ഷിച്ചു നോക്കി …

”അത്ര പന്തിയല്ല രാജി … ആ കുട്ടിയുടെ ബാക്ക് ഗ്രൗണ്ട് …. സുധാകരൻ നെല്ലനാട്ടിൽ നന്നായി തന്നെ അന്വേഷിച്ചു …. “

”എന്താ … ജഗാ …. വിശദമായി പറയൂ …”

സുധാകരനിൽ നിന്നറിഞ്ഞ കാര്യങ്ങൾ മുഴുവൻ ജഗനാഥൻ രാജലക്ഷ്മിയോട് പറഞ്ഞു …

” പക്ഷെ ഇതൊക്കെ നമ്മുടെ മകനെ പറഞ്ഞു മനസിലാക്കുവാനാണ് ബുദ്ധിമുട്ട് …. അവനാക്കുട്ടി മതിയെന്ന നിർബന്ധത്തിലാ ….”

രാജലക്ഷ്മിയുടെ മുഖം മുറുകി …

”ജഗൻ കാറിറക്ക് … നമുക്കൊരിടം വരെ പോകണം ….”

“ഇപ്പഴോ … എങ്ങോട്ടാ ധൃതി പിടിച്ച് …”

ജഗനാഥൻ അമ്പരന്നു …

” നെല്ലനാട്ടേക്ക് …. ആ പെണ്ണിന്റെ വീട്ടിലേക്ക് …”

“എന്താ രാജി …. അവൻ വന്നൊന്നു സംസാരിച്ചിട്ട് …”

” ജഗൻ വാ ….” ഉറച്ചതായിരുന്നു ആ ശബ്ദം …

രാജലക്ഷ്മി ഒന്നു തീരുമാനിച്ചാൽ പിന്നെ മാറ്റമില്ല എന്ന് ജഗനാഥനറിയാം ….

കോളേജിൽ നിന്നെത്തിയ വസ്ത്രം പോലും മാറാതെയാണ് രാജലക്ഷ്മി യാത്രക്കിറങ്ങിയത് ….

സമയം ആറിനോടടുത്തു …

നഗര വീഥി വിട്ട് കാർ ഗ്രാമ പാതയിലേക്കിറങ്ങി ….

നെല്ലനാടു നിന്നും ഇടതു തിരിഞ്ഞു ചെറിയൊരു മൺവഴിയിലൂടെ കാറോടി ….

ഏകദേശം സുധാകരൻ പറഞ്ഞു കൊടുത്ത സ്ഥലം കണക്കാക്കി ജഗനാഥൻ കാർ നിർത്തി ….

കാറിൽ നിന്നിറങ്ങി … ചുറ്റിനും നോക്കി …

ഗ്രാമത്തിന്റെ നന്മ വിളിച്ചോതുന്ന , നീർമാതളവും തെറ്റിയും ചെമ്പകവും മുറ്റം കയ്യടക്കിയ അനേകം വീടുകൾ നോക്കത്ത ദൂരത്തോളം ഉണ്ടായിരുന്നു …

ദൂരെ ഏതോ ക്ഷേത്രത്തിലെ സദ്ധ്യാ വന്ദനവും ….മൊത്തത്തിൽ ഒരു ആശ്രമം പോലെ തോന്നിച്ചു അവിടം …

പണി കഴിഞ്ഞു വരുന്ന ഒരു സ്ത്രീയോട് ജഗനാഥൻ ചോദിച്ചു ..

” ഈ ഭാനുമതിയുടെ വീട് ….”

” ആ കാണുന്നത് തന്നെയാ …. ” ആ സ്ത്രീ മുന്നിലേക്ക് കൈ ചൂണ്ടി …

അൽപ്പം കൂടി മുന്നിലായി ഒരു ഓടിട്ട വീട് ജഗനാഥൻ കണ്ടു …

സ്ത്രീക്കു നന്ദി പറഞ്ഞു കൊണ്ട് ജഗനാഥൻ കാറിലേക്ക് കയറി …

കാർ ആ വീടിന്റെ മുന്നിലായി നിർത്തി ….

ജഗനും രാജലക്ഷ്മിയും കാറിൽ നിന്നിറങ്ങി ….

ഒതുക്കുകൾ കയറി അവർ മുറ്റത്തെത്തുമ്പോൾ , പച്ച പട്ടു പാവാട ധരിച്ച വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി ഉമ്മറത്ത് വിളക്കു വക്കുകയായിരുന്നു …

തൊണ്ടി പഴം പോലുള്ള അവളുടെ അധരങ്ങൾക്കിടയിൽ നാമജപമുണ്ട്…

വിളക്കു വച്ച് മുഖം ഉയർത്തി നോക്കുമ്പോൾ മുറ്റത്തു നിൽക്കുന്ന അപരിചിതരിലേക്ക് അവളുടെ വിടർന്ന കണ്ണുകൾ വന്നു പതിച്ചു …

” ആരാ ….” ചുണ്ടിലൊരു നേർത്ത ചിരിയോടെ അവൾ ചോദിച്ചു … –

രാജലക്ഷ്മിയും ജഗനാഥനും പരസ്പരം നോക്കി ….

”വരൂ ….” അപരിചിതത്വം മാറാതെ തന്നെ അവൾ അവരെ ക്ഷണിച്ചു …

രാജലക്ഷ്മി മുന്നിലും ജഗനാഥൻ പിന്നിലുമായി ഉമ്മറത്തേക്ക് കയറി …

കുളിച്ച് മുടി വിതിർത്തിട്ടു കൊണ്ട് ഭാനുമതിയും ഉമ്മറത്തേക്ക് വന്നു …

അഥിതികളെ അവർക്കും പരിചയമില്ലായിരുന്നു …

നിശബ്ദതയെ രാജലക്ഷ്മി ഭേദിച്ചു …

”ഞങ്ങൾ ആദർശിന്റെ പാരൻസ് ആണ് …”

ഭാനുമതിയിലും ഗായത്രിയിലും അത്ഭുതവും സന്ദേഹവും ഒരുമിച്ചുണ്ടായി …

എന്തു പറയണമെന്ന് ഇരുവർക്കും കിട്ടിയില്ല ….

” ഇരിക്കൂ ….. ” പെട്ടെന്ന് ഭാനുമതി പറഞ്ഞു ….

ഗായത്രിയുടെ ചുണ്ടുകളും ഉടലും അപ്പോഴും വിറ കൊള്ളുകയായിരുന്നു ….

ഉമ്മറത്ത് ഒരു കസേരയേ ഉണ്ടായിരുന്നുള്ളു….

ഭാനുമതി പെട്ടെന്ന് തന്നെ അകത്ത് കയറി മറ്റൊരു കസേര കൂടി എടുത്തു കൊണ്ട് വന്നു …

ഇരുവരും ഇരുന്നു ….

“ഇതാ … മോൾ …. ഗായത്രി ….” ഭാനുമതി പറഞ്ഞു …

രാജലക്ഷ്മിയുടെയും ജഗനാഥന്റെയും മുഖം തിളങ്ങി ..

ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണവൾക്ക് …

വെറുതെയല്ല ഇവൾ തന്റെ മകന്റെ മനസ് കീഴടക്കിയതെന്ന് രാജലക്ഷ്മിക്കു തോന്നി …

“ചായയെടുക്ക് മോളേ … ” ഭാനുമതി ഗായത്രിയോട് പറഞ്ഞു …

രാജലക്ഷ്മിയോ ജഗനാഥനോ എതിർത്തു പറഞ്ഞില്ല …

അവൾ മിടിക്കുന്ന ഹൃദയത്തോടെ അകത്തേക്ക് നടന്നു ….

“ആദർശ് ഗായത്രിയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞു …. 

ഭാനുമതിക്ക് എത്ര കുട്ടികളാ ….” രാജലക്ഷ്മി ചോദിച്ചു …

“രണ്ട് …. പെൺകുട്ടികളാ …”

“മറ്റേ കുട്ടി ….?”

“ഇവിടെയുണ്ട് … അവൾക്കൽപം സുഖമില്ലാത്തതാ ….”

” ഉം …. എന്താ അസുഖം …? “

ഭാനുമതിയുടെ മുഖത്ത് വിഷാദം നിഴലിച്ചു ….

” അത് … ചില അനിഷ്ഠ സംഭവങ്ങൾ നടന്നു ഞങ്ങളുടെ ജീവിതത്തിൽ … അതിനെ തുടർന്ന് ഒരു പേടി തട്ടിയതാ ..” ഭാനുമതി വിങ്ങലടക്കി …

രാജലക്ഷ്മി പുഞ്ചത്തോടെ ചിരിച്ചു ….

“പേടി ….. ഭ്രാന്തല്ലേ അവൾക്ക് ….. ?” രാജലക്ഷ്മി മൂർഛയോടെ ചോദിച്ചു …

ഭാനുമതി ഞെട്ടലോടെ രാജലക്ഷ്മിയെ നോക്കി ….

ട്രേയിൽ ചായയുമായി വന്ന ഗായത്രി വാതിൽക്കൽ തറഞ്ഞു നിന്നു ….

രാജലക്ഷ്മി കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു …

” എല്ലാം അറിഞ്ഞിട്ടു തന്നെയാ ഞങ്ങൾ വന്നത് … നിന്റെ ഭർത്താവിനെ ആരോ പാതിരാത്രി വിളിച്ചിറക്കി മുറ്റത്തിട്ട് കുത്തി കൊന്നത് കണ്ട് ഭ്രാന്തു പിടിച്ചതല്ലേ ആ പെണ്ണിന് … കൊലപാതകി നിന്റെ രഹസ്യക്കാരനാണെന്നാ നാട്ടിൽ പാട്ട് “

ജഗനാഥനും എഴുന്നേറ്റു ..

രാജലക്ഷ്മി കോപം കൊണ്ട് വിറക്കുകയായിരുന്നു ..

” നിന്റെ മോളെ പെണ്ണു ചോതിക്കാനല്ല ഞങ്ങൾ വന്നത് …. ഇനി മേലിൽ നിന്റെ മോളുടെ നിഴൽ പോലും എന്റെ മകന്റെ മുന്നിൽ വീഴരുതെന്ന് പറയാനാ …”

”രാജീ ….” ജഗൻ വിളിച്ചു … ബഹളം വേണ്ട .. കാര്യം പറഞ്ഞാൽ മതി എന്നൊരു താക്കീത് ആ ശബ്ദത്തിലുണ്ടായിരുന്നു …

ഗായത്രിയുടെ കയ്യിൽ നിന്ന് ട്രേ നിലത്ത് വീണു …. അവൾ വാ പൊത്തി കരഞ്ഞു ….

രാജലക്ഷ്മി നിർത്താൻ ഒരുക്കമായിരുന്നില്ല …

” അവന് നല്ലൊരു പ്രപ്പോസൽ വന്നിരിക്കുകയാണ് …. ഒരു IAS കാരിയുടെ … “

രാജലക്ഷ്മി ഗർവ്വോടെ തുടർന്നു …

” അവന്റെ ജീവിതം നശിപ്പിക്കാൻ നിന്റെ ഈ പുന്നാരമോളെ കെട്ടിയൊരുക്കി അവന്റെ മുന്നിലേക്ക് മേലിൽ വിടരുത് .. നിന്നെ പോലെ കുറേ അവളുമാരുണ്ട് നല്ല കുടുംബങ്ങളിലെ ആൺകുട്ടികളെ ..”

” നിർത്ത് ….”

രാജലക്ഷ്മി പൂർത്തിയാക്കും മുൻപേ ഭാനുമതിയുടെ ശബ്ദം ഉയർന്നു …

” ഇറങ്ങിക്കോ എന്റെ വീട്ടിൽ നിന്ന് .. ” ഭാനുമതി അലറി …

”അമ്മേ ……” ഗായത്രി കരഞ്ഞുകൊണ്ട് ഭാനുമതിയ ചുറ്റിപ്പിടിച്ചു …

” നീ മാറ് …..” ഭാനുമതി അവളെ തള്ളി മാറ്റി …..

ഭാനുമതിയുടെ ഭാവമാറ്റം രാജലക്ഷ്മിയെയും ജഗനാഥനെയും തെല്ലൊന്നു പിടിച്ചു കുലുക്കി ..

“എന്റെ മകൾക്ക് നിങ്ങളുടെ മകനെ വേണ്ട …. പണത്തിനേ കുറവുള്ളു ..  അഭിമാനത്തിനു ഞങ്ങൾക്ക് കുറവില്ല..  ഇറങ്ങിപ്പോണം ഈ നിമിഷം ഈ വീട്ടിൽ നിന്ന്  “

രാജലക്ഷ്മിയുടെ മുഖത്തേറ്റ പ്രഹരമായിരുന്നു അത് …

“അഭിമാനം …….” രാജലക്ഷ്മി പുശ്ചിച്ചു …

പിന്നെ ധൃതിയിൽ മുറ്റത്തേക്കിറങ്ങി നടന്നു ….

എന്തു വേണ്ടു എന്ന് ഗായത്രിക്ക് അറിയില്ലായിരുന്നു …

ഭാനുമതിയുടെ ശരീരം അപ്പോഴും വിറക്കുകയായിരുന്നു ….

ഉമ്മറത്ത് നിലവിളക്ക് അപ്പോഴും എരിയുന്നുണ്ട് … ..

ഭാനുമതി ഗായത്രിയുടെ കൈപിടിച്ച് വലിച്ച് വിളക്കിനരികിലേക്ക് കൊണ്ടുവന്നു ….

അവൾ അമ്മയെ പേടിയോടെ നോക്കി …

“സത്യം ചെയ് …. വിളക്കിനെ സാക്ഷിയാക്കി അമ്മയെ തൊട്ട് , മേച്ചിറ ഭഗവതിയെ തൊട്ട് സത്യം ചെയ്യ് .. ഇനി മേലിൽ നീയവന്റെ ജീവിതത്തിൽ ചെല്ലില്ല എന്ന് …”

“അമ്മേ ….” അവളൊരു നിലവിളിയോടെ അവരെ നോക്കി ….

” അനുസരിച്ചില്ലെങ്കിൽ നീയിനി നിന്റെ അമ്മയെ കാണില്ല …. “

ഗായത്രിക്ക് മറ്റൊരു വഴിയുമില്ലായിരുന്നു ….

ആ ത്രിസന്ധ്യയെ സാക്ഷിയാക്കി അഗ്നിയെ സാക്ഷിയാക്കി അമ്മയെ സാക്ഷിയാക്കി സർവ്വ ചരാ ചരങ്ങളെയും സാക്ഷിയാക്കി അവൾ സത്യം ചെയ്തു തന്റെ പ്രിയപ്പെട്ടവനെ എന്നെന്നേക്കുമായി മറക്കാമെന്ന് …

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അകത്തേക്കോടി ….

ഭാനുമതി തളർന്ന് ചാരുപടിയിൽ ഇരുന്നു …

* * * * * *   * * * * * * * *   * * * * * * * *

രാത്രി 8 മണി ..

ഡ്യൂട്ടിക്കിടയിൽ തിരക്കൊഴിഞ്ഞപ്പോൾ ആദർശ് ഫോണെടുത്ത് ഗായത്രിയുടെ നമ്പർ കാളിംഗിലിട്ടു …

രണ്ടുവട്ടം ബെല്ലടിച്ചിട്ടും അവൾ ഫോണെടുത്തില്ല …

അവനു നേർത്തൊരു ഭയം തോന്നി … ഇനി ചേച്ചിക്കെന്തെങ്കിലും …

ഏയ് എങ്കിലവൾ തന്നെ വിളിക്കേണ്ടതാണ് …

അവൻ വീണ്ടും അവളുടെ  നമ്പർ കോളിംഗിലിട്ടു …

ബെല്ലടിച്ച് തീരാറായപ്പോൾ മറുവശത്ത് കോളെടുത്തു …..

“ഹലോ ….” പതിഞ്ഞ ശബ്ദത്തിൽ നിർവികാരതയോടെ അവൾ മന്ത്രിച്ചു …

ആദർശിനു വല്ലായ്മ തോന്നി …

കാര്യമായെന്തോ ഉണ്ട് …. സാധാരണ കേൾക്കാറുള്ള ഉത്സാഹമുള്ള അവളുടെ സ്വരമല്ല ഇത് …

” എന്തു പറ്റി ഗായത്രി …ശബ്ദം വല്ലാതിരിക്കുന്നെ … “

” ആദർശിന് എന്തു വേണം …? “

അവൻ ഞെട്ടിപ്പോയി …

“നീയെന്താ ഇങ്ങനെ സംസാരിക്കുന്നേ …….”

“ഇനി മുതൽ ഇങ്ങനെയാണ് … എനിക്ക് ആദർശിനെ ഇഷ്ടമല്ല … ഇനി മേലിൽ എന്നെ വിളിക്കരുത് … ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണില്ല …. “

അവനെന്തെങ്കിലും പറയും മുൻപേ മറുവശത്ത് കോൾ കട്ടായി …..

അവൻ വീണ്ടും ആ നമ്പരിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന അറിയിപ്പ് കിട്ടി ….

ഫോൺ ബെഡിലേക്കെറിഞ്ഞ് കിടക്കയിൽ വീണ് ഹൃദയം പൊട്ടി കരയുകയായിരുന്നു ഗായത്രി അപ്പോൾ …

 

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply