നീ൪മാതള൦ – ഭാഗം 4

627 Views

nirmathalam aksharathalukal novel

ഞായറാഴ്ച  രാവിലെ പത്തു മണിയാകുമ്പോൾ ആദർശും ജഗനാഥനും രാജലക്ഷ്മിയും അനാമികയുടെ വീട്ടിലെത്തി ..

ഒറ്റ നിലയെങ്കിലും സാമാന്യം നല്ലൊരു വീടായിരുന്നു ചന്ദ്രത്ത് വീട് ..

സ്വീകരണമുറിയിൽ ഇരിക്കുമ്പോഴും ആദർശിന്റെ മുഖം മ്ലാനമായിരുന്നു …

“ഇവിടെ ഇപ്പോ ഞാനും ദേവിയും മത്രേയുള്ളു. … അനു സിറ്റിയിലാണല്ലോ ..”

അനാമികയുടെ അച്ഛൻ ഗോപൻ പറഞ്ഞു …

അദ്ദേഹം ഒരു സാധു മനുഷ്യനാണെന്ന് ജഗനാഥനു തോന്നി …

അകത്തെ വാതിലിന്റെ വിരി വകഞ്ഞു മാറ്റി ഒരു വീൽചെയർ കടന്നു വന്നു … അതിൽ ഒരു സ്ത്രീയായിരുന്നു..ഒപ്പം മറ്റൊരു സ്ത്രീയും …

രണ്ടു പേരും ചിരിച്ചു കൊണ്ട് അവരെ സമീപിച്ചു …

“ഇതാണ് എന്റെ ഭാര്യ ദേവി … ആറു കൊല്ലമായി അവൾ വീൽ ചെയറിലാണ് … മറ്റെത് എന്റെ സഹോദരി ..അംബിക …  തൊട്ടടുത്തു തന്നെയാണ് താമസം … ഇതൊക്കെയാണ് ഞങ്ങളുടെ ഒരു പശ്ചാത്തലം … “

രാജലക്ഷ്മിയും ജഗനാഥനും പുഞ്ചിരിച്ചു ….

രണ്ടു മുഖങ്ങളിലും അത്യപ്തിയൊന്നും ഇല്ലെന്ന് ഗോപൻ ശ്രദ്ധിച്ചു …

“മോളെ വിളിക്ക് ദേവി …..” ഗോപൻ പറഞ്ഞു…

വാതിൽ കടന്നു വരുന്ന മയിൽ പീലി വർണത്തിലെ ചുരിദാർ ധരിച്ച മെലിഞ്ഞ ആ പെൺകുട്ടിയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ …

അവൾ ചായ കൊണ്ടുവന്നു ആദർശിനും ജഗനാഥനും രാജലക്ഷ്മിക്കും ഗോപനും നൽകി …

രാജലക്ഷ്മിയുടെ മനം നിറഞ്ഞിരുന്നു …

ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരിയാണവൾ …

ആദർശ് പക്ഷെ അവളുടെ മുഖത്തു പോലും നോക്കിയില്ല …

“എത്രയും പെട്ടെന്ന് തന്നെ വിവാഹം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ….” ജഗനാഥൻ പറഞ്ഞു …

എല്ലാവരുടെയും മുഖം തെളിഞ്ഞു …

”ഞങ്ങൾക്കു വിരോധമില്ല … പിന്നെ വലിയ രീതിയിൽ സ്ത്രീധനം നൽകാനൊന്നും ഞങ്ങൾക്ക് കഴിയില്ല .. ഉള്ളതൊക്കെ അവൾക്കാ ..ആണായിട്ടും പെണ്ണായിട്ടും ഞങ്ങൾക്ക് അവൾ മാത്രമേയുള്ളു … ” ഗോപൻ തുറന്നു പറഞ്ഞു …

രാജലക്ഷ്മിയും ജഗനാഥനും പുഞ്ചിരിച്ചു … 

“ഞങ്ങൾക്ക് ഒന്നും വേണ്ട … ” പറഞ്ഞു കൊണ്ട് രാജലക്ഷ്മി എഴുന്നേറ്റ് അനാമികയുടെ അടുത്തേക്ക് ചെന്നു ..

അവളെ ചേർത്തു പിടിച്ചു കൊണ്ട് എല്ലാവരോടുമായി പറഞ്ഞു …

” ദേ ഈ മോളെ  എന്റെ മകനിങ്ങു തന്നാൽ മതി ….”

എല്ലാവരും ചിരിച്ചു …. ദേവിയുടെ കണ്ണുകൾ നിറഞ്ഞു …

“അതേ …. പിന്നെ ഒറ്റ ആഗ്രഹമേയുള്ളു  കല്യാണം ആർഭാടമായി തന്നെ നടത്തണം … ” ജഗനാഥൻ പറഞ്ഞു ..

” അതിനൊരു കുറവും വരില്ല .. ഈ വീട്ടിലെ ഒരേയൊരു വിവാഹമാണ് … “

“മോളിപ്പോൾ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലല്ലേ.. ” രാജലക്ഷ്മി ചോദിച്ചു ….

” അതേ അമ്മേ …..” അവൾ പറഞ്ഞു …

സ്നേഹ സംഭാഷണങ്ങളും  വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും നടന്നു …

ഒടുവിൽ നാളെ തന്നെ പോയി ദിവസം കുറിക്കാമെന്ന് ധാരണയായി…

അവർ പോകാനിറങ്ങിയപ്പോൾ മറ്റുള്ളവർ പൂമുഖം വരെ അവരെ അനുകമിച്ചു …

കാറിൽ കയറാൻ നേരം ആദർശ് പൂമുഖത്തേക്കൊന്നു പാളി നോക്കി …

ഉരുളൻ തുണിനരികിലായി നിന്ന അനാമികയുടെ മുഖത്തേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു …

എന്തുകൊണ്ടോ ആ മുഖത്തു നിന്നും കണ്ണുകൾ പിൻവലിക്കാൻ അവനു തോന്നിയില്ല …

നേർത്തൊരു പുഞ്ചിരി സമ്മാനിച്ച് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി …

കാർ തിരിച്ച് ഗേറ്റിലേക്കിറക്കുമ്പോൾ ഒരിക്കൽക്കൂടി പൂമുഖത്തേക്ക് നോക്കാതിരിക്കാൻ അവനായില്ല …

കണ്ണുകളിൽ ശുഭയാത്രയൊളിപ്പിച്ച് നേർത്തൊരു പുഞ്ചിരി അവനും കണ്ടു …

* * * * * * * * *   ** ** * * * * * * * * *

ചിങ്ങം ആറിന് രാവിലെ പത്ത് മുപ്പതിനും പതിനൊന്നിനും ഇടയിലുള്ള ശുഭമുഹുർത്തമാണ് കുറിച്ചു കിട്ടിയത് ..

പിന്നീട് കല്യാണലെറ്റർ പ്രിൻറ് ചെയ്യുക , കല്യാണം വിളിക്കുക തുടങ്ങിയ ഭാരിച്ച ജോലികൾ ഇരു വീടുകളിലും തകൃതിയായി നടന്നു …

വിവാഹത്തിന് പത്ത് ദിവസം  മുൻപ് ഐശ്വര്യയും വിവേകും കുഞ്ഞും നാട്ടിലെത്തുമെന്ന് അറിയിച്ചു ..

വിവാഹത്തോടനുബദ്ധിച്ച് രണ്ടാഴ്ച ലീവെടുക്കേണ്ടതിനാൽ അനാമിക തിരക്കുകളിലായിരുന്നു …

ഒപ്പം താമസിക്കുന്ന ഗസ്റ്റ് ഹൗസും വെക്കേറ്റ് ചെയ്യാൻ തീരുമാനിച്ചു. ..

ആദർശിന്റെ വീട്ടിൽ നിന്ന് വരാവുന്ന ദൂരമേയുള്ളു എന്നത് ഒരാശ്വാസമായിരുന്നു …

ഒറ്റക്കുള്ള താമസവും ഫുഡും അവൾക്ക് വല്ലാതെ മുഷിഞ്ഞു തുടങ്ങിയിരുന്നു …..

ഐശ്വര്യയും വിവേകും കുഞ്ഞും കൂടി നാട്ടിലെത്തിയതോടെ ആദർശിന്റെ വീട്ടിൽ ആഘോഷങ്ങൾക്ക് തിരി കൊളുത്തി …

വിവാഹത്തിനു രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ..

വീട്ടിലേക്ക് ബന്ധുക്കളൊക്കെയും വന്നു തുടങ്ങിയിരുന്നു …

രാത്രി …എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ആദർശിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു ….

ഡിസ്പ്ലേയിൽ ഗായത്രിയുടെ നമ്പറായിരുന്നു …

ഒരു നിമിഷം അവനൊന്നു പിടഞ്ഞു  ….

കോളെടുത്തു കൊണ്ട് ആദർശ്  പുറത്തേക്ക് നടന്നു …

അവന്റെ മുഖത്തെ പതർച്ച കണ്ട് രാജലക്ഷ്മിയും അവനു പിന്നാലെ നടന്നു ….

 

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നീ൪മാതള൦ – ഭാഗം 4”

Leave a Reply