മറുവശത്ത് ഭാനുമതിയായിരുന്നു …
”മോനേ ഞാനാ …. ഗായത്രിയുടെ അമ്മ …”
അവരുടെ ശബ്ദം വിറക്കുകയും കരയുകയും ചെയ്യുന്നുണ്ടെന്ന് ആദർശിന് മനസിലായി …
“എന്താ അമ്മേ … “
” അവളൊരു അബദ്ധം കാണിച്ചു … ഞരമ്പു മുറിച്ചു …. സിറ്റി ഹോസ്പിറ്റലിലാ…. .. “
ആദർശിന്റെ നെഞ്ചിൽ വെള്ളിടി വെട്ടി …
”ഞാനിതാ വരുന്നമ്മേ ….”
ഫോൺ കട്ട് ചെയ്തു കൊണ്ട് അവൻ ധൃതിയിൽ പോക്കറ്റിൽ തിരഞ്ഞു …
താക്കോൽ പോക്കറ്റിലുണ്ടായിരുന്നു …
അവൻ പുറത്തേക്കിറങ്ങിയതും രാജലക്ഷ്മി വിളിച്ചു …
” ആദി … നിൽക്ക് നീയെവിടെ പോകുന്നു …. “
അവൻ ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് ഓടി..
രാജലക്ഷ്മി പിന്നാലെ ചെന്ന് കാറിനു മുന്നിൽ കയറി നിന്നു …
”അമ്മേ മാറ് …എനിക്ക് ഒന്നു പോകണം പുറത്ത് …”
” നീയാ ഫോൺ കാണിക്ക് … ആരാ നിന്നെ വിളിച്ചത് …”
കാര്യമറിയാതെ രാജലക്ഷ്മി ചലിക്കില്ലെന്ന് ആദർശിനു മനസിലായി …
” ഗായത്രിയുടെ അമ്മയാ … അവളൊരു അബദ്ധം കാണിച്ചു …. ഞരമ്പ് മുറിച്ചു … “
രാജലക്ഷ്മി പകച്ചു പോയി …
പെട്ടെന്ന് സംയമനം വീണ്ടെടുത്ത് അവർ പറഞ്ഞു …
”അതിന് …. അതിന് നീയെന്തിന് പോകണം … നീയാരാ അവളുടെ …. പഴയതൊക്കെ അവസാനിച്ചു … ഇനി നീ അതിൽ ഇടപെടണ്ട .. “
” അമ്മയിങ്ങനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത് … അമ്മ വഴി മാറ് …” അവൻ അക്ഷമനായി …
” ഇല്ല … നിന്നെ സ്വപ്നം കണ്ട് കതിർ മണ്ഡപത്തിലേക്കിറങ്ങാൻ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട് …. നീ എന്തിനുള്ള പുറപ്പാടാ …”
” കഴിഞ്ഞ ഒരു വർഷമായി എന്നെ സ്വപ്നം കണ്ട പെണ്ണാണമ്മേ ഗായത്രി … “
” കായത്രി …….. മിണ്ടരുത് ആ ജന്തുവിന്റെ കാര്യം …. എന്റെ മരുമകളായി ഞാൻ കണ്ടെത്തിയ കുട്ടി ഈ വീടിന്റെ പടി കയറിയാൽ മതി …. ഇല്ലെങ്കിൽ ഈ വിവാഹ പന്തലിൽ നീ എന്റെ ശവമെടുത്തു വക്കണം.. “
അപ്പോഴേക്കും ഐശ്വര്യയും ജഗനാഥനും അങ്ങോട്ടു വന്നു …
കാര്യമറിഞ്ഞപ്പോൾ ജഗനാഥനും ഒന്നു ഭയന്നു …
” വേണ്ട ആദി … നീ പോകണ്ട … എന്നെ എല്ലാവരുടെയും മുന്നിൽ തല താഴ്ത്തിക്കാൻ നോക്കരുത് …”
“ആർക്കും ഒന്നും നഷ്ടപ്പെടില്ലച്ഛാ ….. ഞാൻ തിരിച്ചു വരും … നിങ്ങളുടെ ആഗ്രഹമേ നടക്കൂ …. ഇപ്പോ എന്നെ ഒന്നു വിടു … “
അത്രയുമായപ്പോൾ ആരൊക്കെയോ അങ്ങോട്ടു ശ്രദ്ധിച്ചു തുടങ്ങി …
” രാജി .. മാറിക്കൊടുക്ക്. അവൻ പോയിട്ട് വരട്ടെ ….. ” ശബ്ദം താഴ്ത്തി ജഗനാഥൻ പറത്തു …
ആ ശബ്ദത്തിലെ ക്രൗര്യം രാജലക്ഷ്മി തിരിച്ചറിഞ്ഞു …
ആദർശ് കാർ പുറത്തേക്കെടുത്ത് പോയി …
”ജഗാ … നമ്മുടെ മോന്റെ വിവാഹം മുടങ്ങരുത് …” രാജലക്ഷ്മി പറഞ്ഞു …
“ഒരിക്കലുമില്ല …. ” ജഗനാഥൻ മുരണ്ടു ..
“എന്താ അമ്മേ … എനിക്കൊന്നും മനസിലാകുന്നില്ല … ” ഐശ്വര്യ രാജലക്ഷ്മിയുടെ കയ്യിൽ പിടിച്ചു ..
”വാ … പറയാം … ” രാജലക്ഷ്മി പറഞ്ഞു …
* * * * * * * * * * * * * * * * * * * *
ഐ. സി. യു വിലായിരുന്നു ഗായത്രി … ആദർശ് അകത്തു കയറി അവളെ കണ്ടു … അവൾ നല്ല മയക്കത്തിലായിരുന്നു ….
“കുഴപ്പമൊന്നുമില്ല .. കുറച്ച് ബ്ലഡ് പോയി … രണ്ട് മണിക്കൂർ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം .. “
ഡോക്ടർ ഹാഫിസ് പറഞ്ഞു …
”താങ്ക്യൂ…. ഡോക്ടർ…”
ആദർശ് പുറത്തിറങ്ങി …. ഐ. സി. യു വിന് പുറത്ത് കരഞ്ഞു തളർന്ന് ഭാനുമതി ഇരിപ്പുണ്ടായിരുന്നു …
ആദർശിനെ കണ്ടപ്പോൾ അവർ വിങ്ങി പൊട്ടി…
“ഞാൻ കാരണമാ … ഞാനാ അവളെ കൊണ്ട് സത്യം ചെയ്യിച്ചത് …. അവളുടെ മനസ് പോലും ഞാൻ കാണാൻ തയ്യാറായില്ല …. “
ആദർശ് മുഖം കുനിച്ചിരുന്നു ….
* * * * * * * * * * * * * * * * * * * * * *
ആദർശിന്റ ഒരു സുഹൃത്തിന് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് … അവൻ അങ്ങോട്ട് പോയിരിക്കുകയാണ് എന്നാണ് രാജലക്ഷ്മിയും ഐശ്വര്യയും ജഗനാഥനും എല്ലാവരോടും പറഞ്ഞത് ….
ഇടക്ക് പല വട്ടം ജഗനാഥൻ ആദർശിനെ വിളിച്ചെങ്കിലും അവൻ ഫോന്നെടുത്തില്ല ….
പിന്നീട് എപ്പോഴോ ഫോൺ അറ്റൻഡ് ചെയ്ത് പറഞ്ഞു .. രാവിലെ താൻ വീട്ടിൽ എത്തും എന്ന് ….
* * * * * * * * * * * * * * * * * * * * * *
മൂന്നു മണിക്കാണ് ഗായത്രിയെ റൂമിലേക്ക് മാറ്റിയത് …
” നീയെന്തിനാടാ ഇങ്ങനെയൊക്കെ ചെയ്തത് …. ആരെ തോൽപിക്കാനാ ..”
വേദനയോടെ ആദർശ് ചോദിച്ചു …
“ആരെയും തോൽപിക്കാനല്ല ആദർശ് …. എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല …. ” അവൾ കരഞ്ഞു ….
”നീ ഞങ്ങളെ കുറിച്ച് ഓർത്തില്ലല്ലോ മോളെ … ” ഭാനുമതിയുടെ നെഞ്ച് പൊട്ടി…
“അമ്മേ …….” അവൾ വിതുമ്പി …
“ആദർശ് പൊക്കോ … അവിടെ എല്ലാവരും കാത്തിരിക്കുകയാവും ….. ഇത്രയും ദൂരം തിരിച്ച് പോകണ്ടേ .. ഇനി പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞല്ലോ … “ഭാനുമതി പറഞ്ഞു …
അവൻ ഗായത്രിയുടെ അരികിൽ ഇരുന്നു ….
” ഞാനെന്താ വേണ്ടെ … ഞാൻ വന്നു വിളിച്ചതല്ലേ …. എല്ലാം അറുത്തു മുറിച്ചു വിട്ടതുകൊണ്ടല്ലേ ഞാനീ വേഷം കെട്ടിയത് … ഇനി ഞാനെന്താ വേണ്ടെ …? ” അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് അവൻ ചോദിച്ചു ..
”ഇപ്പോഴും ആ തീരുമാനത്തിന് മാറ്റമില്ല ആദർശ് … വീട്ടുകാരെ സങ്കടപെടുത്തണ്ട …. ആദർശ് പൊക്കോ … ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട പെണ്ണ് ഞാനാ ….”
” ഇല്ല … ഇനി നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല ……. കല്യാണം നടന നടന്നിട്ടൊന്നുമില്ലല്ലോ … നാളെയൊരു ദിവസം മുഴുവൻ സമയമുണ്ട് ….. നീ സമാധാനമായി ഇരിക്ക് …”
” ഇല്ല … ആദർശ് .. ആരുടെയും ശാപം ഏറ്റു വാങ്ങാൻ എനിക്കു വയ്യ ….. ആദർശിനെ വിളിച്ച് അറിയിച്ചതിന് അമ്മയെ ഞാൻ കുറ്റപ്പെടുത്തുകയേയുള്ളു ….. ആദർശ് പൊക്കോ …. ഇപ്പോ എന്റെ മനസ് തെളിഞ്ഞിട്ടുണ്ട് …. ഇനി ഒന്നും ഓർത്ത് ഞാൻ കരയില്ല …..” അവൾ കണ്ണീർ തുടച്ച് മുഖത്ത് ചിരി വരുത്തി ….
ആരോ ഡോറിൽ മുട്ടി ….
“നർസായിരിക്കും … അമ്മ വാതിൽ തുറക്ക് ….” പറഞ്ഞു കൊണ്ട് ആദർശ് ബഡിൽ നിന്ന് എഴുന്നേറ്റ് മാറി …
ഡോർ തുറന്നപ്പോൾ കയ്യിൽ ഫ്ലാസ്കും ഒന്നു രണ്ടു കവറും തൂക്കി പിടിച്ച് ഒരു ചെറുപ്പക്കാരനായിരുന്നു …
“മണിക്കുട്ടനോ …. വാ ..” ഭാനുമതി വാതിൽക്കൽ നിന്ന് ഒഴിഞ്ഞു നിന്നു …
“മണിക്കുട്ടാ ഗോപിക മോൾ ….” ഭാനുമതി ചോദിച്ചു …
” ഉറക്കമാണ് … എന്റെ അമ്മ അവിടെയുണ്ടല്ലോ … പേടിക്കണ്ട … അമ്മയെ ഗോപിക ചേച്ചിക്ക് പരിചയമുള്ളതുകൊണ്ട് കുഴപ്പമില്ല … “
“നീയെന്തിനാ ഗായത്രി ഇങ്ങനെയൊക്കെ ചെയ്തത് …” അവൻ ചോദിച്ചു …
അവൾ മുഖം തിരിച്ച് കളഞ്ഞു ….
അപ്പോഴാണ് മണിക്കുട്ടൻ ആദർശിനെ ശ്രദ്ധിച്ചത്…
”ഇതാരാ …” അവൻ ഭാനുമതിയെ നോക്കി …
ഭാനുമതിക്ക് പെട്ടെന്നൊരുത്തരം കിട്ടിയില്ല ….
” അയാം ഡോ .ആദർശ് … ഇവിടൊരാളെ കാണാൻ വന്നതാ … ഗായത്രിയെ എനിക്ക് പരിചയമുണ്ട് … കണ്ടപ്പോ കയറിയെന്നേയുള്ളു … എനിവേ ടേക് റെസ്റ് ഗായത്രി … ” ഒരു ഡോക്ടറുടെ ഭാവത്തോടെ പറഞ്ഞിട്ട് അവൻ പുറത്തേക്കിറങ്ങി …
ഗായത്രിക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി…
ഭഗവതി .. എന്തിനാ തനിക്ക് ജീവൻ തിരിച്ചു തന്നത് …
തന്റെ മനസ് ആദർശ് തിരിച്ചറിയാതെ പോയല്ലോ ….
* * * * * * * * * * * * * * * * * * * * * *
ആദർശ് തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു …
അവന്റെ മനസ് ഉഴറുകയായിരുന്നു ..
നീ എന്നോട് ക്ഷമിക്ക് മോളേ …. നിന്റെ മനസ് കാണാഞ്ഞിട്ടല്ല .. അമ്മയെയും അച്ഛനെയും ഇനി എനിക്ക് ധിക്കരിക്കാൻ കഴിയില്ല … … ഇനി അവരെ ധിക്കരിച്ചാൽ പിന്നെ ആദർശ് ഇല്ല …… വൈകിപ്പോയി …എല്ലാം വൈകിപ്പോയി ….
കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ കാർ സൈഡൊതുക്കി … സ്റ്റിയറിംഗ് വീലിൽ തല വച്ച് അവൻ കിടന്നു….
* * * * * * * * * * * * * * * * * * * * * *
ചിങ്ങം 6…
മണ്ഡപവും ആഡിറ്റോറിയവും ഒക്കെ ഗംഭീരമായി തന്നെ അലങ്കരിച്ചിരുന്നു …
കൃത്യം പത്ത് മുപ്പതിനും പതിനൊന്നിനും ഇടയിലുള്ള ശുഭമുഹുർത്തത്തിൽ ആദർശ് അനാമികയുടെ കഴുത്തിൽ താലി കെട്ടി ……
ഒന്നര മണിക്ക് വരനെയും വധുവിനെയും വഹിച്ചുകൊണ്ടുള്ള കാർ ആഡിറ്റോറിയത്തിൽ നിന്ന് തിരിച്ചു ….
വൈകുന്നേരം ആദർശിന്റെ വീട്ടിൽ ഗംഭീരമായ റിസപ്ഷനുണ്ടായിരുന്നു ….
എല്ലാത്തിനും ചുക്കാൻ പിടിച്ച് ഐശ്വര്യ മുന്നിൽ തന്നെയുണ്ടായിരുന്നു …
ആ സമയത്തിനുളളിൽ തന്നെ ഐശ്വര്യ അനാമികയെ കയ്യിലെടുത്തു കഴിഞ്ഞിരുന്നു ….
രാത്രി …
രാജലക്ഷ്മി ഗ്ലാസിൽ പാൽ പകരുമ്പോൾ .. ഐശ്വര്യ അനാമികയെ കൂട്ടി … കിച്ചണിലേക്ക് വന്നു …
ചുരിദാറായിരുന്നു അനാമികയുടെ വേഷം …
“പണ്ടൊക്കെ സാരിയൊക്കെയുടുത്താ .. ആദ്യരാത്രി മണിയറയിലേക്ക് കടന്നിരുന്നേ … ” രാജലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു …
അനാമിക ഐശ്വര്യയെ നോക്കി …
”ഓ പിന്നെ… ഞാനാ അനുവിന് ഇതെടുത്തു കൊടുത്തെ .. ഇപ്പോ ആരാ സാരിയുമുടുത്ത് … നടക്കുന്നേ … ” ഐശ്വര്യ നിസാരവത്കരിച്ചു ..
“അയ്യോ മോളെ .. അമ്മ അങ്ങനെ പറഞ്ഞതല്ല കേട്ടോ … ഞാനൊരു നാട്ടു കാര്യം പറഞ്ഞതാ …മോൾക്ക് കംഫർട്ടബിൾ ആയ ഏതു വസ്ത്രവും ധരിക്കാം … അമ്മയങ്ങനെ ഒരു പഴഞ്ചൻ സാധനമൊന്നുമല്ല കേട്ടോ …”
അനാമിക ചിരിച്ചു …
“അമ്മയാ പാലിങ്ങോട്ട് കൊടുത്തെ …. നാട്ടുകാര്യമൊക്കെ നാളെ പറയാം” ഐശ്വര്യ കളിയാക്കി…
ഒപ്പം അനാമികയുടെ കൈത്തണ്ടയിലൊന്നു തോണ്ടുകയും ചെയ്തു …
അവളെന്താണ് ഉദ്ദേശിച്ചതെന്ന് അനാമികക്ക് മനസിലായി .. അവളുടെ മുഖം ചുവന്നു .. …
പാൽ ഗ്ലാസുമായി അനാമിക മെല്ലെ മുകളിലേക്കുള്ള പടവുകൾ കയറി ….
(തുടരും)
അമ്മൂട്ടി
അമൃത അജയൻ
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Nirmathalam written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission