Skip to content

ശ്രാവണം – ഭാഗം 2

Shraavanam Novel Aksharathalukal

ഡൽഹിയിൽ നിന്ന് തിരികെയുള്ള യാത്രയിൽ ട്രെയിനിൽ വച്ചായിരുന്നു ആദ്യമായി കണ്ടുമുട്ടിയത് …

തന്റെ എതിർ സീറ്റിൽ അവനായിരുന്നു … പ്രണവ് …!

താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ തുടങ്ങിയ സംഭാഷണമായിരുന്നു പരിചയപ്പെടലിന്റെ തുടക്കം ….. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ … ദസ്തവ്യോസ്കിയെക്കാളേറെ അന്നയെ കുറിച്ചാണ് അവൻ വാചാലനായത് …

മറ്റ് പല നോവലുകളെ കുറിച്ചും അവനൊരുപാട് സംസാരിച്ചു … തന്നെപ്പോലെ പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രണവിനെ സഹയാത്രികനപ്പുറത്തേക്ക് ഒരു പരിചയക്കാരനാക്കി മാറ്റുന്നതിൽ തനിക്ക് അഭിമാനമായിരുന്നു ..

ആ ബന്ധം പ്രണയത്തിലെത്താൻ അധികം വൈകേണ്ടി വന്നില്ല …

അവളുടെ മിഴികൾ നിറഞ്ഞു തൂവി … ഈ കടൽക്കരയിൽ തങ്ങളുടെ പ്രണയത്തിന്റെ കാൽപ്പാടുകളുണ്ട് … ഓർമിച്ചോമനിച്ചിരുന്ന ഓരോ നിമിഷങ്ങളും ഇനി വെറും നോവോർമകൾ മാത്രമാണ് …

ഇനിയും അവിടെ തുടരാൻ വയ്യാത്തത് കൊണ്ട് അവൾ എഴുന്നേറ്റു …

ഹോസ്റ്റലിൽ വന്നുടൻ അവൾ നാട്ടിൽ അച്ഛനെ വിളിച്ചു … നാളെ അങ്ങോട്ടെത്തുന്നുണ്ടെന്ന് അറിയിച്ചു …

സീനത്ത് അവളുടെ അടുത്തേക്ക് വന്നു … അവർ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആണ് … എങ്കിലും ശ്രാവന്തിക്ക് അവരൊരു സുഹൃത്തും ചേച്ചിയുമെല്ലാമാണ് …

” എന്തായി ശ്രാവി …….” അവർ ചോദിച്ചു …

” എന്താകാൻ ചേച്ചി … എല്ലാം മുറിച്ചു …..” അവളൊരു വാടിയ ചിരി ചിരിച്ചു …

സീനത്ത് അവളുടെ നെറുകിൽ തലോടി …

” ഞാൻ നാളെ നാട്ടിലേക്കൊന്ന് പോവാ ചേച്ചി ….. “

അതാണ് നല്ലതെന്ന് സീനത്തിനും തോന്നി …

” അച്ഛനോടും അമ്മയോടും പറയണ്ടേ … “

” ഉവ്വ് … പറയണം … അവരെ അറിയിക്കാതിരുന്നിട്ട് ഒന്നും കിട്ടാനില്ലല്ലോ ….” അവൾ നിരാശയോടെ പറഞ്ഞു ….

ആ വീട്ടിൽ അച്ഛനും അമ്മയ്ക്കും മക്കൾക്കുമിടയിൽ രഹസ്യങ്ങളൊന്നുമില്ലായിരുന്നു … അവർ സുഹൃത്തുക്കളെ പോലെയായിരുന്നു …

* * * * * * * * * * * * * * * *

പിറ്റേന്ന് ഉച്ചയോടെ ശ്രാവന്തി വീട്ടിലെത്തി …

അവൾ വരുന്നു എന്ന് അറിയിച്ചിരുന്നതിനാൽ അവർ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു …

ടൈനിംഗ് ടേബിളിൽ , മകളുടെ നിശബ്ദത ഉദയനും ചന്ദ്രികയും ശ്രദ്ധിച്ചു …

സാധാരണ വാ തോരാതെ , ഹോസ്റ്റലിലേയും ജോലി സ്ഥലത്തേയും വിശേഷങ്ങൾ പറയുന്നതാണ് ….. അതിനിടയിൽ ഒരായിരം വട്ടം പ്രണവിന്റെ കാര്യവും പറയും …

ഇന്ന് അവനെക്കുറിച്ച് യാതൊന്നും പറഞ്ഞില്ല എന്നതും അവർ ശ്രദ്ധിച്ചു …

ഭക്ഷണം കഴിഞ്ഞ് കൈകഴുകി വന്നപ്പോഴേക്കും ഉദയൻ അവളുടെ അരികിലേക്ക് വന്നു …

” എന്ത് പറ്റി മോൾക്ക് ……” അയാൾ ചോദിച്ചു ….

” ഏയ് … ഒന്നൂല്ലച്ഛാ ……” അവൾ ഒഴിഞ്ഞു മാറി …

” അത് വെറുതെ ….. എന്താ കാര്യമെന്ന് അച്ഛനോട് പറ …… പ്രണവിനോട് പിണങ്ങിയോ ..? ” ഉദയൻ അവളെ പിടിച്ച് സോഫയിൽ തന്റെ അരികിലായി ഇരുത്തിക്കൊണ്ട് ചോദിച്ചു …

അച്ഛന്റെ കരുതലിനും സ്നേഹത്തിനും മുന്നിൽ അവൾ പൊട്ടിക്കരഞ്ഞു പോയി ….

” അവനിനി വരില്ലച്ഛാ …. അവന്റെ വിവാഹമുറപ്പിച്ചു …..”

ഉദയനും ചന്ദ്രികയും ഒരു നിമിഷം ഞെട്ടിപ്പോയി ….

അച്ഛന്റെ മാറിലേക്ക് ചാഞ്ഞ് കിടന്നു അവൾ ഉണ്ടായതെല്ലാം പറഞ്ഞു ……

എത്ര കരഞ്ഞിട്ടും ആ കണ്ണീരടങ്ങിയില്ല …..

” നീ മോളെ അകത്ത് കൊണ്ട് പോയി കിടത്ത് … അവളൊന്ന് റെസ്റ്റെടുക്കട്ടെ ……” ഉദയൻ ചന്ദ്രികയോടായി പറഞ്ഞു …

അവർ മകളെ എഴുന്നേൽപ്പിച്ച് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി …

ഉദയനും പിന്നാലെ ചെന്നു …

” മോള് കിടന്നു നന്നായി ഒന്ന് ഉറങ്ങു … ഉറങ്ങിയെഴുന്നേൽക്കുമ്പോ , ഉറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ അവനെ മറന്നേക്കണം …..” അവളുടെ നെറുകിൽ തലോടിക്കൊണ്ട് ഉദയൻ പറഞ്ഞു …

ആ മുറിവ് അത്ര വേഗം കരിയില്ലെന്ന് ഉദയനും അറിയാമായിരുന്നു …

* * * * * * * * * * * * * * *

” അവനെ വിളിച്ച് നല്ല രണ്ട് വർത്തമാനം പറയണ്ടേ ഉദയേട്ടാ …..” സിറ്റൗട്ടിലെ ചൂരൽ കസേരയിൽ ചിന്താമഗ്നനായി ഇരിക്കുന്ന ഉദയന്റെയടുത്തേക്ക് വന്ന് ചന്ദ്രിക ചോദിച്ചു ….

” എന്തിന് …..? അതിനവൻ നമ്മുടെ മകളുടെ ഭർത്താവൊന്നുമല്ലല്ലോ …..”

” എന്നാലും … അവനെന്റെ കുഞ്ഞിനെ ഇത്രയും വേദനിപ്പിച്ചത്‌ എന്തിനാ …” ചന്ദ്രികക്ക് സങ്കടം വന്നു ..

” ചന്ദ്രീ …. ഇപ്പോഴത്തെ പ്രണയങ്ങളൊക്കെ ഇങ്ങനെയാണ് … ആത്മാർത്ഥതയില്ല …. “

” എന്നിട്ട് നമ്മുടെ മോൾ അങ്ങനെയാണോ … ഉദയേട്ടൻ കണ്ടതല്ലേ എന്റെ കുഞ്ഞിന്റെ സങ്കടം … അവനൊരു കാലത്തും കൊണം പിടിക്കത്തില്ല …..” ചന്ദ്രിക മനസുരുകി പറഞ്ഞു …

” അവളും മെല്ലെ ഇതൊക്കെ മറക്കും … മറന്നേ പറ്റു ….. ” ഉദയൻ പറഞ്ഞു …

” ഉദയേട്ടാ … ഞാനൊരു കാര്യം പറയട്ടെ ….?”

” എന്താണ് ….”

” ശ്രാവിയുടെ കല്യാണം ഉടനെ നടത്തണം … ഇനിയത് വൈകിച്ചുകൂടാ ….”

” ങും …..” ഉദയൻ തലയാട്ടി …

” എത്രയും പെട്ടന്ന് വേണം ഉദയേട്ടാ …. പറ്റിയാൽ അവന്റെ കെട്ടിന് മുൻപ് …”

” ഏയ് … അങ്ങനെ വാശിപ്പുറത്ത് നടത്തേണ്ട ഒന്നല്ല വിവാഹം … ഒരു പാട് ആലോചിച്ച് അന്വേഷിച്ച് നടത്തേണ്ട ഒന്നാണ് ….. മാട്രിമോണിയലിൽ പരസ്യം കൊടുക്കണം … നല്ല പ്രപ്പോസൽസ് കണ്ടെത്തണം …..”

” ഉദയേട്ടാ … അത്രയ്ക്കൊന്നും അങ്ങ് പോകണ്ട… വേറൊരാളുണ്ട് … ഉദയേട്ടൻ മറന്നോ … കഴിഞ്ഞ മാസം ഉദയേട്ടന്റെ കൂടെ വർക്ക് ചെയ്തിരുന്ന രാജീവ് സാറിന്റെ മകളുടെ കല്ല്യാണത്തിന് പോയത് …? അന്ന് ഉദയേട്ടനോട് സംസാരിച്ച ലത ടീച്ചറെ ഓർക്കുന്നില്ലേ … പായ്പ്പാടി സ്കൂളിൽ ഉദയേട്ടന്റെ കൂടെ വർക്ക് ചെയ്ത …. ? “

” ആ … ഓർക്കുന്നു …. “

” അന്നാ ടീച്ചറൊരു കാര്യം പറഞ്ഞത് മറന്നോ …….”

” ങും …… ഓർക്കുന്നു …….. അവരുടെ മകന് വേണ്ടി ശ്രാവിയെ ചോദിച്ചത് ….. നീയതിപ്പോഴും മറന്നില്ലേ ചന്ദ്രീ …” ഉദയൻ ഓർത്തെടുത്തു ചിരിച്ചു …

” നമ്മൾ പെണ്ണുങ്ങളങ്ങനെയാ ഉദയേട്ടാ … “

” നമ്മളിപ്പോ പെട്ടന്ന് വിളിച്ച് ചോദിക്കുമ്പോ അവർക്കെന്തെങ്കിലും തോന്നുവോ …? “

” എന്ത് തോന്നാൻ … പിന്നീടാലോചിച്ചു പറയാം എന്നല്ലേ അന്ന് നമ്മൾ പറഞ്ഞത് … മോൾക്ക് പ്രപ്പോസൽസ് നോക്കുന്നുണ്ട് .. താന്ത്പര്യമുണ്ടോന്ന് അറിയാനാ വിളിച്ചതെന്ന് പറയണം ….”

” ങും…..”

” എന്നാ ഇപ്പോ തന്നെ വിളിച്ച് ചോദിക്ക് ഉദയേട്ടാ … “

” ഇപ്പോഴോ …”

” ആ ഇപ്പോ തന്നെ … വൈകിക്കണ്ട …. “

ചന്ദ്രികക്ക് അതൊരു വാശിയായിരുന്നു ….

ഉദയചന്ദ്രൻ എഴുന്നേറ്റു പോയി ഡയറി എടുത്തു കൊണ്ട് വന്നു ..

അതിൽ തിരഞ്ഞ് ലത ടീച്ചറിന്റെ നമ്പർ കണ്ടു പിടിച്ചു …

ഫോണെടുത്തു നമ്പർ ഡയൽ ചെയ്ത് കാത്ത് ഇരുന്നു …. മറുവശത്ത് റിങ് മുഴങ്ങിക്കൊണ്ടിരുന്നു ….

” ഹലോ ………. ലത ടീച്ചറല്ലേ …. ” മറുവശത്ത് കാൾ എടുത്തതും ഉദയൻ ചോദിച്ചു ….

” അതേ …. ആരാണ് ….. “

” ഉദയകുമാർ ആണ് .. പായ്പ്പാടി സ്കൂളിലുണ്ടായിരുന്ന …..” അയാൾ പരിചയപ്പെടുത്തി …

” അഹാ …. സുഖമാണോ … എന്തൊക്കെയുണ്ട് വിശേഷം …..” ലത ടീച്ചർ സന്തോഷത്തോടെ ചോദിച്ചു …

കുശലാന്വേഷണങ്ങൾക്കൊടുവിൽ ഉദയൻ വിളിച്ച കാര്യം പറഞ്ഞു …

” ഞങ്ങൾ മോൾക്ക് പ്രപ്പോസൽസ് നോക്കുന്നുണ്ട് .. അന്ന് ടീച്ചർ ഒരു കാര്യം പറഞ്ഞിരുന്നല്ലോ … അതാ വിളിച്ചത് ….”

” അയ്യോ …. സർ ….. സർ പിന്നെ അതിനെ കുറിച്ച് ഒന്നും പറയാതിരുന്നത് കൊണ്ട് , ഞങ്ങളവന് മറ്റൊരു അലയൻസ് നോക്കി .. അത് ഏതാണ്ട് ഉറപ്പിച്ചിരിക്യാ…. ” ലത ടീച്ചർ പറഞ്ഞു …

” ഓ … ഒക്കെ … സാരമില്ല .. ഞങ്ങൾ അവൾക്ക് പ്രപ്പോസൽസ് നോക്കുന്നത് കൊണ്ട് ഒന്ന് വിളിച്ചു എന്നേയുള്ളു … “

പക്ഷെ ലതക്ക് വലിയ വിഷമമായി ..

” കുറച്ചു കൂടി മുന്നേ ആയിരുന്നെങ്കിൽ …….” ലത വിഷണ്ണയായി പറഞ്ഞു …

” ഏയ് … അത് സാരമില്ല ടീച്ചർ … വിധിച്ചതേ നടക്കൂ …..” ഉദയൻ ചിരിച്ചു …

” എന്നാലും നമ്മുടെ കുടുംബങ്ങൾ ബന്ധുക്കളാകുന്നതായിരുന്നു നല്ലത് … ശരിക്കും ഇപ്പഴാ വിഷമം കൂടിയത് .. സാറ് വിളിച്ചില്ലായിരുന്നെങ്കിൽ ഇത്രേം തോന്നില്ലായിരുന്നു ….. എനിക്ക് ശ്രാവന്തി മോളെ വലിയ ഇഷ്ടമായിരുന്നു …. ” ലത ടീച്ചർ മനസിലുള്ളത് തുറന്നു പറഞ്ഞു ….

” ആ .. ഇനിയിപ്പോ പോട്ടെ ടീച്ചറെ …. ” ഉദയൻ പറഞ്ഞു …

കോൾ അവസാനിപ്പിച്ചിട്ട് ഉദയൻ കാര്യങ്ങൾ ചന്ദികയോട് വിശദീകരിച്ചു …

അവർക്കും വിഷമമായിപ്പോയി …

” ഇനിയിപ്പോ നമുക്ക് ഏതെങ്കിലും മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിടാം …… ” ഉദയൻ പറഞ്ഞു …..

* * * * * * * * * * * * * * *

ഫോൺ കട്ട് ചെയ്തിട്ട് ലത ടീച്ചർ ഉമ്മറത്തേക്ക് ചെന്നു … അവിടെ അവരുടെ ഭർത്താവ് സദാശിവനുണ്ടായിരുന്നു …

ലത ടീച്ചർ ഒരു ചെയർ വലിച്ചിട്ട് സദാശിവന്റെ അടുത്തിരുന്നു …

” സദുവേട്ടാ ….. ആ ഉദയൻ സാർ ഇപ്പോ വിളിച്ചിരുന്നു …..”

” ആഹാ …. എന്താ വിശേഷിച്ച് …”

” ശ്രാവന്തിയുടെ പ്രപ്പോസലുമായിട്ടാ വിളിച്ചത് …. “

സദാശിവൻ ലതയെ നോക്കി …

” നീ കാര്യം പറഞ്ഞില്ലേ …….” സദാശിവൻ ചോദിച്ചു …

” പറഞ്ഞു .. “

” എന്താ ഒരു വിഷമം …..”

” ഏയ് …. നമ്മൾ കുറച്ചു കൂടി കാത്തിരിക്കേണ്ടതായിരുന്നു … ഇതിപ്പോ ….. “

” ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ …..” സദാശിവനും ചെറിയൊരു നിരാശ തോന്നി ..

” എല്ലാം കൊണ്ടും നല്ല കുടുംബം … നമുക്കറിയുന്നവരും … കഷ്ടമായി പോയി ….” ലതക്ക് ഓർക്കും തോറും വിഷമം കൂടി വന്നു ….

” താനത് വിട് … ഓരോടുത്തർക്കും ഓരോ ആൾക്കാരെ വിധിച്ചിട്ടുണ്ട് … അതേ നടക്കു ……” സദാശിവൻ ലതയെ സമാധാനിപ്പിച്ചു ….

ലത മൗനമായി ഇരുന്നു …

” ഞാനൊരു കാര്യം പറയട്ടെ സദുവേട്ടാ ….” കുറേ നേരത്തെ ആലോചനക്ക് ശേഷം ലത ചോദിച്ചു …

” എന്താണ് …..?” സദാശിവൻ ലതയെ നോക്കി …

” നമുക്ക് ജിഷ്ണുവിന് വേണ്ടി ശ്രാവന്തിയെ ആലോചിച്ചാലോ …..?”

സദാശിവൻ ലതയുടെ മുഖത്തേക്ക് നോക്കി …

” അത് വേണോ ലതേ … എല്ലാം അറിഞ്ഞു കൊണ്ട് നമ്മൾ ……? ” സദാശിവൻ ചോദിച്ചു …

” അതിനുമാത്രമൊന്നുമില്ലല്ലോ … വിവാഹം കഴിയുമ്പോ ഒക്കെ ശരിയായിക്കോളും … “

” എന്നാലും …. നാളെയൊരു കാലത്ത് ഉദയൻ നമ്മളെ കുറ്റപ്പെടുത്താനിടവന്നാൽ ….. “

” അങ്ങനെയൊന്നും വരില്ല സദുവേട്ടാ …. “

” എന്നാലും ….. “

” ഒരെന്നാലുമില്ല …. നമ്മൾ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടന്നാൽ , എല്ലാം ശരിയാകും … ഞാൻ നോക്കിയിട്ട് ശ്രാവന്തി തന്നെയാ അതിന് ഏറ്റവും നല്ലത് … ഞാൻ ലതിക ചേച്ചിയെ വിളിച്ചൊന്നു സംസാരിക്കട്ടെ … എനിക്കെന്തോ ആ കുട്ടിയെ വിട്ടുകളയാൻ തോന്നുന്നില്ല …. ” പറഞ്ഞിട്ട് ലത തിടുക്കത്തിൽ അകത്തു പോയി ഫോണെടുത്തു കൊണ്ട് വന്നു …

ഫോൺ കോൺടാക്ടിൽ നിന്ന് ചേച്ചി എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് ലത വിളിച്ചു …

” ചേച്ചി .. ഞാൻ നമ്മുടെ ജിഷ്ണുവിന് ഒരു പ്രപ്പോസലുമായിട്ടാ വിളിക്കുന്നത് …”

മറുവശത്ത് കോളെടുത്തതും ലത മുഖവുരയില്ലാതെ ചേച്ചിയോട് പറഞ്ഞു …

* * * * * * * * * * * * * * * * *

” ചേച്ചിക്ക് എന്തു പറ്റിയമ്മേ… ഞാൻ ചെന്നു വിളിച്ചതിന് എന്നോട് തട്ടിക്കയറി ….” ശിവാനി കിച്ചണിലേക്ക് വന്ന് , ചന്ദ്രികയോട് പരാതി പറഞ്ഞു …

” നീ വെറുതെ അവളെ ശല്ല്യം ചെയ്യാൻ നിൽക്കണ്ട … യൂണിഫോം മാറ്റി ,കുളിച്ചിട്ട് പോയിരുന്ന് പഠിക്കാൻ നോക്ക് …” എണ്ണയിൽ മൂപ്പിച്ച ഉഴുന്നു വട കോരി തോരാൻ വച്ചു കൊണ്ട് ചന്ദ്രിക പറഞ്ഞു ….

ശ്രാവന്തിയുടെ അനുജത്തിയാണ് ശിവാനി .. അവൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് … ശ്രാവന്തിയും അവളും തമ്മിൽ ആറേഴ് വയസിന്റെ വ്യത്യാസമുണ്ട് …

അവൾ ഓടിച്ചെന്ന് , ഒരു ഉഴുന്നു വട കൈക്കലാക്കി …

” ശിവാ … പോയി കുളിച്ചിട്ട് വാ…. ” ചന്ദ്രിക താക്കീത് കൊടുത്തു …

” എന്താണ് അമ്മയും മകളും കൂടിയൊരു കശപിശ …..” ഉദയനും അങ്ങോട്ടു വന്നു …

” ഉഴുന്നു വട എടുത്തതിന് എന്നെ വഴക്ക് പറയുവാ അച്ഛാ .. ” ശിവ ചുണ്ടുകൂർപ്പിച്ചു പരാതി പറഞ്ഞു ….

” അതെന്തിനാടി നീ ഉഴുന്നുവട എടുത്തതിന് എന്റെ കൊച്ചിനെ വഴക്ക് പറഞ്ഞത് …” ഉദയൻ ശിവയുടെ പക്ഷം പിടിച്ച് ചോദിച്ചു …

” ഒന്ന് പോ ഉദയേട്ടാ .. ഉദയേട്ടനാ ഇവളെ വഷളാക്കുന്നത് … വട എടുത്തതിനാണോടി ഞാൻ വഴക്കു പറഞ്ഞത് …..” ചന്ദ്രിക ശിവയെ നോക്കി കണ്ണുരുട്ടി ….

” ആ ..ആ നീ ഇനി എന്റെ മോളെ കൂടുതൽ ഭീഷണിപ്പെടുത്തണ്ട… ഒരു ഉഴുന്നുവട എടുക്കുന്നത് ക്രിമിനൽ കുറ്റമാണോ ഈ പഞ്ചായത്തിൽ … അല്ലേ മോളെ ….”

” അച്ഛാ …. ഓവറാക്കി ചളമാക്കല്ലേ …. ” ശിവ ഉദയനോട് ചേർന്നു നിന്നു പറഞ്ഞു …

അപ്പോഴേക്കും ഉദയന്റെ ഫോൺ ശബ്ദിച്ചു …

ഉച്ചക്ക് വിളിച്ച നമ്പറാണ് .. ലത ടീച്ചറിന്റേത് …

” ആ ലത ടീച്ചറാ വിളിക്കുന്നേ … ” പറഞ്ഞു കൊണ്ട് ഉദയൻ ഫോണെടുത്തു …

ചന്ദ്രികയും കാതോർത്തു ..

” ആ ടീച്ചറേ പറ ….” ഉദയൻ പറഞ്ഞു …

” ആഹാ … അതേയോ …. പയ്യൻ എന്ത് ചെയ്യുന്നു …… “

” ടീച്ചറിന്റെ സ്വന്തം ചേച്ചിയുടെ മകനല്ലെ … നമുക്ക്‌ നോക്കി കളയാം ….”

” അതിനെന്താ … ശ്രാവന്തിയുടെ ജാതകം ഞാനിപ്പോ തന്നെ വാട്സപ്പ് ചെയ്യാം …..”

” ഉവ്വ് … മോള് ലീവിന് വന്നിട്ടുണ്ട് … ഒരു മൂന്നാല് ദിവസം കാണുകയും ചെയ്യും … “

” അതിനെന്താ .. ജാതകം ചേരുമെങ്കിൽ , അവൾ പോകുന്നതിന് മുൻപ് തന്നെ പെണ്ണുകാണൽ നടത്താം … ഞങ്ങൾക്ക് വിരോധമൊന്നുമില്ല …..” ഉദയൻ ചിരിയോടെ പറഞ്ഞു ..

ചന്ദ്രിക ആകാംഷയോടെ എന്താണെന്ന് ഉദയനോട് ചോദിച്ചു …

‘ പറയാം ‘ എന്നയാൾ ആംഗ്യം കാട്ടി ….

” ആ ശരി …. നമ്പർ കൊടുത്തേക്കു …. “

” ശരി … ശരി …..”

ഉദയൻ ഫോൺ കട്ട് ചെയ്തിട്ട് ചന്ദ്രികയെ നോക്കി ….

” ലത ടീച്ചറിന് നമ്മുടെ മോളെ നല്ലോണം ബോധിച്ചിട്ടുണ്ട് … സ്വന്തം മകനുമായിട്ട് നടക്കാത്തത് കൊണ്ട് ടീച്ചറിന്റെ സ്വന്തം ചേച്ചിയുടെ മകന് വേണ്ടി ആലോചിച്ചിരിക്കുകയാ …. ” ഉദയൻ ചിരിയോടെ പറഞ്ഞു ..

” ശ്രാവി ചേച്ചീടെ കല്ല്യാണക്കാര്യമാണോ അച്ഛാ പറയുന്നേ … ” ശിവ ചോദിച്ചു …

” അതേ …..” ഉദയൻ അവളെ നോക്കി തലയാട്ടി ….

” അപ്പോ പ്രണവേട്ടൻ …? ” അവൾ സംശയിച്ചു ….

അത് കേട്ടതും ഉദയന്റെയും ചന്ദ്രികയുടെയും മുഖം മങ്ങി …

അൽപ സമയത്തിനു ശേഷം , ഉദയൻ ശിവയുടെ തോളിൽ ചേർത്തു പിടിച്ചു …

” അവൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു …. “

” അയ്യോ …. അതെന്താ അച്ഛാ അങ്ങനെ …..”

” ചിലരങ്ങനെയാണ് മോളെ ….”

” പ്രണവേട്ടൻ ചേച്ചിയെ തേച്ചല്ലേ …..”

അവൾ ചോദിക്കുന്നത് കേട്ട് ഉദയനും ചന്ദ്രികയും പരസ്പരം നോക്കി … അവളെത്ര ലാഘവത്തോടെയാണ് അത് പറയുന്നത് …

” തേക്കലോ .. ഒട്ടിക്കലോ … എന്തായാലും ആ ബന്ധം അവസാനിച്ചു … ഇനിയൊരിക്കലും ആ പേര് നമ്മുടെയാരുടേയും നാവിൽ നിന്ന് വീഴാൻ പാടില്ല … ശ്രാവന്തിയുമായി ആ പേരിന് ഇനി യാതൊരു ബന്ധവുമില്ല … അച്ഛൻ പറഞ്ഞത് ശിവക്ക് മനസിലായോ …” ഉദയൻ ചോദിച്ചു …

ഉവ്വെന്ന് അവൾ തലയാട്ടി …

” ഉദയേട്ടൻ ആ പ്രപ്പോസലിന്റെ കാര്യം പറ ….”

” ലത ടീച്ചറിന്റെ ചേച്ചീടെ മകനാ കക്ഷി ….”

” പയ്യൻ എന്ത് ചെയ്യുന്നു …? “

കൂടുതൽ കേൾക്കാൻ നിൽക്കാതെ ശിവാനി തുളളിച്ചാടി അപ്പുറത്തേക്ക് പോയി …

അവൾ വന്ന് നോക്കുമ്പോൾ ശ്രാവന്തി കണ്ണാടിയിലേക്ക് നോക്കി , നിസംഗയായി നിൽക്കുകയായിരുന്നു …

ശിവാനി ഓടിച്ചെന്ന് അവളെ ചുറ്റിപ്പിടിച്ചു … വട്ടം കറക്കി വലിച്ചു ..

” ആ … എന്താ ശിവാ ഇത് ……” ശ്രാവന്തി കുതറി ….

അവൾ പിടി വിട്ടു ….

” പെണ്ണേ … പെണ്ണേ … നിൻ കല്ല്യാണമായ് …..

പൊന്നും മിന്നും നിൻ മുത്താരമായി …

മണിമാരനാര് മൈനേ …

മണവാട്ടിയാര് മൈനേ……”

ശിവാനി അവൾക്കു ചുറ്റും വട്ടം ചുറ്റി പാട്ട് പാടി നൃത്തം ചെയ്തു …..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!