Skip to content

ശ്രാവണം – ഭാഗം 3

Shraavanam Novel Aksharathalukal

” ശിവാ നിനക്കെന്താ ……” ശ്രാവന്തി അവളോട് ദേഷ്യപ്പെട്ടു …

” അപ്പോ ഒന്നും അറിഞ്ഞില്ലേ …. ചേച്ചിയെ ഇവിടുന്ന് കെട്ടുകെട്ടിക്കാൻ പോകുന്നു …. “

” കെട്ട് കെട്ടിക്കേ …. എങ്ങോട്ട് …. “

” എന്റെ ചേച്ചി … ചേച്ചിയെ കെട്ടിച്ചു വിടാൻ പോവാ ……”

ശ്രാവന്തി ശിവയെ ഉറ്റു നോക്കി …

” നീ എന്താ പറഞ്ഞെ ….” അവൾ ശിവയെ പിടിച്ച് അഭിമുഖം നിർത്തി …

” അച്ഛനും അമ്മയും ചേച്ചിയെ കെട്ടിച്ചു വിടാൻ പോവാന്ന് ……”

ശിവ പറയുന്നത് കേട്ട് കൊണ്ട് ഉദയനും ചന്ദ്രികയും അങ്ങോട്ടു വന്നു …

” എന്താച്ഛാ ഇവൾ പറയുന്നേ …. ” ശ്രാവന്തി അച്ഛനു നേരെ ചെന്നു ..

” അവൾ പറഞ്ഞത് സത്യമാ മോളെ … ഒരാലോചന വന്നിട്ടുണ്ട് … അച്ഛനും അമ്മയും അതൊന്ന് അലോചിക്കുവാ …”

” എന്താച്ഛാ ഇത് … എനിക്കിപ്പോ കല്യാണം വേണ്ട .. എനിക്ക് സമാധാനായിട്ട് ഒന്ന് ജീവിച്ചാ മതി … ” അവളുടെ കണ്ണു നിറഞ്ഞു ..

” മോള് പറഞ്ഞു വരുന്നത് അച്ഛനു മനസിലായി … നീ ഒറ്റപ്പെട്ട് ജീവിച്ചാൽ ഈ മുറിവ് ഒരിക്കലും ഉണങ്ങില്ല .. പച്ച മുറിവിന് മീതെ മരുന്ന് പുരട്ടണം .. എങ്കിലേ വേഗം ഉണങ്ങൂ…… “

” ഞാൻ സന്യസിക്കാനൊന്നും പോകുന്നില്ലച്ഛാ … എനിക്ക് കുറച്ച് സമയം വേണം …..”

” കല്ല്യാണത്തിന് സമയം നമുക്ക് അവരോട് ചോദിക്കാം … മോള് നിരാശയോടെ നടക്കാൻ പാടില്ല .. അതിന് നിന്നെ ഞാൻ വിടില്ല ……” ഉദയൻ തീർത്തു പറഞ്ഞു…

” ഇതെന്തൊരു കഷ്ടമാണച്ഛാ … ഒരു ബന്ധത്തിന്റെ തകർച്ച മറ്റൊരു ബന്ധം കൊണ്ട് നികത്താനാവില്ല .. എനിക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ കുറച്ചു സമയം വേണം … “

” ആവശ്യമുള്ള സമയം മോൾക്കുണ്ടാവും … പക്ഷെ നിരാശയിലേക്ക് പോകാനല്ല .. പുതിയ സ്വപ്നങ്ങൾ തീർക്കാൻ .. നിന്നെ വേണ്ടാന്ന് വച്ചവൻ മറ്റൊരു ജീവിതം സ്വപ്നം കണ്ട് നടക്കുകയാണ് … അതോർത്താൽ മതി .. നിനക്കു നിന്റെ വഴിയേ നടക്കാൻ …..”

” അച്ഛാ ……..” അവൾ സങ്കടത്തോടെ വിളിച്ചു …

” ഇത് ഇന്നോ ഇന്നലയോ വന്ന ആലോചനയല്ല … കുറച്ചു മുന്നേ വന്നതാ .. അന്ന് പ്രണവിന്റെ വിഷയം ഉണ്ടായിരുന്നത് കൊണ്ടാ ഞങ്ങളിത് ആലോചിക്കാതിരുന്നത് .. ” പറഞ്ഞിട്ട് ഉദയൻ ചന്ദ്രികയെ നോക്കി കണ്ണടച്ചു കാട്ടി …

” അതേ മോളെ … പ്രണവ് നിന്നെ സംബന്ധിച്ച് ഇനിയൊരടഞ്ഞ അദ്ധ്യായമാണ് .. ചത്ത് പോയതിനെ അടക്കം ചെയ്തില്ലെങ്കിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കും .. നിന്നെ സംബന്ധിച്ച് അവൻ മരിച്ചു കഴിഞ്ഞു .. ഇനിയത് മനസിൽ വച്ചാൽ ചീഞ്ഞളിയും .. എത്ര കോരി കളഞ്ഞാലും പോകാത്ത അഴുക്കായി മാറും … അതനുവദിക്കില്ല ഞങ്ങൾ … ചത്ത് പോയതിനെ അടക്കം ചെയ്ത് അതിനു മുകളിലൊരു തൈ വയ്ക്കുക … അത്രേയുളളു … ” ചന്ദ്രിക പറഞ്ഞിട്ട് ഉദയനെ നോക്കി ..

” മോൾ മനസിരുത്തി ഒന്നാലോചിക്ക് …. പ്രാക്ടിക്കലായി ചിന്തിക്കാനുള്ള ബുദ്ധിയും വിവരവും വിദ്യാഭ്യാസവും എന്റെ മോൾക്കുണ്ട് .. ” ഉദയൻ അവളുടെ തോളത്തു തട്ടി പറഞ്ഞിട്ട് റൂമിന് പുറത്തേക്ക് നടന്നു … പിന്നാലെ ചന്ദ്രികയും …

” ശിവാ … ഇങ്ങ് വാ ….” അവിടെ തന്നെ ചുറ്റി തിരിയുന്ന ശിവയെ ചന്ദ്രിക വിളിച്ചു …

അമ്മയ്ക്കു പിന്നാലെ ശിവയും പുറത്തിറങ്ങി പോയി …

ശ്രാവന്തി ഒരു നിമിഷം കണ്ണടച്ചു പിടിച്ചു .. അവളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി .. ഒരു വിതുമ്പലോടെ അവൾ ബെഡിലേക്ക് വീണു …

* * * * * * * * * * * *

” ഈ വിവാഹം എത്രയും വേഗം നടത്തണം ഉദയേട്ടാ … അവളാകെ സങ്കടത്തിലാണ് … നിരാശയിലേക്ക് കൂപ്പുകുത്തി , ഡിപ്രഷന് വിട്ട് കൊടുക്കാൻ പറ്റില്ല നമ്മുടെ മോളെ .. ” ഉദയന്റെ പിന്നാലെ ചെന്ന് കൊണ്ട് ചന്ദ്രിക പറഞ്ഞു …

” ങും …… ” അയാൾ മൂളി ….

പിന്നെ അകത്ത് പോയി , ശ്രാവന്തിയുടെ ജാതകമെടുത്ത് ലത ടീച്ചറിന് വാട്സപ്പ് ചെയ്ത് കൊടുത്തു …

* * * * * * * * * * * * * * *

പിറ്റേന്ന് വൈകുന്നേരം ഉദയന്റെ ഫോണിലേക്ക് ഒരു കാൾ വന്നു …

” ഞാൻ ജയചന്ദ്രനാണ് .. ലതയുടെ ചേച്ചിയുടെ ഭർത്താവ് …. മനസിലായോ ” അയാൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു . …

” ആ .. മനസിലായി … ഞാൻ ഉദയകുമാർ ..ശ്രാവന്തിയുടെ അച്ഛൻ . ” ഉദയൻ പറഞ്ഞു ….

” കുട്ടികളുടെ ജാതകം ഞങ്ങളൊന്ന് നോക്കി … പത്തിലൊൻപത് പൊരുത്തവും ഉണ്ട് ……” അപ്പുറത്ത് ജയചന്ദ്രന്റെ സന്തോഷം നിറഞ്ഞ സ്വരം കേട്ടു …

ഉദയനും അത് സന്തോഷമുള്ള വാർത്തയായിരുന്നു …

” അപ്പോ ഇനി കാര്യങ്ങളെങ്ങനെയാ … ? ” ഉദയൻ ചോദിച്ചു ..

” നിങ്ങൾ കൂടി വേണമെങ്കിൽ പൊരുത്തമൊന്ന് നോക്കിക്കോളു …….” ജയചന്ദ്രൻ പറഞ്ഞു …

ഉദയകുമാർ ചിരിച്ചു ..

” എനിക്ക് ജാതകത്തിലൊന്നും വലിയ വിശ്വാസമില്ല … ഞാനെന്റെ ഭാര്യയെ വിവാഹം ചെയ്തത് ജാതകം നോക്കിയിട്ടൊന്നുമല്ല .. ” ഉദയൻ ചിരി വിടാതെ പറഞ്ഞു …

” സത്യത്തിൽ അതാ നല്ലത് … ഇതൊക്കെ നോക്കാൻ പോയാലാ ടെൻഷൻ … മനപ്പൊരുത്തമാണ് പ്രധാനം … ഇവിടെ ജീഷ്ണുവിന്റെ അമ്മയ്ക്ക് ജാതകം നിർബന്ധാ .. അതാ നോക്കിക്കളയാം എന്ന് വച്ചത് ….” ജയചന്ദ്രൻ തന്റെ അഭിപ്രായം പറഞ്ഞു …

” ഇവിടെ ചന്ദ്രികക്കും ഇതൊന്നും നിർബന്ധമില്ല .. മനപ്പൊരുത്തം … അതാണ് പ്രധാനം …….”

” അങ്ങനെയാണെങ്കിൽ നമുക്ക് പെണ്ണുകാണൽ ചടങ്ങ് നടത്തിയാലോ …..”

” അതിനെന്താ …. നടത്താല്ലോ …”

” മോൾ വീട്ടിലുണ്ടെന്ന് ലത പറഞ്ഞിരുന്നു .. “

” ഉവ്വ് …. ഇനിയിപ്പോ തിങ്കളാഴ്ചയേ അവൾ മടങ്ങി പോകു …..” ഉദയൻ അറിയിച്ചു …

” എന്നാൽ ഈ ഞായറാഴ്ച ഞങ്ങളങ്ങോട്ട് വന്നാലോ …. ജിഷ്ണുവിനും അന്ന് ലീവുണ്ട് … “

” പിന്നെന്താ ….. ” ഉദയൻ സമ്മതമറിയിച്ചു …

” ഞങ്ങളൊരു അഞ്ച് പേര് കാണും …. ഞാനും മകനും ഭാര്യയും , പിന്നെ ലതയും സദാശിവനും …”

” ആയിക്കോട്ടെ …. “

” എന്നാൽ പിന്നെ വയ്ക്കട്ടെ … ” ജയചന്ദ്രൻ പറഞ്ഞു …

” എന്നാൽ ശരി … ഞായറാഴ്ച കാണാം ….”

കോൾ കട്ട് ചെയ്തിട്ട് ഉദയൻ ചന്ദ്രികയെ വിളിച്ചു ….

” ഞായറാഴ്ച അവരിങ്ങോട്ട് വരുന്നുണ്ട് .. ജാതകം നോക്കിയിട്ട് ഇപ്പോ വിളിച്ചിരുന്നു ജിഷ്ണുവിന്റെ ഫാദർ ….” ഉദയൻ ചന്ദ്രികയോട് പറഞ്ഞു ..

” ആണോ …. എന്നിട്ട് ജാതകപ്പൊരുത്തമുണ്ടോ ….” ചന്ദ്രിക ചോദിച്ചു …

” ഉവ്വ് … പത്തിലൊമ്പത് പൊരുത്തമെന്നാ പുള്ളി പറഞ്ഞത് ….”

ചന്ദ്രികയുടെ മുഖം വിടർന്നു …

” നീ മോളെ വിളിച്ച് വിവരം പറയ് … അവളെതിർക്കും … നീ തഞ്ചത്തിൽ കാര്യം പറഞ്ഞ് സമ്മതിപ്പിക്കണം ….” ഉദയൻ ഉപദേശിച്ചു ….

” അതൊക്കെ ഞാനേറ്റു ഉദയേട്ടാ …..” ചന്ദ്രികക്കും ഉത്സാഹമായി …

തന്റെ കടിഞ്ഞൂൽ കൺമണിയുടെ വിവാഹം …… ഓർത്തപ്പോൾ ചന്ദ്രികക്ക് കുളിര് കോരി …

ഇരുപത്തിനാല് വർഷം മുൻപ് , ഒരുച്ച നേരത്താണ് അവളുടെ കരച്ചിൽ ആദ്യമായി തന്റെ കാതിൽ വീഴുന്നത് .. ആദ്യമായി താൻ അമ്മയും ഉദയേട്ടൻ അച്ഛനുമായ ധന്യ നിമിഷം … വെളുത്ത തുണികൾക്കിടയിൽ ആദ്യമായി അവളുടെ കുരുന്നു മുഖം കണ്ടതും , ആ തളിർ നെറ്റിയിൽ ഉമ്മ

വെച്ചതും , ആദ്യമായി അവളെ മുലയൂട്ടിയതും ഇന്നലെ കഴിഞ്ഞത് പോലെ ചന്ദ്രിക ഓർത്തെടുത്തു …

ഇനിയവളുടെ വിവാഹം ….

ചന്ദ്രിക ആവേശത്തോടെ അകത്തേക്ക് നടന്നു …..

* * * * * * * * * * * * * * *

ഞായറാഴ്ച …..

പെണ്ണുകാണൽ ചടങ്ങ് ആയത് കൊണ്ട് അധികം ബന്ധുക്കളെയൊന്നും ക്ഷണിച്ചില്ല …

ചന്ദ്രികയുടെ അമ്മ ഭാരതിയും സഹോദരൻ ചന്ദ്രകുമാറും , ഉദയന്റെ സഹോദരി ഉഷയും ഭർത്താവ് മോഹനനും മാത്രമാണ് ചടങ്ങിന് എത്തിയത് ….

” ചെറുക്കനെവിടെയാ ഉദയേട്ടാ ജോലി ….” ചന്ദ്രകുമാർ ചോദിച്ചു …

” KSEB യിൽ … എക്സിക്യൂട്ടിവ് എഞ്ചിനിയറാ … “

” സർക്കാർ ഉദ്യോഗസ്ഥൻ തന്നെയാ നല്ലത് .. അതാകുമ്പോ പേടി വേണ്ട … ” മോഹനൻ പറഞ്ഞു …

” അല്ലെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം വച്ച് സർക്കാർ ഉദ്യോഗസ്ഥൻ തന്നെയാണ് വരേണ്ടത് …. ” ഭാരതി പറഞ്ഞു …..

” അവരെത്താറായില്ലേ ഉദയേട്ടാ ….” ചന്ദ്രകുമാർ വാച്ചിലേക്ക് നോക്കി ..

” പതിനൊന്നു മണിക്ക് എത്തുമെന്നാ അറിയിച്ചത് ………”

” പതിനൊന്നേ കാലായി …….” മോഹനൻ പറഞ്ഞു കൊണ്ട് സിറ്റൗട്ടിലേക്ക് നടന്നു ….

“ചിലപ്പോ ബ്ലോക്കിൽ വല്ലോം പെട്ട് കാണും ….” ഉഷ പറഞ്ഞു …

” ഞായറാഴ്ചയായിട്ട് ഇവിടെ എവിടെയാ ബ്ലോക്ക് ….” മോഹനൻ ഭാര്യയെ നോക്കി …

എല്ലാവരുടേയും മുഖത്ത് ഒരു ടെൻഷൻ പ്രകടമായി ..

അപ്പോഴേക്കും ഗേറ്റിൽ ഒരു ഹോൺ കേട്ടു …

എല്ലാ മുഖങ്ങളും തെളിഞ്ഞു …

ചന്ദ്രകുമാറും ഉദയനും സിറ്റൗട്ടിലേക്ക് ഇറങ്ങിച്ചെന്നു ….

എല്ലാ കണ്ണുകളും ആകാംഷയോടെ ഗേറ്റിലേക്ക് നോക്കി …

കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ജയചന്ദ്രനാണ് … പിന്നാലെ സദാശിവനും ലതയും ലതികയും …

എല്ലാ കണ്ണുകളും ഡ്രൈവർ സീറ്റിലേക്ക് നീണ്ടു … ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി …

കാഴ്ചയിൽ സുന്ദരൻ … ജീൻസും വൈറ്റ് ചെക് ഷർട്ടുമായിരുന്നു വേഷം .. കണ്ണുകൾക്ക് പ്രത്യേക തിളക്കം … ട്രിം ചെയ്തു നിർത്തിയ താടി ….

ഉദയൻ മുന്നിൽ നിന്ന് അതിഥികളെ ക്ഷണിച്ചു … എല്ലാവരും അകത്തേക്ക് കയറി ….

” ഞങ്ങളൊരൽപ്പം വൈകി …..” ക്ഷമാപണം പോലെ ജയചന്ദ്രൻ പറഞ്ഞു …

” കാണാത്തത് കൊണ്ട് ഉദയൻ അങ്ങോട്ടു വിളിക്കാൻ തുടങ്ങുവാരുന്നു …. ” മോഹനൻ പറഞ്ഞു ….

” അതൊക്കെ പോട്ടെ … നമുക്ക് ചടങ്ങ് നടത്താം .. ” ചന്ദ്രൻ പറഞ്ഞു …

” ആദ്യം ഞാൻ ഞങ്ങളെ പരിചയപ്പെടുത്താം … ഞാൻ ജയചന്ദ്രൻ … ഇവന്റെ അച്ഛനാണ് .. വാട്ടർ അതോറിറ്റിയിലായിരുന്നു … ഇതെന്റെ ഭാര്യ ലതിക .. ഹൗസ് വൈഫാണ് … ഇത് ലത … ഇവളുടെ അനുജത്തി … ഇത് ലതയുടെ ഹസ്ബന്റ് സദാശിവൻ … പിന്നെ ഇത് പറയണ്ടല്ലോ …. ഇതാണ് എന്റെ ഒരേയൊരു മകൻ .. ജിഷ്ണു … KSEB ൽ എഞ്ചിനിയറാണ് ….. ” ജയചന്ദ്രൻ വിശദമായി പരിചയപ്പെടുത്തി …

ഇരു വീട്ടുകാരും പരസ്പരം പരിചയപ്പെടുത്തലിനൊടുവിൽ ശ്രാവന്തിയെ വിളിച്ചു ….

വൈറ്റ് ചുരിദാറായിരുന്നു അവളുടെ വേഷം … എല്ലാവർക്കും അവളെ നന്നായി ബോധിച്ചെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് ചന്ദ്രിക മനസിലാക്കി …

” നിങ്ങൾക്ക് രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം ….” ചന്ദ്രൻ പറഞ്ഞു ….

ജിഷ്ണു എഴുന്നേൽക്കുന്നത് കണ്ടപ്പോൾ , ഉദയൻ ശ്രാവന്തിയെ കണ്ണ് കാണിച്ചു …

അവൾ മുറ്റത്തേക്കിറങ്ങി … ഡാലിയ പൂക്കൾ നട്ട് പിടിപ്പിച്ച ചെറിയ പൂന്തോട്ടത്തിന് സമീപം അവൾ പോയി നിന്നു ….

ചെറിയൊരു പുഞ്ചിരിയോടെ ,ജിഷ്ണു അവൾക്കടുത്തേക്ക് നടന്നു ചെന്നു …

” ഹായ്….. ആം ജിഷ്ണു …. ” അവൻ സ്വയം പരിചയപ്പെടുത്തി …

” ശ്രാവന്തി …..” അവൾ പറഞ്ഞു …

” ഹൈക്കോർട്ടിലാണ് അല്ലേ പ്രാക്ടീസ് ചെയ്യുന്നേ …..”

” അതേ …..”

” അവിടെ ഹോസ്റ്റലിലാണോ ….”

” ങും ……..”

എല്ലാറ്റിനും ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി …

” ഈ മാര്യേജ് നടന്നാൽ ഹോസ്റ്റലിൽ നിൽക്കണ്ട … ഞങ്ങടെ അവിടുന്ന് ബസിന് അര മുക്കാൽ മണിക്കൂർ യാത്രയേ ഉള്ളു …..” അവൻ പറഞ്ഞു ..

അവൾ മൃദുവായി ചിരിച്ചു …

” ശ്രാവന്തി അധികം സംസാരിക്കാറില്ല എന്ന് തോന്നുന്നു … അതോ പെണ്ണ് കാണലിന്റെ ചമ്മൽ ആണോ ….” അവൻ ചിരി വിടാതെ ചോദിച്ചു ..

” അങ്ങനെയില്ല …..” അവളൊന്ന് വിളറി …

” സാധാരണ ഞാൻ കണ്ടിട്ടുള്ള വക്കീലന്മാരൊക്കെ സംസാര പ്രിയരാണ് … “

അവളതിനും ഒരു പുഞ്ചിരി മറുപടി നൽകി …

” പിന്നെ … എന്നോടൊന്നും ചോദിക്കാനില്ലേ …..” അവൻ ചോദിച്ചു …

അവളവന്റെ മുഖത്തേക്ക് നോക്കി … പിന്നെ ഇല്ലെന്ന് തല ചലചിച്ചു …

പിന്നെയും അവനെന്തൊക്കെയോ ചോദിച്ചു … ഒറ്റ വാക്കിലോ ഒരു മൂളലിലോ അവൾ തന്റെ മറുപടികൾ ഒതുക്കി …

ചെറിയ പൂന്തോട്ടത്തോട് ചേർന്നു നിന്ന് ഒരോ സെൽഫി കൂടി എടുത്തിട്ടാണ് അവർ സംഭാഷണം അവസാനിപ്പിച്ചത് …

എല്ലാവർക്കും സമ്മതമാണെങ്കിൽ മുന്നോട്ട് പോകാം എന്ന വാക്കിനു മേൽ ജിഷ്ണുവും വീട്ടുകാരും അവിടെ നിന്നു മടങ്ങി …

* * * * * * * * * *

ശ്രാവന്തി പിറ്റേന്ന് തന്നെ ഹോസ്റ്റലിലേക്ക് മടങ്ങി …

രണ്ട് മൂന്നു ദിവസങ്ങൾ വിരസമായി കടന്നു പോയി ….

അതിനിടയിൽ ശ്രാവന്തിയുടെ വീട്ടിൽ നിന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് ബന്ധുക്കൾ പോയി വിവാഹമുറപ്പിച്ചു …

നാലാം ദിവസം നാട്ടിൽ നിന്ന് അമ്മ വിളിച്ചത് വിവാഹ തീയതി കുറിച്ചു എന്നറിയിക്കാനാണ് …

അവളൊന്നും മിണ്ടിയില്ല … ഇനി അവരുടെ ഇഷ്ടങ്ങൾ നടക്കട്ടെ എന്നവൾ കരുതി …

ദിവസങ്ങളോരോന്നായി കടന്നു പോയി …

ഇടക്ക് ഒന്നു രണ്ടു വട്ടം ജിഷ്ണു അവളെ ഫോണിൽ വിളിച്ചു … എന്തുകൊണ്ടോ അവന്റെ ഫോൺ കോളുകൾ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ….

മാനസികമായി അവനോടു തോന്നുന്ന അകൽച്ച മാറ്റണമെന്ന് സീനത്ത് അവളെ ഉപദേശിച്ചു …

ഇടയ്ക്കവൾ ആരും കാണാതെ പൊട്ടിക്കരഞ്ഞു ….

രണ്ടാഴ്ചക്കപ്പുറം അവൾ നാട്ടിൽ പോയി മടങ്ങി വന്നത് വിവാഹ ക്ഷണക്കത്തുമായാണ് … സുഹൃത്തുക്കൾ അവളെ അഭിനന്ദിച്ചു …

പിന്നീട് വിവാഹ വസ്ത്രങ്ങളെടുക്കുവാനും ആഭരണങ്ങളെടുക്കുവാനും മറ്റുമായി അവൾക്ക് പലവട്ടം നാട്ടിലേക്ക് പോകേണ്ടി വന്നു …

ഒരു ദിവസം ഫെയ്സ്ബുക്കിൽ പ്രണവിന്റെ പ്രൊഫൈൽ എടുത്തു നോക്കിയപ്പേൾ കണ്ടു പ്രൊഫൈൽ പിക്ചർ അവന്റെ വിവാഹ ഫോട്ടോ ….

അവളതിലേക്ക് നോക്കിയിരുന്നു …

ടൈം ലൈനിലും ഒരു പാട് ഫോട്ടോസുണ്ടായിരുന്നു …

എല്ലാ ഫോട്ടോയും അവൾ നോക്കി … നിറഞ്ഞു തൂവിയ മിഴികൾ പുറം കൈ കൊണ്ട് ഒപ്പി…..

എത്രയായിട്ടും അവനോടുള്ള തന്റെ സ്നേഹം അണഞ്ഞു പോയിട്ടില്ലെന്നു അവൾ തിരിച്ചറിഞ്ഞു ….

അവനൊപ്പം ചേർന്നു നിൽക്കുന്ന മറ്റൊരു പെൺകുട്ടി … ആ കാഴ്ചയവളെ വല്ലാതെ കുത്തിനോവിച്ചു ….

ഒന്ന് ചേരാൻ വിധിയില്ലായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു ഒരു സഹയാത്രികനായി അവനെ എന്റെ മുന്നിലേക്കെത്തിച്ചത് …..

അവനെങ്ങനെ തന്നെ മറക്കാൻ കഴിഞ്ഞു ….

അവനവളെ അൺഫ്രണ്ട് ചെയ്തിരുന്നു … എങ്കിലും ബ്ലോക്ക് ചെയ്തിരുന്നില്ല ….

മെസേഞ്ചർ തുറന്നു … കുറേ സമയം നോക്കിയിരുന്നിട്ട് ഹാപ്പി മാരീഡ് ലൈഫ് എന്ന് ടൈപ്പ് ചെയ്തു ..സെന്റ് ചെയ്തു …

പിന്നെയും ഒരിക്കൽ കൂടി അവന്റെ വിവാഹ ഫോട്ടോസ് നോക്കി …. ഒന്ന് രണ്ടെണ്ണം സേവ് ചെയ്തു വച്ചു .. എന്തിനെന്നറിയില്ല എങ്കിലും …….

അതിനിടയിൽ ഫ്രണ്ട് റിക്വസ്റ്റ് നോക്കിയപ്പോൾ ജിഷ്ണു ജയചന്ദ്രൻ എന്ന് കണ്ടു …

എന്നാണ് റിക്വസ്റ്റ് ചെയ്തതെന്നറിയില്ല … അവളത് കൺഫേം ചെയ്തു ….

വെറുതേ അവന്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചു …

അതൊരു പുതിയ ഐഡിയാണ് … മൂന്നാല് മാസം മുൻപ് തുടങ്ങിയത് .. അധികം പോസ്റ്റുകളൊന്നുമില്ല …

അധികം ഫ്രണ്ട്സുമില്ല … വെറും 87 ഫ്രണ്ട്സ് …

തുടങ്ങിയപ്പോൾ ഇട്ടതും ഇപ്പോഴുള്ളതുമായ രണ്ട് പ്രൊഫൈൽ പിക്ചർ ആണ് അവന്റെത്…. ഇടയ്ക്കൊരെണ്ണം മുഖ്യമന്ത്രിയുടേതാണ് …

ഒന്ന് രണ്ട് രാഷ്ട്രീയ പോസ്റ്റുകൾ ഇന്നലെയും മിനങ്ങാന്നുമായി പോസ്റ്റ് ചെയ്തിട്ടുണ്ട് …

അവന്റെ പ്രൊഫൈലിൽ പച്ച തെളിഞ്ഞതും അവൾ എഫ് ബി ക്ലോസ് ചെയ്തു … നെറ്റ് ഓഫ് ചെയ്തിട്ടു …

അവനെന്തെങ്കിലും ചോദിച്ചാൽ … അവനോട് സംസാരിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു …. കൺമുന്നിൽ പ്രണവിന്റ വിവാഹ ഫോട്ടോയാണ് മായാതെ നിന്നത് ….

ആ ഫോട്ടോസിൽ അവൻ സന്തുഷ്ടനായാണ് കാണപ്പെട്ടത് … ഒരിക്കലെങ്കിലും അവൻ തന്നെ ഓർത്തിട്ടുണ്ടാകുമോ …..

അവൾ തലയിണയിൽ മുഖം പൂഴ്ത്തി വച്ച് കരഞ്ഞു …..

ഇതവന്റെ ആദ്യരാത്രിയാണ് …

അവനൊപ്പം താൻ മോഹിച്ചിരുന്ന രാത്രി …..

അവളുടെ വിതുമ്പലുകൾ തലയിണയിൽ വീണു കുതിർന്നു … കണ്ണുനീരുണങ്ങാത്ത രാത്രിയുടെ ഏതോ യാമത്തിൽ അവളറിയാതെ മയങ്ങിപ്പോയി … ഞെട്ടറ്റു വീണ പാരിജാതപ്പൂവ് പോലെ …

ഒരാഴ്ച പിന്നെയും വിരസതയോടെ കടന്നു പോയി ….

സഹപ്രവർത്തകരെയെല്ലാം ഒരിക്കൽ കൂടി ക്ഷണിച്ച് , അവൾ നാട്ടിലേക്ക് തിരിച്ചു … തന്റെ വിവാഹത്തിനായി ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!