Skip to content

ശ്രാവണം – ഭാഗം 5

Shraavanam Novel Aksharathalukal

അവൾ പെട്ടന്ന് അവനിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചു ..

” ഏയ് …….” അവന്റെ ഇരു കൈകളും കൂടുതൽ മുറുകി …

ഒന്നെതിർക്കാൻ പോലുമാവാതെ നിന്നു കൊടുക്കേണ്ടി വരുന്നതിൽ അവൾക്ക് ക്ഷതം തോന്നി …

അവൻ മെല്ലെ കൈകൾ പിൻവലിച്ചു ….

അവൾ ആശ്വാസത്തോടെ പിന്മാറി ..

” ഞാൻ ആദ്യം മുതൽക്കെ ശ്രദ്ധിക്കുന്നു …. ശ്രാവന്തി എന്നിൽ നിന്ന് എന്തോ ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യുന്ന പോലെ …. ഞാൻ കരുതിയത് പരിചയക്കുറവ് … പിന്നെ ചെറിയൊരു നാണം ഇതൊക്കെ കൊണ്ടാണെന്നാ ….. ഇതല്ലാത്ത എന്തെങ്കിലും പ്രശ്നം ശ്രാവന്തിക്കുണ്ടോ ? ” അവൻ പെട്ടന്ന് ചോദിച്ചു ..

അവൾ അറിയാതെ നടുങ്ങി …..

എല്ലാം … എല്ലാം തുറന്നു പറഞ്ഞാലോ … പറയുന്നതാണ് നല്ലത് … തനിക്ക് കുറച്ച് സമയം വേണം … പിന്നെ മറ്റാരെങ്കിലും പറഞ്ഞ് ജിഷ്ണു അറിയുന്നതിലും നല്ലത് തന്നിൽ നിന്ന് തന്നെ അറിയുന്നതാണ് ….

അവൾ അവന്റെ മുഖത്തേക്ക് നോക്കി …

” എനിക്ക് … എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് …..” അവൾ പറഞ്ഞൊപ്പിച്ചു …

” അതിനെന്താ … സംസാരിക്കാല്ലോ ….” അവൻ ചിരിച്ചു കൊണ്ട് അവളുടെ തോളത്ത് തട്ടി … പിന്നെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് പോയി ബെഡിലിരുത്തി … അവനും അരികിലിരുന്നു …

അവളുടെ മുഖത്തെ പരിഭ്രമം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു …

” എന്താടോ പ്രണയം വല്ലതും ആണോ ……”

” ങും …… “

അവന്റെ മുഖം വല്ലാതെയായി …

” കഴിഞ്ഞ കാര്യമോ അതോ …..?

” കഴിഞ്ഞത് …..”

ആ മുഖത്തെ ആശങ്കകൾ അയയുന്നത് അവളും കണ്ടു ….

അവൾ അതുവരെയുള്ള എല്ലാ കാര്യങ്ങളും അവനോട് തുറന്നു പറഞ്ഞു … ഒന്നും വിടാതെ ….

” നമുക്കിടയിൽ ഒരു ജീവിതം തുടങ്ങാൻ കുറച്ചു സമയം വേണം … ഇതല്ലേ തന്റെയാവശ്യം …..” എല്ലാം കേട്ട് കഴിഞ്ഞിട്ട് അവൻ ചോദിച്ചു …

അവൾ തല ചലിപ്പിച്ചു …

” ശരി … ഒരാഴ്ച സമയം തരാം … അപ്പോഴേക്കും എല്ലാം ഒക്കെ ആയിരിക്കണം … “

അവൾ അവനെ പാളി നോക്കി …

” തനിക്ക് തോന്നുന്നുണ്ടാകും , ഒരാഴ്ച കൊണ്ട് എല്ലാം മറക്കാൻ കഴിയുമോ എന്ന് … അയാളെ മറക്കാനല്ല .. എന്നെ ഉൾക്കൊള്ളാനുള്ള സമയമാണ് ഇത് … എത്ര സമയം വേണമെങ്കിലും എടുക്കാൻ പറയാമായിരുന്നു എനിക്ക് …. പറയാത്തത് അങ്ങനെയായാൽ താൻ സേഫ് സോണിലേക്ക് പിൻവലിയാനുള്ള സമയമായി കാണും … മനുഷ്യ സഹജമാണത് … ഇതങ്ങനെയല്ല … തന്നെ തനിയെ വിടാനല്ല ഒരാഴ്ച … ഈ ഒരാഴ്ച നമ്മൾ ഒരുമിച്ച് യാത്ര പോകും , സംസാരിക്കും … ഒരുമിച്ച് ഭക്ഷണം കഴിക്കും .. ഒരേ ബെഡിൽ ഉറങ്ങുകയും ചെയ്യും … സമ്മതമാണോ തനിക്ക് …? ” അവൻ ചോദിച്ചു …

” ങും …….” അവൾക്കത് സമ്മതിക്കേണ്ടി വന്നു ….

” എങ്കിൽ പിന്നെ നമുക്ക് ഉറങ്ങാം ….” അവൻ ചോദിച്ചു …

” ങും…..” അവൾ മൂളി ….

അവൻ എഴുന്നേറ്റപ്പോൾ , ശ്രാവന്തിയും എഴുന്നേറ്റു ….

” പാല് തനിക്ക് വേണമെങ്കിൽ കുടിച്ചോളു …. “

അവൾ ബാത്ത് റൂമിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ അവൻ വിളിച്ചു പറഞ്ഞു …

” ഞാൻ രാത്രി പാൽ കുടിക്കാറില്ല … ” സൗമ്യമായി പറഞ്ഞിട്ട് അവൾ ബാത്ത് റൂമിലേക്ക് കയറി …

തിരികെ വരുമ്പോൾ ബെഡിന്റെ ഒരറ്റത്തേക്ക് നീങ്ങി കമിഴ്ന്നു കിടക്കുന്ന ജിഷ്ണുവിനെ അവൾ കണ്ടു ….

പാൽഗ്ലാസ് ശൂന്യം …

ഒന്ന് മടിച്ചു നിന്നിട്ട് , അവൾ വന്ന് ബെഡിൽ ഇരുന്നു …

ബെഡിന്റെ മററ്റത്ത് അവൾ കിടന്നതും , ലൈറ്റ് അണഞ്ഞു …

അവൾ ഇരുട്ടിലേക്ക് നോക്കി കിടന്നു…. എപ്പോഴോ മയങ്ങി ….

* * * * * * * * *

പിറ്റേന്ന് ഉണരുമ്പോൾ അവൾ അവനോട് ചേർന്നാണ് കിടന്നിരുന്നത് … ഒരു കൈ കൊണ്ട് അവന്റെ മുതുകിലൂടെ ചുറ്റി പിടിച്ചിരിക്കുന്നു …..

അവൾ പെട്ടന്ന് അകന്ന് മാറി … ജാള്യതയോടെ അവൾ നാവ് കടിച്ചു …

വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു …

അവൾ വേഗം എഴുന്നേറ്റു …. അവനെ ഒന്ന് നോക്കിയിട്ട് ബാത്ത് റൂമിലേക്ക് നടന്നു …..

* * * * * * * * * * *

അന്ന് വൈകുന്നേരം ആഡിറ്റോറിയത്തിൽ വച്ച് അവരുടെ റിസപ്ഷൻ ആയിരുന്നു …

ശ്രാവന്തിയുടെ ലഹങ്കയുടെ അതേ നിറത്തിലുള്ള കുർത്തിയായിരുന്നു ജിഷ്ണുവിനും ….

ഇരുവരുടെയും ബന്ധുക്കളെല്ലാവരും എത്തിയിരുന്നു ….

ശിവയെ , നിളക്കും വിന്ധ്യക്കും ശ്രാവന്തി പരിചയപ്പെടുത്തി …. ശിവ വളരെ പെട്ടന്ന് തന്നെ അവരോട് അടുത്തു …

ശ്രാവന്തിയുടെ ബന്ധുക്കൾ തിരിച്ചു പോകാറായപ്പോൾ , ചന്ദ്രിക മകളെ അടുത്ത് വിളിച്ചു ….

” ഇനി ഈ കുടുംബവും മോൾടേതാണ് … അച്ഛനെയും അമ്മയെയും പോലെ തന്നെ ഇവിടുത്തെ അച്ഛനമ്മമാരെയും മോൾ കാണണം …..” ചന്ദ്രിക അവളുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു …

” എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ അമ്മയെ അറിയിക്കുകയും വേണം …. കേട്ടോ ….”

ശ്രാവന്തി തലയാട്ടി ….

അവർ പോകാനിറങ്ങിയപ്പോൾ , അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ….

കൊച്ച് കൊച്ച് തമാശകളും , സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെയായി റിസപ്ഷൻ അവസാനിച്ചു ….

തിരിച്ചു വീട്ടിലെത്തുമ്പോൾ , വീട്ടിൽ ഒരുക്കിയിരുന്ന പന്തലും ലൈറ്റുമൊക്കെ അഴിച്ച് മുറ്റത്തിന്റെ പലഭാഗങ്ങളിലായി വച്ചിട്ടുണ്ടായിരുന്നു ….

ആഘോഷങ്ങൾ അവസാനിക്കുകയാണ് …. ഇനിയങ്ങോട്ട് ജീവിതമാണ് …. ശ്രാവന്തിക്ക് എന്തുകൊണ്ടോ ഒരു ഭയം തോന്നി ….

ഈശ്വരാ തോറ്റു പോകരുതേ ……

അവൾ മനസുരുകി പ്രാർത്ഥിച്ചു ……

വന്നു ചേർന്ന ബന്ധുക്കളൊക്കെ റിസപ്ഷനു കൂടി പങ്കെടുത്തിട്ട് മടങ്ങിയിരുന്നു ….

” ഞങ്ങളും പോകുവാ ചേച്ചി …..” ലത ചേച്ചിയോട് പറഞ്ഞു …

അവരുടെ വീട് അടുത്ത് തന്നെയാണ് … ഏതാണ്ട് രണ്ട് കിമോ ദൂരമേയുള്ളു ….

ലതയും കൂടുംബവും കൂടി മടങ്ങിക്കഴിഞ്ഞപ്പോൾ ,വീട് നിശബ്ദമായി … “

ലതികയും ജയചന്ദ്രനും ശ്രാവന്തിയും ജിഷ്ണുവും മാത്രമായി വീട്ടിൽ …..

കുറേ സമയം , ശ്രാവന്തി ലതികയോട് സംസാരിച്ചിരുന്നു … ഇടയ്ക്ക് ജിഷ്ണുവും അവർക്കൊപ്പം കൂടി … പിന്നെ എഴുന്നേറ്റു പോയി …

” ഇനി കിടക്കാം മോളെ …. വിവാഹം കാരണം , എത്ര ദിവസത്തെ ഉറക്കമാ ബാക്കി കിടക്കുന്നത് … ഇനി വേണം ഒന്നുറങ്ങി തീർക്കാൻ ….” ലതിക പറഞ്ഞപ്പോൾ ശ്രാവന്തി പുഞ്ചിരിച്ചു …

അളന്നു മുറിച്ചു സംസാരിക്കുന്ന കൂട്ടത്തിൽ ആണ് ശ്രാവന്തിയെന്ന് ലതികക്ക് മനസിലായി …

” എങ്കിൽ മോൾ ചെല്ല് , അവൻ വെയ്റ്റ് ചെയ്യുന്നുണ്ടാവും .. അച്ഛന് നല്ല ക്ഷീണമുണ്ടായിരുന്ന കൊണ്ട് , നേരത്തെ കിടന്നു …. “

” ഗൂഢ് നൈറ്റ് അമ്മ …” അവൾ പറഞ്ഞിട്ട് മെല്ലെ സ്റ്റെപ്പ് കയറി …

അവൾ റൂമിലെത്തുമ്പോൾ ജിഷ്ണു ടേബിളിനു മുന്നിലായിരുന്നു …

മുന്നിൽ ഒരു ബോക്സ് തുറന്നു വച്ചിരുന്നു … അതിൽ നിന്ന് എന്തൊക്കെയോ രണ്ട് മൂന്ന് ടാബ്ലറ്റ്സ് അവൻ കഴിക്കുന്നു …

ബോക്സടച്ച് , കബോർഡിൽ ചെറിയൊരു ഡ്രോയർ തുറന്ന് അതിൽ വച്ച് ലോക്ക് ചെയ്തു …….

ശ്രാവന്തി ഒന്നും മനസിലാകാതെ വാതിൽക്കൽ തറഞ്ഞു നിന്നു … 

ശ്രാവന്തി അകത്തേക്ക് കയറി ചെന്നു …. അവളെ കണ്ടിട്ടും അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും കണ്ടില്ല ….

പക്ഷെ അവൾക്കൊരു വല്ലായ്മ തോന്നി …

വിവാഹത്തിനു മുൻപ് ജിഷ്ണുവിന് എന്തെങ്കിലും രോഗമുള്ളതായി ആരും പറഞ്ഞു കേട്ടില്ല …

അവനോട് ചോദിക്കണോ ….?

പിന്നെ തോന്നി വേണ്ട … ഇങ്ങോട്ടു പറയട്ടെ …

പറഞ്ഞില്ലെങ്കിൽ ചോദിക്കാം …

” കിടന്നോളു …..” പറഞ്ഞിട്ട് അവൻ ബെഡിലേക്ക് കയറി കിടന്നു … ഇങ്ങേയറ്റത്ത് അവളും … ഇരുളിലേക്ക് നോക്കി , ഉറക്കം വരാതെ ശ്രാവന്തി കിടന്നു ….

അവളുടെ മനസിൽ, കുറച്ച് മുന്നേ കണ്ട സംഭവമായിരുന്നു …

* * * * * * * * * * * *

പിറ്റേന്ന് ജിഷ്ണു വിളിച്ചുണർത്തിയപ്പോഴാണ് ശ്രാവന്തി കണ്ണു തുറന്നത് … ഒരു കപ്പ് ചായയുമായി ചിരിച്ചു കൊണ്ട് ജിഷ്ണു ഇരിക്കുന്നു … അവൾ കണ്ണ് തിരുമ്മി എഴുന്നേറ്റു …

” അഞ്ച് മണിയായിട്ടേയുള്ളു .. അമ്മ എഴുന്നേറ്റില്ല .. അതു കൊണ്ട് ഞാൻ തന്നെ പോയൊരു ടീ ഇട്ടു …. ” അവൾ പരിഭ്രമിച്ച് ക്ലോക്കിലേക്ക് നോക്കുന്നത് കണ്ട് അവൻ പറഞ്ഞു …

” ഇത് കുടിച്ചിട്ട് , വേഗം ഫ്രഷ് ആയി വാ … നമുക്കൊരു യാത്രയുണ്ട് ……”

” എങ്ങോട്ട് … “

” അതൊക്കെ പറയാം …. ആദ്യം താനിത് കുടിക്ക് ….”

അവളെഴുന്നേറ്റ് പോയി കൈയ്യും മുഖവും കഴുകിയിട്ട് വന്നു ചായ കപ്പ് വാങ്ങി ഒന്ന് മൊത്തി …..

ഒരു കവിളിറക്കിയിട്ട് ശ്രാവന്തി അവനെ നോക്കി പുഞ്ചിരിച്ചു .. ആ ചായയുടെ രുചി അവളുടെ പുഞ്ചിരിയിലുണ്ടായിരുന്നു …

” എങ്ങോട്ടാ യാത്ര ….? ” അവൾ ചോദിച്ചു …

” ചോറ്റാനിക്കര ക്ഷേത്രത്തിൽ .. ഞാൻ അമ്മയുടെ ഡിവോട്ടിയാണ് ….”

” ഞാനും …….” അവളുടെ മുഖം വിടർന്നു …

* * * * * * * * *

കാറിലാണ് ഇരുവരും ചോറ്റാനിക്കരയിലേക്ക് പോയത് … മേൽക്കാവിലും കീഴ്ക്കാവിലും തൊഴുത് , വഴിപാടുകളും നടത്തി … എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു ….

പിന്നെ ഇരുവരും കൂടി , ജിഷ്ണുവിന്റെ ചില ബന്ധുവീടുകളിൽ പോയി … ഉച്ചക്ക് അവർ ഒരു മൂവിക്ക് കയറി .. പിന്നീട് മറൈൻ ഡ്രൈവിലും ലുലു മാളിലും എല്ലാം കറങ്ങി തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു …

എന്തുകൊണ്ടും ആ യാത്ര അവൾക്ക് , ചെറുതല്ലാത്തൊരടുപ്പം അവനോടുണ്ടാക്കി …

ഒരു പാട് വട്ടം , അവർ കൈകോർത്തിരുന്നു സംസാരിച്ചിരുന്നു , തമാശകൾ പറഞ്ഞിരുന്നു …. ഒരുമിച്ച് ഭക്ഷണം കഴിച്ചു …..

ആ രാത്രിയും , അവൻ ഗുളിക കഴിക്കുന്നത് അവൾ കണ്ടു …. അതേ കുറിച്ച് അവൻ തന്നോട് ഒന്നും പറയാത്തത് അവളെ അലോസരപ്പെടുത്തി …

നാളെക്കൂടി പറഞ്ഞില്ലെങ്കിൽ , താൻ തന്നെ ചോദിക്കുമെന്ന് അവൾ മനസിലുറപ്പിച്ചു …

* * * * * * * * * * * * *

” ജിഷ്ണൂട്ടാ ……. എഴുന്നേൽക്ക് ….” പിറ്റേന്ന് ഒരു ബെഡ് കോഫിയുമായി അവനെ ഉണർത്തിയത് അവളായിരുന്നു …

അവന് അത്ഭുതം തോന്നി …

ഇന്നലെ വരെ അവൾ തന്നെയൊന്നും സംബോധന ചെയ്തിരുന്നില്ല … ഇന്നിപ്പോൾ യാതൊരു മടിയുമില്ലാതെ അവൾ തന്നെ ഏട്ടാ എന്ന് വിളിച്ചിരിക്കുന്നു …

” ഇന്ന് എന്റെ വീട്ടിൽ പോയി വരണം ന്ന് അമ്മ പറഞ്ഞിരുന്നല്ലോ ഇന്നലെ ….. ” .അവൾ ഓർമിപ്പിച്ചു ….

” അതാണോ ഇത്ര സന്തോഷം ….”

അവളുടെ കവിൾ തുടുത്തു …

” ഇന്ന് തന്നെ മടങ്ങി വന്നേ പറ്റൂ കേട്ടോ …” അവൻ ഓർമിപ്പിച്ചു ….

അതെന്ത് കൊണ്ടാണെന്ന് അവൾക്ക് മനസിലായില്ല .. ഈ ആഴ്ച രണ്ടാളും ലീവാണ് … രണ്ട് ദിവസം തന്റെ വീട്ടിൽ നിന്നാൽ എന്താണ് …

പെട്ടന്ന് അവൾ ഗുളികയുടെ കാര്യം ഓർത്തു … ചിലപ്പോ അതാവും അങ്ങനെ പറഞ്ഞത് ..

ഇങ്ങനെ മുടക്കം വരാതെ കഴിക്കണമെങ്കിൽ , അതെന്തിനുള്ള ഗുളികയാവും ….

എങ്കിലും അവളൊന്നും വിട്ട് ചോദിച്ചില്ല …

ഏഴ് മണിയോടെ ഇരുവരും അവളുടെ വീട്ടിലേക്ക് തിരിച്ചു ..

രണ്ടര മണിക്കൂർ ദൂരമുണ്ട് അങ്ങോട്ട് … ഒൻപതര കഴിഞ്ഞു അവിടെ എത്താൻ ….

ഉദയനും ചന്ദ്രികയും ശിവയും അവരെ കാത്ത് നിൽക്കുകയായിരുന്നു … കാർ മുറ്റത്ത് വന്ന് നിന്നതും , ശിവ ഓടിച്ചെന്ന് ഡോർ തുറന്നു …

” രണ്ടെണ്ണോം വേഗം ഇറങ്ങിയേ … എനിക്ക് വയറ് വിശന്ന് കുടൽ ത്തുന്നു …. ” അവൾ മുഖവുരയില്ലാതെ പറഞ്ഞു ….

ജിഷ്ണു ചിരിച്ചു … ശ്രാവന്തിയും …

” ശിവയിന്ന് സ്കൂളിൽ പോയില്ലെ …..” ജിഷ്ണു ചോദിച്ചു ….

” എവിടെ …. ചേച്ചി വരുന്നുന്ന് പറഞ്ഞ് കള്ളമടിച്ചു നിൽക്കുകയാ …. ” ചന്ദ്രിക പറഞ്ഞു ….

” എനിക്കെന്താ കൊണ്ട് വന്നത് … ഡ്രസാണോ.. .?” ശ്രാവന്തി ബാക്ക് സീറ്റിൽ നിന്ന് കവറുകൾ എടുക്കുന്നത് കണ്ട് ശിവ വിളിച്ച് ചോദിച്ചു …

” നീയവരെയിങ്ങോട്ട് കയറാൻ അനുവദിക്ക് ശിവാ …..” ഉദയൻ ചിരിച്ചു കൊണ്ട് പറഞ്ഞു …

” വന്നോളു …. വന്നോളു ……” അവൾ കൈ കൊണ്ട് എതിരേൽക്കുന്നത് പോലെ ആംഗ്യം കാണിച്ചു ….

ശ്രാവന്തിയെപ്പോലെ സൈലന്റല്ല ശിവയെന്ന് ജിഷ്ണുവിന് തോന്നി …

ഭക്ഷണത്തിന് ശേഷം ശ്രാവന്തി അമ്മയ്ക്കൊപ്പം കൂടിയപ്പോൾ ശിവയും ഉദയനും ജിഷ്ണുവിന് കമ്പനി കൊടുത്തു ….

” ഇനി , ചേച്ചി വരുന്നൂന്ന് പറഞ്ഞ് ലീവ് എടുത്ത് നിൽക്കണ്ട കേട്ടോ ശിവാ ….” ഇടയ്ക്ക് ജിഷ്ണു പറഞ്ഞു …

” അങ്ങനെ പറഞ്ഞു കൊടുക്ക് … ഒരു കാരണം കിട്ടാൻ നോക്കി ഇരിക്കുവാ ഇവൾ ക്ലാസിൽ പോകാതിരിക്കാൻ … കല്ലാണത്തിന് ശ്രാവിയെക്കാൾ മുന്നേ ഇവളാ ലീവെടുത്ത്ത് ……”

ഉദയൻ പറയുന്നത് കേട്ട് ജിഷ്ണു ചിരിച്ചു …

” ഇപ്പോ ചേച്ചിയേം ചേട്ടനേം കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഞാനാരായി …..? ശിവ മുഖം വീർപ്പിച്ചു …

ചിരിയും തമാശയും ഉച്ച ഭക്ഷണവും ഒക്കെ കഴിഞ്ഞ് ശ്രാവന്തിയുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലും സന്ദർശിച്ചിട്ടാണ് അവർ മടങ്ങിയത് ….

ജിഷ്ണു എന്തിനോ ഗുളിക കഴിക്കുന്നുണ്ടെന്ന കാര്യം , അമ്മയോട് പറയാമെന്ന് കരുതിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു …

വെറുതെ അവരെ കൂടി ടെൻഷനാക്കണ്ട …

* * * * * * * * * * *

അന്നും രാത്രി അവൾ റൂമിലേക്ക് വരുമ്പോൾ അവൻ ഗുളിക കഴിക്കുകയയായിരുന്നു …

ബോക്സ് അടച്ച് കബോർഡിൽ ഭദ്രമായി വച്ച് തിരിയുമ്പോൾ പിന്നിൽ ശ്രാവന്തിയുണ്ടായിരുന്നു ….

കാര്യമായ ഭാവപ്രകടനങ്ങൾ ഒന്നും അവനിൽ ഇല്ലായിരുന്നു …

” ജിഷ്ണൂട്ടാ …… ഞാനൊരു കാര്യം ചോദിച്ചോട്ടെ …? ” അവൾ മുഖവുരയിട്ടു …

” ചോദിക്കെടോ ഭാര്യേ …..”

” ഇത് എന്തിനുള്ള ടാബ്ലറ്റാ …..? “

ജിഷ്ണുവിന്റെ മുഖം മങ്ങി … അതുവരെയില്ലാത്ത ഒരു ഭാവമാറ്റം അവന്റെ മുഖത്ത് അവൾ കണ്ടു ….

” അപ്പോ തന്നോടാരും ഒന്നും പറഞ്ഞില്ലെ …. ” അവന്റെ ശബ്ദം മൂർച്ചയുള്ളതായിരുന്നു ….

അവൾ ഇല്ലെന്ന് തലയാട്ടി …

” അപ്പോ എന്നെ കുറിച്ച് ഒന്നും അറിയാതെയാണോ താനെന്റെ ജീവിതത്തിലേക്ക് വന്നത് ….? ” അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു …

ആ ഭാവമാറ്റം അവളെ ഭയപ്പെടുത്തി …

” എന്നോട് ആരും ഒന്നും പറഞ്ഞില്ല … ” അവൾ വിക്കി വിക്കി പറഞ്ഞു ..

” അമ്മേ ……….” അവന്റെ ഒച്ച ആ വീടിനെ പിടിച്ചു കുലുക്കി …

(തുടരും ) .

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!