രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.. അവൾ കുളിക്കാൻ പോകുമ്പോൾ ആണ് ബെഡിൽ വച്ച അവളുടെ ഫോൺ റിങ് ചെയ്‌തത്.. ഞാൻ നോക്കിയപ്പോൾ നമ്പർ മാത്രം ഉള്ളു..
“ഈ സമയത്ത് ആരാ? ദുർഗേ ഞാൻ സ്‌പീക്കറിൽ ഇടാം…”
അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ കാൾ എടുത്തു സ്‌പീക്കറിൽ ഇട്ടു…
“ദുർഗ്ഗെ.. അയാൾ ഉറങ്ങി കഴിഞ്ഞു വീടിനു പുറകു വശത്തേക്ക് വാ.. ഞാൻ ഇവിടെ ഉണ്ട്.. എനിക്ക് നിന്നെ ഇപ്പൊ വേണം… വേഗം വാ മോളെ…”
ഇത്രയും പറഞ്ഞ ശേഷം കാൾ കട്ട് ആയി… ഒരു പുരുഷ സ്വരം ആണ്… എനിക്ക് തലച്ചോറിൽ ഒരു ഇടി വെട്ടിയത് പോലെ ആയി..
ദുർഗ്ഗ വിളറി വെളുത്തു നിൽക്കുന്നു.. അവളുടെ കയ്യിൽ നിന്നും ടവൽ താഴെ വീണു..
എനിക്ക് സങ്കടം വന്നു.. ഒത്തിരി സങ്കടം.. ഹൃദയം വേദനിച്ചു ഇപ്പോൾ പൊട്ടും എന്ന് തോന്നി..
“ഏട്ടാ….”
അവൾ മുൻപോട്ട് വന്നു.. എന്റെ കത്തുന്ന കണ്ണുകൾ കണ്ടിട്ടാകണം അവൾ അവിടെ നിന്ന് പോയി..
“വേറെ ഒരുത്തന്റെ ഒപ്പം പോകും എന്ന് പറഞ്ഞത് സത്യം ആണ് അല്ലെ? നന്നായി മോളെ…”
ഞാൻ അത് പറഞ്ഞപ്പോൾ കണ്ണിൽ നിന്നും ചൂട് തുള്ളികൾ എന്റെ കവിളിനെ പൊള്ളിച്ചു കൊണ്ട് ഒഴുകി ഇറങ്ങി..
“ഏട്ടൻ വിചാരിക്കുന്നത് പോലെ….”
“നിർത്തടീ പുല്ലേ…! ഒരു അക്ഷരം നീ ഈ ജന്മത് എന്നോട് മിണ്ടരുത്… എല്ലാം മറന്നു ഒരുമിക്കാം എന്ന് കരുതിയപ്പോൾ… ഇത്ര സൂക്കേട് മൂത്തു നിൽക്കുകയായിരുന്നോ നീ? അറപ്പാകുന്നു നിന്നെ….”
അവൾ സ്തംഭിച്ചു നിന്നു.. കണ്ണിൽ നിന്നും വെള്ളം ചാടി.. അവൾ എന്തോ പറയാൻ വന്നു..
“ഒരു വാക്ക് നീ മിണ്ടരുത്.. നാളെ രാവിലെ പൊയ്ക്കോണം.. അതാകുമ്പോൾ നിനക്ക് ആരുടെ ഒപ്പം വേണമെങ്കിലും പോകാം.. ഞാൻ ഉറങ്ങും വരെ കാത്തിരിക്കേണ്ട… ഇനി എനിക്ക് കാണണ്ട നിന്റെ മുഖം….”
അതും പറഞ്ഞു ഞാൻ അവളുടെ പ്രതികരണത്തിന് കാത്തു നിൽക്കാതെ പുറത്തു ഇറങ്ങി..
നേരെ പൊട്ടുന്ന ഹൃദയവും ആയി അപ്പുവിന്റെ റൂമിൽ ചെന്നു.
പണ്ട് ഞാനും അപ്പുവും രാത്രി റം വാങ്ങി കുടിച്ചത് ഓർമ വന്നു.. അന്ന് അവൾ ആ കുപ്പി അലമാരയിൽ വെച്ചിരുന്നു.. ഞാൻ അത് തപ്പി എടുത്തു..
വായിലേക്ക് വെള്ളം പോലും ചേർക്കാതെ കമിഴ്ത്തി..
കാൽ കുപ്പി മൊത്തം ഉണ്ടായിരുന്നത് വായിൽ ഒഴിച്ച് കുപ്പി എടുത്തു എറിഞ്ഞു.. മൊത്തം ഒരു എരിച്ചിൽ.. ഞാൻ ബെഡിലേക്ക് വീണു..
***
“ഡാ.. എഴുന്നേൽക്ക്.. എന്താ ഇവിടെ നടന്നത്? അവൾ എന്തിനാ പോയത്?”
അമ്മ എന്നെ കുലുക്കി വിളിച്ചു.. ഞാൻ കണ്ണ് തുറന്നു.. ക്ലോക്കിൽ സമയം കണ്ടു.. പത്തു മണി ആകുന്നു.. ഞാൻ എണീറ്റ് ഇരുന്നു..
“ഡാ അവൾ പോയി.. ബാഗും എടുത്താണ് പോയത്.. ഒന്നും പറഞ്ഞില്ല.. കരഞ്ഞാണ് പോയത്.. നിന്നെ കാണുന്നില്ലായിരുന്നു..
ഇപ്പോഴാണ് നീ ഇവിടെ ഉണ്ടെന്നു അറിയുന്നത്.. ഇങ്ങനെ തീ തിന്നാൻ മാത്രം ഞങ്ങളുടെ ജന്മം…”
അമ്മ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു.. ഞാൻ ഇന്നലെ നടന്ന സംഭവങ്ങൾ ആലോചിച്ചു… എന്റെ മനസ്സിൽ അവളോട് ദേഷ്യം പതഞ്ഞു പൊങ്ങി..
“അമ്മ പൊയ്ക്കോ.. ഞാൻ വരാം.. പറയാം എല്ലാം…”
അത് കേട്ടപ്പോൾ അമ്മ എന്തൊക്കെയോ പറഞ്ഞു താഴേക്ക് പോയി..
നെഞ്ചിൽ മൊത്തം ഒരു വിങ്ങൽ.. സ്നേഹിച്ചു തുടങ്ങിയിരുന്നു അവളെ.. എന്നാലും… ചെ.. ഈ സ്ത്രീകൾ എന്താ ഇങ്ങനെ ഹൃദയം തകർക്കുന്നത്..
ഞാൻ റൂമിലേക്ക് ചെന്നു.. അവളുടെ സാധനങ്ങൾ ഒന്നും ഇല്ല.. അവൾക്ക് ഒരു ടെഡി ബെയർ ഉണ്ട്.. അതിനെയും കാണുന്നില്ല…
കട്ടിലിൽ ഒരു കട്ടി കവർ.. ഞാൻ അതെടുത്തു..
“എന്റെ ഏട്ടന്… “
എന്ന് കവറിന്റെ പുറത്തു.. അവളുടെ ഏട്ടനോ? വഞ്ചകി…
ഞാൻ അത് വലിച്ചെറിയാൻ കൈ പൊക്കിയപ്പോൾ അവളുടെ ഫോൺ അതിൽ നിന്നും താഴെ വീണു.. ഞാൻ അത് നോക്കി..
അപ്പോൾ എനിക്ക് ആകാംഷ തോന്നി.. ഞാൻ കവർ തുറന്നു.. ഒരു ലെറ്റർ.. അത് ഞാൻ വായിച്ചു..
“ഏട്ടന്.. ഇപ്പോഴും മനസ് കൊണ്ടും ശരീരം കൊണ്ടും ഞാൻ പരിശുദ്ധ ആണ്.. വിശ്വസിക്കില്ല എന്നറിയാം.. എന്നാലും.. ഏട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞു എന്റെ മുൻ കാമുകൻ എന്നെ വിളിക്കാറുണ്ടായിരുന്നു..
വേറെ ഒന്നിനും അല്ല.. അവന് ഞാൻ കിടന്നു കൊടുക്കണം എന്ന് പറഞ്ഞു.. പല പല നമ്പറുകളിൽ നിന്നും വിളിക്കും.. മെസേജ് അയക്കും..
ഞാൻ അവനോടു പറഞ്ഞു ഇനി എന്നെ ശല്യപെടുത്തരുത് എന്നും ഞാൻ ഒരു ഭാര്യാ ആണെന്നും.. എന്നാൽ അവൻ വീണ്ടും രാത്രികളിൽ വിളിച്ചു കൊണ്ടിരുന്നു..
ഞാൻ പിന്നെ ഫോണുകൾ എടുക്കാതെ ആയി.. അവൻ വൃത്തികേടുകൾ ആണ് പറയുക.. ഉണ്ടായ തെറ്റിദ്ധാരണകൾ എല്ലാം കാരണം ഞാൻ ഒറ്റപെട്ടതു പോലെ ആയിരുന്നു.. മാപ്പ് അപേക്ഷിച്ചിട്ടും ഏട്ടന്റെ മനസ്സിൽ സ്ഥാനം ഇല്ല എന്നറിയാം.. ശരിയാണ് ഞാൻ ആണ് ഇതിനൊക്കെ തുടക്കം ഇട്ടത്.. ഞാൻ ആണ് ഏട്ടനെ വിശ്വസിക്കാതെ ഇരുന്നത്.. മാപ്പ്.. നൂറു മാപ്പ്..
ഞാൻ പോകുന്നു.. നല്ലൊരു സുന്ദരിക്കുട്ടിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ഏട്ടന് വിശ്വാസം വരാൻ എന്റെ ഫോൺ ഇവിടെ വെക്കുന്നു.. അതിൽ ഓട്ടോമാറ്റിക് കാൾ റെക്കോർഡിങ് ഉണ്ട്.. അത് കേട്ടാലും കാൾ ഹിസ്റ്ററി നോക്കിയാലും ഏട്ടന് മനസിലാകും..
ഞാൻ ഇതിൽ തെറ്റുകാരി അല്ല എന്ന് മനസിലാക്കാൻ മാത്രം…
ഇനി സ്ഥാനമില്ലാത്ത ഇടത്തു ദുർഗ്ഗ ഒരു ശല്യം ആയി ഉണ്ടാകില്ല.. ഗുഡ്ബൈ ഏട്ടാ…”
ഇത്രയും ആണ് ആ കത്തിൽ ഉണ്ടായിരുന്നത്.. അതിൽ മൊത്തം നനവ് ആയിരുന്നു..
അവളുടെ കണ്ണീർ വീണു നനഞ്ഞതാണ് എന്ന് എനിക്ക് മനസിലായി.
ഞാൻ അവളുടെ ഫോൺ എടുത്തു.. എന്റെ ഫോട്ടോ ആണ് വോൾപേപ്പർ കിടന്നിരുന്നത്.. ഇവൾ ഇതെപ്പൊൾ എടുത്തു എന്ന് എനിക്ക് മനസിലായില്ല..
ലോക്ക് ഇല്ലായിരുന്നു.. ഞാൻ തുറന്നു കാൾ ഹിസ്റ്ററി നോക്കി..
രാത്രികളിൽ പല കാൾസ് ആ സമയം വന്നിട്ടുണ്ട്.. കുറച്ചു ദിവസം ആയി അതൊക്കെ മിസ്ഡ് ആണ്. എടുക്കാത്തത്.
ഞാൻ കാൾ റെക്കോർഡിങ് നോക്കി.
ടൈം നോക്കി എടുത്തു..
“ദുർഗ്ഗെ എനിക്ക് നിന്നെ വേണം.. “
“എനിക്ക് നിന്നെ രാത്രി മൊത്തം അനുഭവിക്കണം.”
“ഇറങ്ങി വാ.. അവൻ ഉറങ്ങുമ്പോൾ വാ.. ഞാൻ പുറത്തു കാറിൽ ഉണ്ട്..”
“ഞാൻ വീടിന്റെ പുറത്തു ഉണ്ട് വാ ദുർഗ്ഗെ എനിക്ക് നിന്റെ ശരീരം വേണം..”
ഇതുപോലെ ഉള്ള കുറെ കാൾ റെക്കോർഡിങ് ക്ലിപ്സ്.. എനിക്ക് വിറഞ്ഞു കയറി…
എന്നാൽ സങ്കടവും തോന്നി.. അവൾ മോശക്കാരി ആണെന്ന് കരുതിയല്ലോ..
എന്റെ ഫോണിൽ ഒരു കാൾ വന്നു.. അവളുടെ അച്ഛൻ ആണ്.. ഞാൻ ഫോൺ എടുത്തു.
“അഹ് മോനെ.. ഞാൻ വരുന്നതിനു മുൻപേ അവളെ ഇങ്ങു വിട്ടു അല്ലെ? സാരമില്ല.. ഞാൻ നോക്കാം അവളെ.. കുറുമ്പി ആണ് എന്നെ ഉള്ളു.. പാവം ആണ് മോനെ അവൾ… സാരമില്ല.. അപ്പൊ ശരി മോനെ.. “
ഫോൺ കട്ട് ആയി. ഞാൻ കരഞ്ഞുപോയി.. ഫോൺ സ്ക്രീൻ എന്റെ കണ്ണുനീർ വീണു നനഞ്ഞു..
വല്ലാത്ത കുറ്റബോധം.. ഛെ… അവളെ വിളിക്കാൻ മാർഗം ഇല്ല..
ഞാൻ കുറച്ചു കാര്യങ്ങൾ ഉറപ്പിച്ചു കുളിച്ചു.. ജീൻസും ഫുൾ സ്ലീവ് ബനിയനും ഒരു ബൂട്ടും ഇട്ടു പുറത്തിറങ്ങി..
താഴേക്ക് ചെന്ന് ഫുഡ് കഴിച്ചു.. അവൾ ഉണ്ടാക്കി വച്ചിട്ടാണ് പോയത്.. പാവം..
അമ്മ കുറെ കാര്യങ്ങൾ ചോദിച്ചു.. അമ്മയോട് ഒന്ന് ക്ഷമിക്കാൻ പറഞ്ഞു ഞാൻ കാറെടുത്തു പുറത്തു ഇറങ്ങി.. ഭാഗ്യത്തിന് അച്ഛനെ കണ്ടില്ല.. നേരെ ഷോപ്പിലേക്ക് ആണ് പോയത്..
അവിടെ ചെന്ന് അകത്തു കയറിയപ്പോൾ രണ്ടോ മൂന്നോ കസ്റ്റമേഴ്സ് ഉണ്ടായിരുന്നു..
“അഞ്ജു എവിടെ?”
ഞാൻ അവരെ അറ്റൻഡ് ചെയ്തു കൊണ്ട് നിന്ന ചെക്കനോട് ചോദിച്ചു..
“അപ്പുറത്തു ഉണ്ട് ഏട്ടാ…”
ഞാൻ അപ്പുറത്തു ചെന്നു. അഞ്ജു ഇവിടെ ക്യാഷ്, അക്കൗണ്ട്സ് എല്ലാം നോക്കുന്ന പെൺകുട്ടി ആണ്.. അവൾ അവിടെ ഉണ്ട്.
“‘മോളെ ഷോപ് നോക്കിക്കോണം.. ഞാൻ ചിലപ്പോൾ കുറച്ചു ദിവസം ലീവ് ആക്കും.. പൈസ ബാങ്കിൽ ഇട്ടാൽ മതി പിന്നെ എന്തെങ്കിലും വേണമെങ്കിൽ എടുത്തോണം..
ചോദിയ്ക്കാൻ നിൽക്കണ്ട.. സ്റ്റോക്ക് നാളെ വരും.. മാനേജ് ചെയ്യണം.. കേട്ടോ?”
“ശരി ഏട്ടാ.. കല്യാണം കഴിഞ്ഞു ചേച്ചിയെ കണ്ടില്ലല്ലോ ഇങ്ങോട്ട്..?”
“കൊണ്ടുവരാം…”
ഞാൻ അതും പറഞ്ഞു പുറത്തു ഇറങ്ങി.. അവിടുന്ന് നേരെ എന്റെ പഴയ ജിമ്മിലേക്ക് പോയി അവിടെ കൂട്ടുകാരെ കുറച്ചു കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു..
അതിനു ശേഷം വണ്ടി നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.. നല്ല സ്പീഡിൽ ആണ് ഓടിച്ചത്..
അവളുടെ വീട് എത്തി തുറന്നു കിടന്ന ഗേറ്റിലൂടെ അകത്തു വണ്ടി കയറ്റി വണ്ടിയിൽ നിന്നും ഇറങ്ങി നേരെ അകത്തു ചെന്നു.
ഡൈനിങ്ങ് റൂമിൽ അവളുടെ അച്ഛനും അമ്മയും തലക്ക് കൈയും കൊടുത്തു ഇരിക്കുന്നുണ്ട്.. എന്നെ കണ്ടു രണ്ടു പേരും ആശ്ചര്യത്തോടെ നോക്കി.
“അച്ഛാ ഇവിടെ ഒരു സാധനം മറന്നു വച്ചിരുന്നു.. അതെടുത്തിട്ടു പൊയ്ക്കോളാം..”
അതും പറഞ്ഞു ഞാൻ മുകളിലേക്ക് ചെന്നു.. അവളുടെ റൂമിലേക്ക്..
റൂം അടച്ചു കിടക്കുകയായിരുന്നു.. ഞാൻ കതകിൽ തട്ടി. അനക്കം ഇല്ല.. വീണ്ടും തട്ടി.
“അമ്മെ എന്നെ ഒന്ന് വെറുതെ വിട്.. “
അകത്തു നിന്നും അവളുടെ അലർച്ച.. ഞാൻ വീണ്ടും കതകിൽ മുട്ടി.. കതകു തുറന്നു അവളെ കണ്ട ഞാൻ ഒന്ന് ഞെട്ടി..
ഇതെന്താ നാഗവല്ലിയോ.. എന്റെ ദുർഗ്ഗ എവിടെ… അങ്ങനെ ആണ് കോലം. മുടി പാറി പറന്ന് കണ്മഷി പടർന്നു ചുവന്ന കണ്ണുകൾ.. തിണിർത്ത മുഖം.
“എട്ടൻ.. ഏട്ടൻ എന്നെ തേടി വന്നതാണോ?”
അവൾ എന്റെ ബനിയൻ പിടിച്ചു ഉലച്ചു.. ഇത് നാഗവല്ലി തന്നെ..
ആവലുടെ ഉയർന്നു താഴുന്ന മാറും, വിറയ്ക്കുന്ന ചുണ്ടും കഴുത്തും..
ചുംബിച്ചു അവളുടെ ആത്മാവ് വലിച്ചു എടുക്കാൻ ആണ് എനിക്ക് തോന്നിയത്..
“ഏയ് നിന്നെ കാണാൻ വന്നതൊന്നും അല്ല.. നമ്മൾ പിരിഞ്ഞതല്ലേ..! ഞാൻ അന്ന് ഒരു സാധനം ഇവിടെ വച്ച് മറന്നിരുന്നു.. അതെടുക്കാൻ വന്നതാണ്…”
ഞാൻ അവളെ പിടിച്ചു മാറ്റി അകത്തു കയറി.. അപമാന ഭാരത്തിൽ അവളുടെ തല താഴ്ന്നു.. പൊട്ടികരയാൻ ഉള്ള മുന്നോടി ആയി കണ്ണുകൾ നിറഞ്ഞു വന്നു..
കഴുത്തു വലിഞ്ഞു മുറുകി.. അവൾ വാതിൽ പാളിയിൽ ചാരി…
ഞാൻ റൂമിൽ എന്തോ തപ്പുന്നത് പോലെ നോക്കി.. അവൾ എന്നെ നോക്കുന്നെ ഇല്ല..
“ദുർഗ്ഗ.. ഇതിനു ഭാരം കൂടുതൽ ആണ്.. സഹായിക്കുമോ?”
എന്റെ ചോദ്യം കേട്ട ഭാവം ഇല്ല.. കരയുകയാണ്.. ശബ്ദം ഇല്ലാതെ..
“എന്നാൽ പിന്നെ ഞാൻ ഒറ്റക്ക് എടുത്തോളാം…”
ഞാൻ അതും പറഞ്ഞു അവളുടെ അടുത്ത് ചെന്ന് അവളെ കോരി കയ്യിൽ എടുത്തു.. ഒരു കൊച്ചിനെ പോലെ..
“ഏഹ്ഹ്ഹ്ഹ്ഹ്…..”
എന്നൊരു ശ്വാസം വലി.. കണ്ണുകൾ മിഴിഞ്ഞു ഇരിക്കുന്നു.. ഇത് ചത്തോ? ഏയ് ഇല്ല വിറക്കുന്നുണ്ട്..
അവളെ പെട്ടെന്ന് പൊക്കിയപ്പോൾ എന്റെ വയറിൽ നല്ലൊരു കൊളുത്തി പിടുത്തം വന്നു.. മുറിവ് ഉണ്ടായ അവിടെ..അത് കാര്യം ആക്കിയില്ല..
എന്നാലും ഞാൻ അവളെയും കൊണ്ട് സ്റ്റെപ് ഇറങ്ങി ചെന്നു.. അവർ രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി അത്ഭുതത്തോടെ നിന്നു..
“അച്ഛാ.. വച്ചു മറന്ന സാധനം കിട്ടി. അപ്പൊ ശരി.. പിന്നെ കാണാം…”
ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.. കാറിന്റെ ഡോർ കുറച്ചു കഷ്ടപ്പെട്ട് തുറന്നു അവളെ സീറ്റിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു..
അതിനു ശേഷം ഡോർ അടച്ചു ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി തിരിച്ചു എടുത്തു റോഡിലേക്ക് കയറ്റി..
ഞാൻ തല ചെരിച്ചു അവളെ നോക്കി.. ഉണ്ടക്കണ്ണുകൾ മിഴിഞ്ഞു ഇരിക്കുന്നുണ്ട്.. മുഖത്തു എന്തോ ഒരു ഭാവം.. സന്തോഷവും അല്ല സങ്കടവും അല്ല..
ഞാൻ വണ്ടി അന്ന് ഞാനും അപ്പുവും പോയ മൊട്ടക്കുന്നിലേക്ക് വിട്ടു.
വണ്ടി നിർത്തി ഞാൻ ഇറങ്ങിയിട്ടും അവൾ അവിടെ തന്നെ ഇരുന്നു.. ഞാൻ ചെന്നു ഡോർ തുറന്നു..
“ഇറങ്ങി വാ…”
അവൾ പകപ്പോടെ ഇറങ്ങി.. കാറിൽ ചാരി നിന്നു.. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല സത്യത്തിൽ.. പിടിച്ചു വച്ച് ഒരു ഉമ്മ
കൊടുത്താലോ? അതോ..
ഞാൻ ഒരു നിമിഷം ചിന്തിച്ചു നിന്നു.. നാക്കിറങ്ങി പോയ അവസ്ഥ.
“ദുർഗ്ഗെ..? “
രണ്ടും കൽപ്പിച്ചു വിളിച്ചു.. കരഞ്ഞു തളർന്ന മിഴികൾ അവൾ എന്റെ നേരെ ഉയർത്തി..
“നമ്മുക്ക് എല്ലാം മറക്കാം.. അല്ലെ? നടന്നതൊക്കെ? അതല്ലെ നല്ലത്?”
ഞാൻ അവളോട് ചോദിച്ച ഉടനെ മുളചീന്തും പോലെ മുഖം പൊത്തി പെണ്ണ് കരയാൻ തുടങ്ങി..
എനിക്ക് തന്നെ സംശയം ആയി.. ഒരു കെട്ടിപിടി പ്രതീക്ഷിച്ച ഞാൻ ഇതാ അവൾ കരയുന്നത് നോക്കി നിൽക്കുന്നു.
“അല്ല..? നീ ഇപ്പൊ എന്തിനാ കരയുന്നെ?”
“പോയതല്ലേ ഞാൻ..? എന്നിട്ട്.. എന്നിട്ട് വീണ്ടും എന്നെ കൊണ്ടുവന്നു പ്രതീക്ഷ തന്നിട്ട്… പിന്നേം എല്ലാം മറക്കണം എന്ന് പറഞ്ഞില്ലേ? “
അവൾ അതും പറഞ്ഞു കരച്ചിൽ തുടർന്നു.. ഇതെന്തു കൂത്ത്?
അവൾ തെറ്റിദ്ധരിച്ചത് ആണെന്ന് മനസിലായി..
ഞാൻ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു മാറ്റി, ഇരുകൈകളും കൊണ്ട് അവളുടെ മുഖത്തു പിടിച്ചു..
“ദേവീ ദുർഗ്ഗെ.. എല്ലാം മറക്കാം എന്ന് പറഞ്ഞത്.. തെറ്റുധാരണകൾ ആണ്.. അല്ലാതെ വേറെ ഒന്നും അല്ല….”
അത് പറഞ്ഞ ഉടനെ ഞാൻ അവളുടെ ചാമ്പക്ക പോലെ തുടുത്ത ചുണ്ടുകളിൽ ഒരു മുത്തം കൊടുത്തു..അവൾ ഒന്ന് ഞെട്ടി..
വീണ്ടും കണ്ണുകൾ ഒഴുകാൻ തുടങ്ങി..
“പൂങ്കണ്ണീർ ഒഴുക്കാതെ ഒന്ന് ചിരിച്ചേ പെണ്ണെ…”
അതും പറഞ്ഞു ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു മുറുക്കി കെട്ടിപിടിച്ചു…
അവളുടെ വിറയ്ക്കുന്ന ഇളം ചൂടുള്ള ശരീരം ആദ്യമായി എന്റെ ദേഹത്ത് മൊത്തമായി അമർന്നു…
അവളുടെ കൈകൾ എന്നെ ചുറ്റിയപ്പോൾ എന്റെ ചുണ്ടിലും പുഞ്ചിരി വന്നു..
സിന്ദൂരം പടർന്നു കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരു ഉമ്മ
കൂടി കൊടുത്തു..
“ഇനി പോണോ നിനക്ക്?”
“മ്മ്ചും… ഏട്ടൻ മതി….”
അവൾ അതും പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എന്റെ നെഞ്ചിൽ അമർന്നു..
എനിക്ക് സന്തോഷം തോന്നി.. തോന്നൽ അല്ല.. സന്തോഷം തന്നെ..
ഞാൻ ഒന്ന് കൂടി അവളെ വലിച്ചു മുറുക്കി. അവൾ എന്നെയും..
“പൊട്ടിപോകുമോ പെണ്ണെ? “
“പോ അവിടുന്ന്…”
അവൾ നെഞ്ചിലേക്ക് നാണിച്ചു മുഖം പൂഴ്ത്തി.. എന്റെ ഫോൺ അടിച്ചപ്പോൾ ഞങ്ങൾ അകന്നു മാറി..
ഫോൺ എടുത്തു കഴിഞ്ഞു ഞാൻ വാട്ട്സ് ആപ്പ് തുറന്നു വന്ന ചിത്രം നോക്കി..
“ഇതൊന്നു നോക്ക് മോളെ…”
ഞാൻ ആ ചിത്രം അവളെ കാണിച്ചു. ഇഞ്ച പരുവം ആക്കി നിലത്തു കിടത്തിയിരിക്കുന്ന രാഹുലിന്റെ ചിത്രം ആയിരുന്നു..
അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ മിഴിഞ്ഞു..
“ഏട്ടൻ ആണോ ഇത് ചെയ്തത്?”
അവൾ ആകാംഷയോടെ ചോദിച്ചു..
“ഞാൻ അല്ല.. പക്ഷെ ഞാൻ പറഞ്ഞിട്ടാണ്…ഇനി അവൻ ശല്യപെടുത്തില്ല.. ഇനി പെങ്ങൾ ആണ് നീ എന്ന് അവനെക്കൊണ്ട് പറയിപ്പിച്ച ശേഷം ആണ് അടി നിർത്താൻ പാടുള്ളു എന്ന് പറഞ്ഞിരുന്നു…
അവനു കുറച്ചു കിട്ടാൻ ഉണ്ടായിരുന്നു..”
അവൾ എന്റെ മുഖത്തേക്ക് നോക്കി.. ഒരു പുഞ്ചിരി വന്നു… കുസൃതി…
“അപ്പൊ.. എന്നോട് സ്നേഹം ഉണ്ട്..”
“സംശയം ഉണ്ടോ?”
“ഇപ്പൊ ഇല്ല.. എന്നാലും ചങ്കു തകർന്നിരുന്നു.. ഏട്ടനെ തെറ്റിദ്ധരിക്കേണ്ടി വന്നതിനും.. മോശമായി പെരുമാറിയതിനും.. മോശം പേരുകൾ വിളിച്ചത്തിനും ഒക്കെ… സത്യത്തിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ഏട്ടാ.. എനിക്ക് ഏട്ടനെ കിട്ടാൻ യോഗ്യത ഇല്ല എന്നൊരു തോന്നൽ….”
അവൾ തെല്ലു സങ്കടത്തോടെ പറഞ്ഞു..
“അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ എന്നെ സ്നേഹിച്ചു പകരം വീട്ടിയാൽ മതി? കേട്ടോ?”
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
“സമ്മതം….!”
“ഈ സമ്മതം ആണ് മോളെ എന്റെ മാനം രക്ഷിച്ചത്…
അല്ലെങ്കിൽ നീ ആലോചിച്ചിട്ടുണ്ടോ? എല്ലാം തയാറാക്കി.. രാത്രി നേരം വെളുക്കും വരെ ഓടി നടന്നു എല്ലാം ചെയ്തു അവസാനം കെട്ടാൻ വച്ച പെണ്ണ് പോയി എന്നും പറഞ്ഞു തിരിച്ചു വരേണ്ട അവസ്ഥ? ഹോ.. “
അത് കേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.. എന്നെ കെട്ടിപിടിച്ചു കൊണ്ടാണ് അവൾ അതിനു ഉത്തരം തന്നത്..
തുടരും
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Durga written by Malakhayude Kamukan
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission