അഗ്നി – 7

2242 Views

agni-novel

അഗ്നി ഗർഭിണി ആണെന്നുള്ള വാർത്ത എല്ലാവർക്കും ഒത്തിരി സന്തോഷം ഉണ്ടാക്കി..

എനിക്ക് ആണെങ്കിൽ അവളുടെ വയറു ചുംബിച്ചു ചുംബിച്ചു മതിയാകുന്നില്ലായിരുന്നു..

“എനിക്ക് എന്തെങ്കിലും പറ്റിയാൽ ഏട്ടൻ ആരുവിനെ കെട്ടണം… നമ്മുടെ കുട്ടിയെ നോക്കാൻ അവൾ മതി.. അവൾ ഞാൻ തന്നെ ആണ്…”

ഒരു ദിവസം അവളെ കെട്ടിപിടിച്ചു കിടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു..

“ഗർഭിണി ആണെന്ന് നോക്കില്ല കേട്ടോ ഞാൻ.. കിട്ടും നിനക്ക് വായിൽ കൊള്ളാത്ത കാര്യങ്ങൾ പറഞ്ഞാൽ….”

ഞാൻ ദേഷ്യപ്പെട്ടു എന്ന് മനസിലായപ്പോൾ അവൾ എണീറ്റിരുന്നു എന്റെ ബനിയൻ വിടർത്തി അതിന്റെ ഉള്ളിൽ കൂടി കയറി തല കഴുത്തിലൂടെ പുറത്തേക്ക് ഇട്ട് കിടന്നു.

അതവളുടെ ഒരു അടവ് ആണ്.. അയഞ്ഞ ബനിയൻ ആണ് ഞാൻ ഇടുന്നത്.. അവൾ അതിൽ കൂടി കയറി കിടക്കും.. വല്ലാത്തൊരു സുഖം ആണ്.. ഒരു ബനിയന്റെ ഉള്ളിൽ ഒരേ മനസും ശരീരവും ആയി….

അതോടെ ഞാൻ ഒതുങ്ങി.. അവളെ മുറുക്കി കെട്ടിപിടിച്ചു കിടന്നു..

അവളെ വീട്ടുകാർ കൊഞ്ചിച്ചു കൊഞ്ചിച്ചു പെണ്ണിന് പിടി വാശികൾ കൂടി വന്നു..

“ഏട്ടാ.. ഏട്ടാ.. എണീക്ക്… ഏട്ടാ…”

കാലു മടക്കി വച്ച് രണ്ടു കൈകളും തുടയുടെ ഇടയിൽ വച്ച് സുഖിച്ചു കിടന്ന ഞാൻ ചാടി എണീറ്റ് ലൈറ്റ്‌ ഓൺ ആക്കി..

ബെഡിൽ ഇരിക്കുകയാണ് കക്ഷി..

“എന്താ വാവേ? വല്ല വയ്യായ്കയും ഉണ്ടോ?”

ഞാൻ ആധിയോടെ അവളോട് ചോദിച്ചു..

“എനിക്ക് ദോശ വേണം ഏട്ടാ…..ഉണ്ടാക്കി തരുവോ?”

അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യം കേട്ട് എനിക്ക് ചിരി ആണ് വന്നത്.. ദേഷ്യം അല്ല..

“നിനക്ക് ഇതേതാ സമയം എന്നറിയുമോ വാവേ?”

“മൂന്ന് മണി കഴിഞ്ഞു ഇരുപതു മിനുറ്റ്‌.. എന്താ??”

അവളുടെ അടുത്ത ചോദ്യം.

“ആഹാ.. ഓർമയുണ്ട് അല്ലെ? എന്നാൽ വാവ വാ.. മാമു തരാംട്ടോ..”

ഞാൻ അവളെ ബെഡിൽ നിന്നും കോരി എടുത്തു താഴേക്ക് ചെന്നു..

അവളെ അടുക്കളയിൽ ഇരുത്തിയ ശേഷം ഞാൻ ഫ്രിഡ്ജ് തുറന്നു ദോശ മാവ് എടുത്തു.. ഇല്ലാത്ത കാര്യം ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ലാട്ടോ…

ദോശക്കല്ല് വച്ച് ഗ്യാസ് കത്തിച്ചു, ആദ്യം കുറച്ചു വെളിച്ചെണ്ണ പുരട്ടി, മാവ് ഒഴിച്ച് പരത്തി.. അവൾ അതൊക്കെ കൊതിയോടെ നോക്കി ഇരിക്കുകയാണ്.. ഞാൻ ഒരു പുഞ്ചിരിയോടെ അല്പം നെയ് എടുത്തു ദോശയിൽ ഒഴിച്ച് നന്നായി മൊരിചു അവൾക്ക് കൊടുത്തു…

“കറു കറു കറു..” എന്ന് പറഞ്ഞു അവൾ അത് കടിച്ചു തിന്നുമ്പോൾ ഞാൻ അടുത്തത് ഒഴിച്ച് പരത്തി..

“ആഹാ ബെസ്റ്റ്‌… കൊള്ളാം….”

അവൾ അത് പറയാൻ മറന്നില്ല.. ഒരു കഷ്ണം എന്റെ വായിലും വച്ച് തന്നു..

ഒരു അനക്കം കേട്ട് നോക്കിയപ്പോൾ അമ്മയും അച്ഛനും വാതിലിന്റെ അവിടെ നിന്ന് ചിരിക്കുന്നു…

ഞങ്ങൾ രണ്ടുപേരും ഒന്ന് ചമ്മി..

“എന്തായാലും കള്ളൻ മാത്രം അല്ലാടി.. ഇത് കള്ളനും കള്ളിയും ഒരുമിച്ചാണ്.. വാ നമുക്ക് പോകാം..”

അച്ഛൻ അമ്മയെ വിളിച്ചു പോയി.. എനിക്ക് ആകെ നാണക്കേട് ആയി എങ്കിലും എന്റെ ഭാര്യക്ക് അങ്ങനെ ഒരു സാധനം ഇല്ല.. അവൾ ഇപ്പോഴും ദോശ തിന്നുകയാണ്.. എന്നെ നോക്കി ചിരിക്കുന്നതും ഉണ്ട്..

ഇതൊക്കെ ആണ് അഗ്നി..

ഇതുപോലെ തന്നെ അവളുടെ പിടിവാശികൾ കൂടി വന്നു..അവളെന്ന പ്രണയ ദേവതയിൽ മുഴുകിയിരുന്ന ഞാൻ അതൊരു തമാശകൾ ആയിട്ടാണ് എടുത്തത്.. ഒരിക്കലും അവൾ എനിക്കൊരു ശല്യം ആയി തോന്നിയില്ല..

അവളുടെ എട്ടാം മാസം ആയപ്പോൾ ആരുഷി വീട്ടിലേക്ക് വന്നു..

അതിപ്പോഴും പഴയതു പോലെ തന്നെ..

ചില സമയങ്ങളിൽ സ്നേഹവും എന്നാൽ ചിലപ്പോൾ കൊല്ലാനും വരുന്ന സ്വഭാവം.. അത് കൊണ്ട് തന്നെ അല്പം അകൽച്ച എനിക്ക് അവളോട് ഉണ്ട്.. ആവശ്യം വന്നാൽ മാത്രമേ ഞാൻ സംസാരിക്കുള്ളൂ. അന്ന് കത്തി എടുത്തു വെട്ടാൻ വന്നതിൽ ഞാൻ അങ്ങനെ ആണ്..

സ്കാൻ ചെയ്തപ്പോൾ ഒക്കെ ഒരു കുഴപ്പവും ഇല്ലാതിരുന്നത് സന്തോഷം ഉണ്ടാക്കി…

അവസാനം.. അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. വെളുപ്പിനെ ആണ് കൊണ്ടുപോയത്..

അവളെ ലേബർ റൂമിൽ കയറ്റിയത് മുതൽ എനിക്ക് വല്ലാത്ത വിഷമം ആയിരുന്നു.. അവൾ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല..

“അഗ്നിയുടെ ഒപ്പം വന്ന അഭി, ആരുഷി? ഒന്ന് വരുമോ?”

ഒരു നേഴ്സ് വന്നു എന്നെയും ആരുവിനെയും വിളിച്ചപ്പോൾ ഞാൻ ഓടി ചെന്നു..

“എന്താ???”

“ഒന്നും ഇല്ല.. അവൾക്ക് നിങ്ങളോടു രണ്ടുപേരോടും ഒന്ന് സംസാരിക്കണം എന്ന്…”

അത് കേട്ടപ്പോൾ എനിക്ക് സമാധാനം ആയി.. അകത്തു ചെന്നു.. എന്റെ പുറകെ ആരുഷിയും ഉണ്ടായിരുന്നു..

കരിംപച്ച ഡ്രെസ്സും ഇട്ടു കിടക്കുന്ന അഗ്നി.. ഞങ്ങളെ കണ്ടപ്പോൾ ഒരു പുഞ്ചിരി വിടർന്നു..

“വാവേ….”

ഞാൻ ചെന്ന് അവളുടെ കൈ പിടിച്ചു.. ആരുഷി ഒപ്പം വന്നു നിന്നു..

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഏട്ടാ.., ആരു.. നോ പറയരുത്.. സമ്മതം എന്നല്ലാതെ പറയരുത്.. ഇതെന്റെ ആഗ്രഹം ആണ്…”

അവൾ രണ്ടുപേരോടും കൂടി പറഞ്ഞു.

ഞാൻ ആരുഷിയെ നോക്കി.. അവളുടെ മുഖം ചുവന്നു.. കണ്ണുകൾ ചുവന്ന് വല്ലാത്തൊരു രൂപം… ഇവൾക്ക് എന്താ എന്ന് ഞാൻ ചിന്തിച്ചു.

“വാവേ.. എന്ത് പറഞ്ഞാലും സമ്മതം.. നീ പറയുന്ന എന്തും…..”

ഞാൻ വാക്ക് കൊടുത്തു.. അവൾ ആരുഷിയെ നോക്കി..

“സമ്മതം…”

അടഞ്ഞ ശബ്ദം..

“എന്റെ വയറിൽ കൈ വെക്ക്…”

അഗ്നി പറഞ്ഞപ്പോൾ ഞാൻ അവളുടെ വയറിൽ കൈ വച്ചു.. ഒപ്പം ആരുഷിയും….”

അവൾ ഞങ്ങളെ ഒന്ന് നോക്കി..

“ഏട്ടാ.. ഇനി ഞാൻ തിരിച്ചു വരില്ല.. ഏട്ടൻ ഇന്നേക്ക് പതിനാലാം ദിവസം ആരുഷിയുടെ കഴുത്തിൽ മിന്നു കെട്ടണം… എനിക്ക് ഉണ്ടാകുന്ന എന്റെ കുട്ടിയെ നിങ്ങൾ വേണം വളർത്താൻ.. അവൾക്ക് അമ്മ ഇല്ലാതാകരുത്.. നമ്മൾ എങ്ങനെ ജീവിച്ചോ അത് പോലെ നിങ്ങൾ ജീവിക്കണം… എന്നാൽ മാത്രമേ എനിക്ക് ശാന്തി കിട്ടുകയുള്ളു…”

അഗ്നി പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞെട്ടി വിറച്ചു പുറകോട്ടു മാറി…

“മോളെ. നീ? എന്താ വാവേ??”

എന്റെ കണ്ണിൽ നിന്നും വെള്ളം ചാടി….

“മറുചോദ്യങ്ങൾ ഇല്ല.. സമ്മതം പറ.. എന്റെ വയറ്റിൽ തൊട്ടു…”

അവൾ എന്നെ നോക്കി.. എന്നെ അതിശയിപ്പിച്ചു കൊണ്ടും ഞെട്ടിച്ചു കൊണ്ടും ആരുഷി ചുണ്ടുകൾ അനക്കി..

“സമ്മതം…!”

ഞാൻ പകച്ചു നോക്കി….

“ഏട്ടാ………”

അഗ്നി എന്നെ നോക്കി വിളിച്ചു.. ഉടനെ അവളെ കൊണ്ടുപോകാൻ നേഴ്സ് വന്നു..

ഞാൻ വിറച്ചു കൊണ്ട് അവളുടെ വയറിൽ തൊട്ടു….

“സമ്മതം…..”

വിറയ്ക്കുന്ന ശബ്ദത്തിൽ ആണ് ഞാൻ അത് പറഞ്ഞത്..

“ഇനി എനിക്ക് ഒരു ഉമ്മ

താ…”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…

അവളെ നേഴ്സ് കൊണ്ടുപോയി.. ഞാൻ പുറത്തേക്ക് ഇറങ്ങി വന്നു.. അകെ മരവിച്ചതു പോലെ..

ഭിത്തിയിൽ ചാരി നിന്ന് ഞാൻ ചുറ്റും നോക്കി.. കുറച്ചു മാറി വീട്ടുകാർ ഇരിക്കുന്നുണ്ട്..

ആരുഷി എന്റെ എതിർ ഉള്ള ഭിത്തിയിൽ.. അവളുടെ കണ്ണുകൾ ചുവന്ന്.. അവളെ വിറക്കുന്നുണ്ട്… ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“ആരു.. അവൾ വെറുതെ ഓരോന്ന്.. ഇനി അതോർത്തു ടെൻഷൻ ആകേണ്ട…”

ഞാൻ ഒരു ചിരി ഉണ്ടാക്കി പറഞ്ഞു..

അവൾ എന്റെ മുഖത്തേക്ക് നോക്കി.. വല്ലാത്തൊരു ഭാവം..

“അവൾ ഇനി വരില്ല.. “

അവൾ പതിയെ പറഞ്ഞു.. അവളെ വല്ലാതെ വിറക്കുന്നു.. പനിക്കുന്നത് പോലെ..

ഞാൻ ഞെട്ടി പുറകോട്ട് മാറി ഭിത്തിയിൽ ചാരി നിന്നു..

എനിക്ക് ആരുഷിയോട് വല്ലാതെ ദേഷ്യം തോന്നി… എന്നാലും അത് ഒതുക്കി നിന്നു… എന്റെ മനസ് കൈവിട്ടു പോകും എന്നുതോന്നി..

സമയം കടന്നു പോയി..

“അഗ്നിയുടെ വീട്ടുകാർ? “

എന്റെ അച്ഛൻ മുൻപോട്ട് ചെന്നു.. ഉടനെ ഡോക്ടർ പുറത്തേക്ക് വന്നു..

“പെൺകുട്ടി ആണ്..കുട്ടി സുഖം ആയി ഇരിക്കുന്നു.. പക്ഷെ.. ……..”

ഞാൻ അത് ശരിക്ക് കേട്ടില്ല.. തലയിൽ ഒരു ഇടി വെട്ടിയത് പോലെ മരവിപ്പ്.. ചോര വാർന്നു പോകും പോലെ… കൈകാലുകൾ തളരുന്നു…

ഞാൻ ചുറ്റും നോക്കി.. എല്ലാവരും അലറി കരയുന്നു.. അവർക്കൊന്നും ഒച്ച ഇല്ല..

എനിക്ക് ഒന്നും കേൾക്കുന്നില്ല.. ആരുഷി ഭിത്തിയിൽ പിടിച്ചു തല കുനിച്ചു നിൽക്കുന്നത് എനിക്ക് കാണാം…

എന്റെ ഹൃദയം ഇടിപ്പ്  നിർത്തിയിരിക്കുന്നു…

***

തല ഭാഗത്തു നിലവിളക്കും വച്ച് വെളുത്ത തുണിയിൽ പൊതിഞ്ഞു പുഞ്ചിരിച്ചു കിടക്കുന്ന അഗ്നിയുടെ കാൽച്ചുവട്ടിൽ ചമ്രം പടിഞ്ഞു ഞാൻ ഇരുന്നു…

ഒരു ഒച്ചയും ഞാൻ കേൾക്കുന്നില്ല..

ഇല്ല.. ഇതെന്റെ അഗ്നിയുടെ ഒരു കുസൃതി ആണ്.. അവൾ ഇനി എണീറ്റ് വരും..

ഏട്ടാ എന്ന് വിളിച്ചു ഓടി വന്നു എന്നെ കെട്ടിപ്പിടിക്കും..

ഞാൻ അവൾ ഉണരുന്നതും കാത്തു അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു..

ആരൊക്കെയോ വന്നു എന്നോട് എന്തൊക്കെയോ പറയുന്നു..

ഒന്നും കേൾക്കുന്നില്ല..

“ഇങ്ങനെ വച്ചാൽ എങ്ങനെയാണ്? ദഹിപ്പിക്കണ്ടേ?”

ആരോ ചോദിച്ചത് എന്റെ ചെവിയിൽ മുഴങ്ങി.. ഞാൻ ഞെട്ടി ചുറ്റും നോക്കി..

“ഇല്ല… ഇല്ലാ.. ദഹിപ്പിക്കണ്ട.. എന്റെ വാവക്ക് പൊള്ളും.. സമ്മതിക്കില്ല ഞാൻ….. വാവേ…”

അതും പറഞ്ഞു ഞാൻ അവളുടെ മരവിച്ച കാലുകളിൽ കെട്ടിവരിഞ്ഞു കിടന്നു..

അതോടെ അലറി കരഞ്ഞു ഞാൻ… എല്ലാം പുറത്തു വന്നു.. എന്റെ അഗ്നി പോയി എന്ന സത്യം….

കരഞ്ഞു കരഞ്ഞു എപ്പോഴോ ബോധം മറഞ്ഞു… ആരൊക്കെയോ എന്നെ വലിച്ചു മാറ്റി..

അഗ്നിയെ തൊടിയിൽ ഒരു കോണിൽ അടക്കുകയാണ് ചെയ്തത്..

ഒരു കല്ലറ കെട്ടി.. ജനനം എഴുതി.. മരണം… “ജീവിക്കുന്നു ഞങ്ങളിലൂടെ…” എന്നാണ് എഴുതിയത്..

***

ഏഴാം ദിവസം.. കല്ലറക്കരികിൽ നിൽക്കുകയായിരുന്നു ഞാൻ.. കരഞ്ഞു കണ്ണുനീർ വറ്റിയിരുന്നു..

“ഏട്ടൻ നമ്മുടെ കുട്ടിയെ കണ്ടോ? ഞാൻ ആണ് അവൾ…”

കാതിൽ ഇളം കാറ്റിന്റെ ഒപ്പം ഒരു മർമരം.. അഗ്നിയുടെ ശബ്ദം…

ഞാൻ അകത്തേക്ക് ഓടി ചെന്നു.. ചേച്ചിയുടെ റൂമിൽ.. ചേച്ചിയുടെ കയ്യിൽ വാവ കിടക്കുന്നു…

ഞാൻ അവളെ കോരി എടുത്തു.. കയ്യിൽ ഇരുന്നു ആ കൊച്ചു സുന്ദരി കണ്ണ് തുറന്നു എന്നെ നോക്കിയപ്പോൾ ആ കണ്ണുകൾ ഞാൻ കണ്ടു.. എന്റെ അഗ്നിയുടെ കണ്ണുകൾ..

അവളുടെ അച്ഛൻ ആണെന്ന് അറിഞ്ഞിട്ടാകും അവൾ ഒരു ശബ്ദം ഉണ്ടാക്കി കണ്ണ് വിടർത്തി എന്നെ നോക്കി…

“വാവേ… അഗ്നി വാവേ……”

അറിയാതെ എന്റെ ചുണ്ടുകൾ മന്ദ്രിച്ചപ്പോൾ ആ കൊച്ചു സുന്ദരി ചിരിച്ചു..

ഞാൻ അവളെയും കൊണ്ട് മുകളിലേക്ക് നടന്നു.. എന്റെ റൂമിൽ ആരുഷി ഉണ്ടായിരുന്നു.. അവൾ അഗ്നി പോയതോടെ ആരോടും മിണ്ടിയിട്ടില്ല.. വല്ലാത്ത ഒരു കോലം.. കരയുന്നതും ഇല്ല. അഗ്നിയുടെ ഒരു നൈറ്റിയും കെട്ടിപിടിച്ചു ഇരിപ്പാണ്..

“ആരുഷി….? അഗ്നി.. അവൾ പോയിട്ടില്ല.. നീ നോക്കിക്കേ? ഇവളെ ഒന്ന് നോക്കിക്കേ??”

ഞാൻ വാവയെ അവളുടെ മടിയിൽ വച്ചു..

അവൾ എന്തോ ശബ്ദം ഉണ്ടാക്കി ആരുഷിയെ നോക്കി.. ആരുഷി അവളെ കണ്ണ് പറിക്കാതെ നോക്കി..

“അഗ്നി… എന്റെ അഗ്നി..”

എന്ന് വിളിച്ചു അവൾ ആ കൊച്ചിനെ ചേർത്ത് വച്ച് അലറി കരഞ്ഞു… നിർത്താതെ.. മണിക്കൂറുകളോളം..

****

പതിനാലാം ദിവസം..

വീട്ടുകാരുടെ സാനിധ്യത്തോടെ അഗ്നിയുടെ ആഗ്രഹപ്രകാരം അവളുടെ  കല്ലറയുടെ മുൻപിൽ വച്ച് ഞാൻ ആരുഷിയുടെ കഴുത്തിൽ മിന്ന് കെട്ടി…

തുടരും

ക്ഷമിക്കണം.. ഈ പാർട്ട് വായിച്ചു ദേഷ്യം തോന്നിയിട്ടുണ്ടാകാം.. എന്നാലും ഇതൊരു റിയൽ സ്റ്റോറി ആയതുകൊണ്ട് മാറ്റം വരുത്താൻ കഴിയില്ല.. സ്നേഹത്തോടെ..

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

4.2/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അഗ്നി – 7”

Leave a Reply