Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 10

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

10

ആകാശത്തിന്റെ ആയിരം കിളിവാതിലുകൾ അടഞ്ഞു. മുഖമൊളിപ്പിച്ചു മറഞ്ഞുനിന്ന സൂര്യൻ കിഴക്കൻ കുന്നുകൾക്കപ്പുറത്തുനിന്നു പതിയെ പുറത്തുവന്നു. വെള്ളക്കെട്ടുകൾ പതിയെ അടങ്ങുകയും ഒതുങ്ങുകയും ചെയ്തു. ആറ്റിലൂടെ പൊങ്ങിയൊഴുകിയിരുന്ന തിരിച്ചറിയാപ്രേതങ്ങളുടെ എണ്ണം കുറഞ്ഞു. അടരാതെ പിടിച്ചുനിന്ന പാലങ്ങളുടെ കീഴിലെ വെള്ളം മത്സരയോട്ടം മതിയാക്കി കീഴ്പോട്ടിറങ്ങി.
പരമുവിന്റെയും, ചാക്കോയുടെയും കുടുംബങ്ങൾ കൊച്ചുപുരയിലെ താമസം മതിയാക്കി സ്വന്തം കുടിലുകളിലേക്കു തിരിച്ചുപോയി.
പ്രകൃതി ബലികൊടുത്ത കർഷകന്റെ ജീവിതം മണ്ണിൽ ചിന്നിച്ചിതറിക്കിടന്നു. എവിടെനിന്നു തുടങ്ങണമെന്നറിയാതെ കുഞ്ഞച്ചൻ പറമ്പിന്റെ ഒരറ്റത്ത് നിശബ്ദനായി നിന്നു. എല്ലാം വെള്ളം കൊണ്ടുപോയി. പണിയെടുത്തു പരിപാലിച്ച തന്റെ കൃഷിഭൂമി ഇപ്പോൾ ചേറുനിറഞ്ഞു കിടക്കുന്നു. ആയിരം തിരിയുള്ള തന്റെ കൊടിമുളകിന്റെ തലകൾ ചേറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു.
അയാൾക്കു ഉറക്കെ കരയണമെന്നു തോന്നി. ഒന്നുമറിയാത്ത ഭാവത്തിൽ ചിരിച്ചുനിൽകുന്ന മാനത്തെ അയാൾ ക്രുദ്ധനായി നോക്കി. പല്ലുകൾക്കിടയിൽ തെറിവാക്കുകൾ ഞെരിഞ്ഞു.
ഓമനിച്ചു വളർത്തിയ കൃഷി പോയി!
ഓമനിച്ചു വളർത്തിയ മകൻ പോയി!
ഉച്ചതിരിഞ്ഞു വലിയൊരു ചിരി മുഖത്തുതേച്ചു ചാക്കോ കയറിവന്നു. എളിയിൽ ഒളിപ്പിച്ച അകംപുറംകാണാവുന്ന ഒരു നീളൻ കുപ്പി അയാൾ പുറത്തെടുത്തു. തെങ്ങിൻ തൊണ്ട് ചെത്തി കൂർപ്പിച്ചെടുത്ത് മുറുക്കിയടച്ചിരിക്കുന്ന കുപ്പിയുടെ വായ്.
“ഇന്നലെ വാറ്റിയതാ.. സൊയമ്പൻ..” ചാക്കോ വിശദീകരിച്ചു.
ഉമ്മറത്ത് എല്ലാം നോക്കിയറിഞ്ഞ് അനുകമ്പയോടെ പുഞ്ചിരിക്കുന്ന യേശുദേവന്റെ ചിത്രം ഒഴിവാക്കി, കുഞ്ഞച്ചൻ വീടിന്റെ പിന്നിലൂടെ ആരും കാണാത്തൊരു ദൂരത്തേക്ക് കുപ്പിയുമായി പോയി. രണ്ടു ചിരട്ടകളും, മാങ്ങാ അച്ചാറും കൂട്ടുപോയി.
അൽപസമയത്തിനുള്ളിൽ തന്നെ തലക്കുള്ളിലെ മുറുക്കം അയഞ്ഞു. മുഖത്തെ വലിഞ്ഞു നിന്ന പേശികൾ ഇളകി. മ്ലാനത കരിന്തിരി കത്തിയ കണ്ണുകളിൽ മിന്നുന്ന ചൂട്ടുകറ്റകളുടെ തിളക്കമെത്തി.
“ഒക്കെ വെള്ളം കൊണ്ടു പോയി.. കുഴിച്ചുവെച്ചതും, വളർന്നതും, കുലച്ചതും, വിളവെടുക്കാതെ നിർത്തിയതും എല്ലാം പോയി… ”
കുഞ്ഞച്ചൻ വികാരാധീനനായി. ചാക്കോ തത്വചിന്തകനായി
“നമ്മളൊന്നും കൊണ്ടുവന്നിട്ടില്ല.. നമ്മളൊന്നും കൊണ്ടുപോകത്തില്ല..”
ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു
നാളെ അത് മറ്റാരുടേതോ ആകും, മാറ്റം പ്രകൃതി നിയമമാണ്”
കുഞ്ഞച്ചന് അതത്ര മനസ്സിലായില്ല. ഇന്നലെയും മിനിങ്ങാന്നും ഒക്കെ ഈ കണ്ട കൃഷികളൊക്കെ എന്റേതായിരുന്നു. കല്ലും കാടും പിടിച്ച മണ്ണ് വെട്ടിക്കിളച്ചു പൊന്നാക്കിയത് എന്റെ അപ്പനും, പിന്നെ ഞാനും കൂടിയാണ്. നാളെ ആർക്കും പ്രയോജനമില്ലാതെ അതെല്ലാം വേമ്പനാട്ടുകായലിലേക്കു ഒഴുകിപ്പോയി.
“ഹാ ..പുഷ്പമേ, അധിക തുംഗ പദത്തിലെത്ര ..” ചാക്കോ പാടിത്തുടങ്ങി. കുപ്പിയ്ക്കുള്ളിൽ ചകിരി തിരിക്കിയടച്ചിരുന്ന ഭൂതങ്ങൾ ഇപ്പോൾ പുറത്തിറങ്ങി ചാക്കോയുടെ തലയ്ക്കുള്ളിലും വട്ടം ചുറ്റി. ചേറുവെള്ളം കെട്ടിക്കിടക്കുന്ന പറമ്പിലേക്ക് രണ്ടു കൈകളും വീശി അയാൾ തുടർന്നു
“ശോഭിച്ചിരുന്നിതെത്ര രാജ്ഞി കണക്കെ നീ
ശ്രീഭൂവിലസ്ഥിര അസംശയമിന്നു നിന്റെ-
യഭൂതിയെങ്ങു പുനരെങ്ങു കിടപ്പതോർത്താൽ..”
കുഞ്ഞച്ചനും ചാക്കോയും, ദൂരെ നിഷ്കളങ്കത അഭിനയിച്ചു ഒഴുകുന്ന പുഴയെ നോക്കിയിരുന്നു.
“പാടിക്കോളൂ ചാക്കോ..”
ചാക്കോ ഈണവും ഭംഗിയുമില്ലാത്ത ആലാപനം തുടർന്നു . അയാളുടെ ശബ്ദം വിശന്നുകരയുന്ന ഒരു കോലാടിനെ ഓർമിപ്പിച്ചു.
അയാൾ പാടിപ്പാടി നാടന്പാട്ടിന്റെ ഈരടികളിലേക്കെത്തി.
തന്നിന്നം താനിന്നം തന്നാനെ തക
തന്നിന്നം താനിന്നം തന്നാനെ
ചാക്കോ പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കും, ഒരു താളത്തിൽ നിന്ന് മറ്റൊന്നിലേക്കും ഒരു കുരങ്ങനെപ്പോലെ ചാടിക്കളിച്ചു.
തിത്തെയ് തായ് തെയ് തെയ് താരോ
തക തെയ് തെയ് തെയ് താരോ
പാട്ടുകൾ കൊഴുത്തു; കുഞ്ഞച്ചനും കൂടെക്കൂടി.
“കുന്നെലെ കണ്ടമവിടെ കണ്ടെത്തീ ….അവിടെ കിടന്നൊരു മാവ് കിളിച്ചേ
മാലമ്മാ ലോരയ്യാ
ഞാനിപ്പ പോകുമ്പോ മാമ്പൂവു കണ്ടേ ….ഞാനിപ്പ വന്നപ്പോ മാമ്പഴം കണ്ടേ
മാലമ്മാ ലോരയ്യാ
തോൾചേർന്നു മാവ് കുടഞ്ഞേ….ഓടിയോ ചാടിപ്പെറുക്കുന്ന പെണ്ണേ
മാലമ്മാ ലോരയ്യാ”
പാട്ടുകളുടെ അവസാനവും, തകർന്നു വീണ പാവൽ പന്തലുകളുടെ കീഴിലെ ചെളിവെള്ളം പോലെ സങ്കടം കുഞ്ഞച്ചന്റെ നെഞ്ചിൽ തളം കെട്ടിക്കിടന്നു. വീണുപോയതൊക്കെ ഉയർത്തിക്കൊണ്ടുവരാൻ ഒരു കൈതാങ്ങില്ലല്ലോ!
കഞ്ഞികുടിക്കാതെ, പ്രാർത്ഥിക്കാതെ, അന്നുരാത്രി കുഞ്ഞച്ചൻ ഉറങ്ങി. അന്നാമ്മ സഹതാപത്തോടെ അയാളെ നോക്കി. രാത്രിയേറെ ചെന്നിട്ടും അവർ തനിയെയിരുന്നു പ്രാർത്ഥിച്ചു.
കുഞ്ഞച്ചൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. ഇടക്കൊക്കെ വന്നിരുന്ന ചാക്കോയുടെ പാട്ടുകൾ തൊടിയിലെ തെങ്ങിൻ ചുവട്ടിൽ ഉയരുമ്പോൾ അയാൾ കണ്ണുകളടച്ചു ജീവിതത്തിന്റെയും അധ്വാനത്തിന്റെയും വ്യർത്ഥതയെപ്പറ്റി ഓർത്തിരുന്നു ദുഖിച്ചു.
അന്നാമ്മ ഉപദേശിക്കാനൊന്നും പോയില്ല. പക്ഷെ അവർ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം അന്നാമ്മ പരമുവിന്റെ വിളിപ്പിച്ചു.
“നോക്ക് പരമു.. നമുക്ക് ഈ പറമ്പോക്കെ ഇങ്ങനെ ഇട്ടാൽ മതിയോ? ഒക്കെ വൃത്തിയാക്കണം. കുറേശ്ശേ കൃഷിയിറക്കണം. നാളെ മുതൽ രണ്ടാളെ കൂട്ടി വരണം”
കുഞ്ഞച്ചൻ ഒരു അപരിചിതനെപ്പോലെ ഉമ്മറത്തിണ്ണയുടെ മൂലയിൽ കുത്തിയിരുന്നു.
അന്നാമ്മ കുഞ്ഞച്ചനോട് പറഞ്ഞു.
“അച്ചായൻ എത്ര കഷ്ടപെട്ടതാ.. കുറച്ചു വിശ്രമിക്കു..പണിക്കാരു വരട്ടെ; പതിയെ ഒക്കെ ശരിയാക്കി എടുക്കണം.”
രാവിലെ പരമുവും, രാജനും, കേശവനും വന്നു ജോലികൾ തുടങ്ങി. അന്നാമ്മ പെണ്മക്കളെ വിളിച്ചു. അമ്മിണിയും ലീലാമ്മയും അമ്മയോടൊത്തു പറമ്പിലേക്കിറങ്ങി. സാറാമ്മ വീട്ടിലിരുന്നോളാൻ അന്നാമ്മ ഉപദേശിച്ചു.
പരമുവിന്റെ പണിക്കൊരു ആയമുണ്ട്; അയാൾ മറ്റാളുകൾക്കു നിർദ്ദേശം കൊടുക്കുകയും മുൻപിൽ നിന്ന് പണിയെടുക്കുകയും ചെയ്തു.
ഇടയ്ക്കു അന്നാമ്മ കലത്തിൽ കഞ്ഞി കൊണ്ടുവന്നു ഇരുമ്പു പിഞ്ഞാണിയിൽ വിളമ്പി. കൂട്ടാൻ മുളകും ഉള്ളിയും ചതച്ചിളക്കിയ തൈരും.
ചാവടിയിൽ മലർന്നു കിടന്ന കുഞ്ഞച്ചന് കിടക്കാൻ പറ്റിയില്ല. പറമ്പിലെ പണികളും ഒച്ചകളും അയാളുടെ ചെവിയിലേക്ക് എത്തുന്നുണ്ടായിരുന്നു. കുറെ നേരം കിടന്നിട്ടു അയാൾ ഒരു തൂമ്പയുമെടുത്തു അവർക്കിടയിലേക്കിറങ്ങി.
“അച്ചായന് കഞ്ഞി വിളമ്പട്ടേ..” അന്നാമ്മ ചോദിച്ചു..
“വരട്ടെടി..ദേഹമനങ്ങാതെ കഞ്ഞി കുടിക്കാൻ പാടില്ല..ശരിയല്ലെ പരമു?..”
എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.
ഉച്ചതിരിഞ്ഞപ്പോൾ ചാക്കോയുടെ നിഴൽ വെട്ടം കണ്ടെന്നു അന്നാമ്മക്കു തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോൾ ദൂരെ തെങ്ങിന്റെ അപ്പുറത്തു വരണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുന്ന ചാക്കോയെ കണ്ടു.
“ചാക്കോ.. ചാക്കോ.. ഇങ്ങോട്ടു പോരെ..” അന്നാമ്മ ഉറക്കെ വിളിച്ചു.
ചെറിയ സങ്കോചത്തോടെ ചാക്കോ മുന്നിലെത്തി.
“എന്തൊക്കെയുണ്ട് ചാക്കോ?.”
“ഒന്നുമില്ലേ..”
“വല്ലതും കൊണ്ടുവന്നിട്ടുണ്ടോ?”
അവൻ ഇളിഭ്യനായി നിന്നു.
“അരയിലുള്ളതിങ്ങു തന്നോളൂ..” അന്നാമ്മ അടുത്തേക്ക് ചെന്ന് കൈ നീട്ടി.
ചാക്കോ തന്റെ എളിയിലൊളിപ്പിച്ച കുപ്പി പുറത്തെടുത്തു. അന്നാമ്മ അത് വാങ്ങി എല്ലാവരെയും കാണിച്ചു ചോദിച്ചു
“ആർക്കാണിത് വേണ്ടത്?.. ആർക്കെങ്കിലും വേണോ?”
ആരും ഉത്തരം പറഞ്ഞില്ല. കുഞ്ഞച്ചൻ ഒന്നും കേൾക്കാത്തതുപോലെ ശക്തിയിൽ മണ്ണ് കൊത്തിക്കിളച്ചുകൊണ്ടിരുന്നു. അന്നാമ്മ കുപ്പിയുടെ വായിൽ നിന്ന് പിരിച്ചുകയറ്റിയിരുന്ന തൊണ്ടിന്റെ തുണ്ടു വലിച്ചു തുറന്നു. ഒന്ന് മണത്തിട്ടു സ്വയം പറഞ്ഞു.
“ഹോ.. എന്തൊരു മണം!.”
അന്നാമ്മ അനുവാദം ചോദിക്കുന്നതു പോലെ എല്ലാവരെയും കുപ്പി ഉയർത്തിക്കാട്ടി.
“ആർക്കും വേണ്ടങ്കിൽ ഇതങ്ങു കളഞ്ഞേക്കാം.. എന്താ?.” അന്നാമ്മ കുപ്പി പതിയെ മണ്ണിലേക്ക് ചെരിച്ചു. മദിപ്പിക്കുന്ന മണവുമായി അത് മണ്ണിലേക്ക് ഒരു ശബ്ദമുണ്ടാക്കി ഇളകിച്ചാടി.
അന്നാമ്മ കുപ്പി ദൂരേക്ക്‌ എറിഞ്ഞു കളഞ്ഞിട്ടു, ചാക്കോയുടെ മുഖത്തേക്ക് ഒന്ന് നോക്കി. കടിഞ്ഞാൺ കയ്യിലെടുത്ത ഒരു കുടുംബിനിയുടെ ഉറച്ച നോട്ടം. ചാക്കോ മുഖം കൊടുക്കാതെ കൊന്നത്തെങ്ങിന്റെ മണ്ടയിലേക്കു നോക്കി.
അന്നാമ്മ ചാക്കോയോട് ഉറക്കെത്തന്നെ പറഞ്ഞു.
“ചാക്കോ.. പെരുമഴ വന്നു എല്ലാം നശിച്ചു നിൽകുവാ.. ഒരു കൈതന്നാൽ പണിയൊക്കെ ഒന്ന് പെട്ടെന്നാവും..”
അന്നാമ്മ പരമുവിന്റെ വിളിച്ചു..
“പരമു.. എന്തെങ്കിലും പണി ചാക്കോയ്ക്ക് കൊടുക്കൂ..”
പരമു ഒരു ചിരിയോടെ ചാക്കോയെ കൂട്ടി, മൂലയിൽ അടിഞ്ഞുകൂടിയ ചവറു പെറുക്കാൻ ഏല്പിച്ചു.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!