Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 44

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

44
രാത്രിക്കാറ്റ് പനിക്കാറ്റ് എന്നുപറഞ്ഞത് അച്ചട്ടായി. നെറ്റിയിൽ ചെറിയ ചൂട് അനുഭവപ്പെട്ടു. ക്രമേണ അത് ദേഹനൊമ്പരവും ചുമയുമായി മാറി. ചുമച്ചമ്പോൾ പൊട്ടിയ വാരിയെല്ലിന്റെ ഭാഗത്തു കടുത്ത വേദന. പത്രോസ് നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു.
“സൂക്ഷിക്കണം പത്രോസേ, ഇനി അധികം കാറ്റു കൊള്ളേണ്ട..” കാർത്യായനി ഒരു ചെറിയ വൈദ്യൻ കൂടിയാണ്. അവർ പഞ്ചമിയോട് പറഞ്ഞു ” നീ പോയി, കുറച്ചു തുളസി ഇലേം, പൂത്തുമ്പയും പൊട്ടിച്ചു കൊണ്ടുവാ..”
പഞ്ചമി തൊടിയിലേക്കു പോയി.
തുളസിയിലയും പൂത്തുമ്പയും തിളപ്പിച്ച വെള്ളത്തിൽ കുരുമുളക് പൊടിച്ചിട്ട് രണ്ടുനേരം പത്രോസ് കുടിച്ചു. കാർത്യായനി അടുത്തു വന്നിരുന്നു നെറ്റിയിൽ കൈവച്ചു നോക്കി.
“പനീണ്ട്..കഞ്ഞി കുടിച്ചു കിടന്നോളൂ..”
കോപ്പപിഞ്ഞാണിയിലെ ചൂടുകഞ്ഞി മൊത്തിക്കുടിക്കുന്നതിനു കാവലായി പഞ്ചമി നിന്നു.
“ഇച്ചിരി ചമ്മന്തി കൂട്ടി കുടിക്ക്..”
“ഞാൻ പതിയേ കുടിച്ചോളാം..”
“വേണ്ട, ഞാൻ പാത്രമെടുത്തു പോവ്വാ, മുഴുവൻ കുടിച്ചിട്ട് പാത്രം താ..”
പത്രോസ് പഞ്ചമിയെ നോക്കി; പച്ചപ്പുള്ളിയുള്ള നീളൻ പാവാട കണങ്കാൽ വരെ ഒഴുകിനിന്നു. വെളുപ്പിൽ മഞ്ഞപൂക്കളുള്ള ഉടുപ്പും, കഴുത്തിൽ ഏലസ്സ് കെട്ടിയ കറുത്ത ചരടും.
“ചന്ദ്രൻ എവിടെ?”
“ചേട്ടൻ രാവിലെ പോയി. ചായ കുടിക്കാതെ പോയതിന് അമ്മ വഴക്കും പറഞ്ഞു..”
അയാൾ ഒന്നും പറഞ്ഞില്ല. ചന്ദ്രൻ ഈയിടെയായി വലിയ തിരക്കുകളാണ്.
“നിങ്ങടെ സമരം എന്നാ തീരുന്നേ?”
“ഇതൊരു യുദ്ധം പോലെയാ, ആര് ജയിക്കൂന്ന് പറയാൻ വയ്യ. ശക്തി കൂടുതലുള്ളോർ ജയിക്കും..”
“നിങ്ങൾക്ക് ശക്തിയുണ്ടല്ലോ..”
“ഉണ്ട്, ഒരുപാടു പേരുടെ ആത്മശക്തി..ജയിക്കും, ഈ സമരം ജയിച്ചില്ലെങ്കിൽ പിന്നെ , നമ്മടെ കഷ്ടപ്പാടുകൾ ഒക്കെ വെറുതെയാവില്ലേ ?”
പഞ്ചമി മനസ്സിലായെന്ന മട്ടിൽ തലയാട്ടി പാത്രവുമെടുത്തു പോയി.
നെറ്റിയിലെ ചെറിയ ചൂടുമായി തുടങ്ങിയത്, തലയ്ക്കുള്ളിൽ ഒരു ഭാരമായി വളർന്നു. കണ്ണുകൾക്കുള്ളിൽ പുകച്ചിൽ. താങ്ങുവടി മൂലയ്ക്ക് വച്ച് പത്രോസ് ചായ്പ്പിലെ പായിലേക്കു ഒതുങ്ങി.
ചന്ദ്രൻ ഉച്ചതിരിഞ്ഞപ്പോഴേക്കും തിരിച്ചെത്തി. വൈക്കത്തെ വിശേഷങ്ങൾ പറയാനൊരുങ്ങുമ്പോൾ കാർത്യായനി ഇടപെട്ടു.
“നീയെന്തു നടപ്പാ നടക്കുന്നത് ചന്ദ്രാ, ഊണില്ല, ഉറക്കമില്ല, ഇങ്ങനേം ഉണ്ടോ ഒരു സാമൂഹ്യപ്രവർത്തനം? നീ പോയി കുളിച്ചിട്ടു വാ, അമ്മ ഭക്ഷണം എടുത്തു വെക്കുവാ, അതൊക്കെ കഴിഞ്ഞിട്ട് മതി ബാക്കി കാര്യങ്ങളൊക്കെ.”
അമ്മമാർ എപ്പോഴും അമ്മമാർ തന്നെ. കുഞ്ഞുങ്ങളുടെ മുഖത്തു നോക്കുമ്പോൾ അവർക്ക് അവരുടെ വയറു കാണാൻ പറ്റും. കാർത്യായനി കൂടെയിരുന്ന് ചന്ദ്രന് ഭക്ഷണം കൊടുത്തു.
“അങ്ങോട്ട് കഴിക്ക്.. നീ എത്ര ദിവസമായി എന്തെങ്കിലും നന്നായി കഴിച്ചിട്ട്? ഉടലുണ്ടേലെ ഉയിരുള്ളൂ.. നീ കേട്ടിട്ടില്ലേ.. അതുകൊണ്ടു ഇച്ചിരേം കൂടി കഴിക്ക്. എന്നിട്ട് പത്തുമിനിറ്റ് വെറുതെ കിടന്നോ.. ക്ഷീണമൊക്കെ പമ്പ കടക്കും..”
ചന്ദ്രൻ പത്തുമിനിറ്റ് മയങ്ങാനായി കിടന്നു; ഏതാനും മിനിറ്റുകൾക്കുള്ളിൽ അയാൾ ഗാഢനിദ്രയിലേക്ക് വഴുതിവീണു. കാർത്യായനി വാതിൽക്കൽ എത്തിനോക്കിയിട്ടു ചിരിച്ചു “ഉറങ്ങിക്കോട്ടെ. വിളിക്കേണ്ട ..”
ഒരുപാടു വാർത്തകളുമായാണ് ചന്ദ്രൻ ഉണർന്നത്.
സത്യാഗ്രഹപ്പന്തൽ പുതിയ ആവേശത്തിലാണ്. തിരുവനന്തപുരത്തു അനുരഞ്ജന ചർച്ചകൾ തകൃതിയിൽ നടക്കുന്നതിനെ പറ്റിയാണ് എല്ലാവരും സംസാരിക്കുന്നത്..കേളപ്പജി മുൻകൈയെടുത്തു തിരുവന്തപുരത്തുതന്നെയുണ്ട്. വിട്ടുവീഴ്ചകളിലൂടെ ഇരുപക്ഷവും സഞ്ചരിച്ചാൽ, രണ്ടു വർഷങ്ങളായുള്ള ഈ സമരത്തിന് ഒരു അവസാനമാവും. ജയിലുകളിൽ നിറയെ സത്യാഗ്രഹികളുണ്ട്. ഇതിനൊരു അവസാനമായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചു.
തേവനെയും രാമനെയും ബന്ധുക്കൾ വന്നു എറണാകുളത്തേക്കു കൂട്ടികൊണ്ടു പോയി. എറണാകുളത്ത് കണ്ണിന്റെ പ്രത്യേക ചികിത്സകൾ ലഭിയ്ക്കും. കാഴ്ച പോയീന്നു തന്നെയാണ് ഡോക്ടർമാർ ഇപ്പോഴും പറയുന്നത്. രണ്ടാളും കൈയ്യിൽ വടിയുമായി നടക്കാൻ ശ്രമിക്കുന്നത് കണ്ടു എല്ലാവരുടെയും കണ്ണ് നനഞ്ഞു.
ആശുപത്രി വിടുന്നതിനു മുൻപേ രാമൻ ചന്ദ്രന്റെ കൈയിൽ പിടിച്ചു പറഞ്ഞു
“പോകട്ടെ, ഇനി കാണാമെന്നു പറയാൻ ഇപ്പോൾ ഞങ്ങൾക്ക് കണ്ണുകൾ ഇല്ലല്ലോ..”
എരിവും പുളിയും ചേർത്ത കഥകളും കവിതകളുടെ കുസൃതികളുമായി സത്യാഗ്രഹപ്പന്തലിൽ ഓടിനടന്ന രാമൻ അയാളുടെ ജ്യേഷ്ഠന്റെ കൈപിടിച്ച് ആശുപത്രി വിട്ടു.
തേവന്റെ മനസാന്നിധ്യം ചന്ദ്രനെ അത്ഭുതപ്പെടുത്തി. ആ ചെറുപ്പക്കാരൻ അചഞ്ചലമായി നിന്നു ചന്ദ്രനെ ആശ്വസിപ്പിച്ചു.
“ഇതൊന്നും കണ്ടു വിഷമിക്കരുത്. തളരുകയുമരുത്. നമ്മൾ തളർന്നുകാണാനാണ് അവർ ആഗ്രഹിക്കുന്നത്. എന്റെ കണ്ണുകൾ പൊട്ടിച്ചതുകൊണ്ട്, അവരുടെ തനിനിറം ആരും കാണില്ലെന്നാണ് അവരുടെ തെറ്റിദ്ധാരണ. അവർക്കുള്ള മറുപടികൾ പിറകെ വരുന്നുണ്ട്. താമസിച്ചാലും, സത്യം ജയിക്കും. ഞാൻ ഇവിടൊക്കെ തന്നെയുണ്ടാവും. നിങ്ങൾ ധൈര്യം കൈവിടരുത്…”
ഇണ്ടൻതുരുത്തിമനയിലെ ചട്ടമ്പികളിലൊരാൾ, കുറുപ്പ് ഇന്നലെ അപകടത്തിൽ പെട്ടു. വഴിവക്കിൽ ചോരവാർന്നു കിടക്കുകയായിരുന്നു. ഇനിയും ബോധം കിട്ടിയിട്ടില്ല. വയറ്റിലെ മുറിവിൽ നിന്നു കുടൽമാല പുറത്തുചാടി എന്നൊക്കെയാണ് കേൾക്കുന്നത്.
ഇൻസ്‌പെക്ടർ ഇളവളകൻ ഭ്രാന്തെടുത്തു പൊലീസുകാരെ നാലുപാടും ഓടിക്കുകയാണ്. കാടനക്കുന്നത് കടുവ ആണെങ്കിലും അടിമുഴുവൻ കാട്ടുപച്ചക്ക് എന്ന സ്ഥിതിയാണ്. നാട്ടുകാരെ പിടിച്ചു ചൂരലടി കൊടുക്കുന്നതാണ് അവരുടെ പ്രധാന പരിപാടി. സത്യാഗ്രഹ ആശ്രമത്തിലും പോലീസ് ചെല്ലുന്നുണ്ട്.
“കുറുപ്പിനെ ആക്രമിച്ചവർ ആരാണ് ?” പത്രോസ് ചന്ദ്രന്റെ മുഖത്തേക്ക് ഊന്നി നോക്കി.
“ആരുമാവാം..” ചന്ദ്രൻ അക്ഷോഭ്യനായി മറുപടി നൽകി
“ഇണ്ടംതുരുത്തിക്കാർ ഞെട്ടിയിരിക്കുകയാണ്. അവരുടെ ശിങ്കിടിപ്പടയിലെ ഒരു പ്രധാനിയാണ് ആശുപത്രിയിലായത്. പോലീസ് കിട്ടുന്നവരെയൊക്കെ പൊക്കുന്നുണ്ട്. എല്ലാം ഒന്ന് തണുക്കുന്നതു വരെ മാറി നിൽക്കണം.”
ഭാസ്കരനും കാർത്യായനിയും ചായ്പ്പിലേക്ക് കയറിവന്നു.
“നോക്കു, കട്ടവനെ കിട്ടിയില്ലെങ്കിൽ, കിട്ടിയവനെ പോകുന്ന രീതിയാ പൊലീസിന്. അവരുടെ മുന്നിൽപോയി ചാടേണ്ട. അവരുടെ നീക്കങ്ങളറിഞ്ഞുവേണം ഇനി കാര്യങ്ങൾ. നീ വൈക്കത്തേക്കു ഉടനെ പോകേണ്ട..” ഭാസ്കരൻ പറഞ്ഞു.
അധികം താമസിയാതെ, ഭാസ്കരൻ ചന്ദ്രനെയും കൂട്ടി പുറത്തേക്കു പോയി.
പത്രോസിന്റെ തലയ്ക്കു ഭാരം കൂടിവന്നു. അയാൾ പായിൽ ചടഞ്ഞിരുന്നു. ദേഹം മുഴുവൻ പരന്നുകയറിയ ചൂട് പൊള്ളുന്ന പനിയായി മാറി. കാർത്യായനി പനികൂർക്കയുടെ ഇലകൾ കൊണ്ടുവരുവാൻ പഞ്ചമിയെ വിട്ടു.
രാത്രിയേറെച്ചെന്നു. സമയമറിയാത്ത അന്തരീക്ഷത്തിലൂടെ ഒഴുകുകയാണ് പത്രോസ്. ഉയരങ്ങളിലെ ആകാശത്തിനു കീഴിൽ വൈക്കം കായൽ ഓളമടിച്ചു കിടന്നു. ഇരുകരകളും പൊട്ടുകൾ പോലെ ദൂരത്ത് അവ്യക്തമായി കിടന്നു. നിറഞ്ഞു കിടക്കുന്ന കായൽ പരപ്പിൽ ഓളങ്ങളുയർത്തുന്ന കാറ്റ്. തുഴയില്ലാത്ത വള്ളത്തിൽ മലർന്നുകിടന്ന് പത്രോസ് ആകാശം കണ്ടു. കുളിർന്ന കാറ്റിൽ അടിമുടി തണുത്തുവിറച്ചു. തണുപ്പ് നെഞ്ചിലേക്ക് സർപ്പങ്ങളെപ്പോലെ ഇഴഞ്ഞു. ഇയ്യക്കട്ടകൾ വെച്ച കൺപോളകൾ അയാൾക്ക് തുറക്കുവാനായില്ല.
വലിയ കരിമ്പടക്കെട്ട് ദേഹത്തു വീണു. കരിമ്പടക്കെട്ടിനുള്ളിലൂടെ ദേഹത്തു പൊതിയുന്ന ചൂട്. നെഞ്ചിന്റെ തണുത്ത വിറയലിലേക്ക് ചൂടുള്ള മനുഷ്യചൂര്. കഴുത്തിലേക്കടിക്കുന്ന ചൂടുനിശ്വാസങ്ങൾക്കൊപ്പം ദേഹത്തു വരിഞ്ഞുകെട്ടുന്ന കൈകളിലെ കുപ്പിവളക്കിലുക്കം. ചൂടിന്റെ കതിരുകൾ പൊട്ടിവിടരുന്ന നെഞ്ചിൽ ശീതപാളികൾ അലിഞ്ഞു. കാലുകളിലേക്ക് കാലുകൾ പുണഞ്ഞു. അയാൾ വിയർക്കുവാൻ തുടങ്ങി.
വിയർപ്പിൽ നനഞ്ഞ പായിൽ പത്രോസ് കണ്ണു തുറന്നു. അയാൾ പതിയെ എഴുന്നേറ്റിരുന്നു. ഓലമറയ്ക്കുള്ളിലേക്ക് സൂര്യരസ്മികൾ കയറി, അവ തറയിൽ വെളിച്ചത്തുണ്ടുകൾ വിതറിയിരിക്കുന്നു.
പഞ്ചമി ചൂടുചായയുമായി വന്നു നെറ്റിയിൽ തൊട്ടുനോക്കി.
“പനി വിട്ടല്ലോ..” അവളുടെ മുഖം തെളിഞ്ഞു.
അയാൾ അവളുടെ മുഖത്തേക്ക് നോക്കി.
“ഇന്നലെ നീ…”
“ഇന്നലെയില്ല…” അവൾ പറഞ്ഞു.
“എന്ത്?”
“ഇന്നലെ ഞാനില്ല…” അവൾ ചിരിച്ചുകൊണ്ട് ഓടിപ്പോയി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!