Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 43

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

43
സത്യാഗ്രഹികളുടെ ആശ്രമവും, അറസ്റ്റും, വൈകിട്ടത്തെ സമ്മേളനവും, ഇണ്ടംതുരുത്തി ചട്ടമ്പികളുടെ കൈയേറ്റവും ഒക്കെ രണ്ടാം വർഷവും തുടരുന്നതിനാൽ വൈക്കം നിവാസികൾക്ക് ആദ്യമൊക്കെയുണ്ടായിരുന്ന പുതുമ നഷ്ടപ്പെട്ടിരുന്നു. എല്ലാം സാധാരണ സംഭവങ്ങൾ.. ജീവിതം പഴയപടി തുടർന്നു. അവർക്കിടയിൽ ഭൂലോക ശക്തികേന്ദ്രമായി വൈക്കത്തപ്പൻ അചഞ്ചലനായി നിലകൊണ്ടു. ക്ഷേത്രത്തിലെ ദൈനംദിനനിഷ്ഠകൾ ഒരു തടസ്സവുമില്ലാതെ തുടർന്നു.
ലോകം ഗാഢനിദ്രയിലായിരിക്കുന്ന പുലർകാലെ മൂന്നുമണിക്ക് തന്ത്രിമാർ നട തുറന്നു. ശിവലിംഗത്തിലെ അലങ്കാരങ്ങൾ അഴിച്ചുമാറ്റി തുടർന്ന് ശംഖാഭിഷേകം. ഭഗവാനെ അണിയിച്ചൊരുക്കാൻ കൂവളമാലയും, തുമ്പപ്പൂമാലയും, രുദ്രാക്ഷമാലയും. നാലുമണിക്ക് ഉഷഃപൂജ. തുടർന്ന് എതിരേറ്റു പൂജയും, ശീവേലിയും.
സത്യഗ്രഹപന്തലിൽ ഇഡ്ഡലിപ്പാത്രത്തിൽ വെള്ളം തളിച്ച് തണുക്കാൻ വെക്കുമ്പോഴേക്കും, ആനപ്പള്ള മതിലിനുള്ളിൽ ശ്രീകോവിലിൽ പന്തീരടി പൂജ തുടങ്ങും. ഉച്ചപൂജയും ശീവേലിയും കഴിഞ്ഞ് നടയടക്കുമ്പോൾ മണി പന്ത്രണ്ട്.
ഉച്ചകഴിഞ്ഞാൽ സമരപന്തലിൽ പത്രങ്ങളും, ആഴ്ചപ്പതിപ്പുകളും, മാസികകളും വട്ടം ചുറ്റുന്ന സമയമാണ്. സന്ദർശകരുണ്ടാവും, ജയിലിൽ പോയി വന്നവരുണ്ടാവും, ഉച്ചയൂണ് കഴിഞ്ഞു മയങ്ങുന്നവരുണ്ടാവും.
നാലുമണിക്ക് നട വീണ്ടും തുറക്കും, പിന്നെ ഭക്‌തജനങ്ങളുടെ വൈകുന്നേരത്തെ ഒഴുക്ക് തുടങ്ങുകയായി. സൂര്യാസ്തമയത്തിങ്കൽ ദീപാരാധന. എട്ടുമണിക്ക് അത്താഴപൂജയും ശീവേലിയും കഴിഞ്ഞാൽ ഒമ്പതുമണിക്ക് നടയടക്കും.
ഇവിടെ ചന്ദനപ്രസാദമില്ല; വലിയ അടുക്കളയിലെ ചാരമാണ് ഭസ്മമായി ലഭിക്കുക. മൂന്നു നേരങ്ങളിൽ മൂന്നു ദൈവീകഭാവങ്ങളിൽ വൈക്കത്തപ്പൻ ദിവസേന അവതരിച്ചു.
രാവിലെ ദക്ഷിണാമൂർത്തിയായി അറിവ് തേടുന്ന കുഞ്ഞുങ്ങളെയും, അവരുടെ രക്ഷാകർത്താക്കളെയും അനുഗ്രഹിക്കും. ഉച്ചക്ക് കിരാതമൂർത്തിയായി ശത്രുനാശകനായും, വൈകിട്ട് രാജരാജേശ്വരനായി ഭാര്യാഭർത്താക്കന്മാർക്ക് ഐശര്യദായകനായും അവതരിക്കും.
കാക്കി നിക്കറും കാക്കി ഉടുപ്പും, ചുവന്നകരയുള്ള കാക്കിത്തൊപ്പിയും, തുകൽ സഞ്ചിയുമായി അഞ്ചൽപിള്ള സുകുമാരൻ നായർ ഓടിക്കൊണ്ടിരുന്നു. മണികെട്ടിയ അരപ്പട്ടയിൽ നിന്നുയരുന്നതിനേക്കാൾ കൂടുതൽ ശബ്ദം അയാളുടെ കിതപ്പിനുണ്ടായിരുന്നു.
തിരുവന്തപുരത്തു നിന്ന് ശംഖ് മുദ്രയുള്ള ഓരോ കത്തിലും ഇളവളകന് സന്തോഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അയാൾ ഞെളിപിരികൊണ്ടു. ഇണ്ടംതുരുത്തിമനയിലെ ശിങ്കിടിപ്പടയെക്കൊണ്ട് തൊഴിൽഭീഷണി നേരിടുകയായിരുന്നു അയാൾ. വൈക്കത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ വേണം.
ഒരു സവർണ്ണൻ കൊല ചെയ്യപ്പെട്ടു. നിരവധി സത്യാഗ്രഹികൾ പരുക്കുകളുമായി ആശുപത്രിയിലായി. ഒരു ബ്രാഹ്മണന്റെ കണ്ണുകൾ നഷ്ടപ്പെടുത്തി. കൂടെ ഒരു പുറംജാതിയുടെയും കണ്ണുകൾ പൊട്ടിച്ചു.
ദേശീയവേദികളിൽ തിരുവിതാംകൂർ വിമർശിക്കപ്പെട്ടു. മനുഷ്യരുടെ കണ്ണുകളിൽ പച്ചചുണ്ണാമ്പു എഴുതുന്ന ദൈവത്തിന്റെ കാവൽക്കാരാനെന്നു പറയുന്ന ഇണ്ടംതുരുത്തിമനക്കെതിരെ നടപടി വേണമെന്നു മുഖപ്രസംഗങ്ങൾ പത്രങ്ങൾ മുൻപേജുകളിൽ അച്ചടിച്ചു. ശക്തരായ കോൺഗ്രസ്സ് നേതാക്കൾ നടപടികൾക്കായി തിരുവനന്തപുരത്തു മുറവിളി കൂട്ടി.
ഇളവളകന്റെ പോലീസ് ഇണ്ടംതുരുത്തിമനയിലെത്തി. കൈമളും, കുറുപ്പും, കൂട്ടാളികളും രാവിലത്തെ കസർത്തിനുവേണ്ടി എണ്ണതേച്ചു പെരുപ്പിച്ചു നിൽക്കുകയായിരുന്നു.
കൈമളെയും കുറുപ്പിനെയും മറ്റു കൂട്ടാളികളെയും അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിനെ കൈമൾ വെല്ലുവിളിച്ചു.
“ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ അടിച്ചു വീഴിച്ചിട്ടു കൊണ്ടുപോയ്‌ക്കോളൂ..”
കാക്കിനിക്കറും ചുവപ്പൻ കൂർത്ത തൊപ്പിയും കൈയിൽ ലാത്തിയുമായി പോയ നാലു പോലീസുകാർ പരസ്പരം നോക്കി. കണാരൻ ഗുരുക്കളുടെ ശിഷ്യന്മാരോടു എങ്ങിനെ പൊരുതും? കൈമളും കുറുപ്പും ഏതാനും അഭ്യാസങ്ങൾ കാണിച്ചുകൊടുത്തു. അതുകണ്ടു തൃപ്തരായി അവരുടെ ആരാധകരായാണ് പോലീസുകാർ തിരിച്ചുപോയത്.
കമ്പിസന്ദേശങ്ങൾ തെക്കുവടക്കു പറന്നു. ഇല്ലത്തേക്ക് പോലീസ് കയറിച്ചെന്നത് വൈക്കം നിവാസികളേക്കാൾ മുൻപേ അറിഞ്ഞത് തിരുവന്തപുരം രാജകൊട്ടാരത്തിലായിരുന്നു.
അഞ്ചലോട്ടക്കാരൻ വീണ്ടും ഓടി. ഇത്തവണ ഇളവളകനെ തേടിവന്ന സന്ദേശം, പുരാതനമായ ഇണ്ടംതുരുത്തിമനയിൽ പോലീസിനെ കയറ്റി ആ പവിത്രമായ മണ്ണ് കളങ്കപ്പെടുത്തിയതിനു കാരണം കാണിക്കൽ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.
ഇളവളകൻ തന്റെ ഇളകുന്ന കസേരയിലേക്ക് തളർന്നു വീണു.
ഒൻപതു മണിക്ക് നടയടക്കുന്നതോടെ വൈക്കം പട്ടണം പതിയെ ഉറങ്ങുവാൻ തുടങ്ങും. കടകളുടെ തട്ടികൾ വീഴ്ത്തി ഓടാമ്പലുകൾ ഇടും. കായൽക്കരയിൽ നിന്നും വീടുപറ്റാൻ പോകുന്ന വഴിയാത്രക്കാരുടെ എണ്ണവും കുറഞ്ഞു വരും.
വാഴമന റോഡിലൂടെ കിഴക്കോട്ടു നടന്നാൽ, പുളിഞ്ചുവട് റോഡിലെത്താം. അവിടെ തിരിഞ്ഞു അല്പം നടന്ന് പൈങ്ങളപ്പൊഴി റോഡിലേക്ക് കയറിയാൽ കുട്ടിമാളുവിന്റെ വീടെത്തും. വേലുനായരുടെ മടിശീലയിൽ നിന്ന് വാങ്ങിച്ച അരരൂപാ നാണയങ്ങളുടെ ആത്മവിശ്വസത്തിലായിരുന്നു കുറുപ്പ്. വാതിലിന്റെ കുറ്റിയിൽ മൂന്നു തട്ടിയാൽ, കുട്ടിമാളുവിനറിയാം ആരാണ് പുറത്തെന്ന്. കുറുപ്പിന് വേണ്ടി അവൾ വാതിൽ തുറന്നുകൊടുത്തു. അയാളെ കാത്തുമടുത്തതിലുള്ള പരിഭവങ്ങളുമായി കുട്ടിമാളു അയാളുടെ പലവട്ടം കേട്ട പൗരുഷക്കഥകൾ ചേർന്നിരുന്നു കേട്ടു. ചെരുപ്പ് പുറത്തിട്ടു വാതിൽ കുറ്റിയിട്ടാൽ, ആ കിടപ്പുമുറി പിന്നെ അവരുടേത് മാത്രമായ ലോകമായിത്തീരും. ഇനി ആരാനും വന്നാലും ചെരുപ്പിന്റെ ഭാഷ എല്ലാവർക്കും അറിയുമല്ലോ..
അല്പം സേവിക്കുന്ന സ്വഭാവം കുറുപ്പിനുള്ളതുകൊണ്ടു അതിനുള്ള ഒരുക്കങ്ങളും കുട്ടിമാളു ചെയ്തുവെക്കുമായിരുന്നു.
താംബൂലത്തേക്കാൾ കുറുപ്പിന് പ്രിയം തെങ്ങിൻ ചാരായം തന്നെ. നിർബന്ധിച്ചപ്പോൾ, ഒരു കവിൾ കുടിച്ചു, ‘ഇതെങ്ങിനെ കുടിക്കുന്നു’ എന്ന് ചോദിച്ചു മുഖത്ത് ഒരു അത്ഭുതഭാവം വരുത്തി, കുറുപ്പിന്റെ പൗരുഷത്തെ അവൾ പുകഴ്ത്തി. കുട്ടിമാളുവിന്റെ നാവിൽ സരസ്വതിയാണ്. കിടപ്പറയിൽ അവൾ രതീദേവിയാണ്. അയാളുടെ മടിക്കുത്തഴിച്ചു, അതിലൊളിപ്പിച്ച അര രൂപാ നാണയങ്ങൾ മാറ്റിവെയ്ക്കാൻ കുട്ടിമാളു മറക്കാറില്ല.
വഴിവിളക്കുകളില്ലാത്ത വഴിയിൽ നിലാവെളിച്ചം പരന്നു കിടന്നു. ആകാശത്തു മേഘക്കെട്ടുകളിൽ പൂർണചന്ദ്രൻ ഒളിച്ചുകളിച്ചു. ശരീരത്തിലെ ചൂടിറങ്ങിയപ്പോൾ തലയിലെ പെരുപ്പുമാത്രം ബാക്കി. കുപ്പിയുടെ ചുവടു കമഴ്ത്തി അവസാനത്തെ തുള്ളിയും മോന്തി കുറുപ്പ് എഴുന്നേറ്റു. ഇറങ്ങുംമുൻപ് കുട്ടിമാളുവിനെ ചേർത്തു പിടിച്ചൊരു ഉമ്മയും കൊടുത്തു അയാൾ വഴിയിലേക്കിറങ്ങി.
കൊല്ലക്കുറവൻ ദൂരെ മരക്കൊമ്പിലിരുന്നു ഒച്ചയിട്ടു. വഴിയുടെ ഓരത്ത് സമൃദ്ധമായി വളർന്ന പച്ചപ്പുകളിൽ നിലാവ് തട്ടിത്തിളങ്ങി. ആകാശത്തിലെ കാർമേഘങ്ങൾക്കിടയിലൂടെ ഒഴുകുന്ന പൂർണ്ണചന്ദ്രൻ… നിലാവിൽ കുളിച്ചുകിടന്ന വഴിയിൽ ചിതറിക്കിടന്ന ചീട്ടുകളിൽ കുറുപ്പിന്റെ കണ്ണുകൾ ഉടക്കി. ശിവകാശിക്കാരുടെ അച്ചടിയന്ത്രത്തിൽ നിന്നുവന്ന ചീട്ടുകൾ …അവയുടെ പിന്നാമ്പുറത്തു അതിസുന്ദരികളുടെ നഗ്നചിത്രങ്ങളായിരുന്നു. മുലക്കച്ചയുടെ കെട്ടഴിച്ചു കളിയാക്കിച്ചിരിക്കുന്ന ഇംഗ്ലീഷ് സുന്ദരികളുടെ ചിത്രങ്ങൾ..നഗ്നമായ നെടുവിരിയൻ പുറം കാട്ടി കഴുത്തുവെട്ടിച്ചു നോക്കുന്ന തമിഴ് പെണ്ണുങ്ങൾ..
കുറുപ്പ് വഴിയിൽ കുത്തിയിരുന്ന് ഓരോന്നോരോന്നായി പെറുക്കിയെടുത്ത്, അവയുടെ സൗന്ദര്യം ആസ്വദിച്ചു.
ചന്ദ്രൻ കാർമേഘങ്ങൾക്കിടയിലേക്ക് തല വലിച്ചു. പിന്നിൽ കാൽപെരുമാറ്റം കേട്ടെന്നുതോന്നി കുറുപ്പ് തലതിരിച്ചുനോക്കി.
നനഞ്ഞ ഒരു വലിയ തുണി അയാളുടെ മുഖത്തേക്കു വീണു. അതെത്രയോ തവണ ചുഴറ്റി അയാളുടെ തലയെ പലതവണ ചുറ്റി. എന്താണെന്ന് തിരിച്ചറിയും മുൻപേ കഴുത്തിന്റെ പിന്നിൽ ശക്തിയായി ഒരു അടിയേറ്റ്, എഴുന്നേൽക്കാൻ ശ്രമിച്ച അയാൾ വഴിയിലേക്ക് കമഴ്ന്നു വീണു.
കൈകൾ പിന്നിലേക്ക് വരിഞ്ഞുകെട്ടിയപ്പോൾ കൈത്തണ്ടകളിലെ തൊലിയുരിഞ്ഞു ചോരവാർന്നു . അയാളെ ബലമായി തിരിച്ചുകിടത്തി. ഇപ്പോൾ ശ്വാസം കഴിക്കാനാവുന്നില്ല. നനഞ്ഞ തുണിയിലൂടെ ജീവശ്വാസത്തിനു വേണ്ടി അയാൾ വലിച്ചു.
കാൽതുടകൾക്കു മുകളിൽ ആരോ ഇരിപ്പുറപ്പിച്ചു. ഇരുതോളുകളും മറ്റാരോ മണ്ണിലേക്ക് അമർത്തിപ്പിടിച്ചു. മുകളിലിരുന്ന് ആൾക്ക് ധാരാളം കൈവിരുതുള്ളതുപോലെ, കാൽതുടയിലെ ബെൽറ്റിൽനിന്നും ഒരു എല്ലിൻപിടിയിൽതീർത്ത കത്തി ഊരിയെടുത്തു. ഇടതു വാരിയെല്ലിന്റെ കോണിൽ അയാൾ കത്തിയിറക്കി, ശ്രദ്ധാപൂർവം അതിനെ ഇടത്തുനിന്നു വലത്തേക്ക് നീക്കി. കുറുപ്പിന്റെ വയർ അസാധാരണമായി വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. ഇരുമ്പുചക്രത്തിൽ രാകിയെടുത്ത കത്തിയുടെ ഇരുതലകൾക്കും എത്ര മൂർച്ചയാണ്, അത് ഇളംകരിക്കിലെന്നപോലെ വയറിലൂടെ ഒഴുകി വലത്തേ അറ്റത്തേക്കെത്തി. ഒന്നോ രണ്ടോ തവണ കുടൽകുഴലുകൾ കത്തിയിൽ തട്ടിയോ എന്നു തോന്നി.
നനഞ്ഞ തുണിക്കു പിന്നിൽ ഉയരാനാവാത്ത അലർച്ചയും പിടയലും….. കുറുപ്പ് ഉയരാൻ ശ്രമിച്ചപ്പോൾ ആരോ ഇരുതോളുകളും മണ്ണിലേക്ക് ഇടിച്ചിറക്കി. ചോരക്ക് ചുവപ്പാണെന്ന് ആരാണ് പറഞ്ഞത്? പിളർപ്പിലൂടെ അത് കറുത്ത നിറമായി തള്ളിത്തള്ളി പുറത്തേയ്‌ക്കൊഴുകി.
പാഴ്മരങ്ങളും മുൾചെടികളും തിങ്ങിവളർന്ന വഴിയരികിലെ കുപ്പയിലേക്ക് കുറുപ്പ് നീണ്ട ഉറക്കത്തിനായി പോയി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!