Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 46 (Last part)

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

46
പാഴ്‌മരങ്ങളുടെയും മുൾപ്പടർപ്പുകളുടെയും ഇടയിലൂടെ കുറുപ്പ് ഇഴഞ്ഞു പുറത്തേക്കു വന്നു. വഴിയുടെ ഓരത്തേക്ക് തലനീട്ടുമ്പോഴേക്കും അയാളുടെ ബോധത്തിന്റെ അവസാനകണിക കൂടി ചോർന്നു പോയിരുന്നു.
ആശുപത്രിയിലേക്ക് എടുത്ത നാട്ടുകാർ, അയാൾ മരിച്ചുവെന്നു കരുതി. പക്ഷെ അയാൾക്ക് ജീവിക്കാനായി കുറെ ദുരിതനാളുകൾ കൂടി ഈശ്വരൻ ബാക്കി വെച്ചിരുന്നു. പുറത്തേക്കു മുറിഞ്ഞുവീണ കുടൽമാലകളുമായി അയാൾ ആശുപത്രി വരാന്തയിൽ ചികിത്സക്കായി കാത്തുകിടന്നു.
കൈമളും കൂട്ടാളികളും കുറുപ്പിന്റെ കിടപ്പു കണ്ടു ഭയചകിതരായി. അഭ്യാസിയായ കുറുപ്പിനെ ഈവിധം ആക്രമിച്ചു വീഴിച്ചവർ ആരെന്നു ഓർത്തു അവർ ഭയന്നു. ശങ്കുപിള്ളയുടെ ശവമെടുത്തപ്പോൾ, അയാളുടെ മരണത്തിനു കണക്കു ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്ത ചിറ്റേടത്തെ മച്ചുനന്മാരാണോ? സത്യാഗ്രഹപ്പന്തലിൽ മുഴുവൻ ഗാന്ധിയുടെ അഹിംസാവാദികളും പച്ചക്കറികളുമാണ്. പിന്നെയാര്? കുട്ടിമാളുവിന്റെ ഖ്യാതി വൈക്കത്തിന് പുറത്തേക്കും പരന്നിരുന്നു. കുറുപ്പിന്റെ ചൂട്ടുകറ്റ മിന്നിച്ചുള്ള യാത്രകളുടെ എണ്ണം കൂടിയപ്പോൾ അതിൽ അസ്വസ്ഥരായ മുൻകാമുകന്മാരാണോ?
ഇണ്ടംതുരുത്തിമനയുടെ മേലേയും കാർമേഘങ്ങൾ ഉരുണ്ടുകയറി. നീലകണ്ഠൻ നമ്പൂതിരിയുടെ മുന്നിൽ വേലുനായർ തലകുമ്പിട്ടു നിന്നു.
“വേലു, ദിവസേന പ്രശ്നങ്ങൾ കൂടുന്നു. കാര്യങ്ങൾ നമ്മുടെ കൈവിട്ടു പോണില്ലേ എന്നൊരു സന്ദേഹം.. ഒരാളെ തച്ചു കൊന്നു. രണ്ടാളുടെ കാഴ്ച നഷ്ടപ്പെടുത്തി. അതിലൊരാളോ ബ്രാഹ്മണനും.. ഈ മനയിലേക്ക് ആദ്യമായി പോലീസും വന്നു. ഇപ്പോഴിതാ, ഇവിടെ സഹായത്തിന്നു വന്നതിലൊരാൾ അടിയും കുത്തും കൊണ്ട് ആശുപത്രിയിൽ ചാവാൻ കിടക്കുന്നു..”
രാമച്ചവിശറിയാട്ടി നമ്പൂതിരി തുടർന്നു.
“തലമുറ തലമുറയായി പരിപാലിച്ചു പോന്ന ഈ മനയുടെ ഭാവി* ആശങ്കയിലാണ്. നാശത്തിന്റെ ലക്ഷണങ്ങളാണ് ചുറ്റും. അവലക്ഷണങ്ങളാണ് പരദൈവങ്ങൾ കാട്ടിത്തരുന്നത്. ദുഃസ്വപ്നങ്ങളും കുറവില്ല. കലികാലം. എന്തോ അനർത്ഥം സംഭവിക്കാനൊരുങ്ങും പോലെ..”
“ഇപ്പൊ എന്താ ചെയ്യണ്ടേ?..”
“ഇവറ്റകളെ തീറ്റിപ്പോറ്റുന്നത് പാമ്പുകളെ വീട്ടിൽ വളർത്തുന്നത് പോലെയാ.. ഒക്കത്തിനേം കുറേശ്ശേ പണം നൽകി പറഞ്ഞുവിട്ടേക്കൂ..”
“ഉവ്വ്..” വേലുനായർ എന്തോ ഓർത്തിട്ടു ചോദിച്ചു. “ആ കുറുപ്പിന്റെ കാര്യം എങ്ങിനെയാ? അയാളുടെ കുടുംബം പട്ടിണിയിലാണ്..നാല് കൊച്ചുകുട്ടികളുമുണ്ട്..”
“വിധിയെ തടുക്കുവാൻ നമുക്ക് ആവുമോ വേലൂ.. അയാളുടെ വീട്ടിലേക്ക് അമ്പതു രൂപകൊടുത്തു ഒഴിവാക്കിയേൽക്കൂ..”
ഇളവളകന്റെ കസേരയുടെ ഇളക്കം തുടർന്നു. ഒരു അന്വേഷണം പോലും ഫലപ്രാപ്തിയിലെത്താതെ അയാൾ വിഷമിച്ചു. നാട്ടുകാരിൽ പലരും അയാളുടെ ചൂരലടി പേടിച്ചു ഒളിവിലാണ്.
അഞ്ചൽപിള്ളക്ക് കലശ്ശലായ കാലുവേദനയായിരുന്നു. അയാളുടെ മണിയൊച്ച അയാളെപ്പോലെതന്നെ ദുർബലമായിക്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ചു കൊടുക്കുന്ന കത്തുകളിലൊന്നും ഇളവളകന് ആശ്വസിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
കുറുപ്പിനു നേരേയുണ്ടായ ആക്രമണത്തെപറ്റിയുള്ള അന്വേഷണം കുട്ടിമാളുവിന്റെ അസംഖ്യം കാമുകന്മാരിലേക്ക് ചെന്നെത്തി. അന്വേഷണം തുടരുകയാണെന്നും ഇളവളകൻ റിപ്പോർട്ട് നൽകി.
അഞ്ചൽ പിള്ളക്ക് പഴയതുപോലെ ഓടുവാൻ കഴിഞ്ഞില്ല. അതുകൊണ്ട് അയാളുടെ അരമണി കിലുങ്ങാറുമില്ല. അയാൾ നടന്നും കിതച്ചും തോൽസഞ്ചിയുമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങി. ഒടുവിലെത്തിച്ച കത്ത് ഇളവളകൻറെ സ്ഥലംമാറ്റത്തിനുള്ള ഉത്തരവായിരുന്നു. സഹ്യാദ്രി മലനിരകളിലുള്ള ഒരു കാട്ടുപ്രദേശം അയാൾക്കുവേണ്ടി കാത്തിരുന്നു.
വൈക്കം സത്യാഗ്രഹം ഒത്തുതീർപ്പിലേക്ക് എത്തിക്കൊണ്ടിരുന്നു. കേളപ്പജി എഴുതിയ കത്തിന് ഗാന്ധിജി മറുപടി നൽകി. നാലുവഴികളിൽ മൂന്നെണ്ണം അവർണർക്കായി തുറന്നുനൽകാമെന്ന റീജന്റ് മഹാറാണിയുടെ തീരുമാനം സ്വാഗതം ചെയ്യപ്പെട്ടു. ക്ഷേത്രത്തിന്റെ പ്രധാന കവാടമായ കിഴക്കേനട സവർണർക്ക് മാത്രമായി തുടരും. തെക്കും, പടിഞ്ഞാറും വടക്കും വഴികൾ കീഴ്‌ജാതി പുറംജാതികൾക്ക് തുറന്നു കൊടുക്കും. മുസ്ലിമുകൾക്കും, ക്രിസ്ത്യാനികൾക്കും നടപ്പു സ്വാതന്ത്രം നഷ്‍ടപ്പെട്ടു. പൂർണവിജയമല്ലെങ്കിലും മുന്നോട്ടേക്കുള്ള വലിയോരു കാൽ വെയ്പായിരുന്നു അത്.
8 ഒക്ടോബർ 1925
സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയുടെ നിർദ്ദേശം വന്നതോടെ സത്യാഗ്രഹപ്പന്തലിൽ വലിയ ആഘോഷങ്ങൾക്കു തുടക്കമിട്ടു. ചർച്ചയിൽ ധാരണയിലെത്തിയ എല്ലാകാര്യങ്ങളും നിവർത്തിക്കുന്നതുവരെ സത്യാഗ്രഹ ആശ്രമം നിലനിർത്താൻ തീരുമാനമായി.* മധുരം പങ്കുവെച്ചും പരസ്പരം ആശ്ലേഷിച്ചും സത്യാഗ്രഹികൾ ആ വിജയം ആഘോഷിച്ചു. ആശ്രമത്തിൽ തുടർച്ചയായ മുദ്രാവാക്യങ്ങൾ മുഴങ്ങി.
“ജയ് ജയ് കോൺഗ്രസ്
ജയ് ജയ് മഹാത്മജി”
ജയ് ജയ് ടി കെ മാധവൻ
ജയ് ജയ് സത്യാഗ്രഹ”
സത്യാഗ്രഹികളുടെ ആവേശവും ആഹ്ളാദവും മലയാളക്കരമാത്രമല്ല, ദേശീയതലത്തിൽ ആഘോഷിക്കപ്പെട്ടപ്പോൾ, ഇണ്ടംതുരുത്തിമനയുടെ ഇരുട്ടുനിറഞ്ഞ മുറികളിലൊന്നിൽ ദേവൻ നീലകണ്ഠൻ നമ്പൂതിരി തൻ്റെ കൈകളിൽ നിന്നും വഴുതിപ്പൊയ്ക്കൊണ്ടിരുന്ന യാഥാസ്ഥിതികതയുടെ വരുംകാല ദുർഗതികളെ ഓർത്തു തലകുമ്പിട്ടിരുന്നു.
ചന്ദ്രൻ അവിടെയില്ലാതിരുന്ന തന്റെ കൂട്ടുകാരെപ്പറ്റി ഓർമിച്ചു. തേവനും രാമനും ഈ വാർത്ത കേൾക്കുമ്പോൾ എത്ര സന്തോഷിക്കും. ശങ്കുപിള്ളയുടെ ആത്മാവ് ഉത്സവസമാനമായ ഈ സത്യാഗ്രഹപ്പന്തൽ കണ്ടു ആനന്ദിക്കുന്നുണ്ടാവും. പത്രോസ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ..
കേശവൻ തണ്ടാർ ചന്ദ്രനെ തിരക്കി സത്യാഗ്രഹ ആശ്രമത്തിനുള്ളിലേക്കു വന്നു.
“ചന്ദ്രാ, പത്രോസിനെ തിരക്കി രണ്ടുപേർ പുറത്തു നിൽക്കുന്നു. നീ പോയി സംസാരിക്കൂ..”
“പത്രോസിനെ തിരക്കിയോ?..” ചന്ദ്രൻ ആശ്രമത്തിന്റെ പ്രധാന കവാടത്തിലേക്ക് ചെന്നു .
കൈക്കുഞ്ഞുമായി ഒരു യുവതിയും, കൂടെ മധ്യവയസ്കനായ ഒരാളും.
“ആരാണ്?”
“പത്രോസിനെ തിരക്കിവന്നതാ ” മാധ്യവയസ്കൻ പരിചയപ്പെടുത്തി “ഇത് സാറാമ്മ, പത്രോസിന്റെ ഭാര്യ..”
ചന്ദ്രൻ ഹൃദ്യമായി ചിരിച്ചു. ഇതാണ് പത്രോസിന്റെ സാറാമ്മ..
“പത്രോസ് ഇപ്പോൾ ഇവിടെയില്ല; രണ്ടാഴ്ചയായി എന്റെ വീട്ടിലാണ്.. നമുക്ക് ഉടനെ അങ്ങോട്ട് പോകാം..”
വഴിനീളെ ചന്ദ്രന് രണ്ടുവർഷത്തെ സത്യാഗ്രഹ സമരത്തെപറ്റിയും അതിന്റെ വിജയത്തെപ്പറ്റിയും ധാരാളം കഥകൾ പറയുവാനുണ്ടായിരുന്നു.
പള്ളിപ്പുറത്തെ വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് മൂന്നു പേർ നടന്നു വരുന്നത് പത്രോസ് കണ്ടത്. അവരിൽ ഒരാൾ ചന്ദ്രനാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു.
കൂടെയുള്ളത്? അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹൃദയം പെരുമ്പറ കൊട്ടി. എന്റെ ദൈവമേ…
അയാൾ അവരുടെ അടുത്തേക്ക് ഓടി.
“സാറാമ്മ?..” അയാൾ അവിശ്വസനീയതയോടെ അവളുടെ മുഖത്തേക്ക് നോക്കി..”നീ.. ഇവിടെ.. എങ്ങിനെ?..”
“അച്ചാച്ചോ..” സാറാമ്മ വിങ്ങിപ്പൊട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“എവിടെയായിരുന്നു ഈ കണ്ടകാലമൊക്കെ.. എന്നെ വീട്ടിലുപേക്ഷിച്ചു എവിടെയാ പോയത്??”
പത്രോസിന്റെ കവിളുകളിൽ കണ്ണുനീരൊഴുകി. അയാൾ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുവാൻ നോക്കി. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ കാട്ടി സാറാമ്മ പറഞ്ഞു.
“നമ്മുടെ മോൻ.. കൊച്ചുവറീത് ..”
സാറാമ്മ അവനെ പത്രോസിനു കൊടുക്കുവാൻ ശ്രമിച്ചു. കൊച്ചുവറീത്‌ കരയുവാൻ തുടങ്ങി. പത്രോസ് അവരെ രണ്ടാളെയും ചേർത്ത് ആലിംഗനം ചെയ്തു.
സുന്ദരമായ ഈ കൂടിച്ചേരൽ കണ്ട് കാർത്യായനി മുറ്റത്തുനിന്ന് കണ്ണുനീരൊപ്പി.
“എല്ലാവരും വരൂ..” ചന്ദ്രൻ അവരെ വീട്ടിലേക്കു കൂട്ടി വന്നു.
പാപ്പൻ മുറ്റത്തുതന്നെ നിന്നു.
“ഞാൻ പോവ്വാ, ഞാനിരിക്കുന്നില്ല. എന്റെ ജോലി കഴിഞ്ഞു..”
“ഇരിക്കൂ, അല്പം വിശ്രമിക്കൂ..” ചന്ദ്രൻ നിർബന്ധിച്ചു.
“ഇല്ല, പോകണം..”
സാറാമ്മ പാപ്പന്റെ അടുത്തേക്കുചെന്നു അവൾ പാപ്പന്റെ കൈകൾ എടുത്തു ഉമ്മവെച്ചു.
“പാപ്പൻചേട്ടൻ എനിക്ക് തന്നത്, നഷ്ടപ്പെടുമെന്ന് ഞാൻ വിചാരിച്ച എന്റെ ജീവിതമാണ്. എന്റെ അപ്പനും, അമ്മയും, ആങ്ങളമാരും എല്ലാം എന്നെ ഉപേക്ഷിച്ചപ്പോൾ എനിക്കു കൈതാങ്ങു തന്നത് പാപ്പിചേട്ടനാ.. എനിക്ക് ജീവനുള്ളേടത്തോളം ഞാനിതു മറക്കത്തില്ല ..”
അവൾ കണ്ണീരോടെ പാപ്പനെ കെട്ടിപ്പിടിച്ചു. അയാൾക്കും തൊണ്ടയിടറി. സാറാമ്മയുടെ തോളിൽ തട്ടി അയാൾ ആശ്വസിപ്പിച്ചു.
“കരയേണ്ട, ദൈവം നിങ്ങളെ രക്ഷിക്കും.. നീ എനിക്ക് റോസമ്മയെപ്പോലെയാ..”
പോകും മുൻപ് പാപ്പൻ പത്രോസിനെ വിളിച്ച് മാറ്റിനിർത്തി പറഞ്ഞു.
“നിന്നോടൊരു കാര്യം പറയാനുണ്ട്. നാട് നന്നാക്കാൻ പോകുമ്പോൾ കെട്ടിയ പെണ്ണിനെ മറക്കുന്നവൻ ആരെയും നന്നാക്കത്തില്ല.. എന്റെ മോളെ ഇനി നീ വിഷമിപ്പിച്ചെന്നറിഞ്ഞാൽ ഞാൻ നിന്നെ തേടി വരും. നിന്നേം കൊല്ലും..”
അയാളുടെ രൂക്ഷമായ ശബ്ദവും, കണ്ണുകളിലെ തീയും കണ്ട് പത്രോസ് ഭയന്നു പോയി.
പാപ്പൻ തിരിച്ചു നടന്നു. റോസമ്മയെ നഷ്ടപ്പെട്ടതുപോലെയൊരു ശൂന്യത അയാൾക്കനുഭവപ്പെട്ടു. വേമ്പനാട്ടുകായലിലെ വെള്ളപ്പരപ്പിലേക്ക് അയാൾ നോക്കി. മണിമലയാറ്റിലെ വെള്ളവും ഇതിലുണ്ട്. കുന്നംകരിയിലെ ആറ്റിറമ്പിൽ കെട്ടിയിട്ട തന്റെ വള്ളം ഓളത്തിൽ ആടുന്നത് പാപ്പനോർത്തു.
വയറ്റിലും തലയിലും കള്ളു നിറഞ്ഞ് ഒച്ചപ്പാടുകൾ മൂത്തപ്പോൾ ഷാപ്പുകാർ ഉന്തിത്തള്ളിയാണ് അയാളെ പുറത്താക്കിയത്. ഷാപ്പിനു പുറത്തുനിന്ന് അയാൾ ആകാശത്തേക്ക് മുഷ്ടിചുരുട്ടിയിടിച്ചുകൊണ്ടു വെല്ലുവിളിച്ചു.
“പെങ്ങളെ കാട്ടി കാശുമേടിച്ചവനെ ഞാൻ കൊല്ലും; കിഴക്കേൽ യോഹന്നാന്റെ കുടുംബം ഞാൻ നാറ്റിക്കും, പട്ടികളേ ..”
വെളിച്ചം പടിഞ്ഞാട്ടേക്കു ചുരുങ്ങി, തെങ്ങിൻനിരകൾ കറുപ്പിന്റെ ചായങ്ങളായി നിന്നു. കെട്ടിയിട്ട വള്ളത്തിൽ കയറിയിരുന്നു അയാൾ ആജ്ഞാപിച്ചു.
“വിടാടാ തന്റെ വള്ളം..”
പാപ്പൻ വള്ളത്തിന്റെ കെട്ടഴിച്ചു. മുളങ്കമ്പ് മണിമലയാറിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.
“കിഴക്കേൽ കുടുംബത്തെ നാറ്റിക്കുവെടാ.. അവനേം, അവന്റെ പെങ്ങളേം..” തെറികൾ വെള്ളംപോലെ ഒഴുകി. റോസമ്മയുടെ മരണയാത്രയാണ് ഓർമയിൽ വന്നത്.
സമയമാം, രഥത്തിൽ ഞാൻ..
മദ്യപിച്ചു മദോന്മത്തനായ പോത്തനെയാണ് കൺമുൻപിൽ കാണുന്നത്. അയാൾ വെല്ലുവിളിയ്ക്കുകയാണ്. നെഞ്ചിനുള്ളിൽ കെട്ടിയിട്ടതെല്ലാം തലയ്ക്കുള്ളിലേക്ക് രോഷാഗ്നിയായി പടർന്നു. ആറ്റുവെള്ളത്തിന് ഇരുട്ടിന്റെ നിറമായിരുന്നു.. വള്ളം ഇടത്തും വലത്തുമായി കുലുങ്ങി, മുളംകോൽ ശക്തിയായി വീശി. ധാരാളം കുമിളകൾ ഉയർത്തി അയാൾ ആറ്റുവെള്ളത്തിന്റെ ഇരുട്ടിലേക്ക് മറഞ്ഞു. ഉയരുന്ന കൈകളെ പിന്നിലാക്കി വള്ളം മുന്നോട്ട് പോയി.
മണിമലയാറ്റിലെ വെള്ളം അതിന്റെ നെഞ്ചിലെ രഹസ്യങ്ങൾ ഒളിച്ചുവെയ്ക്കാൻ വേമ്പനാട്ടുകായലിലേക്ക് ഒഴുകികൊണ്ടിരുന്നു.
പിറ്റേദിവസമാണ് പത്രോസും കുടുംബവും പള്ളിപ്പുറം വിട്ടത്. സാറാമ്മ തന്റെ കഴുത്തിലെ മാങ്ങാമാലയിൽനിന്ന് താലി ഭദ്രമായി ഊരിയെടുത്തു സൂക്ഷിച്ചുവെച്ചു. അവൾ പഞ്ചമിയെ അടുത്ത് വിളിച്ച് അവളുടെ കൈയ്യിൽ മാങ്ങാമാല കൊടുത്തു.
“പഞ്ചമീ, ഇത് മോൾക്ക് തരുവാ, ഞങ്ങളുടെ സന്തോഷത്തിന്.. വേണ്ടെന്നു പറയരുത്.. വാങ്ങണം..”
പഞ്ചമി മാലയെ നോക്കി പറഞ്ഞു
“ഒന്നും പ്രതീക്ഷിച്ചിട്ടില്ല.. ഒന്നും മോഹിച്ചിട്ടുമില്ല..”
പഞ്ചമിയുടെ മറുപടി സാറാമ്മ ശ്രദ്ധിച്ചില്ല. അവൾ നിർബന്ധിച്ചു പഞ്ചമിയുടെ കൈയ്യിൽ മാല പിടിച്ചേൽപ്പിച്ചു. “തടസ്സം പറയരുത് മോളെ, നിന്റെ ചേച്ചി നിനക്ക് സന്തോഷമായി തരുന്നതാ, നീ വാങ്ങണം..”
യാത്രയിറങ്ങും മുൻപേ, അവൾ കാർത്യായനിയെയും പഞ്ചമിയേയും കെട്ടിപ്പിടിച്ചു.
“ഞങ്ങള് പോട്ടേ, പോയി വരട്ടേ ”
“ചെല്ലു മോളേ, നിങ്ങൾ എവിടെയായാലും സന്തോഷമായിരിക്ക്, ദൈവം അനുഗ്രഹിക്കും.”
പഞ്ചമി കൊച്ചുവറീതിന്റെ കവിളിൽ ഉമ്മ വെച്ചു.
ചന്ദ്രൻ തവണക്കടവ് വരെ അവരെ അനുഗമിച്ചു. ബോട്ട് വിട്ടപ്പോൾ കണ്ണിൽ നിന്ന് മറയുന്നതുവരെ അയാൾ അവരെ നോക്കിനിന്നു.
വേമ്പനാട് കായൽ എത്ര സുന്ദരിയാണ്. തൂവെള്ളനിറത്തിലെ ചട്ടയും മുണ്ടും; തോളിൽ പിന്നിയ സ്വർണ പല്ലുവുള്ള നേര്യതും..സാറാമ്മ ഒരു കുടുംബിനിയായി മാറിയിരിക്കുന്നു. കൊച്ചുവറീതിനെ മടിയിൽ വെച്ച് പത്രോസ് സാറാമ്മയെ നോക്കി. അവൾ ഒരു മാലാഖയെപ്പോലെ സുന്ദരിയായി എന്ന് അയാൾക്ക്‌ തോന്നി.
സാറാമ്മ മുന്നോട്ടു നോക്കിയിരുന്നു. അവൾ സർവശക്തനായ ദൈവത്തെ സ്തുതിച്ചു. തന്നെ സഹായിച്ച ത്രേസ്യയെയും, കാർത്തുവിനെയും പാപ്പൻചേട്ടനേയും അവൾ നന്ദിപൂർവം ഓർത്തു.
യാത്രയിൽ, പള്ളിപ്പുറത്തുനിന്നു സ്നേഹപൂർവ്വം തന്നുവിട്ട ഇലപ്പൊതി തുറന്നപ്പോൾ സാറാമ്മയുടെ കൈയ്യിൽ എന്തോ തടഞ്ഞു. അവൾ പഞ്ചമിക്കു കൊടുത്ത മാങ്ങാമാല… കൂടെ മഞ്ഞ നിറത്തിലൊരു പനിനീർപ്പൂവും.
കുമരകവും ചേർത്തലയും കിഴക്കും പടിഞ്ഞാറുമായി പച്ചക്കൊടികൾ ഉയർത്തി. വെയിലിൽ വെട്ടിത്തിളങ്ങുന്ന കുഞ്ഞോളങ്ങൾ മനുഷ്യരുടെ വേദനകളുടെയും സ്വാന്തനങ്ങളുടെയും ആയിരം കഥകളുമായി വേമ്പനാട് കായലിന്റെ തീരങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

(അവസാനിച്ചു)
***********
Reference
* വൈക്കം സത്യാഗ്രഹ ആശ്രമം: ആ സ്ഥലത്ത് ഇന്ന് സത്യാഗ്രഹ സ്മാരക സ്കൂൾ പ്രവർത്തിക്കുന്നു.
* ഇണ്ടംതുരുത്തിമന: അന്യം നിന്നുപോയ മന പിൽക്കാലത്തു വിൽക്കപ്പെട്ടു. ഇന്ന് അവിടെ ജില്ലാ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നു. ചെത്തു തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവായിരുന്ന സി കെ വിശ്വനാഥന്റെ അന്ത്യവിശ്രമസ്ഥലമായിത്തീർന്നു പഴയ ഇണ്ടംതുരുത്തിൽ മന.
* 21 നവംബർ 1925: വൈക്കം സത്യാഗ്രഹത്തിന്റെ ഔദ്യോഗികമായ അവസാനദിനം. വൈക്കം സത്യാഗ്രഹം 603 ദിവസങ്ങൾ നീണ്ടുനിന്നു.

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 46 (Last part)”

Leave a Reply

Don`t copy text!