Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 42

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

42
മാനം കറുത്തു കിടന്നു. ഉറക്കം വരാതെ പത്രോസ് തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു. വാരിയെല്ലുകൾ പൊട്ടിയേടത്തു വേദനയുണ്ട്. കിടക്കുമ്പോൾ അത് ശ്രദ്ധിച്ചേ കിടക്കാവൂ . അയാൾ പായിൽ എഴുന്നേറ്റിരുന്നു.
ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്? എന്റെ കണ്മുൻപിൽ ഒരു ജീവൻ പൊലിഞ്ഞു. ആ ജീവൻ ഇപ്പോൾ എവിടെയാണ്? ആകാശത്തിലെ നക്ഷത്രങ്ങളിൽ ആത്മാവുകൾ കൂടുകെട്ടും എന്നാരാണ് എഴുതിയത്? ശങ്കുപിള്ള ചേട്ടനു പകരം, ഒരു പക്ഷെ ഞാൻ കൊല്ലപ്പെട്ടേനെ. വീട്ടിലേക്ക് പോകുവാൻ മനസ്സ് വെമ്പിയപ്പോഴാണ് വിധി ജീവിതം മാറ്റിയെഴുതുന്നത്. പത്രോസിന് തന്റെ വീടിനെയോർത്തു നഷ്ടബോധം തോന്നി. അപ്പച്ചനും അമ്മച്ചിയും എന്നെ ഓർത്തു സങ്കടപ്പെടുന്നുണ്ടാവും. അമ്മിണിയും ലീലാമ്മയും എന്ത് ചെയ്യുകയായിരിക്കും? സാറാമ്മയുമായി മുഷിഞ്ഞാണ് അന്ന് വെളുപ്പിനെ വീട്ടിൽ നിന്നിറങ്ങിയത്? രണ്ടു മൂന്ന് ആഴ്ചകൾ എന്നേ മനസ്സിൽ കരുതിയിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു.
വീട്ടിൽ എല്ലാവരും ഉറക്കമാണ്. ചന്ദ്രൻ ഇനിയും വന്നിട്ടില്ല. പഴയ ചില കൂട്ടുകാർ ഇടയ്ക്കിടെ വന്നു ചന്ദ്രനുമായി സ്വകാര്യം പറഞ്ഞു കൂട്ടികൊണ്ടുപോകും. ഇന്ന് വൈകിട്ട് അവരുടെ കൂടെ പോയതാണ്. അവനിപ്പോൾ ഖദർ ഉടുപ്പ് ഇടാറില്ല. അതിനെപ്പറ്റി ചോദിച്ചാൽ ചന്ദ്രൻ പറയും.
“ഖദറിട്ടു നടന്നാൽ, ഇക്കാലത്തു അതിന്റെ അർഥം, ഞാൻ കോൺഗ്രസ്സ് ആണ്, എന്നെ വന്നു തല്ലിക്കൊ എന്നായിട്ടുണ്ട്. ഖദർ വേഷമിട്ടവൻ അഹിംസാവാദിയല്ലേ? നാട്ടുകാർ അടിച്ചാൽ പോലീസിനു പരാതിയില്ല പോലീസ് അടിച്ചാൽ കച്ചേരിയിൽ പരാതിയില്ല ..”.
ചന്ദ്രന് ധൈര്യമുണ്ട്. ശങ്കുപിള്ളച്ചേട്ടന്റെ മരണത്തിനു ശേഷം അവന്റെ ഉള്ളിലെ രോഷം അവന്റെ മുഖത്തു തെളിഞ്ഞു കിടപ്പുണ്ട്. അവന്റെ വാക്കുകളിൽ, അഹിംസാ സമരത്തെപ്പറ്റി അവന്റെ വിശ്വാസം നശിച്ചമട്ടിലാണ്.
“ഒന്നര വർഷമായി നമ്മൾ ക്ഷേത്രത്തിന്റെ പുറത്തെ വഴിയിൽ കൂരകെട്ടി കിടക്കുകയാണ്. ക്ഷേത്രത്തിൽ കയറാനല്ല, വഴി നടക്കാനുള്ള സമരം. സമാധാനം പറഞ്ഞു നിൽക്കുന്ന നമ്മളെ ജാതിഭ്രാന്തന്മാരും പോലീസും തല്ലി ഒതുക്കാൻ നോക്കുന്നു. ചിലർക്ക് ജീവനും നഷ്ടപ്പെടുന്നു. എത്ര കാലം ഇങ്ങനെ പോകും?”
“അപകടങ്ങൾക്ക് നടുവിലൂടെയാണ് നിന്റെ നടപ്പ്”.
പത്രോസ് ഓര്മപ്പെടുത്തിയപ്പോൾ ചന്ദ്രൻ ചിരിച്ചിട്ട് വലത്തേ കാൽതുടയിൽ താളമിട്ടു.
ആകാശത്തു കാർമേഘക്കൂട്ടങ്ങളിൽ രാത്രിവെളിച്ചത്തിനു ശ്വാസം മുട്ടി. പത്രോസിന്റെ മുഖത്തേക്ക് തണുത്തകാറ്റ് വീശിയടിച്ചു.
ദൂരെ സംസാരങ്ങൾ കേട്ട് പത്രോസ് ശ്രദ്ധിച്ചു. ചന്ദ്രനും കൂട്ടുകാരുമാണ്. കൂടെവന്നവർ തിരിച്ചുപോയതിനുശേഷം ചന്ദ്രൻ മുറ്റത്തേക്ക് കയറുമ്പോഴാണ് പത്രോസിനെ കണ്ടത്.
“നീ ഉറങ്ങിയില്ലേ?”
“ഇല്ല; എന്താ താമസിച്ചത്?”
“വാ. അകത്തേക്ക് ഇരുന്നു സംസാരിക്കാം. തണുത്ത കാറ്റുണ്ട്, രാത്രിയിലെ കാറ്റ്, പനികാറ്റാണ് ”
അവർ അകത്തേക്ക് കയറി.
“വൈക്കത്തു ഇന്നലെ രാത്രി വലിയ പ്രശ്നങ്ങളുണ്ടായി. തേവനും, രാമനും ആശുപത്രിയിലാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അവർ അവരുടെ കണ്ണുകളിൽ പച്ചചുണ്ണാമ്പു തേച്ചു.”
“ദൈവമേ.. എന്നിട്ട്?”
“ഒന്നും പറയാറായിട്ടില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് സമയം വൈകി എന്ന് ഡോക്ടർമാർ പറഞ്ഞു. അവർ മരുന്നിന്റെ മയക്കത്തിലാണ്. കണ്ണുകൾ മൂടിക്കെട്ടി അവർ അടുത്തടുത്ത കട്ടിലുകളിൽ കിടക്കുന്നു.”
എകെ ഗോവിന്ദൻ ചാന്നാർ സ്ഥലത്തുണ്ടായിരുന്നു. ആശുപത്രിയിലെ കാര്യങ്ങൾക്ക് അദ്ദേഹം അടിയന്തിര കാര്യങ്ങൾ ചെയ്തു. ടികെ മാധവനും എത്തിയിട്ടുണ്ട്. ആശുപത്രിയിൽ ഒന്നിനും മുട്ടുണ്ടാവരുതെന്ന് ഉറപ്പാക്കിയിട്ടുണ്ട്; എന്നിരുന്നാലും ഡോക്ടർമാർ കാഴ്ചയെപ്പറ്റി ഉറപ്പു പറയുന്നില്ല.
ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ കണ്ണുകൾ നഷ്ടപ്പെടില്ലായിരുന്നു. വഴിയാത്രക്കാരാണ് ആശുപത്രിയിലാക്കിയത്. അപ്പോഴേക്കും മണിക്കൂർ രണ്ടു കഴിഞ്ഞു. ഉടനെ തണുത്ത വെള്ളമോ വിന്നാഗിരിയോ കൊണ്ട് കഴുകിയെടുത്തിരുന്നെങ്കിൽ കണ്ണുകൾക്ക് ഇത്രയും കേടു സംഭവിക്കില്ലായിരുന്നു.. കൺപോളകൾ ബലമായി തുറന്നു വച്ച് നീറ്റുകക്കയുടെ ഓരോ തരിയും കഴുകിക്കളഞ്ഞാലേ പറ്റൂ.. കണ്ണിന്റെ പുറത്തെ നേർത്ത അവരണമാണ് കോർണിയ. അത് ചുണ്ണാമ്പിന്റെ പ്രതിപ്രവർത്തനത്തിൽ ദഹിച്ച് അലിഞ്ഞുപോയെന്നാണ് കണ്ണുഡോക്ടർമാർ പരിശോധിച്ചിട്ട് പറഞ്ഞത്.
അവർ സംസാരിച്ചിരുന്നു നേരം വൈകി.
“കിടക്കാം..” ചന്ദ്രൻ പറഞ്ഞു “രാവിലെ എനിക്ക് വൈക്കത്തേക്ക് പോകണം”
രണ്ടാം ദിവസം മൊഴിയെടുക്കാൻ വന്ന പോലീസിനെ ഡോക്ടർമാർ അകത്തേക്ക് കടത്തിവിട്ടില്ല.
“അവർ മയക്കത്തിലാണ്. ഇപ്പോൾ തലയ്ക്കുള്ളിലേയ്ക് പഴുപ്പുണ്ടാവാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.”
വൈകിട്ട് നടന്ന വലിയ സമ്മേളനത്തിൽ കണ്ണുകൾ നഷ്ടപ്പെട്ട പ്രിയ സത്യാഗ്രഹികളെ എല്ലാവരും ആദരപൂർവം സ്മരിച്ചു. അവരുടെ മഹാത്യാഗങ്ങൾ ഒരുകാലത്തും വിസ്മരിക്കപ്പെടില്ല; ജാതിഭേദവും അയിത്തവും ഇല്ലാത്ത നാളത്തെ തിരുവിതാംകൂർ ഈ ത്യാഗികളുടെ വേദനകളുടെ ഫലമായിരിക്കുമെന്ന് നേതാക്കൾ പ്രസംഗിച്ചു.
ടി കെ മാധവൻ പ്രസംഗിച്ചപ്പോൾ പ്രത്യേകമായി തേവനെപ്പറ്റി സംസാരിച്ചു. നിശബ്ദമായി തന്റെ കർത്തവ്യങ്ങൾ നിർവഹിച്ചു സത്യാഗ്രഹ ആശ്രമത്തിൽ ജീവിച്ചിരുന്ന തേവനെപറ്റി അധികമാർക്കും അറിവുണ്ടായിരുന്നില്ല.
പെരുമ്പളം ദ്വീപിൽ ജനിച്ച തേവൻ പതിനാറാം വയസ്സിലാണ് പൂത്തോട്ടയിലേക്ക് വന്നത്. 1922 – 23 ൽ നടന്ന പൂത്തോട്ട ശിവക്ഷേത്ര പ്രവേശന സമരത്തിൽ പങ്കെടുത്തു ജയിൽവാസമനുഭവിച്ചു. 24 ൽ വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യനാളുകളിൽ തന്നെ എത്തി സമരത്തിന്റെ ഭാഗമായി, ജയിലിൽ പോയി, തിരിച്ചുവന്നു വീണ്ടും സമരത്തിന്റെ ഭാഗമായ ധീരനായ സത്യാഗ്രഹിയാണ് തേവൻ. ഗാന്ധിജി ആശ്രമത്തിൽ വന്നപ്പോൾ താൻ തേവനെ പരിചയപ്പെടുത്തിയത് മാധവൻ തന്റെ പ്രസംഗത്തിൽ ഓർമിച്ചു.
ഗാന്ധിജി തേവന്റെ തോളിൽ തട്ടി പറഞ്ഞത് “സിർഫ് സച് ബോലോ, ചൂട്ട് മത് ബോലോ ഓർ കഭി ദാരു മത് പിയോ..” എന്നായിരുന്നു. മാധവൻ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി
“സത്യമേ പറയാവൂ, നുണ പറയരുത്; മദ്യപിക്കരുത്..”
തേവന്റെയും രാമന്റെയും നേരെയുണ്ടായ ആക്രമണത്തെപ്പറ്റി വിവരം ഗാന്ധിജിയെ അറിയിച്ചപ്പോൾ, ഉത്തരേന്ത്യയിൽ നിന്ന് അദ്ദേഹം മരുന്നുകൾ അയച്ചു തരുമെന്ന് അറിയിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തിനു വേണ്ടി ഞങ്ങൾ വേണ്ടത് ചെയ്യും എന്ന ഉറപ്പും അദ്ദേഹം നൽകി.
ഇളവളകനും കൂട്ടരും അടുത്ത ദിവസം വീണ്ടും ആശുപത്രിയിൽ വന്നു. തിരുവനന്തപുരത്തു നിന്ന് സമ്മർദ്ദങ്ങൾ വരുന്നുണ്ട്. ക്രമസമാധാനം പുനസ്ഥാപിക്കണം. ദേശീയ പത്രങ്ങളിലൊക്കെ വാർത്ത അച്ചടിച്ചുവരുന്നു. തിരുവിതാംകൂറിലെ ഭരണത്തെപ്പറ്റി അപകീർത്തികരമായ വാർത്തകൾ വരുന്നു. സ്ഥിതിഗതികൾ നിയന്ത്രിച്ചേ മതിയാവൂ.
“പേര്?” ഇളവളകൻ മൊഴിയെടുത്തു.
“തേവൻ”
“മുഴുവൻ പേര് ?”
“തേവൻ..”
“സ്ഥലം?”
“പെരുമ്പളം ”
“അതെവിടെയാ ?”
“പൂത്തോട്ടയ്ക് അടുത്തുള്ള ദീപ് ..”
കുറേക്കൂടി ചോദ്യങ്ങൾ ചോദിച്ചിട്ടു ഇളവളകൻ അടുത്ത കട്ടിലിലേക്കു പോയി.
“പേര്?:
“രാമൻ ഇളയത് ”
“വീട്?”
“അത്തിമണ്ണില്ലം”
“സ്ഥലം?”
“കൂത്താട്ടുകുളം”
“എന്താണ് സംഭവിച്ചതെന്ന് ഓർമിച്ചു പറയു..”
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ശേഷം ഇളവളകനും പോലീസുകാരും പോയി.
രാമനും തേവനും നിശബ്ദരായി കട്ടിലിൽ അവരുടെ ചിന്തകളുടെ വെളിച്ചത്തിൽ കിടന്നു. ആരോ കൈത്തണ്ടയിൽ പിടിച്ചതറിഞ്ഞു രാമൻ ചോദിച്ചു.
“ആരാ?..”
“ചന്ദ്രൻ..”
“നീ എപ്പോഴാ വന്നത്?”
“ഞാനിവിടെ ഉണ്ടായിരുന്നു. ഇളവളകൻ പോലീസിനെ കാണേണ്ട എന്ന് കരുതി മാറിനിൽക്കുകയായിരുന്നു.”
മുങ്ങിച്ചാവുന്നവന്റെ കൈയ്യിൽ ഒരു വള്ളി തടഞ്ഞതുപോലെയുള്ളോരു ആവേശത്തോടെ രാമൻ ചന്ദ്രന്റെ കൈയ്യിൽ മുറുക്കെപ്പിടിച്ചു.
“എത്ര ദിവസമായെടാ ഞങ്ങളിവിടെ?” ദിവസങ്ങളുടെ കണക്കുകൾ തെറ്റിപ്പോയി. കണ്ണുകൾക്ക് മുകളിലെ കെട്ട് ഒരു ഭാരമായി നിന്നു. കണ്ണുകൾക്കുള്ളിലെ നീറ്റൽ അണയാത്ത തീ പോലെ പുകഞ്ഞുകൊണ്ടിരുന്നു.
“ഇന്നേക്ക് നാലാം ദിവസം..” ചന്ദ്രൻ പറഞ്ഞു.
“ഞങ്ങളുടെ കാഴ്ച കിട്ടുവോ ചന്ദ്രാ ?, ഡോക്ടർ എന്താണ് പറഞ്ഞത്?”
“കാഴ്ച കിട്ടുമെടാ, മരുന്നിട്ടിരിക്കുന്നത് അതിനല്ലേ? അകത്തെ പൊള്ളലുകൾ കരിയണം , സമയമെടുക്കുമെന്നാണ് പറഞ്ഞത്.”
പോകും മുൻപ് ചന്ദ്രൻ വീണ്ടും ഡോക്ടറുടെ മേശക്കരികിലേക്കു പോയി. ഇടയ്ക്കിടെ വന്നു ഓരോന്ന് ചോദിക്കുന്ന അയാളെ നോക്കി ഡോക്ടർ പറഞ്ഞു.
“എടോ ശരിയാവും; ശരിയാവണെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. പക്ഷെ ഇപ്പോൾ കണ്ണുകളേക്കാൾ ഞങ്ങൾ നോക്കുന്നത് അകത്തേക്ക് പഴുപ്പ് ഇറങ്ങാതിരിക്കാനാണ്..”
ഇസ്തിരിയിട്ടു തേച്ച നഴ്സിന്റെ ഉടുപ്പിന്റെ ശബ്ദം കേട്ട് രാമൻ ചോദിച്ചു.
“നഴ്‌സ് അല്ലേ?..”
“അതെ, അതെങ്ങിനെ മനസ്സിലായി?.”
“നടക്കുമ്പോൾ, നിങ്ങളുടെ ഉടുപ്പിനൊരു പ്രത്യേക ശബ്ദമുണ്ട്.. കുത്തിവെയ്ക്കാനാണോ?”
“അതെ, ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നോളൂ.”
“എന്താ പേര് ?”
“ലില്ലി..”
പൃഷ്ഠത്തിലെ മാംസളതയിലേക്ക് സൂചിയിറങ്ങി. ലില്ലി തേവന്റെ കട്ടിലിനടുത്തേക്കു പോയി. സൂചിയിറങ്ങുമ്പോൾ തേവന്റെ ഞരക്കം.
“കഴിഞ്ഞു..” ലില്ലി പോയി
തേവാ..”
“ഉം?”
“നീ എന്തെടുക്കുവാ?”
“ചന്തി തിരുമ്മുവാ”
“ലില്ലി സുന്ദരി ആയിരിക്കും അല്ലേ ?
“കണ്ണില്ലെങ്കിലും നിനക്ക് ഒരടക്കോമില്ലല്ലോ?”
“കാഴ്ച പോയിട്ടില്ലെടാ, അകംകാഴ്ച നല്ലോണമുണ്ട്..”
“എന്നാ നീ നിന്റെയാ പാട്ടൊന്നു പാട് ..”
രാമൻ പതിയെ മൂളി.
“ഗണരഞ്ജിത കാഞ്ചന കാന്തിമയം
സ്തനകുംഭ തരംഗിത സഞ്ചലനം
മണിമേഖലപൂണ്ട നിതംബതടം
നവപദ്മദലാഭ പുണർന്ന പാദം”
രണ്ടുപേരും നിശബ്ദരായി കുറേനേരം കിടന്നു. കുറേക്കഴിഞ്ഞു തേവൻ ഉറക്കെ ആത്മഗതം ചെയ്തു.
“ഈ ലോകത്തിൽ ഇത്രയും ദുഷ്ടമാർ എങ്ങനെയുണ്ടായി?.. നമുക്ക് കണ്ണുകൾ തിരിച്ചുകിട്ടുമോ?”
“കിട്ടുമെന്ന് അവർ പറയുന്നു. സത്യം പറയാതെ അവർ നമ്മളെ ആശ്വസിപ്പിക്കുന്നതായി ചിലപ്പോൾ എനിക്ക് തോന്നും..”
“ഇല്ലത്തു അറിയിച്ചോ?..”
“ആള് പോയിട്ടുണ്ടെന്ന് മാധവൻ സാർ പറഞ്ഞു..”
“നിന്റെ സാവിത്രി?..”
“എനിക്ക് സാവിത്രി ഇല്ല തേവാ..”
“നീ പറഞ്ഞ നിന്റെ സാവിത്രി?…”
“കഴിഞ്ഞ പോക്കിൽ സാവിത്രിയുടെ വേളി കൂടാനായിരുന്നു വിധി.. എന്റെ ജ്യേഷ്ഠനാണ് വേളി കഴിച്ചത്.. എന്തു ചെയ്യാം ഞങ്ങളുടെ സമുദായത്തിൽ ഏറ്റം മൂത്ത ആൾക്ക് മാത്രമേ അന്തർജ്ജനത്തെ വേളി ചെയ്യാൻ അനുവാദമുള്ളു. ഞാൻ ഇളയതല്ലേ, എനിക്ക് അതിന് അവകാശമില്ല..”
തേവൻ കട്ടിലിൽ തിരിഞ്ഞു; രാമന്റെ മുഖത്തെ കെട്ടുകൾക്കുള്ളിൽ കണ്ണുനീരില്ല. രാമന്റെ ശബ്ദം ഇടറി.
“ഒരു തരത്തിൽ, സംഭവിച്ചത് ഈശ്വരനിശ്ചയം. എട്ടുകെട്ടിനുള്ളിലും, ഊട്ടുപുരയിലും, കുളിക്കടവിലേക്കുള്ള വഴിയിലും ഇനി തമ്മിൽ കൂട്ടിമുട്ടി മനസ്സ് വേദനിക്കേണ്ടല്ലോ..”
രാമൻ ഒരു കൊച്ചുകുട്ടിയെപ്പോലെ വിങ്ങിക്കരഞ്ഞു..

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!