Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 11

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ 11
ഏബ്രഹാം ചാക്കോ

പതിനാലു മന്വന്തരങ്ങൾ കൂടിയ കല്പകാലത്തെപ്പറ്റി രാമൻ ഇളയത് പറഞ്ഞു. പുരാണ കഥകളുടെ ഒരു നിധി ശേഖരമാണ് ഇളയതിന്റെ തലയിലുള്ളത്. ഇപ്പോഴുള്ളത് ഏഴാം മന്വന്തരം, ഇപ്പോഴുള്ള മനുവിന്റെ പേരാണ് വൈവസ്ഥവ മനു.. സത്യവൃതൻ എന്നും അറിയപ്പെടും. ഹൈഗ്രീവൻ, ബ്രഹ്മാവിൽ നിന്ന് മോഷ്ടിച്ച വേദങ്ങളെ വീണ്ടെടുക്കാൻ മഹാവിഷ്നുവിന് കടലിനടിയിൽ ചെന്ന് ഹിഗ്രീവനെ നേരിടണം. പക്ഷെ കടൽ ഇളകുമ്പോൾ ഭൂമി നശിക്കും. മഹാവിഷ്ണു സത്യവൃതനു പ്രത്യക്ഷപ്പെട്ട്‌ അറിയിച്ചു.
ഇന്നേക്ക് ഏഴാംനാൾ പ്രളയമുണ്ടാവും. അതിനു മുൻപായി ലോകത്തിലെ സകല ജീവജാലങ്ങളുടെയും ബീജം ശേഖരിച്ചു സപ്തർഷികളെ ഏൽപ്പിക്കണം. ഞാൻ ഒരുക്കി വെച്ച നൗകയിൽ നീയും കുടുംബവും സപ്തർഷികളും കയറി പ്രളയത്തിൽനിന്നു രക്ഷപ്പെടണം.
ഏഴാംനാൾ പ്രളയമുണ്ടായി. പർവതങ്ങളുടെ ഉയരത്തിൽ തിരമാലകൾ പൊങ്ങുമ്പോൾ അവരുടെ ചെറിയ നൗക മാനത്തു മുട്ടി. മഹാഗർത്തങ്ങളിലേക്കു വെള്ളം താഴുമ്പോൾ അവരുടെ വള്ളത്തിന്റെ കീഴ്ഭാഗം പാതാളത്തിലിടിച്ചു. ഇതാ മഹാവിഷ്ണുവിന്റെ മത്സ്യാവതാരം. മലനിരകളുടെ വലുപ്പത്തിലും നീളത്തിലും ഒരു കൂറ്റൻ മൽസ്യം തിരകളെ തടഞ്ഞു നിർത്തി. വള്ളത്തിന്റെ കയറു മത്സ്യത്തിന്റെ കൊമ്പിൽ കൊരുത്തി, അവരുടെ ചെറുവള്ളം പ്രളയജലത്തിൽ നിന്നും രക്ഷപെട്ടു.
“നോഹയുടെ പെട്ടകം പോലെ. അല്ലേ?” പത്രോസ് ചോദിച്ചു.
“ഏതാണ്ട് അതുപോലെ..”
ജാതികളുടേയും തീണ്ടലുകളുടെയും തുടക്കമെവിടെനിന്നെന്നും അവർ സംസാരിച്ചു. ഇംഗ്ലീഷുകാരുടെ പേരുകളിൽ ജാതികളില്ല. ജോണും, ജോസെഫും, വാറ്റ്സും പേരുകളെന്നതിലുപരി മറ്റൊന്നുമല്ല. പക്ഷെ നമുക്ക് പേരുകളിൽ ഉച്ചനീചത്വങ്ങളുണ്ട്. പുലയനു മാത്രമായി പേരുകളുണ്ട്; അവർക്കു മാത്രമായി കാളി, ചാത്തൻ, മറുത തുടങ്ങിയ ദൈവങ്ങളുമുണ്ട്.. ആരോരും ശ്രദ്ധിക്കാതെ പൊടിപിടിച്ചുകിടന്ന ഒരു താളിയോല ഗ്രന്ഥം, കുശാഗ്രബുദ്ധിയായ വെള്ളക്കാരൻ പരിഭാഷപ്പെടുത്തിയതോടെയാണ് ആധുനിക യുഗത്തിലെ ജാതിവ്യവസ്ഥയുടെ തുടക്കം.
മഹർഷിയായ ബ്രിഗു എഴുതിയ താളിയോല കുറിപ്പുകളാണ് മനുസ്‌മൃതി… മനുസ്മ്രിതിയുള്ളതെല്ലാം മനു മഹർഷി ഭൃഗുവിന് നൽകിയതാനെന്നാണ് വിശ്വാസം..
ലോകത്തിലെ ആദ്യത്തെ നിയമപുസ്തകം.
എത്രയോ താളിയോലക്കെട്ടുകളെപ്പോലെ ഇതും വായിക്കപ്പെടാതെയും അറിയപ്പെടാതെയും പോകേണ്ടതായിരുന്നു. പക്ഷെ ബ്രിട്ടീഷുകാർ ഇതിനെ പൊക്കിയെടുത്തു പരിഭാഷപ്പെടുത്തി*. ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്താൻ, നമ്മുടെ വടിയെടുത്തു നമ്മുടെതന്നെ തലക്കടിച്ച സ്ഥിതിയായി.
ആ മനുസ്‌മൃതി എന്ന കുടത്തിൽനിന്നു പുറത്തു ചാടിയ ഭൂതമാണ് മേൽജാതിയും, കീഴ്ജാതിയും പുറംജാതിയും, അയിത്തവും തീണ്ടലും.
തേവനും, ശ്രീകുട്ടനും, കുട്ടപ്പനും, ചന്ദ്രനും പത്രോസുമൊക്കെ രാമൻ ഇളയതിന്റെ കഥാലോകത്തിൽ വായപൊളിച്ചിരുന്നു.
മനുസ്മ്രിതി എഴുതിയ മഹർഷി ഭൃഗുവിനെ കേട്ടില്ലാത്തവർ കാണും; പക്ഷെ ഇദ്ദേഹത്തിന്റെ മകന്റെ പേര് മിക്കവാറും ആളുകൾക്കു അറിയാം.
കേൾവിക്കാർ പരസ്പരം നോക്കി.. ഒരു പിടിയുമില്ല!
രാമൻ ഇളയത് ച്യവനപ്രാസത്തെപ്പറ്റി പറഞ്ഞു. ഭാരതത്തിന്റെ സ്വന്തം ആരോഗ്യദായിനി. നെല്ലിക്കയാണ് പ്രധാനം; പിന്നെ നെയ്, തേൻ, ചന്ദനം, ഏലക്ക, കറുവപ്പട്ട തുടങ്ങി അൻപതോളം മരുന്നുകൾ. ഈ ഔഷധം നിർമ്മിച്ചത് മഹർഷി ഭൃഗുവിന്റെ പുത്രൻ ച്യവനൻ മഹർഷിയാണ്. ഡൽഹിയിൽ നിന്നും 110 മൈൽ ദൂരത്തു ദോസി എന്നൊരു സ്ഥലമുണ്ട്. അവിടെയായിരുന്നു ച്യവനൻ മഹർഷിയുടെ താമസം.
മനുസ്മ്രിതിയിലെ നിയമങ്ങൾ കേട്ടപ്പോൾ എല്ലാവരുടെയും മുഖങ്ങൾ വാടി. പ്രത്യേകിച്ചു തേവൻ മുഖം കുനിച്ചിരുന്നു.
ബ്രഹ്മാവിന്റെ സൃഷ്ടിയുടെ കഥ ഇങ്ങനെ..
വായിൽ നിന്ന് ബ്രാഹ്മണൻ; തോളിൽ നിന്ന് ക്ഷത്രിയൻ; തുടകളിൽ നിന്ന് വൈശ്യൻ, പാദങ്ങളിൽ നിന്ന് ശൂദ്രൻ..
നൂറു വയസ്സുള്ള ക്ഷത്രിയൻ പത്തുവയസ്സുള്ള ബ്രാഹ്മണനെ തന്റെ പിതാവിനെപ്പോലെ ബഹുമാനിക്കണം.
ബ്രാഹ്മണനെ സേവിക്കുന്നത് ശൂദ്രനു പുണ്യം. ബ്രാഹ്മണന്റെ എച്ചിലും, പഴയ തുണിയും, പാത്രങ്ങളും ശൂദ്രനുള്ളത്. ശൂദ്രൻ വിദ്യാഭ്യാസം നേടാൻ അയോഗ്യൻ.
ബ്രാഹ്മണനെ അധിക്ഷേപിക്കുന്നവന്റെ നാവു അറിഞ്ഞുകളയണം
പരിഹസിക്കുന്ന ശൂദ്രന്റെ വായിൽ പത്തുവിരലുകളുടെ നീളമുള്ള ചുട്ടുപഴുപ്പിച്ച ആണികൾ അടിച്ചു കയറ്റണം….
“നിർത്തൂ..” തേവൻ പറഞ്ഞു. “എനിക്ക് കേൾക്കേണ്ട. ജനിച്ചതു മുതൽ ഇതൊക്കെ സഹിക്കുന്നവരാണ് ഞങ്ങൾ.”
രാമൻ ഇളയത് മനുസ്‌മൃതിയെപ്പറ്റി തുടർന്നു പറഞ്ഞില്ല. പക്ഷെ അയാൾ തേവനോട് പറഞ്ഞു “തേവാ.. ഈ ലോകം മാറും.. നമ്മൾ ഈ സത്യാഗ്രഹപ്പന്തലിൽ കൂടിയിരിക്കുന്നത് മാറ്റത്തിന്റെ വഴിയിലാണ്. മലയാളക്കര കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് അടുത്ത ആഴ്ച ഇവിടെ വരുന്നത്.. നമുക്കൊക്കെ അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യമുണ്ട്.”
“ആരാണ് വരുന്നത്?” പത്രോസിനു ജിജ്ഞാസ അടക്കാൻ പറ്റിയില്ല
“ശ്രീ നാരായണ ഗുരുദേവൻ..”
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിക്കുന്ന ഗുരുദേവനെപ്പറ്റി എല്ലാവരും കേട്ടിരുന്നു.
ശ്രീനാരായണഗുരു ഒരിക്കൽ വൈക്കം ക്ഷേത്രത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ കുതിരവണ്ടി തടഞ്ഞു. തെക്കൻ കാശി എന്ന് പുകൾകെട്ട മഹാദേവ ക്ഷേത്രം അശുദ്ധമാവാതിരിക്കാൻ അന്ന് അദ്ദേഹത്തിന്റെ മുന്നിൽ വഴി നിഷേധിക്കപ്പെട്ടു. ആ സംഭവത്തെപ്പറ്റി കവി മുളൂർ പദ്‌മനാഭപണിക്കർ എഴുതിയ നാലുവരികൾ ജനങ്ങൾ ഏറ്റെടുത്തു.
“വൈക്കം ക്ഷേത്ര തെരുവിലൊരുനാൾ
ഗുരുദേവനെത്തിയ റിക്ഷക്കു മുന്നിൽ
‘ഭൂമിയിലെ ദൈവ’മായൊരു വിഡ്ഢിവന്നു
റിക്ഷ തിരിക്കാൻ കല്പിച്ചു.”
ടി കെ മാധവൻ ഈ നീതിനിഷേധത്തിനെതിരെ സംസാരിച്ചു.
“മൂലം തിരുനാൾ അസ്സംബ്ലിയിൽ ഈ വിഷയം അവതരിപ്പിക്കാൻ അനുവദിക്കണം.”
“സാധ്യമല്ല..” അതായിരുന്നു ദിവാന്റെ പ്രതികരണം. ദിവാൻ രാഘവയ്യയുടെ താമസസ്ഥലത്തെത്തി മാധവൻ വീണ്ടും അപേക്ഷിച്ചു.
“അങ്ങയുടെ തീരുമാനം പുനർപരിശോധിക്കണം..”
“അതിന്റെ ആവശ്യമില്ല..”
“എങ്കിൽ മഹാരാജാവിനു ഞങ്ങളുടെ അപേക്ഷ നേരിട്ട് കൊടുക്കാൻ അനുവദിക്കണം..”
“പറ്റില്ല..”
ദിവാന്റെ കടുംപിടുത്തതിൽ അക്ഷമനായി മാധവൻ ചോദിച്ചു.
“ഞങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവകാശം പോലും താങ്കൾ അനുവദിക്കാത്തതെന്താണ്? അസ്സംബ്ലിയിൽ അനുവദിക്കുന്നില്ല; മഹാരാജാവിനെ കാണാൻ അനുവദിക്കുന്നില്ല.. ഞങ്ങളെന്താണ് ചെയ്യേണ്ടത്? ഈ രാജ്യം വിട്ടുപോകേണമോ?”
“നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളുമായി രാജ്യം വിട്ടുപോകാം .. ” അതായിരുന്നു ദിവാന്റെ മറുപടി.
1865 ലെ രാജവിളംബരം മൂലം ജാതി മത ഭേദമെന്യേ എല്ലാവർക്കും പൊതുവഴികൾ തുറന്നുകൊടുത്തതാണ്. 20 വര്ഷങ്ങൾ ശേഷം ഏതോ ചില കുശാഗ്രബുദ്ധികളായ വക്കിലന്മാർ ആ നിയമത്തെ വളച്ചൊടിച്ചു. രാജവിളംബരം രാജവീഥികൾക്കേ ബാധകമാവൂ എന്ന് അവർ വാദിച്ചു ജയിച്ചു. ഗ്രാമവീഥികളിൽ മേല്ജാതിക്കാരും കീഴ്ജാതിക്കാരും പുറംജാതിക്കാരും ഉണ്ടായി. തിരുനക്കരയിൽ, തിരുവാർപ്പിൽ, ഹരിപ്പാട് .. അങ്ങിനെ മലയാളക്കരയിൽ പ്രശ്നങ്ങൾ കൂടുതലായി.
പുലയനും പറയനും 96 അടി ദൂരം ബ്രാഹ്മണനിൽ നിന്നും നായരിൽ നിന്നും.
ഈഴവനു 12 അടി ദൂരം നായരിൽ നിന്നും 36 അടി ദൂരം ബ്രാഹ്മണനിൽ നിന്നും
നായർക്കു 4 അടി ദൂരം ബ്രാഹ്മണനിൽ നിന്ന്
വിവേകാനന്ദൻ മലയാളക്കരയെ ഭ്രാന്താലയം എന്ന് വിളിച്ചതിൽ അത്ഭുതമില്ല!
1100 കന്നിമാസം 12 ശനിയാഴ്ച്ച ശ്രീനാരായണഗുരു വൈക്കം ജെട്ടിയിൽ ബോട്ടിറങ്ങി. ഗുരുവിനെ ഒരുനോക്കു കാണാൻ നൂറുകണക്കിന് ആളുകൾ വൈക്കത്തു തടിച്ചുകൂടി.
ഗുരു ആശ്രമത്തിൽ രണ്ടു ദിവസം താമസിച്ചു.
അടുക്കളയിൽ തേവനെ കണ്ട് ഗുരു അവനോടു സംസാരിച്ചു. സത്യാഗ്രഹ ആശ്രമത്തിൽ ഒരു പുലയനുമുണ്ടെന്നത് ഗുരുവിനെ സന്തോഷിപ്പിച്ചു എന്ന് തോന്നുന്നു. അദ്ദേഹം തേവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. ആശ്രമത്തിൽ നെയ്ത തോർത്ത് ഗുരുവിന് സമ്മാനമായി നൽകി. ഗുരു, സത്യാഗ്രഹികളെ സഹായിക്കാൻ വെള്ളൂർ മഠം വിട്ടുകൊടുത്തു. അദ്ദേഹം സാമൂഹ്യഭോജനത്തിൽ പങ്കെടുത്തു.
സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവ് ഉദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു.
ഗുരുവിന്റെ സന്ദർശനം എല്ലാവര്ക്കും പുതുജീവൻ നൽകി
കെ എം കേശവനുമായി ഗുരു നടത്തിയ സംഭാഷണം പത്രങ്ങളിൽ വലിയ വാർത്തയായി.
“സഹനവും ത്യാഗവും നല്ലതുതന്നെ..” ഗുരു പറഞ്ഞു ” പക്ഷെ നനഞ്ഞും വിശന്നും മരിക്കേണ്ടതുണ്ടോ? വേലി എതിരെ വെച്ചാൽ അവിടെ നാം നില്കേണ്ടതില്ല; അതിനെ മുറിച്ചു കടക്കുക. വഴി നടക്കുന്നതിൽ നിന്ന് പിന്തിരിയരുത്; അമ്പലത്തിലും പ്രവേശിക്കുക. ഒരമ്പലത്തിലല്ല; എല്ലാ അമ്പലങ്ങളിലും പ്രവേശിക്കുക. പ്രസാദം തയ്യാറായി ഇരുപ്പുണ്ടെങ്കിൽ അതെടുക്കുക. ഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ഇരിക്കുന്നവരോടൊപ്പം ഇരിക്കുക. മറ്റൊരാൾ തൊട്ടാൽ അയിത്തപ്പെടുമെന്നു വിചാരിക്കുന്ന ഒരുവനും നമ്മുടെ സാമീപ്യത്തിൽ നിന്ന് രക്ഷപെടരുത്..”
മലയാളക്കര കണ്ട ഏറ്റവും വലിയ വിപ്ലവകാരി..
ഗുരു യാത്രയായതിന്റെ അടുത്ത ദിവസം, അടുത്ത ആഴ്ച അറസ്റ്റ് വരിക്കേണ്ട സത്യാഗ്രഹികളുടെ പേരുകൾ വന്നു.
ചന്ദ്രൻ, പത്രോസ്, തേവൻ.

(തുടരും)

Reference
* മനുസ്‌മൃതി സംസ്കൃതത്തിൽ നിന്നും ഇന്ഗ്ലീഷിലേക്കു 1794 ൽ സർ വില്യം ജോൺസ്‌ പരിഭാഷപ്പെടുത്തുകയും; ബ്രിട്ടീഷ് ഭരണകൂടം അതിലെ നിയമങ്ങളെ തങ്ങളുടെ സൗകര്യാർത്ഥം ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.
* ടി രാഘവയ്യ: തിരുവിതാംകൂർ ദിവാൻ 1920-1925

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!