വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 12

2280 Views

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 12
ഏബ്രഹാം ചാക്കോ

സാറാമ്മ പേറ്റുനോവെടുത്തു കരഞ്ഞപ്പോൾ, കെട്ടിയോൻ പത്രോസ് വീട്ടിലും നാട്ടിലും ഉണ്ടായില്ല.
നാട്ടുനടപ്പനുസരിച്ചു സാറ അവളുടെ വീട്ടിൽ പോകേണ്ടതായിരുന്നു. രണ്ടു മാസം മുൻപ് അവളുടെ അമ്മ കിടപ്പിലായി. പശുത്തൊഴുത്തിലേയ്‌ക്കെടുക്കാൻ കാടി പൊന്തിച്ചപ്പോൾ ഇടത്തെ ഇടുപ്പിൽ ഒരു പിടുത്തം. വീട്ടിലെ മരുന്ന് മതിയാവാതെ വന്നപ്പോൾ നാട്ടുവൈദ്യൻ എണ്ണയും കുഴമ്പും തിരുമ്മലും തുടങ്ങി. അതും കൂടാതെ, തലചുറ്റലിന്റെ അസുഖവും തുടങ്ങി. അമ്മ കിടപ്പിലായ ആ വീട്ടിലേക്കു സാറാമ്മയെ അയക്കാൻ കുഞ്ഞച്ചൻ സമ്മതിച്ചില്ല. ഒരു ഉപചാരത്തിന് അയാൾ സാറാമ്മയുടെ അച്ചായനെ പോയി കണ്ടു വിവരം പറഞ്ഞു.
“യോഹന്നാച്ചാ.. പെണ്ണ് ഞങ്ങടെതാ.. അവളുടെ കന്നിപ്പെർ ഞങ്ങള് നോക്കിക്കോളാം..”
അവളുടെ വയറ് വലുതാകുവാനും കുഞ്ഞിക്കാലുകൾ വയറ്റിൽ ഓളങ്ങളുണ്ടാക്കി തൊഴിക്കുവാനും തുടങ്ങി. നാത്തൂന്മാരും അമ്മച്ചിയും സാറാമ്മയുടെ ചുറ്റും സഹായങ്ങളുമായി എപ്പോഴുമുണ്ടായിരുന്നു.
“ചേച്ചി, ഒന്നും ചെയ്യേണ്ട.. അതൊക്കെ ഞങ്ങളു നോക്കിക്കോളാം..”
“മോളെ, നിനക്കൊള്ളത് ഞാൻ മുറീലോട്ടു കൊണ്ടുവരാം.. നീ വിശ്രമിക്ക്”
അവർ, അവൾക്കു നാത്തൂന്മാരും അമ്മായിയമ്മയും ആയിരുന്നില്ല; മറിച്ചോ കൂടെപ്പിറപ്പുകളും അമ്മയുമായിരുന്നു.
രാത്രിയുടെ ചിലനേരങ്ങളിൽ അവൾ പത്രോസിനെ ഓർത്തു ദുഖിച്ചു. ആ മനുഷ്യൻ എന്തിനാണ് ഈ സുഖങ്ങളൊക്കെ ഉപേക്ഷിച്ചു പോയതെന്ന് അവൾക്കു മനസ്സിലായില്ല. ഒരാൾക്ക് സ്വന്തത്തോടില്ലാത്ത സ്നേഹം നാട്ടുകാരോട് എങ്ങിനെയാണ് ഉണ്ടാവുന്നത്?
ചോരയിൽ രാഷ്ട്രീയം കത്തി കയറി, വീട്ടിലെ കാര്യങ്ങളേക്കാൾ മനസ്സ് നിറയെ സ്റ്റേറ്റ് കോൺഗ്രസ്സും അതിന്റെ പരിപാടികളുമായി ജീവിക്കുന്ന ഒരുവനെക്കൊണ്ട് ഭാര്യക്ക് എന്ത് സഹായമാണ് ലഭിക്കുക?. അയാൾ യാതൊന്നും അറിയാതെ വൈക്കത്തു ക്ഷേത്രവഴികൾ തുറക്കാൻ വീട് വിട്ടു പോയി! സാറാമ്മയ്ക്ക് കലശലായ ദേഷ്യവും നിരാശയും തോന്നി.
രാത്രിയിൽ സാറാമ്മയുടെ അടിവയറ്റിലെ പേശികൾ വലിഞ്ഞു മുറുകി. അരക്കെട്ടും പുറവും കോച്ചിവലിച്ചു. ഇടുപ്പിലേയും കാൽതുടകളിലേയും പേശികൾ പിടച്ചു. അവൾ നിലവിളിച്ചു.
“അമ്മേ…”
വേദനയുടെ വലിയ ഓളങ്ങൾ അവളുടെ അടിവയറ്റിലേക്ക് ഒഴുകി. കുഞ്ഞച്ചൻ പരമുവിനെ വിളിപ്പിച്ചു. അധികം വൈകാതെ പരമു, കത്തുന്ന ചൂട്ടുകറ്റയും വീശി വീട്ടിലേക്കു കെട്ടിയൊരുക്കിയ കുത്തുകല്ലുകളും താണ്ടി മുറ്റത്തെത്തി. ചൂട്ടുകറ്റ മുറ്റത്തിന്റെ ഓരത്തേക്കു വെച്ചു തലയിലെ തോർത്തെടുത്ത് അരയിൽ കെട്ടി അയാൾ വിനയാന്വിതനായി തൊണ്ടയിളക്കി.
” പരമു, സാറാമ്മയ്ക്ക് സമയമായെന്ന് തോന്നുന്നു. പെട്ടെന്ന് പോയി വയറ്റാട്ടിത്തള്ളയെ കൂട്ടി വരണം..”
പരമു തോർത്ത് തലയിൽ കെട്ടി, മുറ്റത്തിന്റെ ഓരത്തു വച്ച ചൂട്ടുകറ്റ വീണ്ടും വീശി കത്തിച്ചു കുത്തുകല്ലുകളിറങ്ങി പോയി.
“ഉപകാരമില്ലാത്തവൻ.. ഉത്തരവാദിത്വമില്ലാത്തവൻ..” ഒരാവശ്യത്തിന് വീട്ടിലില്ലാത്ത പോയ മകനെ ഓർത്തു അപ്പച്ചൻ പല്ലിറുമ്പി.
കുനിഞ്ഞു നടന്നു ശീലിച്ച വയറ്റാട്ടിതള്ളക്ക് കൂനുകൂടിയെന്ന് തോന്നുന്നു. അവർ പരമുവിന്റെ പിന്നാലെ വീട്ടുമുറ്റത്തേക്കു കയറി.. അവരുടെ നഗ്നമായ മാറിൽ ഒരു തോർത്ത് ചുറ്റിയിരുന്നു.
പരമു ഒരു ബീഡിയും വലിച്ചു ഇളം തിണ്ണയിൽ ഇരുന്നു.
“പെണ്ണ് പേറാൻ കിടക്കുമ്പോൾ ഇവനെവിടെയാണ് തെണ്ടി നടക്കുന്നത്?” കുഞ്ഞച്ചൻ മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
“എന്റെ കർത്താവേ .. ചട്ടനേം ചടുമ്പനേം കുടുംബത്തിലേക്ക് തരല്ലേ .”
“ഒന്നൂല്ല.. ദൈവം കാക്കും.. വിഷമിക്കാതിരിക്ക് .. ” പരമു അയാൾക്കറിയുംപോലെ കുഞ്ഞച്ചനെ ആശ്വസിപ്പിച്ചു.
“ദൈവം കാക്കും..അല്ലാതെങ്ങിനാ.. നമ്മള് ദൈവത്തിനു നിരക്കാത്തതൊന്നും ചെയ്തിട്ടില്ലല്ലോ..”
കുഞ്ഞച്ചൻ നടപ്പു നിർത്തി വാതിൽക്കൽ തട്ടി..
“എടീ .. എന്തായി..”
“നിങ്ങളപ്പൊറത്തെങ്ങാനും പോയിരിക്ക്.. ഇവിടെ ഞങ്ങള് നോക്കിക്കോളാം.. ഒരു കൊഴപ്പോമുണ്ടാവില്ല.” വയറ്റാട്ടിത്തള്ളയുടെ പരുക്കൻ മറുപടി.
കുഞ്ഞച്ചൻ പരമുവിന്റെ ഒരു ബീഡി വാങ്ങി വലിച്ചു.
വയറ്റാട്ടിയുടെ ചീത്തവിളികളും പിന്നാലെ നിലവിളികളും തുടർന്നു. ഒടുവിൽ എവിടെയോ ദൈവം ഇത്രനാൾ അടക്കിവച്ച ആ മനുഷ്യശബ്ദം ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നു. തന്റെ വരവറിയിച്ചു ആ കുഞ്ഞിന്റെ കരച്ചിൽ ഒരു പ്രതിഷേധം പോലെയോ ഒരു വിജയാരവം പോലെയോ ആ വീട്ടിൽ മുഴങ്ങി.
കുഞ്ഞച്ചൻ കുരിശുവരച്ചു.
പരമുവിന്റെ മുറുക്കികറപിടിച്ച പല്ലുകൾ ഇരുട്ടിൽ തിളങ്ങി.
ഒരു യുദ്ധം ജയിച്ചുവന്ന വയറ്റാട്ടി, കൊഴിഞ്ഞുപോയ ഏതാനും പല്ലുകൾക്കിടയിലൂടെ വെളുക്കെ ചിരിച്ചു
“കൊച്ചു ആൺ കുഞ്ഞാണ്”
കുഞ്ഞച്ചൻ പുകയിലപ്പെട്ടിയുടെ അടിയിൽനിന്നു രണ്ടു പണമെടുത്തു ഓരോന്ന് പരമുവിനും വയറ്റാട്ടിക്കും കൊടുത്തു.
പരമുവും വയറ്റാട്ടിത്തള്ളയും യോഹന്നാന്റെ ധാരാളിത്വത്തിൽ കണ്ണുതള്ളി. അവർ ചൂട്ടുകറ്റ വീശി, കുത്തുകല്ലുകളിറങ്ങി, നിരത്തിലിറങ്ങി കുന്നിന്റെ മറ്റേ ചെരുവിലേക്കു അകന്നകന്നു അപ്രത്യക്ഷമായി
കുഞ്ഞച്ചന്റെ കൊച്ചുമോൻ എല്ലാ രാത്രികളിലും വലിയ ഉച്ചത്തിൽ കരഞ്ഞു വീടും നാടുമിളക്കി. എന്നാൽ ആ ഗ്രാമം, വൈക്കം ദേശത്തുനിന്നു ഒരുപാടു ദൂരത്തിലായതുകൊണ്ടു അവന്റെ കരച്ചിൽ സത്യാഗ്രഹപ്പന്തലിൽ ബീഡിവലിച്ചിരുന്ന പത്രോസിന്റെ ചെവിലേക്ക് എത്തിപെട്ടില്ല.
അവനു പേരിടാൻ അവന്റെ അപ്പനോ സ്ഥലത്തില്ല. എവിടെയാണെന്ന് കൃത്യമായി രൂപമില്ല. വൈക്കത്തെവിടെയോ വലിയ സത്യഗ്രഹം തുടങ്ങിയെന്നും മറ്റും വാർത്തകൾ കേട്ടിരുന്നു. പുകഞ്ഞ കൊള്ളി പുറത്ത് .. അറിയാത്ത നാട്ടിൽ തിരക്കിപ്പോകാൻ ഇവിടെ ആരുമില്ല.. യോഹന്നാന്റെ ദേഷ്യം ഓർക്കും തോറും കൂടിവന്നു.
ഇരുപത്തെട്ടുകെട്ടിനു സാറയുടെ അപ്പൻ യോഹന്നാനും, ആങ്ങളമാർ ജെയിംസും, മത്തായിയും വന്നു.. അവർ കുഞ്ഞിന് സ്വർണ അരഞ്ഞാണമിട്ടു.
“ഇവനെ ഞാൻ ഗീവറുഗീസ്‌ എന്നു പേരിടാൻ പോവ്വാ..” കുഞ്ഞച്ചൻ പറഞ്ഞു.
“കൊച്ചിന്റെ വല്യപ്പന്റെ പേരല്ലേ ഇടേണ്ടത്?” യോഹന്നാൻ ചോദിച്ചു.
“വേണ്ട.. എന്റെ പേര് വേണ്ട.. അവനു ഗീവറുഗീസ് പുണ്യാളന്റെ പേരിടാം..”
കുതിരപ്പുറത്തിരുന്ന് ഒരു ഭീകര വ്യാളിയുമായി യുദ്ധം ചെയ്യുന്ന ഗീവറുഗീസ്‌ സഹദായുടെ പടമില്ലാത്ത വീടുകളില്ല. സർപ്പദംശനത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കുന്ന വേറൊരു പുണ്യാളനും ഇല്ല.
ഗീവറുഗീസ്‌ സഹദാ എന്ന് മലയാളി ക്രിസ്ത്യാനികൾ വിളിക്കുന്ന സെന്റ് ജോർജ് പലസ്‌തീനിലെ ഒരു റോമൻ പട്ടാളക്കാരനായിരുന്നു. മുന്നൂറാമാണ്ടിൽ വിഗ്രഹങ്ങൾക്ക് ബലി നല്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മരണശിക്ഷ ഏറ്റുവാങ്ങിയ പുണ്യാത്മാവ്.
ഗീവറുഗീസ്‌ എന്നപേരിൽ പത്രോസിന്റെയും സാറായുടെയും മകൻ മാമോദിസ മുങ്ങി ക്രിസ്ത്യാനിയായി. കുഞ്ഞച്ചൻ തന്റെ ജീവിതത്തുടർച്ചയായി അവനെ തല തൊട്ടു.
അവനെ സ്നേഹിച്ചു സ്നേഹിച്ചു അവന്റെ പേര് വറീത് ആവുകയും പിന്നെ കൊച്ചുവറീത് ആവുകയും ചെയ്തു.
വറീത് എല്ലാവരുടെയും കൊച്ചുവറീതായി.
പത്രോസ് ഇനി വീട്ടിലേക്കു വന്നാൽ അടിച്ചു പുറത്താക്കും എന്നൊക്കെ കുഞ്ഞച്ചൻ പറയുമായിരുന്നു. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൻ തിരിച്ചു വരുമെന്നും സാറയുടെ മുഖത്ത് ഇനിയും സന്തോഷം തിരിച്ചെത്തുമെന്നൊക്കെ അയാൾ ആഗ്രഹിച്ചു.
“നിങ്ങള് വാശി കളഞ്ഞിട്ടു ഞാൻ പറയുന്നതൊന്നു കേൾക്കൂ..” അന്നാമ്മ കുഞ്ഞച്ചന് സ്വൈരം കൊടുത്തില്ല.
“ആണ്മക്കളായി ഒന്നല്ലേ ഉള്ളൂ.. മാസങ്ങളായി. അവൻ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് തിരക്കിയിട്ടുണ്ടോ ഇതു വരെ? അപ്പനാണോ വലുത്, മകനാണോ വലുത് എന്നൊക്കെ ചിന്തിച്ചു കാലം കളഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ദുഖിക്കേണ്ടി വരും..”
“ഞാൻ പറഞ്ഞിട്ടാണോ അവൻ പോയത്? ഞാനെന്താ അവനു വേണ്ടി ചെയ്യാത്തത്?”
“നിങ്ങൾക്ക് വാശിയാണ്. സ്നേഹത്തേക്കാൾ കൂടുതലുള്ള വാശി. ദൈവം തമ്പുരാൻ ക്ഷമിക്കാനും പൊറുക്കാനും പറയുന്നു. എന്നിട്ടു നിങ്ങളെന്താണ് ചെയ്യുന്നത്?”
“എനിക്ക് അവനോടു വാശിയൊന്നുമില്ല.. പോയവൻ, വരട്ടെ എന്നാണ് ഞാൻ പറയുന്നത്.. അല്ലാതെ ഞാനവന്റെ പിറകെ പോകണമോ?'”
“പോകണം. അവന്റെ കുറവുകൾ അറിഞ്ഞു പ്രവർത്തിക്കാൻ അപ്പനും അമ്മയ്ക്കും കഴിഞ്ഞില്ലെങ്കിൽ പിന്നെ ആര് ചെയ്യും..”
‘ഞാനെന്തു ചെയ്യണമെന്നാ?”
“പോയി അന്വേഷിക്കണം.. നല്ല വാക്ക് പറഞ്ഞു കൂട്ടികൊണ്ടു വരണം..”
അന്ന് രാത്രി കുഞ്ഞച്ചന് ഉറക്കം വന്നില്ല. ഉറങ്ങിക്കിടക്കുന്ന അന്നാമ്മയെ നോക്കി ചിന്തിച്ചു. വർഷങ്ങൾക്ക് മുൻപ് ഇളംപ്രായത്തിൽ കെട്ടിക്കേറിവന്ന ഇവൾ ഇപ്പോൾ ജീവിതത്തെപ്പറ്റി എനിക്ക് പറഞ്ഞുതരാറായി. സ്ത്രീകൾ അബലകളാണെന്നു ആരാണ് പറഞ്ഞത്?
രാവിലെ കുഞ്ഞച്ചൻ വൈക്കത്തേക്കു പോയി;കൂട്ടിനു പരമുവും.
(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply