Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 14

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 14
ഏബ്രഹാം ചാക്കോ

കിഴക്ക് വെള്ള വീണുതുടങ്ങിയപ്പോഴേ അവർ ഉണർന്നു കുളിച്ചു, വൃത്തിയായ ഖദർ ഉടുപ്പും മുണ്ടും ധരിച്ചു; മാറിയിടാൻ മറ്റൊരു മുണ്ടും ഉടുപ്പും പൊതിഞ്ഞെടുത്തു. യാത്ര ജയിലിലേക്കാണ്; എന്നാണ് തിരിച്ചുവരുന്നതെന്നറിയില്ല. അവർ എല്ലാവരോടും യാത്ര പറഞ്ഞു. അവർ അവരെ കെട്ടിപ്പിടിച്ചു യാത്രാമംഗളങ്ങൾ ആശംസിച്ചു.
“പോയി വരൂ.. നിങ്ങൾ ഈ ചെയ്യുന്ന ത്യാഗം ഈ രാജ്യം എന്നെന്നും ഓർമിക്കും..”
ആവോ.. ആരെങ്കിലും ഓർക്കുമോ? കേൾക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്.. പത്രോസ് ഓർത്തു. എല്ലാം കാലചക്രം കറങ്ങുമ്പോൾ വിസ്‌മൃതിയിലാഴുകയില്ലേ? ജയന്തൻ നമ്പൂതിരി, ശങ്കരനാരായണൻപിള്ള, മാത്തൂത്തരകൻ.. അവരെ എല്ലാവരും മറന്നു. ജയന്തൻ നമ്പൂതിരിയെ, അയാൾ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയായിരുന്നു, തിരുവിതാംകൂറിൽ നിന്ന് കോഴിക്കോട്ടേക്ക് ഓടിച്ചു. ശങ്കരനാരായണൻ ചെട്ടിയുടെയും മാത്തൂതരകന്റെയും ചെവികൾ മുറിച്ചു തടവിലിട്ടു. (അഴിമതിക്ക് ചെവി നഷ്ടപ്പെട്ട ഒരേയൊരു നസ്രാണിയായിരിക്കാം തച്ചിൽ മാത്തൂ തരകൻ!) അവർക്കൊക്കെ പണികൊടുത്ത വേലുത്തമ്പിദളവയ്ക്കും കാലം കാത്തുവെച്ചത് ക്രൂരതകളായിരുന്നു. മിക്കവരും വേലു തമ്പിയെയും മറന്നു. അടൂരിനടുത്തു മന്നാടിയിൽ സ്വയം കുത്തിമരിച്ച വേലുത്തമ്പിയുടെ മൃതദേഹം കഴുമരത്തിൽ തൂക്കി നാട്ടുകാരെ കാട്ടിയതും ആരോർക്കുന്നു?.*
“നിങ്ങൾ പോയിവരുമ്പോഴേക്ക് ഇണ്ടംതുരുത്തിക്കാരെ ഞങ്ങൾ മുട്ടു കുത്തിച്ചിരിക്കും..”
നീലകണ്ഠൻ നമ്പൂതിരിയുടെ കൂലിപ്പട്ടാളം പോയാൽ മതിയായിരുന്നു. കളരിക്കാരായ അവരുടെ അടിയേറ്റു സത്യാഗ്രഹികളുടെ തോളെല്ല് തകർന്നിരിക്കുകയാണ്
“സവർണരുടെ അനുകൂല ജാഥ ഉടനെ ഉണ്ടാവും. മഹാരാജ്ഞിയുടെ സമ്മതം കിട്ടിയാൽ ഈ സമരം വിജയിക്കും.”
തിരുവന്തപുരത്ത്, കാര്യങ്ങൾ നടത്തുന്നത് തമിഴന്മാരും നായന്മാരുമല്ലേ? അവർ പറഞ്ഞാൽ രാജകുടുംബം കേൾക്കാതിരിക്കുമോ? സവർണർക്ക് രാജകുടംബവുമായി അടുത്ത ബന്ധമാണ്. അവർ ആവശ്യപ്പെട്ടാൽ അത് നടത്തിക്കൊടുക്കും
രാമൻ ഇളയത് മാത്രം തന്റെ നർമ്മരസം വെടിഞ്ഞില്ല.
“പൊയ്ക്കോളൂ മൂന്നാളും..ഓർത്തോണം സംബന്ധവീട്ടിലേക്കാണ് യാത്ര.. പോയി ആസ്വദിച്ചു ജീവിക്കുമ്പോൾ ഈയുള്ളവരെ മറക്കല്ലേ..”
“നീയും പോരൂ രാമാ.. ജയിലിൽ നീ കൂടെയുണ്ടെങ്കിൽ അതൊരു വല്യ ആശ്വാസമായിരിക്കും”
കുഞ്ഞാപ്പിയും, ബാഹുലേയനും, ഗോവിന്ദപ്പണിക്കരും പോയ വഴിയേ ഇന്ന് ഞങ്ങളും പോകുന്നു. പത്രോസ് വിശ്വനാഥനെ ഓർത്തു. ജയിൽ ശിക്ഷ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതായി കേട്ടിരുന്നു.
ഇറങ്ങാൻ സമയമായി. പത്രോസിന്റെ ഹൃദയമിടിപ്പ് കൂടി. ആദ്യമായാണ് പോലീസിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യമായാണ് നിയമലംഘനത്തിന് ഇറങ്ങുന്നത്..
“മഹാത്മാഗാന്ധി കി ജയ്
സത്യഗ്രഹ് കി ജയ്”
ആളുകൾ മുദ്രാവാക്യങ്ങൾ ഏറ്റുപിടിച്ചു. ഹിന്ദിയിലും മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നു.
“ഏക് ഹി ഏക് ഹി ജാതി ഹെ
ഓ തോ മാനവ്‌ ജാതി ഹെ”
ജാഥ തുടങ്ങുന്നതിനു മുൻപേ മാധവൻ സാറിന്റെ ഉശിരൻ പ്രസംഗമുണ്ടായിരുന്നു. പ്രസംഗത്തിന്റെ ആദ്യാവസാനം കൈയ്യടികൾ ഉയർന്നു. ഇടയിൽ ഹിന്ദിയിലെ കവിത പുറത്തുവന്നു.
“ലഗാ ദോ ‘ജാതി ക ലേബൽ’
ലഹൂ കി ബോത്തൽ പർ ഭി
ദേക്തെ ഹെ കിതനെ ലോഗ്
രക്ത് ലേനെ സെ, മനാ കർത്താ ഹെ”
തുടർന്ന്അദ്ദേഹം മലയാളത്തിൽ വിശദീകരിച്ചു.
“ജാതിപ്പേരുകളൊട്ടിക്കൂ
രക്തക്കുപ്പികൾ അപ്പാടേ
നോക്കാം, എത്രയാളുകൾ
രക്തം വാങ്ങാൻ നിരസിക്കും..”
ജാഥ മുന്നോട്ടു നീങ്ങി. നിരോധനം എഴുതി വെച്ച പലക കുറച്ചു മുന്നിലായുണ്ട്.
“ഈഴവർക്കും മറ്റു കീഴ്ജാതിക്കാർക്കും, ഈ വഴിയിലൂടെ യാത്ര നിരോധിക്കപ്പെട്ടിരിക്കുന്നു” ആ വിഞ്ജാപനപ്പലക വരെയേ ജാഥ പോവുകയുള്ളൂ. പിന്നീട് അറസ്റ്റ് വരിക്കാൻ പോകുന്ന മൂന്നുപേർ മാത്രം.
“ജയ് ജയ് മഹാത്മാഗാന്ധി..”
തേവന്റേയും, പത്രോസിന്റെയും കൈയ്യിൽ ചർക്ക.
ചന്ദ്രന്റെ കൈയ്യിൽ കോൺഗ്രസ് പതാക.
അവർ മൂന്നു പേരും ജാഥ വിട്ടു മുന്നോട്ടു നടന്നു. അമ്പതടി ദൂരത്തു, വഴി മുടക്കിക്കെട്ടിയ വേലി.. അതിനപ്പുറത്തു കാക്കിക്കാർ നിരന്നുനിന്നു. കാക്കിത്തൊപ്പിയുടെ നടുവിൽ കൂർത്ത ചുവപ്പ്, അരപ്പട്ട, പാട്ടീസു കെട്ടിയ കാലുകളിൽ ദയയില്ലാത്ത ഷൂസ്..
ഇപ്പോൾ പോലീസുകാർക്ക് ഇതൊരു നിത്യസംഭവമാണ്. മൂന്നാളുകൾ വേലിക്കരികിൽ നിന്ന് മുദ്രാവാക്യങ്ങൾ വിളിക്കും. അവർ വേലിക്കപ്പുറത്തേക്കു കടക്കുകയില്ല. തളരുമ്പോൾ അവർ വഴിയിലിരുന്ന് മുദ്രാവാക്യങ്ങൾ തുടരും.; ചർക്കയിൽ നൂല് നൂൽകും.
കൈമളും കുറുപ്പും ഒരു വശത്തായി നിൽപ്പുണ്ട്. കോട്ടക്കൽ കണാരൻ ഗുരുക്കളുടെ കളരിയിലെ ചെറുപ്പക്കാർ.. കുറുവടി പ്രയോഗത്തിൽ അതിസമർത്ഥർ.. വഴിയിലിരുപ്പ് കുറേനേരമായപ്പോൾ പോലീസുകാർ അവരെ കണ്ണ് കാണിച്ചു. അതൊരു അടയാളമാണ്.
കൈമളും, കുറുപ്പും, വഴിയിലിരുന്ന സത്യാഗ്രഹികളുടെ അടുത്തേക്കു വന്നു. അരയിൽ തിരുകിവച്ചിരുന്ന കുറുവടി പുറത്തേക്കെടുത്തു.
“വൈക്കത്തപ്പനെ നിനക്കൊക്കെ തീണ്ടണോടാ?”
ആദ്യത്തെ അടി വീണത് തേവന്റെ തൊളിലായിരുന്നു. തടയാൻ പൊക്കിയ ചർക്ക തകർന്നു കഷണങ്ങളായി. വീണ്ടും അടികൾ ഒന്നിന് പിറകെ മറ്റൊന്നായി തുരുതുരെ വീണു. ചന്ദ്രൻ കൈയ്യിലെ പതാക ഉയർത്തിപ്പിടിക്കാൻ ആവുന്നത്ര ശ്രമിച്ചു; സാധിച്ചില്ല. ഖദർ ഉടുപ്പുകളിൽ ചോര പൊടിഞ്ഞു ചുവക്കുമ്പോൾ അടി നിർത്തുന്നതാണ് പതിവ്.
വേദന സഹിക്കാനാവാതെ അവർ നിലവിളികൾ പോലെ മുദ്രാവാക്യങ്ങൾ ഉയർത്തി.
“ജയ് ജയ് മഹാത്മാഗാന്ധി”
“ജയ് ജയ് സത്യഗ്രഹാ..”
ഖദർ ചുവന്നുവരുന്നത് കണ്ടു പോലീസുകാർ മുന്നോട്ടുവന്നു, മൂവരെയും അറസ്റ്റ് ചെയ്തു. ഒന്നും സംഭവിക്കാത്തതുപോലെ കൈമളും, കുറുപ്പും വഴിയുടെ ഓരത്തേക്കു നീങ്ങിനിന്നു.
മൂവർക്കും നടക്കുവാൻ ബുദ്ധിമുട്ടായിരുന്നു. അവർ പോലീസുകാരുടെ അകമ്പടിയിൽ ഒത്തിയൊത്തി നടന്നു. മുഖം താഴ്ത്തി കള്ളന്മാരെപ്പോലെയല്ല; മുഖങ്ങൾ ഉയർത്തിപ്പിടിച്ചാണ് നടക്കേണ്ടത്.. അടിയുടെ ആഘാതത്തിൽ ചുറ്റുമുള്ളതൊന്നും വ്യക്തമായി കാണുവാൻ കഴിയുമായിരുന്നില്ല. ചുറ്റും നിഴലുകൾ പോലെ ജനങ്ങൾ; അവർക്കിടയിലൂടെ അവർ തലയുയർത്തിപ്പിടിച്ചു നടന്നു.
നിഴലുകൾ പോലെ കൂടിയ ജനങ്ങളിൽ പത്രോസ് കാണാതെപോയ രണ്ടുപേരുണ്ടായിരുന്നു. കുഞ്ഞച്ചനും, പരമുവും. ആരെയോ അറസ്റുചെയ്യുന്നു എന്ന് കേട്ട് തലയിട്ടു നോക്കിയതാണ്. ആരോ ചീത്ത പറയുന്നതും തുടർന്ന് അടികൾ വീഴുന്നതിന്റെയും ശബ്ദം കേട്ടു. അടിയുടെ കാഴ്ചകാണാൻ ആളുകൾ തിരക്കിടുന്നുണ്ടായിരുന്നു. ഖദറിട്ട മൂന്നു ചെറുപ്പക്കാരുടെ നിലവിളികൾ വഴിയിൽ കേട്ടു.
ജനക്കൂട്ടത്തിന്റെ തോളുകൾക്ക് മുകളിലൂടെ തലപൊന്തിച്ചു നോക്കിയ കുഞ്ഞച്ചൻ ആ ചെറുപ്പക്കാരിൽ ഒരാളെ കണ്ടു ഞെട്ടി. പത്രോസ്?…..
അവൻ അപരിചിതനായ മറ്റാരോ ആണ്… അത് താൻ ലാളിച്ചു വളർത്തിക്കൊണ്ടുവന്ന മകനല്ല, മറ്റാരോ ആണെന്ന് അയാൾ സ്വയം വിശ്വസിപ്പിക്കുവാൻ വൃഥാ ശ്രമിച്ചു. ഇടതു തോളിലെ മുറിവിൽനിന്നു ഒഴുകിയ ചോര ഖദറുടുപ്പിനെ ചുവപ്പിച്ചുകൊണ്ടിരുന്നു. കുറ്റിത്താടിയുള്ള മുഖം ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങളുമായി പത്രോസ് പോലീസ് അകമ്പടിയിൽ നടന്നുപോയി. കുഞ്ഞച്ചൻ വീഴാതിരിക്കാനായി പരമു അയാളുടെ കൈയ്യിൽ ബലമായി പിടിച്ചു.
പാത്തൂസിനെ കണ്ടു കുഞ്ഞച്ചന്റെ ഇടനെഞ്ച് തകർന്നു.. ഇടറുന്ന ശബ്ദത്തിൽ അയാൾ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു..
“ന്റെ പാത്തൂസേ ..”
തിരക്കിൽ, ആ ശബ്ദം മുങ്ങിപ്പോയി. നിസ്സഹായതയോടെ അയാൾ തലയ്ക്കു കൈ കൊടുത്തു മണ്ണിലിരുന്നു.
വൈക്കം സ്റ്റേഷനിൽ മൂവരുടെയും പേരുവിവരങ്ങൾ എഴുതിയെടുത്തു; പിന്നെ അവരെ ലോക്കപ് മുറിയിലേക്ക് തള്ളി. അവർക്കു പിന്നിൽ ഇരുമ്പു വാതിൽ അടഞ്ഞു.
ലോക്കപ്പിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല; അവർ തങ്ങളുടെ, അടികൊണ്ടു പൊന്തിച്ച മുറിവുകളിൽ വിരലോടിച്ചു ഒരു മൂലയിൽ ഇരുന്നു. രാവിലെ പതിവിലും കൂടുതൽ ഭക്ഷണം കഴിച്ചത് നന്നായെന്നു തോന്നി. മണി മൂന്നു കഴിഞ്ഞിട്ടും, അവർക്ക് തിന്നുവാനോ കുടിക്കുവാനോ ഒന്നും ലഭിച്ചില്ല.
നാലു മണി..
ഇൻസ്‌പെക്ടർ ഇളവളകൻ സ്റ്റേഷനുള്ളിലേക്കു ചവിട്ടിത്തെറുപ്പിച്ചു വന്നപ്പോൾ എല്ലാവരും ഉണർന്നു. പുറത്തു കാവൽ നിന്നവരും, കടലാസ് കെട്ടുകൾക്കു പിന്നിൽ കണ്ണടച്ചിരുന്നിരുന്ന റൈറ്ററും, ഹെഡ് കോൺസ്റ്റബിളും, മറ്റു കോൺസ്റ്റബിൾമാരും സല്യൂട്ടടിച്ചു.
ഇൻസ്‌പെക്ടർ ഇളവളകൻ ഹെഡ് കോൺസ്റ്റബിളിനെ അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു.
“സാറേ ..” ചന്ദ്രൻ ഇരുമ്പഴിയിലൂടെ വിളിച്ചു.
“മൂത്രമൊഴിക്കണം സാറേ..”
“പുറത്തു വിടാൻ അനുവാദമില്ലെടോ.. ആ മൂലയിലെ കലത്തിലേക്ക് സാധിച്ചോ..” പോലീസുകാരൻ ചിരിച്ചു. “ലോക്കപ്പിൽ ഇങ്ങിനെയാണെടോ..പതിയെ പരിചയിച്ചോളും..”
ഹെഡ് കോൺസ്റ്റബിൾ സല്യൂട്ടടിച്ചു ഇളവളകൻറെ മുന്നിൽ നിന്നു.
“കൊടുക്കാനുള്ള സമ്മാനം കൊടുത്തേക്കു..”
അദ്ദേഹം രണ്ടുതലമുറയ്ക്കുമുൻപ്, മധുരയിൽ നിന്ന് തിരുവനന്തപുരത്തു കുടിയേറിയതാണ്. കണിശക്കാരനാണ്; ഭക്തനാണ്. എല്ലാത്തിലും അച്ചടക്കം വേണമെന്ന് നിർബന്ധമുള്ള ആളാണ്.
ഹെഡ് കോൺസ്റ്റബിൾ പുറത്തേക്കു വന്നു മൂന്നു പൊലീസുകാരെ വിളിച്ചു.
“അവന്മാർക്കുള്ളത് കൊടുക്കാൻ സമയമായി; സാറിന്റെ കണക്ക് അറിയാലോ? കൂടാനും പാടില്ല; കുറയാനും പാടില്ല..”
“എസ് സർ..”
ഇരുമ്പു വാതിലിന്റെ പൂട്ട് തുറന്നു.
അകത്തേക്ക് കയറി വന്ന മൂന്നു പൊലീസുകാരെ പത്രോസും, ചന്ദ്രനും, തേവനും ഭീതിയോടെ നോക്കി.
“എഴുന്നേക്ക്.. ഉടുപ്പ് ഊരിക്കൊളൂ..”
അവർ എഴുന്നേറ്റു; ഉടുപ്പ് ഊരിമാറ്റി.
“ഭിത്തിയിലേക്കു തിരിഞ്ഞു നിൽക്ക്.. മൂക്കു ഭിത്തിയിൽ തൊട്ടു നിൽക്കട്ടെ..”
അവർ ഭിത്തിയിൽ മുഖം തൊട്ടു നിന്നു .
“മുണ്ടഴിക്ക്..”
അവർ അനങ്ങിയില്ല.
“കഴുവേറി മക്കളേ .. അഴിക്കാൻ..”
മൂന്നു മുണ്ടുകൾ തറയിൽ വീണു.
“നിക്കർ.. അഴിച്ചു താഴെക്കിട്ടോ..”
പ്രതിക്ഷേധിച്ചിട്ടു കാര്യമുണ്ടെന്നു തോന്നിയില്ല..നിക്കറുകളുടെ കേട്ട് അഴിച്ചു; അവ കാല്പാദങ്ങളിലേക്കു വീണു.
“രണ്ടു കൈകളും ഉയർത്തി ഭിത്തിയിൽ വയ്ക്കൂ.. കൈവെള്ള ഭിത്തിയിൽ ചേർത്ത്…”
ഹെഡ് കോൺസ്റ്റബിൾ വാതിൽക്കൽ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.
“അനങ്ങരുത്.. അങ്ങിനെതന്നെ നിൽക്കൂ..”
ഹൃദയമിടിപ്പുകൾ ഇത്ര ഉച്ചത്തിലോ? എത്ര നേരമായി നില്കുന്നു..കുരിശുമരണത്തെ പത്രോസ് ഓർത്തു. കൈകൾ കഴയ്ക്കുന്നു.
“മൂന്നാളെയും, അകറ്റി അകറ്റി നിർത്തു..”
ഹെഡ് കോൺസ്റ്റബിളിന്റെ ഉത്തരവ്.
അയാൾ, തന്റെ മേശയുടെ പിന്നിൽ ചാരി വച്ചിരുന്ന നീളൻ ചൂരൽ വടികൾ മൂന്നെണ്ണമെടുത്തു പൊലീസുകാർക്കു കൊടുത്തു.
“തുടങ്ങിക്കോ..”
എന്താണ് വരുന്നതെന്ന് ചിന്തിക്കുന്നതിനു മുൻപേ, വായുവിൽ മൂളലുകളുണ്ടാക്കി മൂന്നു ചൂരലുകൾ ആഞ്ഞുവീശി. ഒരേ സമയം; ഏതാണ്ട് ഒരേ വേഗതയിൽ. അവ വായുവിൽ മൂളലുകളുണ്ടാക്കി.
ഒന്ന്… രണ്ട് … മൂന്ന്…
അയ്യോ.. അയ്യോ.. അയ്യോ..
പുളയുന്ന വേദനയിൽ, കൈകൾ താഴ്ത്തി ഞെളിയാനും, പിരിയാനും അവർ തുടങ്ങി.
പിന്നിൽ പോലീസുകാരുടെ ഗർജനം.
“നേരെ നിൽക്കടാ .. കൈകൾ മുകളിൽ..”
“എന്റെ ദൈവമേ..”
വായുവിൽ വീണ്ടും മൂളലുയർന്നു.
നാല് .. അഞ്ച് … ആറ് …
അയ്യോ.. അയ്യോ.. അയ്യോ..
ചോരയുടെ നനവ് ചൂരലിൽ പറ്റിയെന്നു തോന്നുന്നു.. പിന്നിൽ ജാതിപ്പേരുകളുടെ തെറിയഭിഷേകം..
“കൈ മുകളിൽ.. ”
കൈകൾ വിറക്കുന്നു. അവ പൊങ്ങുന്നില്ല..ശ്വാസം കിട്ടുന്നില്ല..നെഞ്ചിന്കൂട് പൊങ്ങിത്താഴുന്നു.
ചെവിയിലേക്ക് വീണ്ടും ചൂരലിന്റെ മൂളൽ.
ഏഴ് … എട്ട് … ഒന്പത് … പത്ത്..
ആയോ .. ആയോ.. ആയ്.. ആ… വേദനയുടെ പിടച്ചിൽ തൊണ്ടക്കുഴിയിൽ തടഞ്ഞു പോയി.
അവർ തറയിൽ വീണു. കുറുവടിയുടെ മുറിവുകളിൽ നിന്ന് ചോര ചിതറി. അതിവേദനയിൽ തങ്ങൾ നഗ്നരാണെന്ന കാര്യം അവർ മറന്നു പോയി.

(തുടരും)

References
*ജയന്തൻ നമ്പൂതിരി (തിരുവിതാംകൂർ ബാലരാമ വർമ്മ മഹാരാജാവിന്റെ ദളവ ഏപ്രിൽ – ജൂൺ 1799)
ശങ്കരനാരായണൻചെട്ടി (ധന മന്ത്രി)
തച്ചിൽ മാത്തൂത്തരകൻ (ഉപദേശകൻ): എറണാകുളം, വടക്കൻ പറവൂർ, കുത്തിയതോട് എന്ന സ്ഥലത്തു ജനനം. സമ്പന്നനായ വ്യാപാരി. അഴിമതി ആരോപിച്ചു പൊതുനിരത്തിൽ ചാട്ടയടിച്ചു, അയാളുടെ ഇരു ചെവികളും മുറിച്ചു തിരുവനന്തപുരത്തെ തടവറയിലാക്കി. സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടി. 1814 ൽ മരിച്ചു.
വേലുത്തമ്പി (1802 – 1808) തിരുവിതാംകൂർ ദളവ) കർക്കശക്കാരനായ പ്രധാനമന്ത്രി. അടൂരിനടുത്തു മന്നാടിയിലെ ക്ഷേത്രത്തിനുള്ളിൽ വെച്ച് സ്വയം കുത്തി മരിച്ചു.

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!