Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 16

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 16
ഏബ്രഹാം ചാക്കോ

മൂവരെയും കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചു. എറണാകുളം സബ്‌ജയിലിൽ ഒരാഴ്ച. അതിനുശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റം.
അന്നുവരെ കാണാത്ത ഒരു ലോകത്തേക്കാണ് അവർ മാറ്റപ്പെട്ടത്. മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്യം മറ്റൊരുകൂട്ടം ആളുകൾ നിയന്ത്രിക്കുന്ന അവസ്ഥ. വ്യക്തി എന്ന വാക്കിന്റെ അർഥം നഷ്ടപ്പെടുന്ന ലോകം. സ്വന്തം പേര് നഷ്ടപ്പെട്ടു; പകരം ഒരു തടവുകാരന്റെ അക്കം മാത്രമായിത്തീരുന്ന ജീവിതങ്ങൾ.
വെളുപ്പിന് ആറു മണിക്ക് ഉണരാനുള്ള മണി ഇടനാഴികളിൽ മുഴങ്ങും. ഒരു ഞെട്ടലോടെ പലരും ഉണരുന്നു. എത്ര ഉറക്കത്തിലായാലും എഴുന്നേൽക്കണം. എഴുന്നേൽക്കാതെ കണ്ണടച്ചു തിരിഞ്ഞുകിടക്കുന്ന ചിലരുണ്ടാവും. അവരുടെ പിന്നാമ്പുറത്തു കൂടെയുള്ളവർ ഒരോ തൊഴി കൊടുത്തു ഉണർത്തും.
“എഴുന്നേറ്റോ.. ഹാജരെടുക്കാൻ വാർഡൻ വരുന്നുണ്ട്..”
വാർഡൻ വരുന്നതിനു മുൻപേ, എല്ലാവരും ഇരുമ്പുവാതിലിനു പിന്നിൽ വരിവരിയായി കുത്തിയിരിക്കണം.
ലോകത്തെ മുഴുവൻ വെറുത്തു നോക്കുന്ന തടവുകാരുടെ മുഖങ്ങളാണ് വാർഡന് എല്ലാ ദിവസവും കാണേണ്ടത്.
വാർഡൻ വരാന്തയിലൂടെ നടന്ന് ഓരോ സെല്ലിലെയും തടവുകാരുടെ തലയെണ്ണം നോക്കും. വാർഡന്റെ പിന്നിൽ അയാളുടെ നിഴലുപോലെ നടക്കുന്ന പോലീസുകാരൻ ബുക്കിൽ എണ്ണങ്ങൾ എഴുതിയെടുക്കും.
ഒന്ന്.. രണ്ട്.. മൂന്ന്… വാർഡൻ ചൂണ്ടുവിരൽ നീട്ടിപിടിച്ചാണ് എണ്ണുക..
തടവുമുറിയിൽ നിന്നും പുറത്തേക്ക്‌ കടക്കാനുള്ള ആദ്യത്തെ നടപടിയാണ് ഹാജർ. ഇതിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല.
ആദ്യത്തെ ദിവസം പത്രോസിന് ചവിട്ടു കിട്ടി. ശത്രുതയുടെ ചവിട്ടല്ല; കരുതലിന്റെ ചവിട്ട്. രാത്രിയിൽ ഉറങ്ങാനേ കഴിഞ്ഞില്ല. ദേഹത്തുകൂടി എന്തോ ഇഴഞ്ഞു നടക്കുന്നതായി തോന്നി പലതവണ എഴുന്നേറ്റിരുന്നു. എപ്പോഴോ ഉറങ്ങി; പിന്നെ ഉണരുന്നത് ചവിട്ടു കിട്ടിയപ്പോഴാണ്.
അഴിഞ്ഞുപോയ മുണ്ടു മുറുക്കിയുടുത്തു കുത്തിയിരിക്കുന്നവരുടെ വരിയിൽ ചെന്നിരുന്നു കോട്ടുവായിട്ടു.
ഒന്ന്.. രണ്ട് .. മൂന്ന്..
വാർഡന്റെ ചൂണ്ടു വിരൽ എണ്ണമെടുത്തു. മൊത്തം എട്ടുപേരാണ് പത്രോസിന്റെ സെല്ലിൽ ഉണ്ടായിരുന്നത്.
മറ്റൊരു ചോദ്യങ്ങളുമില്ലാതെ വാർഡൻ അടുത്ത സെല്ലിലേക്ക് നീങ്ങി. തേവനും ചന്ദ്രനും മറ്റു രണ്ടു സെല്ലുകളിലാണ്. ഒരുമിച്ചു വന്നതുകൊണ്ടാവാം, അവരെ വേറെ വേറെ സെല്ലുകളിലേക്ക് അയച്ചത്.
ഹാജരെടുപ്പ് ആറ് മുതൽ ആറര വരെയാണ്. വാർഡൻ പോയാലും ഇരുമ്പുവാതിൽ തുറക്കാൻ പിന്നെയും സമയമുണ്ട്. ആറര മണിക്കേ ഇരുമ്പു വാതിലുകളുടെ താഴുകൾ തുറക്കപ്പെടുകയുള്ളു. കക്കൂസിൽ പോകാൻ മുട്ടിനിൽക്കുന്നവർ ഇരുമ്പുവാതിലിൽ നോക്കി അക്ഷമരാവും. മറ്റുചിലർ ബാക്കിയുള്ള സമയം കണ്ണടച്ചു കിടക്കും.
വലിയ ചാവിക്കൂട്ടത്തിന്റെ കിലുക്കം കേട്ടാൽ സമയം ആറരയായെന്നു ഉറപ്പിക്കാം. ദയാഹീനമായ ശബ്ദത്തിൽ പൂട്ടുകൾ തുറക്കപ്പെടുന്നു. പിന്നെ ചായക്കും കക്കൂസിനും വേണ്ടിയുള്ള ഓട്ടമാണ്. അത്യാവശ്യക്കാരൻ മുന്നിലെത്തണമെങ്കിൽ ഓടിയെ തീരു.
നിർലോപമായി വെള്ളം ചേർത്ത ചായ കിട്ടണമെങ്കിൽ സ്വന്തം ഗ്ലാസ്സുമായി പോകണം. ഒരു തടവുകാരന്റെ സ്വത്തുക്കളാണ് സ്റ്റീൽ പ്ലേറ്റ്, കൊഴക്കപ്പ്‌, സ്റ്റീൽ ഗ്ലാസ്സ്.. അത് കഴുകി വൃത്തിയാക്കി വെക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമാണ്. ചായയുമെടുത്തു വരാന്തയുടെ തിട്ടിലിരിക്കുമ്പോഴും ഒരു കണ്ണ് കക്കൂസിലേക്കാണ്. തിരക്ക് ഒഴിയുമ്പോൾ ചെന്ന് കയറണം.
അനന്തപുരിയിൽ കിട്ടിയ വരവേൽപ് ഇനിയും മറന്നിട്ടില്ല. എല്ലാം പച്ചയായി ഓർമയിലുണ്ട്. ചുവന്ന വമ്പൻ കവാടത്തിനുള്ളിൽ മുറിച്ചുവെച്ച ചെറിയ വാതിലിലൂടെ അകത്തുകടന്നപ്പോൾ, പിന്നിൽ ഉപേക്ഷിച്ചത് സാധാരണ ജീവിതമാണ്. ഒരു തടവുകാരന്റെ ദുർബലതയോടെ, കടലാസ്സു കുത്തുകൾ തീരുവാൻ വേണ്ടി ഉള്ളിലെ ചുമരിന്റെ ഓരം പറ്റി നിന്നു. പത്രോസിനെയും, ചന്ദ്രനെയും, തേവനെയും കൂടാതെ വേറെയും നാലുപേർ ഉണ്ടായിരുന്നു. നീണ്ട നടപ്പാതയുടെ അങ്ങേയറ്റത്തു വൃത്താകൃതിയിലുള്ള സെൻട്രൽ ടവർ രാജകീയ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്നത് കാണാമായിരുന്നു.
“എല്ലാവരും ആ മുറിയിലേക്ക് പോകു..” വശത്തെ മുറി ചൂണ്ടിക്കാട്ടി പോലീസുകാരൻ ആവശ്യപ്പെട്ടു.
വലിപ്പമുള്ള മുറി. ഒരു മൂലയിലായി പേപ്പറും ഫയലുകളും കൊണ്ട് തിരക്കുപിടിച്ച ഒരു മേശ. അത് ജയിൽ ഡോക്ടറുടേതാണ്. അല്പം മാറി തുണി തൂക്കിയിടാൻ പാകത്തിനൊരു തടി സ്റ്റാൻഡും.
“എല്ലാവരും അവനവന്റെ തുണി ഊരി മാറ്റിക്കോളൂ.. അടിവസ്ത്രം ഉൾപ്പടെ..”
തുണികൾ സ്റ്റാൻഡിലേക്ക് വീണു. സത്യാഗ്രഹികളായ മൂന്നുപേർക്ക് അടിവസ്ത്രം ഊരി മാറ്റാനുണ്ടായ വൈമനസ്യം മറ്റു നാലുപേർക്കും ഉണ്ടായിരുന്നില്ല. അവർ ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. നൂല് ബന്ധമില്ലാതെ നാലുപേർ നിരന്നു നിന്നു.
“നിന്നോടൊക്കെ എന്തര് പ്രത്യേകിച്ച് പറയണോ?” പോലീസുകാരൻ അവരുടെ പുക്കിളിനു താഴെ അടിവസ്ത്രത്തിന്റെ കുടുക്കിനുള്ളിലേക്ക് ലാത്തിത്തുമ്പു ഇറക്കി.
നഗ്നരായ ഏഴുപേർ വരിയായി നിന്നു. രണ്ടു പോലീസുകാർ അവരുടെ പുരുഷാകൃതികൾ അടിമുടി നോക്കി അശ്ലീലചിരി പാസ്സാക്കി.
“എന്തരെടേ, ഇവന്റെത്‌ ചുരുണ്ടിരിക്കുന്നത്?.. കൈയ്യും കാലും വളന്ന കൂട്ടത്തില് അവൻ വളർന്നിട്ടില്ലെടേ..”
“അവന്റെ മണിസഞ്ചി കണ്ടാല്, കറവ നിർത്തിയ ആടിന്റെ അകിട് പോലുണ്ടല്ലോ..”
തിരുവനന്തപുരത്തുകാരുടെ മുന്നോട്ടു നീട്ടിയ ഒഴുക്കിൽ അവർ സംസാരിച്ചു.
പത്രോസിനു കരയണമെന്നു തോന്നി. ഇലവളകന്റെ സ്റ്റേഷനിൽ ഭിത്തിയിൽ മുഖം മറച്ചാണ് നിന്നത്. ഇന്നിപ്പോൾ ലോകത്തിനു മുഖം കൊടുത്തു രണ്ട് ആഭാസചിരികൾക്ക് മുന്നിൽ നിൽക്കേണ്ടിവരുന്നു.
ചിരിക്കാനറിയാത്ത മുഖവുമായി ഡോക്ടർ എത്തി.
പേര്…വയസ്സ്… ലിംഗം….വിരലടയാളം…
ഡോക്ടർ ഓരോരുത്തരുടെയും വിവരങ്ങൾ രേഖപ്പെടുത്തി ചോദ്യങ്ങൾ തുടങ്ങി.
ഇപ്പോൾ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ?
ഉണ്ടെങ്കിൽ അസുഖത്തിന്റെ പേര് .. കഴിക്കുന്ന മരുന്ന്?…
കഴിഞ്ഞ മൂന്നാഴ്ചയായി തുടർച്ചയായ ചുമയുണ്ടോ?
ശാരീരിക അളവുകൾ – ഭാരം, ഉയരം..
മുണ്ടിനീര്..
വിരലുകളുടെ നിറം..
തൊലിയുടെ നിറവ്യത്യാസം
മഞ്ഞപ്പിത്തം..
ഡോക്ടർ കൈയുറ വലിച്ചു കയറ്റി, പിന്നിലേക്ക് വന്നു പുറത്തു തട്ടി.
“കുനിഞ്ഞു നിൽക്ക്..”
ഡോക്ടർ പിന്നിലിരുന്ന് ഗ്ലൗസിട്ട വിരലുകളുടെ സഹായത്താൽ അകത്തേക്ക് വിശദമായി നോക്കി .
“ചുമയ്ക്ക് ..”
“മതി.. നേരെ നിൽക്ക് ..”
ഡോക്ടർ മുന്നിലേക്ക് വന്നു മണികൾ കൈവെള്ളയിൽ താങ്ങി ഭാരം നോക്കി. അദ്ദേഹം, കണ്ണുകളടച്ചു, സമയമെടുത്ത് തൻറെ പരിശോധന നടത്തി.
“അടുത്തയാൾ..” കണ്ണുകൾ തുറന്ന് ഡോക്ടർ മുറുമ്മി.
പത്രോസ് ദയനീയനായി ചോദിച്ചു- “മുണ്ടുടുത്തോട്ടേ ഡോക്ടർ?..”
ജയിലിലെ ഉപയോഗത്തിനുള്ള സാധനങ്ങൾ കിട്ടി.
മുണ്ട്, ഉടുപ്പ്, തോർത്ത്, അടിവസ്ത്രം,
സ്റ്റീൽ പ്ലേറ്റ്, കൊഴപ്പാത്രം, ഗ്ലാസ്..
അടിവസ്ത്രത്തിന്റെ ഏറ്റവും ഒടുവിലെ ഉടമസ്ഥൻ നല്ല തടിയുള്ള ആളായിരുന്നിരിക്കണം. അത് പത്രോസിന്റെ അരയിൽ ഊർന്നു വീഴാൻ ഓങ്ങിയോങ്ങി നിന്നു.
ഇനിയെന്ത് എന്നറിയാതെ അവർ ആ മുറിയുടെ മൂലയിൽ നിന്നു. മുറിയുടെ പുറത്തു വാതിലിനു ഇരുവശങ്ങളിലായി രണ്ടു പോലീസുകാർ നിലയുറപ്പിച്ചിരുന്നു .
“ഓരോരുത്തരായി പുറത്തേക്കിറങ്ങിക്കോ..”
പുറത്തിറങ്ങുന്ന ഓരോരുത്തരെയും വാതിൽക്കൽ നിന്നിരുന്ന പോലീസുകാർ ലാത്തി വീശിയടിച്ചു സ്വീകരിച്ചു. അടികൾ ഇരുവശങ്ങളിൽ നിന്നും മുതുകിൽ വീണപ്പോൾ പത്രോസ് ഉറക്കെ നിലവിളിച്ചു “അയ്യോ..”
വരിയിൽ പിന്നിൽ നിന്നിരുന്ന നാലുപേരിൽ ഒരാൾ പറഞ്ഞു- “പേടിക്കേണ്ട, ഇതാണ് നടയടി..ഇതിവിടുത്തെ പതിവാ..”
അടി നിർത്തി പോലീസുകാരൻ പത്രോസിനോട് പറഞ്ഞു
“അങ്ങോട്ട് മാറി നിന്നോ.. നടയടി നിനക്കൊക്കെ ഓർമ്മയിൽ വെക്കാനാണ്. ഈ ഓർമ്മയിൽ വേണം ഇനിയുള്ള കാലം ഇവിടെ ജീവിക്കാൻ..”.
അകമ്പടിയോടെ എല്ലാവരും സെൻട്രൽ ടവറിലേക്ക് നടന്നു. സ്വന്തം സാധനങ്ങളൊക്കെ അവിടെയാണ് സൂക്ഷിക്കുക. വാച്ച്, പേഴ്സ്, ആഭരണങ്ങൾ, സ്വന്തം തുണികൾ.. അങ്ങിനെ പലതും.
ആറരക്ക് ചായ. രാവിലത്തെ ഭക്ഷണം ഏഴരക്കാണ്. കക്കൂസും, പല്ലുതേപ്പും കുളിയും കഴിഞ്ഞാലും പിന്നെയും സമയം ബാക്കിയുണ്ട്.
സ്റ്റീൽ പ്ലേറ്റുമായി പത്രോസ് കാന്റീനിലേക്ക് പോയി. തേവനും ചന്ദ്രനും അവിടെ ഉണ്ടായിരുന്നു.
“എങ്ങിനെയുണ്ട് ? ” ചന്ദ്രൻ ചോദിച്ചു
“ഓ.. എന്റെ സെല്ലിൽ മൂട്ടയുണ്ടെന്നു തോന്നുന്നു. ഒട്ടും ഉറങ്ങാൻ പറ്റിയില്ല..”
തേവന്റെ പ്രശനം അടുത്ത് കിടക്കുന്നവനെപ്പറ്റി ആയിരുന്നു.
“അവനു ക്ഷയമാണെന്നാ തോന്നുന്നത്..രാത്രി മുഴുവൻ കുത്തികുത്തി ചുമക്കുകയായിരുന്നു.”
“ലോക്കപ്പിൽ കിടന്നു ഇടി കൊണ്ട് അവന്റെ ചങ്കു കലങ്ങിക്കാണും ..” ചന്ദ്രൻ പറഞ്ഞു. “എന്റെ അടുത്തുകിടക്കുന്നവൻ ഒരു നരമ്പുരോഗിയാണെന്നു തോന്നുന്നു. മുണ്ടു മാറ്റിയേ കിടക്കൂ.. ആരെങ്കിലും എടുത്തോണ്ടു പോയോന്ന് തോന്നി ഇടയ്ക്കിടക്ക് അയാൾ അതിനെ രാത്രി മുഴുവൻ തപ്പിനോക്കുകയും ചെയ്യും…ചൂടാണെന്നാ പറയുന്നത്..”
“നല്ല ചൂടുണ്ട്.. ഒരു ഫാൻ ഉണ്ടായിരുന്നെങ്കിൽ വായുവിന് കുറച്ചനക്കം എങ്കിലും കിട്ടിയേനെ..”
അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാന്റീനിലെ കൗണ്ടറിൽ ഭക്ഷണമെത്തി.
പ്രസിദ്ധമായ ഗോതമ്പ് ഉണ്ടയും, തേങ്ങാ സമ്മന്തിയും.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!