Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 17

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 17
ഏബ്രഹാം ചാക്കോ

മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്തു സത്യാഗ്രഹികൾക്ക് അനുകൂലമായ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷയില്ലാതായി. ദിവാൻ രാഘവയ്യ റാവു ആയിരുന്നെങ്കിലും, കാര്യങ്ങൾ ഒക്കെ തീരുമാനിച്ചിരുന്നത് ശങ്കരമംഗലം ശങ്കരൻ തമ്പി ആയിരുന്നു.
തമ്പി ആയിരുന്നു മഹാരാജാവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. മാത്രവുമല്ല തമ്പിയുടെ ആദ്യ ഭാര്യയായ കാർത്യായനി പിള്ള കൊച്ചമ്മ നിലവിൽ രാജാവിന്റെ ഭാര്യയുമായിരുന്നു.
സമരത്തിന്റെ ചൂട് രാജകൊട്ടാരത്തിൽ എത്തിയെന്നോണം സത്യാഗ്രഹം തുടങ്ങി നാലുമാസങ്ങൾ കഴിഞ്ഞപ്പോഴേക്കും, അറുപത്തിയാറാം വയസ്സിൽ മഹാരാജാവ് ശ്രീമൂലം തിരുനാൾ നാടുനീങ്ങി. താമസിയാതെ ശങ്കരൻ തമ്പിയുടെ കൊട്ടാര ഭരണവും അവസാനിച്ചു
തിരുവനന്തപുരത്തെ തുറുങ്കിൽ പെരിയാർ രാമസാമിയെ അടച്ചതു മുതൽ മഹാരാജാവിനു ഓരോരോ ശീലാന്തികൾ വന്നു പൊയ്ക്കൊണ്ടിരുന്നു. പെരിയാറിന്റെ ശാപവാക്കുകൾ മൂലമാണ് മഹാരാജാവ് പെട്ടെന്ന് നാടുനീങ്ങിയതെന്നൊരു സംസാരവും തിരുവനന്തപുരത്തു പൊതുവേ ഉണ്ടായി.
ഏതായാലും പെരിയാറിനെ പെട്ടെന്ന് തന്നെ തിരുവനന്തപുരത്തു നിന്നും മദ്രാസിലേക്ക് മാറ്റി. ശ്രീ മൂലം തിരുനാൾ നാടുനീങ്ങിയത് പ്രമാണിച്ചു മുൻപേ ജയിലിലുണ്ടായിരുന്ന കുറെയേറെ സത്യാഗ്രഹികളെ ജയിൽ മോചിതരാക്കി.
അതോടെ പ്രതീക്ഷകൾ എല്ലാം അധികാരമാറ്റത്തിലേക്കായി. ശ്രീ ചിത്തിര തിരുനാളിനു വയസ്സ് പന്ത്രണ്ടേ ആയിട്ടുള്ളു. അധികാരം റീജന്റ് മഹാറാണിക്ക് കൊടുക്കുവാൻ തീരുമാനമായി
1924 സെപ്റ്റംബർ ആറാം തീയതി മഹാറാണി സേതുലക്ഷ്മി ബായ് അധികാരമേറ്റു.
ഇനി പ്രശ്നപരിഹാരത്തിന് റീജന്റ് സേതു ലക്ഷ്മി ഭായിയുടെ കനിവു മാത്രമേ തുണയുള്ളു എന്ന സ്ഥിതിയായി. മേല്ജാതിക്കാരെ പിണക്കി എന്തെങ്കിലും തീരുമാനം മഹാറാണി എടുക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
“ഗോപാലോ.. നീ കേട്ടോ.. സവർണർ കൊട്ടാരത്തിലേക്കു ജാഥക്കു പോകുന്നു.” രാമൻ ഇളയതാണ് വാർത്തയും കൊണ്ട് വന്നത്.
“അതെയോ.. മേല്ജാതിക്കാരു പറഞ്ഞാൽ കൊട്ടാരം കേൾക്കും..” ഗോപാലൻ ചങ്ങനാശ്ശേരിയിലെ ഒരു സവർണ കുടുംബാംഗമാണ്.
“നവംബറിലാണത്രെ തുടക്കം.. മന്നം* നയിക്കുന്ന സവർണ ജാഥ വൈക്കത്തൂന്ന് തിരുവന്തപുരം വരെ നടക്കും. ഹൈന്ദവരുടെ ഇടയിലെ അനാചാരങ്ങൾ അവരിലെ തന്നെ എല്ലാ സമുദായങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചത്. ക്ഷേത്രപ്രവേശന വിഷയത്തിൽ സവർണരുടെ ഇടപെടൽ എതിർപ്പുകളുടെ അടിത്തറ ഇളക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ക്ഷേത്രത്തിന്റെ വഴികൾ തുറക്കാൻ സവർണർക്കു വിരോധമില്ലെന്ന് വന്നാൽ പരിഹാരം എളുപ്പമാകുമല്ലോ..”
“നമ്മുടെ സമരം വിജയിക്കുമല്ലേ രാമാ?” ശ്രീക്കുട്ടൻ ചോദിച്ചു
“വിജയിക്കുമെടാ.. നമ്മൾ വിജയിക്കും..” ശങ്കുപിള്ള പറഞ്ഞു
സവർണരുടെ ജാഥ അഞ്ഞൂറ് പേരായി നവംബർ ഒന്നിന് തുടങ്ങി. പന്ത്രണ്ടു ദിവസങ്ങൾ കൊണ്ടാണ് ജാഥ തിരുവനന്തപുരത്തെത്തിയത്. വഴി നീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, ശിവഗിരിയിൽ എത്തിയപ്പോൾ ശ്രീനാരായണഗുരു ജാഥയെ അനുഗ്രഹിച്ചു.
ഓരോരോ സ്ഥലത്തു അധികമായി ആളുകൾ ചേർന്ന്, അഞ്ഞൂറായി വൈക്കത്തു തുടങ്ങിയ യാത്ര തിരുവന്തപുരത്തു എത്തുമ്പോഴേക്ക് അയ്യായിരമായി മാറി. നൂറ്റിതൊണ്ണൂറ്‌ കിലോമീറ്റർ ദൂരം കാൽനടയായി അവർ യാത്രചെയ്തു. ഓരോ ഗ്രാമത്തിലും പട്ടണങ്ങളിലും അവർ സമ്മേളനങ്ങൾ നടത്തി. മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സമരമുഖത്തെ ജനം അത്ഭുതത്തോടെ വീക്ഷിച്ചു. ആയിരങ്ങൾ റീജന്റ് മഹാറാണിക്കുള്ള നിവേദനത്തിൽ ഒപ്പു ചാർത്തി.
നവംബർ 13
25000 പേർ ഒപ്പിട്ട നിവേദനം റീജന്റ് മഹാറാണി സേതു ലക്ഷ്മി ബായിക്കു സമർപ്പിച്ചു. ജാതി മത ഭേദമെന്യേ, ഏല്ലാവർക്കും വൈക്കം മഹാദേവ ക്ഷേത്രമതിലുകൾക്കു പുറത്തെ വഴികളും, അതുപോലുള്ള തിരുവിതാംകൂറിലെ മറ്റുവഴികളും തുറന്നു കൊടുക്കാൻ തിരുമനസ്സിന്റെ കനിവുണ്ടാകണം എന്നായിരുന്നു ആവശ്യം.
എല്ലാവരും വളരെ പ്രതീക്ഷയോടെ റീജന്റ് മഹാറാണിയുടെ തീരുമാനത്തിനായി കാത്തിരുന്നു.
പക്ഷെ നിരാശയായി ഫലം.
റീജന്റ് സേതു ലക്ഷ്മിബായി മൗനം പാലിച്ചു. അധികാരമേറ്റപാടെ സവർണരെ വെറുപ്പിക്കുന്നതു ബുദ്ധിയല്ലെന്നു മഹാറാണി വിചാരിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ദിവാൻ രാഘവയ്യ ബുദ്ധിപൂർവം ഈ പ്രശ്‍നം മൂന്നുമാസത്തേക്കു നീക്കിയെടുക്കാനും, അസംബ്ലിയുടെ ഭൂരിപക്ഷ തീരുമാനമാക്കാനും പദ്ധതിയിട്ടതായിരുന്നിരിക്കാം.
നിവേദനം ശ്രീ മൂലം പോപ്പുലർ അസംബ്ലിയിലേക്ക് തീരുമാനത്തിനായി വിട്ടു. അസംബ്ലി കൂടുന്നതോ, മൂന്നു മാസങ്ങൾക്കു ശേഷം.
ശനിയാഴ്ച ഫെബ്രുവരി ഏഴാം തീയതിക്കു വേണ്ടി പതിനായിരങ്ങൾ ഇനിയും കാത്തിരിപ്പു തുടരണം.
സത്യാഗ്രഹ ആശ്രമം ആവേശപൂർവം തുടർന്നു. ദേശീയ പത്രങ്ങളിൽ പ്രാധാന്യത്തോടെ വൈക്കത്തിന്റെ വാർത്തകൾ വന്നു കൊണ്ടിരുന്നു.
സത്യാഗ്രഹ പന്തലിൽ ആർക്കും മതമില്ല; ജാതിയില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആരും ജാതിപേരുപറഞ്ഞു മേലാളരോ കീഴാളരോ ആവരുത്. ശ്രീനാരായണഗുരുദേവൻ പറഞ്ഞതു പോലെ ജാതി ചോദിക്കരുത് പറയരുത്. എന്നാലും പേര് കള്ളം പറയില്ല. പത്രോസ് ഹിന്ദു അല്ലെന്നും, തേവൻ നായരല്ലെന്നും , രാമൻ ഇളയത് ഇഴവനല്ലെന്നും, ശങ്കുപിള്ള പുലയനല്ലെന്നും എല്ലാവർക്കും തിരിച്ചറിയാം.
കുതന്ത്രങ്ങളുടെ ഒരു വമ്പൻ എട്ടുകാലിവല വിരിച്ചു ഇണ്ടന്തുരുത്തിമനയിലെ നീലകണ്ഠൻ നമ്പൂതിരി സത്യാഗ്രഹത്തിന്റെ വിജയശ്രമങ്ങളെ ചെറുത്തുകൊണ്ടിരുന്നു. യാഥാസ്ഥിതികതയുടെ ആൾരൂപമായിരുന്നു ഇണ്ടംതുരുത്തിൽ ദേവൻ നീലകണ്ഠൻ നമ്പൂതിരി.
“ഒക്കത്തിനേം തച്ചോടിക്കണം.. ഇവറ്റകൾക്ക് വഴങ്ങിക്കൊടുക്കാൻ പറ്റില്യ..” വൈകുന്നേരങ്ങളിൽ മനയിൽ സത്യാഗ്രഹികളെ നേരിടുന്നതിന് മേൽജാതിക്കാർ കൂട്ടംകൂടി.
“തിരുവിതാംകൂർ രാജവംശം നമുക്കൊപ്പമുണ്ട്.. പോലീസും കൂട്ടരും കൂടെയുണ്ട്.. ഒക്കത്തിനേം ഇവിടുന്നു ഓടിക്കണം”
“ഗാന്ധി വരുന്നുണ്ടെന്നു കേൾക്കുന്നു..”
“വരട്ടെ. വരട്ടെ, അയാൾക്കെന്താ കൊമ്പൊണ്ടോ? പരശുരാമൻ പണിയിച്ച ഈ മഹാദേവർ ക്ഷേത്രം നീചജന്മങ്ങൾ അശുദ്ധമാക്കാൻ നാം അനുവദിക്കില്ല്യ..”
“കായബലമുള്ള കുട്ടികളെ ഇറക്കണം..”
“ഈ ദേശത്തു മാത്രോല്ല; മറ്റു നാട്ടിൽനിന്നും ആളെ ഇറക്കണം..”
ചർച്ചകൾ തുടർന്നു. സത്യാഗ്രഹികൾക്ക് കൂടുതൽ കൂടുതൽ അടി കിട്ടി. വഴിയിൽ നടക്കാനാവാത്ത സ്ഥിതിയായി.
ദേവൻ നീലകണ്ഠൻ നമ്പൂതിരിയുടെ കായബലമുള്ള ആണുങ്ങൾ കൈയിൽ കരുതിയ കുറുവടി വീശി സത്യാഗ്രഹികളുടെ തോളെല്ല് തകർത്തു. അവരുടെ നിലവിളി ഉയർന്നപ്പോൾ പോലീസ് ആകാശത്തിൽ ആടിക്കളിക്കുന്ന തെങ്ങിൻതലകളിലെക്ക് കണ്ണ് നട്ടു നിന്നു. തിരിച്ചോടാതെ, അടികൊണ്ടു സത്യാഗ്രഹികൾ വഴിയിൽ വീണുകിടന്നു. ചുവപ്പിന്റെ കറ ഖദർവസ്ത്രങ്ങളിൽ പടർന്നു.
പക്ഷെ സമരം തളർന്നില്ല. സമ്മേളനത്തിൽ കെ കേളപ്പൻ* ഉണ്ടായിരുന്നു. ഗാന്ധിയുടെ അനുഗ്രഹങ്ങളോടെ ഈ സത്യാഗ്രഹത്തിന് മുന്നിട്ടു വന്ന എല്ലാവരെയും അദ്ദേഹം അനുമോദിച്ചു.
“നോക്കൂ .. നമ്മുടെ മാർഗം അക്രമത്തിന്റേതല്ല. കായികബലം കൊണ്ട് നേടുന്നത് ശാശ്വതമല്ല; അതൊരിക്കലും സമാധാനം നൽകുകയില്ല. എന്നാൽ നമുക്കു മുൻപിലുള്ളത് പുഷ്പങ്ങൾ വിരിച്ച വഴിയല്ല; മറിച്ചോ കല്ലും മുള്ളും നിറഞ്ഞ വിഷമം പിടിച്ച വഴിയാണ്. ഈ വഴിയിൽ നമുക്കു മർദ്ദനങ്ങൾ കിട്ടിയേക്കാം; ഈ വഴിയിൽ നിങ്ങൾ വീണുപോയേക്കാം; നിങ്ങളുടെ ചോര ഈ മണ്ണിൽ വീണേക്കാം. എന്നാലും അക്രമത്തിന്റെ പാത നമുക്കുള്ളതല്ല..”
എല്ലാവരുന്ടെയും നീണ്ട കരഘോഷം
സത്യാഗ്രഹികൾക്കു കെ കേളപ്പൻ മുന്നറിയിപ്പ് കൊടുത്തു. അപകടമുണ്ട്. തിരിച്ചടിക്കാൻ നിന്നാൽ സത്യാഗ്രഹികളുടെ അക്രമരഹിത സമരമെന്ന ഗാന്ധി തത്വത്തിനു ക്ഷതമേൽകും. സത്യാഗ്രഹം കൈവിട്ടുപോകാതിരിക്കാൻ എല്ലാവരും അച്ചടക്കത്തോടെ പെരുമാറണം.
“ബാൽ ഗംഗാധർ തിലക് കി ജയ്”
സത്യാഗ്രഹികൾ കൈമുഷ്ടി ഉയർത്തി ഏറ്റുപറഞ്ഞു
“ബാൽ ഗംഗാധർ തിലക് കി ജയ്”
“സ്വരാജ് മേരാ ജന്മസിധ് അധികാർ ഹെ”
എല്ലാവർക്കും ഏറ്റുചൊല്ലാൻ കഴിഞ്ഞില്ല
“സ്വരാജ് മേരാ ജന്മസിദ്ധ്‌ അധികാർ ഹെ”
ഒരു കൂട്ട മർമ്മരമായി ആ ഏറ്റുപറച്ചിൽ
“ഓർ മേം ഉസെ പാക്കെ ഹി രഹൂങ്കാ ..”
കാര്യമായ എറ്റുവിളി ഉണ്ടായില്ല. മിക്കവാറുംപേർ “ഓർ മേം ഉസെ…” ക്കു ശേഷം തട്ടിത്തടഞ്ഞു നിന്നു.
“നമുക്ക്.. നമുക്ക് ഹിന്ദി പഠിക്കണം..” ശ്രീക്കുട്ടൻ അടുത്തിരുന്ന കേശവനോട് പറഞ്ഞു.
ശങ്കുപിള്ള കേശവനെയും, ശ്രീക്കുട്ടനെയും പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന് അത്യാവശ്യം ഹിന്ദി ഭാഷയൊക്കെ വശമാണ്.
” ടികെ… ടികെ… ഹം സിക്കായേങ്കെ..”

(തുടരും)

References
* മഹാരാജാവ് മൂലംതിരുനാൾ രാമവർമ: തിരുവിതാംകൂർ മഹാരാജാവ് 1885 – 1924
* മഹാറാണി സേതു ലക്ഷ്മിബായി: തിരുവിതാംകൂർ റീജന്റ് സെപ്തംബർ 1924 – നവംബർ 1931
* മന്നം പദ്മനാഭൻ പിള്ള (1878 – 1970): നായർ സർവീസ് സൊസൈറ്റി (NSS) യുടെ സ്ഥാപക നേതാവ്. നേതൃത്വം വഹിച്ച സാമൂഹ്യ മുന്നേറ്റങ്ങൾ (1) സവർണ ജാഥ 1924 (2) വൈക്കം സത്യാഗ്രഹം (3) വിമോചന സമരം
*കെ കേളപ്പൻ: (1889 – 1971) കേരള ഗാന്ധി, സാമൂഹ്യപരിഷ്കർത്താവ്, സ്വാത്ര്യസമര സേനാനി

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!