Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 2

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

2

ചീത്ത കേൾക്കുമ്പോൾ പത്രോസ് പേടിച്ചില്ല. അടികൊള്ളുമ്പോൾ കരഞ്ഞില്ല. അമ്മയുടെ സാന്ത്വനങ്ങൾക്ക് ചെവി കൊടുത്തില്ല. കുഞ്ഞച്ചൻ തന്റെ സങ്കടങ്ങളും ആവലാതികളും ഇടവകപ്പള്ളിയിൽ പോയി തോമസച്ചനെ കണ്ടു.
“അച്ചോ… ചെറുക്കൻ തലതിരിഞ്ഞു പോയി.. അച്ചൻ ഉപദേശിക്കണം..”
തോമസച്ചൻ നീണ്ട താടിയിൽ ഉഴിഞ്ഞു ചിന്താകുലനായി.
“ഈ കോൺഗ്രസ്സുകാർ പിള്ളേരെ വഴിതെറ്റിക്കുകയാണല്ലോ?.. അവനോടു നാളെ എന്നെ വന്നു കാണാൻ പറയുക.. ഉപദേശിച്ചു നോക്കാം..”
പള്ളിവികാരി ഉപദേശിച്ചു.
“മകനേ പത്രോസേ .. നീ അപ്പനെ സങ്കടപ്പെടുത്തരുത്.. അപ്പന്റേം അമ്മേടേം കണ്ണീരു വീഴിച്ചാൽ മക്കള് ഗുണം പിടിക്കത്തില്ല..”
പത്രോസിനു മറുപടിയുണ്ടായിരുന്നില്ല. പക്ഷെ പത്രോസ് മണ്ണിലേക്കും കൃഷിയിലേക്കും തിരിച്ചു വന്നില്ല. ഗ്രാമത്തിലെ ചില വീടുകളിൽ രഹസ്യമായി കൂട്ടം കൂടുന്ന കോൺഗ്രസ്സുകാരുടെ ഇടയിലേക്ക് പത്രോസ് പമ്മിയും, പതുങ്ങിയും പോയി.
വിശ്വനാഥൻ ഇയ്യിടെയായി സംസാരിക്കുന്നത് വള്ളുവനാട്, ഏറനാട്, പൊന്നാനി താലൂക്കുകളിലെ ഖിലാഫത്തിനെപ്പറ്റിയും കർഷകസമരങ്ങളെപ്പറ്റിയുമായിരുന്നു.
തിരുവിതാംകൂറിൽ ശ്രീനാരായണഗുരുവും, അയ്യങ്കാളിയുമൊക്കെ ജാതിവ്യവസ്ഥക്കും അയിത്താചാരങ്ങൾക്കും എതിരെ പൊരുതുമ്പോൾ, മലബാറിൽ അതിനു മുൻകൈയെടുത്തത് മുസ്ലിം സൂഫീവര്യന്മാരും, മതപണ്ഡിതന്മാരും ആയിരുന്നു. അനാചാരങ്ങൾകൊണ്ട് പൊറുതിമുട്ടിയ ഒട്ടേറെ കീഴ്ജാതികൾ ഇസ്ലാം മതത്തിലേക്ക് മാർഗം കൂടി.
സയ്യിദ് അലവി തങ്ങളെ പ്പോലെയുള്ളവർ അവർക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്ത് അവർക്ക് ആത്മവിശ്വാസം കൊടുത്തു.
മേലാളരുടെ ഉച്ചിഷ്ടം കഴിക്കരുത്…
കുഴിയിൽ ഭക്ഷണമിട്ടു തന്നാൽ കഴിക്കരുത്..
പൊതുവഴി ഉപയോഗിക്കണം..
അയിത്തമോ തീണ്ടാപ്പാടോ പാലിക്കരുത്..
സ്ത്രീകൾ മാറുമറയ്ക്കണം.
തിരൂരങ്ങാടിയിലെ ചക്കി എന്ന ഈഴവപ്പെണ്ണിന്റെ കഥ വിശ്വനാഥൻ പറഞ്ഞു.
സ്ത്രീകൾക്കും പുരുഷന്മാർക്കും മുട്ടിനു കീഴ്പ്പോട്ടും, അരയ്ക്കു മേലോട്ടും വസ്ത്രം ധരിക്കാൻ അനുവാദമില്ലായിരുന്നു. അങ്ങിനെ മാർഗം കൂടിയ ഒരാളായിരുന്നു ചക്കി.
അവർ തിരൂരങ്ങാടി അധികാരി കാപ്രാട്ട് കൃഷ്ണൻ പണിക്കരുടെ വീട്ടിലെ അടിച്ചുതളിക്കാരിയായിരുന്നു ചക്കി. അവൾ മാർഗം കൂടി ആയിഷ എന്ന് പേരുമാറ്റി. നഗ്നമായ മാറിടവും കാട്ടി ജോലി ചെയ്തിരുന്ന ചക്കി മുലക്കച്ചയുമണിഞ്ഞു വന്നത് പണിക്കാരെ കോപിഷ്ടനാക്കി. അയാൾ അവളുടെ മുലക്കച്ച ബലമായി ചീന്തിയെറിഞ്ഞു. അവളുടെ രോദനങ്ങൾ ആരു കേൾക്കാൻ? അധികാരി പണിക്കരോട് എതിരിടാൻ ആർക്കു ധൈര്യം?
1843 ലാണ് ഇത് നടക്കുന്നത്. അധികാരിയുടെ വീട്ടിലെ പുരുഷാരത്തിന്റെ മുന്നിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് മറുപടി നൽകണമെന്ന് തങ്ങൾ തീരുമാനിച്ചു.
സയ്യിദ് അലവി തങ്ങൾ, നാടുവാഞ്ചേരി സൈതലവിയുടെ നേതൃത്വത്തിൽ ഏഴുപേരെ കാപ്രാട്ട് വീട്ടിലേക്കു അയച്ചു. അന്ന് അധികാരി കൃഷ്ണൻ പണിക്കർ കൊല്ലപ്പെട്ടു. സഹായിക്കാൻ വന്ന ബ്രിട്ടീഷ് പട്ടാളവുമായി ഏഴാൾ പട അവസാനത്തെ ആൾ മരിക്കുന്നതു വരെ പൊരുതി. ആ ഏഴു പേരെ കൂടാതെ 16 ബ്രിട്ടീഷ് പട്ടാളവും അന്നവിടെ മരിച്ചു.
ഈ സംഭവമാണ് 1843 ചേരൂർ ലഹള*. ആ ഏഴുപേരും അറിയപ്പെടുന്നത് ചേരൂർ ശുഹദാക്കൾ എന്നാണ്. അവർ പൊരുതിയത് ചക്കിയുടെ മുലക്കച്ചക്കുവേണ്ടി മാത്രമായിരുന്നില്ല; മറിച്ചു മലബാറിലെ ദളിത സ്ത്രീകളുടെ മാനത്തിനു വേണ്ടിയായിരുന്നു.
“തങ്ങളോ ?” പത്രോസ് ചോദിച്ചു
“സയ്യിദ് അലവി തങ്ങൾക്ക് ലഹളയിൽ കാലിനു മുറിവ് പറ്റി. ആ മുറിവ് കരിയാതെ അടുത്തവർഷം തങ്ങൾ മരിച്ചു. അദ്ദേഹത്തിന്റെ ഖബറിടമാണ് തിരൂരങ്ങാടിയിലെ പ്രസിദ്ധമായ മമ്പുറം മഖാം*”
” തങ്ങളെപ്പറ്റി ഒരു കാര്യം കൂടി പറയാം, അദ്ദേഹം ഒരു മലയാളി ആയിരുന്നില്ല. യമനിൽ ജനിച്ചു പതിനേഴാം വയസ്സിൽ നമ്മുടെ നാട്ടിൽ വന്നു ജീവിക്കാൻ തുടങ്ങിയ ആളായിരുന്നു സയ്യിദ് അലവി തങ്ങൾ..”
തൂമ്പയും കൊട്ടയും ചാണകവും, വളവും, കീടനാശിനിയുമൊന്നും ഇല്ലാത്ത പത്രോസിന്റെ ലോകം പുറത്തേക്ക് പുറത്തേക്ക് വളർന്നുകൊണ്ടിരുന്നു. വായനയിലൂടെ അവൻ പഠിച്ചതൊന്നും പങ്കിടാൻ അവന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
കുഞ്ഞച്ചനോ, കൈ വിട്ടു പോകുന്ന മകനെ ഓർത്തു ആധി പിടിച്ചു. മൂത്ത അളിയനും, പള്ളീലെ കപ്യാരും, റബ്ബർ കടയിലെ ഔസേപ്പും ചില ഉപദേശങ്ങളൊക്കെ കൊടുത്തു.
“നല്ല കുടുംബത്തീന്നു വർക്കത്തൊള്ള ഒരു പെണ്ണിനെ നോക്ക് ..കെട്ടിയോനെയും വീടിനെയും കൃഷിയെയും സ്നേഹിക്കുന്ന ഒരു അച്ചായത്തിപെണ്ണ് വന്നു കേറുന്ന വീട് ഒരിക്കലും തളരില്ല..” മൂത്ത അളിയൻ ഉപദേശിച്ചു
“കുഞ്ഞച്ചോ .. അവനെ പിടിച്ചു പെണ്ണുകെട്ടിക്ക് ..പെണ്ണിന്റെ ചൂടറിയുമ്പോൾ ചെറുക്കൻ ഖദറുകാരെ വിട്ടു നേരത്തെ വീട്ടിൽ കേറിക്കോളും..” കപ്യാരുടെ അറിവിന്റെ ഭാണ്ഡക്കെട്ടിൽ നിന്നുള്ളതാണ്
കുഞ്ഞച്ചന്റെ മകന് പെണ്ണുകിട്ടാൻ ബുദ്ധിമുട്ടില്ലായിരുന്നു. അത്യാവശ്യം സ്വത്തുവകകളുള്ള കുടുംബം. പെണ്ണ് പട്ടിണി കിടക്കേണ്ടി വരില്ല. ഒറ്റ ആൺ ചെറുക്കൻ. പിന്നൊള്ളതൊക്കെ പെണ്ണുങ്ങൾ. അവരൊക്കെ കെട്ടിപ്പോയാൽ പിന്നെ സ്വത്തൊക്കെ ഇവിടെത്തന്നെയല്ലേ?
കുട്ടനാട്ടിലെ കുന്നംകരിയിൽനിന്നും നിന്ന് വന്ന ആലോചന ഏതാണ്ട് ഒത്തുവന്നു. പഴയ നസ്രാണി കുടുംബം. കൃഷിക്കാർ.. മൂന്നുമക്കളിൽ ഇളയ പെണ്ണ്.. കിഴക്കേൽ കുടുംബത്തെപ്പറ്റി ആളെ വിട്ടു അന്വേഷിച്ചു. അടിപിടിയും, കുടിയുമില്ലാത്ത ഒരു കുടുംബം.
കുട്ടനാട് വെള്ളക്കുഴിയാണ്.. കായൽ രാജാക്കന്മാരുടെയും, വലിയ ഭൂവുടമകളുടെയും നാടാണ്. വീട് തിരക്കിപ്പോയപ്പോൾ കടത്തുവള്ളം തുഴഞ്ഞ ആളോട് കുശലം ചോദിച്ചു.
“കിഴക്കേലെ യോഹന്നാന്റെ വീട്ടിലേക്കാ .. അറിയുമോ?”
“കിഴക്കേലെ യോഹന്നച്ചനെ അറിയാത്തവരാരാ? പഴേ കുടുംബമല്ലേ?”
“അവിടുത്തെ ഇളയ പെണ്ണിനെ ആലോചിച്ചു വന്നതാ.. എന്താ അഭിപ്രായം?”
“സാറകൊച്ചിനെയാണോ? അറിയുമോന്നോ? തങ്കം പോലത്തെ പെൺകൊച്ചാ.. അവള് ചെന്നുകേറുന്ന കുടുംബത്തിന് ഭാഗ്യം..”
കുഞ്ഞച്ചന്റെ മനസ്സ് തണുത്തു. ഇത്ര ദൂരം വന്നാലെന്താ, വന്ന കാര്യത്തെപ്പറ്റി നല്ലവാക്കു കേട്ടു. ദൈവത്തിന്റെ പദ്ധതികളാണ്
വള്ളമിറങ്ങുമ്പോൾ ചോദിച്ചു “എന്താ നിങ്ങടെ പേര്?”
“പാപ്പി..”
യോഹന്നാൻ കൊടുത്ത കാശ് അയാൾ വാങ്ങിച്ചില്ല.
“വന്ന കാര്യം നടക്കട്ടെ”
പാപ്പിയുടെ വള്ളം മണിമലയാറിന്റെ നെഞ്ചിലൂടെ വെള്ളച്ചീളുകൾ ഉയർത്തി അക്കരേക്ക് പോയി.
പൊന്നിന്റെ നിറമുള്ള കിഴക്കേലെ സാറാമ്മയെ കുഞ്ഞച്ചൻ മകനുവേണ്ടി പോയി നോക്കി. പൊൻകതിരുകളുമായി വിളഞ്ഞാടി നിൽക്കുന്ന നെൽവയൽ പോലെ അവൾ മനോഹരിയായിരുന്നു. ആരോഗ്യമുണ്ട്, ദൈവവിളിയുണ്ട്, തൊഴുത്തുനിറയെ കന്നുകാലുകളും, പറമ്പു നിറയെ കൃഷിയുമുണ്ട്.
“എടാ പത്തൂസെ .. അപ്പൻ പോയി നിനക്ക് പെണ്ണുകണ്ടു.. നല്ലപെണ്ണാ ,, നല്ല കുടുംബക്കാരും.. എന്തുകൊണ്ടും നമുക്ക് ചേരുന്ന ബന്ധം ..”
പത്രോസ് ഒന്നും പറഞ്ഞില്ല. അതാണ് പതിവ്.. അപ്പൻ പറയുന്നു. മക്കൾ അത് കേൾക്കുന്നു.
കുഞ്ഞച്ചൻ തുടർന്നു
“അടുത്തയാഴ്ച അവര് വരും; പിന്നെ വിരുന്നും കല്യാണോം..”
ഒന്നാലോചിച്ചു കുഞ്ഞച്ചൻ ചോദിച്ചു
“നിനക്ക് പോയി പെണ്ണിനെ കാണണോ?”
പത്രോസിനു എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
“നീ വിഷമിക്കണ്ടടാ.. നിനക്ക് വേണ്ടി ഞാൻ കണ്ടുവെക്കുന്ന പെണ്ണിന് ഒരു കുഴപ്പൊമുണ്ടാവില്ല.. പോയികാണണേൽ പൊക്കോ.. അതിനു പ്രശ്നമില്ല..”
മക്കൾ പെണ്ണുകാണാൻ പോകേണ്ട കാര്യം സാധാരണ ഉണ്ടാവാറില്ലാത്തതുകൊണ്ടു പിന്നൊക്കെ കാര്യങ്ങൾ പെട്ടെന്ന് നടന്നു.
കല്യാണം ഉറപ്പീരിനു കാരണവന്മാർ കൂടിയിരുന്നു ശ്രീധനത്തുകയും പൊന്നും പറഞ്ഞൊത്തതിനുശേഷം, വിരുന്നുകാർക്കൊരുക്കിയ സദ്യയും കഴിച്ചു അവർ പിരിഞ്ഞു. രണ്ടു പള്ളികളിലും മൂന്നു ഞായറാഴ്ച വിളിച്ചുചൊല്ലി നാട്ടുകാരെ ബോധിപ്പിച്ചു. പത്രോസ് വികാരിയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് കുമ്പസാരിച്ചു.
ഓന്തിനെ കൊന്നതും, അപ്പന്റെ നാലു ചക്രം കട്ടതും, കപ്പക്കാലായിൽ ബീഡി വലിച്ചതും ഒക്കെ പറഞ്ഞു. പറയാൻ ലജ്ജതോന്നിയ ചിലതൊക്കെ പത്രോസ് മനപ്പൂർവം ഒഴിവാക്കി. ഇതൊക്കെ പറഞ്ഞിട്ടു നാളെ ഈ തോമസച്ചന്റെ മുഖത്തു എങ്ങിനെ നോക്കും എന്ന ചിന്തയായിരുന്നു ഉള്ളിൽ.
“ഇനിയും പറയാനുണ്ടല്ലോ.. പറഞ്ഞോളൂ..” അച്ചൻ പ്രോത്സാഹിപ്പിച്ചു.
പത്രോസ് ഒന്ന് പകച്ചു. ദൈവം മനസ്സ് കാണുന്നവൻ. എന്നാൽ അച്ചനും തന്റെ ഉള്ളിലൊള്ളതൊക്കെ കാണാൻ കഴിയുന്നുണ്ടോ? കൂടുതൽ ചിന്തിച്ചുകൂട്ടുന്നതിനു മുൻപേ അച്ചൻ ഒന്ന് നിവർന്നിരുന്നു തുടർന്നു.
“മോനെ പത്രോസേ.. നീ കോഗ്രെസ്സെന്നു പറഞ്ഞു രാജ്യദ്രോഹികളുടെ കൂട്ടത്തിൽ പോയതും പാപമാണ്. അതൊക്കെകാരണം നിന്റെ അപ്പനേം അമ്മേം ദുഃഖിപ്പിക്കുന്നത് പാപമാണ്.”
“അച്ചോ ..ക്ഷമിക്കണം….” പത്രോസിനു പറയാനുണ്ടായിരുന്നത് ദൈവസ്നേഹവും രാജ്യസ്നേഹവും ഒന്നല്ലെന്നായിരുന്നു. കൂടെ, ഈവക കാര്യങ്ങളൊന്നും വിശുദ്ധ കുമ്പസാരത്തിന്റെ ഉള്ളിൽ വരുന്നതല്ല എന്നുമാണ്.
പക്ഷെ പറയുന്നതിന് മുൻപേ അച്ചൻ ഇടപെട്ടു.
“നന്നായി.. നീ ക്ഷമ ചോദിച്ചല്ലോ, മതി.. നിന്റെ കുറവുകൾ ദൈവം നീക്കീടും. നിന്റെ അറിവില്ലായ്മകളെ ദൈവം തന്റെ വലിയ മഹത്വത്താൽ ക്ഷമിച്ചീടും.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..”
പത്രോസ് ഭക്തിപൂർവം കുരിശുവരച്ചു പള്ളിക്കു പുറത്തു കടന്നു.

(തുടരും)
References
* മലബാറിലെ കർഷക പ്രക്ഷോഭങ്ങൾ : ചേരൂർ ലഹള 1843 , മഞ്ചേരി ലഹള 1849, കുളത്തൂര് ലഹള 1851 മട്ടന്നൂർ ലഹള 1852
* മമ്പുറം മഖം : മുസ്ലിം തീർത്ഥാടന കേന്ദ്രം. ഷെയ്ഖ് ഹസ്സൻ ജിഫ്‌റിയുടെയും, സയ്യിദ് അലവി തങ്ങളുടെയും കബറിടം.

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 2”

  1. ചക്കിയുടെ ഓർമകൾക്ക് നന്ദി
    പൊന്കതിരുകൾ പോലെ സാറാ
    Keep Going

Leave a Reply

Don`t copy text!