വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ
5
പത്രങ്ങളിൽ വാർത്തകൾ വന്നു കൊണ്ടിരുന്നു. ദീപികയിലും, മലയാള മനോരമയിലും, കൗമുദിയിലും വൈക്കം സത്യാഗ്രഹത്തിന്റെ വാർത്തകൾ ഇടംപിടിച്ചു. മാർച്ച് 30ന് സമരം തുടങ്ങിയെന്നും പോലിസ് ആളുകളെ ജയിലിലടക്കാൻ തുടങ്ങിയെന്നുമുള്ള വാർത്തകൾ.
വൈക്കം മഹാദേവക്ഷേത്രത്തിലെ കോൺഗ്രസ്സുകാരുടെ സമരം ഭാരതം മുഴുവനും ചർച്ചയായികൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ വഴിയിലാണ് നിരോധനത്തിന്റെ പരസ്യപ്പലകയുള്ളത്.
“ഇഴവർക്കും, മറ്റു താഴ്ന്ന ജാതിക്കാർക്കും ഈ വഴി നിരോധിക്കപ്പെട്ടിരിക്കുന്നു.”
വൈക്കത്തിന് പോകാൻ തീരുമാനിച്ചപ്പോൾ എല്ലാവരും ഒരുമിച്ചെന്നു ഉറപ്പിച്ചതാണ്. അവസാനദിവസം അഗസ്തിയും ചെറിയാനും പിന്മാറി. ദേവന്റെ അച്ഛനു സുഖമില്ലാതെയായപ്പോൾ അവനും പോരാൻ പറ്റിയില്ല. ഒടുവിൽ വിശ്വനാഥനും പത്രോസും മാത്രമായി.
“ആരു കൂടെയുണ്ട് എന്ന് നോക്കിനിന്നാൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. നീതിക്കുവേണ്ടി സമരം ചെയ്യുമ്പോൾ ഒറ്റയ്ക്കായാലും തളരരുത്..നമുക്ക് കൂട്ട് നമ്മുടെ സത്യം മാത്രമായിരിക്കണം..”വിശ്വനാഥന്റെ വാക്കുകളാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ യഥാർത്ഥ ശില്പി ടി മാധവനായിരുന്നു*. അദ്ദേഹം ശ്രീമൂലം പ്രജാസഭയിലെ അംഗവും ദേശാഭിമാനി പത്രത്തിന്റെ എഡിറ്ററും ആയിരുന്നു. മൂന്നു വർഷങ്ങൾ മാധവൻ പല ആലോചനകൾ നടത്തിയാണ് ഒടുവിൽ കോൺഗ്രസിന്റെ ഒരു സമരമുഖമാക്കി വൈക്കത്തെ മാറ്റുവാനായത്. ജനുവരിയിൽ അയിത്ത നിർമാർജന കമ്മിറ്റി രൂപീകരിച്ചപ്പോൾ, ടികെ മാധവനൊപ്പം, കാരൂർ നീലകണ്ഠൻ നമ്പൂതിരി, ടിആർ കൃഷ്ണസ്വാമി അയ്യർ, കെ വേലായുധ മേനോൻ, കെ വേലപ്പൻ തുടങ്ങിയ സമൂഹത്തിലെ അനവധി പ്രസിദ്ധർ മുന്നോട്ടു വന്നു.
സത്യാഗ്രഹ ആശ്രമം ക്ഷേത്രത്തിന്റെ തെക്കു വശത്തു ഒരു ഫർലോങ് മാറ്റി സ്ഥാപിച്ചു. ടി കെ മാധവൻ എല്ലാത്തിന്റെയും ചുക്കാൻ പിടിച്ചു. അദ്ദേഹം പല ദേശത്തു നിന്നെത്തിയ സത്യാഗ്രഹികളെ സ്വാഗതം ചെയ്തു. ആശ്രമത്തിലെ നിയമങ്ങളെപ്പറ്റി വിശദീകരിച്ചു. ഗാന്ധിയുടെ അഹിംസയുടെ മാർഗം ഏതു വിഷമഘട്ടത്തിലും മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിച്ചു. ലോക്കൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ദിവസേന മൂന്നുപേർ മാത്രം അറസ്റ്റ് വരിച്ചാൽ മതിയെന്ന് പൊതുവായ ധാരണയായി.
കൊമ്പുവാദ്യം മുഴങ്ങി. സത്യാഗ്രഹികൾ കദർ ഉടുപ്പും, കദർ തൊപ്പിയും, പൂമാലയും ധരിച്ചു അറസ്റ്റിനു തയ്യാറായി. ആദ്യ മൂന്നു സത്യാഗ്രഹികൾ മുന്നോട്ടു നീങ്ങി. അവരുടെ കൈകളിൽ ആകാശത്തിലേക്കുയർന്ന കോൺഗ്രസ് പതാക.
“സത്യഗ്രഹാ കി ജയ് ”
“മഹാത്മാ ഗാന്ധി കി ജയ് ”
കീഴ്ജാതികൾക്കു പ്രവേശനമില്ല എന്നെഴുതിയേടത്തു വരെ എല്ലാവരും ഒരുമിച്ചെത്തും. പിന്നെ മുൻപേ നിശ്ചയിച്ച മൂന്നാൾ മാത്രം മുന്നോട്ടു നടക്കും. അമ്പതു അടി അകലെ അവരെ പ്രതീക്ഷിച്ചു ലാത്തിയുമായി നിൽക്കുന്ന തിരുവിതാംകൂർ പോലീസ്
“പേരെന്ത്? ജാതിയെന്ത് ?”
“കുഞ്ഞാപ്പി.. പുലയൻ..”
“നിന്റെ പേരെന്ത്? ജാതി?”
“ബാഹുലേയൻ .. ഈഴവൻ..”
“നിന്റെയോ?”
” വെണ്ണിയിൽ ഗോവിന്ദപ്പണിക്കർ.. നായർ ”
“തനിക്കു പോകാം.. തനിക്കു മാത്രം പോകാം.. പുലയനും ഈഴവനും തിരിച്ചു പൊയ്ക്കോളൂ..”
“ഞങ്ങൾ ഒരുമിച്ചു വന്നവർ.. ഒരാളായി മാത്രം പോകില്ല.. പോകുന്നെങ്കിൽ മൂന്നാളും ഒരുമിച്ച്..” അവർ കൈകൾ പരസ്പരം ചേർത്തുപിടിച്ചു വഴിയിൽ കുത്തിയിരുന്നു.
നൂല് നോക്കുന്ന ചർക്കകൾ കൈകളിലേന്തിയ സത്യാഗ്രഹികൾ ..
മാനത്തേക്കുയർത്തുന്ന പതാകകൾ..
വെള്ളയും, പച്ചയും, ചവപ്പും നിറങ്ങൾ…..അതിൽ തുന്നിച്ചേർത്ത ചർക്കകളുടെ രൂപം
ചരിത്രത്തിന്റെ ഏടുകളിൽ പിൻതലമുറ വായിച്ചറിയേണ്ട ഒരു സത്യാഗ്രഹത്തിന്റെ തുടക്കം കുറിക്കുകയാണിവിടെ.
ഞായറാഴ്ച്ച 1924 മാർച്ച് 30.. കീഴ്ജാതികൾക്കു നിഷേധിക്കപെട്ട വഴിയിൽ നിന്ന് സത്യാഗ്രഹികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വൈകുന്നേരം പൊതുജനങ്ങളുടെ ജാഥയും, തുടർന്ന് സമ്മേളനവും നടത്തി. തിരുവിതാംകൂറിൽ നിന്നും, മലബാറിൽ നിന്നും നേതാക്കൾ വന്നു സമ്മേളനത്തിൽ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങൾ കേൾക്കാൻ നൂറുകണക്കിന് ആളുകൾ കൂടി. പത്രലേഖകന്മാർ വൈക്കത്തെ സമരത്തിന്റെ വാർത്തകൾ മുൻപേജുകളിൽ അച്ചടിച്ചു. ആശ്രമത്തിൽ നല്ല തിരക്കുണ്ട്. ഏതാണ്ട് ഇരുനൂറോളം ആളുകൾ ആശ്രമത്തിൽ കൂടിയിട്ടുണ്ട്. പത്രോസിന്റെ കൂട്ടത്തിൽ പുലയനുണ്ട്, നായരുണ്ട്, മുസ്ലിമുണ്ട് ..
വെട്ടിത്തിളക്കുന്ന കഞ്ഞി; അരിഞ്ഞു കൂട്ടിയ പച്ചക്കറികൾ; ചുട്ട പർപ്പടകം; അച്ചാർ ഭരണികൾ.. ജാതിഭേദമെന്യേ പണിയെടുക്കുന്ന അടുക്കള.. ജാതിഭേദമെന്യേ പന്തിയിലിരിക്കുന്ന സത്യാഗ്രഹികൾ..
ആളുകൾ എല്ലാ ദേശങ്ങളിൽനിന്നും എത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ഒരുകൂട്ടമുണ്ട്; പിന്നെ ചേർത്തലകരയിലെ കുറെ ഈഴവ ചെറുപ്പക്കാർ, ചങ്ങനാശ്ശേരിയിൽനിന്നു നായർ യുവാക്കൾ, മൂവാറ്റുപുഴയിൽനിന്നു കുറെ പുലയർ, തിരുവനന്തപുരത്തുനിന്നും, കൊല്ലത്തുനിന്നുമൊക്കെ ആളുകളുണ്ട്. സത്യാഗ്രഹപ്പന്തലിന്റെ കണക്കുകൾ നോക്കുന്നത് ചെമ്പിൽത്തറ കേശവൻ തണ്ടാറിനെ ഏല്പിച്ചു. ഒൻപതു ജയിച്ച പത്രോസ് അദ്ദേഹത്തെ സഹായിച്ചു.
രാത്രിയിൽ സമരപന്തലിൽ നിന്ന് ദേശ ഭക്തിഗാനങ്ങൾ ഉയരും. ചിലർ പ്രസംഗിച്ചു, ചിലർ കഥകൾ പറഞ്ഞു. വിശ്വനാഥന്റെ നർമ്മം ചാലിച്ച പ്രസംഗത്തിനുടനീളം സദസ്സിൽ കയ്യടി ഉയർന്നു. അപ്പോൾ പത്രോസ്, ഉള്ളിൽ അഭിമാനിക്കും.. എന്റെ സുഹൃത്താണത്.. എന്റെ കൂടെ വന്നയാളാണത്..
രാത്രി പത്തുമണിയോടെ എല്ലാവരും തഴപ്പായിൽ ഉറങ്ങാൻ കിടക്കും. തൊണ്ടുകളങ്ങളിൽ വിരിഞ്ഞു പൊന്തിയ പതിനായിരം കൊതുകുകളുടെ മൂളിപ്പാട്ടുകളുടെ അകമ്പടിയിൽ അവർ ഉറങ്ങാൻ ശ്രമിച്ചു.
ചങ്ങനാശ്ശേരി കിടങ്ങറയിൽ നിന്ന് വന്ന ഗോപാലൻ, തിരുവല്ല ചിറ്റേടത്തു ശങ്കുപിള്ള, കൊല്ലം ചങ്ങനാശ്ശേരിയിൽനിന്നു വന്ന ശ്രീക്കുട്ടൻ, ആലത്തൂര് നിന്ന് വന്ന കുട്ടൻ, മൂവാറ്റുപുഴ കൂത്താട്ടുകുളം സ്വദേശി രാമൻ ഇളയത്, വേമ്പനാട് കായലിന്റെ അങ്ങേക്കര പള്ളിപ്പുറത്തുനിന്നു വന്ന ചന്ദ്രൻ, പെരുമ്പളം സ്വദേശി തേവൻ.. അങ്ങിനെ കുറേപ്പേർ പത്രോസിന്റെ ചങ്ങാതിമാരായി.
“നിനക്ക് ബീഡി വേണോ?” ചന്ദ്രൻ ചോദിച്ചു.
“താ..”
ബീഡിയും പുകച്ചു പത്രോസും ചന്ദ്രനും സമരപ്പന്തലിനു പുറത്തെ ആൽമരത്തിന്റെ ചോട്ടിൽ കൂട്ടിയിരുന്നു. അല്പം ദൂരെ ചുറ്റുമതിലിനു മുകളിൽ മഹാദേവക്ഷേത്രത്തിൽ ഗോപുരം കാണാമായിരുന്നു.
“വീട്ടിലാരുണ്ട്?” ചന്ദ്രൻ ചോദിച്ചു
“എല്ലാരുമുണ്ട്..”
“എന്നുവച്ചാൽ?”
“എന്നുവച്ചാൽ എല്ലാരുമുണ്ട്.. അപ്പനും അമ്മയും കൂടെപ്പിറപ്പുകളും..” എന്തു കൊണ്ടെന്നറിയില്ല; പത്രോസ് സാറായെപ്പറ്റി പറഞ്ഞില്ല. മനസ്സിലെവിടെയോ ഒരു കുറ്റബോധം ഒരു മുൾമുനയായി മുറിവേൽപിക്കുന്നു.
“ഈ സമരം വിജയിക്കുമോ?”
“വിജയിക്കാതെ? ” പത്രോസ് ചന്ദ്രനെ തുറിച്ചു നോക്കി. “ഇത് തോറ്റാൽ പിന്നെ സമരവുമില്ല, സ്വാതന്ത്രവുമില്ല.. ആരൊക്കെയാ സമരത്തിന് മുൻപിൽ ഉള്ളതെന്നറിയ്യോ നിനക്ക്? ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി, പെരിയാർ”
“ശരിയാ.. സമരം ജയിക്കും..”
സമൂഹത്തിലെ വലിയ വലിയ ആളുകൾ സമര രംഗത്തുണ്ട്. ടി കെ മാധവനും, കേശവമേനോനും ജയിലിലായി.
ഇണ്ടംതുരുത്തി മനയിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി. നടപ്പു വഴിയിൽ കുറുകെ കെട്ടിയ വേലി സമരക്കാർ തള്ളി മാറ്റുന്നില്ല; അവർ വേലിയുടെ മുന്നിലിരുന്നു മുദ്രാവാക്യങ്ങൾ വിളിക്കുമ്പോൾ, പോലീസ് അറസ്റ്റ് ചെയ്തു മാറ്റുന്ന രീതി കുറേക്കൂടി കഠിനമാക്കണം.. അറസ്റ്റ് വൈകിപ്പിക്കണം, സമരക്കാർ നടന്നു വരുന്ന വഴിയിൽ അവരെ തടയുക; സമരക്കാരെ മീനമാസത്തെ പൊരിവെയിലത്തു നിർത്തി പൊള്ളിക്കണം കുറെ നേരം വെയിലു കൊള്ളിച്ചിട്ടേ അറസ്റ്റ് ചെയ്യാവൂ..
സമരക്കാർ ബാരിക്കേഡിനു മുന്നിൽ അറസ്റ്റിനായി കാത്തുനിന്നു. സമയം പത്തു മണി.. പതിനൊന്നു മണി.. പന്ത്രണ്ടു മണി.. ഗാന്ധിജിയുടെ സത്യാഗ്രഹത്തിൽ ബലപ്രയോഗമില്ല; അതുകൊണ്ടു ബാരിക്കേഡുകൾ തള്ളിമാറ്റി മുന്നോട്ടു പോകാൻ അനുവാദമില്ല. ഉച്ചവെയിലിൽ തിളക്കുന്ന വഴിയിൽ സത്യാഗ്രഹികൾ വിയർപ്പൊഴുക്കി കുത്തിയിരുന്നു.
വെയിലിന്റെ കാഠിന്യം കുറയുമ്പോഴേക്ക് പോലീസ് പുച്ഛച്ചിരിയുമായി അറസ്റ്റ് ചെയ്തു നീക്കും. ചിലപ്പോൾ ഒരു മണിക്ക്… ചിലപ്പോൾ രണ്ടുമണിക്ക്.
ഏപ്രിൽ പന്ത്രണ്ടാം തീയതി…..
സത്യാഗ്രഹികളുടെ പേര് തീരുമാനിച്ചു. വിശ്വനാഥൻ, ഗോപാലൻ, ഭാസ്കരൻ
“ഞാനും വരട്ടെ?” പത്രോസ് ചോദിച്ചു. വിശ്വനാഥൻ ഇല്ലാത്ത സത്യാഗ്രഹ ആശ്രമം പത്രോസിനു ചിന്തിക്കാൻ കഴിയില്ലായിരുന്നു.
“വേണ്ട പത്രോസ്, ഹിന്ദുക്കൾ തന്നെ അറസ്റ്റ് വരിക്കണമെന്നാണ് തീരുമാനം. നീ ചെയ്യുന്നതും നീതിക്കുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്..”
“ഞാൻ തനിയെ?”
“നീ തനിയെ അല്ല പത്രോസ്.. ഈ ദേശം മുഴുവൻ നിന്നോടുകൂടിയുണ്ട്..”
വിശ്വനാഥന്റെയും ഭാസ്കരന്റേയും കൈകളിൽ ചർക്ക…..ഗോപാലന്റെ കൈയ്യിൽ കോൺഗ്രസ് പതാക…
സത്യാഗ്രഹ ആശ്രമത്തിലെ എല്ലാവരും ഒപ്പം മുദ്രാവാക്യങ്ങൾ വിളിച്ചു മുന്നോട്ടു നീങ്ങി
“ജയ് ജയ് ഭാരത മാതാ ”
“ജയ് ജയ് മഹാത്മാ ഗാന്ധി”
“അയിത്തം കളയൂ അറബിക്കടലിൽ..
“ജയ് ജയ് കോൺഗ്രസ് പാർട്ടി..”
അമ്പതടി ദൂരത്തു വഴിമുടക്കി കെട്ടിയ വേലി.. തിരുവിതാംകൂർ പോലീസ്.. വഴിയുടെ ഒരു വശത്തു കാഴ്ചക്കാർ..
എല്ലാവരും നിന്നു. ഇനി മൂന്നുപേർ മാത്രം മുന്നോട്ടു പോകും.
വേലിക്കപ്പുറത്തു, ലാത്തി ചുഴറ്റുന്ന പോലീസുകാരുടെ നേർക്ക് നടന്നു പോകുന്ന വിശ്വനാഥനെ പത്രോസ് നെഞ്ചിടിപ്പോടെ നോക്കിനിന്നു.
വേലിക്കു മുന്നിൽ നിന്ന് കുറേനേരം മുദ്രാവാക്യങ്ങൾ വിളിച്ചശേഷം, അവർ വഴിയിലിരുന്നു മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. വിശ്വനാഥൻ ചർക്ക കറക്കുന്നതു ദൂരെ നിന്ന് കാണാം.
പെട്ടെന്ന് അരയിൽ മുറുക്കികെട്ടിയ നേര്യതുമായി ഉയരവും തടിയുമുള്ള മൂന്നു പേർ സത്യാഗ്രഹികളുടെ മുന്നിലേക്കെത്തി. അവർ അരക്കെട്ടിൽ നിന്നും കുറുവടികൾ പുറത്തെടുത്തു.. പോലീസ് കാഴ്ചക്കാരായ നിന്നു. വീശിയടിക്കുന്ന കുറുവടിയിൽ നിന്ന് ഒഴിഞ്ഞു മാറാൻ സത്യാഗ്രഹികൾക്ക് സാധിച്ചില്ല. പോലീസ് ഒന്നും ചെയ്തില്ല. കദർ ഉടുപ്പുകളിൽ ചുവപ്പു പടർന്നു. ചർക്കകൾ പൊട്ടിത്തകർന്നു വഴിയിൽ വീണു..
“വിശ്വനാഥാ..” പത്രോസിന്റെ തൊണ്ടക്കുഴിയിൽ നിന്ന് ഒരു നിലവിളി ഉയർന്നു,..
വഴിയിൽ വീണു പോയ മൂന്നു സത്യാഗ്രഹികളെ പോലീസുകാർ വേലിക്കപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി.
(തുടരും)
Reference
*ടി കെ മാധവൻ: (1885 – 1930) സാമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തകൻ, വിപ്ലവകാരി, വൈക്കം സത്യാഗ്രഹത്തിന്റെ സംഘാടകൻ
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
ഒരു മാനിക്വിൻ കഥ – പരിണാമം
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
വേലുത്തമ്പിയുടെ കുതിരപ്പക്കികൾ കൊന്നുതള്ളിയ ദളവാക്കുളത്തിന് മുകളിലാണ് വൈക്കം ബസ്സ്റ്റാൻഡ്. വഴി നടക്കാൻ വേണ്ടിയുള്ള മനുഷ്യരുടെ സമരങ്ങൾ കഥയിൽ പറഞ്ഞതുപോലെ പിന്നെയും നടന്നു. വിസ്‌മൃതിയിലാണ്ടുപോയ ചോരക്കഥകൾ കഥയിലൂടെ വീണ്ടും പുനർജനിക്കുന്നു