Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 6

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

6

പഞ്ചാബിൽ നിന്നു വന്ന അകാലിസംഘം സമരക്കാർക്കുവേണ്ടി അടുക്കള ഒരുക്കി. പതോസിനെപ്പോലെ ഒട്ടനവധിപേർ ചപ്പാത്തി ആദ്യമായി കഴിച്ചത് അകാലികളുടെ അടുക്കളയിൽനിന്നാണ്.
ഒരു വൈകുന്നേരം നാട്ടിൽനിന്നു ചെറിയാനും അഗസ്തിയുമെത്തി. കൂട്ടുകാരെ പത്രോസ് എല്ലാവർക്കും പരിചയപ്പെടുത്തി. വൈകുന്നേരം അവരുടെ കൂടെ ബോട്ട്ജെട്ടിവരെ കൂടെപ്പോയി. ഇടക്ക് അഗസ്തി പറഞ്ഞു..
“നീ പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ നിന്റെയപ്പൻ ഞങ്ങളുടെ വീട്ടിൽ വന്നു. നമ്മുടെ കൂട്ടുകെട്ടിന്റെ കാര്യം ആരോ പറഞ്ഞറിഞ്ഞതാണ്.. വീട്ടിൽ വന്നു കുറെ ഒച്ചയിട്ടു. എന്റെ അപ്പൻ കുറെ സമാധാനിപ്പിക്കാനൊക്കെ നോക്കി. ഞാനറിയില്ല; നീ പോയപ്പോൾ ഞാൻ കണ്ടില്ല എന്നൊക്കെ പറഞ്ഞു.. പക്ഷെ അത് വിശ്വസിച്ചെന്നു തോന്നുന്നില്ല.. ഇനി എനിക്കിങ്ങനെ ഒരു മകനില്ല; കണ്ടാൽ കണ്ടിച്ചു കഷണമാക്കുമെന്നൊക്കെ പറഞ്ഞു കുറെ ചൂടായി. പിന്നെ പോയി..”
“എന്റെ കെട്ടിയോളെ കണ്ടാരുന്നോ?”
“ഒരിക്കൽ പള്ളിയിൽ വച്ചു കണ്ടു… എന്താ പറയുക?..ഞാൻ മാറിക്കളഞ്ഞു”
അഗസ്തിയും ചെറിയാനും അന്നുതന്നെ തിരിച്ചുപോയി.
സത്യാഗ്രഹ ആശ്രമത്തിൽ കാഴ്ചക്കാരും ചാർച്ചക്കാരും വരാറുണ്ട്. ചിലരൊക്കെ തദ്ദേശവാസികളാണ്. അവർ വരുമ്പോൾ ഉപ്പിലിട്ട മാങ്ങയോ, നെല്ലിക്കയോ ചെറിയ ചീനഭരണികളിൽ കൊണ്ടുവരുന്നതു പതിവായിരുന്നു.
കൂട്ടത്തിൽ സ്ത്രീകളെക്കണ്ടാൽ രാമൻ ഇളയതിനു കവിത വരും. മറ്റാരും കേൾക്കാതെ സ്വകാര്യമായി ആലപിക്കുന്നതാണ് രാമന്റെ പതിവ്. അദ്ദേഹത്തിന്റെ സാധാരണയായുള്ള ശ്രോതാവ് തേവൻ ആയിരുന്നു.
ഉടുരാജമുഖി..ഗജരാജകടി
ഗജരാജ വിരാജിത മന്ദഗതി..
പെരുമ്പളത്തെ തേവൻ കണ്ണുതള്ളി നിന്നു രാമനെ നോക്കും.. ഉടു .. മുഖി.. കടി.. ഇങ്ങനെ കടുപ്പമുള്ള വാക്കുകളുടെ അർഥം തേവന് വഴങ്ങിയില്ല.
“ഇത് മലയാളമല്ലേ..ഒന്നും തിരിയുന്നില്ല..”
“സംസ്‌കൃതം കൂട്ടിക്കുഴച്ച മലയാളമാ.. മണിപ്രവാളം.. സ്ത്രീ വർണ്ണനയാണ് വിഷയം..”
“എങ്കിൽ അർഥം പറഞ്ഞുതരണം..
രാമൻ അർഥം വിശദീകരിച്ചു.
നക്ഷത്രങ്ങളുടെ രാജാവായ ചന്ദ്രനെ പോലുള്ള മുഖമുള്ളവൾ..
മൃഗരാജാവായ സിംഹത്തിനെ പോലെ ഒതുങ്ങിയ അരക്കെട്ടുള്ളവൾ…
ആനകളുടെ രാജാവിനെ പോലെ കുഴഞ്ഞു നടക്കുന്നവൾ…
തേവൻ ജനിച്ചത് പെരുമ്പളം ദ്വീപിലായിരുന്നു. പതിനാറാമത്തെ വയസ്സിൽ പൂത്തോട്ടയിലേക്കു വന്നു. അവിടുത്തെ ശിവക്ഷേത്രപ്രവേശനവുമായി ജയിലിൽ പോയ ചെറുപ്പക്കാരനാണ് തേവൻ. കുഞ്ഞുകാലം മുതൽ അയിത്തത്തിന്റെയും കീഴ്ജാതിയുടെയും പേരിൽ നിന്ദിക്കപ്പെട്ടു വളർന്ന തേവൻ, ഇതിനെതിരെ ആവുന്നതൊക്കെ ചെയ്യുമെന്ന് ശപഥം ചെയ്തിറങ്ങിയതാണ്. തേവൻ എന്ന പേര് തന്നെ തങ്ങളുടെ ജാതിയെയും അടിമത്തത്തേയും വിളിച്ചുപറയുന്നതുകൊണ്ടു അയാൾക്കതു ഇഷ്ടമായിരുന്നില്ല. ഇഷ്ടപ്പെട്ട പേരായിരുന്നു വിജയൻ. പക്ഷെ പുലയനായ അച്ഛന് തന്റെ മകന് അങ്ങിനെയൊരു പേരിടാൻ ധൈര്യമുണ്ടായില്ല. അച്ഛനും, മുത്തച്ഛനും പിന്നെ അവരുടെ അച്ഛനച്ഛൻമാരും ഒന്നിനെയും ചോദ്യം ചെയ്തു ശീലിച്ചിട്ടില്ല. അമ്മയും, അമ്മമ്മയും കല്ലുമാലകൊണ്ടു മുലമറയ്കാൻ ശ്രമിക്കുന്ന പാടത്തെ പണിക്കാരികളായിരുന്നു.
തേവൻ പറയും “സവർണ്ണൻ അയിത്തത്തിനെതിരെ പൊരുതുമ്പോൾ, അതൊരു സഹതാപവും, പരിഷ്കാരമാണ്. പക്ഷെ എല്ലാവരുടെയും മെതിയടിക്കടിയിൽ കിടക്കേണ്ടിവരുന്ന പുലയനും പറയനും, ഈ സമരങ്ങൾ അവന്റെ ജീവന്മരണ പോരാട്ടങ്ങളാണ്”
ഇണ്ടംതുരുത്തിൽ മനക്കാർ കുതന്ത്രങ്ങൾ മിനഞ്ഞു കൊണ്ടേയിരുന്നു. യാഥാസ്ഥിതികതയുടെ ആൾരൂപമായിരുന്നു ഇണ്ടംതുരുത്തിൽ ദേവൻ നീലകണ്ഠൻ നമ്പൂതിരി.
“ഒക്കത്തിനേം തച്ചോടിക്കണം.. ഇവറ്റകൾക്ക് വഴങ്ങിക്കൊടുക്കാൻ പറ്റില്യ..” വൈകുന്നേരങ്ങളിൽ മനയിൽ സത്യാഗ്രഹികളെ നേരിടുന്നതിന് മേൽജാതിക്കാർ കൂട്ടംകൂടി.
“തിരുവിതാംകൂർ രാജവംശം നമ്മൊക്കൊപ്പമുണ്ട്.. പോലീസും കൂട്ടരും കൂടെയുണ്ട്.. ഒക്കത്തിനേം ഇവിടുന്നു ഓടിക്കണം”
“കായബലമുള്ള കുട്ടികളെ ഇറക്കണം..”
“ഈ ദേശത്തു മാത്രോല്ല; മറ്റു നാട്ടിൽനിന്നും ആളെ ഇറക്കണം..”
ചർച്ചകൾ തുടർന്നു. അവരുടെ കുതന്ത്രങ്ങൾക്കു ആൾരൂപങ്ങളായി കുറെ കൂലിത്തല്ലുകാർ വൈക്കത്തിറങ്ങി.
നിരോധിച്ച വഴിയിലൂടെ നടന്നുവരുന്ന സത്യാഗ്രഹികളെ എതിരിട്ടു വന്നത് പൊലീസിനു പകരം ദേവൻ നീലകണ്ഠൻ നമ്പൂതിരിയുടെ കായബലമുള്ള ആണുങ്ങളായിരുന്നു. കൈയിൽ കരുതിയ കുറുവടി വീശി സത്യാഗ്രഹികളുടെ തോളെല്ല് തകർത്തു.
അവരുടെ നിലവിളി ഉയർന്നപ്പോൾ പോലീസ് ആകാശത്തിൽ ആടിക്കളിക്കുന്ന തെങ്ങിൻതലകളിലെക്ക് കണ്ണ് നട്ടു നിന്നു. തിരിച്ചോടാതെ, അടികൊണ്ടു സത്യാഗ്രഹികൾ വഴിയിൽ വീണുകിടന്നു.
വഴിനടപ്പ് അവകാശത്തിനുവേണ്ടി സത്യാഗ്രഹികൾ അനുഭവിച്ച യാതനകളുടെ കഥ അവരുടെ കദർ ഉടുപ്പിന്മേൽ ഉടുപ്പിൽ വഴിയിലെ ചെളിയും, മുറിവിലെ ചോരയും എഴുതിക്കൊണ്ടിരുന്നു. പോലീസിന്റെ ഭേദ്യമുറിയിലും, ജയിലറകളിലും ഉയർന്ന സത്യാഗ്രഹികളുടെ നിലവിളികൾ പുറംലോകം കേട്ടില്ല.
പക്ഷെ സമരം തളർന്നില്ല. ക്ഷേത്രത്തിന്റെ നാലു പ്രവേശന കവാടങ്ങളുടെ മുൻപിലെ ബാരിക്കേഡുകളുടെ മുൻപിൽ സത്യാഗ്രഹികൾ കുത്തിയിരുന്നു സമരം ചെയ്തു.
ബാരിസ്റ്റർ ജോർജ് ജോസഫ്* ചെങ്ങന്നൂർ സ്വദേശിയായിരുന്നു. അദ്ദേഹം എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. ലണ്ടനിൽ പഠിച്ചു വന്ന ആളായിട്ടും, സത്യാഗ്രഹികളുടെ ആശ്രമത്തിൽ അദ്ദേഹം നിലകൊണ്ടു. വെള്ളക്കാരുടെ കൂടെ കൂടിയിരുന്നെങ്കിൽ എന്തൊക്കെ സ്ഥാനങ്ങളിൽ അദ്ദേഹത്തിനെത്താമായിരുന്നു.
ജോർജ് ജോസഫ് തമിഴകത്തിന്റെ ദ്രാവിഡനേതാവ് പെരിയാറിനു കത്തയച്ചു. വൈക്കത്തെ സത്യാഗ്രഹത്തിനു നേതൃത്വം നൽകണം. സമരത്തിന് ഉണർവുണ്ടാവാൻ അങ്ങയുടെ സാന്നിധ്യം കൂടിയേ തീരു.
തമിഴകത്തുനിന്നും ഒരു സംഘം വൈക്കത്തേക്കു തിരിച്ചു.
തന്തൈ പെരിയാർ എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇതാ കണ്മുൻപിൽ പെരിയാർ കൃഷ്ണസ്വാമി* നിൽക്കുന്നു. കൂടെ ഭാര്യ നാഗമ്മയും . സഹോദരി കണ്ണമ്മാളും. പെരിയാറിന്റെ വളർന്ന മുടിയും താടിയും, വലിയ പുരികങ്ങളും അദ്ദേഹത്തെ ഏതോ പുരാണകഥയിൽ നിന്ന് ജീവൻവച്ചു പുറത്തിറങ്ങിയ ഒരാളാണെന്ന് തോന്നിച്ചു.
സത്യാഗ്രഹ ആശ്രമത്തിനു ജീവൻ വെച്ചു. സവർണരുടെ അത്യാചാരങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ സത്യാഗ്രഹ ആശ്രമത്തെ ചൂടുപിടിപ്പിച്ചു.
ഏപ്രിൽ ഏഴിന് അദ്ദേഹം അറസ്റ്റ് വരിച്ചു. ഒരു മാസത്തെ ജയിൽ ശിക്ഷയെ കിട്ടിയുള്ളൂ. പ്രസിദ്ധനായ പെരിയാറിന് കോടതി ചെറിയ ശിക്ഷ കൊടുത്തതായിരുന്നു.
അദ്ദേഹം ജയിലിലായപ്പോൾ നാഗമ്മയും കണ്ണമ്മാളും വെറുതെയിരുന്നില്ല.
“നങ്കൾ പെൺകൾ ഏതവത് ചെയ്ക വേണ്ടും..”
അവർ മിസിസ് ജോസഫിനെയും മിസിസ് ഗോവിന്ദൻ ചാന്നാറിനേയും കൂട്ടി ഗ്രാമങ്ങൾ തോറും നടന്നു ഓരോരോ വീടുകളിൽ കയറി സത്യാഗ്രഹ സമരത്തെ പറ്റി വിശദീകരിച്ചു.
“ഈ സമരം വൈക്കത്തപ്പന് എതിരല്ല. ദൈവത്തെ നാലമ്പലത്തിനുള്ളിൽ പൂട്ടിയിട്ട് മേല്ജാതിക്കാരുടെ സ്വകാര്യസ്വത്താക്കുന്നതിനെതിരെയാണ്. അഹിന്ദുക്കൾക്കു കിട്ടുന്ന ആനുകൂല്യം പോലും വഴിനടക്കാൻ സ്വന്തം മതവിശ്വസികൾക്കു നിഷേധിക്കപ്പെടുന്നതിന് ന്യായമാണോ? ”
ഈഴവരും മറ്റു കീഴ്ജാതികളും നടന്നാൽ അശുദ്ധമായിരുന്ന ക്ഷേത്രവഴികളിൽ മുസ്ലിമുകൾക്കും, ക്രിസ്തിയാനികൾക്കും യഥേഷ്ടം നടക്കുവാൻ അനുവാദമുണ്ടായിരുന്നു.
സ്ത്രീകൾ പറയുമ്പോൾ സ്ത്രീകൾ ചെവി കൊടുക്കും.
“കന്നുകാലികൾക്ക് നടക്കാൻ വിലക്കില്ലാത്ത വഴികളിൽ ഇഴവനോ മറ്റു കീഴ്ജാതിക്കാരോ നടന്നാൽ അശുദ്ധമാവുമത്രെ.. ഇത് മനുഷ്യത്വത്തിനും ദൈവത്തിനും വിരോധമാണ്..”
“നിങ്ങൾ ഒരു പിടി അരിയോ, കാശോ തന്നു സഹായിക്കണം.”
“വൈകുന്നേരത്തുള്ള മീറ്റിംഗിൽ വരണം. വലിയ നേതാക്കളൊക്കെ സംസാരിക്കുന്ന മീറ്റിങ്ങാണ്”
“പത്രങ്ങളിലെ വാർത്തകൾ നോക്കൂ.. ഗാന്ധിജിയും, ശ്രീ നാരായണ ഗുരുദേവനുമൊക്കെ ഈ സത്യാഗ്രഹത്തിന്റെ പിന്നിലുണ്ട്..”
വാസ്തവത്തിൽ സാധാരണ മനുഷ്യർക്ക് ഇതിലൊന്നും കടുംപിടുത്തമുണ്ടായിരുന്നില്ല. ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോവട്ടെ; അതിനെന്തിനു ജാതി നോക്കണം? പക്ഷെ ഇതിനു സമ്മതിക്കാത്ത ഒരു ന്യുനപക്ഷം ഇണ്ടംതുരുത്തു മനക്കാരെപ്പോലെ എല്ലാ ദേശത്തും ഉണ്ടായിരുന്നു. ന്യായം പറഞ്ഞു തോൽക്കുന്നേടത്തു അവർ വടിയും വാളുമായി വരുന്നു!
ഗാന്ധിജി ആഗ്രഹിച്ചത് ഈ സമരം മലയാളിഹിന്ദുക്കളുടെ മാത്രം സമരമാക്കണമെന്നായിരുന്നു. അദ്ദേഹം അകാലികളുടെ അടുക്കള നിർത്തലാക്കി; ജോർജ് ജോസഫിനോട് സമരത്തിന്റെ മുൻപിൽ നിന്നും മാറുവാൻ ആവശ്യപ്പെട്ടു. പെരിയാറും തിരിച്ചു മദ്രാസിലേക്കു പോകണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്. ഭജേമാതരം മാത്തുണ്ണി, യങ് ഇന്ത്യയുടെ എഡിറ്റർ അബ്ദുൽ റഹ്‌മാൻ എന്നിവരോടും സമരത്തിന്റെ മുന്നിൽ നിന്ന് മാറി നിൽക്കാൻ ഗാന്ധിജി എഴുതി.
അയിത്തവും, ജാതിവ്യവസ്ഥയും ഹൈന്ദവമതത്തിന്റെ പാപങ്ങളാണെന്നു ഗാന്ധിജി എഴുതി. അതിന്റെ ശിക്ഷ ഹിന്ദുക്കൾ തന്നെ അനുഭവിക്കുകയും, കഷ്ടതയിലൂടെ അവർ തന്നെ അത് പരിഹരിക്കുകയും വേണം. എങ്കിലേ ഇന്ത്യയിലെ മറ്റു ഹിന്ദുക്കൾ ഇവരോടൊപ്പം നിൽക്കൂ. മറ്റു മതവിശ്വാസികൾ ഈ സത്യാഗ്രഹത്തിന്റെ മുന്നിൽ നിന്നാൽ ഇന്ത്യയിലെ മറ്റു ഹിന്ദുക്കൾ അത് മനസ്സിലാക്കുകയില്ല; അവരുടെ അന്ധവിശ്വാസങ്ങളുടെ കണ്ണുകൾ തുറക്കുകയില്ല.
ജോർജ് ജോസഫിനെ അറസ്റ്റു ചെയ്തു ജയിലിലാക്കി.
പെരിയാർ ജയിൽ മോചിതനായി വന്നു. പക്ഷെ അദ്ദേഹം വീണ്ടും നിരോധിത വഴിയിലൂടെ നടന്നു അറസ്റ്റ് വരിച്ചു. ഇത്തവണ ജഡ്ജി കൂടിയ ജയിൽ ശിക്ഷ കൊടുത്തു. തിരുവനന്തപുരത്തെ ജയിലിലേക്ക് ആറുമാസം. പിന്നാലെ നാഗമ്മയും ജയിലിലായി
വിനോബാഭാവെയും സ്വാമി ശ്രദ്ധാനന്ദയും* സത്യാഗ്രഹ ആശ്രമം സന്ദർശിച്ചു. സത്യാഗ്രഹ ആശ്രമത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലക്കുന്നുണ്ടായിരുന്നില്ല

(തുടരും)

References
* തേവൻ: വൈക്കം സത്യാഗ്രഹ ചരിത്രത്തിൽ ആമച്ചാടി തേവൻ എന്ന പേരിൽ അറിയപ്പെടുന്നു.
*പെരിയാർ ഇ വി കൃഷ്ണസാമി (1879 – 1973): സാമൂഹ്യപരിഷ്കർത്താവ്, “ദ്രാവിഡമുന്നേറ്റത്തിന്റെ പിതാവ്”
*വിനോബാഭാവെ: (1885 – 1982) മനുഷ്യാവകാശ പോരാളി, തത്വചിന്തകൻ,, ഗാന്ധിജിയുടെ പിൻകാമി എന്നറിയപ്പെട്ട മഹർഷി.
*സ്വാമി ശ്രദ്ധാനന്ദ: (1856 – 1926): ആര്യസമാജിന്റെ സന്യാസി. സ്വാതന്ത്രസമര പോരാളി. 1926-ൽ വെടിയേറ്റ് കൊല്ലപ്പെട്ടു. മതസ്പര്ധയുടെ രക്തസാക്ഷി

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!