Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 8

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

8

മനുഷ്യൻ കണക്കുകൂട്ടുന്നു; പക്ഷെ ദൈവത്തിന്റെ ആലോചനകളെന്തെന്നു ആരറിയുന്നു? കൂട്ടിവച്ചതും, മനസ്സിൽ കെട്ടിയതുമൊക്കെ ചിലപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും.
1099 മിഥുനമാസം പകുതിവരെ എല്ലാം സാധാരണ നിലയിലായിരുന്നു. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനുവേണ്ടി പ്രകൃതി തയ്യാറെടുക്കുകയായിരുന്നെന്ന് ആരും സംശയിച്ചില്ല. ചിരിച്ചും കരഞ്ഞും, സ്നേഹിച്ചും പിണങ്ങിയും ജീവിച്ച ആയിരങ്ങൾ, അവരുടെ ജീവിതത്തിന്റെ അവസാന ആഴ്ചകളാണ് കടന്നു വരുന്നതെന്ന് അറിഞ്ഞില്ല. എല്ലാം അറിയുമെന്ന് ധരിക്കുന്ന മൂഡരാണ് മനുഷ്യർ!
പതിയെ ആകാശം മ്ലാനമായി; കാർമേഘങ്ങൾ ഉരുണ്ടുകയറി.
മഴ പെയ്തു തുടങ്ങി. തുള്ളിമുറിയാത്ത മഴയെ നോക്കി കുഞ്ഞച്ചൻ ഉമ്മറത്തിരുന്നു. മഴ ഇന്ന് നില്കും നാളെ നില്കും എന്നൊക്കെ മനസ്സിൽ വിചാരിച്ചു കുഞ്ഞച്ചൻ ആശങ്കയോടെ പുറത്തേക്ക് നോക്കിയിരുന്നു. പക്ഷെ മഴ കുറഞ്ഞില്ല. ആർത്തലച്ചു പെയ്യുന്ന മഴയിൽ തോടുകളും, മീനച്ചിലാറും നിറം മാറി ഒഴുകിക്കൊണ്ടിരുന്നു. കട്ടൻ കാപ്പിയും, ഉണക്കക്കപ്പ വറുത്തതുമായി അയാൾ ഉമ്മറത്ത് ഇരിപ്പായിട്ടു ദിവസങ്ങളായി.
പരമു ഒരു വാഴയിലയും ചൂടി നനഞ്ഞു വന്നു കേറി.
“തോടൊക്കെ കവിഞ്ഞിട്ടൊണ്ട്.. ഇപ്പൊ വെള്ളം തോട്ടത്തിലേക്ക് കേറിതുടങ്ങി..”
“മഴ നിൽക്കുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ..”
“കിഴക്ക് ഉരുളുപൊട്ടീന്നു കേൾക്കുന്നുണ്ട്.. ആളപായവും ഉണ്ട്.”
നിർത്താതെ പെയ്ത മഴയുടെ ആരവത്തിനൊപ്പം കൊള്ളിയാൻ മിന്നുകയും ഇടി വെട്ടുകയും ചെയ്തുകൊണ്ടിരുന്നു. ഒരു വലിയ കൊള്ളിയാനും ഇടിയും ഒരുമിച്ചെത്തി. പറമ്പിൽ കായ്ക്കുന്ന ഒരു തെങ്ങിന്റെ മണ്ട തീകുണ്ഡമായി നിന്ന് എരിഞ്ഞു .
“എന്റെ കർത്താവേ.. ഇതെന്നാ ഭാവിച്ചാണോ?” അന്നാമ്മയുടെ സ്വരത്തിലെ ഭീതി പ്രകടമായിരുന്നു. ഓട്ടുവിളക്കുകൾ, ചെമ്പുപാത്രങ്ങൾ ഒക്കെ അവർ അടുക്കളക്കകത്തു ഒളിപ്പിച്ചു.
പരമു രാവിലെ വന്നത് കൂടുതൽ വാർത്തകളുമായാണ്.
“കർക്കിടകപ്പാതി നേരത്തെ എത്തിയതാണ്. കിഴക്കു മഴ തകർത്തു പെയ്യുകയാണ്. മലകളിടിഞ്ഞു; വീടുകൾ ഒലിച്ചുപോയി,.. ലയങ്ങളിലെ മനുഷ്യർ പള്ളിക്കൂടങ്ങളിലും, പള്ളികളിലും താമസിക്കുകയാണ്..”
“പെരിയാർ നിറഞ്ഞൊഴുകുകയാണ്… മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കുമെന്നാ എല്ലാരും പറയുന്നത്.. തുറന്നാൽ പിന്നെ മൂന്നാർ ബാക്കിയുണ്ടാവില്ല.”
“വീടുകളിലൊക്കെ വെള്ളം കേറിയിട്ട്, ആളുകൾ കൈയിൽ കിട്ടിയതുമായി ഓടുകയാണ്.. പശുക്കളെയും, ആടുകളെയും കെട്ടഴിച്ചു വിട്ടു, അവ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് നോക്കി അതിന്റെ ഉടയോർ നിലവിളിക്കുന്നു. ആടുമാടുകൾ എവിടെപ്പോയാലും, വെള്ളത്തിൽ മുങ്ങി ചാവല്ലേ എന്ന് പ്രാർത്ഥിക്കുന്നു.. അഭയമില്ലാതെ കുടുംബങ്ങൾ പാറച്ചുവട്ടിലും, മരച്ചുവട്ടിലും നനയാതെ നോക്കുകയാണ്.”
“തിന്നാൻ ഭക്ഷണമില്ല.. കുടിക്കാൻ വെള്ളമില്ല.”
പരമു പോകാൻ നേരം അടുക്കളപ്പാക്കിൽ വന്നു ഉണക്കക്കപ്പ തന്റെ തോർത്തിൽ കെട്ടിയെടുത്തു, പുഴവെള്ളം കരയിലേക്ക് കയറാൻ ഓങ്ങിനില്കുന്നതുപോലെ, ദാരിദ്ര്യം കുടിലുകളുടെ വേലിക്കപ്പുറത്തുനിന്നു എത്തിനോക്കിത്തുടങ്ങി.
അയാൾ വാഴയിലയും ചൂടി മഴയത്തു കൂടി നനഞ്ഞു പോയി
കുഞ്ഞച്ചന്റെ കണ്ടം വെള്ളത്താൽ മൂടി, അതിരുകൾ തിരിച്ചറിയാനാവാതെയായി.. വാഴത്തണ്ടുകൾ ഇടർന്നും ഒടിഞ്ഞും വശം കുത്തിക്കിടന്നു.
“എന്റെ ദൈവമേ.. ഞങ്ങളുടെ വിയർപ്പിന്റെ ഫലമെല്ലാം വെള്ളത്തിലായല്ലോ..”
മുല്ലപ്പെരിയാർ അണക്കെട്ട് നിറഞ്ഞു. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ മാനം മുട്ടി നിന്ന വെള്ളച്ചിറയുടെ വാതിലുകൾ തുറന്നു. വെള്ളം ഉൾക്കൊള്ളാനാവാതെ ആറുകൾ കവിഞ്ഞ് പുറത്തേക്കൊഴുകി പുതിയ വഴികൾ സൃഷ്ടിച്ചു. പുതിയ വഴികളിലെ ആ വെള്ളപ്പാച്ചിൽ വീടുകളും, കൃഷിയിടങ്ങളും ഒഴുക്കിക്കളഞ്ഞു. മണ്ണിന്റെ നിറമുള്ള വെള്ളം ഉൾവീടുകളുടെ വേലികൾക്കു മുൻപിൽ അകത്തേക്ക് കയറാൻ ഓങ്ങി ഓങ്ങി തുടിച്ചു.
മുറ്റത്തേക്ക് വെള്ളം ഒഴുകിയിറങ്ങുന്നതുകണ്ടു കൂട്ടിൽകെട്ടിയിട്ടിരുന്ന പശുക്കൾ നീട്ടിക്കരഞ്ഞു. കൂട്ടിൽ കെട്ടിയ ആടുകളെയും പശുക്കളെയും കെട്ടഴിച്ചു വിട്ടിട്ട്, വീട്ടുകാർ കൈയ്യിൽ എടുക്കാവുന്നതെടുത്തു ഓടി.
പൊക്കത്തിൽ കെട്ടിയ കുഞ്ഞച്ചന്റെ വീടിനു അൻപത്തടി അകലെവരെ പാൽചായപോലെ വെള്ളം പരന്നു കിടന്നു. ഒറ്റ നോട്ടത്തിൽ ഒഴുക്ക് കാണാൻ പറ്റുന്നില്ല. അതിന്റെ ഒഴുക്ക് വെള്ളക്കെട്ടിന്റെ നടുവിലെ മൂടിപ്പോയ ആറിന്റെ നെഞ്ചത്താണ്.
ഒഴുകി അകലുന്ന മരക്കൊമ്പുകൾ.. കന്നുകാലികൾ..
പരമുവിന്റെ വീട്ടിൽ വെള്ളം കേറി. കേശവന്റെ വീട്ടിലും, പിന്നെയുമുണ്ട് വീടുകൾ.. രാജന്റേത്, പാപ്പിയുടേത്..
കുഞ്ഞച്ചൻ ഉമ്മറത്തെ കസേരയിലിരുന്ന് വീട്ടിലുള്ള എല്ലാവരെയും മുൻപിലേക്ക് വിളിച്ചു., അന്നാമ്മ മുഷിഞ്ഞ ചട്ടയുടെ തുമ്പുകൊണ്ടു മുഖം തുടച്ചു ഉമ്മറത്തിണ്ണയിൽ ഇരുന്നു. സാറാമ്മ അടുക്കളവാതിൽക്കൽ നിന്നു. അമ്മിണിയും ലീലാമ്മയും അമ്മയുടെ അടുത്തു നിന്നു.
“ഇതിപ്പോ നമ്മള് വിചാരിച്ചതിനു അപ്പുറം മഴ പെയ്യുവാണ്. ഈ ദേശം മാത്രമല്ല കോട്ടയം, വൈക്കം, ആലപ്പുഴ, മുവാറ്റുപുഴ.. അങ്ങിനെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്.”
“കിഴക്കു ഉരുള് പൊട്ടുന്നുണ്ട്. മൂന്നാറു മൊത്തം വെള്ളത്തിലായെന്നാണ് കേൾക്കുന്നത്. ആളപായം കുറെയുണ്ടായിട്ടുണ്ട്. ആർക്കും അവിടെ എത്തിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്.”
ദൂരെ ഓളം വെട്ടുന്ന മലവെള്ളത്തെ നോക്കി കുഞ്ഞച്ചൻ അൽപനേരം നിശബ്ദനായി.
“നിങ്ങളെല്ലാവരും അറിവായവരാണ്. ഇനി ശ്രദ്ധിക്കേണ്ട സമയമാണ്.. മലവെള്ളത്തില് ഒഴുകിവരുന്നത് കല്ലും, മണ്ണും, കമ്പും, കൊള്ളിയും മാത്രമല്ല.. മലമ്പാമ്പ് ഒഴുകി വരാം. ചിലപ്പോൾ മുതലകളോ ചീങ്കണ്ണിയോ വരാം..വെള്ളം കേറിയാൽ ഇഴജന്തുക്കളൊക്ക കരതേടി വരും. വീടും പരിസരോം ശ്രദ്ധിക്കണം. കണ്ണുതെറ്റി ആരും വെള്ളത്തിലോട്ടു ചവിട്ടരുത്..”
എല്ലാവരും ഒന്ന് പേടിച്ചെന്നു തോന്നുന്നു; അവർ അന്യോന്യം നോക്കി.
കുഞ്ഞച്ചൻ തുടർന്നു
“പത്താഴത്തിൽ എത്ര ചാക്ക് ഉണക്ക കപ്പയുണ്ട്?.. നെല്ല് എത്രയുണ്ട് എന്നൊക്കെ ഇന്ന് നോക്കണം. ഇനി മുതൽ ഒക്കെ ശരിയാവുന്നവരെ ഭക്ഷണം രണ്ടു നേരം മതി. രാവിലെ പത്തുമണിക്ക്. പിന്നെ വെകിട്ട് അഞ്ചു മണിക്ക്.. മനസ്സിലാവുന്നുണ്ടോ?”
എല്ലാവരും തലയാട്ടി.
“സാറ.. നിന്നോട് പ്രത്യേകിച്ച് പറയുവാ.. നിനക്ക് വിശേഷമായിട്ടു നിൽക്കുവാ, എന്തെങ്കിലും ഏനക്കേട്‌ വന്നാൽ, പോകാൻ ആശുപത്രികൂടി ഉണ്ടാവില്ല. നീ വളരെ ശ്രദ്ധിച്ചോണം. ദീനമൊന്നും വരാതെ കാത്തോണം…”
“ശരി .. അപ്പച്ചാ..”
“ഇനി ഒരു കാര്യം കൂടിയുണ്ട്.. പരമൂന്റെ വീട്ടിൽ വെള്ളം കേറി. തൊട്ടടുത്ത രണ്ടു മൂന്നു കുടിലിലും വെള്ളമാണ്. നമ്മുടെ കൊച്ചുപുര ഒഴിവാക്കിയെടുത്തു വെള്ളം ഇറങ്ങുന്ന വരെ അവര് ഇങ്ങോട്ടു വരട്ടെ.. ഉള്ള കപ്പേം അരീമൊക്കെ കൊടുക്കണം. പണിയില്ല, പണോമില്ല, ഇതുങ്ങളൊക്കെ എന്ത് ചെയ്യും.? കർത്താവിന്റെ അനുഗ്രഹമുണ്ടെങ്കിൽ ഒക്കെ നന്നായി തിരിച്ചുവരും..”
രണ്ടു കുടുംബങ്ങൾ അന്ന് ഉച്ചതിരിഞ്ഞു കൊച്ചുപുരയിലേക്കു കുടികേറി.
ചാണകം മെഴുകിയ തറയിൽ തഴപ്പായ വിരിച്ചു അവർ കുഞ്ഞച്ചന്റെ ചോരാത്ത മേൽക്കൂരയുടെ കീഴിൽ അഭയം തേടി. വിറകടുപ്പിൽ തിളപ്പിച്ചെടുത്ത ഉണക്ക കപ്പയിൽ ഉപ്പും, തേങ്ങാപ്പീരയും ചേർത്തിളക്കി അവർ പ്രാതലാക്കി. കഞ്ഞി തിളപ്പിച്ചു മാങ്ങാ അച്ചാറൊഴിച് അത്താഴമാക്കി.
ചാക്കോയ്ക്ക് രണ്ടുമക്കൾ, മാത്തുവും രാജുവും. മാത്തുവിന്റെ ശരീരം വളർന്നതനുസരിച്ച് ബുദ്ധി വളർന്നിരുന്നില്ല. പ്രായത്തിന്റെ കൗശലങ്ങളൊന്നും സമയത്തു പഠിച്ചെടുക്കാത്ത ഒരു പാവമായി മാത്തു നാട്ടിലൊക്കെ അലഞ്ഞു നടന്നു. അവന്റെ പഠിപ്പ് തള്ളി തള്ളി നാലിലെത്തി അവസാനിച്ചു. നാലാം തരത്തിലെത്തിയതുതന്നെ കുട്ടപ്പൻ സാറിന്റെ അനുകമ്പ ഒന്നുകൊണ്ടു മാത്രമായിരുന്നു. പശുക്കിടാവില്ലാതെ പള്ളിക്കൂടത്തിൽ പോവില്ല എന്ന് വാശിപിടിച്ചപ്പോൾ കുട്ടപ്പൻ സാർ ഇടപെട്ടു
“മാത്തു പശുക്കിടാവിനെ കൊണ്ടുവന്നോട്ടെ.. അവിടെയെവിടെയെങ്കിലും കെട്ടിയിട്ടു അവനു വൈകിട്ട് കൊണ്ടുപോകാമല്ലോ..”
കുട്ടികളുടെ എണ്ണം തികയ്ക്കാൻ വേണ്ടി ചെയ്ത ഒരു നീക്കുപോക്കായിരുന്നു അത് എന്നത് കുട്ടപ്പൻ സാർ ആരോടും പറഞ്ഞില്ല. രാവിലെ പശുക്കിടാവിന്റെ കയറും പിടിച്ചു മാത്തു പള്ളിക്കൂടത്തിൽ എത്തും. ഇടക്ക് പുറത്തിറങ്ങി കിടാവിനെ മാറ്റിക്കെട്ടും; വീണ്ടും തിരിച്ചു തന്റെ ബഞ്ചിൽ പോയിരിക്കും.. അങ്ങിനെ മൂന്നിൽ രണ്ടുവർഷങ്ങളും, നാലിൽ രണ്ടുവര്ഷങ്ങളും ചിലവിട്ടപ്പോഴേക്കു, അവൻ വലുപ്പത്തിൽ പള്ളിക്കൂടത്തിലെ എറ്റവും വലിയ വിദ്യാർത്ഥിയായി.
പതിയെ അവൻ, പശുക്കിടാവിന്റെ കയറും പുസ്‌തകവും പിടിക്കാനുള്ള അസൗകര്യം മൂലം അവൻ പുസ്‌തകങ്ങൾ കൊണ്ടുവരാതായി. പിന്നെ കിടാവിന്റെ കൂടെ അവൻ പള്ളിക്കൂടത്തിന്റെ പുറത്തെ പുൽത്തകിടിയിൽ ഇരുന്നോ കിടന്നോ സമയം ചിലവഴിച്ചു തുടങ്ങി. അങ്ങിനെ മാത്തുവും കുട്ടപ്പൻ സാറും അറിയാതെ അവന്റെ വിദ്യാഭ്യാസം അവസാനിച്ചു.
മാത്തു വെള്ളത്തിലിറങ്ങി ഒഴുകിവന്ന കുടംപുളികളും, തേങ്ങയും ശേഖരിച്ചുവരുമ്പോൾ കുഞ്ഞച്ചൻ ചാക്കോയോട് പറഞ്ഞു. “മാത്തൂന്റെ മേൽ ഒരു കണ്ണ് വെച്ചോണം.. വെള്ളത്തിലൊക്കെ നല്ല ഒഴുക്കാണ് ..”
പശുകിടാവ് വെള്ളം കയറിയപ്പോൾ ഒഴുകിപ്പോയതിന്റെ സങ്കടത്തിലായിരുന്നു മാത്തു. അവന്റെ ഇളയവൻ രാജുവോ, ഒരിക്കലും അവസാനിക്കാത്ത വിശപ്പിന്റെ വിളികളെ വയറ്റിൽ ഞെക്കിക്കൊല്ലാൻ ശ്രമിച്ചുകൊണ്ട്, അടുപ്പിലിരുന്നു തിളയ്ക്കുന്ന പാത്രത്തെ കണ്ണിമയ്ക്കാതെ നോക്കി സമയം ചിലവിട്ടു.
പരമുവിന്റെ മക്കൾ, ഗീതയും, പുഷ്പയും, ലതയും പകലൊക്കെ എന്തെങ്കിലുമൊക്കെ കളിച്ചിരിക്കും; രാത്രിയായാൽ അമ്മയുടെ ഓരം പറ്റി മീനടുക്കിയതുപോലെ കിടന്നുറങ്ങും. മറിയയും ജാനകിയും അന്നാമ്മയ്ക്ക് എന്തെങ്കിലും അടുക്കള സഹായങ്ങൾ ചെയ്തുകൊടുത്ത് സമയം ചിലവിട്ടു.
പകലൊക്കെ പരമുവും, ചാക്കോയും, നാറാപിള്ളയും കുഞ്ഞച്ചന്റെ കൂടെ പറമ്പിൽ, കാലെത്തുന്നത് വരെ പോകും. നാശനഷ്ടങ്ങൾ കണ്ടു, കെട്ടിക്കിടന്ന വെള്ളം ഒഴുക്കിവിടാനായി ചാലുകീറുകയും, പിടന്ന വാഴക്കും മരങ്ങൾക്കും ഊന്നുകൊടുക്കുകയും ചെയ്തു.
മഴ മൂക്കുമ്പോൾ ആണുങ്ങൾ ഉമ്മറത്തിരുന്നു വെള്ളപ്പൊക്കത്തിന്റെ കേട്ടകഥകൾ തമ്മിൽ പറഞ്ഞിരിക്കും.
“മൂന്നാഴ്ചയായല്ലോ ഈ മഴ നിർത്താതെ പെയ്യണെ !..ഇത് എല്ലാരെംകൊണ്ടേ പോവുള്ളൂന്നു തോന്നണു ..”
“ചാക്കോ..വേദപുസ്‌തകത്തിലെ നോഹയുടെ കാലത്തെ പ്രളയം എത്ര ദിവസമായിരുന്നു?” കുഞ്ഞച്ചൻ ചോദിച്ചു. ഉത്തരത്തിനു കാക്കാതെ അയാൾ തുടർന്നു .
“നാൽപതു ദിവസം.. ആറാഴ്ച്ചക്കാലം തുടർച്ചയായി പെയ്തു; നേരത്തെ വെളിപാടുണ്ടായതുകൊണ്ടു നോഹയും കുടുംബവും മുങ്ങിച്ചത്തില്ല. ഇപ്പൊ മഴ വന്നപ്പോൾ ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരാളും അത് മുൻകൂട്ടി അറിഞ്ഞില്ല..”
“അച്ചായൻ അറിഞ്ഞിരുന്നേ പെട്ടകം ഉണ്ടാക്കുവാരുന്നോ?” ചാക്കോ.
“പെട്ടകം ഉണ്ടാക്കിയില്ലെങ്കിലും, ഒരു വള്ളമെങ്കിലും തയ്യാറാക്കിവെച്ചേനെ..” കുഞ്ഞച്ചന്റെ മറുപടി.
നാറാപിള്ളക്കും പറയാനുണ്ടായിരുന്നു വെള്ളപ്പൊക്ക പുരാണം, (നാറാപിള്ള എന്ന വിളിപ്പേര് നാറാത്ത പിള്ള എന്നല്ല, നാരായണപിള്ള ലോപിച്ചുണ്ടായതാണ്)
എണ്ണായിരം വര്ഷങ്ങൾക്കു മുൻപത്തെ കഥയാണ്
ആദിമനുഷ്യൻ മനുവിന്റെ കാലം…വെള്ളപ്പൊക്കമുണ്ടായി; ഭൂമി മുഴുവൻ വിഴുങ്ങുകയാണ് കടലിലെ തിരകൾ…ഒരോ തിരയും ഓരോ മലയുടെ ഉയരത്തിലാ വരുന്നത്…
മഹാവിഷ്ണു, മനുവിന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെ ബീജങ്ങൾ ശേഖരിക്കണം… കുടുംബത്തോടൊപ്പം സപ്തർഷികളേയും കൂട്ടണം… വള്ളത്തിൽ എല്ലാവരും കയറി ഈ പ്രളയത്തിൽ നിന്ന് രക്ഷപ്പെടണം.
മനുവിന്റെ വള്ളം മലപോലെ വന്ന വെള്ളത്തിൽ പൊങ്ങിയും മുങ്ങിയും തകരാൻ പോയപ്പോ…
കഥ പറച്ചിൽ ആവേശമായി തുടർന്നു. എല്ലാവരും വായ് പൊളിച്ചു കഥ കേട്ടിരുന്നു.
മലപോലെ തിരവന്നപ്പോൾ, മലയേക്കാൾ വലിയൊരു മീൻ അതിനെ തടഞ്ഞു നിർത്തി.. അതിന്റെ കൊമ്പിൽ വള്ളത്തിന്റെ കയറു കെട്ടി പ്രളയത്തീന്നു രക്ഷപെട്ടൂണാണ് കഥ.
ആരായിരുന്നു ആ മീൻ??
മഹാവിഷ്ണു…. മഹാവിഷ്ണുവിന്റെ മത്സ്യാവതാരം..
നാറാപിള്ള ഈണത്തിൽ ആലപിച്ചു
“യഥാ യദാഹി ധർമസ്യ ഗനിർ ഭവതി ഭാരത
അഭയസ്ഥാനം അധർമ്മസ്യ തദാത്മാനം ശ്രീജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായെ ദുഷ്‌കൃതാം
ധര്മ സംസ്ഥാപനർത്ഥയേ സംഭവാമി യുഗേ യുഗേ”
“ശരി ശരി..”പരമു ചോദിച്ചു “നമ്മളിലാരാണ് അധർമം പ്രവർത്തിച്ചവർ? വെള്ളം കൊണ്ടുപോണതു നമ്മടെ പാവലും വാഴയുമാണ്..”
“ദൈവത്തോട് കണക്കു ചോദിക്കാൻ നമ്മളാരാണ്? ” ചാക്കോ തന്റെ കുറ്റിരോമങ്ങളിൽ വിരലുകൾ കോരി ദൂരെ ഓളം വെട്ടുന്ന ജലകെട്ടിനെ നോക്കി നിസ്സംഗനായി ഇരുന്നു.
വറുത്തെടുത്ത ഉണക്കക്കപ്പ കൊറിച്ചു, മഴയുടെ താളത്തിൽ അവർ ആ ഉമ്മറത്തിരുന്നു അന്യോന്യം പഴംപുരാണങ്ങളും കടംകഥകളും പറഞ്ഞിരുന്നു. കരിംകുളത്തേയും, കരിന്തരുവിയിലെയും തേയിലത്തോട്ടങ്ങൾ നശിച്ചുപോയതായി കേട്ടു. കരിന്തിരി മല അപ്പാടെ ഇടിഞ്ഞു ഒഴുകിപ്പോയത്രേ.
കർക്കിടകം ഒന്ന്…. ഒരു വാശിയോടെ മലവെള്ളം നാടുംവീടും അടിയോടെ പിഴുതെടുത്തു അറബിക്കടലിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 8”

  1. വെള്ളം സർവത്ര വെള്ളം ….ഇപ്പോഴും സർവ സംഹാരിയായി അതിന്റെ ഒഴുക്കു തുടരുന്നു..കുഞ്ഞച്ചൻ കണ്ട അതേവെള്ളപ്പൊക്കം ഇപ്പോൾ കൂട്ടിക്കലിലും കൊക്കയാറിലും ആവർത്തിക്കപ്പെടുന്നു.

Leave a Reply

Don`t copy text!