Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 18

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 18
ഏബ്രഹാം ചാക്കോ

ഓളംവെട്ടിക്കളിക്കുന്ന കായലിന്റെ ഓരംചേർന്നു കാറ്റിലാടുന്ന തെങ്ങുകൾ. അവക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ആറുകൾക്കും കുഞ്ഞൻതോടുകൾക്കും ഇടയിൽ പരത്തി വിരിച്ച പച്ചപ്പാടങ്ങളുടെ കുട്ടനാട്. ഇവക്കു മുകളിൽ പ്രഭാതം മുതൽ പ്രദോഷം വരെ പല വർണങ്ങളിൽ ചായങ്ങൾ ചാലിച്ചു പ്രപഞ്ചത്തിലെ ഏറ്റവും ഉജ്വലമായ ചിത്രങ്ങൾ എന്നും രചിച്ചു കൊണ്ടിരിക്കുന്ന സൂര്യൻ.
ചീഞ്ഞതോണ്ടുകളങ്ങളിൽനിന്നും, താറാവുകൂട്ടങ്ങളിൽ നിന്നും കായൽകാറ്റുകൊണ്ടുവരുന്ന ഒരു പ്രത്യേക ചൂര് ഈ ദേശത്തിനു മാത്രം സ്വന്തം. തൊട്ട്, അയിത്തം മാറ്റാൻ കുന്നംകരിയിൽ വന്ന യോഹന്നാന്റെ മുതുമുത്തച്ഛനു, ഇല്ലം ചാർത്തിക്കൊടുത്ത മണ്ണിൽ ആ നസ്രാണികുടുംബം വളർന്നു വലുതായി. ചേറിലിറങ്ങാൻ മടിയില്ലാതെ ആ കുടുംബം മഴയെയും, വെയിലിലിനെയും കൂസാക്കിയില്ല. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുമിച്ചു മണ്ണിലിറങ്ങുന്നതാണ് രീതി. അവർ അവരുടെ കൊച്ചുസമ്പാദ്യങ്ങൾ കരുതലോടെ കൂട്ടിവെച്ചു.
വല്യപ്പൻ ഓരോ വർഷവും അതിരുകളിൽ ചേറും മണ്ണും ചേർത്തുകെട്ടി കല്ലിട്ടു വലുതാക്കി. ഓണത്തിനും ഉത്സവകാലത്തും ഇല്ലത്തേക്ക് പോകുന്ന പതിവ് വർഷങ്ങളായി നിലനിർത്തിപോന്നിരുന്നു. കൃഷിഫലങ്ങൾ തലച്ചുമടായി ഇല്ലത്തെത്തിക്കുകയും തങ്ങളുടെ വിധേയത്വം ഉറപ്പാക്കുകയുമാണ് അതിന്റെ രീതി.
തലച്ചുമടിറക്കി, തോർത്ത് ചുമ്മാട് അഴിച്ചുകുടഞ്ഞു അരയിൽ കെട്ടി ഒരു ചെറിയ വണക്കത്തിന്റെ കുനിവുമായി മുറ്റത്തു നില്കും. ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന കാരണവരുടെ മുക്കിചുവപ്പിച്ച ചുണ്ടുകളിൽ സന്തോഷത്തിന്റെ വിരിച്ചിൽ.
തറയിലിരുന്ന കൊളംബിയിൽ തുപ്പി, മേല്മുണ്ടിൽ ചുണ്ടു തുടച്ചു നമ്പൂതിരി ചോദിക്കും.
“മാപ്പിളക്ക് സുഖമാണോ?”
“അതെയെ..” നെഞ്ചിൽ കൈത്തണ്ടകൾ കുറുകെ വച്ച് വണങ്ങി അപ്പച്ചൻ.
“പടിഞ്ഞാറേ പറമ്പിലെ കോണിൽ വെള്ളംകേറി മണ്ണൊക്കെ ഒലിച്ചു പോവ്വാണെ.. ഒരു ചിറകെട്ടി വളച്ചെടുത്താൽ നമ്മുടെ മണ്ണ് കായലിൽ പോവാതിരുന്നേനെ..”
“അതെയോ? ഇത് പറയാൻ നീ ഉത്സവം വരെ കാക്കുന്നതെന്തിനാ? നീ കെട്ടിക്കോ.. നമ്മുടെ മണ്ണ് കായലിൽ ഒലിച്ചു പോണ്ട..”
തിരുവിതാംകൂറിലെ ആദ്യത്തെ കണ്ടെഴുത്ത്* നടന്നതിനുശേഷം, മഹാരാജാവ് രാജ്യത്തെ ഭൂമി മുഴുവൻ മൂന്നു കൂട്ടരുടെ ഉടമസ്ഥതയിലാക്കി.
സർക്കാർ വക, ക്ഷേത്ര വക, ബ്രഹ്മണ വക.
ആയിരക്കണക്കിന് ഏക്കർ ഭൂമി സ്വന്തമായിക്കിട്ടിയ നമ്പൂതിരി ഇല്ലങ്ങൾക്കു പലപ്പോഴും തങ്ങളുടെ സ്ഥലങ്ങളുടെ അതിരുകളെ പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല. ഇല്ലങ്ങളിൽ അവകാശികൾ കൂടിയപ്പോൾ ആവശ്യങ്ങൾ നിവർത്തിക്കാൻ മണ്ണ് വിൽക്കുക എന്നതു മാത്രമായി മാർഗം.
അമ്പലത്തിലെ ഉത്സവത്തിന്റെ ചിലവുകളൊക്കെ ഇല്ലത്തിന്റെ അവകാശമായിരുന്നു. എല്ലാ വർഷവും കുറെ പണം അങ്ങിനെയും ചിലവാക്കണം. മുന്നൂറു രൂപയെങ്കിലും പൊടിച്ചാലേ ഉത്സവം കൊഴുക്കുകയുള്ളൂ
യോഹന്നാന്റെ അപ്പന്റെ കാലമായപ്പോഴേക്കും ധനസ്ഥിതിയൊക്കെ ക്ഷയിക്കാൻ തുടങ്ങിയിരുന്നു. നമ്പൂതിരി, ആവശ്യങ്ങൾ വരുമ്പോൾ ആളെ വിട്ടു വിളിപ്പിക്കും.
“എടോ, മാപ്പിളേ.. അമ്പലത്തിൽ ഉത്സവം കൊടിയേറ്റമായി. പണച്ചിലവുണ്ട്. തന്റെ കൈയിൽ കാശുണ്ടാവുമോ?”
“നോക്കാവേ..”
ഒരു ഭൂമി കൈമാറ്റത്തിന്റെ തുടക്കമാണ്.
യോഹന്നാന്റെ കാലമായപ്പോഴേക്കും അയാളുടെ കുടുംബം സമ്പന്നതയുടെ ഓരത്തോളം എത്തിയിരുന്നു.
യോഹന്നാന്റെ പറമ്പിൽ ഇരുപതും മുപ്പതും പണിക്കാരുണ്ടാവും. അവരിൽ രണ്ടുപേർ ഭക്ഷണം പാകം ചെയ്യാനായി വീട്ടുപരിസരത്തു തന്നെ നിൽക്കും. അരിയും കിഴങ്ങും എല്ലാം അടുക്കള ഭാഗത്തു ചെന്ന് അവർ വാങ്ങി പാചകം തുടങ്ങും. പാചകക്കാർ ചെമ്പിൽ കപ്പ പുഴുങ്ങും, ഉണക്കമീൻതല മുളകിലിടിച്ചു സമ്മന്തി അല്ലെങ്കിൽ അച്ചാർ.. പത്തുമണി കാപ്പി അങ്ങിനെ പോകും.
പിന്നെ ഉച്ചകഞ്ഞിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. പണി വീടിനടുത്താണെങ്കിൽ വീട്ടു മുറ്റത്തിന് പുറത്തു അവർ മണ്ണിൽ ചെറിയ കുഴികുത്തി ഇലവിരിക്കും. വരിയായി പണിക്കർ അവിടെയിരുന്ന് ഭക്ഷണം കഴിക്കും. അവർക്ക് മുറ്റത്തു പ്രവേശിക്കാൻ അനുവാദമില്ലാത്ത കാലം. പണിസ്ഥലം ദൂരെയാണെങ്കിൽ ഭക്ഷണം തലച്ചുമടായി കൊണ്ടുപോയി കൊടുക്കും.
നാട്ടിലെത്തിയ പിറ്റേന്ന് തന്നെ സാറാമ്മ വള്ളക്കാരൻ പാപ്പിയെ കാണാൻ പോയി..
പാപ്പി കരയിൽജീവിക്കുന്നത്രെ വെള്ളത്തിലും ജീവിക്കുന്നു എന്ന് പറയാം. രാവിലെ വള്ളത്തിൽ കയറിയാൽ പിന്നെ ഇരുപ്പും കിടപ്പും, തീറ്റിയും കുടിയുമൊക്കെ അതിൽ തന്നെ. കണ്ടാൽ ചുക്കിച്ചുളിഞ്ഞ മുഖം, ചളുങ്ങിയ ഇരുമ്പുപാത്രം പോലെയാണെന്ന് തോന്നുമെങ്കിലും അയാളുടെ മനസ്സ് പൊന്നാണ്.
പാപ്പിക്ക് ഒരു കഥയുണ്ട്. ആ ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും ആദരവും നേടിയ ഒരു സംഭവം.
ഒരുദിവസം മണിമലയാറ്റിലൂടെ വള്ളം തുഴഞ്ഞു വരുമ്പോഴാണ് ആ സംഭവമുണ്ടായത്.
ഒരു ഉച്ചതിരിഞ്ഞ നേരം…. ആറിന്റെ കരയിൽ നിന്ന് കുട്ടികളുടെ ഒരു കൂട്ട നിലവിളി കേട്ട് പാപ്പി അങ്ങോട്ട് വള്ളമടുപ്പിച്ചു. വെള്ളത്തിൽ നോക്കി കുട്ടികൾ ആർത്തലക്കുകയായായിരുന്നു…
നോക്കിയപ്പോൾ, ദൂരെ മുങ്ങിയും പൊങ്ങിയും ഒഴുകിയകലുന്ന ഒരു കുട്ടിയുടുപ്പ് പാപ്പി കണ്ടു. വേഗത്തിൽ തുഴഞ്ഞു വള്ളമെത്തിക്കുമ്പോഴേക്കും കുട്ടി അടിയൊഴുക്കിലേക്ക് പെട്ടതുപോലെ വെള്ളത്തിനടിയിലേക്കു അപ്രത്യക്ഷമായി. പാപ്പി വള്ളം വിട്ടു ആറ്റിലേക്ക് കുതിച്ചു. ഒരു ജീവന്റെ ചലനത്തിനു വേണ്ടി, ഒരു കൊച്ചുടുപ്പിന്റെ ഇളക്കത്തിനുവേണ്ടി അയാൾ ഒഴുക്കുവെള്ളത്തിന്റെ പാളികൾക്കിടയിലൂടെ കണ്ണ് മിഴിച്ചു പരതി.
ആറ്റരികിലൂടെ കുട്ടികളും നാട്ടുകാരും ആറ്റൊഴുക്കിനൊപ്പം ഒച്ചവെച്ച് ഓടി. വെള്ളത്തിനടിയിലെ നരച്ച ഇരുട്ടിൽ പാപ്പി ശ്വാസം പിടിച്ചു നീന്തി.. മനസ്സിൽ ദൈവമാതാവിനെ മനസ്സിലോർത്തു.. എന്റെ മാതാവേ ഈ കൊച്ചിനെ വേമ്പനാട്ടു കായലിനു വിട്ടുകൊടുക്കല്ലേ..
ഒടുവിൽ കുഞ്ഞിനേയും പൊക്കി മണിമലയാറ്റിന്റെ മേലേക്ക് പാപ്പി എത്തിയപ്പോൾ, ജനം അയാളുടെ പേര് ആർത്തുവിളിച്ചു..
അന്ന് മരണത്തിൽ നിന്നും പാപ്പി രക്ഷപെടുത്തിയത് കിഴക്കേലെ യോഹന്നാന്റെ മകൾ സാറാമ്മയെ ആയിരുന്നു.
സാറാമ്മ ചെല്ലുമ്പോൾ വള്ളത്തിന്റെ പടികൂട്ടിവെച്ചു കൊടുംകൈയും കുത്തി കിടക്കുകയായിരുന്നു പാപ്പി .
“പാപ്പിചേട്ടാ.. ഒറക്കവാണോ?”
പാപ്പി കണ്ണ് തുറന്നു. സാറാമ്മയെ കണ്ടു മുഖം തെളിഞ്ഞു; നല്ല ഒരു ചിരിയോടെ എഴുന്നേറ്റു.
“ചുമ്മാ കിടന്നതാ കൊച്ചെ..?”
നെയ്യപ്പം കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുവന്നത് സാറാമ്മ കൊടുത്തു. പാപ്പിയുടെ ഇഷ്ട പലഹാരം.
” എന്നാ ഉണ്ടെടീ വിശേഷങ്ങൾ?”
“സുഖമാ പാപ്പിചേട്ടാ ..”
കൊച്ചെന്തിയേ?
“കൊച്ചിനെ ചേച്ചീന്റെ കൈയ്യിൽ കൊടുത്തേച്ച് പെട്ടെന്ന് വന്നതാ…”
” എന്നാ അതിനേം കൂടി കൊണ്ടുവരാര്ന്നില്ലേ? ഒന്ന് കാണാരുന്നു..”
“ഇനി കൊണ്ടുവരാം.. ഞാനിവിടെ രണ്ടാഴ്ചയുണ്ട്..”
പാപ്പി നെയ്യപ്പത്തിന്റെ പൊതി തുറന്നു ഒരെണ്ണമെടുത്തു മുറിച്ചു വായിലിട്ടു..
“നിന്റെ കെട്ടിയോനെന്തിയെ?..”
“ജോലി സ്ഥലത്താ….”
“എന്നാ ജോലിയാ?…”
“സർക്കാർ പണിയാ..”
സാറാമ്മ, സർക്കാർജോലിക്കുപോയ പത്രോസിനെ ഓർത്തു. ദേശസേവനത്തിനു ഖദറുകാരുടെ കൂടെ പോയ ആളെപ്പറ്റി ഇങ്ങനെയല്ലേ പറയാൻ പറ്റൂ.
“നീയ് അക്കരെക്ക് പോരുന്നോ?”
അക്കരെയാണ് പാപ്പിയുടെ വീട്. പാപ്പിയുടെ മകൾ റോസമ്മയെ കെട്ടിച്ചു വിടുംമുമ്പ് സാറാമ്മ ഇടക്കൊക്കെ കൂട്ടുകാരിയെ കാണാൻ ചെല്ലുമായിരുന്നു. കുട്ടികളായിരുന്നപ്പോഴേ അവർ കൂട്ടുകാരായിരുന്നു. റോസമ്മയെ കല്യാണം കഴിപ്പിച്ചു വിട്ടത് കോട്ടയത്തിനടുത്തു പുന്നത്തുറ എന്ന സ്ഥലത്തേക്കാണ്.
സാറാമ്മയുടെ കല്യാണം നിശ്ചയിച്ച സമയത്ത് റോസമ്മ നാട്ടിലുണ്ടായിരുന്നു. വീട്ടിലും പറമ്പിലും പണിയെടുത്തു അവളുടെ കോലം തിരിഞ്ഞു പോയിരുന്നു. അന്ന് തമ്മിൽ ഒരുപാടുനേരം തമ്മിൽ സംസാരിച്ചു. കല്യാണം കഴിച്ചു പോകുമ്പോൾ ഏതു പെൺകുട്ടിക്കുമുണ്ടാകാവുന്ന ആശങ്കകളൊക്കെ സാറാമ്മയ്ക് ചോദിക്കാൻ റോസമ്മയെ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിൽ അവർ കുറെ സംസാരിച്ചു.
ഇടയ്ക്കു റോസമ്മ പറഞ്ഞു..
“എടീ.. നമ്മള് പെണ്ണുങ്ങളുടെ സുഖമൊക്കെ കല്യാണത്തോടെ തീരും.. എന്നും കുടുംബം നോക്കാനുള്ള അലച്ചിലാണ്. എന്നാലും കെട്ടിയോൻ കൂടെ നില്കാവെങ്കിൽ എങ്ങിനേം ജീവിക്കാം.”
“നിന്റെ കെട്ടിയോനെങ്ങനാടീ.. നിന്നേ ഇഷ്ടമാണോ?..” സാറാമ്മ ചോദിച്ചു
“അഹ്.. ഇഷ്ടമൊക്കെത്തന്നെ, കള്ളുകുടിച്ചാൽ പോയിക്കിട്ടി..പിന്നെ രാത്രിയും പകലും പോലെയാ..”
രാത്രിയും പകലും പോലെ എന്ന് റോസമ്മ പറഞ്ഞതു എന്തർത്ഥത്തിലാണെന്നു സാറാമ്മക്കു മനസ്സിലായില്ല..
പിന്നെ തമ്മിൽ കണ്ടിട്ടില്ല.
“റോസമ്മക്ക് സുഖമാണോ പാപ്പിചേട്ടാ? എന്നാ വിശേഷം? ഇപ്പോളെങ്ങാനും ഇങ്ങോട്ടു വരുവോ?”
“അവള് വന്നിട്ട് കുറെയായി..അവിടെ കൃഷിയൊക്കെയായി വല്യ തിരക്കാ..”
“റോസമ്മക്ക് കുട്ടികൾ?..” അവൾ സങ്കോചത്തോടെ ചോദിച്ചു. തന്നെക്കാൾ മൂന്നുവർഷം മുൻപ് റോസമ്മ കല്യാണം കഴിച്ചുപോയതാണ്.
പാപ്പി ഇല്ലെന്നു തലയാട്ടി.
” ഞാൻ പോവ്വാ. ഇനിയൊരു ദിവസം തെയ്യമ്മേനെ കാണാൻ വരാം … കൊച്ചു കരയാൻ തുടങ്ങും… പോവ്വാ”
സാറാമ്മ പോവുന്നത് പാപ്പി നോക്കി നിന്നു. ദൈവം കാക്കട്ടെ.. എവിടെപ്പോയാലും ഇടക്കുവന്ന് കുശലം പറയാൻ അവൾ എപ്പോഴും സമയം കണ്ടെത്തും.
മാതാവ് കാത്ത കുട്ടിയാണ്. അന്ന് അവളെ പൊക്കിയെടുത്തതു തന്റെ മിടുക്കു കൊണ്ടാണെന്നു നാട്ടുകാർ തെറ്റിദ്ധരിച്ചു. നെഞ്ചിലെ അവസാനശ്വാസവും വിട്ടുപോകുമെന്നായപ്പോഴാണ് അന്ന് തന്റെ കണ്ണിൽ, കുട്ടിയുടെ ഉടുപ്പിന്റെ ഒരു നിറം പാളിപ്പോകുന്നത് കണ്ടത്. ജീവന്റെയും മരണത്തിന്റെയും ഇടയിൽ നിന്ന ആ ഒരു നിമിഷം ആര് തന്നതാണ്?
പാപ്പി മാതാവിനെ മനസ്സിൽ വിചാരിച്ചു കുരിശുവരച്ചു.
കിഴക്കേൽ വീട്ടിൽ ഏലിയാമ്മക്ക്, മകളെ കൂട്ടുകിട്ടിയതോടെ അസുഖങ്ങൾക്ക് കുറവ് തോന്നി. അവർ കട്ടിൽ വിട്ടു അടുക്കളയിലേക്കു വന്നപ്പോൾ മരുമകൾ ത്രേസ്യ കളിയായി പറഞ്ഞു..
“അയ്യോ, നോക്കിക്കേ, സ്വന്തം മോള് വന്നപ്പോൾ അമ്മച്ചീടെ മേലയ്കയൊക്കെ പറപറന്നേ”
“അതേടീ.. എന്റെ മോളെ എത്ര നാളിനു ശേഷമാ ഒന്ന് കിട്ടീത്..”
രാത്രി കൊച്ചുവറീതിനെ ഉറക്കി; സാറാമ്മ ഒരു കൗമ പ്രാർത്ഥിച്ചു കിടക്കാൻ ഒരുങ്ങുമ്പോൾ വാതിൽക്കൽ ഒരു വിളി. അമ്മച്ചിയാണ്
“വാ.. എന്താ അമ്മച്ചീ?”?”
ഏലിയാമ്മ മകളുടെ അടുത്തിരുന്നു, അവളുടെ തലയിലും മുഖത്തും കൈയ്യോടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
“എന്താ അമ്മച്ചീ..”
“നിനക്ക് സുഖവാണോടീ മോളെ..”
“ഇതെന്താ ഇങ്ങിനെയൊരു ചോദ്യം ഇപ്പോൾ?”
“മോളേ, സത്യം പറയണം, പത്രോസ് എന്തിനാ നിന്നെ വിട്ടു പോയത്? കെട്ടിയോനില്ലാത്ത പെണ്ണിന് ഒരു വിലമില്ലാത്ത നാടാണ്..”
“എനിക്കറിയില്ല അമ്മച്ചി..” സാറാമ്മയുടെ കണ്ണുകളും നിറഞ്ഞു “അച്ചായനു എന്നെ വല്യ ഇഷ്ടമായിരുന്നു. പക്ഷെ വായിച്ചു വായിച്ചു കോൺഗ്രസ്സു തലയ്ക്കു പിടിച്ചു; പിന്നെ അപ്പച്ചന്റെ വഴക്കും… കൃഷിപ്പണിയുമൊന്നും അങ്ങേർക്കിഷ്ടമല്ലായിരുന്നു.. ഞാനെന്താ ചെയ്യുക.. പ്രാര്ഥിക്കുന്നുണ്ട്; ഒരു ദിവസം തിരിച്ചുവരുവാരിക്കും ”
ഏലിയാമ്മ മകളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.
“നീ വിഷമിക്കണ്ട മോളെ..മാതാവ് കൈ വിടില്ല.. ഒക്കെ ശരിയാവും.”
കുറച്ചു ദൂരെ മണിമലയാർ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. മുത്തവറ മലനിരകളിൽ നിന്ന് തുടങ്ങുന്ന യാത്ര അമ്പത്തിയഞ്ചു മൈൽ ഒഴുകി അവസാനം ചിത്തിരപ്പള്ളിയിൽ ചെന്ന് വേമ്പനാട്ടു കായലിലേക്ക് ഒഴുകിച്ചേരും.
വേമ്പനാട് കായലിന്റെ വടക്കു വൈക്കത്തു, ഓളമടിക്കുമ്പോൾ, അവിടെ ഒരു ഓലകെട്ടിയ സത്യാഗ്രഹ ആശ്രമത്തിന്റെ തറയിൽ പത്രോസ് ഉറക്കം കിട്ടാതെ കണ്ണുതുറന്നു ഇരുട്ടിലേക്ക് നോക്കികിടക്കുന്നുണ്ടാവാം. സാറാമ്മ പത്രോസിനെ സ്വപ്നം കണ്ടു.
അവൾക്കറിയില്ലല്ലോ, പത്രോസ് തിരുവന്തപുരത്തെ ജയിലിൽ, മൂട്ടകടി സഹിക്കാൻ കഴിയാതെ ഉറക്കമൊഴിച്ചു എഴുന്നേട്ടിരിക്കുകയാണെന്ന്.

(തുടരും)

Reference
* കണ്ടെഴുത്ത് (സർവ്വേ) 1751-1754

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!