Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 19

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 19
ഏബ്രഹാം ചാക്കോ

ആഴ്ചച്ചന്തയുടെ തിരക്കുകഴിഞ്ഞാൽ പിന്നെ ശനിയാഴ്ച്ച തളർന്നുകിടക്കും. വെള്ളിയാഴ്ച രാത്രിയിൽ കാളവണ്ടിയിലാണ് ചരക്കു കൊണ്ടുപോകുന്നത്. വിലപേശലും വില്പനയും കഴിയുമ്പോഴേക്ക് നേരം പുലരും. പിന്നെ കാളവണ്ടിയിൽ തിരിച്ചുള്ള അലസമായുള്ള യാത്ര. വീട്ടിലെത്തുമ്പോൾ കുളികഴിഞ്ഞു കുറെ ഉറങ്ങും; പിന്നെ എഴുന്നേറ്റാൽ ഉന്മേഷമില്ലാത്ത ഒരു ദിവസം മുന്നിൽ. ആഴ്ചച്ചന്തയുടെ ആലസ്യവുമായി തളർന്നു കിടക്കുന്ന ശനിയാഴ്ച.
അങ്ങിനെയൊരു ശനിയാഴ്ച രാവിലെയാണ് രണ്ടുപേർ കിഴക്കേൽ യോഹന്നാൻറെ വീട്ടിലെത്തിയത്. മണിമല ആറ്റിൽ വെള്ളം നന്നായിട്ടുണ്ടായിരുന്നു. മണിമലയാറിനു കുറുകെ പാപ്പിയുടെ വള്ളം അവരെ അക്കരയിലേക്ക് കൊണ്ടുപോയി.
പാപ്പിക്ക് യാത്രക്കാരെ ആദ്യം മനസ്സിലായില്ല.
“എങ്ങോട്ടാ?”
“പാപ്പിചേട്ടാ, ഇത് ഞാനാ, ജെയിംസ്..”
പാപ്പിക്ക് അപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. യോഹന്നാന്റെ മൂത്തമകൻ ജെയിംസ്. ഒരുപാടു കാലമായി കണ്ടിട്ട്. പണ്ട് നാണം കുണുങ്ങി പരുങ്ങി നടന്ന ചെറുക്കനാണ്; ഇപ്പോൾ താടിയുമൊക്കെ വെച്ച് പ്രായം കുറെ ആയതുപോലെ.
പാപ്പി കുശലം ചോദിച്ചു.
“ആദ്യം കണ്ടപ്പോ, തിരിച്ചറിഞ്ഞില്ല കേട്ടോ..എന്നാ ഉണ്ട് വിശേഷങ്ങൾ?”
ജെയിംസ് ചിരിച്ചു. “കൊച്ചിന്റെ മാമോദീസ വിളിക്കാൻ വന്നതാ..”
“കോച്ചെന്നതാ?”
“ആൺകൊച്ചാണ്..”
ജെയിംസിന് ആദ്യത്തേത് മൂന്നു പെൺകുഞ്ഞുങ്ങൾ.. ഇപ്പോൾ നാലാമത്തേത് ആൺകുഞ്ഞ്. മാമോദീസ അടുത്ത ഞായറാഴ്ച, കുർബാനയ്ക്കു ശേഷം.. ജയിംസിന്റെ കൂടെയുള്ളയാൾ ആറിന്റെ ഓരത്തു നിരനിരയായി നിൽക്കുന്ന തെങ്ങുകളെ നോക്കിയിരുന്നു.
“കൂടെയുള്ളത് ആരാ? ” പാപ്പി ചോദിച്ചു.
“അടുത്ത കൂട്ടുകാരനാ .. പൗലോസ്.. കുട്ടനാട്ടിലെ വെള്ളവും താറാവുമൊക്കെ കാണാമെന്നു പറഞ്ഞു കൂടെ പോന്നതാ ..”
പൗലോസ് ചിരിച്ചു. എന്നിട്ടു ചോദിച്ചു..
“നല്ല കള്ളുകിട്ടുന്ന നാടാണെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കിട്ടുവോ?”
“കേട്ടതൊക്കെ നേരാ.. യോഹന്നാച്ചന്റെ വീട്ടിലേക്കല്ലേ പോണത്? അവിടെ കാണും..”
ജെയിംസ് ശരിയാണെന്നു തലകുലുക്കി ചിരിച്ചു
ത്രേസ്യ സംഭാരവുമായി വന്നപ്പോൾ യോഹന്നാൻ ചോദിച്ചു: “സംഭാരം വേണോ? മധുരക്കള്ളു വേണോ?”
ജെയിംസ് ഒരു ചിരിയോടെ പൗലോസിനെ നോക്കി.
“മധുരക്കള്ളു മതി..”
മത്തായി രണ്ടുകുടം കള്ളു സംഘടിപ്പിച്ചു; കൂടെ കുറെ കരിമീനും. കരിമീൻ അടുക്കളയിൽ കൊടുത്തിട്ടു പ്രത്യേകിച്ച് ത്രേസ്യയോട് പറഞ്ഞു” മസാലയിൽ എരുവ് കുറക്കണ്ട..”
ജെയിംസ് പൗലോസിനെ പരിചയപ്പെടുത്തി. അടുത്ത സുഹൃത്താണ് കച്ചവടമാണ്; നാട്ടിൽ കടയുണ്ട്. പഴയ നസ്രാണി കുടുംബത്തിൽനിന്നാണ് ..
കൊച്ചുവറീത് യോഹന്നാന്റെ മടിയിലിരുന്ന് ബഹളം തുടങ്ങിയപ്പോൾ സാറാമ്മ വന്നു അവനെ എടുത്ത് അകത്തേക്ക് കൊണ്ടുപോയി.
ജെയിംസ് ചോദിച്ചു
“എന്ന ഉണ്ടെടീ നിനക്ക് വിശേഷം? വീട്ടിലൊക്കെ സുഖമാണോ?”
“അതെ.. ജെയിംസച്ചയാ.. അമ്മച്ചിക്ക് സുഖവില്ലാത്തോണ്ട് രണ്ടാഴ്ചത്തേക്ക് വന്നതാ..”
“പത്രോസ്?”
സാറാമ്മ മറുപടി പറയാൻ നില്കാതെ കൊച്ചുവറീതുമായി അകത്തേക്ക് പോയി.
യോഹന്നാൻ മൺപാത്രത്തിലെ കള്ളു കുടിച്ചിട്ട്, കരിമീന്റെ ഒരു നുള്ളു മസാല വായിലേക്കിട്ടു.
“എന്നാ പറയാനാ, അവനൊരു തല തിരിഞ്ഞവനായിപ്പോയി. രാഷ്ട്രീയം തലയ്ക്കു കേറി ഖദറുമിട്ടു എവിടെയോ ഉണ്ട്.. വീട് വിട്ടിട്ടു വര്ഷം ഒന്ന് കഴിഞ്ഞു.. അവളുടെ തലേലെഴുത്ത്.. അല്ലാതെ എന്നാ പറയാനാ?”
പൊരിച്ച കരിമീനുമായി കുറെ ലോക കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. പുതുപ്പള്ളി പള്ളിയുടെ വിശേഷങ്ങളാണ് പ്രധാനമായും സംസാരിച്ചത്. പൗലോസ് പള്ളിയുണ്ടായതിനെ പറ്റി പറഞ്ഞു.
“1557ലാണ് പള്ളി കന്യാസ്ര്തീയമ്മയുടെ നാമത്തിൽ പണിതത്. ഇന്നേക്ക് 368 വർഷങ്ങൾക്ക് മുൻപ്.. എൺപതു വര്ഷം കഴിഞ്ഞാണ് സെൻറ് ബെഹനാന്റെ നാമത്തിലായിരുന്നു ഏലംതുരുത്തിക്കുന്നിലേക്ക് പള്ളി മാറ്റിയത്. പിന്നെയും 110 വര്ഷം കഴിഞ്ഞാണ് സെൻറ് ജോർജിന്റെ നാമത്തിൽ പള്ളി പണിതത്, കൂടെ വടക്കേ ചാപ്പൽ കന്യാമറിയത്തിനും, തെക്കേതു സെൻറ് ബഹനാനും ആക്കി മാറ്റി..”
“സെൻറ് ബഹനാൻ? അതാരായിരുന്നു?” മത്തായി ചോദിച്ചു.
“ബഹനാൻ സിറിയൻ രാജാവിന്റെ മകനായിരുന്നു.” പൗലോസ് തുടർന്നു .
ഒരിക്കൽ നായാട്ടിനു നാൽപ്പതു അടിമകളുമായിപ്പോയ ബഹനാൻ വഴിതെറ്റി ഒറ്റപ്പെട്ടുപോയി. കാട്ടിൽ കിടന്നുറങ്ങിയ രാജകുമാരൻ ഒരു സ്വപ്നം കണ്ടു. ദൂരെയുള്ള ഒരു മലമുകളിൽ പോയി മാത്യു എന്ന ക്രിസ്ത്യൻ സന്യാസിയെ കാണണം. അടുത്ത ദിവസം ബഹനാനും അടിമകളും തമ്മിൽ കണ്ടുമുട്ടി.
സ്വപ്നത്തിൽ കണ്ടതനുസരിച്ച് അവർ ദൂരെയുള്ള മലമുകളിൽ പോയി മാത്യു പുരോഹിതനെ സന്ദർശിച്ചു. പുരോഹിതൻ ബഹനാനോട് യേശുവിനെ പറ്റി പറഞ്ഞു. ക്രിസ്തുമതത്തെപ്പറ്റി വിശദീകരിച്ചു.
“ഞാനെങ്ങനെ നിങ്ങളെ വിശ്വസിക്കും? നിങ്ങൾ പറയുന്നതിന് തെളിവുകൾ എവിടേ?” ബഹനാൻ ചോദിച്ചു.
“നിന്റെ സഹോദരി സാറ, കുഷ്ഠരോഗത്താൽ കഷ്ടപ്പെടുകയല്ലേ?” പുരോഹിതൻ ചോദിച്ചു. ബെഹനാന് അത്ഭുതം കൂറി. ഇദ്ദേഹം ഇതെങ്ങിനെ അറിഞ്ഞു?
“നീ നിന്റെ സഹോദരി സാറയെയും കൂട്ടി എന്നെ വന്നു കാണൂ; ദൈവനാമത്തിൽ അവൾക്ക് രോഗശാന്തിയുണ്ടാവും..”
കഥ മുറുകിയപ്പോൾ സാറാമ്മയും, ത്രേസ്യയും പൗലോസിന്റെ വാക്കുകൾക്ക് ചെവികൊടുത്തു.
തിരിച്ചു രാജകൊട്ടാരത്തിൽ എത്തിയ ബഹനാൻ അമ്മയോട് നടന്നതെല്ലാം പറഞ്ഞു. സാറയെ കൂട്ടി പുരോഹിതനെ കാണാൻ ബെഹനാന് അനുവാദം ലഭിച്ചു. അൽതാഫ് പർവതത്തിലേക്ക് ബഹനാൻ തന്റെ സഹോദരി സാറയെയും നാല്പതു അടിമകളെയും കൂട്ടി പോയി. അവിടെവെച്ചു സാറ സുഖം പ്രാപിക്കുകയും പോയവരെല്ലാം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.
റോമിൽ വെച്ച് കൊലചെയ്യപ്പെട്ട സെൻറ് പോളിനെയോ, ശിഷ്യൻ പത്രോസിനെയോ അറിയാത്തവരുണ്ടോ? എന്നാൽ ബഹനാന്റെത് പൗരസ്ത്യ ക്രിസ്ത്യാനികളുടെ കഥകൾ ആയതുകൊണ്ട് എല്ലാവർക്കും ഇതൊന്നും അറിയില്ല.
“ബഹനാൻ സെൻറ് ആയത് എങ്ങിനെയാണ്?”
“മതം മാറിയ മകനെയും മകളെയും നാൽപതു അടിമകളെയും രാജാവ് കൊലചെയ്തു. അവരുടെ മരണശേഷം രാജാവിന് സമനില നഷ്ടപ്പെട്ടു. ഭ്രാന്തനായിപ്പോയ രാജാവിനെ രക്ഷിക്കാൻ ബഹനാന്റെ അമ്മയ്ക്ക് സ്വപ്നത്തിൽ ഒരു സന്ദേശം ലഭിച്ചു. അവരും രാജാവും ക്രിസ്തുമതം സ്വീകരിക്കുകയും, ബഹനാന്റെയും സാറായുടെയും ശവകുടീരങ്ങളിൽ പോയി പ്രാർത്ഥിക്കുകയും ചെയ്താൽ ഭ്രാന്തുമാറും.. അവർ അങ്ങിനെ ചെയ്യുകയും രാജാവ് സുഖം പ്രാപിക്കുകയും ചെയ്തു.”
പുതുപ്പള്ളി പള്ളിയിലെ തെക്കേ ചാപ്പൽ ഇപ്പോഴും സെൻറ് ബഹനാന്റെ പേരിലാണ്. വാതിൽക്കൽ കഥ കേട്ട് നിന്ന സാറാമ്മയോട് യോഹന്നാൻ പറഞ്ഞു
“ഒരു ദിവസം നമുക്ക് കൊച്ചുവറീതിനെയും കൂട്ടി പുതുപ്പള്ളി പള്ളീല് പോകണം.. അവനു പേരിട്ടത് ഗീവറുഗീസ്‌ സഹദായെ ഓർത്താണ്. സഹദായുടെ അനുഗ്രഹമുണ്ടെങ്കിൽ വിഷസർപ്പങ്ങളെ പേടിക്കുകയെ വേണ്ട..”
പൗലോസ് പോകുന്നതിനുമുമ്പ് ഏലിയാമ്മയുടെ അടുത്തു ചെന്ന് അസുഖവിവരങ്ങൾ തിരക്കി.
“അമ്മ കിടപ്പിലാണ് അല്ലേ?”
ഏലിയാമ്മ എഴുന്നേൽക്കാൻ ശ്രമിച്ചു.
“അതെ, അഞ്ചാറു മാസങ്ങളായി ഒട്ടും വയ്യ. എഴുന്നേൽക്കുമ്പോൾ തല കറങ്ങും; ഇപ്പൊ പിടിച്ചു പിടിച്ചാണ് അത്യാവശ്യത്തിനു പോലും പോകുന്നത്..”
പൗലോസ് ഏലിയാമ്മയുടെ കൈ പിടിച്ചു ആശ്വസിപ്പിച്ചു.
“‘അമ്മ വിഷമിക്കേണ്ട, ഒക്കെ മാറിക്കോളും. എന്റെ പരിചയത്തിലൊരു നല്ല വൈദ്യനുണ്ട്.. വൈദ്യൻ നടരാജൻ. വലിയ കൈപുണ്യമുള്ള വൈദ്യരാണ്. മാറാരോഗമൊക്കെ സൗഖ്യമാക്കിയ ചരിത്രമുള്ളയാളാണ്. ഞാൻ വൈദ്യരോട് സംസാരിക്കട്ടെ; ദൈവം വിചാരിച്ചാൽ മാറാനെത്ര സമയം വേണം?”
മുങ്ങിപ്പോകുന്ന ഒരാളുടെ മുന്നിൽകിട്ടിയ ഒരു കച്ചിതുരുമ്പ്..ജനലിനു പുറത്തെ പ്ലാവിന്റെ ഇലക്കൂട്ടങ്ങൾക്കിടയിലൂടെ തിളങ്ങുന്ന ആകാശത്തിന്റെ തുണ്ട്.. പൗലോസിന്റെ കൈയ്യിൽ ഏലിയാമ്മ മുറുക്കെ പിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു; സാറാമ്മ ചട്ടയുടെ മേലിട്ടിരുന്ന തോർത്തെടുത്തു അമ്മയുടെ മുഖം തുടച്ചു.
വീട്ടിൽ നിന്നിറങ്ങിയ ജെയിംസും, പൗലോസും കടത്തുകടന്ന് അടുത്തുള്ള ഷാപ്പിലും കയറി വൈകിയാണ് കോട്ടയത്തേക്ക് പോയത്.
ജയിംസിന്റെ കൊച്ചിന്റെ മാമോദീസ കേമമായി നടന്നു. യോഹന്നാനും മത്തായിയും തലേദിവസമേ അവിടെ എത്തിയിരുന്നു.. മകന്റെ ആദ്യ പുത്രന്റെ തല തുടാനുള്ള അവകാശം ഭർത്താവിന്റെ അപ്പനാണെന്നതാണ് നാട്ടുനടപ്പ്.
യോഹന്നാൻ ഞായറാഴ്ച കുർബാനയ്ക്കു ശേഷം കുഞ്ഞിനേയുമായി മാമോദീസ തോട്ടിയുടെ മുന്നിൽ നിന്നു. വൈദികന്റെ പ്രാർത്ഥനകൾ തുടർന്നു. മാമോദീസതൊട്ടിയിൽ വൈദികൻ ഇടതുകൈ അവന്റെ തലയിൽ വെച്ച് ഇടതു കൈകൊണ്ടു വെള്ളമൊഴിച്ചു
ജീവന്റെയും പാപമോചനത്തിന്റെയും പ്രത്യാശയിൽ, നിത്യജീവനുവേണ്ടി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമോദീസ മുങ്ങുന്നു.
വൈദികൻ തന്റെ തള്ള വിരലിൽ മോറോൻ പുരട്ടി മൂന്നു കുരിശടയാളങ്ങളാൽ നെറ്റിയിൽ മുദ്രകുത്തി. തലമുതൽ കാലുവരെ മോറോൻ പൂശി. കുഞ്ഞിനെ പുതുവസ്ത്രത്തിലേക്ക് കിടത്തി,
മൂന്നു പ്രാവശ്യം ത്രോണോസിനു വലം വെച്ചു കുഞ്ഞിനെ തിരിച്ചേല്പിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം യോഹന്നാൻ മത്തായിയുടെയും, ജെയിംസിന്റെയും കൂടെ പുതുപ്പള്ളി പള്ളിയിൽ പോയി മെഴുകുതിരികൾ കത്തിച്ചു. തിരിച്ചുംപോകും മുൻപ് അവർ പൗലോസിന്റെ വീട്ടിൽ നിന്ന് കാപ്പിയും കുടിച്ചാണ് പിരിഞ്ഞത്.
വീടിനു പുറത്തെ വെളിമ്പ്രദേശത്തു കുട്ടികൾ നാടൻപന്തു*കളിക്കുന്ന ആരവം.
ഒറ്റ…..പെട്ട….പിടിയൻ…. ഉയരുന്ന പന്ത് പിടിക്കാനായി ഓടുന്ന എതിർവശത്തെ കളിക്കാർ താളം…കീഴ്….ഇണ്ടൻ ……
വള്ളക്കടവിലേക്ക് യോഹന്നാന്റെ ഇടതും വലതുമായി മത്തായിയും പൗലോസും..യോഹന്നാന്റെ തലക്കുള്ളിൽ പൗലോസ് രഹസ്യത്തിൽ ഒഴിച്ചുകൊടുത്ത തെങ്ങിൻചാരായത്തിന്റെ പിരുപിരുപ്പും ഓളവും ഇപ്പോഴുമുണ്ട്. വള്ളം ഊന്നിയകലുമ്പോൾകരയിൽ നിന്ന് പൗലോസ് കൈവീശി അവരെ യാത്രയയച്ചു. യോഹന്നാൻ എന്തോ ഓർത്തു ചിരിച്ചു; അയാളുടെ ഉള്ളിൽ എന്തിനെന്നറിയാതെ ഒരു ഉത്സാഹവും സന്തോഷവും നുരയിട്ടു.
ആ സൽക്കാരത്തിന്റെ ഓർമ യോഹന്നാന് അടുത്തദിവസം രാവിലെ തലവേദനയായി തലപൊക്കി.
ഏലിയാമ്മക്ക് പകൽ മുഴുവൻ സുഖമില്ലായിരുന്നു. കട്ടിലിൽ നിന്ന് ചാണകം മെഴുകിയ തറയിലേക്ക് മുഖമടിച്ചു വീഴുന്നെന്നു സ്വപ്നം കണ്ടു ഞെട്ടിയുണർന്നു എഴുന്നേറ്റു.
ജനലും മേശയും വലത്തേക്ക് വേഗത്തിൽ കറങ്ങി. മുറി മൊത്തം വട്ടം ചുറ്റി. കൈയുയർത്തി പരതി.. എവിടെയും പിടി കിട്ടുന്നില്ല.. വായിലേക്ക് പുളിവെള്ളം നിറയുന്നു. തുപ്പണം; ഛർദിക്കണം.. ഏലിയാമ്മ തറയിലേക്ക് ഇരുന്നു..
“അമ്മേ .. അമ്മേ ..”
സാറാമ്മ തോളിൽ പിടിച്ചുയർത്തി.. ഏലിയാമ്മ അവശയായി കട്ടിലിൽ കണ്ണടച്ചു കിടന്നു. ഇപ്പോഴും കറക്കം നിലച്ചിട്ടില്ല; കറക്കം കുറച്ചു സാവകാശത്തിലാണെന്നു മാത്രം.
അടുത്ത ആഴ്ച പൗലോസ് വീണ്ടും വന്നു. ഇത്തവണ പൗലോസിന്റെ കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു – വൈദ്യൻ നടരാജൻ. ചെറിയ കുംഭയും, വലിയ കഷണ്ടിയുടെ പിന്നിലെ നരച്ച കുടുമ്മയും കുലുക്കി ധൃതിയിൽ നടക്കുന്ന വൈദ്യരുടെ ഒപ്പം പൗലോസ് യോഹന്നാന്റെ വീട്ടിൽ എത്തി.
പൗലോസ് വൈദ്യരെ പരിചയപ്പെടുത്തി.
“ഇദ്ദേഹം വൈദ്യർ നടരാജൻ.. ഞങ്ങടെ നാട്ടില് വൈദ്യർ വന്നതു ഞങ്ങടെ ഭാഗ്യമാണ്. മാറാ രോഗങ്ങളൊക്കെ മാറിപ്പോകുന്ന കൈപ്പുണ്യം..”
“കുടിക്കാനെന്താ? ” സാറാമ്മ
“സംഭാരം.. എന്താ വൈദ്യരെ.. ”
“മതി.. സംഭാരം മതി..”
സാറാമ്മ അടുക്കളയിലേക്കു പോയി.
ത്രേസ്യ അടുക്കളയിൽ വിറക് തള്ളിവെച്ചു ഊതിക്കത്തിച്ചു. മൺകലത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ ചാടിമറിയുന്ന അരിമണികൾ. അപ്പുറത്തെ അടുപ്പിൽ തിളയ്ക്കുന്ന ചുകചുവപ്പൻ മീൻകറിയുടെ രണ്ടുതുള്ളി കൈവെള്ളയിലേക്കിട്ടു അവൾ ഉപ്പും എരുവും നോക്കി.
കൊച്ചുവറീത് അടുക്കളയുടെ മുട്ടുകുത്തിയിഴഞ്ഞു നടന്നു. അവൻ കരയാൻ തുടങ്ങിയപ്പോൾ ത്രേസ്യ പറഞ്ഞു.
“കാർത്തുവേ, നീ ഈ കൊച്ചിനെ കൊറച്ചുനേരത്തേന് ഒന്ന് എടുക്ക്..”
കാർത്തു, കിഴക്കേലെ സ്ഥിരം പണിക്കാരിയാണ്. അവൾ കൊച്ചുവറീതിനെ ഒക്കത്തെടുത്തു പുറത്തേക്കുപോയി.
“എന്നാടാ മോനെ.. വിശക്കുന്നോ ?”
ത്രേസ്യ കൊടുത്ത അച്ചപ്പവും കടിച്ചു അവൻ കാർത്തുവിന്റെ ഒക്കത്തിരുന്നു ചിരിച്ചു.
“വേണ്ട..” അധികം പറഞ്ഞു പുകഴ്ത്തേണ്ട എന്ന് കരുതി നടരാജൻ വൈദ്യൻ പൗലോസിനെ വിലക്കി. ” ഞാൻ അമ്മയോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെ…”
വൈദ്യൻ ഏലിയാമ്മയെ പരിശോധിച്ചു. രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞു. അടുത്ത ആഴ്ച വരാമെന്നു പറഞ്ഞു അവർ ഇറങ്ങി. പൗലോസിനെ മാറ്റി നിർത്തി യോഹന്നാൻ, വൈദ്യന് എന്താണ് കൊടുക്കേണ്ടതെന്നു തിരക്കി..
“എന്താ അച്ചായാ.. എന്നെ ഒരു വെറുതെക്കാരനായി കാണല്ലേ.. അമ്മയുടെ അസുഖം മാറട്ടെ.. വൈദ്യരുടെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം..”

(തുടരും)
Reference
* കോട്ടയം ജില്ലയിലെ പ്രസിദ്ധമായ പന്തുകളി.

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!