Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 20

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 20
ഏബ്രഹാം ചാക്കോ

നവംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെയായിരുന്നു സവർണ്ണ യാഥ.
ജാതിമതഭേദമില്ലാതെ വഴിനടപ്പവകാശം ആവശ്യപ്പെട്ടു മന്നം നയിച്ച സവർണ ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ, ശുചീന്ദ്രത്തുനിന്നു മറ്റൊരു ജാഥയുമായി പെരുമാൾ വരദരാജലു നായിഡുവും തലസ്ഥാനത്തെത്തി.
നവംബർ 13, 1924
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, ഇരുപത്തയ്യായിരം പേർ ഒപ്പുവെച്ച നിവേദനം റീജന്റ് മഹാറാണിക്ക് സമർപ്പിച്ചു. സവർണരെ പെട്ടെന്ന് പിണക്കാതിരിക്കാൻ, ഈ നിവേദനം ശ്രീമൂലം പ്രജാ സഭയിൽ വോട്ടിനിട്ട് തീരുമാനിക്കട്ടെയെന്നു ഉത്തരവായി. അങ്ങിനെ തീരുമാനത്തിനായി മൂന്നു മാസങ്ങൾ എല്ലാവരും കാത്തിരുന്നു.
ശനിയാഴ്ച ഫെബ്രുവരി ഏഴാം തീയതി സഭ കൂടുവാൻ തീരുമാനിച്ചു.
വോട്ടിനിട്ട് തീരുമാനിക്കുന്ന ദിവസം അടുത്തടുത്തു വരും തോറും എല്ലാവരുടെയും പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. സത്യാഗ്രഹനേതാക്കൾ മീറ്റിങ്ങുകൂടി വിജയസാധ്യത ഉറപ്പാക്കി.
“നമ്മള് ജയിക്കുവോ?” ശ്രീക്കുട്ടൻ ഗോപാലനോട് ചോദിച്ചു.
“ജയിക്കും; ജയിക്കണം..ജയിച്ചേ തീരൂ ..”
“എന്നുവച്ചാൽ? ഗോപാലാ, നമുക്ക് പ്രജാസഭയിൽ ഭൂരിപക്ഷമുണ്ടോ?”
“ജയിക്കുമെന്നാണ് എല്ലാവരും പറയുന്നത്..”
കുട്ടൻ രാമനോട് ചോദിച്ചു. രാമന് ഇതേപ്പറ്റിയൊക്കെ നല്ല ധാരണയുണ്ട്
“ജയിക്കും .. മൊത്തം അംഗങ്ങൾ 50 അതിൽ ഏഴുപേർക്ക് വോട്ടില്ല..ബാക്കി 43 പേർ വോട്ടു ചെയ്യും. നമുക്ക് 22 വോട്ടുകിട്ടാൻ പ്രയാസമില്ല.. നമ്മള് ജയിക്കും..”
എൻ കുമാരനാണ് പ്രമേയം അവതരിപ്പിക്കുന്നത്.
ദിവാൻ രാഘവയ്യ ഈ വോട്ടെടുപ്പിൽ കീഴ്ജാതിക്കാർ ജയിക്കാതിരിക്കാൻ ഒട്ടേറെ പരിശ്രമിച്ചു.
21 വോട്ടു ദിവാന്റെ പക്കൽ ഉറപ്പായും ഉണ്ട്; ഒരു വോട്ടുകൂടി മറിഞ്ഞാൽ മതി, നിവേദനം തള്ളപ്പെടും. ആ ഒരു വോട്ട് ആരെ സ്വാധീനിച്ചാൽ കിട്ടുമെന്നായി അയാളുടെ ചിന്ത.
തിരുവനന്തപുരം പേട്ടയിലെ നെടുങ്ങോട് വീട്ടിൽ പദ്‌മനാഭന്റെയും മാതാ പെരുമാളിന്റെയും മക്കൾ വിദ്യാഭ്യാസത്തിൽ ഈഴവസമുദായത്തിന്റെ അഭിമാനമായിരുന്നു.
മൂത്തമകൻ വേലായുധൻ 1883 ൽ ബിരുദധാരിയായപ്പോൾ ഇഴവസമുദായത്തിലെ ആദ്യത്തെ ബിരുദധാരിയാവുകയായിരുന്നു. തിരുവിതാംകൂറിൽ ഈഴവനു തൊഴിൽ അവസരങ്ങൾ കൊടുക്കാത്തതു കാരണം അയാൾക്ക്‌ തൊഴിൽ തിരക്കി മദ്രാസിൽ പോകേണ്ടിവന്നു. പിൽക്കാലത്തു സമർത്ഥനായ അദ്ദേഹത്തിന് ഇംഗ്ലീഷുകാർ റാവു ബഹാദൂർ പട്ടം നൽകി ആദരിച്ചു. ശ്രീമൂലം പ്രജാസഭയിൽ അംഗവുമായി.
വേലായുധന്റെ ഇളയ സഹോദരൻ പൽപ്പു ഡോക്ടറായി. ആദ്യത്തെ ഈഴവ ഡോക്ടർ. ഈഴവനായ ഒറ്റ കാരണം കൊണ്ട് മൈസൂറിൽ ജോലിക്കു പോകേണ്ടിവന്ന ഡോക്ടർ പൽപ്പു.
വേലായുധനും പൽപ്പുവും ശ്രീ നാരായണഗുരുവിന്റെ അടുത്ത ആളുകളായിരുന്നു.
വോട്ടെടുപ്പിന്റെ തലേദിവസം ദിവാൻ രാഘവയ്യ വേലായുധനെ വിളിപ്പിച്ചു. പ്രലോഭനങ്ങൾ സ്ഥാനമാനങ്ങളായും, സ്വത്തുക്കളായും വച്ചുനീട്ടിയതുകൊണ്ടാവാം, പിറ്റേന്ന് നടന്ന വോട്ടിങ്ങിൽ വേലായുധൻ ക്ഷേത്രവഴികളുടെ പ്രവേശനത്തിനായി 25000 പേർ ഒപ്പിട്ടു നൽകിയ നിവേദനത്തിനെതിരെ വോട്ടുചെയ്തു.
പ്രമേയം 21 വോട്ടു മാത്രം നേടി തോറ്റുപോയി.
മേൽജാതിക്കാർ 22 വോട്ടുകളുമായി വിജയിച്ചു.
സത്യാഗ്രഹ ആശ്രമത്തിൽ ആളുകൾ പൊട്ടിക്കരഞ്ഞു. വെള്ളിക്കാശിനു യേശുവിനെ ഒറ്റിയ യൂദായുടെ കഥ പറഞ്ഞു ജനങ്ങൾ വേലായുധനെ ശപിച്ചു. കീഴ്ജാതികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഡോക്ടർ പൽപ്പു*, തന്റെ ജ്യേഷ്ഠസഹോദരനെ ഓർത്തു ലജ്ജിച്ചു.
ശങ്കുപിള്ളയും, രാമൻ ഇളയതും, ഗോപാലനും വട്ടമിരുന്നു ഇതിനെപ്പറ്റിപറഞ്ഞു സങ്കടപ്പെട്ടു, ദേഷ്യപ്പെട്ടു. നമ്മുടെ ഇടയിലെ സ്വാർത്ഥത മുതലാക്കിയാണ് വെള്ളക്കാർ നമ്മുടെ രാജ്യം പിടിച്ചെടുത്തത്. ചതിയും, കുതികാൽവെട്ടും ഉള്ളടത്തോളം കാലം നാം രക്ഷപ്പെടുകയില്ല..
അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായ് വരേണം..
അരുവിക്കരയിൽ ഇതൊക്കെ കണ്ടും, കെട്ടും, വായിച്ചും വളർന്നവൻ സ്വന്തം ലാഭം മാത്രം നോക്കി എല്ലാവരെയും ചതിച്ചു.
ഗുരു എത്ര ദുഖിച്ചു കാണും!
ഈഴവസമുദായം വേലായുധന് ഒരിക്കലും മാപ്പു കൊടുത്തില്ല. അയാളുടെ ചതിയുടെ കഥ അവർ എന്നും ഓർമിച്ചു. സ്ഥലങ്ങൾ മാറി മാറി ജീവിച്ചെങ്കിലും, ഒരിക്കലും മനസ്സമാധാനം അയാൾക്ക്‌ ലഭിച്ചില്ല. സമുദായത്തിന്റെ ക്രോധം അയാൾക്ക്‌ പിന്നിൽ അയാളുടെ നിഴൽ പോലെ മരണം വരെ പിന്തുടർന്നു.
സത്യാഗ്രഹ സമരം തുടർന്നു. ഇണ്ടന്തുരുത്തിമനക്കാരുടെ ചട്ടമ്പികൾ കൂടുതൽ ആത്മവിശ്വാസത്തോടെ സമരക്കാരെ തല്ലുവാൻ തുടങ്ങി. സത്യാഗ്രഹ ആശ്രമത്തിന്റെ പുറത്തു അപകടങ്ങൾ പതിയിരുന്നു. കളരി പഠിച്ചവരെയാണ് ഇണ്ടന്തുരുത്തി മനക്കാർ ഇറക്കിയിരിക്കുന്നത്.
സത്യാഗ്രഹം തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്നായി. ഒരു തീരുമാനവുമാവാതെ സമയം പോയ്കൊണ്ടിരിക്കുന്നു. നാട്ടിലെ ജയിലുകളിലൊക്കെ സത്യാഗ്രഹികളെകൊണ്ട് നിറഞ്ഞു. ജയിലിലും പോലീസുകാർ അവരെ തല്ലിപ്പേടിപ്പിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരി സത്യാഗ്രഹികളെ കെട്ടുകെട്ടിക്കുമെന്നു ശപഥം ചെയ്തിരിക്കുകയാണ്. എങ്കിലും കുറുവടികൾക്കു എതിരെ, സത്യത്തിന്റെയും നീതിയുടെയും ശിരസ്സുകൾ ഉയർന്നു കൊണ്ടേയിരുന്നു.
ശങ്കുപിള്ള ഒരു ദിവസം രാമനോടും, ഗോപാലനോടും പറഞ്ഞു.
“നമുക്കൊന്ന് നടക്കാൻ പോയാലോ?’
“ശരി; എങ്ങോട്ടാ?”
“ക്ഷേത്രത്തിനു അടുത്തു തന്നെ. ഒരു സ്ഥലവും കാട്ടിത്തരാം ”
സത്യാഗ്രഹ ആശ്രമം ക്ഷേത്രത്തിന്റെ തെക്കേ വഴിയിലാണ്. അവർ അവിടെ നിന്ന് നടന്നു ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മൂലയിലെത്തി.
“അതാ നോക്കൂ.. ” കാട് മൂടി കിടന്നിരുന്ന ഒരു ഭാഗം ശങ്കുപിള്ള ചൂണ്ടി കാണിച്ചു.
കാടും പയർവള്ളികളും, മുൾച്ചെടികളും മൂടിയ ഒരു പ്രദേശം.
“ഇതെന്താണ്? ” രാമൻ ഇളയത് ചോദിച്ചു.
“ഇതാണ് ദളവാക്കുളം.. നിങ്ങൾ കേട്ടിട്ടുണ്ടോ?”
രാമനും, ഗോപാലനും കേട്ടിട്ടുണ്ടായിരുന്നില്ല. ശങ്കുപിള്ള ആ കഥ അവർക്കു പറഞ്ഞു കൊടുത്തു.
ബാലരാമവർമ്മ തമ്പുരാന്റെ കാലത്തെ സംഭവമാണ്. ഏതാണ്ട് നൂറു വർഷങ്ങൾക്ക് സംഭവം. വൈക്കം ശിവക്ഷേത്രത്തിലെ അയിത്തം അന്നും കീഴ്ജാതികളിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചു ഈഴവർക്കിടയിൽ. അവർക്കു പണമുണ്ട്, വിദ്യാഭ്യാസമുണ്ട് എന്നാൽ സമൂഹത്തിൽ അംഗീകാരമില്ല, തൊഴിൽ അവസരമില്ല. അവരെ ക്ഷേത്രത്തിൽ നിന്ന് അയിത്തം കല്പിച്ചു മാറ്റി നിർത്തി.
ഇരുനൂറോളം ഈഴവ യുവാക്കൾ സംഘടിച്ചു ഇതിനെതിരെ പ്രതിക്ഷേധിച്ചു. അവർ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിക്കുമെന്നു വിളംബരം നടത്തി. തീയതി മുൻകൂട്ടി അറിയിച്ചു.
ഇരുനൂറിലധികം വരുന്ന യുവാക്കളോട് ആർക്കു ഏറ്റുമുട്ടാൻ കഴിയും? ക്ഷേത്രനടത്തിപ്പുകാർ മഹാരാജാവിനു സന്ദേശമയച്ചു – രക്ഷിക്കണം. ഈഴവ യുവാക്കളുടെ അതിക്രമത്തിൽ നിന്ന് ശിവക്ഷേത്രത്തെ രക്ഷിക്കണം.
സഹായമെത്തിക്കാമെന്നു മറുപടിയും ലഭിച്ചു.
പക്ഷെ, അന്നേദിവസം, ഒരു ഭടൻ മാത്രം കുതിരപ്പുറത്തു വന്നു. ദളവ അയച്ച ആളാണ്. ഒറ്റയ്ക്ക് വന്ന അയാളോട് ക്ഷേത്ര നടത്തിപ്പുകാർ ചോദിച്ചു.
“മറ്റു സൈനികർ എവിടെ?”
“എന്തിന്? ഞാൻ ഒരാൾ പോരേ?” അയാളുടെ ഉത്തരം കേട്ട് എല്ലാവരും ഭയചകിതരായി.
ശങ്കുപിള്ള തെക്കോട്ടു ചൂണ്ടി കാണിച്ചു.
“ദാ.. അവിടെ, കൊട്ടയത്തുനിന്നു വരുന്ന വഴിയിൽ ഇരുവേലികുന്നിൽ നിന്നാണ് യുവാക്കളുടെ ജാഥ ആരംഭിച്ചത്. ഇരുനൂറിനടുത്തു ഈഴവയുവാക്കൾ ക്ഷേത്രത്തിലേക്ക് കിഴക്കേ വഴിയിലൂടെ നടന്നുവന്നു,”
അവർ ക്ഷേത്രത്തിന്റെ അടുത്തേക്ക് എത്തിയ നിമിഷം, ദളവയുടെ ആൾ ഊരിപ്പിടിച്ച വാളുമായി, തൻറെ കുതിരപ്പുറത്തു യുവാക്കൾക്ക് നേരെ അതിവേഗം പാഞ്ഞു ചെന്നു. അയാളുടെ വാളിന്നിരയായി തലകൾ അരിഞ്ഞു വീണു. കുതിരയുടെ ഇടിയും തൊഴിയുമേറ്റ്‌ യുവാക്കൾ ചിതറിതെറിച്ചു. കബന്ധങ്ങൾ ഓടി വീണ് വഴിയിൽക്കിടന്ന് പിടച്ചു. അങ്ങോട്ടും ഇങ്ങോട്ടും, ജാഥക്ക് നടുവിലൂടെ രണ്ടോ മൂന്നോ തവണ കുതിരപ്പുറത്തു അയാൾ പാഞ്ഞു. കുതിരയുടെ ഓരോ ചാട്ടത്തിലും കഴുത്തറ്റ ശരീരങ്ങൾ ക്ഷേത്രത്തിന്റെ ഈ കിഴക്കേ വഴിയിൽ പിടഞ്ഞു വീണു.
ചിതറിക്കിടന്ന ശവങ്ങൾക്കൊപ്പം, ഓടാനാവാതെ വീണുപോയവരേയും ഊരായ്മക്കാർ പെറുക്കിയെടുത്തു ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ കോണിലെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ദളവയുടെ ആൾ മൂലം കൊലചെയ്യപ്പെട്ടവരുടെ ശവങ്ങൾ ഇവിടെ ഉപേക്ഷിച്ചത് കൊണ്ട് ഈ കുളത്തിനു ദളവാക്കുളം * എന്ന് പേരു വന്നു.
“മുൾക്കാടുകൾക്കടിയിൽ, ഇപ്പോഴും അസ്ഥിപഞ്ജരങ്ങൾ കിടപ്പുണ്ടാവും..” ശങ്കുപിള്ള പറഞ്ഞു “ഏതാണ്ട് നൂറ്റിരുപതു വർഷങ്ങൾക്കുമുൻപ് നമ്മുടെ അതേ ആവശ്യങ്ങൾ പറഞ്ഞു ഈ വഴിയിൽ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ ആത്മാക്കൾ ഇവിടെ അലയുന്നുണ്ടാവും..”
തിരിച്ചു സത്യാഗ്രഹ ആശ്രമത്തിലേക്ക് നടക്കുമ്പോൾ മൂവരും നിശ്ശബ്ദരായിരുന്നു.

(തുടരും)

Reference
* ഡോക്ടർ എസ് പല്പു: (1863-1950) ഈഴവർക്ക്‌ വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ടിരുന്ന കാലത്തു, മദ്രാസിൽ പോയി പഠിച്ചു ഡോക്ടർ ആയ ആദ്യത്തെ ഈഴവൻ. കേരളത്തിൽ ജോലി ലഭിക്കാത്തതിനാൽ മൈസൂരിൽ ജോലിനോക്കി; അവിടുത്തെ ചീഫ് മെഡിക്കൽ ഓഫീസർ ആയി. ബറോഡയിൽ ദിവാൻ ആകാനുള്ള അവസരം ഉപേക്ഷിച്ചു തിരുവിതാംകൂറിലെ ജാതി മത ഉച്ചനീചത്വങ്ങൾക്കെതിരെ പരിശ്രമിച്ചു. ഈഴവ സമുദായത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവ്.
* ദളവാക്കുളം: ഈഴവരുടെ ആദ്യ പ്രതിഷേധത്തിലെ രക്തസാക്ഷികലെ മറവു ചെയ്ത കുളം. ഈ കുളം മൂടിയെടുത്ത സ്ഥലത്താണ് ഇപ്പോൾ വൈക്കം പ്രൈവറ്റ് ബസ്-സ്റ്റാൻഡ് പ്രവർത്തിക്കുന്നത്.

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!