വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 21

1216 Views

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 21
ഏബ്രഹാം ചാക്കോ

“പ്രിയപ്പെട്ട അച്ചായൻ അറിയുന്നതിന്,
ഇവിടെ നിന്നും പോയതിനു ശേഷം ഞാൻ എത്ര കത്തുകളയച്ചു! എന്റെ കത്ത് അവിടെ കിട്ടുന്നുണ്ടോ? ഞാൻ വേറൊരു വഴിയും കാണാതെ വീണ്ടും എഴുതുകയാണ്. നമ്മുടെ മോൻ ഇപ്പോൾ കൈപിടിച്ചു നില്കും; പതിയെ പിച്ചവെക്കും. ഇതൊക്കെ കാണാൻ അച്ചായൻ എന്റെ കൂടെയില്ലാതെപോയല്ലോ..”
കത്തെഴുതാൻ തുടങ്ങിയപ്പോൾ സാറാമ്മയുടെ മനസ്സിൽ വിഷമം തിങ്ങി ശ്വാസം മുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകി. കുന്നംകരിയിൽ വന്നതു മുതൽ അമ്മയുടെ ചികിത്സയുടെ വിവരങ്ങൾ വരെ എഴുതിവന്നപ്പോഴേക്കു ഇൻലന്റിൽ ഇടമില്ലാതായി. എഴുതാൻ ബാക്കിവന്നത് അവൾ ചുരുക്കി ഇൻലണ്ടിന്റെ വശങ്ങളിൽ കുഞ്ഞുകുഞ്ഞായി എഴുതിച്ചേർത്തു.
കത്ത് തപാൽ പെട്ടിയിൽ ഇടണം. പുറത്തേക്കു പോകാൻ ഒരുങ്ങി നിന്ന മത്തായിയുടെ കൈവശം സാറാമ്മ തന്റെ ഇൻലാൻഡ് കൊടുത്തു
“അച്ചാച്ച, ഈ കത്തൊന്നു പെട്ടീലിട്ടേക്കാമോ?”
മത്തായി ഇൻലാൻഡ് വാങ്ങി വിലാസം വായിച്ചു.
പത്രോസ് എ കെ
കോൺഗ്രസ്സ് സമരപ്പന്തൽ
വൈക്കം ക്ഷേത്രം
വൈക്കം.
“ഈ വിലാസം നിനക്കാരാ തന്നത്?..” മത്തായി ചോദിച്ചു.
“അറിയില്ല.. പക്ഷെ ഒരു കത്തെഴുതാൻ വേറെ വഴിയൊന്നുമില്ല..” സാറാമ്മ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു. “പോയിട്ട് ഇത് വരെ ഒരു വിവരവുമില്ല. ഞാനെന്താ ചെയ്യുക?”
യോഹന്നാൻ ഈ സംഭാഷണം കേട്ട് ഉമ്മറത്തുണ്ടായിരുന്നു. അയാൾ ആ ഇൻലാൻഡ് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു സാറാമ്മയെ വിളിച്ചു അടുത്തിരുത്തി.
“എന്റെ കുഞ്ഞേ, നീ വിഷമിക്കരുത്. ഈ കത്ത് പത്രോസിനു കിട്ടുകയില്ല. അയാൾ വൈക്കത്തില്ല.”
സാറാമ്മ അവിശ്വസനീയതോടെ യോഹന്നാനെ നോക്കി.
“നിന്നെ അവന്റെ വീട്ടുകാർ പറഞ്ഞു പറ്റിക്കുകയായിരുന്നു. അവൻ മാസങ്ങളായി ജയിലിലാണ്. രാജ്യദ്രോഹം ചുമത്തിയാണ് ജയിലിലടച്ചതെന്നാണ് കേൾക്കുന്നത്..”
“എന്റെ ദൈവമേ.. ” സാറാമ്മ വാവിട്ടു നിലവിളിച്ചു.
“ഞാനിതു വിശ്വസിക്കത്തില്ല .. അപ്പച്ചൻ വെറുതെ പറയുവാ?..”
യോഹന്നാൻ സാറാമ്മയെ ആശ്വസിപ്പിക്കുവാനറിയാതെ വിഷമിച്ചു.
” എന്റെ കുഞ്ഞേ.. ഞാനും മത്തായിയും കൂടി കഴിഞ്ഞ ദിവസം പോയത് വൈക്കത്തേക്കായിരുന്നു. അവിടെ ചെന്ന് വിവരങ്ങൾ നേരിട്ടറിയാനാണ് പോയത്. അവിടെനിന്ന് അവനെ രണ്ടുമാസങ്ങൾക്കു മുൻപ് പോലീസ് അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അവൻ മാത്രമല്ല, വേറെയും ഒട്ടനവധിപ്പേർ ജയിലിലാണ്….”
“അവന്റെ വീട്ടുകാർക്ക് ഈ വിവരം അറിയാം, അവർ നിന്നിൽ നിന്ന് ഈ വിവരം മറച്ചു വെച്ചതാണ്..” മത്തായി പറഞ്ഞു.
“നീ കരഞ്ഞിട്ട് എന്ത് പ്രയോജനം? അവനു വേണ്ടി കാത്തിരുന്ന് നീ നിന്റെ ജീവിതം പാഴാക്കുകാ ..”
“പാവം നമ്മുടെ പെണ്ണ് വൈക്കത്തോട്ടു കത്തുകളെഴുതിക്കൊണ്ട് ഇവിടെ ഇരിക്കുന്നു. ആരറിയുന്നു അവനേതുരൂപത്തിലാണ് ഇപ്പോഴുള്ളതെന്ന് ?”
“എറണാകുളത്തേക്കാ കൊണ്ടുപോയതെന്നു അവിടെയുള്ള ആളുകൾ പറഞ്ഞു..”
“രാജ്യദ്രോഹമാ കേസ്.. എന്നെങ്കിലും പുറത്തിറങ്ങാനാവുമോ, ആർക്കറിയാം?”
യോഹന്നാനും, മത്തായിയും, ഏലിയാമ്മയും പറഞ്ഞതൊക്കെ സാറാമ്മയുടെ ചെവിക്കുള്ളിൽ ഒരു മുഴക്കം മാത്രം നൽകി. അവൾക്ക് താൻ കേട്ടത് വിശ്വസിക്കാൻ ആയില്ല. കൊച്ചുവറീതിനെ ഒക്കത്തെടുത്തു അവൾ വീട്ടിനകത്തേക്ക് പോയി പത്രോസിനെ ഓർത്തു കരഞ്ഞു.
ഭക്ഷണം ഉപേക്ഷിച്ചു സാറാമ്മ രണ്ടു നേരമിരുന്നു. ഏലിയാമ്മ അവളെ ചീത്ത പറഞ്ഞു അവളുടെ മുറിയിൽ നിന്നിറക്കി.
“നീയെന്നാ ഭാവിച്ചാ സാറാമ്മേ ഇങ്ങനെ തുടങ്ങുന്നത്? അവൻ ചത്തിട്ടൊന്നുമില്ലല്ലോ. ജയിലിൽ പോയവൻ തിരിച്ചുവരും. നിന്നെ വേണെങ്കിൽ അവൻ നിന്നെ തിരക്കി ഇങ്ങോട്ടു വരും.. നീ വന്നു കഞ്ഞി കുടിക്കാൻ നോക്ക്..എന്നിട്ട് നിന്റെ കൊച്ചിന്റെ കാര്യമൊക്കെ നോക്ക് ..”
ത്രേസ്യ വന്നു സാറാമ്മയെ വിളിച്ചുകൊണ്ടു അടുക്കളയിലേക്കു കൊണ്ടുപോയി
“സാറാമ്മേ.. കരച്ചിലൊക്കെ മാറ്റി, നീ ഇങ്ങു വന്നേ..”
കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോൾ ത്രേസ്യ പറഞ്ഞു “ഈ ആണുങ്ങൾക്ക് തിരിച്ചു സ്നേഹിക്കാൻ അറിയത്തില്ല. നമ്മള് മണ്ടിപ്പെണ്ണുങ്ങൾ അവർക്കു ജീവൻ പറിച്ചു കൊടുക്കും; പകരം തിരിച്ചു തരുന്നതോ?”
ഒരു നിമിഷം സാറാമ്മക്കു സംശയം തോന്നി ത്രേസ്യ പരാതി പറയുന്നത് മത്തായിച്ചാച്ചനെപ്പറ്റിയോ അതോ പത്രോസിനെ പറ്റിയോ?
ത്രേസ്യ പറഞ്ഞ ഒരു കാര്യം സാറാമ്മ വീണ്ടും വീണ്ടും ഓർത്തു.
“നമ്മുടെ സ്നേഹത്തിനു അർഹിക്കുന്ന വില തിരിച്ചു കിട്ടുന്നില്ല.. ഇവിടെ നിന്ന് എത്ര കത്തുകൾ എഴുതി? അവയൊക്കെ അവിടെ കിട്ടിയാലും, കിട്ടിയില്ലെങ്കിലും ഒരു കത്ത് അവിടെ നിന്നയയ്ക്കാൻ എന്താണ് വിഷമം? വീട്ടിലുള്ളവരെ ഓർത്തിട്ടുവേണ്ടേ? ഒരു കത്തയച്ചിരുന്നെങ്കിൽ ഇവിടെ നമുക്കൊരു ആശ്വാസമാവുമായിരുന്നില്ലേ?.. സ്നേഹം ആത്മാർത്ഥമായിരിക്കണം..അതിനു കപടത ഉണ്ടാവില്ല..”
പിന്നിലെ മുറ്റത്തു, മൺചട്ടിയിൽ ചകിരിയിട്ടു അമർത്തി തേക്കുന്നതിന്റെ ഇടയിൽ കാർത്തു പറഞ്ഞു.
“നീ കരഞ്ഞോ മോളെ, ഇഷ്ടംപോലെ കരഞ്ഞോ, കരയുമ്പോ നിന്റെ മനസ്സ് തെളിയും, ഒരു മഴ പെയ്തുതീരുമ്പോലെ നെഞ്ചോക്കെ ഒന്ന് തണുക്കും. മനസ്സ് തണുത്തുകഴിയുമ്പോ, നമുക്ക് എന്താ ചെയ്യാനാവുമെന്ന് ചിന്തിക്കാലോ..”
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സാറാമ്മ പഴയ ലോകത്തേക്ക് തിരിച്ചുവന്നു. പത്രോസിനെപ്പറ്റി ചോദിച്ചാൽ അവൾ പറയും
“എന്നെ വേണ്ടവർ എന്നെ തിരക്കി വരും. എന്നെ വേണ്ടാത്തവരുടെ പിറകെ പോകാനും കരയാനും എനിക്ക് മനസ്സില്ല..ചിലർക്ക് ഭാര്യേം കുടുംബോം വേണം; മറ്റു ചിലർക്ക് അതൊന്നും വേണ്ട, രാജ്യം മതി നാട്ടുകാരും, കൊടികളും, പോലീസും, ജയിലും.. പോകുന്നവർ പോകട്ടെ..”
കൊച്ചുവറീതിനെ നോക്കി അവൾ പറയും “അപ്പനില്ലാതെ വളരാനാണ് ഇവന്റെ യോഗം!”
ജയിലിലെ അനുഭവങ്ങളെപ്പറ്റി കേട്ടതൊക്കെ ചിലപ്പോൾ മത്തായി യോഹന്നാനോട് പറയുന്നത് സാറാമ്മ ഉള്ളിലിരുന്നു കേൾക്കും. പത്രോസിന്റെ ദുർവിധിയെ ഓർത്തു അവൾ പരിതപിക്കും. താൻ എത്ര വിലക്കിയതാണ്; എന്നിട്ടും പോയി. സ്നേഹിച്ചു നോക്കി, ഉപദേശിച്ചു നോക്കി, വഴക്കിട്ടു നോക്കി, എന്നിട്ടും കേൾക്കാതെ വീട് വിട്ടു പോയി..
“ജയിലിലായിപ്പോയാൽ പിന്നെയെല്ലാം ജയിലറുടെ കീഴിലാണ്. പാറ പൊട്ടിക്കാനും, മരം വെട്ടാനും കുഴി കുഴിക്കാനും, ചുമട് ചുമക്കാനുമൊക്കെ പണിയുണ്ട്. ആവാമെങ്കിലും കൊള്ളാം, ആവില്ലെങ്കിലും കൊള്ളാം പറയുന്ന പണി ചെയ്തോണം. മറുത്തൊരക്ഷരം മിണ്ടാൻ പറ്റൂല്ല…”
“ഇടി കൊണ്ട് നെഞ്ച് കലക്കിയെ പുറത്തുവിടൂ. പുറത്തിറങ്ങുന്നവനൊക്കെ മൂന്നോ നാലോ വർഷമേ ആയുസ്സുണ്ടാവൂ. എല്ലാവനും ക്ഷയം പിടിച്ച ചാകുന്നത്..”
സാറാമ്മ ചെവിപൊത്തിപിടിക്കും. ഇതൊന്നും കേൾക്കാനുള്ള ശക്തിയില്ലേ..
യോഹന്നാനും സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും നടന്നു. സാറാമ്മയെ കെട്ടിച്ചു വിട്ട വീട്ടിൽ സുഖമാണ് എന്നാണ് ആദ്യമൊക്കെ കേട്ടത്. മക്കൾ സുഖമായിരിക്കുന്നു എന്നറിയുന്നതിൽ പരം സുഖം മറ്റെന്താണ്.. പക്ഷെ എല്ലാം ഇപ്പോൾ തകിടം മറിഞ്ഞു. മനസ്സിനൊരു സ്വസ്ഥതയുമില്ല. പെണ്ണ് വീട്ടിൽ വന്നു നിൽക്കുന്നു. പത്രോസിന്റെ വീട്ടുകാരോ സത്യസ്ഥിതി മറച്ചു പിടിച്ചു.
“അവനെ മറന്നേരേ കൊച്ചേ ..” വിഷാദ ഭാവവുമായി നടക്കുന്ന സാറാമ്മയോടു യോഹന്നാൻ പറഞ്ഞു.
“ജീവിതം ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ല. ദൈവം ഓരോ പരിഹാരങ്ങൾ കാണിച്ചുതരും..”
യോഹന്നാൻ തോർത്തെടുത്തു തോളിലിട്ട് പറമ്പിലേക്ക് പോകുമ്പോൾ, സ്വയം പറഞ്ഞു
“എന്റെ കൊച്ചിന്റെ ഒരു ദുര്യോഗം!”
കഴിഞ്ഞു പോയ മാസങ്ങൾ സാറാമ്മ പിടിച്ചുനിന്നത് ഒരു പ്രതീക്ഷയിലായിരുന്നു. എപ്പോഴെങ്കിലും ഈ മുറ്റത്തേക്ക് പത്രോസ് നടന്നുവരുന്നത് സ്വപ്നം കണ്ടതൊക്കെ വെറുതെ ആയി. വീട്ടുപണികളിൽ ത്രേസ്യയെ സഹായിക്കാനുള്ള അവളുടെ ഉത്സാഹം ഇല്ലാതായി. സമയം കിട്ടുമ്പോൾ വീടിന്റെ പിന്നാമ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ അവൾ ഓരോന്ന് ആലോചിച്ചു നില്കും.
ചിലപ്പോൾ അവൾ സ്വയം സംസാരിച്ചു.
അച്ചച്ചോ, ഞാൻ പറഞ്ഞതല്ലേ പോകേണ്ടന്ന് ! എത്ര വിലക്കിയതാണ്.. അപ്പച്ചനും അമ്മച്ചിയും പറഞ്ഞത് കേൾക്കാതെ പുറപ്പെട്ടു പോയി. എന്നിട്ടു ഇപ്പോൾ ഈ ഗതി വന്നുവല്ലോ.. സ്വന്തം കുഞ്ഞിനെ കാണാനുള്ള യോഗം പോലും ഇല്ലാതെ പോയല്ലോ!
“മോള് വിഷമിക്കാതെ..” ഏലിയാമ്മ ആശ്വസിപ്പിച്ചു “ദൈവത്തിന്റെ അറിവ് കൂടാതെ ഈ ലോകത്തു എന്തെങ്കിലും നടക്കുമോ? അവന്റെ പദ്ധതിയുണ്ടോ നമുക്ക് തിരിയുന്നു. നീ പ്രാർത്ഥിക്കൂ..”
അവർ വിഷമിച്ചു വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ പിറുപിറുത്തു.
“തലേവര..എന്റെ മാതാവേ..”
സാറാമ്മ ഉറക്കെ പറഞ്ഞു “ഇതൊക്കെ ചോദിച്ചു മേടിച്ചതാ അമ്മച്ചീ .. ഒരുത്തരുടേയും വാക്ക് കേക്കത്തില്ല. ഒരു കള്ളനെപ്പോലെയാ അതിരാവിലെ വീടുവിട്ടു പോയത്. ഞാൻ മണ്ടി .. കത്തും എഴുതി കഴിയുന്നു. ഒരു വർഷമായി.. അച്ചായന് വേണെങ്കിൽ ഒരു കത്തെഴുതാരുന്നു. നമ്മള് ജീവിച്ചോ മരിച്ചോ എന്ന് അറിയണോങ്കിൽ മതിയല്ലോ അതെല്ലാം? തിരിച്ചുകൊടുക്കാത്ത സ്നേഹത്തിനു ഒരു റീത്തിന്റെ പോലും വിലയില്ല..”
ഏലിയാമ്മക്ക് പുതിയ ചികിത്സയിൽ കുറെ ആശ്വാസമുണ്ട്. പൗലോസ്, വൈദ്യൻ നടരാജനെ കൂട്ടി വീണ്ടും രണ്ടു തവണ വന്നിരുന്നു. ചികിത്സ ഫലിക്കുതായി കാണുന്നതു കൊണ്ട്, വൈദ്യർ ആത്മവിശ്വാസത്തിൽ പഴം കഥകൾ യോഹന്നാനോട് വിവരിക്കും.
“എല്ലാരും കൈവിട്ടു കഴിഞ്ഞ അസുഖങ്ങളുമായാണ് പലപ്പോഴും തിരക്കി തിരക്കി ആളുകൾ എന്റെ അടുത്ത് വരുക. മരുന്നിനെപ്പറ്റി എല്ലാവര്ക്കും അറിയാം; പക്ഷെ ഓരോ രോഗാവസ്ഥക്ക് അനുയോജ്യമായി മരുന്നുകളിൽ വേണ്ട ഏറ്റക്കുറച്ചിൽ അറിയാൻ കഴിയണം.. പിന്നെ ഇതൊക്കെ കൈപ്പുണ്യമാ, ഈശ്വരന്റെ ഒരു ഇടപെടൽ..”
വൈദ്യൻ പോകും മുൻപ് യോഹന്നാൻ കുറച്ചു രൂപ നിർബന്ധിച്ചു പിടിച്ചേൽപ്പിക്കുമ്പോൾ പൗലോസ് തടസ്സം പറഞ്ഞു
“അച്ചായാ, ഇതൊന്നും വേണ്ട, വൈദ്യര് നമ്മുടെ സ്വന്തം ആളാ.. ഇതിന്റെയൊന്നും ആവശ്യമില്ല.. അമ്മ സുഖമാവട്ടെ..”
“എന്നാലും, അങ്ങനെയല്ലല്ലോ പൗലോസ്, ഞങ്ങടെ ഒരു സന്തോഷത്തിന്‌…”
“ഈ അച്ചായന്റെ ഒരു കാര്യം, ജീവിതത്തിൽ എല്ലാം പൈസകൊണ്ടാവില്ല..”
“അറിയാം, തടസ്സം പറയരുത്..”
പയറുവള്ളികൾ കാറ്റത്താടുമ്പോൾ, നിഴൽ വെയിലിനുള്ളിൽ കയറി ഒളിക്കും. എല്ലാം കാണാതിരിക്കുന്നതാണ് നല്ലത്. എല്ലാം കേൾക്കാതിരിക്കുന്നതാണ് നല്ലത്.
ചിരിച്ചു ഭക്ഷണം കഴിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങിയ വീട്ടിനു ചുറ്റും, രാവിലെ ‘കലപില’ പക്ഷികൾ ഒച്ചയിട്ടു. പറമ്പിലെ പ്ലാവിലും, മാവിലും വട്ടംചുറ്റി പറക്കുന്ന ‘കലപില’ പക്ഷികളെ കേട്ട് ഏലിയാമ്മ പറഞ്ഞു.
“പിള്ളേരേ, അതിനെ ഓടിച്ചു വിട്.. അത് ചിലച്ചാൽ വീട്ടിൽ വഴക്കുണ്ടാവും..”
മത്തായി മണൽ വാരി പ്ലാവിലെക്കെറിഞ്ഞു.
‘കലപല’ പക്ഷികൾ എങ്ങും പോയില്ല; അവ ആ വീടിന്റെ ചുറ്റുമുള്ള വൃക്ഷശിഖരങ്ങളിൽ മാറിമാറിപ്പറന്നു കളിച്ചു.
കിടപ്പുമുറിയിൽ നിന്ന് രാവിലെ പുറത്തിറങ്ങിയ ത്രേസ്യയുടെ മുഖത്തു സാധാരണയുള്ള പ്രസന്നത ഉണ്ടായിരുന്നില്ല. അടുപ്പിൽ കാപ്പി തിളക്കുന്നു. വിറകു മുന്നോട്ടു തള്ളിവെച്ചു സാറാമ്മ ചോദിച്ചു.
“ഇന്ന് കാപ്പിക്കെന്നതാ?”
ത്രേസ്യ മറുപടി നൽകാതെ പിന്നാമ്പുറത്തേക്ക് പോയി. ‘കലപല’ പക്ഷികൾ ചിലക്കുന്നു. അൽപനേരം കഴിഞ്ഞു ത്രേസ്യ അടുക്കളയിലേക്ക് വന്നപ്പോൾ സാറാമ്മ വീണ്ടും ചോദിച്ചു.
“ഇന്ന് കാപ്പിക്കെന്നതാ ഉണ്ടാക്കുന്നേ ?”
“എനിക്കറിയാമ്മേല.. നിങ്ങളൊക്കെ എന്താന്ന് വെച്ചാൽ ഉണ്ടാക്കിക്കോ…”
“അതെന്താ ചേച്ചീ.. നീ അങ്ങിനെ പറയുന്നത്?..സുഖമില്ലേ? ”
“എന്നെ അസുഖക്കാരിയാക്കണ്ട.. എനിക്കിങ്ങനെയേ പറയാൻ അറിയത്തുള്ളൂ..”
‘കലപില’ പക്ഷികൾ മാവിൽനിന്ന് പ്ലാവിലേക്കും, പ്ലാവിൽനിന്നും മാവിലേക്കും ചിലച്ചു കൊണ്ടു പറന്നു. പക്ഷികൾ ഇന്ന് നല്ല സന്തോഷത്തിലാണ്.
ഒരു കയ്പ്പുള്ള വാക്ക്, ഒരു തുള്ളി വിഷം പോലെയാണ്. ആ ഒരു തുള്ളി ഒരു കുടം ശുദ്ധജലത്തെ അശുദ്ധമാക്കുന്നതുപോലെ, ഒരു കുടുംബത്തിലെ സമാധാനം കെടുത്തുവാൻ ഒരു വാക്കു മതി. നന്മയെല്ലാം അത് പതിയെ ഇല്ലാതാക്കും. കുടുംബത്തിലെ സമാധാനത്തിലേക്ക് അത് എട്ടുകാലിവല കെട്ടും. ആ വലകളിലൂടെ മനസ്സ് പിടിച്ചുകയറും. ഇല്ലാത്ത കഥകൾ മിനച്ചെടുക്കാൻ പാകത്തിന് സാത്താൻ നമ്മുടെ മനസ്സിലേക്ക് വിളിക്കാത്ത അതിഥിയെപ്പോലെ വെളുക്കെ ചിരിച്ചുകൊണ്ടെത്തും. എല്ലാ വീടുകളുടെയും മേൽക്കൂരയിലും, വാതില്പടിയിലും സാത്താൻ ഒരു അവസരത്തിനുവേണ്ടി കാത്തുനിൽപ്പുണ്ട്, ചിരിച്ചുകൊണ്ട് അകത്തേക്ക് വരുവാൻ.
സ്വന്തം വീട്ടിൽ അന്യയാണെന്നു ജീവിതത്തിലാദ്യമായി സാറാമ്മയ്ക്ക് തോന്നി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply