Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 23

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 23
ഏബ്രഹാം ചാക്കോ

ലോകം മുഴുവൻ ഉണർന്നിട്ടും, ഉണരാതെ അഗാധമായ ഉറക്കത്തിലായിരുന്നു കുഞ്ഞച്ചൻ. രാവിലെ തലയ്ക്കൽ വെച്ച കട്ടൻ കാപ്പി ഇരുന്നു തണുത്തു പോയി. ഉണർന്നപ്പോൾ കട്ടിലിൽ കിടന്ന് ആലോചിച്ചു. എപ്പോഴാണ് വീട്ടിലെത്തിയത്? തലയിൽ ഒരു താളം ഇപ്പോഴും അടിക്കുന്നുണ്ട്.
“താന്താനനാ താനന
താന്താനനാ താനന
തന്താന താന താന തന്തനാ..”
ഓർത്തോർത്തു കിടക്കുമ്പോൾ അന്നാമ്മ കട്ടിലിന്റെ ഓരത്തു വന്നിരുന്നു. കുഞ്ഞച്ചന്റെ മുടിയിഴകളിൽ അവർ കൈവിരലുകലിട്ടു തിരുമ്മി. അയാൾ കണ്ണ് തുറന്നു.
“എന്താ, ഉറക്കം കഴിഞ്ഞോ?.. എഴുന്നേക്കാറായെങ്കിൽ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്.. പോയി കുളിക്ക് ..”
കുളിയും കഴിഞ്ഞു കഞ്ഞിയും കുടിച്ചപ്പോഴേക്കും കുഞ്ഞച്ചന്റെ പൂർണ്ണമായും തലയും മുഖവും തെളിഞ്ഞു.
അന്നാമ്മ അടുത്തുവന്നിരുന്നു
“ഇന്നലെ എന്തായിരുന്നു?”
ഇന്നലെ, ഒരു പാട് ദൂരത്തായിരുന്നുവെന്നു പത്രോസിനെ തോന്നി.
“സാറാമ്മയെയും കൊച്ചിനെയും കണ്ടോ? അവർക്കെന്താ വിശേഷം?”
“ഉം..”
“എന്നിട്ട്?” എന്തോ പ്രശ്നമുണ്ടെന്നു അന്നാമ്മയുടെ മനസ്സ് പറഞ്ഞു. ഇന്നലെ രാത്രി പരമുവിന്റെ തോളിൽ താങ്ങി വീട്ടിൽ കയറി വന്നപ്പോഴേ തോന്നിയതാണ്.
“എന്താണെങ്കിലും പറയ്‌..” അന്നാമ്മക്ക് ശുണ്ഠി പിടിക്കാൻ തുടങ്ങി.
ഇനി പറയാതിരുന്നിട്ട് എന്ത് കാര്യം? കഴിഞ്ഞ പ്രാവശ്യം വൈക്കത്തു പോയിവന്നത് മുതൽ ആരെയും അറിയിക്കാതെ മനസ്സിൽ ഒരു വേദനയായി സൂക്ഷിച്ച ആ രഹസ്യം കുഞ്ഞച്ചൻ പറഞ്ഞു.
“അന്നാമ്മേ, നമ്മുടെ പാത്തൂസ് ജയിലിലാണ്.. പോലീസ് വൈക്കത്തൂന്നു കൊണ്ടുപോയിട്ട് രണ്ടു മൂന്നു മാസങ്ങളായി. സമരക്കാരെ കുറേപ്പേരെ അവര് ജയിലിലാക്കിയിട്ടുണ്ട്..”
അന്നമ്മയുടെ ചങ്കു പിടഞ്ഞു. അവർ മിണ്ടാനാവാതെ കുഞ്ഞച്ചന്റെ മുഖത്തേക്ക് പകച്ചു നോക്കി.
“അപ്പോൾ എന്നോട് കള്ളം പറയാനും നിങ്ങൾക്കറിയാം.. അല്ലേ?”
കുഞ്ഞച്ചൻ അന്നാമ്മയുടെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു.
“അങ്ങിനെയല്ലെടീ..ഇതൊക്കെ അറിഞ്ഞിട്ട് നീ ഇരുന്നു വിഷമിക്കും. അല്ലാതെന്താ പ്രയോജനം? ഇതൊക്കെ കേട്ട് നീ തീ തിന്നുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ്.”
“അച്ചായാ, വിഷമിക്കേണ്ട കാര്യങ്ങൾ ജീവിതത്തിൽ എല്ലാവർക്കും വരും; അത് മറച്ചുവെച്ചിട്ടെന്താ പ്രയോജനം? വിഷമിക്കേണ്ട കാര്യങ്ങൾ വരുമ്പോൾ ഒരുമിച്ചു വിഷമിക്കാം, കരയണങ്കിൽ കരയണം. വഴക്കുണ്ടാക്കണ്ട കാര്യമാണെങ്കിൽ വഴക്കുണ്ടാക്കണം. ഇതൊക്കെ ഒളിപ്പിച്ചു വെച്ചാൽ പിന്നെ കുടുംബം എന്തിനാ? പാത്തൂസ് ജയിലിൽ പോയാൽ ഞാൻ അറിയേണ്ടേ? അച്ചായൻ ചെയ്തത് ഒട്ടും ശരിയായില്ല..”
അന്നമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മുണ്ടിന്റെ കോന്തലയെടുത്തു അവർ കണ്ണുകൾ തുടച്ചു.
“ഈ വിവരം കുന്നംകരീല് അറിഞ്ഞു. യോഹന്നച്ചൻ ചൂടിലാ .. പെണ്ണിനെ വിടില്ലെന്നാ അയാള് പറയുന്നേ?..ഏതായാലും പറഞ്ഞു പിശകിയാ അവിടുന്ന് ഇറങ്ങിയത്..”
പുറത്തു കാറ്റു ഊതിയടിക്കുന്നു. ലീലാമ്മ സ്കൂളിലാണ്. മുറ്റത്തെ അയയിൽ നിന്ന് ഉണക്കാനിട്ട തുണികൾ വീശിപറക്കുന്നു. അമ്മിണി മുറ്റത്തേക്കോടി.
“ഇതെന്തൊരു കാലാവസ്‌ഥ! ” അന്നാമ്മ പുറത്തേക്കു നോക്കി ആവലാതിപ്പെട്ടു. കുഞ്ഞച്ചൻ എഴുന്നേറ്റു മൂരി നിവർന്നു.
“ഞങ്ങളു പെണ്ണുങ്ങളെപ്പറ്റി നിങ്ങൾക്കൊക്കെ ഒരു തെറ്റിദ്ധാരണയുണ്ട്.. ” അന്നാമ്മ വിടാൻ ഭാവമില്ല. “ഞങ്ങൾ കഥയില്ലാത്തവരാണ്, പെട്ടെന്ന് കരയും, പൊട്ടത്തരം പറയും..കഴകത്തില്ലാത്തവരാണ് എന്നൊക്കെ.. എന്നാൽ ഞാനൊരു കാര്യം പറയട്ടേ, ആണുങ്ങൾക്കാണ് പലപ്പോഴും മനസ്സാന്നിധ്യം ഇല്ലാതെ പോവുന്നത്!”
“അതെന്താടീ നീ അങ്ങിനെ പറയുന്നത്?”
“ചെറുക്കൻ ജയിലിലായെന്നു കേട്ടു .. അച്ചായൻ എന്താ ചെയ്തത്? കള്ള് കുടിച്ചു ബോധം കേട്ട് വീട്ടിൽ കയറി വന്നു. ചെറുക്കന്റെ ബന്ധുവീട്ടിൽ നിന്ന് വർത്തമാനമുണ്ടായി.. പിന്നേം കള്ളുകുടിക്കാൻ ചാടിപ്പുറപ്പെട്ടു.. നേരല്ലേ? ഞങ്ങള് പെണ്ണുങ്ങള് ഇങ്ങനെ ചെയ്യുമോ?”
കാറ്റ് പിന്നെയും ശക്തി പ്രാപിച്ചു അടിച്ചുകൊണ്ടിരുന്നു. തെങ്ങിന്റെ ഉണങ്ങിയ ഓലകൾ താഴേക്ക് വീണു. പിന്നാലെ മാവിന്റെ കൊമ്പു അടർന്നു വീണു.
“ആ പശൂനെ അഴിച്ചുകൊണ്ടുവരട്ടെ.. ഈ കാറ്റില് ഏതാണ്ടൊക്കെ വീഴാൻ പോവ്വാ..” കുഞ്ഞച്ചൻ പറമ്പിലേക്കോടി.
കാറ്റിനു കൂട്ടായി മഴത്തുള്ളികളും വീണു തുടങ്ങി. മരക്കൊമ്പുകൾ വീണ്ടും ഒടിഞ്ഞു വീശുന്നുണ്ട്. കുന്നിനപ്പുറത്തെ ഓലമേഞ്ഞ പള്ളിക്കൂടത്തിൽ അധ്യാപകർ പഠിപ്പിക്കൽ നിർത്തി കുട്ടികളോട് അവരവരുടെ പുസ്‌തകങ്ങൾ ഒതുക്കി വെക്കാൻ പറഞ്ഞു.
കണക്കു ക്‌ളാസ് പെട്ടെന്നവസാനിച്ചതിൽ സന്തോഷിച്ചു ലീലാമ്മ ഉള്ളിൽ ചിരിച്ചു.
പക്ഷിത്തൂവലുകൾ പോലെ പള്ളിക്കൂടത്തിന്റെ മേൽക്കൂരയിലെ ഓലമടലുകൾ പൊങ്ങിത്താണു. പള്ളിക്കൂടത്തിൽ കൂട്ടമണി ഉയർന്നു. ക്‌ളാസ് നേരത്തെ വിടുകയാണ്. ഓലക്കെട്ടു പള്ളിക്കൂടം കാറ്റിൽ ഒരു ഭൂതഗ്രസ്തനെ പോലെ നിന്നാടി. കുട്ടികൾ അതിനുള്ളിൽ ഒട്ടും സുരക്ഷിതരല്ല. ഹെഡ് മാസ്റ്റർ രാഘവൻസാർ കുട്ടികളെ വീട്ടിൽ വിടാൻ തീരുമാനമെടുത്തു. കുട്ടികൾ കൂട്ടം കൂട്ടമായി വഴിയിലേക്കോടി. വഴിയിൽ വീണ മഴത്തുള്ളികളിൽ ഊറിയുരുണ്ടു ചിതറിയ പൊടിച്ചുരുളുകളെ കുട്ടികൾ ചവിട്ടിമെതിച്ചു.
കാറ്റ് പള്ളിക്കൂടത്തെ അടിമുടി ഉലച്ചുകൊണ്ടിരുന്നപ്പോൾ എവിടെനിന്നോ മാത്തു പ്രത്യക്ഷപ്പെട്ടു. അവൻ മൈതാനത്തേക്ക് ഓടി. കാറ്റിലും ചാറ്റൽ മഴയിലും പശുക്കിടാവ് മാത്തുവിനെക്കാണാതെ കഴുത്തുചുറ്റും വെട്ടിത്തിരിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു. മഴ കനത്തു തുടങ്ങി. മാത്തു പശുക്കിടാവിനെ വലിച്ചു പള്ളിക്കൂടത്തിന്റെ ഓലക്കെട്ടിനുള്ളിലേക്കു കയറി.
ഒരു മൂളലോടെ വന്ന അടുത്തകാറ്റിൽ ആ ഓലക്കെട്ടിടം നിലംപൊത്തി.
മഴ ആർത്തലച്ചു രാത്രി മുഴുവൻ പെയ്തു.
ചാക്കോയുടെ വീട്ടിലെ മണ്ണെണ്ണ വിളക്ക് തിരി താഴ്ത്തി, കിടക്കാൻ നേരം മറിയ ചാക്കോയോട് ചോദിച്ചു “മാത്തൂനെ ഇതുവരെ കണ്ടില്ലല്ലോ?”
അടുത്ത പ്രഭാതം, കിഴക്കൻ മലനിരകൾക്കു മുകളിലൂടെ ഗ്രാമത്തിലേക്ക് ഇറങ്ങി. മഴയുടെയും കാറ്റിന്റെയും ശിവതാണ്ഡവം ഗ്രാമം മുഴുവൻ അടയാളങ്ങൾ ബാക്കി വെച്ചിരുന്നു. ഇടിഞ്ഞു വീണ ആറ്റുവക്ക്, ശരീരമൊടിഞ്ഞ വാഴകൾ, കുടിലുകളിൽ വീണുകിടക്കുന്ന മരക്കൊമ്പുകൾ.. പക്ഷെ പള്ളിക്കൂടത്തിന്റെ പതനമായിരുന്നു ഏറ്റവും വലിയത്. രാവിലെ ഹെഡ് മാസ്റ്റർ രാഘവൻ സാർ നാട്ടുകാരെ വിളിച്ചുകൂട്ടി. കുട്ടികളെ വീട്ടിൽ പറഞ്ഞയച്ചതുകൊണ്ടു ഒരു വലിയ അപകടം ഒഴിവായതിലുള്ള സന്തോഷത്തിലായിരുന്നു എല്ലാവരും. പൊത്തിക്കിടന്ന പള്ളിക്കൂടം ഒരു മൂലയിൽ നിന്ന് അവർ പൊളിച്ചുമാറ്റാൻ തുടങ്ങി. കൈക്കോലുകൾ പൊക്കി, ഓലമടലുകൾ അഴിച്ചുമാറ്റി, ബഞ്ചും മേശയും പുറത്തേക്കെടുത്തു പണികൾ തുടരുമ്പോൾ അകത്തുനിന്നു ഒരൊച്ചകേട്ടു.
“അകത്താരോ ഉണ്ട്.. അകത്താരോ ഉണ്ട്..” ആളുകൾ ഒച്ചയിട്ടു.
ബഞ്ചിന്റേയും മേശയുടെയും ഇടയിൽ നിന്ന് ഒരു വെളുക്കൻ ചിരിയുമായി മാത്തു പുറത്തേക്കു വന്നു. പിന്നാലെ അവന്റെ പശുക്കിടാവും.
“അയ്യോ.. നേരം വെളുത്താരുന്നോ?” മാത്തുവിന്റെ നിഷ്‌കളങ്കമായ ചോദ്യം.
വിശ്വനാഥൻ മാത്തുവിന്റെ കൈ പിടിച്ചു പുറത്തേക്കിറക്കി. അവന്റെ പിന്നാലെ പശുക്കിടാവും പുറത്തിറങ്ങി. ആളുകളുടെ ചോദ്യങ്ങൾ ഒഴിവാക്കി മാത്തുവും പശുക്കിടാവും മൈതാനത്തിലെ പുല്തകിടിയിലേക്ക് ഓടിപ്പോയി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!