Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 24

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 24
ഏബ്രഹാം ചാക്കോ

വിശ്വനാഥൻ ജയിലിലായിരുന്നുവെന്നു ഗ്രാമത്തിൽ അധികമാരും അറിഞ്ഞില്ല. വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം പുറത്തേക്ക് ഇറങ്ങാൻ പാടില്ല എന്ന കർശന താക്കീത് അനുസരിച്ചു അയാൾ കുറെ ആഴ്ചകളായി പുറത്തേക്കിറങ്ങിയില്ല. അമ്മ മകന്റെ തലയിൽ കാച്ചിക്കുറുക്കിയ എണ്ണ പൊത്തി; ദേഹത്താക കുഴമ്പുതേച്ചു കുറേനേരം ഇരിക്കാൻ പറയും.
“വിശ്വാ, നീ എവിടേക്കും പോകണ്ട. കഞ്ഞി കുടിച്ചു ഇവിടെ ഇരുന്നോണം. ആറു മാസം കൊണ്ട് എന്തായി നിന്റെ കോലം? ദേഹവും തലയുമൊക്കെ ഒന്ന് തണുക്കട്ടെ..”
അമ്മക്ക് മകനെ വീണ്ടും ഒരു കുട്ടിയായി കിട്ടിയ ഉത്സാഹമായിരുന്നു. വിശ്വനാഥൻ ചൂടുവെള്ളത്തിൽ നീണ്ട കുളി കുളിച്ചു, ചൂട് കഞ്ഞി കുടിച്ചു മണിക്കൂറുകളോളം കിടന്നുറങ്ങി. ചിലപ്പോൾ വെളുപ്പിനെ ആറുമണിക്ക് ഒരു ഞെട്ടലോടെ ഉണരും. ജയിൽ മുറിയുടെ വാതിൽ, വാർഡിന്റെ വരവ്, തലയെണ്ണാൻ വരിവരിയായി കുത്തിയിരിക്കുന്ന തടവുകാർ..താൻ വീടിന്റെ ഉള്ളിൽ സ്വതന്ത്രനാണെന്ന് ഓർമിച്ചു അയാൾ ദീർഘശ്വാസം എടുക്കും.
പള്ളിക്കൂടം കാറ്റത്തു നിലംപൊത്തിയ ദിവസം രാഘവൻസാർ വന്നു വിളിച്ചു.
“നാളെ രാവിലെ ആളെ കൂട്ടണം; എത്രയും പെട്ടെന്ന് പള്ളിക്കൂടം വീണ്ടും പ്രവർത്തനക്ഷമമാക്കണം..വിശ്വനാഥൻ മുന്നിലുണ്ടാവണം..”
മൂന്നു ദിവസത്തെ കൂട്ടായ പ്രവർത്തനത്തിൽ പള്ളിക്കൂടം വീണ്ടും ഉയർന്നു. സന്നദ്ധസേവകർക്കു ചായയും പരിപ്പുവടയും എത്തുമ്പോൾ, മാത്തു ഒരു വലിയ ചിരിയുമായി പ്രത്യക്ഷപ്പെടും.
“കഴിച്ചോടാ മാത്തു, നിനക്ക് ആയുസ്സിന്റെ ബലമുണ്ട്.. അല്ലെങ്കിൽ നീ ഇതിന്റെ അടിയിൽ കിടന്നു ചത്തേനെ..”
“ഞാൻ ചാവത്തില്ല.. ഞാൻ ചത്താൽ എന്റെ കിടാവിനെ ആരാ നോക്കുന്നേ ?”
അഗസ്തിയും, ദേവനും, ചെറിയാനും വിശ്വനാഥന്റെ ഒപ്പം നിന്ന് പണിയെടുത്തു. മൂന്നാം ദിവസം പണി കഴിഞ്ഞപ്പോൾ അവർ പാറക്കൂട്ടത്തിലെ അവരുടെ താവളത്തിലേക്ക് പോയി. വിശ്വനാഥൻ തിരിച്ചെത്തിയിട്ടും ഒന്നിരുന്നു സംസാരിക്കാൻ സാധിച്ചിരുന്നില്ല. വൈക്കത്തെ വിശേഷങ്ങൾ, ജയിലിലെ അനുഭവങ്ങൾ.. അങ്ങിനെ ഒരുപാടു കാര്യങ്ങൾ അവർക്ക് സംസാരിക്കാനുണ്ടായിരുന്നു.
എത്രയെത്ര നേതാക്കന്മാരാണ് വൈക്കം സത്യാഗ്രഹത്തിന് വന്നത്? പത്രത്തിൽ മാത്രം കണ്ടിട്ടും കേട്ടിട്ടുമുള്ളവരുമായി നേരിട്ട് ഇടപെടാനാണ് അവസരം ലഭിച്ചു.
കെ പി കേശവമേനോൻ
ടി കെ മാധവൻ
തമിഴകത്തിന്റെ പെരിയാർ
കുമാരനാശാൻ
ശ്രീ നാരായണ ഗുരു
കെ കേളപ്പൻ
ബാരിസ്റ്റർ ജോർജ് ജോസഫ്
അങ്ങിനെ പറഞ്ഞാൽ തീരാത്ത പേരുകൾ..
മഹാത്മാഗാന്ധി വരുന്നുണ്ടെന്നാണ് കേൾക്കുന്നത്..അദ്ദേഹം നമ്മുടെ നാട്ടിൽ വരുമ്പോൾ നമുക്ക് കാണാൻ പറ്റിയില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും..
ഇണ്ടന്തുരുത്തിൽ മനയെപ്പറ്റിയും, നീലകണ്ഠൻ ദേവൻ നമ്പൂതിരിയെപ്പറ്റിയും വിശ്വനാഥൻ പറഞ്ഞു. ക്ഷേത്രത്തിന്റെ ഊരാഴ്മക്കാരായ ശുദ്രജീവിതങ്ങളാണ് അവർ..
വൈകുന്നേരത്തെ സമ്മേളനങ്ങളെപ്പറ്റി വിശ്വനാഥൻ പറഞ്ഞു. അതിൽ ചെയ്ത പ്രസംഗങ്ങളെപ്പറ്റി പറഞ്ഞു.
“വിശ്വനാഥാ, നിങ്ങക്ക് ദേഹോപദ്രവം ഉണ്ടായോ?”
അഗസ്‌തി ഇടയ്ക്കു ചോദിച്ചു.
വിശ്വനാഥൻ അൽപനേരം നിശബ്ദനായി ഇരുന്നിട്ട്, സ്വരം താഴ്ത്തി പറഞ്ഞു.
“പൊതിരെ അടിയും കിട്ടി. അറസ്റ്റ് വരിക്കാൻ ചെന്നപ്പോൾ, ഇണ്ടന്തുരുത്തിക്കരുടെ ചട്ടമ്പികളിൽ നിന്ന്.. വൈക്കം പോലീസ് സ്റ്റേഷനിൽ വച്ച്.. എറണാകുളത്തു സബ്‌ജയിലിൽ വച്ച്..പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച്…..”
വിശ്വനാഥന് പെട്ടെന്ന് പ്രായമേറിയതു പോലെ തോന്നിച്ചു. അയാൾ തുടർന്നു .
“ഈ സമരം അഹിംസയിലൂന്നിയാണെന്നു കോൺഗ്രസ്സ് പറയുന്നത് നമ്മൾ ആരെയും ആക്രമിക്കില്ല എന്ന് മാത്രമാണ്. പക്ഷെ സമരക്കാരെ പോലീസും പട്ടാളവും അക്രമം കൊണ്ടാണ് നേരിടുന്നത്. മുന്നോട്ടുള്ള വഴി എളുപ്പമല്ല. ”
എല്ലാവരും നിശബ്ദരായി.
“എനിക്ക് നിങ്ങളുടെ കൂടെ ഇനി ഇങ്ങനെ വരുവാൻ പറ്റുമെന്ന് തോന്നുന്നില്ല..വീട്ടിൽ ഭയങ്കര പ്രശ്നങ്ങളാണ്.” അഗസ്തി പറഞ്ഞു. “വിശ്വനാഥനും പത്രോസും വൈക്കത്തിന് പോയെന്നറിഞ്ഞ ദിവസം എനിക്ക് പൊതിരെ തല്ലു കിട്ടി. അപ്പൻ ഭ്രാന്തു പിടിച്ചതുപോലെയാ..മോഷ്ടിച്ചാലും, കൊന്നാലും കുഴപ്പമില്ല, പക്ഷെ കോൺഗ്രസിന്റെ കൂടെ പോവാൻ പാടില്ല..”
അഗസ്തി അവന്റെ ഉടുപ്പുയർത്തി കാണിച്ചു. അവന്റെ പുറത്തു പൊള്ളലിന്റെ പാടുകൾ കറുത്ത് കിടന്നു.
“ചട്ടുകം വച്ച് പൊള്ളിച്ചതാ.. മൂന്നു ദിവസം പട്ടിണിക്കിട്ടു, ഏതാണ്ട് രണ്ടാഴ്ച മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.”
അഗസ്തി പിടിച്ചു നിൽക്കാനാവാതെ വിങ്ങിപ്പൊട്ടി. വിശ്വനാഥൻ അവനെ ചേർത്ത് പിടിച്ചു.
“കരയല്ലടാ, ഇവരൊക്കെ ചെയ്യുന്നതിനെ ഓർത്തു പശ്ചാത്തപിക്കുന്ന ഒരു ദിവസം വരും..”
“എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.. അപ്പൻ കാപ്പിക്കമ്പുമായി വരുമ്പോൾ എനിക്ക് ശ്വാസം നിന്ന് പോകുവാ. എന്റെ കൈകാലുകൾ വിറച്ചു തളർന്നു പോവ്വാ…”
“നീ ഇപ്പോൾ വീട്ടിലിരിക്ക്.. ഒക്കെ തണുക്കട്ടെ..കാലം മാറ്റാത്ത മനുഷ്യരില്ല.. അഗസ്തി പേടിക്കരുത്..”
ദേവനും, ചെറിയാനും അഗസ്തിയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകളും നിറഞ്ഞു വന്നു.
“നീ വിഷമിക്കണ്ട അഗസ്തീ, ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട്, തല്ക്കാലം നീ പിടിച്ചു നിൽക്ക്..ഞങ്ങൾ ഇടപെടണമെങ്കിൽ അങ്ങിനെയും ചെയ്യാൻ ഞങ്ങളുണ്ട്..”
അഗസ്തി തലകുലുക്കി; പെട്ടെന്ന് ചെന്നില്ലെങ്കിൽ വീണ്ടും വീട്ടിൽ പ്രശ്നമാകുമെന്നു പറഞ്ഞു അവൻ അവരെ വിട്ടു തിരിച്ചു പോയി. അവൻ കല്ലുംകൂട്ടങ്ങൾക്കിടയിലെ കുളത്തിന്റെ വക്കിലൂടെ നടന്നു നീങ്ങുന്നത്, വിശ്വനാഥനും, ദേവനും, ചെറിയാനും നോക്കിയിരുന്നു.
കുളം കഴിഞ്ഞാൽ പിന്നെ നിരപ്പുള്ള പ്രദേശത്തെ തെങ്ങിൻ തോപ്പിലെത്തും. അവിടെനിന്നു പിന്നെയും നടക്കണം അഗസ്തിക്കു വീട്ടിലെത്താൻ.
അഗസ്തിയുടെ അപ്പൻ കോര. കോരയുടെ അപ്പൻ പീലി. പീലി വലിയ കണിശക്കാരനും പിശുക്കനുമായിരുന്നു. പണിക്കാരെ നിർത്തി കല്ലിൻകൂട്ടങ്ങളൊക്കെ തെളിച്ചു കൃഷിയിറക്കി. കല്ലിൻകൂട്ടങ്ങൾക്കപ്പുറത്തെ നിരപ്പായ സ്ഥലം മനോഹരമായ ഒരു തെങ്ങിൻതോപ്പായതു പീലിയുടെ കാലത്താണ്.
കല്ലിൻകൂട്ടങ്ങൾക്കിടയിൽ പണിക്കാർ വിയർപ്പൊഴുക്കി പണിതു. കുറെയേറെ കല്ലുകൾ പൊട്ടിച്ചു വിറ്റു കാശാക്കി. പാമ്പും, മരപ്പട്ടിയും, ഈനാംപേച്ചിയുമൊക്കെ, രാത്രികളിൽ മനുഷ്യർ ഉറങ്ങിക്കിടക്കുമ്പോൾ, അവരുടെ പരമ്പരാഗത താമസസ്ഥലങ്ങൾ ഉപേക്ഷിച്ചു കൂടുതൽ കാടും കല്ലും ശാന്തിയും ഉള്ളേടത്തേക്കു കുടിയേറി. പഴയ കല്ലുംകൂട്ടങ്ങൾ കൃഷിസ്ഥലമായപ്പോൾ അതിനപ്പുറത്തു പരന്നു കിടന്ന മണ്ണിൽ തെങ്ങുകൃഷി ചെയ്താലോ എന്നായി പീലിയുടെ ചിന്ത. പണിക്കാർ കൈക്കോട്ടും തൂമ്പയുമായി ആ മണ്ണിലും പണി തുടങ്ങി.
ഒരേക്കറിനടുത്തു സ്ഥലമുണ്ട്. അറുപതു അറുപത്തഞ്ചു തെങ്ങിൻ തൈകൾ വെക്കാൻ പറ്റുമെന്ന് പീലി കണക്കുകൂട്ടി. ഇരുപത്തഞ്ചടി വച്ച് കുഴിക്ക് സ്ഥലം തെളിച്ചു വന്നപ്പോൾ ചാത്തന്റെ കുടിൽ ഇടക്കുവന്നു. ചാത്തൻ ഒരു മുഷ്കനാണെന്നാണ് പൊതുവെ സംസാരം; അവന്റെ കുടിലിനടുത്തുള്ള മാവിലെയും, പ്ലാവിലെയും ഒരു ഫലവും പീലിക്കു കിട്ടാറില്ല. ചോദിച്ചാലോ ഒരു വിധേയത്വവുമില്ല. പക്ഷെ തെങ്ങിൻ കൃഷി മുടക്കാൻ പീലിക്കു സമ്മതമായിരുന്നില്ല. പണിക്കാർ തെങ്ങിൻ കുഴികൾ എടുത്തുകൊണ്ടിരുന്നു.
“ചാത്തുവേ.. ഇവിടൊക്കെ തെങ്ങു വെക്കാനാ ആലോചിക്കുന്നേ. നിന്റെ കുടില് പറമ്പിന്റെ നടുവില് നിന്നാല് അത് ശരിയാവില്ല. നീ കുടില് അടുത്ത പറമ്പിലേക്ക് കെട്ടിക്കോ. ഓലയോ മറ്റു വല്ല സഹായമോ വേണെങ്കിൽ പറഞ്ഞാ മതി.”
ചാത്തൻ കണ്ണ് തിരുമ്മി പീലിയെ നോക്കി.
“എന്തോന്നാ പറയുന്നേ, കൂരവിട്ടൊന്നും പോകാൻ പറ്റത്തില്ല. പെണ്ണ് പെറാനായി നിൽകുവാ..”
“എന്റെ മണ്ണിൽ കിടന്ന് എന്നോട് ന്യായം പറയാറായോ.. രണ്ടു ദിവസം തന്നേക്കാം. അതിനകം കൂര പൊളിച്ചോണം..” പീലിയുടെ കടുപ്പിച്ച ശബ്ദം.
ചാത്തൻ ജനിച്ച മണ്ണാണ്. അവന്റെ അച്ചനെ കുഴിച്ചിട്ട മണ്ണാണ്.
“ചെവി തുറന്നു കേട്ടോ . രണ്ടു ദിവസം.. അതിനുള്ളിൽ മാറിക്കോണം..”
ചാത്തന്റെ പെണ്ണ് നെഞ്ചത്ത് തോർത്തിട്ടു പുറത്തേക്കു വന്നു. അവളുടെ നിറവയർ മുന്നോട്ടു തുടിഞ്ഞു തൂങ്ങി ഇപ്പോൾ പെറും എന്ന അവസ്ഥയിലായിരുന്നു.
“നീ അകത്തോട്ടു പോടീ..” ചാത്തൻ അവന്റെ പെണ്ണിനോട് പറഞ്ഞു.
“നിങ്ങളെന്താ പറയണേ..” അവൾ ചോദിച്ചു.
‘നീ അകത്തോട്ടു കേറി പോകാൻ..” ചാത്തൻ ഒച്ചയിട്ടു.
അവൾ കൂരക്കുള്ളിലേക്കു അപ്രത്യക്ഷയായി. ചാത്തൻ തിരിഞ്ഞു പീലിയോട് പറഞ്ഞു.
“കണ്ടില്ലേ.. പെറാൻ മുട്ടി നിൽക്കുവാ എന്റെ പെണ്ണ്. ഇപ്പോൾ മാറാൻ പറ്റത്തില്ല.. ഇത് പറഞ്ഞു ഇങ്ങോട്ടു പോരേണ്ട..”
“എന്റെ പറമ്പിൽ ഞാൻ കേറണ്ടന്നാണോ? നിനക്കൊക്കെ കുടില് കെട്ടാൻ സ്ഥലം തന്നാല് നിന്നെയൊക്കെ ഇറക്കാനും അറിയാം..” പീലി ഒച്ചയിട്ടു തിരിച്ചു പോയി.
തെങ്ങിൻകുഴികൾ ചാത്തന്റെ കുടില് വരെ കുത്തി. പിന്നെ വീടൊഴിച്ചു ബാക്കി സ്ഥലത്തും കുഴികൾ കുത്തി. പ്രത്യേകതകളില്ലാതെ ഒരാഴ്ച കടന്നു പോയപ്പോൾ അമാവാസിയെത്തി. ചീവീടുകൾ നിർത്താതെ ചിലച്ചു. പട്ടികൾ നീട്ടിക്കുരച്ചു. എന്തോ ഒച്ചകേട്ടു മുറ്റത്തേക്കിറങ്ങിയ ചാത്തന്റെ ദേഹത്തേക്ക് ഒരു മീൻവല വന്നു വീണു. നാലാളുടെ ആരോഗ്യമുള്ള ചാത്തൻ വലക്കുള്ളിൽകിടന്നു കുതറി. അപ്പോഴേക്കും ഇരുട്ടിന്റെ മറയത്ത് നിന്നവർ അവനെ കൂട്ടിക്കെട്ടിയിരുന്നു.
ചാത്തുവിന്റെ അലമുറ കേട്ട് അവന്റെ പെണ്ണ് മുടിചുറ്റികെറ്റി കൈയ്യിൽ അരിവാളുമായി പുറത്തേക്കുവന്നു. ഇരുട്ടിൽ ഒന്ന് കാണുവാൻ പറ്റിയില്ല; എങ്കിലും ചാത്തന്റെ ശബ്ദം അവൾ തിരിച്ചറിഞ്ഞു നിലവിളിച്ചു. പിന്നിൽ നിന്നു വന്ന തൊഴിയിൽ അവളുടെ നില തെറ്റി. വലിയ വയറുമായി അവൾ വീഴുവാൻ ഓങ്ങിയപ്പോൾ ആരോ അവളുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചെറിഞ്ഞു. കുറെ ദൂരത്തേക്ക് തെറിച്ചുവീണ അവൾ ശാപവാക്കുകളുമായി എഴുന്നേറ്റു. അവളുടെ ഉടുമുണ്ട് അഴിഞ്ഞു പോയിരുന്നു. നക്ഷത്രങ്ങളുടെ കീഴിൽ അവൾ നഗ്നയായി നിന്ന് അലറി. വീണ്ടും ഒരു തൊഴിയിൽ അവൾ തെറിച്ചു പോയി. പിന്നെ അവൾ ഒച്ചയിട്ടില്ല; പുതുതായെടുത്ത തെങ്ങിൻകുഴിയിൽ നിന്ന് ഒരു ഞരക്കം ഉയർന്നു. വലയിൽ കുരുങ്ങികിടന്ന ചാത്തനെ അവർ അടുത്തുള്ള പണിപ്പുരയിൽ കെട്ടിയിട്ടു തിരിച്ചു വന്നപ്പോഴേക്കും ചാത്തന്റെ പെണ്ണ് തെങ്ങിൻകുഴിയിൽ ചലനമറ്റു കിടക്കുകയായിരുന്നു.
ചീവീടുകളുടെയും, പട്ടികളുടെയും ശബ്ദങ്ങൾക്ക് മുകളിൽ ഒരു കുഞ്ഞിന്റെ ശബ്ദം തെങ്ങിൻകുഴിയിൽ നിന്നുയർന്നു. നീളൻ കമ്പിട്ട് കുത്തിയുണർത്താൻ നോക്കിയെങ്കിലും അവൾ ഉണർന്നില്ല.
“മൂടിയേക്കടാ..” ഇരുട്ടിൽ നിന്ന് ആരോ ആജ്ഞാപിച്ചു.
പകൽ കോരിക്കൂട്ടിയ പച്ചമണ്ണ് വീണ്ടും കുഴിയിലേക്ക് വീണു.
ചാത്തനെ ചിലേടത്തൊക്കെവെച്ചു ആളുകൾ കണ്ടു. നന്നേ പുലർച്ചെ കല്ലുംകൂട്ടത്തിലെ കുളത്തിൽ നനഞ്ഞുനിന്നു നെഞ്ചത്തടിച്ചു കരയുന്ന ചാത്തനെ കണ്ടവരുണ്ട്. വൈകുന്നേരങ്ങളിൽ, കുടിച്ചു മത്തനായി ഗ്രാമത്തിന്റെ മൺവഴിയിൽ കിടന്നു പുലമ്പുന്ന ചാത്തനെ ഓർമിക്കുന്നവരുണ്ട്. നിഷേധി എന്ന പേര് ചാർത്തിക്കിട്ടിയതുകൊണ്ട് ആരും ചാത്തനെ പണിക്കു വിളിച്ചതുമില്ല. അങ്ങിനെ ആരും ശ്രദ്ധിക്കാതെ, ചാത്തൻ ഒരു ദിവസം അവൻ ജനിച്ചു വളർന്ന ഗ്രാമം ഉപേക്ഷിച്ചു എവിടെയോ പോയി. രണ്ടു മഴപെയ്യും മുൻപേ അയാളെ നാട്ടുകാർ മറന്നു.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!