Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 31

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

31
രാമൻ ഇളയതിന്റെ കഥകൾക്ക് പ്രേമത്തിന്റെയും ലൈംഗികതയുടെയും കൊഴുപ്പും ചൂടുമുള്ളതുകൊണ്ടു എല്ലാവർക്കും കേട്ടിരിക്കാൻ ഹരമായിരുന്നു.
സാവിത്രിയെ പ്രണയിച്ച കഥ അയാൾ നിറം ചാലിച്ചു പറഞ്ഞുകൊടുത്തു. ക്ഷേത്രത്തിലേക്ക് ഓലക്കുടയും ചൂടി പോകുന്ന സാവിത്രിയെ കണ്ട ദിവസം മനസ്സിലേക്ക് മഞ്ഞു മഴപെയ്തു. അമ്പലക്കുളത്തിൽ പുതുതായി തലയുയർത്തി വിരിയാനോങ്ങിനിൽക്കുന്ന ആമ്പൽപ്പൂക്കളെയാണ് എനിക്കോർമ്മവന്നത്. ആനക്കൊമ്പിന്റെ നിറത്തിൽ രക്തചന്ദനം ചാലിച്ചതുപോലെയായിരുന്നു അവളുടെ നിറം. മുടിയോ, നെറ്റിക്ക് മേൽ അല്പം ചുരുണ്ടിട്ട് നീണ്ട് ഒഴുകിക്കിടക്കുന്നു..നീളൻ മുഖത്തെ വരിയൊത്ത പല്ലുകളും ചെറിയ നീണ്ട ചുണ്ടുകളും. കണ്ണുകളിലുള്ളത് ജിജ്ഞാസയാണോ, സ്നേഹമാണോ, പ്രേമമാണോ..
പിന്നാലെ ക്ഷേത്രത്തിലേക്ക് പോയി. അവളും കൂട്ടുകാരും തിരിച്ചുപോകുമ്പോൾ പിറകെ അവരുടെ മനയുടെ അടുത്തു വരെ പ്പോയി. കാണാൻ കൊതിച്ച് അവളുടെ വഴിയും കാത്തു മണിക്കൂറുകൾ.. പ്രേമിക്കാൻ പോകുന്നവർക്ക് ക്ഷമവേണം, തൊലിക്കട്ടിവേണം, ഒരു എതിർപ്പുകണ്ടാൽ തളരാത്ത മനസ്സുവേണം, മനസ്സിൽ കവിത വേണം, സംഗീതം വേണം.
കണ്ടപ്പോൾ അവളുടെ ഒരു നോട്ടത്തിനു വേണ്ടി കാത്തു നിന്നു. കത്തിയുടെ മൂർച്ചയുള്ള ഒരു നോട്ടവും സമ്മാനിച്ച് അവൾ പോയി. അവളുടെ ഒരു ചിരിക്കുവേണ്ടിയായി കാത്തു നിൽപ്.. അത് സംഭവിച്ചില്ല. അവൾ നോട്ടം തരാതെ നടന്നപ്പോൾ ഒരിക്കൽ മുന്നിൽ കയറി നിന്ന് ചോദിച്ചു.
“ഞാനെത്രയായി നടക്കുന്നു..”
“എന്താ വേണ്ടേ?..”
“ഈയുള്ളവനെ ഒന്ന് നോക്കിയാൽ മത്യാരുന്നു ..”
“നോക്കി.. മതിയോ?”
“സ്നേഹമുള്ള ഒരു നോട്ടം..”
അവൾ മിണ്ടാതെ പോയി. പിറ്റേന്നും അതിന്റെ പിറ്റേന്നും ഞാൻ കാത്തുനിന്നു. അവൾ കേൾക്കാനായി കവിതകൾ ഉറക്കെ ചൊല്ലി. ഒരാഴ്ചത്തെ അധ്വാനത്തിനു ഫലമായാണെന്നു തോന്നുന്നു അവൾ കൂട്ടുകാരോടെന്തോ പറയുന്നതുപോലെ തലതിരിച്ചു ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ വൈദ്യുതിയുണ്ടായിരുന്നു. പിറ്റേന്ന് അവൾ നോക്കുകയും, ചിരിക്കുകയും ചെയ്തു.
എന്താണൊന്നു ചോദിക്കുക എന്നാലോചിച്ചു എട്ടുകെട്ടിന്റെ ഇടനാഴികളിലൂടെ നടന്നു. പിന്നെ അമ്പലവഴിയിൽ കാത്തുനിന്ന് ചോദിച്ചു.
“അമ്പലത്തിൽ പോവ്വാണോ?”
വിഡ്ഢി ചോദ്യത്തിന് ഉരുളക്കുപ്പേരി പോലെ ഉത്തരം വന്നു.
“അല്ല.. കച്ചേരിയിൽ പോവ്വാ .. ” ഇളിഭ്യനായി നിന്നപ്പോൾ സാവിത്രി പറഞ്ഞു.. “ഇങ്ങനെ പിന്നാലെ നടക്കരുത്..”
“എനിക്ക് കാണാതെ പറ്റുന്നില്ല..”
“ഇതൊക്കെ കുഴപ്പങ്ങളാ ..”
“സ്നേഹം കൊണ്ടാണ്..”
അവൾ മറുപടി പറയാതെ പോയി. പിറ്റേന്ന് നടന്നു പോകുമ്പോൾ അവളുടെ കൈയ്യിൽ നിന്നും ഒരു തുണ്ടു കടലാസ്സ് താഴെ വീണു. അല്പം നടന്നിട്ടു അവൾ തിരിഞ്ഞു നോക്കുകയും ചെയ്തു.
കടലാസ്സ് എടുത്തു വായിച്ചു..
“അമ്പലത്തിന്റെ പടിഞ്ഞാട്ടെ മൂല..”
പടിഞ്ഞാട്ട് മൂലയിൽ അയാൾ കാത്ത് നിന്നു; ഹൃദയം ശക്തിയായി ഇടിച്ചുകൊണ്ടിരുന്നു. മൂവാറ്റുപുഴ മുഴുവൻ എന്റെ നെഞ്ചിനുള്ളിലൂടെ ഒഴുകുന്നത് പോലെ..
സാവിത്രി കൈയിൽ പ്രസാദവുമായി പടിഞ്ഞാട്ട് മൂലയിലേക്ക് പതിയെ നടന്നു വന്നു. എന്റെ പ്രേമ സാഫല്യത്തിന്റെ നിമിഷങ്ങൾ..
അവൾ അടുത്ത് വന്നപ്പോൾ, എന്റെ കൈയിൽ ഒളിപ്പിച്ചു വെച്ച താമരപ്പൂവ് അവളുടെ കൈയിലേക്ക് വച്ച് കൊടുത്തു. അതിന്റെ ഭംഗി ആസ്വദിച്ചു നിന്ന അവളുടെ കവിളിൽ ഞാനൊരു മുത്തം കൊടുത്തു.
“അയ്യോ.. അരുത്.. എന്ന് പറഞ്ഞു എന്നെ വിട്ട് അവൾ ഒരു മാൻപേടയെപ്പോലെ പിടഞ്ഞോടി.. ഞാൻ സ്തബ്ധനായി നിന്നു.”
സാവിത്രിയുടെ കഥ തുടർന്നു. അപ്പോഴാണ് രാമൻ ഇളയതിന്റെ കണ്ണുകൾ സത്യാഗ്രഹ പന്തലിന്റെ പ്രധാനവാതിലിലേക്ക് ചെന്നത്. മൂന്നു പോലീസുകാർ സത്യാഗ്രഹപ്പന്തലിനുള്ളിലേക്ക് പ്രവേശിക്കുന്നത് കണ്ടു അയാൾ കഥ നിർത്തി.
പോലീസുകാരുടെ പിന്നാലെ മൽമൽ മുണ്ടും നേര്യതും ധരിച്ച മറ്റു രണ്ടുപേർ. ആ രണ്ടുപേർ ഇണ്ടംതുരുത്തി മനയിൽനിന്നുള്ളവരാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലാക്കാമായിരുന്നു.
രാമൻ എഴുന്നേറ്റു. ആ രണ്ടുപേരെ അയാൾ തിരിച്ചറിഞ്ഞു. അയാൾ സത്യാഗ്രഹ പന്തലിന്റെ പിന്നാമ്പുറത്തേക്കു അപ്രത്യക്ഷനായി.
കാക്കി നിക്കറും, കാക്കി ഉടുപ്പും, മണ്ണ് ഞെരിച്ചു നടക്കുന്ന ഷൂസും, പിന്നെ കൂർത്ത കാക്കിത്തൊപ്പിയും, തൊപ്പിക്കുള്ളിലെ ചുവന്ന കൂർത്ത ഭാഗവും.. അവർ അകത്തു കടന്നപ്പോൾ ആകെയൊരു പരിഭ്രാന്തി പരന്നു. ഒരാൾ മാധവൻ സാറിനെ വിളിക്കുവാൻ ഓടി.
“കൈയ്യേറ്റത്തിന്റെ പരാതി കിട്ടിയിട്ടുണ്ട്.. കണ്ടാലറിയാവുന്ന നാലുപേർ.. സമരക്കാരുടെ കൂട്ടത്തിൽ നിന്നാണ്..”
“ഞങ്ങളിലാരുമല്ല..” ശ്രീക്കുട്ടൻ ഇടയ്ക്കു കയറി. ഉശിരുള്ള ചെറുപ്പക്കാരനാണ് ശ്രീക്കുട്ടൻ.. എന്തിനും മുന്നിലേക്ക് വരുന്ന പ്രകൃതം.. ചങ്ങനാശ്ശേരിയിൽ നിന്നാണ്..
ശ്രീക്കുട്ടൻ പൊലീസിന് മുന്നിൽ നിന്ന് സംസാരിച്ചു.. “ഞങ്ങൾക്കു വഴിനടക്കാൻ പോലും അനുവദിക്കാതെ അക്രമം കാണിക്കുന്നവരാണ് ഇപ്പോൾ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുന്നത്..അക്രമം കാണിക്കുന്നവരൊക്കെ ഇവിടെയില്ല; അക്രമികളൊക്കെ ഇണ്ടംതുരുത്തി മനയിൽ കാണും.
“നിന്റെ പേരെന്താടാ..”
“ശ്രീക്കുട്ടൻ..”
“എവിടെയാടാ നാട്?”
“ചങ്ങനാശ്ശേരി..”
“ജാതി..”
“ജാതിയില്ല..മനുഷ്യനാണ്..”
പോലീസുകാരന്റെ മുഖം ഇരുണ്ടു വന്നു. അയാൾ തിരിഞ്ഞു, കൂടെവന്ന രണ്ടുപേരോടായി ചോദിച്ചു.
“ഇവനാണോ?..”
അവർ ശ്രീക്കുട്ടനെ ആകെയൊന്നു ഉഴിഞ്ഞു നോക്കി.
“ഇവനല്ല..”
പോലീസുകാരൻ ശ്രീക്കുട്ടനെ പിടിച്ചു തള്ളി..
“മാറിനിൽക്കടാ.. പോലീസിനോട് ന്യായം പറയുന്നോ?”
ശങ്കുപിള്ള ഇടപെട്ടു, ശ്രീകുട്ടനെ പോലീസിന്റെ മുന്നിൽ നിന്നും പിടിച്ചുമാറ്റി. കൂട്ടത്തിൽ അല്പം പ്രായം ചെന്ന തലനരച്ച സത്യാഗ്രഹിയാണ് ശങ്കുപിള്ള.
“പോലീസിനോട് മെക്കിട്ടു കേറണ്ടാ കുട്ട്യേ.. നീ ഇങ്ങോട്ടു മാറിയിരുന്നോ..”
ശങ്കുപിള്ളക്ക് ഒരു അച്ഛന്റെ കരുതലാണ്.
“ജയ് ജയ് മഹാത്മാ ഗാന്ധി”
“സത്യാഗ്രഹികൾ സിന്ദാബാദ്..”
ശ്രീകുട്ടന്റേയും തേവന്റേയും മുദ്രാവാക്യങ്ങൾ.
പോലീസ് അകത്തേക്ക് കയറി ചുറ്റിനടന്നു നോക്കുവാൻ തുടങ്ങി. തടയാൻ ചെന്നവരെ അവർ തള്ളിമാറ്റി.
“ആളെ കണ്ടാൽ ഞങ്ങൾക്ക് തിരിച്ചറിയാം.. തെക്കുംകൂർ ഭഗവതി ക്ഷേത്രത്തിന്റെ പടിയ്ക്കലാണ് അടിപിടി ഉണ്ടായത് ”
പൊലീസുകാരെ അകമ്പടി സേവിച്ചു വന്ന രണ്ടുപേരുടെ കണ്ണുകൾ സത്യാഗ്രഹികളുടെ മുഖങ്ങളിലൂടെ പരതി. ഒടുവിൽ അവരുടെ നോട്ടം ചന്ദ്രന്റെയും പത്രോസിന്റെയും മുഖങ്ങളിൽ ചെന്ന് നിന്നു .
“ഇവന്മാരാണ്.. ഈ രണ്ടുപേരും ഉണ്ടായിരുന്നു.. ”
“ഞങ്ങളല്ല..” ചന്ദ്രൻ പ്രതിക്ഷേധിച്ചു.
“നിങ്ങൾ തന്നെ.. രണ്ടുദിവസം മുൻപ് വൈകുന്നേരം വാഴപ്പള്ളി വഴിയിൽ നീ വന്നിട്ടില്ലെടാ?..”
“ഇല്ല..”
“നിങ്ങടെ കൂടെ മൂന്നാമതൊരുത്തൻ കൂടിയുണ്ടായിരുന്നു.. അവനെവിടെ?” പോലീസുകാർ ചന്ദ്രനെയും പത്രോസിനെയും പിടിച്ചു നിർത്തി.
“ഞങ്ങളല്ല…”
രണ്ടുപേരിൽ ഒരാൾ, കൈ വീശി ചന്ദ്രന്റെ മുഖത്തടിച്ചു. അവൻ വേദന കൊണ്ട് കണ്ണ് ചിമ്മി.
“നീയല്ലേടാ?…”
“തല്ലരുത്..” പത്രോസ് ഇടയ്ക്കു കയറി.
പത്രോസിന്റെ ഇരുതോളുകളിലും പിടിച്ചു അയാൾ കുലുക്കി.
“നീയാണിവന്റെ കൂട്ട്.. അന്ന് നീ എന്നെ ചവിട്ടിയത് മറന്നു പോയോ?”
പത്രോസ് മഞ്ഞളിച്ചു പോയി. അന്ന് രാത്രിയിൽ വയറ്റിൽ തൊഴിച്ചു കുതറി ഓടിയത് ഇവന്മാരിൽ നിന്നായിരുന്നോ? തേവൻ ആളുകൾക്ക് പിന്നിൽ പതുങ്ങിനിന്നു.
“നടക്കടാ രണ്ടും…”
ചന്ദ്രനെയും പത്രോസിനെയും അവർ സത്യാഗ്രഹ ആശ്രമത്തിനു പുറത്തേക്കു നടത്തി. അപ്പോഴാണ് മാധവൻ സാർ എത്തിയത്. അദ്ദേഹം പൊലീസുകാരെ എതിരിട്ടു.
“നിങ്ങൾക്കിതിനുള്ളിൽ കടക്കാൻ അനുവാദമെവിടെ? എന്റെ ആളുകളെ കൊണ്ടുപോകാൻ സാധ്യമല്ല..”
“കൈയേറ്റത്തിന്റെ പരാതിയാണ്.. നിങ്ങൾ മാറിനിൽകൂ..” പോലീസുകാരിൽ ഒരാൾ മാധവനെ തടഞ്ഞു.
“നിങ്ങളുടെ കള്ളപരാതിക്കു ഞങ്ങളിലൊരാളെയും കൊണ്ടുപോകാൻ പറ്റില്ല..”
“മാറിനിൽകൂ..”
“ഇല്ല.. നിങ്ങൾ അന്വേഷിച്ചു കോടതിയുടെ കടലാസ്സുമായി വരൂ.. ഒരാളെയും കൊണ്ടുപോകാൻ അനുവദിക്കില്ല..”
മാധവൻ സാർ സാധാരണക്കാരനല്ലെന്നു പോലീസുകാർക്ക് അറിയാം. ശ്രീമൂലം പ്രജാസഭയിലെ അംഗമാണ്. ദേശാഭിമാനിയുടെ എഡിറ്ററാണ്. തഹസിൽദാരോടും, പോലീസ് സുപ്രണ്ടിനോടും, ജഡ്ജിയോടും നേരിട്ട് സംസാരിക്കുന്ന ആളാണ്. മാറിമാറി നിന്ന സത്യാഗ്രഹികൾ ഒത്തുകൂടി മുദ്രാവാക്യങ്ങൾ വിളിച്ചുതുടങ്ങി.
ആൾകൂട്ടത്തിൽ മൂന്ന് പോലീസുകാർ വലയം ചെയ്യപ്പെട്ടു.
“അക്രമം കാണിക്കുന്നവർ തന്നെ ഞങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു. എന്താണ് സത്യമെന്നു നിങ്ങൾക്കും ഞങ്ങൾക്കും അറിയാം. ഞങ്ങൾ അക്രമം പാടില്ല എന്ന് പഠിപ്പിക്കുന്നവർ.. ഇത് ഇണ്ടംതുരുത്തി മനയല്ല; ഗാന്ധിജിയുടെ സത്യാഗ്രഹപന്തലാണ്..”
“പോലീസിനെ തടയരുത്..” പോലീസുകാരുടെ വീര്യം കുറഞ്ഞുവെന്നു തോന്നുന്നു.
“അറസ്റ്റ് ചെയ്യുന്നെങ്കിൽ ഞങ്ങളെല്ലാവരെയും അറസ്റ്റ് ചെയ്തോളൂ.. ”
“ജയ് ജയ് മഹാത്മാഗാന്ധി..”
“വൈക്കം സത്യഗ്രഹം സിന്ദാബാദ്..”
“കോൺഗ്രസ് പാർട്ടി സിന്ദാബാദ്..”
പോലീസ് അൽപനേരം കൂടി നിന്നിട്ടു പിന്തിരിഞ്ഞു. ആശ്രമത്തിനു പുറത്തെ വഴിയിൽ നിന്ന് ‘ഉഗ്രരൂപികൾ’ വെല്ലുവിളിച്ചു..
“രക്ഷപെട്ടെന്നു വിചാരിക്കണ്ട.. ഞങ്ങളിനിയും വരും.. ചെവിയേൽ നുള്ളിക്കൊ.. എല്ലാക്കാലവും നിനക്കൊക്കെ ഈ പന്തലിനുള്ളിൽ കഴിയാൻ പറ്റില്ലല്ലോ..”
പോലീസുകാർ പോയി അൽപനേരം കഴിഞ്ഞപ്പോൾ ഒരു കള്ളച്ചിരിയുമായി രാമൻ ഇളയത് പ്രത്യക്ഷപെട്ടു. അയാൾ പിൻവശത്തുകൂടി പതിയെ അകത്തുകടന്നു.
“അവന്മാര് പോയോ?..”
ചന്ദ്രൻ പറഞ്ഞു..
“അവർ നിന്നെ പ്രത്യേകം തിരക്കിയിട്ടാണ് പോയത്..”
“ഉവ്വോ?”
പത്രോസ് ചിരിച്ചു:
“രാമന് പ്രത്യേകം പാൽപായസം കരുതിവെച്ചിട്ടുണ്ടെന്നു പറഞ്ഞു..”
“പാൽപ്പായസവുമായി ഓന്റെ അന്തർജ്ജനത്തെക്കൂടി വിട്ടേരെ..”
വൈകുന്നേരം മാധവൻ സാർ നാലാളെയും വിളിപ്പിച്ചു.
“പറയു.. എന്താണ് സംഭവിച്ചത്?”
ചന്ദ്രൻ ഉണ്ടായ സംഭവം അതേ പടി വിവരിച്ചു. ഒക്കെകേട്ടതിനുശേഷം മാധവൻ സാർ പറഞ്ഞു.
“നിങ്ങൾ ഈ വിവരം അന്നുതന്നെ എന്നെ അറിയിക്കേണ്ടതായിരുന്നു.”
അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം അദ്ദേഹം തുടർന്നു
“അവർ പോലീസുകാരെക്കൂട്ടി ഇനിയും വരും. നിങ്ങൾ ഒന്ന് രണ്ടാഴ്ചത്തേക്ക് മാറിനിൽക്കുന്നതാണ് നല്ലത്. വീട്ടിലേക്കു തിരിച്ചു പോകൂ.. ഈ സത്യാഗ്രഹം ഇപ്പോൾ പതിനഞ്ചു മാസങ്ങളായി.. ഇത് തീർപ്പാക്കാൻ ഒരു സന്ധിക്കും ദിവാൻ മുന്നോട്ടു വരുന്നില്ല. ഗാന്ധിജി വന്നുപോയതിനുശേഷം ഇണ്ടംതുരുത്തിക്കാരുടെ ശല്യവും കൂടിവരുന്നു.”
ചന്ദ്രനും പത്രോസും തലയാട്ടി. നാളെത്തന്നെ പോകാം.. രണ്ടാഴ്ച കഴിയുമ്പോൾ എല്ലാം തണുക്കും.. അപ്പോഴേക്കും തിരിച്ചെത്താം.
മാധവൻ സർ തേവന്റെ പുറത്തു തട്ടി. ” എന്തൊക്കെയുണ്ട് തേവാ വിശേഷങ്ങൾ”
“ഒന്നുമില്ല സാറെ”
“അച്ഛന് സുഖം തന്നെയോ?”
“വിശേഷമൊന്നുമില്ല.”
“എന്റെ അന്വേഷണം പറയുക”
ഉറങ്ങാൻ കിടന്നപ്പോൾ, പത്രോസ് തേവനോട് ചോദിച്ചു
“മാധവൻ സാറിനെ മുൻപേ അറിയുമോ?”
തേവൻ ചിരിച്ചു. “നന്നായിട്ടറിയാം. ഒരിക്കൽ ഞങ്ങടെ വീട്ടിലും വന്നിട്ടുണ്ട്..”
“അതെയോ?” പത്രോസിനു വിശ്വാസം വരാതെ ചോദിച്ചു “അതെങ്ങിനെ?”
“ഒരു കേസിൽ ഞങ്ങൾ രണ്ടാളും പ്രതികളായിരുന്നു..”
ഉറങ്ങാൻ കിടന്നവരും എഴുന്നേറ്റ് തേവന്റെ ചുറ്റുമിരുന്നു ആ കഥ കേട്ടു .
പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ മനുഷ്യൻ കേട്ടാൽ വിശ്വസിക്കാത്ത ജാതി ഭ്രാന്താണ്. നടക്കാൻ മേല , നോക്കാൻ മേല, നിൽക്കാൻ മേല .. ആയിടക്കാണ് ഞാൻ സാറിനെ ഒരു അയിത്ത നിഷേധം പരിപാടിയുമായി പരിചയപ്പെടുന്നത്.
സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു, ഈ പ്രസംഗങ്ങൾ കൊണ്ട് എന്താവാനാണ്. കേൾക്കുന്നത് കൂടുതലും സവര്ണരാണ്. അവർക്കു മനംമാറ്റമുണ്ടായി എന്നെങ്കിലും ക്ഷേത്രത്തിൽ തൊഴാൻ ഈ ജന്മം സാധിക്കുമോ?
സാധിക്കുമെന്ന് സാർ…. സാധിക്കില്ലെന്ന് ഞാൻ.
ഒടുവിൽ, അടുത്ത ദിവസം കുളിച്ചു വൃത്തിയായി പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിന്റെ അടുത്ത് ചെന്ന് നിൽക്കാൻ സാറെന്നോടു ആവശ്യപെട്ടു. ചെന്ന് നിന്നു . സാര് വന്നു. ഞങ്ങൾ രണ്ടാളും അകത്തു കയറി. ഞാനാദ്യമായാണ് ഒരു ക്ഷേത്രത്തിനുള്ളിൽ കയറുന്നത്.
ക്ഷേത്രം ഒരു ശരീരമാണെന്നു സാർ വിവരിച്ചു തന്നു.
ശ്രീകോവിലാണ് തല. അന്തരാളമാണ് മുഖം. മുഖമണ്ഡപം കഴുത്തും, കൊടിമരം നട്ടെല്ലുമാണ് നാലമ്പലം കൈകളും, പ്രദക്ഷണ വീഥി വയറും ആണ്. ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയാണ് സൂക്ഷ്മസമീര അല്ലെങ്കിൽ ആത്മാവ്. .
ജീവിതത്തിൽ ആദ്യമായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച എന്റെ ദേഹം വിറക്കുന്നുണ്ടായിരുന്നു. സാർ എനിക്ക് ഓരോന്ന് പരിചയപ്പെടുത്തി. തേവാരപ്പുര, നാലമ്പലം, നമസ്കാര മണ്ഡപം, ബലിക്കല്ല് ….
തൊഴുതു തിരിച്ചിറങ്ങുമ്പോൾ സാർ പറഞ്ഞു “രഹസ്യത്തിൽ ചെയ്യുന്നവർ ഒരുപാടുണ്ട്. എന്നാൽ അത് പരസ്യത്തിലാവുമ്പോഴേ അതിനു പൊതു പ്രാധാന്യമുണ്ടാവൂ”.
സാർ ആഗ്രഹിച്ചത് പോലെതന്നെ, പുറത്തു അയിത്ത പ്രതിഷേധക്കാരുണ്ടായിരുന്നു. അവരിലൂടെ പൊതുജനം അറിഞ്ഞു. ആരോ കണ്ടു തിരിച്ചറിഞ്ഞു. ഒച്ചയായി, ബഹളമായി, ആള് കൂടും മുൻപേ ഞങ്ങൾ സ്ഥലം വിട്ടു പൊന്നു.
പത്രത്തിലൊക്കെ വാർത്തയായി. അതിനവർ കേസ് കൊടുത്തു. കുറച്ചു ദിവസം പോലീസിനെ വെട്ടിച്ചു നടന്നു. പിന്നെ പോലീസ് പിടിച്ചു കൊണ്ടുപോയി മതിതീരുംവരെ തല്ലി; കുറെ നാൾ അകത്തുകിടന്നു. പിന്നെ അതങ്ങു തണുത്തു. ക്ഷേത്രത്തിൽ ഒൻപതു ദിവസത്തെ പൂജകൾ ചെയ്തു ശുദ്ധീകരിച്ചെന്നാണ് പിന്നീട് കേട്ടത്.
രാത്രിയിൽ ചന്ദ്രൻ പത്രോസിനോട് പറഞ്ഞു.. “നീ എന്റെ കൂടെ പോരെ.. രണ്ടാഴ്ച പള്ളിപ്പുറത്തു പോകാം.. ”
“ഇല്ല, ഞാൻ വീട്ടിലേക്കു പോവുകയാണ്. അവിടം വിട്ടു വന്നിട്ട് വര്ഷം ഒന്നിനു മേലായി.”
രാവിലെ നാലു പേരും നാലു വഴിക്ക് അവരവരുടെ വീടുകളിലേക്ക് പോകുവാൻ തീരുമാനിച്ചു അവർ ഉറങ്ങാൻ കിടന്നു. ഒരു തറയിലെ തഴപ്പായിൽ അവർ കണ്ണുകളടച്ചു അവരുടെ മനസ്സിന്റെ താഴ്വാരങ്ങളിലേക്ക് ഊളിയിട്ടു.
പത്രോസിന്റെ മനസ്സിലേക്ക് ചട്ടയും മുണ്ടും നേര്യതും ധരിച്ച ഒരു സുന്ദരിപ്പെണ്ണ് കടന്നുവന്നു. അവൾ അയാളെ ആലിംഗനം ചെയ്തു ചുംബനങ്ങൾ നൽകി.
“എന്റെ സാറപ്പെണ്ണേ ..” അയാളുടെ നെഞ്ചിന്റെ ഉള്ളിൽ നിന്നുള്ള വിളി.
പത്രോസ് കണ്ണ് തുറന്നു; അയാളുടെ വലതു വശത്തായി രാമൻ ഒരു പുഞ്ചിരിയോടെ കണ്ണടച്ചുറങ്ങുന്നു. അയാളുടെ നെഞ്ചിൽ സാവിത്രി എന്ന നബൂതിരി കുട്ടിയാണോ?
തേവനും, ചന്ദ്രനും കുറച്ചപ്പുറത്തായി കിടന്നിരുന്നതുകൊണ്ടു പത്രോസിനു അവരുടെ മുഖങ്ങൾ കാണുവാൻ കഴിഞ്ഞില്ല.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!