Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 33

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

33
മാത്തുവിന്റെ പശുക്കിടാവിനെ ചാക്കോ വിറ്റു; മാത്തു ഉറങ്ങിക്കിടന്നപ്പോൾ അവളെ ആരോ പുതിയ കയർ കഴുത്തിൽകെട്ടി വലിച്ചുകൊണ്ടുപോയി. തള്ളപ്പശുവിന്റെ നിലവിളികേട്ടാണ് അവൻ ഉണർന്നത്. എന്നിട്ടും ഉറക്കത്തിന്റെ സ്വപ്നലോകത്തുനിന്നും താഴെ മണ്ണിലേക്കിറങ്ങാൻ അവനു പിന്നെയും സമയം വേണ്ടിവന്നു. എഴുന്നേറ്റു വന്നപ്പോൾ, കൂട്ടിൽ പശുക്കിടാവിന്റെ കയറു മാത്രം ബാക്കി. ആവുംവിധം വീട്ടിൽ പ്രതിഷേധിച്ച മാത്തുവിന്റെ മുഖത്തു ചാക്കോ ശക്തിയായി ഒരടി കൊടുത്തതോടെ പ്രതിക്ഷേധിച്ചിട്ട് കാര്യമില്ലെന്ന് അവനു മനസ്സിലായി. പശുക്കിടാവിന്റെ കയറെടുത്ത് അരയിൽ ചുറ്റിക്കെട്ടിയായിരുന്നു അന്നുമുതൽ മാത്തുവിന്റെ നടപ്പ്.
കുട്ടികളുടെ കളികളും, ആരവങ്ങളുമില്ലാതെ, പരമുവിന്റെ മൺവീട് നിശബ്ദമായി നിലകൊണ്ടു. അയലത്തെ കോഴികൾ ഉമ്മറത്തിണ്ണ വൃത്തികേടാക്കിയിരുന്നു. കാറ്റിൽ പാറിവന്ന ഇലകൾ ചിതറിക്കിടന്ന മുറ്റത്ത് മാത്തു വെറുതെ നിന്നു.
പക്ഷികളും മൃഗങ്ങളും, കാറ്റും ഓരോരോ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, ഇവിടെയിപ്പോൾ മനുഷ്യരുടെ ശബ്ദമില്ല. അടഞ്ഞുകിടക്കുന്ന മുൻവാതിലിനു പിന്നിലെ ഊറിക്കൂടിയ നിഛലത അവനെ അസ്വസ്ഥനാക്കി. ഗീതയും, പുഷ്പയും, ലതയും എവിടെയാണ് ഇപ്പോൾ? ഗീത വന്ന് അവർ പോകുകയാണെന്ന് പറഞ്ഞപ്പോൾ, അത് മുഴുവനായി മാത്തുവിന് മനസ്സിലായിരുന്നില്ല.
“ഞങ്ങൾ ഇവിടം വിട്ടു പോവ്വാ..” ഗീതയുടെ മുഖം വാടിയിരുന്നു. “കുറെ ദൂരെ, കിഴക്കോട്ടു പോവ്വാ. ഗോവിന്ദൻ മാമയുടെ കൂടെ…”
“പൊയ്ക്കോ.. എന്നാ തിരിച്ചു വരുന്നേ ?”
“അറിയില്ല; കുറെ ദൂരെയാ മധുര ..അങ്ങിനെ പെട്ടെന്ന് വരാനൊക്കത്തില്ല.”
“നീ പൊയ്ക്കോ, നിനക്ക് കുറെ സ്ഥലങ്ങൾ കാണാല്ലോ..”
“എനിക്ക് ഇവിടമാ ഇഷ്ടം..”
“എന്നാല്, നീ ഇവിടെ നിന്നോ..”
“പറ്റില്ലല്ലോ, ഞങ്ങള് വീടും സ്ഥലോം വിറ്റു പോവ്വാ. എല്ലാം അച്ഛൻ മരിച്ചോണ്ടാ, ഞങ്ങൾക്ക് ആരുമില്ലാതായി..”
“നിന്റെ അച്ഛൻ പോയി, എന്റെ പശുക്കിടാവും പോയി. ഒരിക്കലും തിരിച്ചുവരത്തില്ല. എനിക്ക് കൂട്ടിനു കയറു മാത്രം.”
“ഇങ്ങനെയൊരു പൊണ്ണൻ..” അവൾ വീട്ടിലേക്ക് കയറിപ്പോയി.
പോകുന്നതിനു മുൻപ് പലവട്ടം ഗീത മാത്തുവിനെ കണ്ടു.
“നീ വരുന്നോ മധുരയ്ക്ക്?”
“ഇല്ല; അപ്പൻ പശുക്കിടാവിനെ വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്.”
“നാളെയാ ഞങ്ങള് പോണേ ..”
“അതെയോ?
“പോയാല് നീ എന്നെ മറക്കുമോ?”
“ഇല്ല..”
“നീ മറക്കും..നിനക്ക് പശുക്കിടാവല്ലേ വലുത്?”
“പശുക്കിടാവിനേം മറക്കില്ല; നിന്നേം മറക്കില്ല..”
ഗീത അവനൊരു പിച്ചു കൊടുത്തു. അവനു നന്നേ വേദനിച്ചു. അവളെ അടിക്കുവാനായി അവൻ പിറകെ ഓടി.
വൈകുന്നേരം, തലയ്ക്കു മീതെ കപ്പത്തണ്ടുകൾ ഉയർന്നു വളർന്ന പറമ്പിൽ ഗീത തനിച്ചു നിന്നു. കയറും വീശി മൂളിപ്പാട്ടുമായി വന്ന മാത്തുവിനെ അവൾ വിളിച്ചു.
“ഇങ്ങു വാ..”
“എന്താ?..”
“ഇങ്ങോട്ട് വരാൻ ..”
“എന്തിനാ?..”
“നിനക്ക് തരാൻ എനിക്കൊരു സമ്മാനമുണ്ട്..”
“സമ്മാനമോ?”
“അതെ, എന്നെ ഓർമ്മിക്കാൻ, നാളെ ഞങ്ങള് പോകുമ്പോൾ എനിക്ക് നിന്നെ ഓർമ്മിക്കാൻ..”
“സമ്മാനം തന്നേര്.. അതിന് നീ എന്തിനാ എന്നെ പിടിച്ചു വലിക്കുന്നത്?”
“കണ്ണുകളടയ്ക്ക്..”
“ങേ…”
“കണ്ണടയ്ക്ക്..”
“ഉം..”
അവൾ അവനെ ഗാഢമായി പുണർന്നു. അവന്റെ കവിളുകളിൽ ചൂടുള്ള ഉമ്മകൾ നൽകി. നെഞ്ചിൽ സ്നേഹം ചുരന്നു. അവളുടെ ശ്വാസത്തിന്റെ ആവിയിൽ കവിളുകൾ പൊള്ളി.
“ഇനി കണ്ണ് തുറന്നോ..”
അവൻ അവളെ അത്ഭുതത്തോടെ നോക്കി. അവൻ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത മുഖവുമായി ഗീത കരഞ്ഞു.
“മാത്തു , ഞാൻ പോവ്വാ, ഇനി നമ്മൾ കാണുവോന്നറിയില്ല.. ഒരുപാടു ദൂരേയ്ക്കാ ഞങ്ങള് പോകുന്നെ.. നീ പ്രാര്ഥിക്കുമ്പോ, ഞങ്ങളേയും ഓർക്കുവോ?”
“പ്രാർത്ഥിക്കാം..” മാത്തുവിന് കരയണമെന്നു തോന്നി.
“നീ എന്നെ മറക്കുമോ മാത്തൂ?”
“ഇല്ല..”
അവൾ മാത്തുവിനെ വിട്ടു വീട്ടിലേക്ക് ഓടിപ്പോയി.
മൺവീട് നിശബ്ദമായി നിന്നു. കാറ്റടിച്ചു പറത്തിയ കരിയിലകൾ മുറ്റം നിറയെ ചിതറിക്കിടന്നു. അവയിൽ ചിലത് തെക്കുഭാഗത്തെ കുഴിമാടത്തിൽ ചെന്നു വീണു.
ഉയരങ്ങളിലേക്ക് കയറിയാൽ, ലോകം മുഴുവൻ കാണാമെന്ന് മാത്തുവിന് അറിയാം. കൊന്നത്തെങ്ങിന്റെ തുഞ്ചത്തിരുന്നാൽ കൊല്ലം കാണാം, കോഴിക്കോടും അറബിക്കടലും കാണാം, പിന്നെ മധുരയും കാണാം. പ്രത്യേകിച്ച് കോരയുടെ വീട്ടിലെ തെങ്ങുകൾക്ക് മുകളിൽ നിന്ന് നോക്കുമ്പോൾ, ദൂരെ ദൂരെ ഭൂമി പരന്നു കിടക്കുന്നതു കാണാം. തെങ്ങിൻ മുകളിലായാലും, കല്ലുംകൂട്ടത്തിലെ ആഞ്ഞിലിത്തുഞ്ചത്ത് ആയാലും അവന്റെ ലോകം പന്ത്രണ്ടടി കയറിനപ്പുറത്തേക്ക് വളർന്നു വലുതാവുന്നത് കണ്ടു അവൻ അത്ഭുതം കൂറി. പശുക്കിടാവ് ഇല്ലാതായതിൽ പിന്നെ, മരം കയറ്റമായിരുന്നു മാത്തുവിന്റെ പ്രധാന ജോലി.
കോരയുടെ വീട്ടുമുറ്റത്തു ചെന്നപ്പോൾ ചെത്തുകാരൻ ശേഖരൻ അവിടെ ഉണ്ടായിരുന്നു. കോരയോട് എന്തോ ആവലാതികൾ പറഞ്ഞു ശേഖരൻ തന്റെ മടക്കികുത്തിയ കൈലിയ്ക്കുള്ളിലേയ്ക്ക് കൈയിട്ടു മാന്തിക്കൊണ്ടിരുന്നു. അതിന്റെ താളത്തിൽ പിന്നിൽ കെട്ടിവെച്ച കത്തിക്കൂടും, ചേറുകുടുക്കയും കുലുങ്ങി.
“മാത്തൂ, നീ വന്നത് നന്നായി. ഈ പ്ലാവിന്റെ കുറെ കമ്പ് ഇറക്കണം. ഒക്കെ പുരക്ക് മോളിലോട്ടു ഓങ്ങി നിൽകുവാ.. കാറ്റടിച്ചാല് എപ്പോഴാ തലേൽ വീഴുന്നെന്നറിയില്ല.. നീ പിന്നാമ്പുറത്തോട്ടു പോയി കഞ്ഞി കുടിച്ചിട്ട് വാ..”
മാത്തു അരയിലെ കയറിൽ തിരുമ്മി പിന്നാമ്പുറത്തേക്കു പോയി. ശേഖരൻ തന്റെ ആവലാതിപ്പെട്ടികൾ തുറന്നു ഓരോന്നായി വീണ്ടും വിസ്തരിച്ചു.
അച്ഛൻ തെങ്ങിൽ നിന്നു വീണു നടുവ് ഒടിഞ്ഞു കിടപ്പിലായതിനു ശേഷമാണ് ശേഖരൻ രംഗത്തെത്തിയത്. അച്ഛൻ സൗമ്യനായിരുന്നെങ്കിൽ ശേഖരൻ ഒച്ചപ്പാടുകാരനാണ്. അച്ഛൻ ചിലപ്പോഴൊക്കെ ചിലർക്കെങ്കിലും സ്നേഹപൂർവ്വം ചെത്ത്കള്ള് ഒഴിച്ചുകൊടുക്കുമായിരുന്നു. ശേഖരന്റെ വരവോടെ അത് പൂർണമായും നിന്നു. ആരെങ്കിലും ചോദിച്ചാൽ പിന്നെ ഉച്ചത്തിൽ വാചകമേള തുടങ്ങും.
“തെങ്ങേൽ കുറച്ചു പൂങ്കൊല വന്നെന്നു വെച്ച് കള്ള്ല്ല് കിട്ടുമോ? ചെരപ്പക്കുടുക്കേൽ ആദ്യത്തെ ഒരു കുടം കള്ള് കിട്ടണേല് എത്ര ആഴ്ച കയറി ചെത്തണമെന്ന് നിങ്ങക്കറിയ്യോ? ഈ എല്ലിൻമുട്ടു കണ്ടോ? മാനിന്റെ തുടയെല്ലാണ്.*. ഈ കുടുക്കേലെന്താന്നറിയ്യോ? കുട്ടനാട്ടിലെ പ്രത്യേക ചേറാണ്.”
“അപ്പത്തിനൊഴിക്കാന് ഇച്ചിരി കള്ളു മതി..” വീട്ടുകാരൻ ഒരു ചെറിയ മൊന്തയും പിടിച്ചു വിനയാന്വിതനായി യാചിക്കും.
“തരാൻ നിയമമില്ല.. തന്നാൽ ഞാൻ തെറ്റുകാരനാവും. നിങ്ങള് പറയൂ, നിങ്ങക്ക് അപ്പം തിന്നാന് ഞാൻ തെറ്റുകാരനാവണോ?”
“വേണ്ടാ.. നീ പൊയ്ക്കോ, നിന്റെ കള്ളു വേണ്ടാ ..”
കുറച്ചു കാലമായി ശേഖരന്റെ തെങ്ങിലെ കള്ള്ല്ല് മോഷണം പോകുന്നത് പതിവായി. രാത്രിയിലെ മോഷണം എങ്ങിനെ പിടിക്കാൻ?
“ഏതോ മൈരന്മാർ, രാത്രീല് കേറി മാട്ട*ത്തിലെ കള്ളൊഴിച്ചോണ്ടു പോകും. എത്രയെന്നു വെച്ചാ സഹിക്കുന്നത് കോരമാപ്പിളെ?..”
കൊമ്പൻചെള്ളിന്റെ ഉപദ്രവം കണ്ടപ്പോഴാണ്, ചെത്താൻ കൊടുക്കാൻ കോര തീരുമാനിച്ചത്. തെങ്ങിൻതലയിലെ കൊതുമ്പും, കോഞ്ഞാട്ടയും ചെത്തുകാര് പറിച്ചു കളഞ്ഞു എപ്പോഴും തല ഒരുക്കി വെയ്ക്കുകയും ചെയ്യും.
“ചവുട്ടിക്കേറുന്നേടത്തു ‘കൊതക്കത്തി*വെയ്കടാ?”
“കഴിഞ്ഞ ആഴ്ച ‘കൊതക്കത്തി’ വെച്ച മൂന്നു തെങ്ങേന്നു കള്ള് പോയി! ”
“ഇനിയിപ്പോ എന്താ ചെയ്ക? രാത്രി കവലിരിക്കാൻ പറ്റുവോ?”
“എപ്പോഴാ എന്നാണെന്നൊന്നും അറിയാതെ എന്നും കാവലിരിക്കാൻ ആർക്കു കഴിയും!”
“പിന്നെന്താ ചെയ്യുക?”
“ഒരു പണിയുണ്ട്.. ഇച്ചിരെ കടന്ന കൈയ്യാ ..”
“എന്താടാ, നീ പറയ്..”
“പാലക്കാട്ടൂന്ന് ഒരു സാധനം കിട്ടീട്ടുണ്ട്. പ്രത്യേകം കായും, ഇലേം അരച്ചുണ്ടാക്കിയ മരുന്നാ. നിറമില്ല, മണമില്ല, മാട്ടത്തിലിട്ടു വച്ചാൽ മതി. കുടിക്കുന്നോൻ, പിന്നെ കുടിക്കാൻ കേറത്തില്ല”
“അതുതന്നെ.. നീ വെച്ചോടാ.. കക്കുന്നവനോട് ദയ വേണ്ട..”
മാത്തു കഞ്ഞികുടിച്ചു തിരിച്ചുവന്നു. ശേഖരൻ അവനെ അടിമുടിയൊന്നു നോക്കിയിട്ടു ചോദിച്ചു
“എന്നാടാ മാത്തു വിശേഷങ്ങൾ?”
മാത്തുവിന് ശേഖരന്റെ വലിയ ഒച്ച ഇഷ്ടമല്ല. അവനൊന്നും മിണ്ടിയില്ല.
“നിന്റെ കൂട്ടുകാരിപ്പെണ്ണുങ്ങളൊക്കെ ഈ നാട് വിട്ടു പോയില്ലേ? ആരെയാടാ ഇനി നീ ഇഞ്ച തേച്ചു കുളിപ്പിക്കുന്നേ?”
ആ ചോദ്യം കേട്ട് മാത്തു അത്ഭുതപ്പെട്ടു. ഇയ്യാൾ ഇതൊക്കെ എങ്ങിനെ അറിഞ്ഞു? ഇയാൾ ഭയങ്കരൻ തന്നെ. മാത്തുവിന് അയാളോട് ഉള്ളിൽ ബഹുമാനമായിരുന്നു. എന്നും മൂന്നു നേരം എത്ര തെങ്ങുകളിലാണ് അയാൾ കയറുന്നത്? അയാൾ മണ്ണിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ നേരം ആകാശത്തിലാണ്. ആകാശത്തിൽ തെങ്ങിന്റെ മടലുകളിലൂടെ നടന്നു പോകുന്ന അയാൾക്കു വേണ്ടി ലോകത്തിന്റെ നാല് കോണുകൾ എപ്പോഴും തുറന്നുകിടന്നു.
“വീടിന്റെ മുകളിലോട്ടു ചാഞ്ഞുനിൽക്കുന്നതൊക്കെ വെട്ടിക്കോ..” കോര മുറ്റത്തുനിന്ന് വിളിച്ചുപറഞ്ഞു. മരങ്ങൾ മാത്തുവിനുവേണ്ടി ശിഖരങ്ങൾ താഴ്ത്തിക്കൊടുക്കും. അവനു മരത്തിന്റെ ഉയർന്ന കൊമ്പുകളിൽ എത്താൻ നിമിഷങ്ങൾ മതി. കമ്പുകൾ ചില്ലകൾ ഒടിച്ചു ആരവത്തോടെ മുറ്റത്തേക്ക് വീണപ്പോൾ കോര ചാടിമാറി.
ചെറിയ കാറ്റ് വീശി. ഉയരത്തെ ശിഖരത്തിൽ കാറ്റ് ഒരു വിശറിയായി. ഉയരത്തിലിരിക്കുമ്പോൾ നമുക്കും ഉയരം കൂടും. ലോകം ചെറുതായി താഴെ ചിതറിക്കിടക്കും. അവൻ പടിഞ്ഞാറേ കമ്പിലേക്ക് ചാടിമാറി. ദൂരെ നീലച്ചു കിടക്കുന്നതു അറബിക്കടലാണെന്നു വിശ്വസിക്കാനാണ് മാത്തുവിനിഷ്ടം. വയറ്റിൽ തിമിംഗലങ്ങളും, പുറത്തു കൂറ്റൻ കപ്പലുകളുമായി വമ്പൻ തിരകളുള്ള കടൽ.
“അതും കൂടി വെട്ടിക്കോ..”താഴെ നിന്ന് കോരയുടെ ശബ്ദം.
ആ കമ്പും മുറിഞ്ഞു താഴേക്കു പതിച്ചു.
കോരയുടെ വീടിന്റെ മേൽക്കൂര ഒരു തീപ്പെട്ടികൂടുപോലെ മാത്തുവിന് കാണാമായിരുന്നു. മുറ്റത്തു നിന്ന കോര ഒരു കുഞ്ഞുമനുഷ്യനെ പോലെ. മുകളിൽ നിന്നാൽ എന്തെല്ലാം കാണാനാവും. കോരയുടെ വീടിന്റെ പിന്നിലൂടെ നടന്നു വന്നയാളെ മാത്തു സൂക്ഷിച്ചു നോക്കി. അത് അഗസ്തിയായിരുന്നു. അപ്പനെ ഒളിച്ചു അയാൾ വീടിന്റെ പിന്നാമ്പുറത്തുകൂടി വരുകയായിരുന്നു. അപ്പന്റെ അടി പേടിച്ചു ഒളിച്ചു നടക്കുന്ന മകൻ.
മാത്തു അഗസ്തിയെ നോക്കി കൂവി. പക്ഷെ അഗസ്തി കേട്ടില്ല. അയാൾ വീടിനുള്ളിലേക്ക് അപ്രത്യക്ഷനായി.
കിഴക്ക് കുമിളിയെന്നാണ് പണ്ട് വിചാരിച്ചത്. ഗീത പോയതിനു ശേഷം, കിഴക്ക് മധുരയാണെന്ന് ചിന്തിക്കാനാണ് മാത്തുവിനിഷ്ടം. മധുരയിൽ ജാനകിചേച്ചിയും, ഗീതയുമുണ്ട്. പുഷ്പയും ലതയുമുണ്ട്. അവരുടെ വീട് കാണാൻ പറ്റുമോ?
ഗീത എന്ത് ചെയ്യുകയായിരിക്കും? അവൾക്കു ഇഞ്ച തേച്ചു കുളിക്കാൻ മധുരയിൽ തോടുകളുണ്ടോ? ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഗീത നൽകിയ സമ്മാനത്തെപ്പറ്റി ഓർത്തു അവൻ ചിരിച്ചു. മുത്തം കിട്ടിയ കവിളുകളിൽ ചൂടെടുക്കുന്നു. അവൻ ഇരുകവിളുകളിലും കൈവെള്ള ചേർത്തുവെച്ചു. കിഴക്ക് മാനം തൊട്ട പൊന്തൻമരങ്ങൾക്കപ്പുറത്തെ മധുര കാണാനാവുമോ എന്ന് അവൻ എത്തിനോക്കി.
ഇടംകാൽപാദം വഴുതി, അരയിൽ കെട്ടിയ കയറുമായി മാത്തു ഭൂമിയിലേക്ക് പറന്നു. വഴിയിൽ തടഞ്ഞ ശിഖരങ്ങൾ ഒച്ചയിട്ടു. അവന്റെ യാത്ര കോരയുടെ മുറ്റത്തെ നടക്കല്ലിലേക്കെത്തി വലിയ ശബ്ദത്തോടെ അവസാനിച്ചു. ഒന്ന് ചാടിയെഴുന്നേറ്റു; പിന്നെ വീണ്ടും നടക്കല്ലിൽ തലവെച്ച് അവൻ ഉറങ്ങി. കിഴക്കേ ചക്രവാളം അവന്റെ കണ്ണുകളിലും, അതിന്റെ ഓർമ അവന്റെ ചുണ്ടുകളിലും പ്രകാശമായി തിളങ്ങി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!