Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 34

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

34
ചാവടിതിണ്ണയിൽ പുതിയ ചെരുപ്പുകൾ നിരന്നു. തുള്ളിക്കളത്തിലെ കറിയ, പെരിങ്ങോലത്തെ ഔത, കാലിമറ്റത്തെ പാപ്പച്ചി … ഇങ്ങനെ ചിലർ ചാവടിയിൽ സഭകൂടി ക്രിസ്ത്യാനി സ്ത്രീകളുടെ കഷ്ടപ്പാടുകളെപ്പറ്റിയും, ചില ഭർത്താക്കന്മാരുടെ പെരുമാറ്റ ദോഷത്തെപറ്റിയും ചർച്ച ചെയ്തു. ഏലിയാമ്മക്ക് സുഖമില്ലാത്തതുകൊണ്ടും, ത്രേസ്യക്ക്‌ മനസ്സില്ലാത്തതുകൊണ്ടും, കാപ്പി കൊടുക്കേണ്ട ജോലി സാറാമ്മക്കു തന്നെ ലഭിച്ചു. അവൾ ചാവടിയിലെ മേശയിൽ കാപ്പി പലഹാരങ്ങൾ നിരത്തി, ആതിഥ്യ മര്യാദയുടെ ഒരു പുഞ്ചിരിയും നൽകി തിരിച്ചുപോരും.
“തങ്കപ്പെട്ട പെണ്ണ്…”
“എന്ത് ഐശ്വര്യമുള്ള പെണ്ണ്..”
എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും അവർ പറയുന്നത് അടുക്കളയിൽ കേൾക്കാം. പത്രോസുമായുള്ള വിവാഹമോചനം കിഴക്കേൽ കുടുംബത്തിന്റെ സൽപ്പേരിനും, നസ്രാണി സമുദായത്തിന്റെ യശസ്സിനും കൂടിയേ തീരൂ എന്ന് അവർ സമർത്ഥിച്ചു. പൊങ്ങച്ചത്തിന്റെ ജല്പനങ്ങളിൽ കഥയില്ലാതെ ചിരിച്ചു യോഹന്നാൻ അവരുടെ നടുവിൽ കാരണവരായി ഞെളി ഞ്ഞിരുന്നു.
ഏലിയാമ്മ, പലതവണ യോഹന്നാനോട് പറഞ്ഞു. “നിങ്ങളുടെ തലയിൽ കളിമണ്ണ് കയറിയോ? നമ്മുടെ പെണ്ണ് വഴിയാധാരമാവുന്നത് കാണണോ? മുറിച്ചുമാറ്റാൻ നിങ്ങളെന്തിനാ ചിറകടിക്കുന്നേ ..”
“നിന്റെ അഭിപ്രായം ചോദിച്ചില്ല; കാര്യങ്ങൾ തീരുമാനിക്കാൻ ആണുങ്ങളുണ്ടിവിടെ..”
“കഷ്ടകാലത്തു തലതിരിഞ്ഞു പോവുമെന്നു കേട്ടിട്ടുണ്ട്.. അതാ നിങ്ങൾക്ക് പറ്റിയത്..”
പള്ളിയിലെ വികാരി കുരുവിളയുടെ പ്രതികരണം യോഹന്നാനെ നിരാശപ്പെടുത്തി.
“യോഹന്നാച്ചാ, നീ ചോദിക്കുന്നത് വിവാഹമോചനം. നിന്റെ മനസ്സിലുള്ളത് പുനർവിവാഹം.. ശരിയല്ലേ?”
അച്ചൻ പറഞ്ഞത് ശരിയാണ്. ജെയിംസാണ് ഇങ്ങിനെയൊരു ചിന്ത മനസ്സിലേക്ക് കൊണ്ടുവന്നത്. സാറാമ്മയെ നമ്മൾ ഇങ്ങിനെ നിർത്തുന്നത് എന്തിന്? ഒറ്റത്തടിയായി ജീവിക്കുന്ന പൗലോസിനെ ആലോചിച്ചാൽ എന്താ കുറ്റം? സുമുഖൻ, പണമുണ്ട്, ജെയിംസിന് വർഷങ്ങളായുള്ള പരിചയം; സാമ്പത്തികകാര്യങ്ങളിലുള്ള പരസ്പര സഹകരണം. ആദ്യഭാര്യ അകാലത്തിൽ മരിച്ചു; അതിൽ കുട്ടികളുമില്ല..
“പൗലോസ് സമ്മതിക്കുമോ?” യോഹന്നാൻ ചോദിച്ചു.
“അപ്പച്ചാ, ഈക്കാര്യം പൗലോസാണ് എന്നോട് ചോദിച്ചത്..എല്ലാവരുടെയും അനുഗ്രഹമുണ്ടെങ്കിൽ ഇത് നടത്താം എന്നാണ് എന്റെ അഭിപ്രായം..”
വിവാഹമോചനക്കാര്യം അവതരിപ്പിക്കാൻ യോഹന്നാൻ ഇടവക വികാരിയുടെ അടുത്തുചെന്നതു പുലിമടയിൽ തലയിട്ടതുപോലെയായി. കുരുവിള അച്ചൻ സൺ‌ഡേസ്‌കൂളിൽ പഠിപ്പിക്കുന്നതുപോലെയാണ് സംസാരിച്ചത്.
“നിനക്കറിയാവുന്ന ഒരു കഥ പറയാം. യോഹന്നാനേ നീ ശ്രദ്ധിച്ചു കേട്ടോ…നമ്മുടെ പൂർവപിതാവ് അബ്രഹാം ദാരിദ്ര്യത്തിൽ ഭാര്യ സാറായുമായി ഈജിപ്തിൽ ചെന്ന കഥ”
ക്ഷാമം വന്നു ബുദ്ധിമുട്ടിയപ്പോൾ, അബ്രഹാം തന്റെ ഭാര്യ സാറയുമായി ഈജിപ്തിലേക്ക് പോയി. അതിസുന്ദരിയായ സാറയെ കൈവശപ്പെടുത്താൻ ആ നാട്ടുകാരിൽ ആരെങ്കിലും തന്നെ കൊന്നുകളഞ്ഞാലോ എന്ന് അബ്രഹാം ഭയപ്പെട്ടു. അതൊഴിവാക്കാൻ സാറ തന്റെ ഭാര്യയാണെന്ന സത്യം അബ്രഹാം ഒളിച്ചുവെച്ചു. സാറ സഹോദരിയാണെന്ന് കേട്ട് അവളെ വിവാഹം കഴിക്കുവാൻ രാജാവായ ഫറവോ, അബ്രഹാമിന്‌ പണവും കാഴ്ചവസ്തുക്കളും കൊണ്ടുവന്നു. ഫറവോനോട് ആർക്ക് എതിരു പറയാനാവും?
പിന്നീട് ഫറവോ സാറയെ തന്റെ മണിയറയിലേക്ക് കൂട്ടികൊണ്ടുപോയി. പക്ഷെ ദൈവം ഈജിപ്തിനു മേൽ പ്ലേഗ് വിതച്ചു. ഫറവോവിനു നാശനഷ്ടങ്ങൾ ഉണ്ടാക്കി. അന്യൻറെ ഭാര്യയെ പരിഗ്രഹിച്ചതിൽ ദൈവം നൽകിയ ശിക്ഷകൾ ഫറവോന്റെ കണ്ണ് തുറപ്പിച്ചു. സത്യം മനസ്സിലാക്കിയ ഫറവോ, അബ്രഹാമിനെ ശാസിച്ച്, സാറയെ തിരിച്ചുകൊടുത്തു.
സാറയെ വിവാഹം ചെയ്ത ഫറവോവിന് എന്ത് സംഭവിച്ചു? ഉല്പത്തി പുസ്തകം പന്ത്രണ്ടാം അധ്യായം പതിനേഴാം വാക്യം. അബ്രഹാമിന്റെ ഭാര്യയായ സാറയെ നിമിത്തം യെഹോവ ഫറവോനെയും, അവന്റെ കുടുംബാംഗങ്ങളെയും അത്യന്തം ദണ്ഡിച്ചു.
“കുരുവിളയച്ചോ.. അതൊക്കെ പഴയ നിയമം.. എന്റെ മോളുടെ കെട്ടിയോനെ ജയിലിലിട്ടിരിക്കുകയാണ്.. അവളുടെ ജീവിതം നശിപ്പിക്കാൻ എനിക്ക് പറ്റില്ല..”
ഇടവക വികാരി കുരുവിള അച്ഛൻ നീണ്ടുനരച്ച താടിയുഴിഞ്ഞു യോഹന്നച്ചന്റെ ആവശ്യത്തെ എതിരിട്ടു.
“വിവാഹമോചനം സഭ അംഗീകരിക്കുന്നില്ല; അതിനുള്ള കാരണങ്ങൾ സഭക്ക് ബോധ്യപ്പെടണം..”
“ഭർത്താവ് ഒരു വർഷത്തിലേറെയായി വീടുവിട്ടുപോയിരിക്കുന്നു. അയാൾ രാജ്യദ്രോഹക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. എന്റെ മകളുടെ ജീവിതത്തിനു സഭ നീതിപൂർവമായ ഒരു തീരുമാനത്തിലെത്തണം..”
അച്ചൻ വീണ്ടും ഒരു സൺഡേ സ്കൂൾ അധ്യാപകനായി വായ് തുറന്നു.
“എങ്കിൽ പുതിയ നിയമത്തിൽനിന്നു പറയാം. മത്തായിയുടെ സുവിശേഷം പത്തൊൻപതാം അധ്യായം. യേശു പറയുന്നു. സൃഷ്ടിച്ചവൻ ആദിയിൽ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുനിമിത്തം, മനുഷ്യൻ അപ്പനെയും, അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും. ഇരുവരും ഒരു ദേഹമായി തീരുമെന്ന് അരുളിച്ചെയ്തതു നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ട് മേലാൽ അവർ രണ്ടല്ല, ഒരു ദേഹമത്രെ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
യോഹന്നാന് ഇറങ്ങി ഓടണമെന്ന് തോന്നി. പ്രായമായ അച്ചന്മാർക്ക് സഭാചട്ടങ്ങളിൽ ഒരു വിട്ടുവീഴ്ചയില്ല. അച്ചൻ തുടർന്നു.
“യേശു പറയുന്നു, നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ, ഭാര്യമാരെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചത്. ഞാനോ നിങ്ങളോടു പറയുന്നു, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”
യോഹന്നാൻ എഴുന്നേറ്റു.
“അച്ചോ, അവസാനവാക്ക് ഇവിടെയല്ലല്ലോ, ഞങ്ങൾ അരമനയിൽ ചെന്ന് ചോദിക്കട്ടെ..”
പള്ളി പിരിഞ്ഞപ്പോൾതന്നെ, സാറാമ്മ കൊച്ചുവറീതിനെ എടുത്ത് പുറത്തേക്കിറങ്ങി. പള്ളിയിലെ ചില പരദൂഷണക്കാരായ അമ്മച്ചിമാരെ ഒഴിവാക്കി ഇറങ്ങിയതാണ്. സാറാമ്മയുടെ കുന്നംകരിയിലേക്കുള്ള തിരിച്ചുവരവ് അവർക്കിഷ്ടപ്പെട്ട വിഷയമാണ്. അവരുടെ കുത്തിയുള്ള നോട്ടങ്ങളും, അടക്കംപറച്ചിലുകളും സാറാമ്മയുടെ കണ്ണിൽ പെട്ടിട്ടുണ്ട്. അവർ പറയുന്നതെന്താണെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.
“കെട്ടിയോൻ ഉപേക്ഷിച്ചു വീട്ടിൽ വന്നു നിൽക്കുവാ..”
“അല്ലെന്നേ.. അവൻ ജയിലിലാ ..”
“അതെയോ?.”
“അതേന്ന്…എന്നിട്ടവളുടെ മട്ടും ഭാവോം കണ്ടില്ലേ?..”
പരദൂഷണത്തിന്റെ മൊത്തവ്യാപാരക്കാരായിരുന്നു ആ അമ്മച്ചിമാർ.. അന്നാമ്മ ധൃതിയിൽ മുന്നോട്ടു നടന്നപ്പോൾ തെയ്യാമ്മയെ കണ്ടു നിന്നു.
“തെയ്യാമ്മച്ചിയേ, എന്താ പെട്ടെന്ന് പോവ്വാണോ?..”
“അതേടീ കൊച്ചെ, വീട്ടിൽ റോസമ്മ തനിച്ചേയുള്ളൂ..”
“അതെയോ, റോസമ്മ എന്നു വന്നു?”
“രണ്ടൂസമായി..”
“അയ്യോ ഞാനറിഞ്ഞില്ല.. എന്താ അവൾ പള്ളില് വരാഞ്ഞേ?”
“നീ ചെന്ന് ചോദിക്ക്.. ആരോടും മിണ്ടാതെ ഒരു മൂലക്കിരിക്കുവാ..വിളിച്ചിട്ടു പള്ളീല് വരുന്നില്ലാന്നു പറഞ്ഞു..”
“ഞാനും വരുന്നമ്മച്ചി..”
വഴിനീളെ തെയ്യമ്മ സംസാരിച്ചു കൊണ്ടിരുന്നു. റോസമ്മയുടെ കുറ്റങ്ങളാണ് കൂടുതലും. സാറാമ്മയുടെ ഒക്കത്തിരുന്ന്, കൊച്ചുവറീത്‌ കുന്നംകരിയിലെ കാഴ്ച്ചകൾ കണ്ട് ഇളകിക്കൊണ്ടിരുന്നു.
“നാട്ടുനടപ്പനുസരിച്ചു പൊന്നും, പണോം കൊടുത്താ അവളെ കെട്ടിച്ചയത്. അവിടെയാണ് ഇനി അവളുടെ ജീവിതം. നീയും കൂടി കേൾക്കാൻ പറയുവാ, കെട്ടിയോന്റെ വീട്ടിൽ പിടിച്ചുനിൽകണം. സുഖമായാലും, ദുഖമായാലും.. പൊട്ടിപ്പെണ്ണുങ്ങള് വീട്ടിൽ വന്നു മോങ്ങിക്കൊണ്ടിരിക്കും..”
പാപ്പി വീട്ടുമുറ്റത്തുണ്ടായിരുന്നു.
മുറ്റത്തെ ചെടികൾ വൃത്തിയില്ലാതെ വളർന്നുനിന്നിരുന്നു. പണ്ട് ഈ ചെടികൾ റോസമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എവിടെയെങ്കിലും ഒരു പുതിയ ചെടികണ്ടാൽ അതിന്റെ ഒരു തൈയ്യോ, കമ്പോ അവൾ കെഞ്ചിക്കേണ് വീട്ടിൽ കൊണ്ടുവരുമായിരുന്നു. ആ ചെടിയിലേതിലെങ്കിലും പൂ വിരിഞ്ഞാൽ അതവൾക്കു വിസ്തരിച്ചു പറയുവാനുള്ള വിഷയമായിരുന്നു.
“പാപ്പിചേട്ടാ, അവളെവിടേ ?”
“നീ വന്നത് നന്നായി .. അവളോടൊന്നു പോയി സംസാരിക്ക്.. അകത്തു വിഷമിച്ചിരിപ്പുണ്ട്.. കൊച്ചിനെ ഇങ്ങു തന്നേരെ.. ഞാനിവനെ കുറച്ചുനേരം എടുക്കട്ടേ..”
വീടിനകത്തെ ഒരു ഇരുണ്ട മൂലയിൽ റോസമ്മ തനിച്ചിരിപ്പുണ്ടായിരുന്നു. അവൾ സാറാമ്മക്ക് തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയിരുന്നു. കണ്ണുകളിലെ വെളിച്ചം കെട്ട്, മുഖം വിളറി, മെലിഞ്ഞുണങ്ങിയ രൂപം കണ്ടു സാറാമ്മ വിങ്ങിപ്പൊട്ടി. അവൾ റോസമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അപ്പുറത്തായിരുന്നു ആ കരച്ചിൽ. റോസമ്മയും കരഞ്ഞു. അവൾ ഏങ്ങലടിച്ചു കരയുമ്പോൾ, തെയ്യമ്മ അടുക്കളയിൽ നിന്ന് എത്തിനോക്കി മുഖത്ത് ഒരു നീരസഭാവവുമായി തിരിച്ചുപോയി.
“എന്ത് പറ്റിയെടീ..എന്റെ റോസേ.. എന്നോട് പറ, നിനക്കെന്തു പറ്റി ?”
“ഒന്നുമില്ല..”
“ഇതെന്തു കോലമാ ? നിനക്ക് സുഖമില്ലേ..”
“ഉം.. സുഖമാ..”
ഒരുപാടു നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു.
“എന്നെ കെട്ടിയവൻ ശരിയല്ല..”
“എന്ന് വച്ചാൽ?..”
“വര്ഷം മൂന്നായി.. അയാൾക്ക് ആവത്തില്ല.. അതിന്റെ വിഷമത്തിൽ കുടി തുടങ്ങി.. ഒരു രാത്രിയിലും ബോധമില്ല.. മക്കളുണ്ടാവാത്തത് എന്റെ കുഴപ്പം കൊണ്ടാണെന്നാ എല്ലാരോടും പറയുന്നത്.. സ്വയം മുഖം രക്ഷിക്കാൻ. ഡോക്ടറെ കാണാൻ തയ്യാറുമല്ല.. ആദ്യമാദ്യം തെറിമാത്രമായിരുന്നു. ഇപ്പോൾ അടിയും തൊഴിയും കൂടിയായി.. ഞാൻ എന്ത് ചെയ്യും. അവരുടെ വീട്ടിൽ ആരും എന്റെ വാക്ക് കേൾക്കുന്നില്ല..”
സാറാമ്മ അവളുടെ കൈത്തണ്ടകളിലെ ചുവന്ന പാടുകളിൽ വിരലോടിച്ചു. ചട്ട അല്പം പൊന്തിച്ചു, അവളുടെ ഇടം വയറിലെ ചതവുകളിൽ തലോടി..
“നിനക്ക് കാപ്പി വേണോടീ കൊച്ചേ ..” തെയ്യമ്മ അടുത്തേക്കുവന്നു. “കെട്ടിയോൻ ഒന്ന് തല്ലിയെന്നു വച്ച് ലോകം ഇടിഞ്ഞൊന്നും പോകത്തില്ല .. ഒരു കൊച്ചോണ്ടാവുമ്പോ, ഇതൊക്കെ തീർന്നു സന്തോഷമാകും. നിന്റെ ഭാവം കണ്ടാൽ നീ മാത്രമേ ലോകത്തു കല്യാണം കഴിച്ചിട്ടുള്ളൂ എന്ന് തോന്നും.”
“തെയ്യാമ്മച്ചീ, റോസക്കു പറയുനുള്ളതുകൂടി അമ്മച്ചി കേൾക്കണം. അവളുടെ വിഷമങ്ങൾ നമ്മള് കേട്ടില്ലെങ്കിൽ ആര് കേൾക്കും.. അവളാരോട് പറയും?” സാറാമ്മ സങ്കടത്തോടെ ചോദിച്ചു.
തെയ്യാമ്മക്ക് കലിയിളകിയെന്നു തോന്നുന്നു.
“നിന്നെപ്പോലെയുള്ള കൂട്ടുകാരികളെക്കൊണ്ടാണ് ഇവളൊക്കെ തലതിരിഞ്ഞു പോകുന്നത്? നീ എന്തിനാടീ ഇവിടെ വന്നു നിൽക്കുന്നേ? നിന്നെ കെട്ടിച്ചയച്ചടത്തു പോ കൊച്ചെ, നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ..”
“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?” വാതിൽക്കൽ നിന്ന് പാപ്പി തെയ്യാമ്മയെ ശാസിച്ചു. അയാൾ തിരിഞ്ഞു റോസമ്മയോട് പറഞ്ഞു. ” എന്റെ മോൾക്ക് എത്ര കാലം വേണേലും ഇവിടെ താമസിക്കാം. ആരും നിന്നോടൊന്നും പറയില്ല. ഒരു പിഞ്ഞാണി കഞ്ഞി കൂടി വിളമ്പാൻ ഇവിടെ ഇപ്പോഴും ആവതുണ്ട്..”
തെയ്യമ്മ അടുക്കളയിൽ നിന്ന് ശാപവാക്കുകൾ ഉറക്കെ പറഞ്ഞു.
സാറാമ്മ എഴുന്നേറ്റപ്പോൾ, പാപ്പി പറഞ്ഞു.. “ഞാൻ അക്കരക്ക് കൊണ്ടാക്കാം ..”
ഇറങ്ങും മുൻപേ അവൾ റോസമ്മയെ കെട്ടിപ്പിടിച്ചു, പതിയെ ചെവിയിൽ പറഞ്ഞു. “തോറ്റുകൊടുക്കരുത്.. നീ ഭക്ഷണം നന്നായി കഴിച്ചു ആരോഗ്യത്തോടെ ഇരിക്കണം. ആരോഗ്യമില്ലെങ്കിൽ നിനക്ക് പിടിച്ചു നിക്കാൻ കഴിയോ..”
വള്ളം അക്കരക്ക് അടുപ്പിക്കുമ്പോൾ പാപ്പി പറഞ്ഞു.
“ലോകം നമ്മൾ കാണുന്നത് പോലെയല്ല. ഒരു പാട് ദുഷ്ടന്മാരുണ്ടിവിടെ. സാറകൊച്ചെ, നീ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്ക്, അപകടങ്ങളിൽ നിന്ന് ഒഴിവാക്കിത്തരാൻ.”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!