Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 35

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

35
ഒരു ഉച്ചമയക്കത്തിനുവേണ്ടി വള്ളപ്പടിയിൽ തലചായ്ച്ചു തിരയുമ്പോഴാണ്, ഉറക്കെ സംസാരിച്ചു രണ്ടുപേർ വന്നത്. പാപ്പി കണ്ണുതുറന്ന് കഴുത്തു വട്ടം ചുറ്റിച്ചു, കൈകൾ കുടഞ്ഞു ഉണർന്നു.
“പാപ്പിചേട്ടോ..”
ജെയിംസും, പൗലോസും. അവർ നല്ല സന്തോഷത്തിലായിരുന്നു. പാപ്പിക്ക് കൗതുകമായി.
“എന്തോ നല്ല വർത്തയുണ്ടെന്നു തോന്നുന്നല്ലോ.. ജെയിംസെ, എന്താ കാര്യം..”
ജെയിംസ് ഹൃദ്യമായി ചിരിച്ചു.
“പാപ്പിചേട്ടാ, നമ്മുടെ കുരുവിള അച്ചനൊക്കെ പിരിഞ്ഞുപോയി വിശ്രമിക്കേണ്ട കാലം കഴിഞ്ഞു. എന്ത് ആവശ്യങ്ങൾക്കു ചെന്നാലും, ഓരോരോ മുട്ടുന്യായങ്ങൾ പറഞ്ഞു മുടക്കാൻ നോക്കും..”
“എന്താ ഉണ്ടായേ?”
“സാറാമ്മയുടെ കാര്യാ.. പാപ്പിചേട്ടനറിയാലോ ഞങ്ങളാ ബന്ധം പിരിയുകാ.. കുരുവിള അച്ഛനോട് സംസാരിക്കാൻ ചെന്നപ്പോൾ, അപ്പച്ചനോട് പഴേ നിയമോം, പുതിയ നിയമോം ഒക്കെ പറഞ്ഞു ക്ലാസ്സെടുത്തു..”
“എന്നിട്ട്, അതിപ്പോ ശരിയായോ?..”
“പിന്നല്ലാതെ?..” പൗലോസ് സംസാരം ഏറ്റെടുത്തു.” അരമനയിൽ പോയി തിരുമേനിയെ കണ്ടു. കണ്ടെന്നു പറഞ്ഞാൽ കാണേണ്ടതുപോലെ കണ്ടു. കാനോനിക നിയമങ്ങളിലൊക്കെ അയവും, ഇളവും വരുത്തിത്തന്നു. എല്ലാം പണത്തിന്റെ പുറത്തുള്ള കളിയല്ലേ”
അവർ ചിരിച്ചു സംസാരിച്ചു വള്ളമിറങ്ങി പോകുന്നതു നോക്കി, പാപ്പി വള്ളത്തിലിരുന്നു.
എന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ല. ഒരു മയക്കത്തിനു വീട്ടിലേക്കു പോകാൻ പോലും മനസ്സ് മടിച്ചു. തെയ്യാമ്മയുടെ ശകാരങ്ങളും, കുത്തുവാക്കുകളും ഇല്ലാതിരുന്നെങ്കിൽ റോസമ്മ കുറച്ചു ദിവസങ്ങൾ കൂടി വീട്ടിൽ നിന്നേനെ. പക്ഷെ അവൾ രാവിലെതന്നെ എഴുന്നേറ്റ് യാത്രക്കൊരുങ്ങി.
“അപ്പച്ചാ, ഞാൻ പോവ്വാ..എന്റെ പ്രശ്നങ്ങളെ ഓർത്തു വിഷമിക്കണ്ട, ഒക്കെ ശരിയായിക്കോളും..”
“എന്റെ മോള് വിഷമിക്കല്ലെ, അമ്മ എന്തെങ്കിലും പറയുന്നതു കേട്ട് സങ്കടപ്പെടല്ലേ.. ” പാപ്പി ആശ്വസിപ്പിച്ചു.
“എനിക്കറിയാത്തതല്ലല്ലോ അപ്പച്ചാ, ചീത്ത പറഞ്ഞാ അമ്മച്ചി സ്നേഹം കാട്ടുന്നത്..”
“നീ ഭക്ഷണമൊക്കെ സമയത്തിന് കഴിച്ചോണം. ആരോഗ്യമില്ലെങ്കിൽ പിന്നെ ഒന്നുമില്ല”
തെയ്യമ്മ റോസമ്മയുടെ തോളത്തു തട്ടി
“നീ പൊയ്ക്കോ..നിന്റെ വീട് അതാണെന്ന് നീ ഒരിക്കലും മറക്കരുത്..ഇപ്പോൾ പോയാൽ വൈകുന്നേനു മുൻപേ വീട്ടിലെത്താം.”
പോവും മുൻപ് റോസമ്മ അവൾ മുറ്റത്തെ തെച്ചിപ്പൂക്കളിൽ കൈയോടിച്ചു. തെച്ചിപ്പൂക്കൾക്ക് അടുത്ത് മഞ്ഞകോളാമ്പിപ്പൂക്കൾ, അത് സാറാമ്മ തന്നതാണ്. അതിനടുത്തു റോസാച്ചെടികളാണ്. ചുവപ്പും, വെളുപ്പും പൂക്കളെ ചുമക്കുന്ന റോസാച്ചെടികൾ. കൈയിൽ മുള്ളുകൊണ്ടെന്നു തോന്നുന്നു, അവൾ കൈവലിച്ചു, വിരലിൽ കടിച്ചു.
യാത്രക്ക് കൂടെ പോകാമെന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല, അവൾ പോയി.
റോസമ്മ പോയതിന് ശേഷം പാപ്പി മൗനത്തിലായിരുന്നു. ഒരു വിഷമം ഉള്ളിൽ തികട്ടി വന്നു.
“രണ്ടു ദിവസം കൂടി അവൾക്ക് നില്കാമായിരുന്നു..” പാപ്പി പറഞ്ഞു.
“അവളു പോട്ടെ, കെട്ടിച്ചു വിട്ടതിനെ ഇവിടെ പിടിച്ചു നിർത്തുന്നത് എന്തിനാ? നിങ്ങള് മിണ്ടാതിരിക്ക്…”
തെയ്യാമ്മയോട് വായിടാൻ ആർക്കു കഴിയും? പാപ്പി വള്ളത്തിന്റെ പടിയിൽ തലചായ്ച്ചു കണ്ണുകളടച്ചു. മണിമലയാറിന്റെ ഓളങ്ങൾ അയാളെ തൊട്ടിലാട്ടി.
റോസമ്മ പോയതിന്റെ മൂന്നാം നാൾ കുന്നംകരിയിലെ കാക്കകളെല്ലാം പാപ്പിയുടെ വീടിനു ചുറ്റും കൂട്ടംകൂടി ഒച്ചയിട്ടു. നേരം വെളുത്തിട്ടേ ഉള്ളു. പുന്നത്തറയിൽ നിന്ന് ഒരാൾ വന്നു. വന്നയാൾ കയറി ഇരിക്കാൻ കൂട്ടാക്കാതെ മുറ്റത്തുതന്നെ നിന്ന് വിവരം അറിയിച്ചു.
തലേ രാത്രിയിൽ, റോസമ്മ മരിച്ചു! തൂങ്ങി മരണം!
പാപ്പി കൈകാലുകൾ തളർന്നു തിണ്ണയിലേക്ക് ഇരുന്നു. തെയ്യമ്മ വാവിട്ടു നിലവിളിച്ചു.
പുന്നത്തറയിലെത്തുമ്പോഴേക്കും പല കഥകൾ കേട്ടു. രാത്രിയിലെ വഴക്കിൽ അസ്ഥാനത്തു തൊഴി കൊണ്ടതാണെന്നും, തറയിൽ വീണ പെണ്ണ് പിന്നെ അനങ്ങിയില്ലെന്നും മറ്റുമുള്ള നാട്ടുവർത്തമാനങ്ങൾ..പോത്തനെ രാവിലെ പോലീസ് കൊണ്ടുപോവുമ്പോഴും, അയാളുടെ വായിൽ നിന്ന് പുളിച്ചു തികട്ടുന്ന കള്ളിന്റെ മണം മാറിയിരുന്നില്ലത്രേ.
കീറിമുറിച്ചുള്ള പരിശോധനക്ക് ശേഷം, വീട്ടുമുറ്റത്തെ പന്തലിൽ നല്ലൊരു പെട്ടിയിൽ റോസമ്മ വെള്ളപൊതിഞ്ഞു കിടന്നു.
വിവാഹം, പറിച്ചുനടുന്ന ചെടിപോലെ ദുർബലമായ ഒരു മാറ്റമാണ്… അതിൽ പഴയ വേരുകൾ മുറിഞ്ഞ വേദനയുണ്ട്; പുതിയ വേരുകൾ വളരാനുള്ള താമസമുണ്ട്. അതിനാവശ്യമായ വെള്ളവും വളവും, പരിചരണവും കിട്ടുമോ എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥയുണ്ട്..
പുന്നത്തുറയിലൂടെയാണ് മീനച്ചിലാർ ഒഴുകുന്നത്. മീനച്ചിലാറിലേക്ക് പന്നഗം തോട് ഒഴുകിയിറങ്ങുന്നേടത്തായിരുന്നു റോസമ്മയെ കെട്ടിച്ചയച്ച വീട്. കവുങ്ങിൻ കാലുകൾ നാട്ടി, അലകുകൾ നിരത്തി തെങ്ങോല വിരിച്ച പന്തലിന്റെ തറയിൽ വിരിച്ച പായയിൽ നിറയെ ആളുകൾ പെട്ടിക്കുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു.
ഉറങ്ങും പോലെ ശാന്തമായി കണ്ണുകളടച്ചു കിടക്കുന്ന റോസമ്മയെ കണ്ടു തെയ്യമ്മ വലിയ വായിൽ നിലവിളിച്ചു.
നിലവിളക്കിന്റെ തിരിനാളങ്ങൾ ഉലഞ്ഞു. ഇടവകപ്പള്ളിയിലെ വലിയ കുരിശും കറുത്ത പുറംചട്ടയിട്ട സത്യവേദപുസ്തകവും ശവപ്പെട്ടിക്ക് അകമ്പടിയിരുന്നു. തെയ്യാമ്മയുടെ നിലവിളികൾക്ക് മുകളിലേക്ക് പാട്ടുകാരുടെ ശബ്ദം ഉയർന്നു.
“സമയമാം.. രഥത്തിൽ ഞാൻ..
സ്വർഗ്ഗ യാത്ര ചെയ്യുന്നു..
എൻ സ്വദേശം കാണ്മതിനായ്
ഞാൻ തനിയെ പോകുന്നു..”
നെഗൽ* അച്ചന്റെ പാട്ട് ഭക്തിയേക്കാൾ ഭീതിയാണ് ഉളവാക്കുന്നത്. മരണവീട്ടിലല്ലാതെ ഒരിടത്തും പാടാത്ത പാട്ട് …
തെയ്യാമ്മയെ ആശ്വസിപ്പിക്കാൻ പോത്തന്റെ അമ്മ ശ്രമിച്ചു.
“നീയൊക്കെ എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞല്ലേ?..” തെയ്യമ്മ പൊട്ടിത്തെറിച്ചു.
ആരോ പോത്തന്റെ അമ്മയെ പിന്നോട്ട് കൂട്ടിക്കൊണ്ടുവന്നു പായിലിരുത്തി.
“രാത്രിയിൽ ഞാൻ ദൈവത്തിന്റെ
കൈകളിൽ ഉറങ്ങുന്നു..
അപ്പോഴുമെൻ രഥത്തിന്റെ
ചക്രം മുന്നോട്ടോടുന്നു..”
പോത്തന്റെ അപ്പൻ, പാപ്പന്റെ തോളിൽ കൈവെച്ചു. അയാളും തകർന്നു നിൽക്കുകയായിരുന്നു. പാപ്പന്റെ ചങ്കു പിടഞ്ഞു. ശബ്ദം ഇടറി.
“എന്റെ മോള് ഇന്നലെയല്ല മരിച്ചത്.. മാസങ്ങളായി അവൾ നിങ്ങളുടെ വീട്ടിൽ മരിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലേ? നിങ്ങളൊക്കെ അതെങ്ങിനെ കാണാതെ പോയി?”
പോത്തന്റെ അപ്പൻ മറുപടിയില്ലാതെ, പാപ്പന്റെ തോളത്തു മുഖം ചേർത്ത് കരഞ്ഞു.
തിരിച്ചു പോരും മുൻപ്, പാപ്പി കോട്ടയം പോലീസ് സ്റ്റേഷനിൽ കയറി. ഇൻസ്‌പെക്ടർ നൽകിയ മൂന്നു മിനിറ്റിന്റെ ഔദാര്യത്തിൽ അയാൾ തടവുമുറിയുടെ ഇരുമ്പഴികൾക്കു പുറത്തുനിന്ന് പോത്തനെ വിളിച്ചു. അയാൾ സിമന്റു തറയിൽ ഭിത്തിയിൽ ചാരി തലകുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു.
അയാൾ പാപ്പനെ നോക്കിയിട്ടു വീണ്ടും മുഖം കുമ്പിട്ട് ഇരുന്നു. കുറ്റിത്താടിവളർന്ന മുഖത്തു ചീർത്ത കൺതടങ്ങൾ ; നെറ്റിയിൽ പിടഞ്ഞു കിടന്ന നരമ്പുകൾ..
“എടാ, എന്ത് തെറ്റാടാ എന്റെ മോൾ നിന്നോട് ചെയ്തത്?..”
പോത്തന് പറയാൻ ഒന്നുമില്ലായിരുന്നു.
അയാളെ നോക്കി പാപ്പൻ ചോദ്യം ആവർത്തിച്ചു.
“കൈവിട്ടു പോയി.. എല്ലാം കൈവിട്ടു പോയി..” പോത്തൻ പറഞ്ഞു.
“നീ അനുഭവിക്കുമെടാ, ഒരു സാധു പെണ്ണിന്റെ ജീവനെടുത്ത നിനക്കുള്ള ശിക്ഷ ദൈവം വച്ചിട്ടുണ്ട്..”
“സമയം കഴിഞ്ഞു.” പോലീസുകാരൻ പുറത്തു തട്ടി. പാപ്പന് എന്തൊക്കെയോ പറയാൻ വിമ്പി. പക്ഷെ പറയാനുള്ള വാക്കുകൾ കിട്ടിയില്ല
“നീ അനുഭവിക്കുമെടാ..” പാപ്പൻ വീണ്ടും ഉറക്കെ പറഞ്ഞു.
“നിങ്ങൾ പോകൂ..” പോലീസുകാരൻ പാപ്പിയെ പുറത്തേക്കിറക്കി.
കോടിമതയിലെ ജെട്ടിയിൽ നിന്ന് ഒരു വലിയ മുരൾച്ചയോടെ ബോട്ട് തെക്കോട്ടു യാത്ര ചെയ്തു. വഴി നീളെ അടുത്തിരുന്ന് തെയ്യമ്മ ചൊല്ലിയ പ്രാർത്ഥനകളും, പറഞ്ഞ ശാപവാക്കുകളും പാപ്പന്റെ ചെവിയിലേക്ക് കയറിയില്ല. അയാളുടെ ഉള്ളിൽ ക്രോധത്തിന്റെ നെരിപ്പോട് എരിയുകയായിരുന്നു.

(തുടരും)

Reference
*Volbrecht Nagel: നെഗൽ അച്ചൻ 1867 – 1921 ജർമൻ മിഷനറി പ്രധാനമായും, ത്യശ്ശൂർ കുന്നംകുളത്തും, നീലഗിരിയിലും പ്രവർത്തിച്ചു. അനേകം ക്രിസ്തീയ ഗാനങ്ങൾ രചിച്ചു. ഏറ്റവും പ്രസിദ്ധമായ ഗാനം “സമയമാം രഥത്തിൽ.. ” ഈ ഗാനം ശവസംസ്കാരച്ചടങ്ങുകളിൽ ഇന്നും ഏറ്റവും കൂടുതൽ ആലപിക്കപ്പെടുന്നു.

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!