Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 36

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

36
വൈക്കത്തെ സമരം സവർണമേധാവിത്വത്തിനെതിരെ ആയിരിക്കുമ്പോഴും, സവർണരായ ഒട്ടേറെപ്പേർ സമരത്തിന്റെ മുന്നിലുണ്ടായിരുന്നു. നമ്പൂതിരിമാരും, നായന്മാരും ഈ സമരത്തിൽ പങ്കെടുക്കുന്നത് എന്തിനെന്നു തേവന് മനസ്സിലായില്ല. കീഴ്ജാതിക്കാരായ ഈഴവരും, പുറംജാതിക്കാരായ പറയരും പുലയരും സമരം ചെയ്യുന്നത് മനസിലാക്കാം. പക്ഷെ രാമൻ ഇളയതും, ശങ്കുപിള്ളയും എന്തിന് വേണ്ടി കഷ്ടപ്പെടണം? മേൽജാതികളോട് വലിയ മാനസിക അകലം പാലിച്ചു വന്ന ആളായിരുന്നു തേവൻ. കുട്ടിക്കാലം മുതൽ കേട്ടതും, കണ്ടതും, അറിഞ്ഞതും മേല്ജാതിക്കാരുടെ ദയാഹീനമായ പ്രവർത്തികളെപ്പറ്റി ആയിരുന്നു. പുറംജാതികൾ പര്യമ്പുറത്തു കഞ്ഞിവെള്ളത്തിനു വേണ്ടി ഓച്ഛാനിച്ചു നിൽക്കുന്നത് കണ്ടു വളർന്ന തേവന് രാമൻ ഇളയതും ശങ്കുപിള്ളയുമൊക്കെ അവന്റെ തോളിൽ കൈയിട്ടു സ്വതന്ത്രമായി പെരുമാറുന്നത് ആദ്യം വിശ്വസിക്കാനായില്ല. എല്ലാ സവർണരും ദുഷ്ടന്മാരാണെന്നുള്ള ചിന്തയെ മാസങ്ങളായുള്ള സത്യാഗ്രഹപന്തലിലെ ജീവിതം മാറ്റിമറിച്ചു.
“എന്നാലും, പുലയൻ എന്നും പുറംപണിക്കാരനായി ജീവിക്കാനാണ് നിയോഗം..” തേവൻ പറഞ്ഞു.
“അങ്ങനെയൊന്നുമില്ല തേവാ.. നിനക്കറിയ്യോ, പുലയന്മാർ ഭരിച്ചിരുന്ന പുലയനാർ കോട്ടയെപ്പറ്റി?”
പുലയ രാജാവോ? തേവൻ അത് കേട്ടിരുന്നില്ല. ശങ്കുപിള്ള പുലയനാർ കോട്ടയെ പറ്റി പറഞ്ഞു.
തിരുവനന്തപുരത്തെ ആക്കുളം കായലിന്റെ തീരത്തായിരുന്നു പുലയനാർ കോട്ട. കാളിപുലയനായിരുന്നു അവസാനത്തെ രാജാവ്.
പുലയനാർകോട്ടയിലെ രാജാക്കന്മാരുടെ പ്രത്യേകത അവർ സ്വായത്തമാക്കിയിട്ടുള്ള മാന്ത്രികശക്തികളും, ഒടിവിദ്യകളും ആയിരുന്നു. പുലയനാർ കോട്ടയിൽ മാത്രം തയ്യാറാക്കുന്ന ‘ഉണ്ണിതൈലം’ ദേഹത്തു പുരട്ടിയാൽ അവരെ നഗ്നനേത്രങ്ങളാൽ ആർക്കും കാണുവാൻ കഴിയുമായിരുന്നില്ല.
കാളിപ്പുലയനു ശ്രീപദ്‌മനാഭക്ഷേത്രത്തിൽ ദർശനം നടത്തണം. ‘ഉണ്ണിതൈലം’ തേച്ചു കാളിപ്പുലയൻ രാജാവ് ക്ഷേത്രത്തിൽ പോയി തൊഴുതു വന്നുകൊണ്ടിരുന്നു. ഇങ്ങിനെയൊരു ദിവസം തിരുവിതാംകൂർ മഹാരാജാവിന്റെ ഊട്ടുപുരയിൽ കയറി നോക്കുമ്പോൾ മഹാരാജാവ് കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നു. കാളിപ്പുലയനും കൂട്ടത്തിൽകൂടി ആ തളികയിൽ നിന്ന് പ്ലാവിലയിൽ കഞ്ഞി കോരിക്കുടിച്ചു.
പലതവണ ആയപ്പോൾ മഹാരാജാവിനു സംശയം തോന്നി. തളികയിൽ കഞ്ഞി പെട്ടെന്ന് തീർന്നതെങ്ങിനെ? മറ്റാരോ അധൃശ്യനായി തന്റെ കൂടെ കഞ്ഞി കുടിച്ചുവോ?
കാളിപ്പുലയൻ ശ്രീപദ്‌മനാഭ ഭക്തനായിരുന്നു. അപായങ്ങളെ അവഗണിച്ചു ക്ഷേത്രദർശനവും കഞ്ഞിസേവയും തുടർന്നു കൊണ്ടിരുന്നു.
“എന്നിട്ട്?..” തേവന് ആകാംഷയായി
ഒരു ദിവസം ചൂടുകഞ്ഞി കുടിച്ചു കാളിപ്പുലയൻ നന്നായി വിയർത്തു. വിയർപ്പ് തുടച്ചുകളഞ്ഞപ്പോൾ ഉണ്ണിതൈലവും ആ കൂട്ടത്തിൽ പോയി. മാന്ത്രിക തൈലം പോയപ്പോൾ പ്രത്യക്ഷനായ കാളിപ്പുലയനെ മഹാരാജാവിന്റെ അനുചരന്മാർ ബന്ധനസ്ഥനാക്കി.
അതിക്രമിച്ചുകയറിയ പുലയനാർകോട്ടയിലെ രാജാവിനെ അവർ വധിച്ചു..
കാളിപ്പുലയന്റെ ആത്മാവ് അവിടെയൊക്കെ അലഞ്ഞുനടന്നു. കൊട്ടാരത്തിലേക്ക് ഓട്ടുപത്രങ്ങൾ നിർമിക്കുന്നവരെ ആത്മാവ് നിരന്തരം ശല്യപ്പെടുത്തി. ജ്യോൽസ്യവിധിപ്രകാരം, കാളിപ്പുലയന്റെ ആത്മാവിനെ പിടിച്ചുകെട്ടി അട്ടകുളങ്ങര ധര്മശാസ്താക്ഷേത്രത്തിൽ കുടിയിരുത്തി എന്നാണ് ഐതിഹ്യം..
തേവന് കഥ ഇഷ്ടപ്പെട്ടു. ഈ മലയാളനാട്ടിൽ, പുലയനും ഒരിക്കൽ രാജാവായിരുന്നല്ലോ..
കുറച്ചു ദിവസം മാറിനിൽക്കാനുള്ള മാധവൻ സാറിന്റെ നിർദ്ദേശപ്രകാരം രാമനും, തേവനും, പത്രോസും, ചന്ദ്രനും അവരവരുടെ വീടുകളിലേക്ക് പോകുവാൻ തയ്യാറായി. രാമന്റെ ഇല്ലം കൂത്താട്ടുകുളത്താണ്. തേവനും ചന്ദ്രനും കായലിന്റെ അങ്ങേക്കരയിലെത്തണം. പത്രോസിനു കോട്ടയത്തേക്കും.
“പത്രോസ് നിൽക്കൂ, ഞാനും വരുന്നുണ്ട്, നമുക്കൊരുമിച്ചു പോകാം..” ശങ്കുപിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ വീട് ചങ്ങനാശ്ശേരിയിലാണ്.
രാമനും, തേവനും, ചന്ദ്രനും പോയി. പത്രോസ് ശങ്കുപിള്ളക്ക് വേണ്ടി കാത്തുനിന്നു. ശങ്കുപിള്ള ഒരുങ്ങിയിറങ്ങുമ്പോൾ എന്തൊരു ഐശ്വര്യമാണ്. മുടി നരച്ചുവെങ്കിലും, നന്നായി ചീകി നെറ്റിയിൽ ചന്ദനക്കുറിയുമിട്ടു, ഖദർ ഉടുപ്പിനുമേലെ നേര്യതുമിട്ടാണ് ശങ്കുപിള്ള വന്നത്.
“പോകാം..”
“പിള്ളാച്ചനെ കാണാൻ എന്തൊരു എടുപ്പ്? പെണ്ണുകാണാൻ പോകുമ്പോലെ ഉണ്ടല്ലോ..” പത്രോസ് ചിരിച്ചു.
“അതേടോ, എന്റെ വഴിയും നോക്കി ഭാര്യ വീട്ടിലിരുപ്പുണ്ട്..”
അവർ ഓരോന്നു സംസാരിച്ചു കൊച്ചാലുംമൂട് കവലയിലെത്തി. അതിനടുത്താണ് ഇണ്ടംതുരുത്തിമന. കവല കഴിഞ്ഞു മുന്നോട്ടു നടക്കുമ്പോൾ, പിന്നിൽ നിന്ന് കൈയ്യടിച്ചു വിളിക്കുന്ന ശബ്ദം കേട്ടു പത്രോസ് തിരിഞ്ഞു നോക്കി.
നാലുപേർ അവർക്കു നേരെ നടന്നു വരുന്നു. അവരുടെ നടപ്പിൽ തന്നെ അതൊരു സദുദ്ദേശപരമല്ല എന്ന് തോന്നിച്ചു.
“പ്രശ്നക്കാരാണല്ലോ പത്രോസേ ..” ശങ്കുപിള്ള പറഞ്ഞു.
അവർ അടുത്തെത്തി. അവരിൽ കൈമളെയും, ശേഖരനെയും പത്രോസ് തിരിച്ചറിഞ്ഞു. മുൻപത്തെ കൂട്ടിമുട്ടലിൽ കണ്ടവർ തന്നെ. കൈമളിന് നല്ല ഉയരമുണ്ടായിരുന്നു. ശേഖരനൊ അഞ്ചരയടി ഉയരത്തിലുള്ളൊരു കുറ്റിയാനായിരുന്നു.
ഖദർ ഉടുപ്പിട്ട ശങ്കുപിള്ളയെയും, പത്രോസിനെയും അവർ തെറിവിളിച്ചു പ്രകോപിപ്പിക്കാൻ നോക്കി. തെറികൾ അച്ഛനെയും, മുത്തച്ഛനേയും, അമ്മയെയും, പെങ്ങന്മാരെയും പറ്റിയായപ്പോൾ ശങ്കുപിള്ള പറഞ്ഞു
“കുട്ടികളേ , നിങ്ങൾ ആവശ്യമില്ലാതെ എന്തിനാ ശണ്ഠക്കു വരുന്നത്? ഞങ്ങൾ ഒരു വഴിക്കു പോകുകയാണ്. ദയവു ചെയ്തു വഴി തടയരുത്.”
കൈമൾ ശങ്കുപിള്ളയെ പിടിച്ചുതള്ളി. അതിന്റെ ഊക്കിൽ അയാൾ പിന്നിലേക്ക് മറിഞ്ഞു വീണു. ശങ്കുപിള്ളയെ പിടിക്കാനായി ഓങ്ങിയ പത്രോസിന്റെ ഖദർ ഉടുപ്പിൽ കൂട്ടിപ്പിടിച്ചു ശേഖരൻ മുഖത്തടിച്ചു. തടയാൻ കൈ ഉയർത്തുംമുമ്പേ അടുത്ത അടി വീണു.
വീണുപോയ ശങ്കുപിള്ള ചാടിയെഴുന്നേറ്റു പത്രോസിനെ രക്ഷിക്കുവാൻ ഇടയിൽ കയറി.
“അക്രമം കാണിക്കരുത്. ഈ പൊതുവഴിയിൽ ഞങ്ങളെ തടയാൻ ആരാണ് നിങ്ങളെ അയച്ചത്?”
“നീയൊക്കെ സത്യാഗ്രഹക്കാരല്ലേ? കാണിച്ചു തരാം..”
ഒരാൾ ശങ്കുപിള്ളയുടെ ഇരുകൈകളും കൂട്ടി പിന്നിലേക്ക് തിരിച്ചു. ശേഖരൻ അയാളുടെ വയറ്റിലേക്കും നാഭിയിലേക്കും ആഞ്ഞുതൊഴിച്ചു. ഒന്നല്ല; അസംഖ്യം തോഴികൾ… ഒന്നിന് പിറകെ മറ്റൊന്നായി. ഇടയ്ക്കു കയറിയ പത്രോസിന്റെ നെഞ്ചിൽ കിട്ടിയ ഇടിയിൽ അയാൾ ദൂരേക്ക്‌ തെറിച്ചു വീണു.
ശങ്കുപിള്ളയുടെ നെറ്റിയിൽ നിന്നും വായിൽ നിന്നും ചോര ഒഴുകിയിറങ്ങി. അയാൾ ഓരോ തൊഴിയിലും നിലവിളിച്ചു. തൊഴിച്ച ആൾ പിന്നിലേക്ക് മാറിയപ്പോൾ, മൂന്നാമതൊരാൾ ഏതോ അഭ്യാസപ്രകടനം പോലെ ഓടിവന്നു നെഞ്ചിലേക്ക് ചാടി കാൽമുട്ടുകൾ കൊണ്ടിടിച്ചു.
ശങ്കുപിള്ള പിന്നെ നിലവിളിച്ചില്ല. അയാൾ വഴിയരികിലെ ഓടയിലേക്ക് തെന്നിവീണു. അയാളെ രക്ഷിക്കുവാനായി പത്രോസ് ആവതു ശ്രമിച്ചു. ഖദർ ഉടുപ്പ് കീറിപ്പോയി. മുണ്ട് അഴിഞ്ഞു പോയി. അവർ പത്രോസിനെ മുഷ്ടി ചുരുട്ടി ഇടിച്ചു. കഴുത്തിലും, മുതുകിലും അടികൾ വീണു. പത്രോസ് ബോധരഹിതനായി.
വീണുകിടന്ന രണ്ടുപേരെയും അവർ തൊഴിച്ചുണർത്താൻ നോക്കി. ഒരു പ്രതികരണവുമില്ലാത്തതുകൊണ്ട്, കൈമൾ പറഞ്ഞു.
“പോകാം, ഇന്നത്തേക്ക് ഇത് മതി..”
കൈമളും കൂട്ടരും പോയികഴിഞ്ഞപ്പോൾ, കൊച്ചാലുംമൂട്ടിലെ കാഴ്ചക്കാർ ഉണർന്നു. നാട്ടുകാർ ബോധമറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ടുദിവസം പത്രോസ് അബോധാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ കിടന്നു. അതിവേദനയോടെ അയാൾ പതിയെ ഈ ലോകത്തിലേക്ക് തിരിച്ചുവന്നു. കണ്ണ് തുറന്നപ്പോൾ മുന്നിൽ കണ്ടത് ചന്ദ്രന്റെ മുഖമാണ്. പത്രോസ് ചിരിക്കുവാൻ പരിശ്രമിച്ചെങ്കിലും, വേദനമൂലം സാധിച്ചില്ല.
പള്ളിപ്പുറത്തു വൈകുന്നേരം വന്നവർ പറഞ്ഞാണ് ചന്ദ്രൻ വിവരം അറിഞ്ഞത്. ഇണ്ടംതുരുത്തിക്കാരുടെ ചട്ടമ്പികൾ സത്യാഗ്രഹികളിൽ രണ്ടുപേരെ മർദിച്ചു ആശുപത്രിയിലാക്കി എന്നാണ് കേട്ടത്. ചന്ദ്രൻ അതിരാവിലെയുള്ള ബോട്ടിൽ വൈക്കത്തിറങ്ങിയപ്പോഴാണ്, ആശുപത്രിയിലുള്ളത് ശങ്കുപിള്ളയും, പത്രോസുമാണെന്നു അറിഞ്ഞത്.
വാരിയെല്ലിൽ രണ്ടു സ്ഥലത്തു പൊട്ടലുണ്ട്. കഴുത്തിലും, മുതുകിലും, വയറ്റിന്റെ ഒരു വശത്തും ചതവുകളുണ്ട്.
“ശങ്കുചേട്ടൻ?…” പത്രോസ് വിഷമപ്പെട്ടു ചോദിച്ചു.
“നീ വിശ്രമിക്ക്..”
“ശങ്കുചേട്ടൻ?..” പത്രോസ് വീണ്ടും ചോദിച്ചു.
ചന്ദ്രന്റെ മുഖം ചുവന്നുവന്നു. അയാൾ കരയാൻ പോവുകയാണെന്ന് പത്രോസിനു തോന്നി.
“ആ ദോഹികൾ ചേട്ടനെ ഒരുപാടു ഉപദ്രവിച്ചു. മൂത്രം പോവുന്നില്ല. ശ്വാസം കഴിക്കാനും വിഷമമുണ്ട്. ഡോക്ടർ ഇവിടെ പറ്റാത്തതുകൊണ്ട് എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടിലറിയിച്ചിട്ടുണ്ട്..”
ആശുപത്രിയിൽ നിന്ന് പത്രോസിന് വിടുതൽ കിട്ടിയ ദിവസം ചന്ദ്രൻ അയാളെ പള്ളിപ്പുറത്തേക്ക് കൂട്ടികൊണ്ടുപോയി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!