Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 37

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

37
ഏഴുമാസങ്ങൾക്ക് മുൻപ് കൈ വീശി യാത്രയായ പത്രോസ് വീണ്ടും പള്ളിപ്പുറത്ത് എത്തിയത് മുറിവേറ്റ ഒരു പോരാളിയെ പോലെയായിരുന്നു. ചന്ദ്രന്റെ കൈ പിടിച്ചു പാടുപെട്ടാണ് പത്രോസ് ബോട്ടിൽ നിന്നിറങ്ങിയത്. ജെട്ടിയിൽ നിന്ന് ഒരു കാളവണ്ടി തരമാക്കി, അതിൽ കയറിയാണ് പത്രോസ് പള്ളിക്കരയിലേക്ക് യാത്ര ചെയ്തത്. തുറന്നു കിടന്ന കാളവണ്ടിയുടെ പിൻഭാഗത്തുകൂടി ഗ്രാമം പിന്നോട്ട് പോകുന്നത് നോക്കി പത്രോസ് ഇരുന്നു.
“ചന്ദ്രൻ, നിനക്ക് ബുദ്ധിമുട്ടായല്ലേ?”
“ബുദ്ധിമുട്ട്, മണ്ണാങ്കട്ട.. എത്രയും വേഗം സുഖം പ്രാപിക്കണം. അതാണിപ്പോൾ പ്രധാനം..ഈ നാട്ടിലെ ഏറ്റവും നല്ല വൈദ്യരാണ് ഉണ്ണിത്താൻ. നിന്റെ ദേഹത്തെ ചതവിനു ആയുർവേദമാണ് വേണ്ടത്.”
പത്രോസ് നിശബ്ദനായി. കാളവണ്ടിയുടെ കുലുക്കത്തിൽ ദേഹത്തെ വേദന അധികരിക്കുന്നു.
ഇത്രയും കാലത്തിനുശേഷം വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ വഴിമുടക്കാൻ ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും ഓർത്തുവോ? അടിമുടി പരിക്കുകളുമായി വീട്ടിലേക്ക് കയറിച്ചെന്നാൽ എങ്ങിനെയായിരിക്കും അവർ പ്രതികരിക്കുക? അപ്പച്ചൻ എന്നെ സ്വീകരിക്കുമോ? അതോ “പടിക്ക് പുറത്ത്” എന്ന് പറഞ്ഞു കഴുത്തിനു പിടിച്ചു പുറത്താക്കുമോ? അമ്മ എന്തു പറയും? സാറാമ്മയോട് ഞാൻ കാണിച്ചത് അന്യായമായിപ്പോയി. അവൾ തന്ന സ്നേഹം തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴെല്ലാം തടസ്സങ്ങൾ വഴിയടച്ചു നിന്നു..അവരെ സഹായിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. ഈ ജന്മം കൊണ്ട് എന്ത് പ്രയോജനം? പത്രോസിന്റെ ചിന്തകൾ കാട് കയറി.
ആരോഗ്യം നഷ്ടപ്പെടുന്ന നിമിഷം മുതൽ മനുഷ്യന്റെ ആത്മവിശ്വാസം ചോർന്നുപോകുന്നു. ഓട്ടപ്പാത്രത്തിലെ അരിപ്പൊടി ചോർന്നു വീഴുന്നത് പോലെയാണ് രോഗിയുടെ ആത്മവിശ്വാസം.
നാലു ദിവസങ്ങൾ ആശുപത്രിയിൽ കിടന്നു. പോരാൻ നേരം, ഡോക്ടർ പറഞ്ഞു.
“ചതവുകളുണ്ട്; സമയമെടുക്കും. വാരിയെല്ലിലെ പൊട്ടൽ സ്വയമേവ ശരിയായിക്കൊള്ളും. നന്നായിട്ടു വിശ്രമിച്ചോളൂ..”
മുറ്റത്തു ചൂലുമായി അടിച്ചുതൂക്കുന്ന പഞ്ചമിയാണ്, കാളവണ്ടിയിൽ നിന്നിറങ്ങുന്ന ചന്ദ്രനെയും, പത്രോസിനെയും ആദ്യം കണ്ടത്.
“അമ്മേ.. അച്ഛാ.. ഇതാ ചേട്ടനെത്തി; കൂടെ പത്രോസ് ചേട്ടനുമുണ്ട്..”
അവളുടെ ഉറക്കെയുള്ള വിളികേട്ടു ഭാസ്കരനും കാർത്യായനിയും പുറത്തേക്കു വന്നു. ചന്ദ്രന്റെ തോളിൽ ചാഞ്ഞു, ഓത്തിയൊത്തി നടന്നു വരുന്ന പത്രോസിനെ കണ്ട് അവർ അമ്പരന്നുപോയി.
വീടിനോടു ചേർത്തുകെട്ടിയ ചായ്‌പിൽ പത്രോസിനു കിടക്കാൻ സ്ഥലമൊരുക്കി. രാത്രി കൂട്ടിനു ചന്ദ്രനുമുണ്ട്..
“ഉറങ്ങിക്കോളൂ, രാവിലെ തന്നെ വൈദ്യൻ വരും..”
ഉണ്ണിത്താൻ വൈദ്യൻ രാവിലെ തന്നെ വന്നു. ഉയരം കുറഞ്ഞു നന്നേ തടിയുള്ള വൈദ്യൻ ദേഹത്ത് ഒരു രോമക്കാടുമായാണ് നടന്നിരുന്നത്. ഇടയ്ക്കിടെ കണ്ണുകൾ കുറുകി ചതവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
“ധാരാളം മർദ്ദനങ്ങൾ കിട്ടിയിട്ടുണ്ടല്ലോ.. മരുന്നിന്റെ കൂടെ നന്നായി വിശ്രമിക്കണം.”
തഴപ്പായിൽ കിടത്തി ദേഹമാസകലം ചൂട് കുഴമ്പുപുരട്ടി ഒരു മണിക്കൂറോളം തിരുമ്മി. ഇടക്കിടെ വൈദ്യൻ പറഞ്ഞു.
“കെട്ടുകളുണ്ട്, ഉഴിഞ്ഞു ശരിയാക്കണം..”
തിരുമ്മിനു ശേഷം ദീർഘമായ കുളി. പഞ്ചമി ചായ്‌പിൽ മുഖം കാട്ടി.
“ചേട്ടാ, ചൂടുവെള്ളം വെച്ചിട്ടുണ്ട്..”
ഓലമടലുകൾ കെട്ടി മറച്ച കുളിമുറിയുടെ തറയിലെ ചതുരകല്ലുകളിൽ നിന്ന് ദീർഘമായ കുളി.
കുളികഴിയുമ്പോഴേക്കും, കവടി പിഞ്ഞാണി നിറയെ ചൂടുകഞ്ഞിയും കോരിക്കുടിക്കാൻ പ്ലാവിലയും; കൂട്ടിനു ചുട്ട പപ്പടവും, ചമ്മന്തിയും. കഞ്ഞി കുടിച്ചുതീരുമ്പോൾ വിയർക്കും. അൽപ സമയത്തിനുള്ളിൽ കണ്ണുകളിൽ ഉറക്കം കുടിയേറും. പിന്നെ ഒരു മണിക്കൂർ ഉറക്കം.
പഞ്ചമിയുടെ കുട്ടിക്കളികൾ ഇപ്പോൾ കാണുന്നില്ല. മിഠായിയിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് കൊഞ്ചിയ പെൺകുട്ടി ഏതാനും മാസങ്ങൾക്കുള്ളിൽ വളർന്നുപോയി. കണ്ണുകൾക്കുള്ളിൽ പ്രത്യേക സൗന്ദര്യം, ചുണ്ടുകളിൽ വശ്യമായ മന്ദഹാസം. എണ്ണക്കറുപ്പുള്ള അവളുടെ കഴുത്തിൽ കെട്ടിയ കറുത്ത ചരടിൽ, മന്ത്രത്തകിടുകളുള്ളിൽ ഒളിപ്പിച്ച രക്ഷയുടെ ഏലസ്സ്. വൈകുന്നേരങ്ങളിൽ ഉമ്മറത്തു നിലവിളക്കു കൊളുത്തി അവൾ രാമനാമം ചെല്ലുന്നത് ഒരു രവിവർമ ചിത്രം പോലെ സുന്ദരമായിരുന്നു.
ചായ്പ്പിലെ പായ വിട്ട്, ഒരു വടികുത്തി ഇടക്കൊക്കെ പത്രോസ് മുറ്റത്തേക്കിറങ്ങാൻ തുടങ്ങി. ഒരു ദിവസം കാർത്യായനി ചോദിച്ചു.
“സമരത്തിന് വൈക്കത്തു വന്നത് വീട്ടിൽ സമ്മതമാണോ?”
“വീട്ടിൽ അപ്പച്ചൻ ഭയങ്കര എതിരാണ്. അമ്മയ്ക്കും കെട്ടിയോൾക്കും സമരവും, സത്യാഗ്രഹവും കോൺഗ്രസ്സും എന്തിനാണെന്നുപോലും അറിയില്ല; ഒക്കെ അനാവശ്യമാണെന്നാണ് പറയുക..”
“ചേർത്തലക്കര അങ്ങിനെയല്ല കേട്ടോ..” കാർത്യായനി ചിരിച്ചു “ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും പൊതുകാര്യങ്ങളിൽ അഭിപ്രായം പറയും, ഇടപെടും..അതുകൊണ്ടല്ലേ ചന്ദ്രൻ വൈക്കത്തു പോകുമ്പോൾ ഞങ്ങൾ തടയാത്തത് ..”
“ഞങ്ങളുടെ നാട്ടില് സ്ഥിതി വേറെയാണ്..”
“ക്രിസ്ത്യാനികൾക്ക് ജാതിയുടെയും, അയിത്തത്തിന്റെയും പ്രശ്നങ്ങൾ കൂടുതൽ ഇല്ലാത്തതുകൊണ്ടാവാം..”
നാലുമണി ചായയുമായി ഉമ്മറത്തിരിക്കുമ്പോൾ ഭാസ്കരനും, കാർത്യായനിയും ഓരോരോ പള്ളിപ്പുറം വാർത്തകൾ പറയും. ചിലപ്പോൾ പഴയ കഥകൾ പറയും. ഈ സംഭാഷണമൊക്കെ ശ്രദ്ധിച്ചു പഞ്ചമിയും അടുക്കളപ്പടിയിൽ ഇരുപ്പുണ്ടാവും. അങ്ങിനെയാണ് നങ്ങേലിയുടെ കഥ പത്രോസ് കേട്ടത്.
ഭാസ്കരൻ നങ്ങേലിയുടെ കഥ പറഞ്ഞു.
നങ്ങേലി ചേർത്തലയിൽ ജീവിച്ചിരുന്നത് ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപാണ്. തിരുവിതാംകൂറിലെ രാജാക്കന്മാർ യുദ്ധം ചെയ്തു ഖജനാവ് കാലിയാക്കി; ഉള്ള ഭൂമികൾ ബ്രഹ്‌മസ്വം എന്ന് വിളിച്ചു ബ്രാഹ്മണർക്കും, ദേവസ്വം എന്ന് വിളിച്ചു ക്ഷേത്രങ്ങൾക്കും കരമൊഴിവാക്കി നൽകി. അമ്പതിനായിരം പടയാളികളെ പോറ്റുവാൻ ഖജനാവിൽ പണമില്ലാത്ത സ്ഥിതിയായി.
ഇതിനിടയിൽ ക്ഷത്രിയനായ മഹാരാജാവിനു ബ്രാഹ്മണനാവണം. സ്വർണ്ണപ്പശുവിന്റെ* വായിലൂടെ കയറി പിന്നിലൂടെ ഇറങ്ങുമ്പോൾ മഹാരാജാവ് ബ്രാഹ്മണനാവും എന്ന് നമ്പൂതിരിമാർ പറഞ്ഞു വിശ്വസിപ്പിച്ചു. മഹാരാജാവ് ബ്രാഹ്മണനാവാൻ വേണ്ടി സ്വർണംകൊണ്ടു ഒരു വമ്പൻ പശുവിനെ ഉണ്ടാക്കി. പശുവല്ല, സ്വർണത്തിന്റെ ഒരുവമ്പൻ പറയായിരുന്നുവെന്നും കേൾക്കുന്നുണ്ട്. അതിനുള്ളിൽ കയറിയിറങ്ങിയപ്പോൾ ക്ഷത്രിയനായ മഹാരാജാവ് ബ്രാഹ്മണനായെന്നു തന്ത്രികൾ വിധിച്ചു. പൂജ കഴിഞ്ഞപ്പോൾ സ്വർണം മുഴുവൻ നമ്പൂതിരിമാർ വീതിച്ചെടുത്തു.
അങ്ങിനെ ഖജനാവിൽ പണമില്ലാത്ത കാലത്താണ് ജനങ്ങളെ പിഴിയാൻ തലക്കരം, മുലക്കരം എന്നീ നികുതി തുടങ്ങിയത്. പതിനാലു വയസ്സ് മുതൽ അറുപതു വയസ്സുവരെയുള്ള കീഴ്ജാതിക്കാർ രണ്ടു ചക്രം തലക്കരം കെട്ടണം. പെണ്ണുങ്ങൾക്കോ രണ്ടു ചക്രം മുലക്കരം.
യുവതിയായ നങ്ങേലി സുന്ദരിയായിരുന്നു. അവൾ മാറു മറച്ചു നടന്നു. അവളുടെ മാറുകാണാൻ പറ്റാഞ്ഞിട്ടു സവർണർക്കു സമാധാനമില്ലാതായി. അവൾ മുലക്കച്ചയഴിച്ചുമില്ല, മുലക്കരം കൊടുത്തുമില്ല. നങ്ങേലിയുടെ നെഞ്ചത്തെ സ്വത്തുക്കൾ കണ്ടിട്ടേ ഉറങ്ങൂ എന്ന് വാശിപിടിച്ചു സവർണർ, പ്രവർത്തിയാരെ കൊണ്ട് പറയിപ്പിച്ചു. രണ്ടുചക്രം നികുതി കെട്ടിയേ തീരു.. അല്ലെങ്കിൽ നെഞ്ചത്തെ തുണി അഴിച്ചുമാറ്റിക്കോളൂ..
അവർ പ്രവൃത്തിയാരെ*കൂട്ടി അവളുടെ കുടിലിൽ ചെന്ന് മുലക്കരം ആവശ്യപ്പെട്ടു. അവരുടെ വരവ് മുൻകൂട്ടി അറിഞ്ഞിരുന്നതു കൊണ്ട് അവൾ കുളിച്ചു, ഭക്ഷണം കഴിച്ചു തയ്യാറായിരുന്നു.
തറയിൽ നിലവിളക്കു കൊളുത്തി, തൂശനില വെച്ച് അതിൽ കരം കൊടുക്കുന്നതാണ് പതിവ്. ഇലക്ക് മുന്നിൽ പ്രവൃത്തിയാർ കാത്തിരുന്നു. മുറ്റത്തു സവർണവെറിയന്മാരും.
പുറത്തേക്കുവന്ന നങ്ങേലിയുടെ മാറിടം നഗ്നമായിരുന്നു. സവർണരുടെ മുഖം പ്രസന്നമായി; അവർ വായ് പൊളിച്ചു മുറുക്കിച്ചുവന്ന പല്ലുകൾ കാട്ടി.
വലതു കൈ പിന്നിൽ ഒളിപ്പിച്ചാണ് നങ്ങേലി അകത്തുനിന്നു വന്നത്. തേച്ചു മിനുക്കിയ അരിവാളായിരുന്നു അവളുടെ വലത്തേ കൈയ്യിൽ. പ്രവൃത്തിയാർ കരം വാങ്ങാൻ വായും പൊളിച്ചു ഇലയ്ക്ക് മുൻപിൽ ഇരുന്നു.
“മുലക്കരമായി ഇത് മതിയോ?” എന്ന് ചോദിച്ചു നങ്ങേലി തന്റെ വലതു കൈയ്യിലെ അരിവാൾകൊണ്ട് മുലകൾ രണ്ടും അരിഞ്ഞു ഇലയിലേക്കിട്ടു.
ചോര ചീറ്റിതെറിച്ചു. പ്രവൃത്തിയാർ ജീവനും കൊണ്ട് ഓടി. പിന്നാലെ പുറത്തെ സവർണക്കൂട്ടരും.
ചോരവാർന്ന് നങ്ങേലി എന്ന ചേർത്തലക്കാരിപെണ്ണ് ആ ഉമ്മറത്തിണ്ണയിലെ നിലവിളക്കിന്റെ മുന്നിൽ പിടഞ്ഞു മരിച്ചു.
ഭർത്താവ് കണ്ടൻ പണിസ്ഥലത്തുനിന്ന് എത്തുമ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു. അവളുടെ ചിതയിൽ നോക്കി അയാൾ കണ്ണീരൊലിപ്പിച്ചു. ചിത കത്തിയമർന്നപ്പോൾ കണ്ടൻ “നങ്ങേലീ..നങ്ങേലീ.. ” എന്ന് ഉറക്കെ നിലവിളിച്ചു ആ ചിതയിലേക്ക് ചാടി ആത്മാഹൂതി ചെയ്തു.
പഞ്ചമിയുടെ മുഖം ചുട്ടുപഴുത്ത ചെമ്പുപോലെ തിളങ്ങി. അവൾ ഈ കഥ പലതവണ കേട്ടിട്ടുണ്ടെങ്കിലും ഓരോ തവണ കേൾക്കുമ്പോഴും നങ്ങേലിയുടെ മുഖം അവളുടെ ഉള്ളിൽ തെളിയും. അധികാരി നായ്ക്കളെ വെല്ലുവിളിച്ച ചേർത്തലക്കരയുടെ ധീരവനിത.
ഭാസ്കരൻ തുടർന്നു
“ഭാരതത്തിലെ ആദ്യത്തെ പുരുഷസതി ഈ ചേർത്തലക്കരയിലാണ് ഉണ്ടായത്. ഈ സംഭവം രാജകൊട്ടാരത്തിൽ വരെ ഞെട്ടലുണ്ടാക്കി. മുലക്കരം എന്നന്നേക്കുമായി പിൻവലിക്കാൻ ഇതൊരു കാരണമായി. ചേർത്തലക്കരയിലെ, മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെ ധൈര്യമൊക്കെ ഇപ്പോഴത്തെ മനുഷ്യർ കണ്ടുപഠിക്കേണ്ടതാണ്.”
പെട്ടെന്ന് ഓർത്തെടുത്തതുപോലെ കാർത്യായനി ചോദിച്ച.
“പത്രോസ് ഇവിടുത്തെ വിവരങ്ങളൊക്കെ വീട്ടിലറിയിച്ചോ?”
“ഇല്ല..”
“ഇപ്പൊ വീട്ടിലാരാ ഉള്ളത്?”
“അപ്പച്ചൻ, അമ്മച്ചി, സാറാമ്മ എന്റെ കെട്ടിയോൾ, പിന്നെ അനുജത്തിമാർ”
“എന്നാണ് അവരെ ഒടുവിൽ കണ്ടത്?”
“കഴിഞ്ഞ വര്ഷം..”
“ഒരു വർഷമായി പോയിട്ടില്ലേ ?” കാർത്യായനി ആഛര്യപ്പെട്ടു.
“പറ്റിയില്ല എന്നേ പറയാൻ പറ്റൂ.. വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു. പ്രത്യേകിച്ച് അപ്പച്ചൻ വീട്ടിൽ വല്യ വഴക്കുണ്ടാക്കി. ഒരു വെളുപ്പിന് കെട്ടിയോളോട് പറഞ്ഞിട്ട് വീട്ടീന്ന് ഇറങ്ങി. സമയം പോയത് പെട്ടെന്നായിരുന്നു. പിന്നെ ജയിലിൽ പോയി. ജയിലിൽ നിന്നിറങ്ങിയപ്പോൾ വീട്ടിൽ പോകാൻ ആലോചിച്ചതാണ്. പക്ഷെ അപ്പോഴാണ് ഗാന്ധിജി വന്നത്. അതുകൊണ്ടു ജയിലീന്ന് നേരെ വീണ്ടും വൈക്കത്തേക്കു പൊന്നു. ഇപ്പോൾ വീട്ടിലേക്കു പോകാനിറങ്ങിയപ്പോഴാണ് ഈ ആക്രമണം ഉണ്ടായത്..”
പത്രോസ് തന്റെ കഥ വിവരിച്ചു.
“വീട്ടിലിരിക്കുന്നോരെ വിവരമറിയിക്കേണ്ടേ? നാട് നന്നാക്കാൻ ഇറങ്ങുമ്പോൾ വീട്ടുകാരെയും കൂടെ നിർത്തണം..പോകാൻ പറ്റുന്നില്ലെങ്കിൽ വിവരങ്ങൾ കാണിച്ചു കത്തെഴുതണ്ടേ?.. നിങ്ങൾ ചെറുപ്പക്കാരുടെ ഓരോ സ്വഭാവങ്ങൾ!!”
കാർത്യായനി തന്റെ നീരസം തുറന്നുപറഞ്ഞു. “നിങ്ങൾ ആണുങ്ങൾക്കൊരു വിചാരമുണ്ട്, പെണ്ണുങ്ങൾക്ക് ശക്തിയില്ല, ധൈര്യമില്ല, അടുക്കളേൽ വിറകുന്താനും കൊച്ചുങ്ങളെ പെറാനും മാത്രമേ പെണ്ണുങ്ങളെ കൊള്ളൂ എന്നൊക്കെ.. പത്രോസ് ഇന്ന് തന്നെ വീട്ടിലേക്ക് കത്തെഴുതിക്കോണം..”
പത്രോസ് അന്ന് രാത്രി രണ്ടു കത്തുകൾ എഴുതി. ഒന്ന് അപ്പച്ചന്.. രണ്ടാമത്തേത് സാറാമ്മക്ക്..
എനിക്ക് സുഖമാണ്.. വൈകാതെ സമരത്തിനു തീരുമാനമാകുമെന്നാണ് കേൾക്കുന്നത്. താമസിയാതെ നേരിൽ കാണാമെന്നു പ്രതീക്ഷയോടെ,
സ്നേഹപൂർവ്വം പത്രോസ്

(തുടരും)

Reference
*ഹിരണ്യഗർഭം എന്ന ചടങ്ങു്. സ്വർണ പശുവിന്റെ വായ്ക്കുള്ളിലൂടെ കടന്നു പിന്ഭാഗത്തുകൂടിയിറങ്ങി ബ്രാഹ്മണനാവുന്ന പൂജ.
* പ്രവൃത്തിയാർ – വില്ലജ് ഓഫീസർ

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!