Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 38

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

38
പത്രങ്ങളിൽ വൈക്കത്തെ ആക്രമണങ്ങളെപ്പറ്റി വാർത്തകൾ വന്നുകൊണ്ടിരുന്നു. അഹിംസാവാദികളായ സത്യാഗ്രഹികളെ ചട്ടമ്പികൾ അധികാരികളുടെ ഒത്താശയോടെ പൊതുവഴികളിൽ ആക്രമിക്കുന്നുവന്നു കാണിച്ചു കെ മാധവൻ കേസ് കൊടുത്തു. പരാതിയുടെ പകർപ്പ് തിരുവിതാംകൂർ ദിവാനും റീജന്റ് മഹാറാണിക്കും അയച്ചുകൊടുത്തു.
അക്രമങ്ങൾക്കെതിരെ സത്യാഗ്രഹികൾ ജാഥ നടത്തി. പൊതുസമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടുവന്ന നേതാക്കൾ പ്രസംഗിച്ചു.
ഇൻസ്‌പെക്ടർ ഇളവളകൻ ആശുപത്രിയിലായ സത്യാഗ്രഹികളുടെ മൊഴിയെടുത്തതു പ്രകാരം, കൈമൾ, ശേഖരൻ, പിന്നെ കണ്ടാലറിയാവുന്ന രണ്ടുപേർ.. ഇവർക്കെതിരെ കേസെടുത്തു. ആരോപണങ്ങൾ തെളിയിക്കണമെങ്കിൽ സാക്ഷിമൊഴികൾ വേണം. പരാതിക്കാരല്ലാതെ മറ്റാരും സാക്ഷികളായി കിട്ടാത്തതുകൊണ്ട് കൈയേറ്റത്തിന്റെ കേസ് ഇഴഞ്ഞു നീങ്ങി.
തിരുവനന്തപുരത്തുനിന്നും വിളികൾ വന്നപ്പോൾ, ഇളവളകൻറെ ആസനത്തിനു ചൂട് പിടിച്ചു. അയാൾ പൊലീസുകാരെക്കൂട്ടി കൊച്ചാലുംമൂട്ടിൽ പോയി തെളിവെടുപ്പ് നടത്തി. കവലയിലെ സ്ഥിരവാസികളെ പിടിച്ചു വിരട്ടി ചോദ്യം ചെയ്തു.
അജ്ഞാതരായ അക്രമകാരികളുടെ കൈയേറ്റത്തെപ്പറ്റി അന്വേഷണം അവസാനിപ്പിച്ച് ഇളവളകൻ റിപ്പോർട്ട് നൽകി.
പള്ളിപ്പുറത്തെ ചന്ദ്രന്റെ വീടിന്റെ ചായ്‌പിലും, മുറ്റത്തുമായി പത്രോസ് വടികുത്തി ഒത്തിയൊത്തി നടന്നു. ഉണ്ണിത്താൻ വൈദ്യന്റെ തിരുമ്മലും, ഉഴിച്ചിലും ഫലം കണ്ടുതുടങ്ങി. വാരിയെല്ലിലെ വേദന ഇപ്പോഴുമുണ്ട്. കുനിയാനും നടക്കാനും വേദനയുണ്ടെങ്കിലും, കുറവ് തോന്നുന്നുണ്ട്.
എറണാകുളത്തെ ആശുപത്രിയിൽ ശങ്കുപിള്ള, മൂത്രം പോവാനാവാതെ കുഴലുകൾ ഘടിപ്പിച്ചു അതിവേദനയിൽ കിടന്നു. സഹോദരിമാരും, ഭാര്യയും കുട്ടികളും മറ്റു ബന്ധുക്കളും അടങ്ങുന്ന ഒരു വലിയ ആൾകൂട്ടം, ആശുപത്രി വരാന്തയിൽ ശങ്കുപിള്ളക്ക് സുഖമാവാൻവേണ്ടി കാത്തുനിന്നു.
വൈക്കത്തെ തപാൽ ഓഫീസിൽ കത്തുകൾ തിരയുകയായിരുന്നു അഞ്ചൽപിള്ള സുകുമാരൻനായർ. കത്തുകളിലൊരെണ്ണം അയാളുടെ കണ്ണുകളിൽ തടഞ്ഞു.
പത്രോസ് കെ,
സമരപ്പന്തൽ, വൈക്കം ക്ഷേത്രം
വൈക്കം
അയാൾക്ക് മനസ്സിലെവിടെയോ ഒരു കുറ്റബോധമുണ്ടായിരുന്നു. പത്രോസ് എന്ന പേരിൽ വന്ന ഏതാനും കത്തുകൾ അയാൾ ഒരു നിമിഷത്തെ ചാപല്യത്തിൽ ചവറ്റുകൊട്ടയിൽ എറിഞ്ഞുകളഞ്ഞത് വേണ്ടിയിരുന്നില്ല എന്ന ചിന്ത അയാളെ പലപ്പോഴും അസ്വസ്ഥനാക്കിയിരുന്നു.
അഞ്ചൽപിള്ള മറ്റുപണികൾ നിർത്തി സമരപ്പന്തലിലേക്ക് പോയി. ആ കത്ത് അവിടെ ഏല്പിച്ചു തിരിച്ചു നടക്കുമ്പോൾ, അയാളുടെ മനസ്സിലെ ഭാരം ഇല്ലാതായി. ആരും കണ്ടുപിടിക്കാത്ത തെറ്റുകളെ മനസ്സാക്ഷിയുടെ വിളിയനുസരിച്ചു തിരുത്തുന്നതിലൂടെ നമ്മുടെ ഉള്ളിലെ ദൈവം ഉണരുന്നു. തപാൽ ഓഫിസിൽ തിരിച്ചെത്തിയ അഞ്ചൽപിള്ളയുടെ മുഖം പ്രസന്നമായിരുന്നു.
ചന്ദ്രൻ ആഴ്ചയിൽ രണ്ടുതവണയെങ്കിലും വൈക്കത്തിന് പോകും. രാവിലെ പോയി ഉച്ചയോടെ തിരിച്ചെത്തുകയാണ് പതിവ്.
പത്രോസ് ചന്ദ്രന് മുന്നറിയിപ്പ് നൽകി.
“ആ ദുഷ്ടമാരുടെ മടയിലേക്കാണ് നീ നടന്നു കയറുന്നത്.. സൂക്ഷിക്കണം.”
ചന്ദ്രൻ അവന്റെ മുണ്ടിന്റെ പാളി വകഞ്ഞുമാറ്റി, വലത്തേ തുടയിലെ ബെൽറ്റ് കാണിച്ചു. അതിൽ നിന്ന് തുകലിന്റെ ഉറയിൽ പിടിപ്പിച്ചിരിക്കുന്ന കത്തി അയാൾ ഊരിയെടുത്തു. ഇരുതല മൂർച്ചയുള്ള എല്ലിൻപിടിയുള്ള കത്തി.
“സ്വയരക്ഷക്കാണ്. കാട്ടിലൂടെ നടക്കുമ്പോൾ കാടിന്റെ നിയമം. അഹിംസയുടെ പാഠങ്ങൾ ഇന്ത്യക്കാർക്കു മനസ്സിലാവണമെങ്കിൽ ഇനിയും നൂറുവർഷം വേണ്ടിവരും..”
അന്ന് ചന്ദ്രൻ തിരിച്ചുവരുമ്പോൾ അവന്റെ കൈവശം നാട്ടിൽ നിന്ന് വന്ന വിശ്വനാഥന്റെ കത്തുണ്ടായിരുന്നു.
പത്രോസ് ആവേശപൂർവം ഇൻലാൻഡ് പൊട്ടിച്ചു വായിച്ചു. നാട്ടിലെ പലവാർത്തകളും അതിലുണ്ടായിരുന്നു. ഒരു വർഷത്തിനുമേലായി നാട്ടിലെ വിവരങ്ങൾ അറിഞ്ഞിട്ട് ..
“നിങ്ങളുടെ വീട്ടിൽ പണിയെടുത്തിരുന്ന പരമു ഒരു അപകടത്തിൽ പെട്ടു മരിച്ചു.. കവലയിൽ തടിപിടിക്കുമ്പോൾ പറ്റിയ അപകടമാണ്. അയാളുടെ കുടുംബം നാടുവിട്ടു മധുരയ്ക്ക് പോയി.
നിങ്ങളുടെ അപ്പച്ചനെ ഞാൻ കാണാറില്ല; നിന്നെപ്പറ്റി ചോദിച്ചു വഴക്കുണ്ടാക്കുമോ എന്നെനിക്കു പേടിയുണ്ട്. അതുകൊണ്ടു ഞാൻ വഴിമാറി നടക്കുകയാണ്.
നമ്മുടെ പള്ളിക്കൂടം കാറ്റത്തു വീണു. ഇപ്പോൾ നാട്ടുകാരെല്ലാരും കൂടി അത് പൊക്കിക്കെട്ടി ശരിയാക്കി.
പശുവുമായി നടക്കുമായിരുന്നു മാത്തുവിനെ ഓർമയില്ലേ, ചാക്കോയുടെ മകൻ. അവൻ അഗസ്തിയുടെ വീട്ടിലെ മരത്തിൽനിന്നു വീണു മരിച്ചു. അവിടെ പിന്നെയും അനർത്ഥങ്ങൾ ഉണ്ടായി.
അഗസ്തി അടുത്തിടെ നമ്മുടെ പാറക്കെട്ടിലെ മീറ്റിംഗ് സ്ഥലത്തു വന്നു കുറെ സംസാരിച്ചു. അവന്റെ അപ്പൻ അവനെ കുറെ ദേഹോപദ്രവം ചെയ്തു. പാവം, ദേഹത്തെ പൊള്ളൽ പാടുകളൊക്കെ എന്നെ കാണിച്ചു. അവൻ ഇനി നമ്മുടെ കൂട്ടത്തിലേക്ക് വരില്ല എന്ന് പറഞ്ഞാണ് പോയത്.
കോരമാപ്പിളേടെ തെങ്ങിൻ തോപ്പ് നിനക്കറിയാമല്ലോ. അതിന്റെ കഥകളൊക്കെ നിനക്കും ഓർമയില്ലേ?…. അതിലെ അഞ്ചാറ് തെങ്ങുകൾ, ചെത്താൻ കൊടുത്തിരിക്കുകയായിരുന്നു. ചെത്തുകാരൻ ശേഖരനായിരുന്നു ചെത്തിയിരുന്നത്. കുറെയായി കള്ള് മോഷണം പോകുന്നെന്നു പരാതിയാണ്. എന്തായാലും കള്ളനെ പിടിക്കാൻ അയാൾ മാട്ടത്തിലെന്തോ വിഷം കലക്കി വെച്ചുവെന്നാണ് കേൾക്കുന്നത്.
ഇന്നലെ രാവിലെ തെങ്ങിൻ തോപ്പിലെ വാഴക്കൂട്ടങ്ങൾക്കിടയിൽ അഗസ്തിയെ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. പാവം അഗസ്തി, നല്ലവനായിരുന്നു.. എത്ര വർഷങ്ങളായി നമ്മളുടെ കൂടെ നടന്നവനാണ്.. സ്വന്തം പറമ്പിലെ തെങ്ങിൻ ചോട്ടിൽ രക്തം ഛർദിച്ചു മരിക്കാനായിരുന്നു അവന്റെ വിധി..
വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്.. പോലീസ് ശേഖരനെ കൊണ്ടുപോയിട്ടുണ്ട്..
മരണം ഒരു വല്യകോമാളിയാണ്, നമ്മുടെ മുഖത്ത് കൊഞ്ഞനം കുത്തുന്ന കോമാളി.
വൈക്കത്തെ പ്രശ്നങ്ങളൊക്കെ പത്രത്തിൽ വായിക്കാറുണ്ട്. ഇണ്ടംതുരുത്തിക്കാർ എന്നാണൊന്നു അടങ്ങുക? നിനക്ക് പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ, എന്തായാലും ശ്രദ്ധിക്കണം..”
പത്രോസ് കത്ത് മടക്കിപിടിച്ചു കുറേനേരം വെറുതെ ഓരോന്ന് ഓർത്തിരുന്നു. അയാൾ അഗസ്തിയെ ഓർത്തു സങ്കടപ്പെട്ടു. അവൻ മരിക്കേണ്ടായിരുന്നു.. ദൂരെ തെങ്ങിൻ തോപ്പിലെ വാഴക്കൂട്ടത്തിൽ കാറ്റുപിടിക്കുന്നുണ്ടാവും. കാറ്റത്തു തലകുലുക്കി, ഇലകൾ തമ്മിലടിച്ചു ഉയർത്തുന്ന രൗദ്രഭാവം. വാഴത്തടിയിൽ തൂങ്ങുന്ന കരിഞ്ഞ ഇലകൾ മണ്ണിന്റെ വിലാപങ്ങൾ പോലെ ശക്തിയായി ഇളകിക്കരയുന്നുണ്ടാവാം.
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ചന്ദ്രൻ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ, അയാളുടെ മുഖം ഇരുണ്ടിരുന്നു. ഒന്നും സംസാരിക്കാതെ അയാൾ പത്രോസിന്റെ പായയുടെ ഒരരുകിൽ ഇരുന്നു.
“എന്താ ചന്ദ്രാ?..”
ചന്ദ്രനു ഒരു മറുപടിയുമില്ല.
“എന്ത് പറ്റിയെടാ?..”
“വൈക്കത്തു വീണ്ടും പ്രശ്നങ്ങളാണ്.. ഇന്നലെ അവർ രണ്ടുപേരെക്കൂടി അടിച്ചു വീഴ്ത്തി. ശ്രീകുട്ടനും, ഗോപാലനും..അവർ ആശുപത്രിയിലാണ്”
“നമ്മുടെ അഹിംസാസമരം എങ്ങിനെ മുന്നോട്ടുപോകും? കാട്ടുപോത്തിനോട് വേദമോതുക എന്ന് കേട്ടിട്ടുണ്ട്..”
“എറണാകുളത്തുനിന്നും നല്ല വാർത്തയല്ല കേൾക്കുന്നത്.. ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടെന്നു പറയുന്നു. ശങ്കുപിള്ളേച്ചൻ ജീവിതത്തിൽ നിന്ന് മുങ്ങിക്കൊണ്ടിരിക്കുകയാണ്…”
അന്നേക്ക് രണ്ടാം നാൾ ശങ്കുപിള്ള മരിച്ചു. ഭീകരമർദ്ദനങ്ങളുടെ ക്ഷതത്തിൽ നിന്നും അയാളെ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. ആശുപത്രി പരിസരത്തു ബന്ധുക്കളുടെ കൂട്ടനിലവിളി ഉയർന്നു.
വൈക്കത്തു സമരപ്പന്തലിൽ കറുത്തകൊടി ഉയർന്നു. ആളുകൾ നിരാഹാരമിരുന്നു. പള്ളിപ്പുറത്തെ വീട്ടിലും രണ്ടുപേർ ഭക്ഷണം ഉപേക്ഷിച്ച്, ശങ്കുപിള്ള എന്ന നല്ല മനുഷ്യന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു.
ചന്ദ്രൻ ചെറുകല്ലുകളെടുത്തു വെള്ളത്തിലേക്ക് എറിഞ്ഞുകൊണ്ടു പിറുപിറുത്തു.
“ഇതങ്ങിനെ വിട്ടാൽ പറ്റില്ല; എന്തെങ്കിലും ചെയ്യണം..”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!